കത്തോലിക്കാ ആദ്ധ്യാത്മികത ജീവിക്കാൻ ആഗ്രഹിക്കുന്നവ ർക്ക് വേണ്ടി മാത്രം എഴുതി തയ്യാറാക്കിയത്.
ഉപരിപ്ലവമായി ആദ്ധ്യാത്മികതയെ അവലംഭിക്കുന്നവർക്ക് ഇത് ഭോഷത്തമായി തോന്നുക സ്വാഭാവികം.
മൗതിക വേദപാരംഗതൻ വി യോഹന്നാൻ ക്രൂസിന്റെ നിർദ്ദേശം :
*1*. ശരീരത്തിന്റെ ബാഹ്യേന്ദ്രിയങ്ങൾ വഴി അതിസ്വാഭാവികമായി ബുദ്ധിക്കു ലഭിക്കുന്ന ഗ്രഹണങ്ങളേയും ഉപലംഭങ്ങളേയും പറ്റി താഴെ പ്രതിപാദിക്കുന്നു. ബാഹേന്ദ്രിയങ്ങൾ : ദർശനം, ശ്രവണം ഘ്രാണം, രസനം, സ്പർശനം എന്നിവയാണല്ലോ (seeing, hearing, smelling, tasting and touching), ഭക്താത്മാക്കൾക്ക് ഇവയെല്ലാം സംബന്ധിച്ച് അതിസ്വാഭാവികമായ ഉപലംഭങ്ങളും ആസ്പദങ്ങളും അനുഭവപ്പെടാൻ സാധ്യതയുണ്ട്, അനുഭവപ്പെടാറുമുണ്ട്.
ദർശനേന്ദ്രിയത്തെ സംബന്ധിച്ചിടത്തോളം, മരിച്ചുപോയ ആളുകൾ, ചില പുണ്യവാന്മാർ, മാലാഖമാർ, പിശാചുകൾ, സവിശേഷവും അസാധാരണവുമായ പ്രകാശധോരണി എന്നിവയെല്ലാം അവർ കണ്ടെന്നു വരും.
അപ്രകാരം കാണുന്ന രൂപങ്ങളിൽ നിന്നോ അഥവാ ഒന്നും കാണാതെ തന്നെയോ അസാധാരണമായ വചനങ്ങൾ ചെവികൊണ്ടു കേട്ടെന്നു വരും.
ഘ്രാണേന്ദ്രിയത്തിനു ചിലപ്പോൾ, ഗോചരമായ സുഗന്ധം, എവിടെ നിന്നു വരുന്നതെന്നറിയാതെ അനുഭവപ്പെട്ടെന്നുവരും.
രസനേന്ദ്രിയത്തിൽ ഹൃദ്യമായ സ്വാദും സ്പർശനേന്ദ്രിയത്തിൽ രമ്യമായ സുഖാനുഭൂതിയും തോന്നും. ഏതാദ്യശാനുഭൂതികൾ ചില സന്ദർഭങ്ങളിൽ അസ്ഥിമജ്ജകളേയും കൂടി ഹർഷപൂരിതമാക്കത്തക്കവണ്ണം അത്രമാത്രം ഉത്ക്കർഷം പ്രാപിക്കാറുണ്ട്. സംശുദ്ധരായ ആത്മാക്കളുടെ അന്തരംഗത്തു നിന്നുദിച്ച് അവയവങ്ങളിലേയ്ക്ക് പ്രവഹിക്കുന്നതും ആദ്ധ്യാത്മികാഭിസേചനം (Spiritual Unction) എന്ന് പറയപ്പെടുന്നതുമായ അനുഭൂതി ഇത്തരത്തിലുള്ളതാണ്; ഭക്താത്മാക്കൾക്ക് ഇവ സുപരിചിതവുമാണ്; ഓരോരുത്തർക്കും അവരവരുടെ വ്യക്തിത്വമനുസരിച്ച് ഇന്ദ്രിയാനുഭൂതമായ പക്ഷങ്ങളിലും ഭക്താഭ്യസനങ്ങളിലും ഏറെക്കുറെ ഇതനുഭവപ്പെടുന്നു.
