Home | Articles | 

jintochittilappilly.in
Posted On: 03/09/20 16:58
ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ശ്രമം

 

ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ഫാ. സേവ്യർ കൂടപ്പുഴ നാലു മുഖ്യകാരണങ്ങൾ നിരത്തുന്നുണ്ട്:

(സഭാചരിത്ര പണ്ഡിതനായ ഫാ സേവ്യർ കൂടപുഴയുടെ "ഭാരതസഭാ ചരിത്രം"  എന്ന ഗ്രന്ഥത്തിലെ  - ഉദയംപേരൂർ സൂനഹദോസ്  എന്ന അധ്യായത്തെ ആസ്പദമാക്കിയാണ് ലേഖകൻ  ഇത് എഴുതുക)

1. സൂനഹദോസ് വിളിച്ചുകൂട്ടുന്നതിന് ആർച്ച്  ബിഷപ്പ് മെനേസിസിന് അധികാരമില്ലായിരുന്നു.

2. ഇപ്രകാരമൊരു സൂനഹദോസ് വിളിച്ചുകൂട്ടാൻ വ്യക്തമായ ഉദ്ദേശ്യമില്ലായിരുന്നു.

3. സൂനഹദോസ് നടത്തിയ രീതിയിൽ കാതലായ ക്രമക്കേടുകൾ ഉണ്ടായിരുന്നു.

4. കൗൺസിൽ നിശ്ചയങ്ങളിൽത്തന്നെ കാതലായ വ്യത്യാസമുണ്ട്.

വ്യക്തമായ രണ്ടു പേപ്പൽ തിരുവെഴുത്തുകളുടെ പിൻബലത്തിൽ, കേരള ക്രൈസ്തവ പാരമ്പര്യങ്ങളെ ആദരിച്ച്, ഉദയംപേരൂർ സൂനഹദോസ് എന്നറിയപ്പെടുന്ന വിശാലപള്ളിപ്രതിപുരുഷയോഗം വിളിച്ചുകൂട്ടിയ മെനേസിസ് മെത്രാപ്പോലീത്തയ്ക്ക് അതിന് അധികാരമില്ലായിരുന്നു എന്നു പറയുന്നത്, പാപ്പായുടെ അധികാരത്തെ ചോദ്യം ചെയ്യലാണ്. ഗ്രന്ഥകർത്താവ് നിരത്തുന്ന തലനാരിഴ ഏഴായി കീറിയ വാദഗതികൾ സങ്കീർണതകൊണ്ടു യാഥാർഥ്യം മറയ്ക്കാനുള്ള ശ്രമങ്ങളായാണു വായനക്കാരന് അനുഭവപ്പെടുന്നത്. മുമ്പു പറയപ്പെട്ടിട്ടുള്ള മറ്റു കാരണങ്ങളൊന്നും തന്നെ നൈയാമികതയെ ചോദ്യം ചെയ്യത്തക്കവിധത്തിൽ ഫാ. കൂടപ്പുഴ ഹാജരാക്കുന്നില്ല.

സൂനഹദോസിന് പരിശുദ്ധ സിംഹാസത്തിന്റെ അംഗീകാരം ലഭിച്ചില്ല എന്ന ഉപശീർഷകത്തിൽ ഫാ. കൂടപ്പുഴ ഇങ്ങനെ എഴുതുന്നു; “ക്ലീമീന്റ് എട്ടാമൻ പാപ്പായുടെ "ഡീവീനാം ദേയി' എന്ന തിരുവെഴുത്തും പരിശുദ്ധസിംഹാസനം സൂനഹദോസിനു നല്കിയ അംഗീകാരമായി ചിലർ കരുതുന്നുണ്ട്. എന്നാൽ ആ തിരുവെഴുത്തുവഴി സൂനഹദോസിനു പാപ്പാ ശ്ലൈഹികാശീർവാദം മാത്രമേ നല്കിയുള്ളൂവെന്നു വിശദമായി പ്രതിപാദിച്ചല്ലോ. മാത്രമല്ല, അന്നു രൂപതാസൂനഹദോസുകൾ പരിശുദ്ധ സിംഹാസനം അംഗീകരിക്കുന്ന പതിവുമില്ലായിരുന്നു. ഈ സൂനഹദോസ് അംഗീകരിച്ചു കിട്ടുന്നതിന് മെനേസിസ് പല ശ്രമങ്ങളും പിന്നീടു നടത്തുകയുണ്ടായെങ്കിലും, പ്രതികൂലസാഹചര്യങ്ങൾ മൂലം ആ ശ്രമം ഉപേക്ഷിച്ചു കളയുകയാണുണ്ടായത്.”

