Home | Articles | 

jintochittilappilly.in
Posted On: 07/07/20 01:18
എങ്ങു നീയൊളിച്ചു? "അന്തരാത്മാവിൽ വസിക്കുന്ന ദൈവം"

 

ദൈവപുത്രനായ വചനം പിതാവും പരിശുദ്ധാത്മാവുമൊന്നിച്ച് സത്തയും (essence) സാന്നിദ്ധ്യവും ( presence) വഴി ആത്മസത്തയുടെ കേന്ദ്രത്തിൽ മറഞ്ഞിരിപ്പുണ്ടെന്ന വസ്തുത ഇത്തരുണത്തിൽ സ്മരണീയമാണ്.  തന്നിമിത്തം ദൈവത്തെ കണ്ടെത്താൻ ആഗ്രഹിക്കുന്ന ആത്മാവ്‌ സമസ്ത വസ്തുക്കളെയും മാനസികമായും വൈകാരികമായും വിട്ടകന്ന് തികഞ്ഞ ഏകാഗ്രതയിൽ സ്വന്തം ഉള്ളിന്റെ ഉള്ളിലേക്ക് പ്രവേശിക്കണം.  മറ്റു വസ്തുക്കളെല്ലാം അവളെ സംബന്ധിച്ചിടത്തോളം ഇല്ലാത്തതുപോലെയായിത്തീരണം.  അതിനുവേണ്ടിയാണ് വിശുദ്ധ അഗസ്റ്റിൻ ആത്മഭാഷിതത്തിൽ ( soliloquies) ദൈവത്തോടു പറയുന്നത്‌; "കർത്താവേ വെളിയിലെങ്ങും നിന്നെ ഞാൻ കണ്ടെത്തിയില്ല; ഉള്ളിൽ വസിക്കുന്ന നിന്നെ പുറമേ അന്വേഷിച്ചത്‌ അബദ്ധമായിപ്പോയി."

ദൈവം ആത്മാവിൽ ഒളിച്ചിരിപ്പുണ്ട്‌.  ആത്മാവിന് യഥാർത്ഥമായ ധ്യാനകാംക്ഷയുണ്ടെങ്കിൽ, 'എങ്ങു നീയൊളിച്ചു'? എന്നു പറഞ്ഞുകൊണ്ട്‌ അവിടെയാണു ദൈവത്തെ സ്നേഹസമന്വിതം അന്വേഷിക്കേണ്ടത്‌.  

അങ്ങനെയെങ്കിൽ, ഹാ! സമസ്ത സൃഷ്ടികളിലും ഏറ്റവും സൗന്ദര്യവതിയായ ആത്മാവേ! നിന്റെ പ്രാണനാഥനെ അന്വേഷിച്ചു കണ്ടെത്തി തന്നിൽ വിലയം പ്രാപിക്കുന്നതിനുവേണ്ടി അവിടുന്നു വസിക്കുന്ന സ്ഥലം എവിടെയാണെന്നറിയാൻ നീ അതിയായി ആഗ്രഹിക്കുന്നുണ്ടെല്ലോ!  അവിടുന്നു വിശ്രമിക്കുന്ന രഹസ്യസങ്കേതം നീതന്നെയാണെന്ന് ഇപ്പോൾ നിനക്കറിവുലഭിച്ചല്ലോ.  നിന്റെ സമസ്ത ശ്രേയസ്സും ശുഭപ്രതീക്ഷയും ഇത്രമാത്രം സമീപസ്ഥമെന്ന് - നിന്റെ ഉള്ളിൽത്തന്നെയാണെന്ന്- അറിയുന്നത്‌ നിനക്കതിരറ്റ സംതൃപ്തിക്കും ആനന്ദത്തിനും നിദാനമാണ്; അല്ല, നിന്റെ വരനെക്കൂടാതെ നിനക്ക്‌ ആസ്തിത്വം പോലുമില്ല എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി.  'ദൈവരാജ്യം ഇതാ, നിങ്ങളുടെ ഉള്ളിൽത്തന്നെയാണ്' ( ലൂക്കാ 17:21 ) എന്നു ദിവ്യമണാളൻ അരുളിച്ചെയ്യുന്നുണ്ടല്ലോ.  ' നിങ്ങൾ ദൈവത്തിന്റെ ആലയമാണ്' ( 2 കൊറി. 6:16) എന്ന് വിശുദ്ധ പൗലോസ് ശ്ലീഹായും സമർത്ഥിക്കുന്നു.

തന്റെ ഉള്ളിൽ ദൈവസാന്നിധ്യം ഒരിക്കലും ഇല്ലാതെവരികയില്ലെന്നറിയുന്നത്‌ ആത്മാവിന് അത്യന്തം ആശ്വാസകരമാണ്.  മാരക പാപാവസ്ഥയിൽപ്പോലും ഇതു വാസ്തവമെന്നിരിക്കേ ദൈവവരപ്രസാദത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവിന്റെ കാര്യത്തിൽ ഒട്ടും സന്ദേഹത്തിനവകാശമില്ല.  

