Reference: പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനോനകൾ, CCEO
ആമുഖം:
അപ്പസ്തോലന്മാരുടെ പിൻഗാമികളെന്ന നിലയിൽ മാർപാപ്പയ്ക്കും, മാർപാപ്പ തലവനായുള്ള മെത്രാൻ സംഘത്തിനും സഭയെ നയിക്കുന്നതിനും പഠിപ്പിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനുമായി ക്രിസ്തുനാഥനിൽനിന്നും പരമാധികാരം ലഭിച്ചിരിക്കുന്നു എന്നതാണ് ഈ ശീർഷകത്തിലുള്ള കാനോനകളുടെ അടിസ്ഥാനം. സഭയിൽ പരമാധികാരം അപ്പസ്തോലസംഘത്തിന്റെ തലവനും ശിഷ്യന്മാരിൽ പ്രഥമസ്ഥാനീയനുമായിരുന്ന പത്രോസ് ശ്ലീഹായുടെ പിൻഗാമിയായ റോമാമാർപാപ്പയ്ക്കുള്ളതാണ്. റോമാമാർപാപ്പ റോമാസഭയുടെ അഥവാ ലത്തീൻസഭയുടെ പാത്രിയർക്കീസ് മാത്രമല്ല സാർവ്വത്രികസഭയുടെ തലവനും ഭരണാധികാരിയുമാണ്. അത്തരത്തിലുള്ള അധികാരത്തിന്റെ അർത്ഥവും വ്യാപ്തിയും അതിന്റെ വിനിയോഗരീതികളുമാണ് ഈ ശീർഷകത്തിലെ മുഖ്യപ്രതിപാദ്യവിഷയം. മെത്രാൻ സംഘം മാർപാപ്പയോടൊത്തു സാർവ്വതികസൂനഹദോസിലോ, അവരവരുടെ സ്ഥലങ്ങളിൽത്തന്നെ ആയിരുന്നുകൊണ്ടുപോലുമോ സംഘമായി സഭാ നന്മയ്ക്കായി പ്രവർത്തിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ഈ പരമാധികാരം വിനിയോഗിക്കപ്പെടുന്നു.
കാനോന 42 :
കർത്താവിന്റെ നിശ്ചയപ്രകാരം പത്രോസും മറ്റ് അപ്പസ്തോലന്മാരും ഒരു സംഘമായി സ്ഥാപിതമായതിനു തുല്യം പത്രോസിന്റെ പിൻഗാമിയായ റോമാമാർപാപ്പയും അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാന്മാരും പരസ്പ്പരം യോജിപ്പിക്കപ്പെട്ടിരിക്കുന്നു.
സഭയിലെ പരമോന്നതാധികാരം പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയിലും, മാർപാപ്പയോടുകൂടിയ മെത്രാന്മാരുടെ സംഘത്തിലും നിക്ഷിപ്തമായിരിക്കുന്നു. ക്രിസ്തുവിന്റെ നിശ്ചയപ്രകാരം പത്രോസും മറ്റ് അപ്പസ്തോലന്മാരും ഒരു സംഘമായിരിക്കുന്നതുപോലെ, പത്രോസിന്റെ പിൻഗാമിയായ റോമാ മെത്രാൻ അഥവാ മാർപാപ്പ അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാന്മാരോടുകൂടി ഒരു സംഘമായി പ്രവർത്തിക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തിരുസ്സഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ 22-ാം ഖണ്ഡിക (L.G. 22) യെ അടിസ്ഥാനമാക്കിയാണ് ഈ കാനോന രൂപപ്പെടുത്തിയിരിക്കുന്നത്.