തിരുവെഴുത്തിനെക്കുറിച്ചുള്ള മുൻഖണ്ഡികയിലെ പരാമർശം തിരുവെഴുത്തിൽ നിന്നുള്ള ഒരു ഉദ്ധരണി പ്രസക്തമാക്കുന്നു. 1601 മെയ് 19-ന് ക്ലീമീന്റ് എട്ടാമൻ പുറപ്പെടുവിച്ച തിരുവെഴുത്തിൽ ഇങ്ങനെ പറയുന്നു:

".. ഇപ്രകാരം നിർലോപമായി നമുക്കയച്ചിട്ടുള്ള നിരവധി കത്തുകൾ വായിക്കുന്നതിലും നമ്മുടെ ആദരണീയനായസഹോദരൻ ഗോവാ ആർച്ചുബിഷപ് (മെനേസിസ്) തന്റെ ഭക്തിയാലും ദൈവമഹത്ത്വം, ആത്മാക്കളുടെ രക്ഷ എന്നിവയെ പ്രതിയുള്ള തീക്ഷണതയാലും പ്രേരിതനായി നാട്ടിലെ മാന്യ അല്മേനികളുടെ സാന്നിധ്യത്തിൽ നിങ്ങളുടെ വൈദികരുടെ നല്ല പങ്കാളിത്തമുള്ള ഒരു സൂനഹദോസ് വിളിച്ചുകൂട്ടിയെന്നറിയുന്നതിൽ നാം വലിയ സന്തോഷവും, കർത്താവിൽ വലിയ ആനന്ദവും കൊണ്ടു നിറയുന്നു. ആ സൂനഹദോസിൽ വച്ച് പരിശുദ്ധാത്മാവിന്റെ നിവേശനത്താലും, ശക്തമായ അഭിപ്രായ ഐക്യത്താലും പരിശുദ്ധ സിംഹാസനവും സാർവത്രിക സൂനഹദോസുകളും ഇതിനകം ചെയ്തിട്ടുള്ളതുപോലെ തന്നെ നിങ്ങൾ നെസ്തോറിയസിന്റെ പരമനീചമായ തെറ്റുകൾ ഉപേക്ഷിക്കുകയും ശപിക്കുകയും ചെയ്തു. ആത്മാക്കൾക്കു നാശം സംഭവിക്കാതിരിക്കാൻ പാഷണ്ഡരുടെ അബദ്ധസിദ്ധാന്തങ്ങളും മറ്റും ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ തീയിലെറിഞ്ഞു ദഹിപ്പിക്കപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്തു. എന്നാൽ പരമ പ്രാധാന്യമർഹിക്കുന്ന വസ്തുത, പ്രസ്തുത സൂനഹദോസിൽ വച്ച് റോമാ പാപ്പയെ വിശ്വാസികളുടെ പൊതുപിതാവും സഭ മുഴുവന്റെയും തലവനുമായി സ്വീകരിക്കുകയും പ്രഖ്യാപിക്കുകയും രാജാക്കന്മാരും പ്രഭുക്കന്മാരും സമസ്ത ക്രൈസ്തവരും ചെയ്തുവരുന്നതുപോലെ അദ്ദേഹത്തിന് യഥാർഥമായ അനുസരണം വാഗ്ദാനം ചെയ്യുകയും ചെയ്തു എന്നുള്ളതാണ്”.

കേരളക്രൈസ്തവർക്കുള്ള പാപ്പായുടെ ഈ കത്ത് ഒരു കാര്യം വ്യക്തമാക്കുന്നു - ഉദയംപേരൂർ സൂനഹദോസിന്റെ കാതലായ തീരുമാനങ്ങളെക്കുറിച്ചു പാപ്പായ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അവയിൽ സന്തുഷ്ടി പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം നല്കുന്ന ആശീർവാദം വാസ്തവത്തിൽ സൂനഹദോസ് തീരുമാനങ്ങൾക്കുള്ള അംഗീകാരം തന്നെയാണ്. ഇതു കണ്ടില്ലെന്നു നടിച്ച് “സൂനഹദോസിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം ലഭിച്ചില്ല” എന്ന് വെണ്ടയ്ക്കാ അക്ഷരത്തിൽ എഴുതിവയ്ക്കുന്നവരെപ്പറ്റി എന്തു പറയാനാണ്? സാങ്കേതികത്വത്തിൽ തൂങ്ങി വാദമുഖങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടർ ചരിത്രകാരന്മാരായി ഭാവിക്കുമ്പോൾ സമൂഹങ്ങൾക്കുണ്ടാകുന്ന ദുരന്തം അവർണനീയമാണ്.