*2*. മേൽപ്പറഞ്ഞ അനുഭവങ്ങളെല്ലാം ഇന്ദ്രിയങ്ങൾക്കു സിദ്ധിക്കുന്നതു ദൈവത്തിൽ നിന്നായിരുന്നാൽത്തന്നെയും നാം അവയിൽ ആശ്രയിക്കുകയോ അവയെ സ്വീകരിക്കുകയോ അരുത്; പ്രത്യുത, അവ ഗുണകരമോ ദോഷകരമോ എന്നു പരിശോധിക്കുക പോലും ചെയ്യാതെ, എല്ലാം പൂർണ്ണമായി നിഷേധിക്കുകയും വിട്ടൊഴിയുകയുമാണു വേണ്ടതെന്നറിയേണ്ടിയിരിക്കുന്നു. അവ എത്രയധികം ബാഹ്യവും ഭൂതാത്മകവുമാണോ ( completely exterior and corporeal), അവയുടെ പ്രഭവസ്ഥാനം ദൈവമായിരിക്കുവാൻ അത്രയ്ക്കും സാധ്യത കുറഞ്ഞിരിക്കും; എന്തുകൊണ്ടെന്നാൽ, ഇന്ദ്രിയങ്ങൾക്കെന്നതിനെ അപേക്ഷിച്ച് ആത്മാവിനു കൂടുതൽ ഭദ്രതയും പ്രയോജനവും വരുത്തുന്ന മാർഗ്ഗങ്ങളിലൂടെ ആത്മാവുമായി വേഴ്ചകളിലേർപ്പെടുകയെന്നതാണ് ദൈവത്തിനു സഹജവും സാധാരണവുമായ രീതി. ഇന്ദ്രിയങ്ങളുടെ കാര്യമാണെങ്കിൽ അവതന്നെ, ആദ്ധ്യാത്മികവിഷയങ്ങളെ ഐന്ദ്രിയങ്ങൾക്കു തുല്യം ഗണിച്ചു വിധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിന്റെ അളവിൽ, സാധാരണമായി അത്യന്തം ആപൽകരവും വഞ്ചന നിറഞ്ഞതുമത്രേ. ഇവ തമ്മിലുള്ള അന്തരം ശരീരവും ആത്മാവും തമ്മിലും വിഷയാസക്തിയും വിവേചനശക്തിയും തമ്മിലും ഉള്ളതു തന്നെയാണെന്നതത്രേ പരമാർത്ഥം. ശാരീരികേന്ദ്രിയങ്ങൾക്ക് ആദ്ധ്യാത്മിക വിഷയങ്ങളിലുള്ള അപ്രാപ്യത മൃഗങ്ങൾക്കു വിവേചനത്തിനുള്ളതോ അതിലും അധികമോ ആണല്ലോ. (For the bodily sense is as ignorant of spiritual things as is a beast of rational things, and even more so).
*3*. തിന്നിമിത്തം, ഇന്ദ്രിയഗോചരമായ സിദ്ധികളെ പൂജിക്കുന്നവർ ദയനീയമായി വ്യതിചലിച്ച് വഞ്ചനയുടെ വക്കിലേയ്ക്ക് ത്വരിതഗമനം ചെയ്കയായിരിക്കും; ആദ്ധ്യാത്മികപുരോഗതി നിശ്ശേഷം തടയപ്പെടുക എന്ന ദുരദൃഷ്ടമെങ്കിലും അവർക്കു നേരിടാതിരിക്കയില്ല. എന്തുകൊണ്ടെന്നാൽ, മേൽപ്പറഞ്ഞവണ്ണം, ഇവയ്ക്കൊന്നിനും സാക്ഷാൽ ആദ്ധ്യാത്മിക സിദ്ധികളുമായി യാതൊരു പൊരുത്തവുമില്ല. അതുകൊണ്ട് ഇമ്മാതിരി സിദ്ധികളെല്ലാം ദൈവത്തിൽ നിന്നെന്നതിലുപരി പിശാചിൽ നിന്നാണെന്നു ഗണിച്ചുകൊള്ളുകയേ വേണ്ടു; അവ എത്രമാത്രം ബാഹ്യവും ഭൗതികവുമായിരിക്കുന്നുവോ അത്രയധികം പിശാചിന് അവയിൽ സ്വാധീനവുമുണ്ടാവാൻ സാധ്യതയുണ്ട്. തുലോം ആന്തരികവും ആദ്ധ്യാത്മികവുമായതിലെന്നതിലധികം ഇവയിൽ നമ്മെ വഞ്ചിക്കുവാൻ അവനു സാധിക്കുന്നതുമാണ്.
*4*. ഏതാദൃശവിഷയങ്ങളും രൂപരേഖകളും അവയിൽത്തന്നെ എമ്മാത്രം ബാഹ്യമായിരിക്കുന്നോ അത്രയ്ക്കും ആത്മാവിനും അന്തരംഗത്തിനും അവ പ്രയോജനരഹിതമായിരിക്കും; ഭൗതികവും ആദ്ധ്യാത്മികവും തമ്മിലുള്ള അന്തരാളവും പൊരുത്തക്കുറവുമത്രേ അതിനു കാരണം. അവ മൂലം കുറേയൊക്കെ ആദ്ധ്യാത്മികപ്രയോജനം സിദ്ധിക്കുമെങ്കിലും, (ദൈവത്തിൽ നിന്നാ ണെങ്കിൽ തീർച്ച തന്നെ) കൂടുതൽ ആന്തരികവും ആദ്ധ്യാത്മികവും ആയവ യിൽ നിന്നു സിദ്ധിക്കുന്നത് ലഭിക്കയില്ല; ആത്മാവിൽ അപ്രഭംശവും അഹങ്കാരവും വ്യാമോഹവും എളുപ്പത്തിൽ കടന്നുകൂടുന്നതിനിടയാകയും ചെയ്യും; അവ ഭൂതാത്മകമാകയാൽ ഇന്ദ്രിയങ്ങൾക്ക് അത്യന്തം പ്രീതികരവുമായിരിക്കും; അവയുടെ അനുഭൂതിവിശേഷം നിമിത്തം വളരെയധികം വിലമതിക്കപ്പെടുകയും, വിശ്വാസത്തിന്റെ സുരക്ഷിതത്വം വിട്ട് ആത്മാവ് അതിനെ അനുഗമിക്കയും, ദൈവൈക്യം എന്ന സ്വലക്ഷ്യത്തിലേയ്ക്കാനയിക്കാൻ അതിന്റെ വെളിച്ചം മതിയാവുമെന്നു തീരുമാനിക്കയും ചെയ്യും; അവയിൽ കൗതുകം വർദ്ധിക്കുന്തോറും വിശ്വാസമാകുന്ന സാക്ഷാൽ മാർഗ്ഗത്തിൽ നിന്നും മാദ്ധ്യമത്തിൽ നിന്നും അധികമധികം തെറ്റിമാറിപ്പോവുക എന്നതായിരിക്കും ഫലം.