റോമാ മാർപാപ്പ :
കാനോന 43 :
തന്റെ പിൻഗാമികൾക്ക് കൈമാറുന്നതിനായി അപ്പസ്തോലന്മാരിൽ പ്രഥമസ്ഥാനീയനായ പത്രോസിന് പ്രത്യേക വിധത്തിൽ കർത്താവ് നല്കിയ സ്ഥാനം (munus) കയ്യാളുന്ന റോമിലെ സഭയുടെ മെത്രാൻ, മെത്രാൻ സംഘത്തിന്റെ തലവനും ക്രിസ്തുവിന്റെ വികാരിയും സാർവ്വതിക സഭയുടെ ഭൗമിക ഇടയനുമാകുന്നു. അതിനാൽ അദ്ദേഹത്തിന്റെ ഔദ്യോഗികസ്ഥാനം കൊണ്ടുതന്നെ അദ്ദേഹത്തിന് പരമോന്നതവും പൂർണ്ണവും നേരിട്ടുള്ളതും സാർവ്വത്രികവുമായ ഉദ്യോഗസഹജ അധികാരം (ordinary power) സഭയിൽ ഉണ്ട്. ഈ അധികാരം അദ്ദേഹത്തിന് എല്ലായ്പ്പോഴും സ്വതന്ത്രമായി വിനിയോഗിക്കാവുന്നതാണ്.
മാർപാപ്പയുടെ അധികാരത്തിന്റെ സ്വഭാവവും വ്യാപ്തിയും ഈ കാനോന വ്യക്തമാക്കുന്നുണ്ട്.
“പരമോന്നത അധികാരം” എന്നതുകൊണ്ട് മാർപാപ്പയുടെ അധികാരത്തിനുപരിയായി സഭയിൽ മറ്റ് അധികാരങ്ങൾ ഒന്നുമില്ലെന്നും, “പൂർണ്ണ"മെന്നതുകൊണ്ട് അധികാരവിനിയോഗത്തിൽ പരിധികളില്ലെന്നും, “സാർവ്വത്രിക”മെന്നതുകൊണ്ട് സഭ മുഴുവനിലുമുള്ളതെന്നും, “നേരിട്ടുള്ളത്”
എന്നതുകൊണ്ട് മദ്ധ്യവർത്തികളുടെ സഹായമില്ലാതെ നേരിട്ട് വിനിയോഗിക്കാവുന്നതെന്നും, “ഉദ്യോഗസഹജ”മെന്നതുകൊണ്ട് ഔദ്യോഗികസ്ഥാനത്തോട് ചേർന്നതെന്നും അർത്ഥമാക്കുന്നു. ഇപ്രകാരമുള്ള അധികാര വിനിയോഗത്തിൽ അദ്ദേഹം പൂർണ്ണമായും സ്വതന്ത്രനാണെന്നും സഭാ പരമോ രാഷ്ട്രീയമോ ആയ നിയന്ത്രണങ്ങൾക്കു വിധേയനല്ലെന്നും ഈ കാനോന വ്യക്തമാക്കുന്നു.
പത്രോസിന്റെ പിൻഗാമി, മെത്രാൻ സംഘത്തിന്റെ അദ്ധ്യക്ഷൻ, ക്രിസ്തുവിന്റെ വികാരി, സാർവ്വത്രികസഭയുടെ ഭൂമിയിലെ ഇടയൻ എന്നീ നിലകളിൽ റോമിലെ മെത്രാനായ മാർപാപ്പയ്ക്ക് സഭയിൽ പൂർണ്ണവും പരമോന്നതവും നേരിട്ടുള്ളതും സാർവ്വത്രികവും ഉദ്യോഗസഹജവുമായ അധികാരമുണ്ട്. മെത്രാന് സ്വന്തം രൂപതയിലെ വിശ്വാസികളുടെമേൽ നേരിട്ട് അധികാരമുള്ളതുപോലെ മാർപാപ്പയ്ക്ക് എല്ലാ കത്തോലിക്കാ വിശ്വാസികളുടെയും മേൽ നേരിട്ട് അധികാരമുണ്ട്. മേൽപ്പറഞ്ഞ അധികാരങ്ങൾ മാർപാപ്പയോടൊപ്പം മെത്രാൻ സംഘത്തിലും നിക്ഷിപ്തമായിരിക്കുന്നു. ഈ അധികാരം പൂർണ്ണവും സാഘോഷവുമായ രീതിയിൽ മെത്രാൻ സംഘം പ്രായോഗികമാക്കുന്നത് സാർവ്വതികസൂനഹദോസുകളിലൂടെയാണ്.
