നമ്മുടെ ദിവ്യ രക്ഷകനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരുവനെ കത്തോലിക്കാ തിരുസഭയിൽ ഉറപ്പിച്ചു നിർത്തും. കാരണം, യേശുക്രിസ്തുവും കത്തോലിക്കാസഭയും രണ്ടല്ല പിന്നെയോ ‘ഒന്നാണ്’. ക്രിസ്തുനാഥനെക്കുറിച്ചും വിശുദ്ധ ലിഖിതങ്ങളെ കുറിച്ചുമുള്ള ഭാഗികമായ അറിവ് പല പാഷണ്ഡതകളുടെയും സഭാവിഭാഗങ്ങളുടെയും സെക്ടുകളുടെയും ഉൽഭവത്തിനു കാരണമായി. സഭാപിതാവായ ജെറുസലേമിലെ വിശുദ്ധ സിറിൽ പറയുന്നു:”നിങ്ങൾ ഏതെങ്കിലും നഗരത്തിലൂടെ സഞ്ചരിക്കാൻ ഇടയായാൽ ,വെറുതെ കർത്താവിന്റെ ഭവനം എവിടെ എന്ന് ചോദിക്കരുത്. ....അഥവാ സഭ എവിടെ എന്ന് വെറുതെ ചോദിക്കരുത്. പിന്നെയോ, കത്തോലിക്കാ സഭ എവിടെയാണ് എന്നാണ് ചോദിക്കേണ്ടത്.എന്തുകൊണ്ടെന്നാൽ ഇതാണ് ഈ വിശുദ്ധ സഭയുടെ സവിശേഷമായ പേര്”.
കത്തോലിക്കാ വിശ്വാസികളുടെയിടയിൽ ചിലർ അകത്തോലിക്ക (അപ്പസ്തോലികപാരമ്പര്യം പിൻചെല്ലാത്ത) പ്രാർത്ഥനകൂട്ടായ്മയിൽ പങ്കുകൊണ്ടതിനുശേഷം സാധാരണ ഒരു വിശ്വാസിയോട് ചോദിക്കുന്ന ചില ചോദ്യങ്ങൾ .
Q # "എനിക്ക് യേശു മാത്രം മതി, യേശു സ്ഥാപിച്ച സഭ വേണ്ടയെന്നും. യേശുവിനെ സ്നേഹിച്ചാൽ പോരെ എന്തിനാ കത്തോലിക്ക സഭയെ സ്നേഹിക്കുന്നേ !" ?
Q # "ബൈബിളിൽ പറഞ്ഞത് മാത്രമേ ഞാൻ അനുസരിക്കുന്നുള്ളു ; ബൈബിളിൽ കത്തോലിക്കാ സഭയെ പറ്റി പറഞ്ഞീട്ടില്ലല്ലോ ? പിന്നെന്തിനാ സഭയും മെത്രാനും പട്ടക്കാരനും. ദൈവ വചനമാ ഞങ്ങള് പിഞ്ചെല്ലുന്നതു , ഞങ്ങൾക്ക് സഭയും വേണ്ട!! മെത്രാനും വേണ്ട!!".
Q #"ബൈബിൾ മാത്രം മതി ;അപ്പസ്തോലിക പാരമ്പര്യമൊന്നും വേണ്ട , ദൈവ വചനമനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്"???
ഇത്തരം വാക്കുകൾ കത്തോലിക്കാ വിശ്വാസത്തെപ്പറ്റി യഥാർത്ഥമായ അറിവില്ലാത്ത കത്തോലിക്കരിൽ നിന്നും ബൈബിൾ വാക്യങ്ങൾ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന ചില അകത്തോലിക്ക സഹോദരന്മാരിൽ നിന്നും കേട്ടിട്ടുണ്ട്. ഇക്കൂട്ടർ ചുവടെ കൊടുത്തിരിക്കുന്നതു വായിച്ചിരിക്കുന്നതും സ്വന്തം മനസാക്ഷിയെ വിലയിരുത്തുന്നതും നന്ന്. ദൈവവചനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്കുള്ള ഒരു സ്നേഹ സന്ദേശമായി സ്വീകരിക്കുമല്ലോ .
