Home | Articles | 

jintochittilappilly.in
Posted On: 09/09/20 19:58
ബൃഹദാരണ്യക ഉപനിഷത്തും മിശിഹാദർശനവും

 


അസതോ മാ സദ്ഗമയ:
തമസോ മാ ജ്യോതിർ ഗമയ:
മൃത്യോർ മാ അമൃതം ഗമയ:

അസത്തയിൽനിന്ന് എന്നെ സത്തയിലേക്കു നയിക്കുക ( from the unreal lead me to the real), അന്ധകാരത്തിൽ നിന്ന് എന്നെ പ്രകാശത്തിലേക്കു നയിക്കുക, മൃത്യുവിൽനിന്ന് എന്നെ അമൃതത്തിലേക്കു നയിക്കുക.

ഇത് ബൃഹദാരണ്യക ഉപനിഷത്ത്, ഒന്നാം അദ്ധ്യായം, മൂന്നാം ബ്രഹ്മണം, 28-ാം അക്കത്തിൽ നിന്നാണ്. അഭ്യസ്തവിദ്യർപോലും 'സത്' മലയാളത്തിലേ 'സത്യം' ആണെന്നു കരുതി അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് എന്ന അർത്ഥത്തിലാണ് മനസ്സിലാക്കുക. എന്നാൽ, 'സത്', 'സത്ത' എന്നത് 'യാഥാർത്ഥ്യം', ഉള്ളായ്മ  (being) എന്നാണ് അർത്ഥമാക്കുന്നത്. (സീറോ മലബാർ) കുർബാനയിൽ മൂന്നാം പ്രണാമജപത്തിൽ മിശിഹായെക്കുറിച്ച് "അങ്ങയുടെ സത്തയുടെ പ്രതിച്ഛായയുമായ" (the image of your being) എന്നാണ് തർജ്ജമ.

പ്രസിദ്ധ തത്ത്വശാസ്ത്രജ്ഞനായ എസ്. രാധാകൃഷ്ണൻ ഈ പദം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്, "Lead me from the unreal to the real" എന്നാണ് (See, S. Radhakrishnan, The principal Upanishads, London, 2nd imp. p. 163).

ബൃഹദാരണ്യക ഉപനിഷത്തിന്റെ ഈ 28-ാം അക്കം മുകളിൽ ഉദ്ധരിച്ചിട്ടുള്ള മന്ത്രത്തെ വിശദീകരിക്കുന്നുണ്ട്. അത് വിവക്ഷിക്കുന്ന ആശയം ശരിയായി ഗ്രഹിക്കുവാൻ മലയാള വിവർത്തനം താഴെച്ചേർക്കുന്നു:

"അനന്തരം പവമാനന്മാരുടെ അഭ്യാശാഹത്തെപ്പറ്റി പറയുന്നു. ഈ പ്രസ്തോതാവ് തീർച്ചയായും സാമത്തിന്റെ പ്രസ്താവം ചെയ്യുന്നു. ഇതാരംഭിക്കുമ്പോൾ ഈ മന്ത്രങ്ങൾ ജപിക്കണം". "അസതോമാ സദ്ഗമയ, തമസോമാ ജ്യോതിർഗമയ, മൃത്യോമാ അമൃതംഗമയ" എന്നെ അസത്തയിൽ നിന്നും സത്തയിലേക്ക് നയിക്കുക എന്നു പറയുമ്പോൾ ഇവിടെ മൃത്യു തന്നെയാണ് അസത്ത്, അമൃതം സത്തും. അതുകൊണ്ടാണ് എന്നെ മൃത്യുവിൽനിന്ന് അമൃതത്തിലേക്ക് കൊണ്ടുപോകുക, എന്നെ അമരനാക്കുക; എന്നെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുപോവുക എന്നു പറയുമ്പോൾ ഇവിടെ മൃത്യു തന്നെയാണ് അന്ധകാരം, അമൃതം ജ്യോതിസ്സാണ്, അതായത് മൃത്യുവിൽ നിന്നും അമൃതത്തിലേയ്ക്ക് കൊണ്ടു പോവുക - അതായത് എന്നെ അമരനാക്കിത്തീർക്കുക. എന്നെ മൃത്യുവിൽനിന്നും അമൃതത്തിലേയ്ക്ക് നയിക്കുക. എന്നതിൽ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. മറ്റു സ്തുതികളിൽ തനിക്കുവേണ്ടി ആ ഗാനം ചെയ്യണം. പിന്നെ യജമാനൻ വരം ചോദിക്കണം. അതാവശ്യപ്പെടാം.... (മലയാള തർജ്ജമ, ഡി. ശ്രീമാൻ നമ്പൂതിരി, ഉപനിഷത് സർവ്വസ്വം, തൃശ്ശിവപേരൂർ, 2001, . 187.)