*5*. ഇതിനെല്ലാം പുറമേ, ഇമ്മാതിരി അസാധാരണ സിദ്ധികൾ ലഭിക്കുന്നുണ്ടെന്ന് ബോദ്ധ്യമാവുമ്പോൾ ദൈവസന്നിധിയിൽ തനിക്കു കുറച്ചു സവിശേഷതയുണ്ടെന്നു തന്നെക്കുറിച്ച് ആത്മാവിനു ഗുപ്തമായ ഒരു സംതൃപ്തി ഉത്ഭവിക്കാതിരിക്കയില്ല; എളിമയ്ക്ക് നിരക്കാത്തതാണ് ആ ധാരണ.
സ്വയസംതൃപ്തിയുടെ പരോക്ഷവും മിക്കപ്പോഴും പ്രത്യക്ഷവുമായ ചലനങ്ങൾ ആത്മാവിലുളവാക്കാൻ പിശാചിനു നല്ല കൗശലമുള്ളതിനാൽ അതു പ്രയോഗിച്ചുകൊണ്ട് ഇന്ദ്രിയങ്ങളോരോന്നിനും അതതിന്റെ വിഷയം കൂടെക്കൂടെ അവൻ അനുഭൂതമാക്കിക്കൊണ്ടിരിക്കും. അങ്ങനെ, ദർശനേന്ദ്രിയത്തിനു പുണ്യവാന്മാരുടെ ആകാരവിശേഷങ്ങളും പ്രകാശപ്രഫുല്ലനങ്ങളും
ശ്രവണേന്ദ്രിയത്തിനു ശ്രുതിമധുരമായി തോന്നാവുന്ന കപടവചനങ്ങളും, മോഹനമായ സുഗന്ധങ്ങളും, അധരങ്ങളിൽ മാധുര്യവും സ്പർശനസുഖങ്ങളുമെല്ലാം പ്രദാനം ചെയ്തുകൊണ്ട് അവയിലെല്ലാം ആത്മാവിനു കൗതുകം വളർത്തുകയും അനേകം അനാശാസ്യതകളിൽ അവളെ ആപതിപ്പിക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള നിവേദനങ്ങളും അനുഭൂതികളും സർവദാ നിഷേധിക്കപ്പെടേണ്ടവയാണ്; അവയിൽ ചിലതു ദൈവത്തിൽ നിന്നായിരുന്നാൽ തന്നെയും ആ നിഷേധം ദൈവത്തിനു ദ്രോഹകരമായിരിക്കയില്ല; അവമൂലം ആത്മാവിലുളവാക്കാൻ അവിടുന്ന് ഉദ്ദേശിക്കുന്ന സൽഫലങ്ങൾ തിരസ്കരണവും പരാങ്മുഖത്വവും നിമിത്തം കുറഞ്ഞുപോകയുമില്ല.(These representations and feelings, therefore,must always be rejected; for, even though some of them be of God, He is not offended by their rejection, nor is the effect and fruit which He desires to produce in the soul by means of them any the less surely received because the soul rejects them and desires them not.)