പരിശുദ്ധാത്മാവിന്റെ ശക്തിയിൽ അപ്പസ്തോലൻ പൗലോസിന്റെ വാക്കുകൾ- "പ്രവചനവരം വിശ്വാസത്തിനു ചേർന്നവിധം പ്രവചിക്കണം" (റോമാ 12:6 ).
" സഹോദരരെ, ഞാൻ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല എന്ന് നിങ്ങളെ ഞാൻ അറിയിക്കുന്നു. എന്തെന്നാൽ മനുഷ്യനിൽ നിന്നല്ല ഞാൻ അത് സ്വീകരിച്ചത് . ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്റെ വെളിപാടിലൂടെയാണ് അത് എനിക്ക് ലഭിച്ചത്". (ഗലാത്തിയ 1:11-12)
"ഒരു വെളിപ്പാടനുസരിച്ചാണ് (ജറുസലേമിലെക്കു ) ഞാൻ പോയത്.അവിടത്തെ പ്രധാനികളുടെ മുമ്പിൽ, ഞാൻ വിജാതിയരുടെയിടയിൽ പ്രസംഗിക്കുന്ന സുവിശേഷം സ്വകാര്യമായി അവതരിപ്പിച്ചു.ഇത് ഞാൻ ഓടുന്നതും ഓടിയതും വ്യർത്ഥമാകാതിരിക്കാനും വേണ്ടിയായിരുന്നു".(ഗലാത്തിയ 2:2 )
നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്റെ കൃപ എനിക്ക് ലഭിച്ചിരിക്കുന്നുവെന്ന് കണ്ട് തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബർണബാസിനും നീട്ടി തന്നു. (ഗലാത്തിയ 2:9).
Main refutation raising by them against Catholic church ** “ബൈബിളിൽ പറഞ്ഞത് മാത്രമേ ഞാൻ അനുസരിക്കുന്നുള്ളു ; ബൈബിളിൽ കത്തോലിക്കാ സഭയെ പറ്റി പറഞ്ഞീട്ടില്ലല്ലോ ? പിന്നെന്തിനാ സഭയും മെത്രാനും പട്ടക്കാരനും. ദൈവ വചനമാ ഞങ്ങള് പിഞ്ചെല്ലുന്നതു , ഞങ്ങൾക്ക് സഭയും വേണ്ട മെത്രാനും വേണ്ട" ??.
ഈശോയുടെ പ്രിയ അപ്പസ്തോലനായ യോഹന്നാന്റെ (1 യോഹന്നാൻ 1:1-3) ശിഷ്യനായ അന്ത്യോക്യയിലെ വി. ഈഗ്നെഷ്യസ് ഈ സഭയുടെ പേര് "കത്തോലിക്കാ സഭയെന്ന്" ഉറപ്പിക്കുന്നു. അപ്പസ്തോലിക പിതാവായ ഇദ്ദേഹം ഈ പേര് "കത്തോലിക്കാ സഭ " എന്നത് അപ്പസ്തോലനിൽ നിന്നും സ്വീകരിച്ചതാണ് എന്ന് നിസംശയം ഉറപ്പിക്കാം. കാരണം ഇദ്ദേഹം "അപ്പസ്തോലിക കൂട്ടായ്മയിലും പിന്തുടർച്ചയിലും" വിശ്വസിക്കുന്ന ആളാണ് (അപ്പ 2:42-43,14:23,20:27-30).ഇദ്ദേഹം ഇപ്രകാരം പഠിപ്പിക്കുന്നു "എവിടെയൊക്ക ഈശോമിശിഹാ സന്നിഹിതനാണോ അവിടെയൊക്കെ നമുക്ക് കത്തോലിക്കാ സഭയുള്ളത് പോലെ മെത്രാനെ എവിടെ കണ്ടെ ത്തുന്നുവോ അവിടെയായിരിക്കണം അദേഹത്തിന്റ ജനങ്ങൾ എല്ലാവരും". മറ്റൊരു അപ്പസ്തോലിക പിതാവായ വി പൊളിക്കാർപ് (രക്തസാക്ഷിയായത് എ ഡി 160 ൽ ) ഇപ്രകാരം രേഖപെടുത്തുന്നു: " എല്ലാ സ്ഥലത്തുമുള്ള കത്തോലിക്കാ സഭയ്ക്ക് അഭിവന്ദനം .. മിശിഹാ ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന കത്തോലിക്കാ സഭയുടെ ഇടയാനാണ്". അപ്പസ്തോലിക പിതാക്കന്മാരുടെ ഈ വാക്കുകളിൽ നിന്നും ഈശോ സ്ഥാപിച്ച ഏക സഭ കത്തോലിക്കാ സഭയെന്ന് ഉറപ്പിക്കാം.
