ഈശോയിലുള്ള സമ്പൂർണ്ണ വിശ്വാസവും സ്നേഹവും നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾക്കു മനസ്സിലാകാത്ത ഒന്നും ഇപ്പറഞ്ഞവയിലില്ല. കാരണം, ജീവിതം ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ടു ഗുണങ്ങളോടെയാണ്. വിശ്വാസമാണ് ആരംഭം, അന്ത്യം സ്നേഹവും. ഇവ രണ്ടും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിൽ നിന്നാണ്. ആത്മാവിന്റെ പരിപൂർണ്ണതയ്ക്കു വേണ്ടതെല്ലാം ഇവയുടെ ശ്രേണിയെയാണ് അനുഗമിക്കുക. കാരണം, വിശ്വസിക്കുന്ന ഒരുവനും പാപം ചെയ്യുകയില്ല. സ്നേഹമുള്ള ആർക്കും വെറുക്കാൻ കഴിയുകയില്ല. വൃക്ഷം അതിന്റെ ഫലങ്ങളിൽനിന്ന് അറിയുന്നതുപോലെ, ക്രിസ്തുവിനുള്ളവരാണു തങ്ങളെന്നു അവകാശപ്പെടുന്നവരെ തിരിച്ചറിയുന്നത് അവരുടെ പ്രവൃത്തികൾ വഴിയത്രെ. എന്തെന്നാൽ നമ്മുടെ ക്രൈസ്തവജീവിതം വിശ്വാസം ഏറ്റുപറയുന്നതിൽ മാത്രമല്ല അടങ്ങിയിരിക്കുന്നത്, മറിച്ച്, പ്രായോഗികവും ശാശ്വതവുമായ ഒരു വിശ്വാസത്തിലാണ്.
വാചാലമായ ഏറ്റുപറച്ചിലിനേക്കാൾ, ഏറ്റുപറയുന്നതുപോലെ ചെയ്യാതിരിക്കുന്നതിനേക്കാൾ മൗനം പാലിക്കുന്നതാണു കൂടുതൽ നല്ലത്. മറ്റുള്ളവരെ പഠിപ്പിക്കുക എന്നത് നല്ലൊരുകാര്യം തന്നെ. എന്നാൽ,
ഒരാൾ പഠിപ്പിക്കുന്നത് സ്വയം പ്രായോഗികജീവിതത്തിൽ വരുത്തുന്നുവെങ്കിൽ മാത്രം. ഇങ്ങനെയുള്ള ഒരു ഗുരുവുണ്ട്. “അവിടുന്ന് അരുൾ ചെയ്തു, ലോകമുണ്ടായി.” അവിടുന്ന് തന്റെ മൗനംവഴി നേടിയത് പിതാവിന് ഏറ്റം അനുയോജ്യമത്രെ. ഈശോയുടെ പ്രസ്താവനകളെ യഥാർത്ഥത്തിൽ ഹൃദിസ്ഥമാക്കുന്ന ഒരു മനുഷ്യൻ അവിടുത്തെ മൗനത്തെ ഗ്രഹിക്കുന്നതിനും പ്രാപ്തനാകും, അങ്ങനെ തികഞ്ഞ ആത്മീയപക്വത പ്രാപിക്കും. അപ്പോൾ അയാളുടെ വാക്കിനു പ്രവൃത്തികളുടെ ശക്തിയുണ്ടാകും.അയാളുടെ മൗനത്തിനു പ്രസംഗത്തിന്റെ ഗൗരവമുണ്ടാകും. കർത്താവിൽനിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ല. നമ്മുടെ പരമരഹസ്യമായ ചിന്തകൾപോലും അവിടുത്തെ മുമ്പിൽ തുറന്നിരിക്കുകയാണ്. നമ്മൾ എന്തു ചെയ്താലും അവിടുന്ന് നമ്മുടെ ഉള്ളിൽ വസിച്ചാലെന്നപോലെ ചെയ്യണം. നമ്മൾ അവിടുത്തെ ദൈവാലയങ്ങളായിരിക്കുന്നതുപോലെ, അവയുടെ ദൈവമെന്നപോലെ അവിടുന്ന് നമ്മിലുമാണ്. നമ്മൾ ശരിയായി സ്നേഹിക്കുന്ന അനുപാതത്തിൽ, യഥാർത്ഥത്തിൽ, ഇത് നമ്മുടെ കണ്ണുകൾക്കു വ്യക്തമായി മാറും.
[അപ്പസ്തോലനായ വി യോഹന്നാന്റെ ശിഷ്യൻ അന്ത്യോക്യയിലെ വി ഇഗ്‌നേഷ്യസ് ; അന്ത്യോക്യയിലെ മെത്രാനായിരുന്ന അദ്ദേഹം "എഫോസോസുക്കാർക്കെഴുതിയ ലേഖന" ത്തിൽ നിന്ന് എടുത്തത് ]
യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്‍മാരോടും അരുളിച്ചെയ്‌തു:
നിയമജ്‌ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു.
അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല.(മത്തായി 23 : 1-3)
സമാധാനം നമ്മോടുകൂടെ !