Home | Articles | 

jintochittilappilly.in
Posted On: 04/07/20 15:04
കത്തോലിക്കാ വൈദീകനും വൈദീകശുശ്രൂഷയും:

 


(6 min read)

കത്തോലിക്കാ സഭയുടെ സിദ്ധാന്തപരമായ പാരമ്പര്യം വൈദികനെ നിർവചിച്ചിട്ടുള്ളത് ഇങ്ങനെയാണ് : "ദൈവവചനത്തിന്റെ അധ്യാപകനും കൂദാശകളുടെ ശുശ്രൂഷകനും തനിക്ക് ഭരമേൽപിക്കപെട്ട ക്രൈസ്തവ സമൂഹത്തിന്റെ നേതാവുമാണ് വൈദികൻ". [പ്രമാണരേഖ "വൈദികനും മൂന്നാം ക്രൈസ്തവസഹസ്രാബ്ദവും" ആമുഖത്തിൽ നിന്ന്]

അപ്പസ്തോലനായ വി.യോഹന്നാന്റെ ശിഷ്യൻ അന്ത്യോക്യയിലെ വി ഇഗ്‌നേഷ്യസ് ഇപ്രകാരം എഴുതി: "എല്ലാവരും ഡീക്കന്മാരെ യേശുക്രിസ്തുവിനെ പോലെയും, മെത്രാനെ പിതാവായ ദൈവത്തിന്റെ പ്രതിരൂപത്തെപോലെയും, പുരോഹിതരെ ദൈവത്തിന്റെ ആലോചന സമിതി,അപ്പസ്തോലസംഘം എന്നിവ പോലെയും ആദരിക്കട്ടെ. എന്തെന്നാൽ, അവരെ കൂടാതെ ഒരുവനും സഭയെ പറ്റി പറയാനാവില്ല".

"ജീവിക്കുന്ന ദൈവത്തിന്റെ വചനമാണ് ദൈവജനത്തെ പ്രഥമത(primarily) ഒന്നിപ്പിക്കുന്നത്. ഈ ദൈവവചനം വൈദികരിൽ നിന്ന് പ്രതീക്ഷിക്കുക യുക്തമാകുന്നു. വിശ്വാസം കൂടാതെ ആരും രക്ഷ പ്രാപിക്കുകയില്ല. തന്നിമിത്തം മെത്രാന്മാരുടെ സഹപ്രവർത്തകരായ വൈദികരുടെ ഒന്നാമത്തെ കടമ സുവിശേഷം എല്ലാവരെയും അറിയിക്കുക എന്നതാണ്".(രണ്ടാം വത്തിക്കാൻ കൗൺസിൽ ഡിക്രി -"വൈദീകർ,നമ്പർ 4")