"എ ഡി 325 ൽ നിഖ്യായിലെ ആദ്യ എക്യൂമെനിക്കൽ കൗൺസിലിൽ " പങ്കെടുത്ത ജറുസലേമിലെ മെത്രാനായി വാണിരുന്ന പൗരസ്ത്യ സഭപിതാവായ ജറുസലേമിലെ വി സിറിൽ പഠിപ്പിക്കുന്നു : "ഏകവും വിശുദ്ധവുമായ കത്തോലിക്കാസഭയിലും" എന്ന സത്യത്തെ പറ്റി അവശേഷിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാം... സഭ കത്തോലിക്കാസഭ എന്ന് വിളിക്കപ്പെടുന്നു.കാരണം ഭൂമിയുടെ ഒരറ്റം മുതൽ മറ്റേഅറ്റം വരെ, ലോകം മുഴുവൻ അത് വ്യാപിച്ചിരിക്കുന്നു;ദൃശ്യവും അദൃശ്യവും,സ്വർഗീയവും ഭൗമീകവുമായ കാര്യങ്ങളെ കുറിച്ച് മനുഷ്യർ അറിയേണ്ട തത്ത്വങ്ങളെല്ലാം പൂർണമായും സമഗ്രമായും അത് പഠിപ്പിക്കുന്നു... .. ഈ വിശുദ്ധ കത്തോലിക്കാസഭയെ പറ്റിയാണ് പൗലോസ് അപ്പസ്തോലൻ തിമോത്തിയോസിന് എഴുതിയത്: " ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിനറെ തൂണും കോട്ടയുമായ ദൈവഭവനത്തിൽ നീ പെരുമാറേണ്ടത് എങ്ങനെയെന്ന് അറിയാനാണിത്" (1 തിമോത്തി 3:15).
Another refutation raising by them against Catholic church ** "ബൈബിൾ മാത്രം മതി അപ്പസ്തോലിക പാരമ്പര്യമൊന്നും വേണ്ട , ദൈവ വചനമനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്"?
ദൈവീക പൊതുവെളിപാട് (Public revelation) അടങ്ങിയിരിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ പുതിയനിയമത്തിൽ 27 പുസ്തകങ്ങൾ കാനോനികമെന്ന് എന്ന് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത് കത്തോലിക്കാ തിരുസഭയാണ് (എ ഡി 382 ൽ റോമിലെ കൗൺസിലിൽ വച്ച് വിശുദ്ധ ഡാമസസ്സ് മാർപാപ്പ ഇറക്കിയ ഡിക്രി). മനുഷ്യകുലത്തിന് ലഭിച്ച പൊതുവെളിപാട് ക്രിസ്തു സ്ഥാപിച്ച ഏക സഭയായ കത്തോലിക്കാ സഭയിലൂടെ ലോകത്തിന് നൽകപ്പെട്ടു എന്ന് വേണം മനസിലാക്കാൻ.ലോകത്തു ജീവിച്ചിരിക്കുന്ന എല്ലാ ക്രൈസ്‌തവരും ഈ പൊതു വെളിപാട് അംഗീകരിക്കുന്നവരാണ്. കത്തോലിക്കാ വിശ്വാസത്തെ ഏറ്റവും എതിർക്കുന്ന പെന്തക്കോസ്തു സഹോദരങ്ങൾ പോലും.കാരണം, എല്ലാ ക്രൈസ്‌തവരും പുതിയനിയമത്തിലെ 27 പുസ്തകങ്ങൾ തന്നെയാണ് പിഞ്ചെല്ലുന്നത്.