*6*. മേൽപ്പറഞ്ഞതിന്റെ ന്യായം, ഭൂതാത്മക ദർശനങ്ങൾ അഥവാ മറ്റിന്ദ്രിയങ്ങളിലൂടെയുണ്ടാകുന്ന അനുഭൂതികൾ കൂടുതൽ ആന്തരികമായ അതുപോലുള്ള മറ്റു സിദ്ധികൾ എന്നിവ ആത്മാവിൽ പ്രത്യക്ഷമാകുന്ന നിമിഷത്തിൽത്തന്നെ അവയുടെ സൽഫലവും നിറവേറിക്കൊള്ളും എന്നതത്രേ; തന്നിമിത്തം അവ സ്വീകരിക്കണമോ വേണ്ടയോ എന്നു പര്യാലോചിക്കുവാൻ ആത്മാവിനു സമയം കിട്ടുകയില്ല. ദൈവം ഈവക സംഗതികൾ നൽകുന്നത് ആത്മാവിന്റെ പക്ഷത്തുനിന്നു ശ്രമം കൂടാതെയും അവളുടെ കഴിവിനെ ആശ്രയിക്കാതെയും അതിസ്വാഭാവികമായ വിധത്തിലാകയാൽ അവമൂലം അവിടുന്നു തിരുമനസ്സാകുന്ന സൽഫലങ്ങൾ നിറവേറ്റുകതന്നെ ചെയ്യും; കാരണം, കർമ്മസഹമായ (passively) രീതിയിൽ ആത്മാവിൽ നിർവഹിക്കപ്പെടുന്ന ഒരു കൃത്യമാണത്. തന്നിമിത്തം, അവയുടെ ഫലസിദ്ധി അഥവാ ഫലശൂന്യത അവളുടെ താൽപര്യത്തെ അല്ലെങ്കിൽ നിഷേധത്തെ അല്ല ആശ്രയിച്ചിരിക്കുന്നത്. ഒരു നഗ്നശരീരത്തെ തീകൊണ്ടു കുത്തിയാൽ പൊള്ളരുതെന്നു കരുതുന്നതു നിഷ്പ്രയോ ജനമാണല്ലോ; തീ സ്വകൃത്യം നിർവഹിക്കുകതന്നെ ചെയ്യും. അതുപോലെ, ദർശനങ്ങളും പ്രത്യക്ഷീകരണങ്ങളും നല്ലതാണെങ്കിൽ, ആത്മാവിനവയിൽ കൗതുകമില്ലെങ്കിലും അവ സ്വന്തമായ ഫലം അവളിൽ, അതായത് ശരീരത്തിലെന്നതിനേക്കാൾ പ്രഥമവും പ്രധാനവുമായി ആത്മാവിൽ നിറവേറ്റും. പിശാചിൽ നിന്നു വരുന്നവയാണെങ്കിൽ, ആത്മാവു സമ്മതിക്കുന്നില്ലാത്തപ്പോഴും, അന്തരംഗത്തു സംഭ്രമവും ശുഷ്ക്കതയും ദുരഭിമാനവും ധാർഷ്ട്യവും ഉൽപാദിപ്പിക്കും; പക്ഷേ ദൈവത്തിൽ നിന്നു വരുന്നവ ഗുണകരമായിരിക്കുന്നതു പോലെ ഇവ അത്രമാത്രം ദോഷകരമായിരിക്കയില്ല. ആത്മാവു സമ്മതിക്കാത്തപ്പോൾ, മനസ്സിന്റെ പ്രഥമ ചലനങ്ങളെ അതിശയിക്കുന്ന പ്രേരണയൊന്നും ചെലുത്താൻ ഇവയ്ക്കു കഴിയുന്നതല്ല ധീരതയുടേയും വിവേകത്തിന്റേയും അഭാവം നിമിത്തമല്ലാതെ അമ്മാതിരി അസ്വസ്ഥകൾ തുടരുകയുമില്ല.
ദൈവത്തിൽ നിന്നു വരുന്ന ദർശനങ്ങൾ ആത്മാവിന്റെ ഉള്ളിലേയ്ക്ക് ചുഴിഞ്ഞിറങ്ങി ഫലിപ്പിക്കുന്നവയായിരിക്കും; എത്രതന്നെ ശ്രമിച്ചാലും അവയെ നിഷേധിക്കുവാൻ ആത്മാവിനു സാധിക്കയില്ല; ജന്നലിന്മേൽ തട്ടുന്ന സൂര്യരശ്മികളെ തടയുവാൻ ഒരു പ്രകാരത്തിലും അതിനു നിവ്യത്തിയില്ലല്ലോ.
*7*. ദർശനസിദ്ധികളെ അഭിലഷിക്കുവാൻ ആത്മാവ് ഒരിക്കലും തുനിയരുത്. ദൈവത്തിൽ നിന്നു വരുന്നവയേയും ഉൾപ്പെടുത്തിയാണു ഞാൻ പറയുന്നത്. അവയിൽ കൗതുകം പുലർത്തുന്നതിൽ നിന്നു താഴെപ്പറയുന്ന ആറ് അനാശാസ്യതകൾ ഉളവാകും.
ഒന്ന്: വിശ്വാസം ക്രമേണ ക്ഷയിച്ചുപോകുന്നു; ഇന്ദ്രിയങ്ങൾക്കനുഭൂതമാകുന്ന വിഷയങ്ങൾ, വിശ്വാസത്തിന് അപകർഷകമാണ്; വിശ്വാസം ഇന്ദ്രിയങ്ങളെയെല്ലാം അതിശയിക്കുന്നുവെന്ന് അന്യത്ര പ്രസ്താവിച്ചല്ലോ. ഇന്ദ്രിയഗോചരമായ ഈവക വിഷയങ്ങളൊക്കെയുടെയും നേർക്കു കണ്ണടയ്ക്കാക നിമിത്തം ആത്മാവു സായുജ്യത്തിന്റെ മാദ്ധ്യമത്തെ കൈവെടിയുകയാണ് ചെയ്യുന്നത്.