കാനോന 44 :
$1. സഭയിൽ പരമോന്നതവും പൂർണ്ണവുമായ അധികാരം റോമാമാർപാപ്പയ്ക്ക് ലഭിക്കുന്നത് നിയമാനുസൃതമായി തിരഞ്ഞെടുപ്പ് അദ്ദേഹം അംഗീകരിക്കുന്നതുവഴിയും മെത്രാഭിഷേകസ്വീകരണം വഴിയുമാണ്. അതിനാൽ ഒരാൾ മുമ്പേ തന്നെ മെത്രാനാണെങ്കിൽ തിരഞ്ഞെടുപ്പ് അദ്ദേഹം അംഗീകരിക്കുന്ന നിമിഷം മുതൽ അദ്ദേഹത്തിന് ഈ അധികാരം ലഭിക്കുന്നതാണ്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി മെത്രാൻപദവി ഇല്ലാത്ത ആളാണെങ്കിൽ ഉടനെതന്നെ അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്യണം.
$2. റോമാമാർപാപ്പ തന്റെ ഔദ്യോഗികസ്ഥാനം (munus) രാജി വയ്ക്കുകയാണെങ്കിൽ അതിന്റെ സാധുതയ്ക്കായി അദ്ദേഹം അത് സ്വതന്ത്രമായി ചെയ്യുന്നതോടൊപ്പം ശരിയായി വെളിപ്പെടുത്തുകയും വേണം. എന്നാൽ, സാധുതയ്ക്കായി ആ രാജി ആരും സ്വീകരിക്കണമെന്നില്ല.
മാർപാപ്പയെ തിരഞ്ഞെടുക്കുവാനുള്ള അവകാശം കർദ്ദിനാൾസംഘത്തിനാണ്. എൺപതു വയസ്സിനുമേൽ പ്രായമാകാത്ത കർദ്ദിനാൾമാർക്ക് ഈ തിരഞ്ഞെടുപ്പിൽ സംബന്ധിക്കാം, മാർപാപ്പ സാർവ്വത്രികസഭയുടെ തലവനാണെങ്കിലും തിരഞ്ഞെടുപ്പിൽ എല്ലാ സഭകളിലുമുള്ള പ്രതിനിധികൾ സംബന്ധിക്കുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട ആൾ തിരഞ്ഞെടുപ്പ് സ്വീകരിച്ച്
അംഗീകരിക്കുന്നതോടുകൂടിത്തന്നെ അദ്ദേഹം സാർവ്വത്രികസഭയുടെ തലവനാകുന്നു. ആ പദവിക്കനുസൃതമായിട്ടുള്ള സർവ്വ അധികാരാവകാശങ്ങളും ഇതോടൊപ്പം ലഭിക്കുകയും ചെയ്യുന്നു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ആൾ മെത്രാഭിഷേകം ലഭിക്കാത്ത ആളാണെങ്കിൽ മെത്രാഭിഷേകത്തോടെ മുകളിൽപ്പറഞ്ഞ അധികാരാവകാശങ്ങൾ ലഭിക്കുന്നു.
ഏതെങ്കിലും കാരണവശാൽ മാർപാപ്പ രാജിവയ്ക്കുകയാണെങ്കിൽ രാജി ആരുടെയും പക്കൽ സമർപ്പിക്കേണ്ട ആവശ്യമില്ല. എന്നാൽ വ്യക്തമായി വെളിപ്പെടുത്തിയിരിക്കണം. ഇപ്രകാരം മാർപാപ്പ രാജിവച്ച ഒരു സംഭവം മാത്രമേ ചരിത്രത്തിൽ കാണുന്നുള്ളൂ. (സന്ദർഭം - ഈ പൗരസ്ത്യ കാനോന വി.ജോൺ പോൾ രണ്ടാമൻ 1990 ഒക്ടോബർ 18 നാണ് ഔദ്യോഗികമായി വിളംബരം ചെയ്തത് )
സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പ താൻ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം 5 മാസം കഴിഞ്ഞപ്പോൾ 1294-ൽ രാജിവച്ച് സ്ഥാനം ഒഴിയുകയുണ്ടായി.