*വൈദീകൻ - ക്രിസ്തുവിന്റെ പ്രതിപുരുഷൻ

കൂദാശപരമായ പട്ടാഭിഷേകത്തിൽ വൈദികൻ ക്രിസ്തുവിനോട് അനുരൂപപ്പെടുന്നു. ആ അനുരൂപപ്പെടൽ വൈദികനെ ദൈവജനത്തിന്റെ കേന്ദ്രത്തിൽ സ്ഥാപിക്കുന്നു.ക്രിസ്തുവിന്റെ ത്രിവിധ ധർമ്മങ്ങളിൽ പങ്കുചേരാൻ അത് വൈദികനെ അനുവദിക്കുന്നു.തനിക്കു ചേർന്നവിധത്തിലും സഭാസമൂഹത്തിന്റെ മുഴുവൻ ഘടനയ്ക്കും ചേർന്ന് വിധത്തിലുമാണ് ആ പങ്കുചേരൽ. "ശിരസ്സായ ക്രിസ്തുവിന്റെ പ്രതിപുരുഷനായി" പ്രവർത്തിക്കുന്ന വൈദികൻ ദൈവജനമാകുന്ന അജഗണത്തെ തീറ്റിപോറ്റുന്നു. അവരെ വിശുദ്ധിയിലേക്ക് നയിക്കുകയും ചെയ്യുന്നു.അതുകൊണ്ട് വൈദീകജീവിതത്തിന്റെ എല്ലാവശങ്ങളിലും വിശ്വാസത്തിന് വിശ്വാസ്യമായ സാക്ഷ്യം നൽകുക ആവശ്യമാണ്. കൂദാശകളോടുള്ള ആദരവിലും അവയുടെ ആഘോഷത്തിലും അപ്രകാരം ചെയ്യണം. രണ്ടാം വത്തിക്കാൻ സൂനഹദോസ് ആവർത്തിച്ചിട്ടുള്ള ഉൽകൃഷ്ട സിദ്ധാന്തം എപ്പോഴും ഓർമ്മിച്ചിരിക്കണം: "അയോഗ്യരായ വൈദികർ വഴിയും ദൈവത്തിന് തന്റെ രക്ഷാകര പ്രവർത്തി നിർവഹിക്കാൻ കഴിയും എന്നത് സത്യം തന്നെയാണ്. എന്നാലും, പരിശുദ്ധാത്മാവിന്റെ പ്രേരണകൾക്കും നിർദ്ദേശങ്ങൾക്കും കൂടുതൽ വിധേയരാകുന്നവർ വഴി തന്റെ വിസ്മയനീയ പ്രവർത്തനങ്ങൾ വെളിപ്പെടുത്താനാണ് ദൈവം സാധാരണമായി ആഗ്രഹിക്കുന്നത്. എന്തെന്നാൽ,ക്രിസ്തുവിനോടുള്ള ഗാഢമായ ഐക്യവും വ്യക്തിപരമായ ജീവിതവിശുദ്ധിയും മൂലം അപ്പസ്തോലനോടുകൂടി അവർക്ക് ഇങ്ങനെ ഉദ്ഘോഷിക്കാൻ കഴിയും. ഗലാത്തിയ 2:20 -ഇപ്പോൾ ഞാൻ ജീവിക്കുന്നു എന്നാൽ ഞാനല്ല ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്". ["വൈദികനും മൂന്നാം ക്രൈസ്തവസഹസ്രാബ്ദവും,അദ്ധ്യായം 3 , നമ്പർ 1 "]

വൈദികൻ - തിരുസഭാദൗത്യത്തിൽ ("വൈദീകർ,നമ്പർ 2)"

പിതാവ് പവിത്രീകരിക്കുകയും ലോകത്തിലേയ്ക്കയക്കുകയും ചെയ്ത (യോഹന്നാൻ 10:36) ഈശോനാഥൻ തനിക്ക് ലഭിച്ച പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിൽ മൗതികശരീരം മുഴുവനെയും ഭാഗമാക്കി തീർത്തു. ഇങ്ങനെ ക്രിസ്തുവിൽ വിശ്വാസികളെല്ലാം പരിശുദ്ധവും രാജകീയവുമായ ഒരു പുരോഹിത സംഘമായി പരിണമിച്ചിരിക്കുന്നു.കർത്താവ് തന്നെ വിശ്വാസികളെ ഒന്നിപ്പിച്ച് ഒരു ശരീരമാക്കാൻ അവരുടെ ഇടയിൽ ഏതാനും ശുശ്രൂഷകരെ നിയമിച്ചു. എന്നാൽ ഈ ശരീരത്തിൽ എല്ലാ അംഗങ്ങൾക്കും ഒരേ ധർമ്മമല്ല നിർവഹിക്കാനുള്ളത് ( റോമ 12: 4). വിശ്വാസികളുടെ സമൂഹത്തിൽ ബലിയർപ്പിക്കാനും പാപങ്ങൾ മോചിക്കാനും തങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന തിരുപ്പട്ടത്തിന്റെ ശക്തിയാൽ വൈദിക ശുശ്രൂഷകർ പ്രാപ്തരാണ്. അവർ ക്രിസ്തുവിന്റെ നാമത്തിൽ ജനങ്ങൾക്കുവേണ്ടി പൗരോഹിത്യ ധർമ്മം പരസ്യമായി പരികർമ്മം ചെയ്യുന്നു. പിതാവ് തന്നെ അയച്ചതുപോലെ ക്രിസ്തു തന്റെ ശിഷ്യരേയും അയച്ചു. അങ്ങനെ അപ്പസ്തോലന്മാർ മുഖേന അവരുടെ പിൻഗാമികളായ മെത്രാന്മാരെ തന്റെ പൗരോഹിത്യാഭിഷേകത്തിലും ദൗത്യത്തിലും ഭാഗഭാക്കുകളാക്കി
ആക്കിത്തീർത്തു. മെത്രാന്മാർ ആകട്ടെ തങ്ങളുടെ ശുശ്രൂഷാധർമ്മം തങ്ങൾക്കധീനമായ പദവിയിൽ പുരോഹിതന്മാർക്കും നൽകുന്നു. അങ്ങനെ പൗരോഹിത്യ പദവിയിൽ പ്രതിഷ്ഠിക്കപ്പെട്ട പുരോഹിതർ മെത്രാന്മാരെ മിശിഹാ ഏല്പിച്ചിരുന്ന അപ്പസ്തോലിക ദൗത്യത്തിന്റെ ശരിയായ നിർവഹണത്തിനുള്ള സഹപ്രവർത്തകരാണ്.. ..മെത്രാൻ പദവിയോട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാരണത്താൽ വൈദിക പദവിയും മൗതിക ശരീരത്തെ മെനയുകയും, പവിത്രീകരിക്കുകയും ഭരിക്കുകയും ചെയ്യുന്ന മിശിഹായുടെ അധികാരത്തിൽ പങ്കുചേരുന്നുണ്ട്. തിരുപ്പട്ട കൂദാശയിൽ പുരോഹിതർ പരിശുദ്ധാത്മാവിന്റെ അഭിഷേകകർമ്മം മൂലം ഒരു പ്രത്യേക ചിഹ്നത്താൽ മുദ്രിതരാകുന്നു. നിത്യപുരോഹിതനായ ക്രിസ്തുവിന്റ പൗരോഹിത്യരൂപം പ്രാപിച്ചിരിക്കുന്നതിനാൽ വൈദികർക്ക് ശിരസ്സായ അവിടുത്തെ നാമത്തിൽ പ്രവർത്തിക്കാൻ സാധിക്കും. തങ്ങളുടെ ജീവിതവും ശുശ്രൂഷയും വഴി പുരോഹിതർ നേടേണ്ട ലക്ഷ്യം ക്രിസ്തുവിൽ കൂടി പിതാവായ ദൈവത്തിന് മഹത്വം കൈവരുത്തുകയാണ്