അംഗീകരിച്ച പുതിയനിയമ ഗ്രന്ഥങ്ങൾ യേശുനാഥന്റെ അപ്പസ്തോലന്മാർ ഒന്നാം നൂറ്റാണ്ടിൽ രചിച്ചവയാണ്. ആദ്യകാല രക്തസാക്ഷികൾ അപ്പസ്തോലന്മാരുടെയും മെത്രാന്മാരുടെയും വിശ്വാസ കൈമാറ്റത്തിലൂടെയും ലഭിച്ച വിശ്വാസപരമ്പര്യത്തിലാണ് ജീവിച്ചിരുന്നത്. നാലാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് പഴയ നിയമ (46 എണ്ണം) പുതിയനിയമ(27 എണ്ണം) ഗ്രന്ഥങ്ങൾ കാനോനികമായി അംഗീകരിച്ചത്. അതിനെ തുടർന്ന് , എ ഡി 405 ൽ വി ജെറോം ഹീബ്രൂ-ഗ്രീക്ക് ഭാഷയിൽ രചിക്കപ്പെട്ട പഴയ-പുതിയനിയമ ഗ്രന്ഥങ്ങൾ ലത്തീനിലേക്ക് പരിഭാഷപെടുത്തി. അത് "ലത്തീൻ വുൾഗാത്ത" (Latin Vulgate) എന്നറിയപ്പെടുന്നു.
ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളായി തീർന്ന അനേകർ ജീവിച്ചിരുന്ന ആദ്യനൂറ്റാണ്ടുകളിൽ ഇന്ന് കാണുന്ന രീതിയിലുള്ള ബൈബിൾ ഉണ്ടായിരുന്നില്ല. (ഉദാ : നാല് സുവിശേഷങ്ങളും രചിക്കപെടുന്നതിനു മുൻപ് തന്നെ അപ്പസ്തോലനായ പത്രോസ് രക്തസാക്ഷിയായി).പുതിയനിയമങ്ങൾ പ്രത്യേകിച്ച് സുവിശേഷങ്ങൾ രചിക്കപ്പെട്ടത് സഭയ്‌ക്കകത്താണ്. അതുകൊണ്ട്, സഭ കാണുന്ന കണ്ണിലൂടെ മാത്രമേ വിശുദ്ധ ഗ്രന്ഥം മനസിലാക്കാൻ പാടുള്ളൂ. ആദ്യകാല രക്തസാക്ഷികൾ അപ്പസ്തോലന്മാരിലൂടെ നൽകപ്പെട്ട വിശ്വാസപാരമ്പര്യത്തിലാണ് ജീവിച്ചത്. അവർ ആ വിശ്വാസത്തിനു വേണ്ടി (അപ്പസ്തോലന്മാരുടെ വിശ്വാസ പാരമ്പര്യത്തിന് വേണ്ടി) ജീവൻ പോലും ത്യജിക്കാൻ തയ്യാറായി. അതുകൊണ്ടാണ് കത്തോലിക്കാ സഭ ബൈബിൾ മാത്രം (Sola Scriptura, വിശുദ്ധ ഗ്രന്ഥം മാത്രം) എന്ന ആശയത്തെ അംഗീകരിക്കാത്തത്. വിശുദ്ധ ഗ്രന്ഥത്തോടൊപ്പം വിശുദ്ധ പാരമ്പര്യത്തിനും വിലകല്പിക്കണം എന്നുള്ളത് അപ്പസ്തോലന്മാരുടെ വിശ്വാസമാണ് (ഉദാ :"അതിനാൽ സഹോദരരെ, ഞങ്ങൾ വചനം മുഖേനയോ കത്തു മുഖേനയോ നിങ്ങളെ പഠിപ്പിച്ചീട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപിടിക്കുകയും അവയിൽ ഉറച്ചു നിൽക്കുകയും ചെയ്യുവിൻ ." 2 തെസലോനിക്ക 2:15 , വീണ്ടും 2 തെസലോനിക്ക 3:6,1 കോറിന്തോസ് 11:2 വായിക്കുക). മറ്റൊരു പ്രധാനകാര്യം ഇവിടെ മനസിലാക്കേണ്ടത് , വിശുദ്ധ ഗ്രന്ഥം ഇന്ന് കാണുന്നത് പോലെ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ആദ്യകാല ക്രൈസ്തവർ തങ്ങളുടെ വിശ്വാസം പരിശീലിച്ചിരുന്നത് മുകളിൽ വിവരിച്ചതുപോലെ അപ്പസ്തോലന്മാരുടെ വിശ്വാസപാരമ്പര്യം അനുസരിച്ച് കൊണ്ട് മാത്രമാണ്. അതുകൊണ്ട് , 'ബൈബിൾ മാത്രം' (Bible alone or Sola Scriptura) എന്നുള്ളത് അപ്പസ്തോന്മാരുടെ വിശ്വാസമല്ല ,അതായത് ശരിയായ ക്രൈസ്തവ വിശ്വാസമല്ല എന്നുറപ്പിക്കാം.