കാനോന 45 :
$1. തന്റെ ഔദ്യോഗിക പദവിയാൽ റോമാമാർപാപ്പയ്ക്ക് സാർവ്വതികസഭയുടെമേൽ മാത്രമല്ല അധികാരം ഉള്ളത്, പ്രത്യുത എല്ലാ രൂപതകളുടെയും രൂപതാസമൂഹങ്ങളുടെയും മേലുള്ള ഉദ്യോഗസഹജാധികാരത്തിൽ പ്രഥമസ്ഥാനവും ഉണ്ട്. തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന രൂപതകളുടെമേൽ മെത്രാന്മാർക്കുള്ള തനതും നിയോഗിതവും നേരിട്ടുള്ളതുമായ അധികാരം ഇതുവഴിയായി ശക്തിപ്പെടുത്തപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
$2. സാർവ്വത്രികസഭയുടെ പരമോന്നത ഇടയൻ എന്ന നിലയിലുള്ള തന്റെ ഔദ്യോഗികപദവിയുടെ നിർവ്വഹണത്തിൽ റോമാമാർപാപ്പ എല്ലായ്പ്പോഴും മറ്റു മെത്രാന്മാരുമായും സാർവ്വത്രികസഭയുമായും കൂട്ടായ്മയിൽ ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും സാർവ്വത്രികസഭയുടെ ആവശ്യമനുസരിച്ച് ഏതു രീതിയിൽ വ്യക്തിപരമായോ സംഘാത്മകമായോ - തന്റെ ഔദ്യോഗികപദവി വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്.
$3. റോമാമാർപാപ്പയുടെ വിധിക്കോ കല്പ്പനയ്ക്കോ എതിരായി അപ്പീലോ അപേക്ഷയോ (appeal or recourse) നിലനിൽക്കില്ല.
മാർപാപ്പ കത്തോലിക്കാസഭയുടെ പരമാധികാരി ആയതിനാൽ അദ്ദേഹം മറ്റൊരു സഭാധികാരിക്കോ ഭൗതിക അധികാരിക്കോ അധീനനല്ല. ഈ പരമാധികാരം അദ്ദേഹത്തിന്റെ സ്ഥാനത്തോട് ചേർന്നിരിക്കുന്നതായതിനാൽ അദ്ദേഹത്തിന് സാർവ്വത്രികസഭയുടെമേലും അതുപോലെ തന്നെ എല്ലാ സ്വയാധികാരസഭകളുടെയും രൂപതകളുടെയും സന്ന്യാസ സമൂഹങ്ങളുടെയും വ്യക്തികളുടെയും മേൽ അധികാരമുണ്ട്. അതിനാൽ ആവശ്യമെന്നു തോന്നുന്ന അവസരങ്ങളിൽ സഭാജീവിതത്തിന്റെ ഏത് തലത്തിലും ഇടപെടുവാനുള്ള അധികാരം മാർപാപ്പയ്ക്കുണ്ട്. തിരുസ്സഭയെക്കുറിച്ചുള്ള പ്രമാണരേഖയുടെ 23 -ാം ഖണ്ഡികയിൽ പറയുന്നതുപോലെ മാർപാപ്പ സഭകളുടെയും മെത്രാന്മാരുടെയും കൂട്ടായ്മയുടെ ഉറവിടവും ദൃശ്യമായ അടയാളവുമാണ്. ഇതനുസരിച്ച് മാർപാപ്പയുടെ പ്രഥമവും പ്രധാനവുമായ ധർമ്മം, മെത്രാന്മാരുടെ കൂട്ടായ്മ നിലനിർത്തിക്കൊണ്ട് സഭയെ ഒരു കൂട്ടായ്മയായി നയിക്കുകയെന്നുള്ളതാണ്.