ഹാ! ആത്മാവേ! ഇതിലധികം നിനക്കെന്തുവേണം? പുറമേ തേടുവാൻ നിനക്കു വല്ലതുമുണ്ടോ ? നീ ആഗ്രഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന പ്രാണവല്ലഭനെ, നിന്റെ സമ്പത്തും സന്തുഷ്ടിയും സംതൃപ്തിയും സമ്പുഷ്ടിയും ആധിപത്യവുമായുള്ളവനെ നിന്റെ ഉള്ളിൽത്തന്നെ നീ സംവഹിക്കുന്നുണ്ടല്ലോ!   ഇത്രമാത്രം ഹൃദയംഗമമായി നിനക്ക്‌ സ്വായത്തമായിരിക്കുന്ന ആത്മനാഥനോടൊന്നിച്ച്‌ നിന്റെ ആന്തരികസങ്കേതത്തിൽ നീ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുക.  ഹൃദയേശ്വരന്റെ പേരിലുള്ള ലാലസ അവിടെ നീ പ്രകടിപ്പിച്ച്‌ അവിടുത്തെ ആരാധിക്കുക.  പുറമേയെല്ലാം അന്വേഷിച്ചു നടക്കുന്നത്‌ വ്യഗ്രതയും ആയാസവുമാണ്‌; നിന്റെ ഉള്ളിലെന്നതിലധികം നിശ്ചയമായും വേഗത്തിലും സമീപത്തും നീ അവിടുത്തെ കണ്ടെത്തുകയോ തന്നിൽ ആനന്ദിക്കുകയോ ചെയ്കയില്ല.  ഒരു സംഗതി മാത്രം;. സ്നേഹഭാജനം ഉള്ളിൽത്തന്നെയുണ്ടെങ്കിലും ഒളിവിലയിരിക്കും.  എന്നാൽ അവിടുത്തെ ഒളിവിടം അറിയാമെന്നതുതന്നെ അവിടെ നിസ്സന്ദേഹം തേടാൻ സഹായകമാണെന്നത്‌ വലിയൊരനുഗ്രഹമാണ്.

'എങ്ങു നീയൊളിച്ചു'? എന്ന് പ്രേമാവേശത്തോടെ നിലവിളിക്കുന്ന ആത്മാവേ! ഏതാദൃശ്യമായ ഒരു അസന്നിഗ്‌ദ്ധതയാണ് ഈ സന്ദർഭത്തിൽ നീയും ആവശ്യപ്പെടുന്നത്‌.

എന്നാൽ നീ ചോദിച്ചേക്കാം: എന്റെ സ്നേഹഭാജനം എന്റെ ഉള്ളിൽത്തന്നെയുണ്ടെങ്കിൽ അവിടുത്തെ ദർശനമോ അനുഭൂതിയോ എനിക്കു സിദ്ധിക്കാത്തതെന്തുകൊണ്ട്‌?

ഇതിന്റെ കാരണം ദൈവം ഒളിവിലാണെന്നുള്ളതുതന്നെ; ദൈവത്തെ കാണുകയും അനുഭവിക്കുകയും ചെയ്യത്തക്കവണ്ണം നീയും കൂടി ഒളിക്കുന്നില്ല.  കാണാതായ ഒരു വസ്തു തേടുന്നയാൾ അതു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്‌ അതിനോടൊപ്പം ഗോപ്യമായി പ്രവേശിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്.  അതു കണ്ടെത്തുമ്പോൾ ആ വസ്തുവുമൊന്നിച്ച്‌ അയാളും മറവിലായിരിക്കും.  ബുദ്ധിമാനായ വ്യാപാരി ' സമസ്തവും കൊടുത്തു വാങ്ങിയതും നിന്റെ ആത്മാവാകുന്ന വയലിൽ മറഞ്ഞുകിടക്കുന്നതുമായ ഗുപ്തരത്നമാണ്' ( മത്തായി 13:44) നിന്റെ പ്രിയതമൻ.  അവിടുത്തെ കണ്ടെത്തുന്നതിനുവേണ്ടി നിനക്കുള്ള സമസ്തവും നീ വിസ്മരിക്കണം; നശ്വരവസ്തുക്കളെല്ലാം ത്യജിച്ച്‌ ' നിന്റെ ആഭ്യന്തരസങ്കേതത്തിലേക്കു നീ പിന്തിരിയണം.  അവിടെ വാതിലടച്ച്‌' ( മത്തായി 6:6) അതായത്‌, 'നിന്റെ മനസിനെ എല്ലാ വസ്തുക്കളിലും നിന്ന് പിന്തിരിച്ച്‌ പിതാവിനോട്‌ രഹസ്യത്തിൽ നീ പ്രാർത്ഥിക്കണം'.  അങ്ങനെ ആത്മനാഥനോടൊപ്പം ഒളിവിലായിരിക്കുമ്പോൾ ആ അജ്ഞാത സങ്കേതത്തിൽ അവിടുത്തെ സാന്നിധ്യം നിനക്കനുഭൂതമാകും; ഒളിവിൽ നീ അവിടുത്തെ സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യും.  ഒളിവിൽ അവിടുത്തോടൊന്നിച്ച്‌ ആനന്ദിക്കുവാനും നിനക്കു കഴിയും.  ആ പരമാനന്ദം അവർണ്ണ്യവും സകല അനുഭൂതികളെയും അതിശയിക്കുന്നതുമായിരിക്കും.  