വൈദികന്റെ മാതൃക ("വൈദീകർ,നമ്പർ 3):

പാപപരിഹാരാർത്ഥം ബലികളും കാഴ്ചകളും സമർപ്പിക്കാൻ മനുഷ്യരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് മനുഷ്യർക്ക് വേണ്ടി ദൈവിക കാര്യങ്ങളിൽ നിയുക്തരായിരിക്കുന്നവരാണ് വൈദികർ. പുതിയനിയമത്തിലെ പുരോഹിതർ ദൈവാഹ്വാനവും ഗുരുപട്ടവും വഴി ദൈവജനത്തിനുള്ളിൽത്തന്നെ വേർതിരിക്കപ്പെട്ടിരിക്കുകയാണെന്ന് പറയാം. എന്നാൽ ഇത് ദൈവജനത്തിൽ നിന്നും മനുഷ്യ സമുദായത്തിൽ നിന്ന് തന്നെയും അകന്നുനിൽക്കാൻ വേണ്ടിയല്ല .പ്രത്യുത, ദൈവം തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന വേലയ്ക്ക് സമ്പൂർണമായി സ്വയം സമർപ്പിക്കാൻ വേണ്ടിയാണ്. ഈ ലോകജീവിതത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ജീവിതത്തിന് സാക്ഷ്യം വഹിക്കുന്നവരും അതിനെ കൈകാര്യം ചെയ്യുന്നവരും ആകുന്നില്ലെങ്കിൽ ദൈവത്തിന്റെ ശുശ്രൂഷകരായിത്തീരാൻ അവർക്ക് സാധിക്കുകയില്ല . അവരുടെ ശുശ്രൂഷ കർമ്മം തന്നെ ഈ ലോകത്തോടനുരൂപപ്പെടാതിരിക്കാൻ അവരെ പ്രത്യേകവിധം നിർബന്ധിക്കുന്നു. തങ്ങളുടെ അജഗണത്തെ അറിയുന്ന നല്ല അജപാലകരെപോലെ ഈ പറ്റത്തിൽ ഉൾപ്പെടാത്ത ആടുകളെയും തേടിപ്പിടിച്ചുകൊണ്ടുവരിക, അവരും ക്രിസ്തുവിന്റെ സ്വരം ശ്രദ്ധിക്കാൻ ഇടയാക്കുക, അങ്ങനെ ഏക തൊഴുത്തും ഏക ഇടയനും ആക്കി തീർക്കുക ഇവയാണ് ഈ പൗരോഹിത്യധർമ്മം ആവശ്യപ്പെടുന്നത്.