രണ്ട്: നിരോധിക്കാത്തപക്ഷം അവ ആത്മവീര്യത്തെ കെടുത്തിക്കളയും. അവയിൽ കുടുങ്ങിപ്പോകുന്ന ആത്മാവിന് അദൃശ്യമായ ആസ്പദത്തെ ലക്ഷ്യ മാക്കി പറന്നുയരുവാൻ ചൈതന്യമുണ്ടായിരിക്കയില്ല. പരിശുദ്ധാത്മാവ് ആഗതനാകുന്നതിനുവേണ്ടി താൻ പോകുന്നതാണുചിതം എന്നു ശിഷ്യന്മാരെ ബോദ്ധ്യപ്പെടുത്തുന്നതിനായി നമ്മുടെ കർത്താവു നൽകിയ ന്യായങ്ങളിലാന്ന് ഇതായിരുന്നു. ഉയർപ്പിനുശേഷം, മറിയമഗ്ദലേനാ വിശ്വാസത്തിൽ ഉറയ്ക്കുന്നതിനുവേണ്ടി അവൾക്കു തന്റെ പാദസ്പർശം അവിടുന്ന് നിഷേധിക്കുകയുമുണ്ടായി.
മൂന്ന്: ആത്മാവിന് ഈവക സിദ്ധികളിൽ താൽപ്പര്യം വർദ്ധിക്കുകയും തന്മൂലം യഥാർത്ഥമായ തിതിക്ഷാലംബന (resignation) ത്തിന്റെയും ആദ്ധ്യാത്മിക നിസ്സംഗതയുടെയും മാർഗ്ഗം അവൾ കൈവെടിയുകയും ചെയ്യും.
നാല്: ഇന്ദ്രിയഗോചരമായ വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്തോറും ഇവയുടെ സൽഫലങ്ങളും ഇവയിൽ നിന്ന് അന്തരംഗത്തു പ്രകടമാകുന്ന ചൈതതന്യവിശേഷവും അപ്രത്യക്ഷമാകാതെ തരമില്ല. അങ്ങനെ അവയുടെ സാരാംശമായ ആദ്ധ്യാത്മികമൂല്യം നഷ്ടീഭവിക്കയേയുള്ളൂ; അതിൽ നിന്നും തികച്ചും ഭിന്നമായ ഐന്ദ്രിയവിഷയങ്ങൾ സമസ്തവും നിഷേധിക്കേണ്ടത് അതിൻ്റെ സുദൃഢമായ ഉറപ്പിനും ഭദ്രതയ്ക്കും അത്യന്താപേക്ഷിതമത്രേ.
അഞ്ച്: ഏതാദശ്യ ദൈവാനുകൂല്യങ്ങളെ വേണ്ടവണ്ണം പ്രയോജനപ്പെടുത്താതെ അവയുടെ ഉടമസ്ഥതയിൽ ദുരഭിമാനം കൊള്ളുകമാത്രം ചെയ്തുകൊണ്ടിരിക്കുമ്പോൾ അവയുടെ സിദ്ധി ക്ഷയിച്ചുതുടങ്ങും. പ്രയോജനരഹിതമായ അത്തരം ഉടമസ്ഥതയിൽ ദുരഭിമാനം മാത്രമേ ശേഷിക്കയുള്ളല്ലോ, അതല്ല ദൈവം അവ നൽകുന്നതിന്റെ ഉദ്ദേശ്യം. ഈവക സംഗതികൾ ദൈവത്തിൽ നിന്നു വരുന്നതാണെന്ന് ആത്മാവു തനിയേ നിർണ്ണയിക്കമരുത്.
ആറ്: ഇവയിൽ കൗതുകം കൊള്ളുക എന്നത് ഇത്തരം മറ്റനുഭവങ്ങളിലുടെ ആത്മാവിനെ വഞ്ചിക്കുവാൻ പിശാചിനു പ്രവേശനമനുവദിക്കുകയാകുന്നു. അവയെല്ലാം നല്ലതാണെന്നു ബോധിപ്പിക്കുവാൻ തക്ക കാപട്യങ്ങളും വിഡംബനങ്ങളും അവന്റെ കൈവശം ധാരാളമുണ്ട്. “പ്രകാശദൂതനായി രൂപാന്തര പ്പെടാൻ അവനു വശമുണ്ടെന്നാണല്ലോ" ശ്ലീഹാ (2 കൊറി, 11:14) പറയുന്നത്.