ഏതെങ്കിലും ഉദിഷ്ടഫലം (വരം) നിർവഹിക്കുന്ന യാഗത്തിനിടയിൽ ബ്രാഹ്മണപുരോഹിതന്മാർ ആവർത്തിച്ചു ജപിക്കുന്ന മന്ത്രമാണിത്. യജുർവേദത്തിലെ മൂന്നു പാദങ്ങളാണിവ. യാഗം നിർവഹിക്കുന്നയാൾ തനിക്കുവേണ്ടി തന്നെയോ യജമാനനുവേണ്ടിയോ വരം ചോദിക്കാം, ഒരു ദേവത്വം അഥവാ ദേവനെ (സൂര്യ, വരുണ, സോമ,അഗ്നി മുതലായവ) പൂജിച്ചുകൊണ്ടാണു യാഗം നടത്തുക. ഏതൊരു ദേവനെയാണോ പൂജിക്കുന്നത് യാഗം നടത്തുന്ന ആൾ അഥവാ യജമാനൻ ആ ദേവത്വം പ്രാപിക്കുമെന്നാണ് വിശ്വാസം. ഉദ്ധരിച്ച 1-3-28-ാം അക്കത്തിന്റെ തർജ്ജമയ്ക്ക് രാധാകൃഷ്ണൻ ഈ അടിക്കുറിപ്പു കൊടുക്കുന്നു . "It is so called because the performer reaches the divinity he worships" (S. Radhakrishnan, The principal Upanishads, p. 163). ബ്രഹ്മമാണ് ഏകയാഥാർത്ഥ്യം എന്നും മറ്റെല്ലാം താല്ക്കാലിക പ്രതിഭാസങ്ങളാണെന്നും, ഓരോ മരണത്തെയും തുടർന്ന് അസംഖ്യം പുനർജന്മങ്ങൾ സംഭവിക്കുന്നുവെന്നും ഉള്ള ഹൈന്ദവസിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ ഉപനിഷത്തുകളിലെ ജപങ്ങളും മന്ത്രങ്ങളും വിവക്ഷിക്കേണ്ടിയിരിക്കുന്നു.

 *വഴിയും സത്യവും ജീവനുമായ ഈശോ  മിശിഹാ*

മനുഷ്യൻ മരണത്തിന്റെ നിഴലിൽ, ഭാവി എന്താണെന്നറിയാതെ അന്ധകാരത്തിൽ കഴിയുന്നു. മരണം വിഴുങ്ങാതെ ക്ലേശരഹിതമായി എന്നും ജീവിക്കണമെന്നാണ് മനുഷ്യന്റെ അഭിവാഞ്ഛ. “വഴിയും സത്യവും ജീവനും ഞാനാണ്'' എന്ന് മിശിഹായുടെ വാക്കുകളിൽ ഒരുവിധത്തിൽ മുൻ ഉദ്ധരിച്ച ഉപനിഷത്തിലെ രോദനം പ്രതിധ്വനിക്കുന്നുണ്ട്.

സമയത്തിന്റെ പൂർണ്ണതയിൽ മനുഷ്യരാശിയുടെ മുക്തി ദാതാവും പ്രകാശവുമായി മിശിഹാ മനുഷ്യപ്രകൃതി സ്വീകരിച്ച് അവതീർണ്ണനായി (ഗലാ 4:4). അന്നുവരെ ലോകം ഗ്രഹിച്ചിട്ടില്ലാതിരുന്ന ദൈവികരഹസ്യങ്ങൾ, ഒരു മതവും പ്രകടിപ്പിച്ചിട്ടില്ലാത്ത് മൗലികസത്യങ്ങൾ അവിടുന്നു വെളിപ്പെടുത്തി. സകല വസ്തുക്കളുടേയും സ്രഷ്ടാവായ ഏകദൈവം, പിതാവും പുത്രനും പരി ശുദ്ധാത്മാവുമാകുന്ന ത്രിത്വമാണെന്ന് മിശിഹാ അറിയിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്ക്ക് വരുന്നില്ല” (യോഹ 14:6).

മിശിഹായുടെ ഈ പ്രഖ്യാപനം വെറും ആലങ്കാരികഭാഷ യായിരുന്നില്ല. അവിടുന്ന് അതാവർത്തിച്ചു: “ ഈശോ വീണ്ടും അവരോടു പറഞ്ഞു: ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും” (യോഹ 8:12).

“സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്നിൽ വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്. ഞാൻ ജീവന്റെ അപ്പമാണ്” (യോഹ 6: 47-48), പുനർജന്മത്തിൽ നിന്നുള്ള മുക്തിയല്ല, മരണാനന്തരം നിത്യജീവനാണു മിശിഹാ വാഗ്ദാനം ചെയ്തത്. നീതിമാന്റെ മരണം സ്വർഗ്ഗത്തിലേയ്ക്കുള്ള കവാടമാണ്. ഭൂമിയിൽ മനുഷ്യജീവിതത്തിന്റെ അർത്ഥം അവിടുന്നു വ്യക്തമാക്കി. ദൈവേഷ്ടം നിർവ്വഹിച്ചുകൊണ്ട്, ദൈവത്തിന്റെ കല്പനകൾ പാലിച്ചുകൊണ്ട് ജീവിക്കുന്നവൻ ആ സൗഭാഗ്യം കരസ്ഥമാക്കും. മനുഷ്യാത്മാവിന്റെ  വ്യക്തിത്വം നഷ്ടമാകാതെ, ദൈവത്തിൽ ആനന്ദം അനുഭവിച്ചു കൊണ്ടുള്ള ഒരു നിത്യജീവൻ. വേദങ്ങളും ഉപനിഷത്തുകളും വിഭാവനം ചെയ്യുന്ന യാഥാർത്ഥ്യങ്ങളിൽ നിന്ന് തികച്ചും ഭിന്നമാണ് മിശിഹായുടെ പ്രബോധനം.

*പരിശുദ്ധ സിംഹാസനം പ്രസ്താവിത ഉപനിഷത്തിനെപ്പറ്റി*

റോമിലെ പൗരസ്ത്യകാര്യാലയം (Congregation for the Oriental Churches) 1980-ൽ സീറോമലബാർ സഭയിലെ ദൈവാരാധനാ നവീകരണത്തെ അവലോകനം ചെയ്തു കൊണ്ട് ദീർഘമായ ഒരു രേഖ സഭയിലെ മെത്രാന്മാർക്ക് അയച്ചുകൊടുക്കുകയുണ്ടായി. അതിൽ ഇൻഡ്യൻ കുർബാനയേയും (Indian Mass) ധർമ്മാരാം കോളേജിലെ സി.എം.ഐ. വൈദികർ രചിച്ച ഇൻഡ്യൻ കുർബാനയേയും (Indianized Mass) കത്തോലിക്കാ വിശ്വാസത്തിന്റെ വെളി ച്ചത്തിൽ വിലയിരുത്തുന്നുണ്ട്. മുൻ പ്രസ്താവിച്ച ഉപനിഷത്തിനെപ്പറ്റി  (ബൃഹദാരണ്യക ഉപനിഷത്ത് 1.3, 28) അതിൽ പ്രസ്താവിക്കുന്ന ഭാഗത്തിന്റെ ഏകദേശമായ ഒരു മലയാള വിവർത്തനം താഴെ കൊടുക്കുന്നു.

ഈ പ്രാർത്ഥന - അതിൽ തന്നെ മനോഹരമായത് - ബൃഹദാരണ്യക ഉപനിഷത്തിൽ നിന്ന് (1.3, 28) എടുത്തിട്ടുള്ളതാണ്, കോളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽ 1:12-മുതലുളള വാക്യങ്ങളെ അതു പ്രതിധ്വനിക്കുന്നു. കൊളോസോസുകാർക്കുള്ള  ലേഖനത്തിലെ ഈ വാക്യങ്ങളിൽ, ദൈവം നമ്മെ എപ്രകാരം അന്ധകാരശക്തിയിൽനിന്നു മോചിപ്പിച്ചു എന്ന് അനുസ്മരിക്കുന്നു. എന്നാൽ ഇവിടെയാകട്ടെ (ഉപനിഷത്തിൽ) നമ്മെ അന്ധകാരത്തിൽ നിന്നു നയിക്കുക എന്നാണ് അപേക്ഷിക്കുന്നത്. വാസ്ത വത്തിൽ ദൈവം നമ്മെ അസത്തയിൽ നിന്നും, അന്ധകാരത്തിൽ നിന്നും മൃത്യുവിൽ നിന്നും മോചിപ്പിച്ചു കഴിഞ്ഞു. മിശിഹായെ സ്വായത്തമാക്കുന്നതു വഴി നാം പുതിയ സൃഷ്ടിയുടെ ഉന്നതമായ യാഥാർത്ഥ്യത്തിലാണ്. നമുക്കു നിത്യജീവൻ ലഭിച്ചു, നാം പ്രകാശത്തിന്റെ മക്കളായിത്തീർന്നു. അതിനാൽ കുർബാനയുടെ പ്രാർത്ഥന നമ്മുടെ വിശ്വാസത്തിന് അനുസൃതമാകേണ്ടതിന്, ദൈവം നമുക്കുവേണ്ടി നിർവഹിച്ച ഈ മഹനീയകൃത്യങ്ങളെ പ്രകടിപ്പിക്കണം, ഇവയൊന്നും സംഭവിച്ചിട്ടില്ല എന്നപോലെ രചിക്കുകയല്ല ചെയ്യേണ്ടത്.