തിരുപ്പട്ടത്തിന്റേതായ ശുശ്രൂഷകൾ:

തിരുപ്പട്ട കൂദാശയുടെ മൂന്ന് പദവികൾ : "ദൈവസ്ഥാപിതമായ സഭാശുശ്രൂഷ,പുരാതനകാലം മുതൽക്കേ മെത്രാന്മാർ, പുരോഹിതന്മാർ, ഡീക്കന്മാർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വ്യക്തികളാൽ വ്യത്യസ്‌ത പദവികളിൽ നിർവഹിക്കപ്പെടുന്നു. [കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ,ഖണ്ഡിക 1554]

വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇപ്രകാരം പഠിപ്പിക്കുന്നു:സഭയിൽ പൗരോഹിത്യ ശുശ്രൂഷകർക്ക് അതായത് തിരുപ്പട്ടം എന്ന കൂദാശയുടേതായ ശുശ്രൂഷകർക്ക് പ്രഥമസ്ഥാനമുണ്ട്. വാസ്തവത്തിൽ,എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ (cf. മത്താ. 28:19) എന്ന അനുശാസനത്തോടെ കർത്താവായ യേശു അപ്പസ്തോലന്മാരെ, പുതിയ നിയമ ജനത്തിന്റെ വിത്തും ഹയരാർക്കിയുടെ തുടക്കവുമായ അപ്പസ്തോലന്മാരെ, പുരോഹിതജനതയെ രൂപവത്കരിക്കാനും ഭരിക്കാനും ആയി, തിരഞ്ഞടുത്തു നിയോഗിച്ചു.അപ്പസ്തോലന്മാർക്കു ണ്ടായിരുന്നതും തന്റെ ജനത്തിന്റെ അജപാലകർക്ക് യേശുനാഥൻ തുടർന്നു നല്കുന്നതുമായ ദൗത്യം ഒരു യഥാർത്ഥ സേവനമാണ്; വിശുദ്ധ ഗ്രന്ഥത്തിൽ “diakonia”(സേവനം അഥവാ ശുശ്രൂഷ) എന്ന് എടുത്തുപറയുന്ന യഥാർത്ഥസേവനം.അതിനുള്ള പരിശുദ്ധാത്മാവിന്റെ സിദ്ധി ഉത്ഥിതനായ യേശുക്രിസ്തവിൽനിന്നും തുടർന്നുള്ള ഇടമുറിയാത്ത അപ്പസ്തോലനിരയിൽ നിന്നും തിരുപ്പട്ടം എന്ന കൂദാശവഴി പൗരോഹിത്യശുശ്രൂഷകർക്കു ലഭിക്കുന്നു.ശിരസ്സായ ക്രിസ്തുവാകുന്ന ആളിൽ (in persona Christi) പ്രവർത്തിച്ചുകൊണ്ട് സഭയെ സേവിക്കാനും സുവിശേഷത്തിലൂടെയും കൂദാശകളിലൂടെയും സഭാംഗങ്ങളെ പരിശുദ്ധാത്മത്മാവിൽ ഒന്നിച്ചു ചേർക്കാനുമുള്ള അധികാരവും പാവനമായ ശക്തിയും അവർക്ക് ക്രിസ്തുവിൽനിന്നു ലഭിക്കുന്നു.

പൗരോഹിത്യശുശ്രൂഷാദൗത്യം അതു സ്വീകരിക്കുന്നവർക്കു മാത്രമല്ല,സഭയ്ക്കാകമാനമുള്ള ഒരു കൃപാവരമാണ്. മാമ്മോദീസായും സ്ഥൈര്യലേപനവും വഴി എല്ലാ അല്മായവിശ്വാസികൾക്കും നല്കപ്പെടുന്ന പങ്കാളിത്തത്തിൽനിന്ന് അളവിൽ മാത്രമല്ല, സാരാംശത്തിലും വിഭിന്നമായ, യേശുക്രിസ്തുവിന്റെ പൗരോഹിത്യത്തിലുള്ള പങ്കാളിത്തം ഈ ശുശ്രൂഷകൾ വെളിപ്പെടുത്തുകയും നിറവേറ്റുകയും ചെയ്യുന്നു. മറിച്ച്, രണ്ടാം വത്തിക്കാൻ സൂനഹദോസ് അനുസ്മരിക്കുന്നതുപോലെ ശുശ്രൂഷാപൗരോഹിത്യത്തിന്റെ
ലക്ഷ്യം സാരാംശത്തിൽ എല്ലാ വിശ്വാസികൾക്കുമുള്ള രാജകീയപൗരോഹിത്യമാണ്. "ഇതിനായാണ് ശുശ്രൂഷാപൗരോഹിത്യം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്".