*8*. ആയതുകൊണ്ട് ഇമ്മാതിരി അനുഭൂതികളെല്ലാം എവിടെനിന്നു വരുന്നവയായിരുന്നാലും എല്ലാം കണ്ണുമടച്ചു നിഷേധിക്കുകയാണു വേണ്ടത്. അപ്രകാരം ചെയ്യാത്ത ആത്മാവ് അതു പോലെ പിശാചിൽ നിന്നു വരുന്നവയ്ക്ക് വഴിതെളിക്കയും അവന്റെ സ്വാധീനം വർദ്ധിപ്പിക്കയുമാണു ചെയ്യുന്നത്. തൽഫലമായി പൈശാചിക സിദ്ധികൾ ദൈവാനുകൂല്യങ്ങളുടെ സ്ഥാനം കരസ്ഥമാക്കുമെന്നു മാത്രമല്ല, അവയുടെ എണ്ണം പെരുകിയും ദൈവത്തിന്റേതു കുറഞ്ഞും വരും. ഒടുവിൽ പിശാചിന്റെ ആധിപത്യം പ്രബലമാകുന്നതിനോടൊപ്പം ദൈവത്തിൻറേതു നാമാവശേഷമായിത്തീരും. അൽപജ്ഞരായ അനേകം ആത്മാക്കൾക്കു തങ്ങളുടെ അനാസ്ഥനിമിത്തം ഇപ്രകാരം സംഭവിച്ചിട്ടുണ്ട്. ദൈവത്തിൻ പക്കലേക്കു മടങ്ങിവരുക പ്രയാസമായിത്തീർന്നിരിക്കയാണ്; അത്രമാത്രം അവർ ഈവക സിദ്ധികളിൽ ഭ്രമിച്ചുപോയി. പ്രത്യാഗമനം അസാധ്യമാകത്തക്ക വിധം പിശാചിന്റെ പിടിയിൽ സ്ഥിരമായി കുടുങ്ങിപ്പോയവരും കുറവല്ല. ആയതിനാൽ ഇവയുടെ നേർക്കു പുറംതിരിയുകയും എല്ലാം നിഷേധിക്കയുമാണുത്തമം. പ്രസ്തുത നയം സ്വീകരിക്കുന്നതുകൊണ്ട് പൈശാചിക സിദ്ധികളുടെ വിപത്തു ദൂരീകരിക്കുകയും, വിശ്വാസത്തിനു പ്രതിബന്ധം നേരിടാതെ ദൈവിക സിദ്ധികളുടെ ഫലം പ്രാപിക്കുകയും ചെയ്യാം.
ആത്മാവു സിദ്ധികളിൽ താൽപ്പര്യം വയ്ക്കുന്നതിന്റെ ഫലമായി ഉളവാകുന്ന ദുരഭിമാനവും പ്രയോജനരാഹിത്യവും നിമിത്തം ദൈവം അവ പിൻവലിച്ചു തുടങ്ങുമ്പോൾ, അവകൊണ്ടു മുതലെടുക്കാനുള്ള തക്കം നോക്കി പിശാച് അത്തരം അനുഭവങ്ങളെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുമല്ലോ; അതേവിധംതന്നെ, അവൾ അവയിൽ തിതിക്ഷയും പാരാങ്മുഖതയും പ്രദർശിപ്പിക്കുമ്പോൾ അവൾക്കു ഹാനി വരുത്തുക അസാദ്ധ്യമെന്നു ഗ്രഹിച്ച് അവൻ പിൻവാങ്ങിക്കൊള്ളും; നേരേമറിച്ചു ദൈവം, വിനീതയും വിവിക്തയുമായ ആത്മാവിൽ തന്റെ അനുഗ്രഹങ്ങൾ ധാരാളമായി വർഷിച്ചുതുടങ്ങും. അൽപകാര്യങ്ങളിൽ വിശ്വസ്തത പ്രദർശിപ്പിച്ച് ഭൃത്യനെയെന്നോണം (മത്താ. 25:21) മഹത്തായ കാര്യങ്ങൾ അവിടുന്ന് അവളെ ഭരമേൽപിക്കുകയും ചെയ്യും.(when the soul allows them entrance, God begins to withhold them because the soul is becoming attached to them and is not profiting by them as it should, while the devil insinuates and increases his own visions, where he finds occasion and cause for them; just so, when the soul is resigned, or even averse to them, the devil begins to desist, since he sees that he is working it no harm; and contrariwise God begins to increase and magnify His favours in a soul that is so humble and detached, making it ruler over many things, even as He made the servant who was faithful in small things)