ഹാ! സൗന്ദര്യധാമമായ ആത്മാവേ!  വരൂ; നിന്റെ പ്രേമഭാജനം നിന്റെ ഉള്ളിൽത്തന്നെ മറഞ്ഞിരിക്കുന്നുവെന്ന് നിനക്കറിവുലഭിച്ചിരിക്കുന്നതിനാൽ ആ ഒളിവിൽ വസിക്കാൻ നീയും ഉത്സാഹിക്കുക.  അവിടെ നിന്റെ വരനെ ആശ്ലേഷിക്കുകയും സ്നേഹതീക്ഷണതയിൽ അവിടുത്തെ അനുഭൂതി നിനക്ക്‌ സിദ്ധിക്കുകയും ചെയ്യും.  കണ്ടാലും! ഐസയാസു വഴി (26:20) ഈ ഒളിവിടത്തിലേക്കു ദൈവം നിന്നെ ക്ഷണിക്കുന്നു; ' വരിക, നിന്റെ രഹസ്യമുറിയിൽ പ്രവേശിച്ച്‌ നിന്റെ വാതിലുകൾ അടയ്ക്കുക;' ( അതായത്‌ നിന്റെ അന്ത:ശക്തികളെ നശ്വരവസ്തുക്കളിൽ നിന്ന് പിന്തിരിപ്പിക്കുക.) 'അൽപ്പനേരത്തേക്ക്‌ - ഒരു നിമിഷത്തേക്കെങ്കിലും -  ( അതായത്‌ ഭൗമികജീവിതമാകുന്ന ഈ നിമിഷത്തേക്ക്‌) നീ അവിടെ ഒളിച്ചിരിക്കുക' എന്തുകൊണ്ടെന്നാൽ ഹാ! ആത്മാവേ! സുജ്ഞാനി ( സുഭാഷിതം 4:23) പറയുന്നതുപോലെ ' ക്ഷണികമായ ഈ ജിവിതത്തിൽ സർവ്വങ്കഷമായ ശ്രദ്ധയോടെ നീ നിന്റെ ഹൃദയത്തെ കാത്തുസൂക്ഷിക്കുന്നെങ്കിൽ ഐസയാസു (45:3) വഴിതന്നെ വാഗ്ദാനം ചെയ്യുന്നത്‌ നിസ്സംശയം ദൈവം നിനക്കു തരും; ഗുപ്തമായ നിധികൾ നിനക്കു ഞാൻ നൽകും.  'രഹസ്യങ്ങളുടെ സാരാംശവും ഗൂഡാർത്ഥങ്ങളും ഞാൻ നിനക്കു വെളിപ്പെടുത്തും. '. രഹസ്യങ്ങളുടെ സാരാംശം എന്നുപറയുന്നത്‌ ദൈവം തന്നെയാണ്; വിശ്വാസത്തിന്റെ സാരാംശവും ആന്തരവുമെല്ലാം ദൈവമാണ്.  രഹസ്യങ്ങളും ഗൂഡാർത്ഥങ്ങളും തന്നെ വിശ്വാസത്തിന്റെ ഉള്ളടക്കം.  വിശ്വാസം നമ്മിൽ നിന്നു രഹസ്യമായും ആച്ഛാദിതമായും സൂക്ഷിച്ചിരിക്കുന്നവ, അതായത്‌ വി. പൗലോസ്‌ ( 1 കൊറി. 13:10) പറയുന്നതുപോലെ 'ദൈവത്തിന്റെ പൂർണ്ണമായവ' വെളിവാകയും പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ രഹസ്യങ്ങളുടെ സാരാംശവും ഗൂഡാർത്ഥങ്ങളും ആത്മാവിനു സുവിദിതമാകും.

[മൗതീക വേദപാരംഗതനായ വി യോഹന്നാൻ ക്രൂസിന്റെ  " സ്നേഹഗീതം, പദ്യം 1" ൽ  നിന്ന് എടുത്തത്.]




Article URL:







Quick Links

എങ്ങു നീയൊളിച്ചു? "അന്തരാത്മാവിൽ വസിക്കുന്ന ദൈവം"

ദൈവപുത്രനായ വചനം പിതാവും പരിശുദ്ധാത്മാവുമൊന്നിച്ച് സത്തയും (essence) സാന്നിദ്ധ്യവും ( presence) വഴി ആത്മസത്തയുടെ കേന്ദ്രത്തിൽ മറഞ്ഞിരിപ്പുണ്ടെന്ന വസ്തുത ഇത്തരുണത്തിൽ സ്മരണീയമാണ്.  തന്നിമിത്തം ദ... Continue reading