Home | Articles | 

jintochittilappilly.in
Posted On: 09/08/20 00:14
പ്രാർത്ഥന - മനസ്സിന്റെ ആനന്ദവും (rejoice) ശക്തിയും (strength) ഭക്താചാരങ്ങളിലൂടെ ദൈവോന്മുഖമാക്കേണ്ട വിധം:

 

"വിശ്വാസത്തിന്റെ പിൻബലം അത്ഭുതങ്ങളെ അമിതമായി ആശ്രയിക്കുന്നവർക്കു നഷ്ടപ്പെടും. അത്ഭുതങ്ങളുടെ സാക്ഷ്യം പെരുകുമ്പോൾ  വിശ്വാസത്തിന്റെ യോഗ്യത നിലവാരം താഴും . തന്നിമിത്തം,വിശ്വാസം മനുഷ്യ ബുദ്ധിക്ക് അനുഭൂതമാവുമ്പോൾ അത് ഫല ശൂന്യമായിത്തീരും എന്ന് വി. ഗ്രിഗറി പ്രസ്താവിക്കുന്നു"

ദൈവം സ്തുതിക്കപ്പെടുന്നതിനുവേണ്ടിയെന്നതിനേക്കാൾ അധികമായി സ്വന്തം അഭീഷ്ട്ടങ്ങൾ സാധിക്കുന്നതിനായി പ്രാർത്ഥിക്കുന്നവർ വിരളമല്ല.ദൈവശുശ്രൂഷക്കുപകരിക്കുമെങ്കിലല്ലാതെ മറ്റു വിധത്തിൽ തങ്ങളുടെ അപേക്ഷകൾ സാധിക്കുകയില്ലെന്ന സങ്കല്പം അവർക്കുണ്ടെങ്കിലും സ്വന്തമായ താല്പര്യങ്ങളുടെ പേരിലുള്ള പ്രതിപത്തിയും വൃഥാ തൃപ്തിയും നിമിത്തം അവ സാധിക്കുന്നതിനു വേണ്ടി ഒരേ പ്രാർത്ഥന തന്നെ ഇടവിടാതെ ഉരുവിട്ടുകൊണ്ടിരിക്കും. മനസാക്ഷിയെ ശുദ്ധീകരിക്കുക, ആത്മരക്ഷയെ സംബന്ധിച്ച വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മുതലായ സുപ്രധാന സംഗതികൾക്കായി അത്രയും സമയം അവർ വിനിയോഗിച്ചിരുന്നെങ്കിൽ എത്രയോ ഭേദമായിരുന്നു!!

കർത്താവു സുവിശേഷത്തിൽ (മത്തായി 6:33) വാഗ്ദാനം ചെയ്തിരിക്കുന്നതിപ്രകാരമാണ്. നിങ്ങളുടെ പ്രഥമവും പ്രധാനവുമായ അന്വേഷണം സ്വർഗ്ഗരാജ്യവും അതിന്റെ നീതിയുമായിരിക്കട്ടെ; മറ്റാവശ്യങ്ങളെല്ലാം അതോടൊപ്പം നിങ്ങൾക്കു ലഭിച്ചു കൊള്ളും. അവിടുത്തേക്ക്‌ ഏറ്റവും പ്രിയങ്കരമായ ലക്ഷ്യവും പ്രാർത്ഥനയും ഇതാണ്. നമ്മുടെ ഹൃദയത്തിൽ അങ്കുരിക്കുന്ന അഭിലാഷങ്ങൾ നിറവേറുന്നതിനു ദൈവത്തിന് ഏറ്റവും പ്രിയങ്കരമായ വിഷയത്തിലേക്കു നമ്മുടെ പ്രാർത്ഥനയുടെ ആവേശത്തെ കേന്ദ്രീകരിക്കുന്നതിനേക്കാൾ ഫലപ്രദമായ മാർഗ്ഗം മറ്റൊന്നുമില്ല. അപ്പോൾ, നാം അഭ്യർത്ഥിക്കുന്ന ആത്മരക്ഷ മാത്രമല്ല, നമുക്ക് സമുചിതവും ഗുണകരവുമെന്നു അവിടുത്തേക്ക്‌ തോന്നുന്നതെല്ലാം കൂടി, നാം ചോദിക്കാത്തവ പോലും, അവിടുന്ന് നമുക്ക് തരും.