രൂപതാസൂനഹദോസ് തീരുമാനങ്ങൾക്ക് പരിശുദ്ധസിംഹാസനം ഔപചാരികമായ അംഗീകാരം നല്കുന്ന പതിവ് അന്നില്ലായിരുന്നു എന്നു ഫാ. കൂടപ്പുഴ സമ്മതിക്കുന്നു. ആ സ്ഥിതിക്ക് സൂനഹദോസിന്റെ ഏതോ ന്യൂനതയെന്ന പ്രതീതി ജനിപ്പിക്കത്തക്കവിധത്തിൽ, അംഗീകാരം ലഭിച്ചില്ല എന്ന വലിയ തലക്കെട്ട് അദ്ദേഹം അവതരിപ്പിക്കുന്നത് തെറ്റായ ധാരണ പരത്താനുള്ള ബോധപൂർവകമായ ശ്രമമായി മാത്രമേ കാണാനാവൂ.

സൂനഹദോസ് വിളിച്ചുകൂട്ടാൻ മെനേസിസിന് അധികാരമില്ലായിരുന്നു എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽത്തന്നെ, പാപ്പായുടെ സൂചിത തിരുവെഴുത്ത്, മുൻകാലപ്രാബല്യത്തോടെ സൂനഹദോസിന്റെ നൈയാമികത അംഗീകരിക്കുകയാണു ചെയ്യുന്നത്. നിയമവിരുദ്ധമായ ഒരു നടപടിക്ക് പാപ്പാ തന്റെ ആശീർവാദം നൽകുകയില്ലല്ലോ. ഇതുൾക്കൊള്ളാതെ, സൂനഹദോസ് നിയമവിരുദ്ധമായിരുന്നു എന്നു ശഠിക്കുന്നവർ വാസ്തവത്തിൽ റോമിനെയാണു ധിക്കരിക്കുന്നത്.

വിലയിരുത്തൽ :

ഫാ. കൂടപ്പുഴയുടെ "ഭാരതസഭാ ചരിത്രത്തിൽ' 'ഉദയംപേരൂർ സൂനഹദോസ്' എന്ന ശീർഷകത്തിൽ അമ്പതുപേജുള്ള ഒരു അധ്യായമാണുള്ളത്. അതിൽ ആകെക്കൂടി അഞ്ചു പേജു മാത്രമാണ് സൂനഹദോസ് നടത്തിപ്പിനെക്കുറിച്ചും അതിന്റെ കാതലായ ഭാഗം കാനോനകളെക്കുറിച്ചും പരാമർശിക്കുന്നതിനു നീക്കിവച്ചിരിക്കുന്നത്. 120 അടിക്കുറിപ്പുകളുള്ള അധ്യായത്തിൽ കാനോനകളെ നേരിട്ടു സ്പർശിക്കുന്നവ ആറെണ്ണം മാത്രം! അധ്യായത്തിന്റെ സിംഹഭാഗവും സൂനഹദോസിനു നിയമസാ ധുതയില്ലായിരുന്നു (invalid) എന്നു സ്ഥാപിക്കാനുള്ള ശ്രമത്തിനാണ് വിനിയോഗിക്കപ്പെട്ടിരിക്കുന്നത്. സുപ്രധാന കാനോനകളെല്ലാം അദ്ദേഹം വിട്ടുകളഞ്ഞിരിക്കുകയാണ്.

കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും അവരുടെ മത ജീവിതത്തിന് അടുക്കും ചിട്ടയും നല്കുകയും ചെയ്തു എന്ന് എതിരാളികൾ പോലും സമ്മതിക്കുകയും ചെയ്യുന്ന സൂനഹദോസ് കാനോനകൾ പരാമർശിക്കാതെ, സൂനഹദോസിൻ്റെയെല്ലാം ഒരു ഒഴുക്കൻമട്ടിൽ പാരമ്പര്യം, ജാതിവ്യവസ്ഥ, വസ്ത്രധാരണം സംബന്ധിച്ചവ എന്നു വ്യവഹരിച്ച് കൂടുതൽ പരാമർശത്തിനവസരമുപയോഗിക്കാതെ തള്ളിക്കളയുന്ന പ്രതിപാദനരീതി ബഹു. അച്ചന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റിത്തന്നെ സംശ യമുണർത്തുന്നു. സാമൂഹിക പുരോഗതിയുടെ പാതയിൽ നാഴി കക്കല്ലുകളായിത്തീർന്ന ആ കാനോനകളുടെ കാര്യം തന്റെ പുസ്തകത്തിലൂടെ ആരും ഗ്രഹിക്കരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടെന്നു തോന്നുന്നു.

ചരിത്രമെഴുതിയ ഫാ. കൂടപ്പുഴ അദ്ദേഹത്തിന്റെ ആദരണീയതയ്ക്കുതന്നെയാണ് മങ്ങലേല്പിച്ചിരിക്കുന്നത്. ഗ്രന്ഥകർത്താവിൽ ഒരു ചരിത്രകാരനെ കണ്ടെത്താൻ ശ്രമിക്കുന്ന വായനക്കാരന് ചരിത്രഗ്രന്ഥ രചയിതാവിനെ മാത്രം കണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു.

കാനോനകൾ വിട്ടുകളഞ്ഞതിന്റെ പിന്നിലെ ചേതോവികാരം വളരെ വ്യക്തമാണ്. ആ കാനോനകളെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ അവയ്ക്ക് പശ്ചാത്തലമൊരുക്കിയ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും വിശ്വാസസ്ഖലിതങ്ങളെക്കുറിച്ചും പ്രതിപാദിക്കേണ്ടിവരും. പുസ്തകത്തിന്റെ മറ്റു താളുകളിൽ രൂപം കൊടുക്കുന്ന ഉദയംപേരൂർ വിരുദ്ധസമീപനങ്ങൾക്ക് അവ തിരിച്ചടിയാകും. ഉദാഹരണത്തിന്, നെസ്തോറിയൻ പുണ്യവാളന്മാരെ ഉപേക്ഷിക്കണമെന്ന രണ്ടാം യോഗം ഒൻപതാം കാനോനയെക്കുറിച്ചുള്ള ഏതുപരാമർശവും അതിനു കാരണമായ നെസ്തോറിയൻ ബന്ധത്തിലേക്കു വിരൽചൂണ്ടും. സുറിയാനിപ്പുസ്തകങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് ഇന്നയിന്ന കാരണങ്ങളാൽ അവ തിരുത്തണമെന്ന് അക്കമിട്ടു പറയുന്ന പതിമൂന്നും പതിന്നാലും കാനോനകളെ സ്പർശിക്കുന്നത് ആർച്ചു ബിഷപ് മെനേസിസിന് കൂടുതൽ ആദരണീയത നേടിക്കൊടുക്കുകയേതുള്ളൂ. ഇതായിരിക്കാം സുപ്രധാനങ്ങളായ ഈ കാനോനകളെക്കുറിച്ചു മൗനം ഭജിക്കാനുണ്ടായ പ്രേരണ.

പട്ടക്കാർ ആഭിചാരം ചെയ്യുന്നതു വിലക്കുന്ന അഞ്ചാം ദിവസത്തെ നാലാം കാനോനയിലേക്കു കടന്നാൽ, ക്ഷുദ്ര പ്രവർത്തികൾ തങ്ങളുടെ ജീവിതചര്യയുടെ ഭാഗമാക്കിയിരുന്ന വൈദികരെക്കുറിച്ചു വിശദീകരണം ആവശ്യമായിവരും. നമ സ്കാരങ്ങളും ദൈനംദിന പ്രാർഥനകളും ജനങ്ങൾക്കറിയാൻ പാടില്ലാത്ത സുറിയാനിയിലല്ല, മാതൃഭാഷയായ മലയാളത്തിലാണു പഠിക്കേണ്ടതെന്നു നിഷ്കർഷിച്ച ആറാം കൂടി വിചാരം പതിമൂന്നാം കാനോന ആർച്ചുബിഷപ് മെനേസിസിന് ഒരു ഭാഷാസ്നേഹിയുടെ പരിവേഷം നൽകുമെന്നതു കൊണ്ടായിരിക്കാം, അതും പരാമർശിക്കപ്പെടാതെ പോയത്. അവസാന ദിവസത്തെ ചർച്ചകളെക്കുറിച്ച് ബഹു. കൂടപ്പുഴ അച്ചൻ പറയുന്നതു ശ്രദ്ധേയമാണ്:

"................ പാരമ്പര്യം, വസ്ത്രധാരണം, ജാതിവ്യവസ്ഥ എന്നി വയായിരുന്നു എട്ടാം ദിവസത്തെ ചർച്ചാവിഷയങ്ങൾ. സാമൂഹിക ജീവിതം സംബന്ധിച്ച് 24 ഡിക്രികളാണ് തദവസരത്തിൽ പാസ്സാക്കപ്പെട്ടത്. ഉന്നതകുലജാതരായ അക്രൈസ്തവരുടെ സാമൂഹിക ആചാരങ്ങൾ നസ്രാണികളും അനുഷ്ഠിച്ചുപോന്നിരുന്നതു കൊണ്ട് അക്രൈസ്തവരായ നായന്മാർ, നമ്പൂതിരിമാർ എന്നിവരുടെയിടയിൽ അവർക്ക് സാമൂഹികമായി ഉന്നതസ്ഥാനമുണ്ടായിരുന്നു. എന്നാൽ മെനേസിസ് നിർമിച്ച നിയമങ്ങൾ അവരുടെ സാമൂഹികസാംസ്കാരിക നിലവാരം ഇടിക്കുന്നതിനു വഴിതെളിച്ചു. അതോടൊപ്പം പലതരത്തിലും സമൂഹത്തിലെ ചില ദുരാചാരങ്ങൾ മാറ്റുന്നതിന് ഇവ സഹായകമായി."

തനിക്കു ഹിതകരമല്ലാത്തതെല്ലാം മറച്ചു പിടിക്കുന്ന പ്രതിപാദനരീതി ബഹു. കൂടപ്പുഴ അച്ചൻ ഇവിടെയും തുടരുകയാണ്.

 അവസാനദിവസം പാസ്സാക്കിയ കാനോനകൾ ഏതെല്ലാമായിരുന്നു? പൊരുത്തവും പൊഴുതും ചോദിക്കരുത്, കൂടോത്രക്കാരെ സമീപിക്കരുത്, പാടിക്കുകയും തുള്ളിക്കുകയും കോഴി അറുത്തു ബലികൊടുക്കുകയും ചെയ്യരുത്, അന്യായപ്പലിശ വാങ്ങരുത്, കെട്ടാതെ ഒന്നിച്ചു കഴിയുന്നവരെ മഹറോൻ ചൊല്ലണം, അടിമകളുടെ കാര്യത്തിൽ ശ്രദ്ധവേണം, നസ്രാണികൾ സത്യപരീക്ഷകൾക്കു തയ്യാറാകരുത്, പെൺകുട്ടികൾക്ക് (പെൺമക്കൾക്ക്) പിന്തുടർച്ചാവകാശം നല്കണം, അയിത്തം ആചരിക്കരുത് എന്നെല്ലാം നിഷ്കർഷിക്കുന്ന പ്രഖ്യാപനങ്ങളാണ് അവസാന ദിവസം പാസ്സായത്.

 
തീർത്തും അക്രൈസ്തവമായിരുന്ന ആചാരങ്ങൾ പിഴു തെറിയപ്പെട്ടതിൽ ആഹ്ളാദിക്കുന്നതിനുപകരം, ഉന്നതകുലജാതരായ അക്രൈസ്തവരുമായുള്ള സഹവാസത്തിനു നേരിട്ട ഭംഗത്തിൽ ഇന്നും ഖിന്നരാകുന്നവർ, നൂറ്റാണ്ടുകൾ പിന്നിട്ട വിശ്വാസപാരമ്പര്യത്തെക്കുറിച്ചു വാചാലരാകുന്നതിൽ ഒരർഥവുമില്ല.