മാർപാപ്പയോടൊപ്പം മെത്രാൻ സംഘത്തിനും ഈ പരമാധികാരം ഉണ്ടെങ്കിലും എപ്രകാരമാണ് ഈ അധികാരം വിനിയോഗിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് മാർപാപ്പ മാത്രമാണ്. മെത്രാൻസംഘത്തിന്റെ തലവനെന്ന നിലയിൽ വ്യക്തിപരമായിട്ടോ (personally) മെത്രാൻ സംഘത്തോടു ചേർന്നോ (collegially) ഈ അധികാരം വിനിയോഗിക്കാം.
ദൈവമല്ലാതെ, മാർപാപ്പയ്ക്കു മുകളിൽ മറ്റൊരു അധികാരി ഇല്ലാത്തതിനാൽ മാർപാപ്പയുടെ തീരുമാനങ്ങൾക്കെതിരായി അപ്പീൽ കൊടുക്കുവാൻ ആർക്കും സാധിക്കുകയില്ല. മാർപാപ്പയെ വിധിക്കുവാൻ മറ്റൊരു അധികാരിക്കും കഴിയില്ല.
കാനോന 46 :
$1. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ റോമാമാർപാപ്പയെ മറ്റു മെത്രാന്മാർ പല വിധത്തിൽ സഹായിക്കുന്നു. മെത്രാന്മാരുടെ സിനഡ് ഇവയിൽ ഒന്നാണ്. കൂടാതെ, കർദ്ദി നാൾമാരും റോമൻകൂരിയായും പാപ്പാസ്ഥാനപതിമാരും മറ്റു വ്യക്തികളും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് വിവിധ സ്ഥാപനങ്ങ (institutes)ളും മാർപാപ്പയെ ഇക്കാര്യത്തിൽ സഹായിക്കുന്നു. ഈ വ്യക്തികളും സ്ഥാപനങ്ങളും റോമാ മാർപാപ്പയാൽത്തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന നിയമമാനദണ്ഡം അനുസരിച്ച് മാർപാപ്പയുടെ പേരിലും അദ്ദേഹത്തിന്റെ അധികാരത്താലും, തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കർത്തവ്യം എല്ലാ സഭകളുടെയും നന്മയ്ക്കായി നിർവ്വഹിക്കുന്നു.
$2. പാത്രിയർക്കീസുമാർക്കും സ്വയാധികാരസഭകളുടെ അദ്ധ്യക്ഷന്മാരായ മറ്റു മേലദ്ധ്യക്ഷന്മാർക്കും മെത്രാൻ സിനഡിലുള്ള ഭാഗഭാഗിത്വം നിശ്ചയിക്കുന്നത് റോമാമാർപാപ്പ തന്നെ തീരുമാനിക്കുന്ന പ്രത്യേക നടപടിക്രമം അനുസരിച്ചാണ്.
ചില പ്രത്യേകവ്യക്തികളും സമിതികളും പ്രത്യേകമായ വിധത്തിൽ മാർപാപ്പയെ സഹായിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നവയാണ്.
1.മെത്രാന്മാരുടെ സിനഡ്.
സഭയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ആലോചിക്കുവാനായി നിശ്ചിതസമയങ്ങളിൽ റോമിൽ മെത്രാന്മാരുടെ സിനഡ് സമ്മേളിക്കുന്നു. എല്ലാ സ്വയാധികാരസഭകളുടെയും തലവന്മാരും, മെത്രാന്മാരുടെ പ്രതിനിധികളും ഈ സിനഡിൽ അംഗങ്ങളാണ്. മൂന്നു തരത്തിലുള്ള സിനഡുകളുണ്ട്: സാധാരണ സിനഡ്, അസാധാരണ സിനഡ്, പ്രത്യേക സിനഡ്. (1996-ൽ റോമിൽ നടന്ന സീറോ-മലബാർ സിനഡും 1998-ൽ നടന്ന ഏഷ്യൻ സിനഡും പ്രത്യേക സിനഡിൽപ്പെട്ടതാണ്).