ചിലർക്കാണെങ്കിൽ പ്രാർത്ഥനയുടെ പ്രത്യക്ഷ ഫലം ഉടൻ തന്നെ അനുഭവപ്പെടണമെന്നും നിർബന്ധമാണ്. അതായതു യാന്ത്രികമായി നടത്തുന്ന പ്രാർത്ഥന തീരുന്ന നിമിഷത്തിൽ ഫലവും ലഭിക്കണം. തുലോം ക്ഷമിക്കത്തക്കതല്ലാത്തതും ദുസ്സഹവുമായ ഇത്തരം മനസ്സിന്‍റെ അവസ്ഥ ദൈവത്തെ പ്രലോഭിപ്പിക്കുന്നതിനു തുല്യമാണ്. അതിനു ശിക്ഷയായി കടുത്ത പൈശാചിക തന്ത്രങ്ങളിൽ കുടുങ്ങുവാൻ ചിലപ്പോൾ ദൈവം അനുവദിച്ചെന്നുവരും. തൽഫലമായി ആത്മാവിന്റെ ഗുണത്തിന് കടകവിരുദ്ധമായ തോന്നലുകളും ധാരണകളും സാത്താൻ അവരിൽ നിവേശിക്കും. പ്രാർത്ഥനകളിൽ ദൈവേഷ്ടമെന്നതിനേക്കാൾ സ്വന്തം ഇഷ്ട്ടം നിറവേറ്റുവാൻ അവർക്കുള്ള നിർബന്ധത്തിനു തക്ക ശിക്ഷയാണത്. ദൈവത്തിൽ സമ്പൂർണ വിശ്വാസം അർപ്പിക്കുകയില്ലാത്തവർക്ക് സർവവും അശുഭമായേ പരിണമിക്കൂ.

ആയതിനാൽ, പ്രാർത്ഥനകളിൽ മനസ്സിന്റെ തുഷ്ടിയും ശക്തിയും മേൽ വിവരിച്ച വിധം ദൈവോന്മുഖമായി ഉയർത്തേണ്ടിയിരിക്കുന്നു. കത്തോലിക്കാസഭ അംഗീകരിക്കാത്തതും പ്രയോഗിക്കാത്തതുമായ ആചാരവിശേഷങ്ങൾ സംശയാസ്പദമെന്നോണം നിരോധിക്കുകതന്നെ വേണം. ദിവ്യബലിയുടെ തിരുക്കർമ്മങ്ങളെ സംബന്ധിച്ചിടത്തോളം, സഭ തന്റെ പ്രതിനിധി എന്ന നിലയിൽ നിർദ്ദേശങ്ങൾ നൽകി ബലിയർപ്പണത്തിന്റെ ആചാരവിധികൾ
അഭ്യസിപ്പിച്ചിരിക്കുന്ന വൈദികനെ മറ്റെല്ലാവരും അനുഗമിക്കുകയാണു വേണ്ടത്. പരിശുദ്ധാത്മാവിനെയും തന്റെ തിരുസഭയേയുംകാൾ വിവരമുള്ളതു തങ്ങൾക്കാണെന്ന ഭാവത്തിൽ നവീന സമ്പ്രദായങ്ങൾ ഏർപ്പെടുത്തുവാൻ ആരും മുതിരരുത്. സഭയുടെ അതീവ സരളമായ ആചാരാനുഷ്ഠാനങ്ങൾ
വഴി ദൈവം തങ്ങളെ ശ്രവിക്കുന്നില്ലെങ്കിൽ വേറെ എന്തെല്ലാം പുതുമകൾ കൊണ്ടുവന്നാലും ദൈവം കനിയുമെന്നു പ്രതീക്ഷിക്കേണ്ടതില്ല. എന്തുകൊണ്ടെന്നാൽ, എല്ലാക്കാര്യങ്ങളിലും ദൈവത്തോടനുയോജിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവർക്ക് വേണ്ടതൊക്കെയും അവിടുന്നു നൽകും; നേരേ മറിച്ചു സ്വാർത്ഥമതികളുടെ പ്രാർത്ഥന നിരർത്ഥകമായിത്തീരുകയും ചെയ്യും.