ഇക്കാരണത്താൽ സഭയിലെ കൂട്ടായ്മ വളർത്താനും ഉറപ്പാക്കാനുംവേണ്ടി പ്രത്യേകിച്ച് ശുശ്രൂഷകളുടെ വൈവിധ്യവും അനുപൂരകത്വവുമുള്ള സ്ഥലങ്ങളിൽ, അജപാലകർ തങ്ങളുടെ ശുശ്രൂഷാദൗത്യം, അടിസ്ഥാനപരമായി ദൈവജനത്തിനു മുഴുവനുമുള്ള (cf. ഹെബ്രാ. 5:1) സേവനമാണെന്ന് എപ്പോഴും അംഗീകരിക്കേണ്ടതാണ്. അല്മായവിശ്വാസികളാകട്ടെ, സഭാദൗത്യത്തിലുള്ള തങ്ങളുടെ പങ്കാളിത്തത്തിന് ശുശ്രൂഷാ പൗരോഹിത്യം തികച്ചും ആവശ്യമാണെന്ന് അംഗീകരിക്കേണ്ടതാണ്. [അപ്പസ്തോലിക ആഹ്വാനം "അല്മായ വിശ്വാസികൾ, നമ്പർ 22]

* പുരോഹിതനും ബലിവസ്തുവും:

യേശു മാത്രമാണ് ഒരേസമയത്ത് പുരോഹിതനും ബലിവസ്തുവുമായിരിക്കുന്നത്.അതേസമയം സഭാ ദൗത്യത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരുന്ന അവിടുത്തെ ശുശ്രൂഷകൻ (വൈദീകൻ) കൂദാശപരമായി പുരോഹിതനാണ്. എന്നേക്കും ബലി വസ്തുവായി തീരാൻ വിളിക്കപ്പെട്ടവനുമാണ്. അതുവഴി,"യേശുവിനുണ്ടായിരുന്ന വികാരങ്ങളെ" (ഫിലി 2:5)സ്വാംശീകരിക്കേണ്ടവനുമാണ്. വൈദികനും ബലിവസ്തുവും, അഥവാ വൈദീകത്വവും കുർബാനയും തമ്മിലുള്ള അവിഭാജ്യമായ ഈ ഐക്യത്തെ ആശ്രയിച്ചിരിക്കുന്നു, സുവിശേഷവത്കരണപ്രവർത്തനത്തിന്റെയെല്ലാം ഫലദായകത്വം. ഇന്ന് വചനത്തിലും കൂദാശകളിലും ഉൾക്കൊണ്ടിരിക്കുന്ന ദൈവീക കാരുണ്യത്തിന്റെ പ്രവർത്തനം പരിശുദ്ധാത്മാവിൽ ക്രിസ്തുവും അവിടുത്തെ ശുശ്രൂഷകനും തമ്മിലുള്ള ഐക്യത്തെ ആശ്രയിച്ചിരിക്കുന്നു. അവിടുന്ന് വൈദികനു പകരമായി പ്രവർത്തിക്കുന്നില്ല പിന്നെയോ വൈദികനെ ആശ്രയിക്കുകയും തന്നിലും തന്നിലൂടെയും പ്രവർത്തിക്കാൻ വൈദികനെ അനുവദിക്കുകയും ചെയ്യുന്നു. വൈദിക ശുശ്രൂഷയും യേശുവും തമ്മിലുള്ള ഈ ബന്ധത്തെ സംബന്ധിച്ചിടത്തോളം യോഹന്നാന്റെ സുവിശേഷത്തിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കാവുന്നതാണ്:
"ഞാൻ മുന്തിരിവള്ളി ആണ് ... എന്നിൽ നിന്ന് മുറിച്ചെറിയപെട്ടാൽ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല (യോഹന്നാൻ 15 :14).