*9*. ഇപ്രകാരമുള്ള അനുഗ്രഹങ്ങൾ പ്രാപിക്കുന്നതോടൊപ്പം വിശ്വസ്തതയും ശാലീനതയും പാലിക്കുന്ന ആത്മാവിനെ കർത്താവു പടിപടിയായി ഉയർത്തി സായുജ്യപദവിയിൽ എത്തിക്കാതിരിക്കയില്ല. അവളെ നിരന്തരം പരീക്ഷിച്ച് ഉപര്യുപരി ഉന്നമിപ്പിക്കാനാണ് അവിടുന്ന് ഉദ്ദേശിക്കുന്നത്; തദനുസരണം ആദ്യഘട്ടങ്ങളിൽ, ബാഹ്യമായി അനുഭവവേദ്യവും ഇന്ദ്രിയങ്ങളുടെ താഴ്ന്ന നിലവാരത്തിനും ആത്മാവിന്റെ പരിമിതമായ ഗ്രഹണക്ഷമതയ്ക്കും അനുയുക്തവുമായ ആഹാരമാണ് നൽകുന്നത്. അവയെല്ലാം മിതമായും സമു ചിതമായും ആഹരിച്ച് അവയിൽ നിന്നു പുഷ്ടിയും ശക്തിയും സംഭരിച്ചു കഴി യുമ്പോൾ മേൽത്തരം വിഭവങ്ങൾ കൂടുതൽ സുലഭമായി അവിടുന്ന് അവൾ ക്കു നൽകുകയായി. ആദ്യത്തെ പദവിയിൽ പിശാചിനെ ജയിക്കുന്ന ആത്മാവ് അടുത്തതിലേയ്ക്കു കടക്കും; രണ്ടാമത്തേതിലും അപ്രകാരംതന്നെ വർത്തിക്കുന്നപക്ഷം മൂന്നാംപദവി കരസ്ഥമാകും. സ്നേഹത്തിന്റെ ഏഴു പദവികളാകുന്ന ഏഴു സദനങ്ങൾ അപ്രകാരം കടന്നു കഴിയുമ്പോൾ ദിവ്യമണാളൻ തന്റെ പരിപൂർണ്ണ സ്നേഹമാകുന്ന വീഞ്ഞറയിൽ (ഉത്തമഗീതം. 2:4) അവളെ പ്രവേശിപ്പിക്കും
*10*. "വെളിപാടി'ലെ (12:3) വ്യാളമൃഗത്തിനോടു യുദ്ധം ചെയ്യാൻ ശേഷിയുള്ള ആത്മാവു ധന്യതന്നെ; സ്നേഹത്തിന്റെ ഏഴു പദവികൾക്കെതിരായ ഏഴു തലകളാണല്ലോ ആ ജന്തുവിനുള്ളത്. അവയോരോന്നുംകൊണ്ട് ഓരോ സദനത്തിലുമുള്ള ആത്മാവിനെ തോൽപിച്ചു കീഴടക്കുവാൻ അതു സമരം ചെയ്തുകൊണ്ടിരിക്കയാണ്; അങ്ങനെ ഓരോ സദനത്തിലും സമരത്തിലേർപ്പെട്ടിരിക്കുന്ന ആത്മാവ് ദൈവസ്നേഹത്തിന്റെ ഓരോ പദവിയും നേടിയെടുക്കുന്നുമുണ്ട്. ഓരോ തലയുടെയും നേർക്ക് അവൾ നിസ്തന്തരമായ സമരം തുടർന്നു വിജയം കൈവരിക്കുന്നപക്ഷം, ഓരോ പദവിയും ഉയരുന്നതിനും ഓരോ സദനവും കടന്ന് അവസാനത്തേതിലെത്തുന്നതിനും അവൾ അർഹയായിത്തീരുമെന്നതു നിസ്സംശയമാണ്. അതിനിടയിൽ വ്യാളിമൃഗം പരാജയപ്പെടുകയും ഉഗ്രസമരം ചെയ്തുകൊണ്ടിരുന്ന അതിന്റെ ഏഴു തലകളും നശിപ്പിക്കപ്പെടുകയും ചെയ്യും. പുണ്യവാന്മാരോടു സമരം ചെയ്യുന്നതിനും സ്നേഹത്തിൻ്റെ ഓരോ പദവിക്കുമെതിരേ വേണ്ടുന്നത്ര ആയുധങ്ങളും യുദ്ധസാമഗ്രികളുമുപയോഗിച്ച് ഓരോന്നിലും അവരെ തോൽപിക്കുന്നതിനും ആവശ്യമുള്ള ശക്തി ആ വ്യാളത്തിനു നൽകപ്പെട്ടിരുന്നുവെന്നു വിശുദ്ധ യോഹന്നാൻ അവിടെ പറയുന്നതിൽ നിന്ന് ആ സമരത്തിന്റെ ഭീകരത ഗ്രഹിക്കാവുന്നതാണ്.