വാചികപ്രാർത്ഥനകളും ഭക്തികൃത്യങ്ങളും സംബന്ധിച്ച മറ്റാചാരങ്ങളിൽ ക്രിസ്തുനാഥൻ പഠിപ്പിച്ചവയിൽ നിന്നു വ്യത്യസ്തമായതൊന്നിലും താൽപ്പര്യം വയ്ക്കരുത്. പ്രാർത്ഥന പഠിപ്പിക്കുവാൻ ശിഷ്യന്മാർ ആവശ്യപ്പെട്ടപ്പോൾ, നിത്യപിതാവു നമ്മെ ശ്രവിക്കുന്നതിന് പര്യാപ്തമായതെല്ലാം, പിതാവിന്റെ ഹിതമെന്തെന്നു നല്ലവണ്ണം അറിയുന്ന പുത്രൻ അവരെ ഗ്രഹിപ്പിച്ചിരിക്കണം; എന്നാൽ യഥാർത്ഥത്തിൽ, “സ്വർഗ്ഗസ്ഥനായ പിതാവേ!' എന്നപ്രാർത്ഥനയിലെ ഏഴപേക്ഷകൾ മാത്രമേ അവിടുന്നു അവരെ പഠിപ്പിച്ചിട്ടുള്ളൂ. നമ്മുടെ ആത്മീയവും ശാരീരികവുമായ സകല അപേക്ഷകളും അതിലടങ്ങുന്നുണ്ട്. (മത്ത. 6:9-13; ലൂക്കാ. 11:1-4) വേറെ പ്രാർത്ഥനകളും ആചാരങ്ങളുമൊന്നും അവിടുന്നു പഠിപ്പിച്ചില്ല. സ്വർഗ്ഗീയപിതാവിനു നമ്മുടെ ആവശ്യങ്ങൾ വ്യക്തമായി അറിയാവുന്നതിനാൽ, പ്രാർത്ഥിക്കുമ്പോൾ അധികം സംസാരിക്കേണ്ടതില്ലെന്ന് മറ്റൊരവസരത്തിൽ (മത്താ. 6:7-8) കർത്താവ് അവരെ
ഉദ്ബോധിപ്പിച്ചിട്ടുണ്ട്. പ്രാർത്ഥനയിൽ, അതായത് "സ്വർഗ്ഗസ്ഥനായ പിതാവേ!' എന്നു ചൊല്ലുമ്പോൾ, നമുക്കു സ്ഥിരത വേണമെന്നുമാത്രം അവിടുന്ന് അത്യന്തം നിഷ്കർഷിച്ചിട്ടുണ്ട്. നാം സദാ പ്രാർത്ഥിക്കണമെന്നും ഒരിക്കലും
ക്ഷയിക്കരുതെന്നും അവിടുന്ന് അന്യത്ര (ലൂക്കാ. 18:1) നിർദ്ദേശിച്ചിട്ടുമുണ്ട്. ഈ ഏഴപേക്ഷകൾ നിരന്തരം ആവർത്തിക്കണമെന്നല്ലാതെ വേറെ നാനാതരം  അപേക്ഷകൾ അവിടുന്നു പഠിപ്പിച്ചിട്ടില്ല. എന്തുകൊണ്ടെന്നാൽ ദൈവേഷ്ടവും നമ്മുടെ സമസ്ത ആവശ്യങ്ങളും സംബന്ധിച്ചതെല്ലാം ഈ അപേക്ഷകളിൽ ഉൾപ്പെട്ടിട്ടുണ്ട്. തൻനിമിത്തം കർത്താവ് നിത്യപിതാവിനെ അഭിസംബോധന ചെയ്ത മൂന്നു പ്രാവശ്യവും, സുവിശേഷകന്മാർ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, ഒരേ അപേക്ഷതന്നെ ആവർത്തിക്കുകയാണുണ്ടായത്. ഈ പാനപാത്രം ഞാൻ കുടിക്കാതെ നീങ്ങിപ്പോവുക സാധ്യമല്ലെങ്കിൽ അങ്ങ തിരുമനസ്സു നിറവേറട്ടെ. (മത്താ. 26:39,42,44)

കർത്താവു നമ്മെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചപ്പോൾ രണ്ട് ആചാരവിധികൾ മാത്രമേ നിർണ്ണയിച്ചുള്ളു. പ്രാർത്ഥന ഒന്നുകിൽ നമ്മുടെ മുറിയുടെ രഹസ്യസങ്കേതത്തിലായിരിക്കണം; അവിടെയാണെങ്കിൽ നിശ്ശബ്ദമായും മറ്റാരെയും ഗൗനിക്കാതെയും ആത്മാർത്ഥവും നിർമ്മലവുമായ ഹൃദയത്തോടെ നമുക്കു പ്രാർത്ഥിക്കുവാൻ കഴിയും; അങ്ങനെയാണ് അവിടുന്നുപദേശിച്ചിരിക്കുന്നത്. നീ പ്രാർത്ഥിക്കാനുദ്യമിക്കുമ്പോൾ, രഹസ്യമുറിയിൽ പ്രവേശിച്ചു വാതിലടച്ചശേഷം പ്രാർത്ഥിക്കുക. (മത്താ. 6:6) അതല്ലെങ്കിൽ അവിടുന്നു ചെയ്തതുപോലെ, ഏകാന്തമായ വനാന്തരങ്ങളിലേയ്ക്കു പോവുക. കൂടുതൽ സ്വച്ഛന്ദവും സമുചിതവുമായ രാത്രിയിലാണെങ്കിൽ ഉത്തമമായിരിക്കും.