ആർച്ചുബിഷപ് മെനേസിസ് നടപ്പാക്കിയ നിയമങ്ങൾ ഇവിടത്തെ ക്രൈസ്തവരുടെ സാംസ്കാരികനിലവാരം ഇടിക്കുന്നതിനു വഴിതെളിച്ചു എന്ന പരാമർശം യുക്തിക്കു നിരക്കാത്തതാണ്. ഏതെല്ലാം നിയമങ്ങളാണ് അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ അത്തരമൊരുപതനത്തിൽ കൊണ്ടെത്തിച്ചതെന്നു വ്യക്ത മാക്കാനുള്ള ചുമതല ഗ്രന്ഥകർത്താവിനുണ്ട്.

“അതോടൊപ്പം സമൂഹത്തിലെ ചില ദുരാചാരങ്ങൾ മാറ്റുന്നതിനും ഇവ സഹായകമായി' എന്ന് പരാമർശിത ഖണ്ഡികയുടെ അവസാനഭാഗത്തു പറഞ്ഞുകൊണ്ട് സത്യത്തോടു നീതി പുലർത്താത്തതിനു പരിഹാരമായി എന്ന് ഫാ. കൂടപ്പുഴ സമാധാനിക്കുന്നുണ്ടാകണം. ദുരാചാരങ്ങൾ ഒന്നുപോലും സ്പർശിക്കാതെ വിഷയം കൈകാര്യംചെയ്ത തന്റെ രചനാ പാടവത്തെക്കുറിച്ച് അദ്ദേഹം ഊറ്റം കൊള്ളുന്നുമുണ്ടാവാം.

കടപ്പാട് :

("ഉദയംപേരൂർ സൂനഹദോസ് :ചരിത്രത്തിന്റെ  കാഴ്ച",  പേജ് 37, 38, 39, 40, 45 -48 ;  ഈ ലേഖനത്തിന്റെ author :ഷെവലിയർ. പ്രൊഫ. എബ്രഹാം അറയ്ക്കൽ )

Note : ഈ പുസ്തകം ഞാൻ വാങ്ങിയത് തൃശൂർ സീറോ മലബാർ അതിരൂപതയുടെ ബുക്ക്‌ സ്റ്റാളിൽ നിന്നുമാണ്, അത് കൊണ്ട് റീത്തു തർക്കമല്ല ഇവിടെ ലക്ഷ്യം വയ്ക്കുക...  മുൻവിധി കൂടാതെ യുക്തിഭദ്രമായി കേരള കത്തോലിക്കാ സഭയുടെ ചരിത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വെളിച്ചം നല്കുന്ന ഒരു ഗ്രന്ഥമാണെന്നേ സീറോ മലബാർ കത്തോലിക്ക വിശ്വാസിയായ  എനിക്ക് പറയാനുള്ളത്.




Article URL:







Quick Links

ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ശ്രമം

ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ഫാ. സേവ്യർ കൂടപ്പുഴ നാലു മുഖ്യകാരണങ്ങൾ നിരത്തുന്നുണ്ട്: (സഭാചരിത്ര പണ്ഡിതനായ ഫാ സേവ്യർ കൂടപുഴയുടെ "ഭാരതസഭാ ചരിത്രം"  എന്ന ഗ്രന്ഥത്തിലെ  - ഉദ... Continue reading


സാർവ്വത്രിക സൂനഹദോസുകളുടെ ഭാരതതുടർച്ച:ഉദയംപേരൂർ സൂനഹദോസ്

 1585 ൽ ഗോവ അതിരൂപതയുടെ സാമന്തരൂപയായി മാറിയ പുരാതന പൈതൃകം അവകാശപ്പെടുന്ന അങ്കമാലി രൂപതയിലെ ഉദയംപേരൂരിൽ 1599 ആണ്ടിൽ ജൂൺ 20 മുതൽ 26 വരെ നടന്ന ഒരു പ്രാദേശിക സൂനഹദോസാണ് ഉദയംപേരൂർ സൂനഹദോസ് എന്ന പേര... Continue reading


സെക്റ്റുകളും (Sects) പുതിയ മതപ്രസ്ഥാനങ്ങളും

മനുഷ്യരിന്നു വീണ്ടും ആധ്യാത്മികതയെ അന്വേഷിക്കുകയാണ്. മതത്തെ എന്നതിലേറെ വിവിധ രീതികളിലൂടെ അതിനെ അന്വേഷിക്കുകയാണ്. വിശുദ്ധ പൗലോസിന്റെ മഹത്തായ ചില വാദപ്രതിവാദങ്ങൾ നടന്ന അരയോ... Continue reading