ഇതിനും പുറമേ, സകലർക്കും അറിവുള്ളതുപോലെ, ഈ പ്രാർത്ഥനയ്ക്ക് ആധാരമായ ഉപനിഷത്തിന്റെ പശ്ചാത്തലത്തിൽ, അസത്തെയും അന്ധകാരവും മൃത്യുവും കേവലം പ്രതിഭാസങ്ങളായി നിലകൊള്ളുന്നു, പുനർജന്മവൃത്തത്തിൽ കഴിയുന്നിടത്തോളം കാലം നാം ഇതിൽ മുഴുകിയിരിക്കുന്നു. ഈ മായാലോകത്തിൽ നിന്ന് നമുക്കു മോചനം ലഭിക്കുന്നത് നമ്മുടെ വ്യക്തിത്വവും ബ്രഹ്മവും ഒന്നുതന്നെ എന്ന ജ്ഞാനം വഴിമാത്രമാണ്.

ഇതിലെല്ലാം ഉദിക്കുന്ന ഒരു പ്രധാന പ്രശ്നം ശ്രദ്ധിക്കേണ്ടതുണ്ട്. ക്രൈസ്തവവിശ്വാസികൾ ആരോടാണ് പ്രാർത്ഥിക്കേണ്ടത്? ആരെയാണ് പ്രണമിക്കേണ്ടത്? പണ്ടു കാലത്ത് അന്യമതങ്ങൾ തെറ്റായി ഗ്രഹിച്ചിരുന്ന വ്യക്തിത്വമില്ലാത്ത ഒരു പരാശക്തിയെയാണോ അനുരൂപണത്തിന്റെ പേരിൽ നാം പ്രണമിക്കേണ്ടത്? ഉത്തരം സ്പഷ്ടമാണ്. മനുഷ്യരുടെ സ്രഷ്ടാവും പിതാവുമായ ഏകദൈവത്തെയാണ് പ്രാർത്ഥനയിൽ നാം അഭിസംബോധന ചെയ്യേണ്ടത്. നമ്മുടെ പ്രണാമവും ആരാധനയും അർഹിക്കുന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ആ ദൈവം മാത്രമാണ്. മിശിഹായുടെ വെളിപാടിന്റെ അടിസ്ഥാനത്തിലായിരിക്കണം നമ്മുടെ പ്രാർത്ഥനയും ആരാധനയും.

[എടുത്തിരിക്കുന്നത് "തിരുസഭയും മിശിഹാരഹസ്യവും, പേജ് 60-68; മാർ അബ്രഹാം മറ്റം]

മറ്റു മതവിശ്വാസങ്ങളെ ബഹുമാനിക്കാനാണ് കത്തോലിക്കാ സഭ നമ്മെ പഠിപ്പിക്കുന്നത്. അവയെ അവഹേളിക്കാൻ സഭ ആരെയും ചുമതലപെടുത്തിയിട്ടില്ല.. മറ്റു മതവിശ്വാസങ്ങളെ കടമെടുക്കാനോ അവയെ നമ്മുടെ വിശ്വാസവുമായി കൂട്ടി കുഴയ്ക്കാനോ സഭ ആരോടും നിർദ്ദേശിക്കുന്നില്ല; അപ്രകാരം ചെയ്യുന്നത് വിശ്വാസ വിരുദ്ധമാണ്...

 




Article URL:







Quick Links

ബൃഹദാരണ്യക ഉപനിഷത്തും മിശിഹാദർശനവും

അസതോ മാ സദ്ഗമയ: തമസോ മാ ജ്യോതിർ ഗമയ: മൃത്യോർ മാ അമൃതം ഗമയ: അസത്തയിൽനിന്ന് എന്നെ സത്തയിലേക്കു നയിക്കുക ( from the unreal lead me to the real), അന്ധകാരത്തിൽ നിന്ന് എന്നെ പ്രകാശത്തിലേക്കു നയിക... Continue reading