പ്രാർത്ഥനയ്ക്കായി നിശ്ചിത സമയമോ നിർദ്ദിഷ്ട ദിവസങ്ങളോ കുറിക്കുന്നതിൽ അത്ര കാര്യമൊന്നുമില്ല; പ്രത്യേക ഭക്‌തി കൃത്യങ്ങൾക്കായി പ്രത്യേക ദിവസങ്ങൾ നിർണ്ണയിക്കുന്നതും അങ്ങനെതന്നെ. അമിതമായ വാചകഭംഗി, ദ്വയാർത്ഥപ്രയോഗം, ശബ്ദലീല മുതലായവ പ്രാർത്ഥനയിൽ ഒഴിവാക്കുകയാണ് നന്ന്. തിരുസഭയുടെ പ്രാർത്ഥനകൾ, മുറപ്രകാരം സ്വീകരിച്ചാൽ മതിയാകും.ആത്യന്തികമായ ലഘൂകരണത്തിൽ അവയെല്ലാം, മേൽപ്പറഞ്ഞതുപോലെ,
“സ്വർഗ്ഗസ്ഥനായ പിതാവേ!' എന്നതിലെ അപേക്ഷകളിൽ ഒതുങ്ങും.

നവനാൾ, ഉപവാസം മുതലായ ഭക്തി കൃത്യങ്ങൾക്കായി പ്രത്യേക ദിവസങ്ങൾ ആചരിക്കുന്നതിനെ ഞാൻ നിരോധിക്കുകയല്ല, അംഗീകരിക്കുക തന്നെയാണ് ചെയ്യുന്നത്. എന്നാൽ ചില ഭക്താഭ്യാസങ്ങളെ അനുഗമിക്കുന്ന
ഏതാനും നിഷ്കൃഷ്ടമായ ആചാരവിധികളെ അപലപിക്കാതെ തരമില്ല. ദൈവകാരുണ്യത്തെ പ്രതീക്ഷിക്കുന്നതിനു ബത്തൂലിയാ നിവാസികൾ സമയക്ലിപ്തി നിർണ്ണയിച്ചതിനെ അധിക്ഷേപിച്ചു കൊണ്ടു യൂദിത്തു (8:11-13)
പറഞ്ഞ വാക്കുകൾ ഇവിടെ സ്മരണീയമാണ്. ദൈവത്തിൻറെ കരുണയ്ക്ക് നിങ്ങളാണോ സമയം കുറിക്കുന്നത്? അവിടുത്തെ ദാക്ഷിണ്യത്തിനു പ്രേരണ ചെലുത്താനല്ല, അവിടുത്തെ കോപത്തെ ഉജ്ജ്വലിപ്പിക്കുവാനായിരിക്കും അതുപകരിക്കുക.

 (വിശുദ്ധ യോഹന്നാൻ ക്രൂസ് ;മൗതിക വേദപാരംഗതൻ,  കൃതി - "കർമ്മലമലയേറ്റം പുസ്തകം 3 അദ്ധ്യായം 43,44")




Article URL:







Quick Links

പ്രാർത്ഥന - മനസ്സിന്റെ ആനന്ദവും (rejoice) ശക്തിയും (strength) ഭക്താചാരങ്ങളിലൂടെ ദൈവോന്മുഖമാക്കേണ്ട വിധം:

"വിശ്വാസത്തിന്റെ പിൻബലം അത്ഭുതങ്ങളെ അമിതമായി ആശ്രയിക്കുന്നവർക്കു നഷ്ടപ്പെടും. അത്ഭുതങ്ങളുടെ സാക്ഷ്യം പെരുകുമ്പോൾ  വിശ്വാസത്തിന്റെ യോഗ്യത നിലവാരം താഴും . തന്നിമിത്തം,വിശ്വാസം മനുഷ്യ ബുദ്ധിക്ക് അ... Continue reading


സുവിശേഷവേലയിൽ വ്യാപൃതരായിരിക്കുന്ന പ്രസംഗകർക്കും അവരുടെ ശ്രോതാക്കൾക്കും

*സുവിശേഷവേലയിൽ വ്യാപൃതരായിരിക്കുന്ന പ്രസംഗകർക്കും അവരുടെ ശ്രോതാക്കൾക്കും മൗതീക വേദപാരംഗതനായ (Mystical doctor) വി യോഹന്നാൻ ക്രൂസ് നൽകുന്ന ഉദ്‌ബോധനം*: *മനസ്സു വ്യർത്ഥമായി ആനന്ദം /തുഷ്ടി(rejoice ... Continue reading