വ്യാളത്തിന്റെ നേർക്ക് ആദ്ധ്യാത്മിക സമരം സമാരംഭിക്കുന്നവരിൽ മിക്കവരും ലോകത്തിന്റെ ജഡികവസ്തുക്കളെ നിഷേധിച്ചുകൊണ്ട് അതിന്റെ ആദ്യത്തെ തലപോലും തകർക്കുവാൻ തുനിയുന്നില്ലെന്നതു നിർഭാഗ്യകരമത്രേ, ആദ്യത്തേതു വെട്ടിനശിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള ചിലർ രണ്ടാമത്തേത് - അതായത്, ഇവിടുത്തെ പ്രതിപാദ്യമായ ഐന്ദ്രിയ സിദ്ധികളെ - നശിപ്പിക്കുന്നില്ല. എന്നാൽ ഒന്നും രണ്ടും മാത്രമല്ല, അന്തരിന്ദ്രിയങ്ങളെന്ന മൂന്നാമത്തേതായ മനനത്തിന്റെ (Meditation) ഘട്ടവും അതിലപ്പുറവുംകൂടി കടന്നു കഴിഞ്ഞവരെ, സമ്പൂർണ്ണമായ ആദ്ധ്യാത്മികതയിലേയ്ക്ക് പ്രവേശിക്കേണ്ട സന്ദർ ഭത്തിൽ, പ്രസ്തുത മൃഗം, ആദ്യത്തെ തലപോലും പുനർജീവിപ്പിച്ചുകൊണ്ട് അവരുടെനേർക്കു തിരിഞ്ഞുവന്ന് അവരെ തോൽപിക്കുന്നതാണ് പരമദയനീയം. അത്തരക്കാരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിലും കഷ്ടതരമായിരിക്കും; കാരണം, കടുത്ത ജാതി ഏഴു ദുഷ്ടമൃഗങ്ങളേയും കൂട്ടിക്കൊണ്ടായിരിക്കും ആ ജന്തു മടങ്ങിവരുന്നത്. (ലൂക്കാ 11:26)
*11*. ആദ്ധ്യാത്മികജീവിതം നയിക്കുന്നവർ ബാഹ്യേന്ദ്രിയങ്ങൾക്കു വിഷയമാകുന്ന ഉപലംഭങ്ങളും നശ്വരസുഖങ്ങളും സമസ്തവും നിഷേധിക്കേണ്ടി യിരിക്കുന്നുവെന്നു മേൽ വിവരിച്ചതിൽ നിന്നെല്ലാം സിദ്ധിക്കുന്നു; എന്നാൽ മാത്രമേ വ്യാളത്തിന്റെ ഒന്നും രണ്ടും തലകൾ തകർത്ത് സ്നേഹത്തിന്റേതായ ഒന്നാം സദനത്തിലും സജീവവിശ്വാസത്തിന്റേതായ രണ്ടാമത്തേതിലും പ്രവേശിക്കുവാൻ സാധിക്കയുള്ളൂ. അവർ വിശ്വാസത്തെ ക്ഷയിപ്പിക്കുന്ന ഐന്ദ്രിയവിഷയങ്ങളെ ആശ്രയിക്കുകയോ അവയാൽ വ്യാമോഹിതരായിത്തീ
രുകയോ അരുത്.
*12*. ദൈവവുമായി യാതൊരു പൊരുത്തവുമില്ലാത്ത ഈവക ഇന്ദ്രിയഗോചരദർശനങ്ങളും ഉപലംഭങ്ങളും സായുജ്യത്തിനു മാദ്ധ്യമമായിരിക്കുക സാധ്യ മല്ലെന്നു വ്യക്തമാണ്; മഗ്ദലേനയും (യോഹ. 20:17) തോമസ് അപ്പസ്പോലനും (യോഹ. 20:29) തന്നെ സ്പർശിക്കരുതെന്നു ക്രിസ്തുനാഥൻ നിഷ്ക്കർഷിച്ചതിൻ്റെ ഒരു കാരണം ഇതായിരുന്നു.
ആത്മാക്കൾ വെളിപാടു സിദ്ധിക്കാനാഗ്രഹിക്കുന്നതും കൗതുകമുണ്ടെന്നു കാണുന്നതും പിശാചിന് അത്യന്തം ആഹ്ലാദജനകമാണ്; അവർക്കവയിൽ അവരെ അബദ്ധങ്ങളിൽ കുടുക്കുവാനും വിശ്വാസത്തിൽ ക്ഷയിപ്പിക്കുവാനും നല്ല സന്ദർഭവും സൗകര്യവുമാണല്ലോ അവനു ലഭിക്കുക. അത്തരം സിദ്ധി കൾ അഭിലഷിക്കുന്നവരെ അവൻ തീരെ മന്ദബുദ്ധികളാക്കിത്തീർക്കുമെന്നു ചിലപ്പോൾ ധാരാളം പ്രലോഭനങ്ങൾക്കും അനാശാസ്യ നടപടികൾക്കും വശംവദരാക്കുമെന്നും അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ.
*13*. ബാഹ്യമായ ഉപലംഭത്തെപ്പറ്റി ഇത്രയും ദീർഘമായി പ്രതിപാദിച്ചതു ശേഷിക്കുന്നവയുടെമേൽ കൂടുതൽ വെളിച്ചം വീശുന്നതിനുവേണ്ടി കൂടിയാണ്. ഈ ഭാഗം സവിസ്തരം വിവരിച്ചുപോയാൽ ഒരിക്കലും അവസാനിക്കയില്ല. എഴുതിയതു തീരെ സംക്ഷിപ്തമായിപ്പോയില്ലേ എന്നും ശങ്കിക്കുന്നു. ഈ വക സിദ്ധികൾ വിവേകപൂർവ്വമായി ആലോചനയോടും തികഞ്ഞ നിഷ്പക്ഷ മനോഭാവത്തോടും കൂടെ അപൂർവ്വമായിട്ടല്ലാതെ (അപ്പോഴും ആശയാഗ്രഹങ്ങൾ അതിലായിരിക്കരുത്) സ്വീകരിക്കാതിരിക്കാൻ കരുതലുണ്ടായിരിക്കണമെന്നു മാത്രം പറഞ്ഞു വയ്ക്കുന്നതു മതിയാകുമെന്നു വിശ്വസിക്കുന്നു.
*(വി യോഹന്നാൻ ക്രൂസ്, കർമ്മലമലയേറ്റം പുസ്തകം രണ്ട്, അദ്ധ്യായം 11)*