2. കർദ്ദിനാൾ സംഘം
മൂന്നു ഗണത്തിലുള്ള കർദ്ദിനാൾമാരുണ്ട്: മെത്രാൻഗണത്തിൽപ്പെട്ടവർ, വൈദികഗണത്തിൽപ്പെട്ടവർ, ഡീക്കൻഗണത്തിൽപ്പെട്ടവർ. റോമൻ കൂരിയായിലെ (roman curia) പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നത് കർദ്ദിനാൾമാരാണ്. കർദ്ദിനാൾസംഘത്തിൽ അംഗങ്ങളായിട്ടു കൂടുതൽ പേരുണ്ടെങ്കിലും 80 വയസ്സിൽ കുറഞ്ഞ പ്രായമുള്ളവർ 120 പേർ എന്ന് നിജപ്പെടുത്തിയിരിക്കുന്നു.
3. റോമൻ കാര്യാലയം (റോമൻകൂരിയ)
സാർവ്വത്രികസഭയുടെ ഭരണത്തിൽ മാർപാപ്പയെ ഏറ്റവുമധികം സഹായിക്കുന്ന ഘടകമാണ് റോമൻ കാര്യാലയം. റോമൻ കാര്യാലയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിയമങ്ങൾ 1988-ൽ പ്രസിദ്ധീകരിച്ച 'പാസ്ത്തോർ ബോനൂസ്' എന്ന അപ്പസ്തോലിക പ്രമാണരേഖയിൽ വിശദമാക്കിയിട്ടുണ്ട്.
4.വത്തിക്കാൻ സ്ഥാനപതികളും പ്രതിനിധികളും
വത്തിക്കാൻ രാഷ്ട്രത്തെയും രാഷ്ട്രത്തലവനായ മാർപാപ്പയെയും പ്രതിനിധാനം ചെയ്യുന്ന സ്ഥാനപതികളെ (Nuncios) വിവിധ രാഷ്ട്രങ്ങളിലേക്ക് മാർപാപ്പ നിയമിക്കുന്നു. കൂടാതെ, പ്രത്യേക ദൗത്യവുമായി ചില സഭകളിലേക്കും രാഷ്ട്രങ്ങളിലേക്കും സമിതികളിലേക്കും മാർപാപ്പ പ്രതിനിധികളെ അയയ്ക്കാറുണ്ട്. അവരെ "പേപ്പൽ ഡെലഗേറ്റ്സ്' എന്നു വിളി ക്കുന്നു.
കാനോന 47 : റോമാ സിംഹാസനം ഒഴിവായിരിക്കുകയോ പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയോ ചെയ്യുന്ന സമയത്ത് സാർവ്വത്രികസഭയുടെ ഭരണകാര്യത്തിൽ പുതുതായി ഒന്നും നടപ്പാക്കാൻ പാടില്ല; ഈ സാഹചര്യങ്ങൾക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ള പ്രത്യേക നിയമങ്ങൾ പാലിക്കുകയും വേണം.
കാനോന 48 : നിയമത്തിൽ മറിച്ച് നിർദ്ദേശിക്കപ്പെടുകയോ സംഗതിയുടെ സ്വഭാവം മറിച്ച് സ്ഥാപിക്കുകയോ ചെയ്യുന്നില്ലെങ്കിൽ, ഈ നിയമസംഹിതയിൽ “അപ്പസ്തോലിക സിംഹാസനം”, “പരിശുദ്ധ സിംഹാസനം” എന്നീ പേരുകൾ ദ്യോതിപ്പിക്കുന്നത് റോമാമാർപാപ്പയെ മാത്രമല്ല, റോമൻ കൂരിയായുടെ ഉപകാര്യലയങ്ങളെയും (dicasteries)മറ്റു സ്ഥാപനങ്ങളെയും കൂടിയാണ്.
സമാധാനം നമ്മോടുകൂടെ !