യേശുവിനെപ്പോലെ ബലിവസ്തുവാകാൻ വൈദികൻ വിളിക്കപ്പെട്ടിരിക്കുന്നു. സഭയിലെ വൈദിക ശുശ്രൂഷയോട് ബ്രഹ്മചര്യസമർപ്പണം (Celibacy) ഒത്തുപോകുന്നതാണെന്ന് ഈ വിളി വ്യക്തമാക്കുന്നു. വൈദികൻ ബലിയോട് ഒന്നായിത്തീരുന്നുവെന്ന് ഇത് അർത്ഥമാക്കുന്നു. ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാൻ തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തത് (എഫേ 5:25-26) ആ ബലി വഴിയാണ്. "വൈദികൻ യേശുക്രിസ്തുവി ന്റെ സജീവ പ്രതിരൂപം ആകാൻ, സഭയുടെ മണവാളനാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. ജീവിതം മുഴുവനും സഭയ്ക്ക് സമർപ്പിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ വൈദിക ബ്രഹ്മചര്യം (Celibacy) എന്നത് ക്രിസ്തുവിലും ക്രിസ്തുവിനോടുകൂടിയും അവിടുത്തെ സഭയ്ക്ക് നൽകുന്ന ആത്മദാനമാണ്.അത് കർത്താവിലും കർത്താവിനോടുകൂടിയും വൈദികൻ ചെയ്യുന്ന സേവനത്തെ വ്യക്തമാക്കുന്നു".[ "വൈദികനും മൂന്നാം ക്രൈസ്തവസഹസ്രാബ്ദവും,അദ്ധ്യായം 3 , നമ്പർ 1 "]

മഹാനായ ഗ്രിഗറി തന്റെ വൈദികർക്കു നൽകിയ ആഹ്വാനം ഇന്നും പ്രസക്തമാണ്: "അജപാലകൻ ചിന്തയിൽ നിർമ്മലനും പ്രവൃത്തികളിൽ മാതൃകയും തന്റെ നിശ്ശബ്ദതയിൽ വിവേകിയും തന്റെ വാക്കുകളിൽ ഉപകാരപ്രദനുമായിരിക്കണം. സഹതാപത്തിൽ അയാൾ എല്ലാവർക്കും ഉറ്റവനായിരിക്കണം. സർവ്വോപരി ധ്യാനത്തിനു സമർപ്പിതനുമായിരിക്കണം. നന്മ ചെയ്യുന്ന എല്ലാവർക്കും അയാൾ വിനയമുള്ള കൂട്ടുകാരനായിരിക്കണം. നീതിയിൽ പാപികളുടെ തിന്മയെ നഖശിഖാന്തം എതിർക്കുന്നവനായിരിക്കണം. അയാൾ ബാഹ്യപ്രവർത്തനങ്ങളിലൂടെ ആന്തരിക ജീവിതത്തെ അവഗണിക്കുകയോ, ആന്തരിക നന്മയ്ക്കുവേണ്ടി ഏകാന്തതയിലൂടെ ബാഹ്യാവശ്യങ്ങളുടെ നിർവഹണം ഉപേക്ഷിക്കുകയോ ചെയ്യാൻ പാടില്ല"

വി.ഗ്രിഗറി നാസിയാൻസൻ ഇപ്രകാരം ഉദ്ഘോഷിച്ചു : "മറ്റുള്ളവരെ വിശുദ്ധീകരിക്കുന്നതിന് മുൻപ് അവർ തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് മുൻപ് അവർ തന്നെ പഠിക്കണം മറ്റുള്ളവരെ പ്രകാശമുള്ളവരാക്കാൻ അവർ വെളിച്ചമുള്ളവരായിത്തീരണം.മറ്റുള്ളവരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന അവർ ദൈവത്തിലേക്ക് അടുക്കണം.മറ്റുള്ളവരെ വിശുദ്ധീകരിക്കാൻ അവർ വിശുദ്ധീക്കപ്പെടണം."

സമാധാനം നമ്മോടുകൂടെ !



Article URL:







Quick Links

കത്തോലിക്കാ വൈദീകനും വൈദീകശുശ്രൂഷയും:

(6 min read) കത്തോലിക്കാ സഭയുടെ സിദ്ധാന്തപരമായ പാരമ്പര്യം വൈദികനെ നിർവചിച്ചിട്ടുള്ളത് ഇങ്ങനെയാണ് : "ദൈവവചനത്തിന്റെ അധ്യാപകനും കൂദാശകളുടെ ശുശ്രൂഷകനും തന... Continue reading