ഇനി,ഞാൻ ഒരു കത്തോലിക്കാനാണ് ; കരിസ്മാറ്റിക് ധ്യാനമെല്ലാം കൂടി പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറഞ്ഞു ,വരങ്ങളാൽ സമ്പന്നനായി, ഇനി എനിക്കും ഒരു സഭ തുടങ്ങാം, ഞാനും ശുശ്രൂഷിച്ചാൽ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കും. ഇത്തരം ചിന്തകൾ ദൈവം നൽകുന്നതല്ല; അവ പിശാചിൽ നിന്നാണ് എന്ന് തിരിച്ചറിയണം.
കത്തോലിക്കാ കരിസ്മാറ്റിക്നവീകരണപ്രസ്ഥാനം കത്തോലിക്കാ സഭയിൽ (യേശു ക്രിസ്തുവിന്റെ ശരീരമായ സഭ )നിന്നുമാണ് പുറപ്പെട്ടത് ; അല്ലാതെ കത്തോലിക്കാ സഭ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൽ നിന്നല്ല.കത്തോലിക്കാ സഭയെ നയിക്കുന്നതും കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനമല്ല. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം - ഈ കാലഘട്ടത്തിൽ കത്തോലിക്കാ സഭയെ പണിതുയർത്തുന്നതിനു വേണ്ടി ദൈവമൊരുക്കിയ ഒരു ശുശ്രൂഷയാണ്. ആയതിനാൽ , കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം എല്ലായിപ്പോഴും കത്തോലിക്കാ സഭയോടു പൂർണവിധേയത്വം പുലർത്തേണ്ടത് ആവശ്യകമാണ്, അത് അങ്ങനെയാണുതാനും.
താഴേ കൊടുത്തിരിക്കുന്ന കത്തോലിക്കാ സഭയുടെ പഠനം എടുത്തിരിക്കുന്നത് "അല്മായവിശ്വാസികൾ" - അല്മായരെ കുറിച്ചുള്ള സാർവത്രികസഭയുടെ അപ്പസ്തോലിക ആഹ്വാനത്തിൽ നിന്ന്. ഇത് വായിക്കുന്നതും അനുസരിക്കുന്നതും ഓരോ കത്തോലിക്കനും ഗുണം ചെയ്യും.
"വരങ്ങൾ സ്വീകരിക്കുന്നവരും,സഭ മുഴുവനും,അവ കൃതജ്ഞതാപൂർവം സ്വീകരിക്കേണ്ടതാണ്. വാസ്തവത്തിൽ, അവ ക്രിസ്തു ശരീരം മുഴുവന്റെയും വിശുദ്ധിക്കും പ്രേഷിതത്വത്തിന്റെ ഊർജസ്വലതയ്ക്കും വേണ്ടിയുള്ള കൃപാവരത്തിന്റെ സമ്പന്നസ്രോതസ്സാണ്. പക്ഷേ അവ യഥാർത്ഥത്തിൽ പരിശുദ്ധാത്മാവിൽ നിന്നുതന്നെ പുറപ്പെടുന്നവയും പരിശുദ്ധാത്മാവിന്റെ ആധികാരികമായ പ്രേരണകൾക്കനുസൃതമായി ഉപയോഗിക്കപ്പെടുന്നവയുമായിരിക്കണം.ഈ അർത്ഥത്തിൽ സിദ്ധികൾ വിവേചിച്ചറിയേണ്ടത് എപ്പോഴും ആവശ്യമാണ്. സിനഡ് പിതാക്കന്മാർ ഇക്കാര്യം എങ്ങനെ ചൂണ്ടിക്കാണിക്കുന്നു: "തനിക്കിഷ്ട്ടമുള്ളിടത്തു വ്യാപരിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എപ്പോഴും അത്ര എളുപ്പത്തിൽ വിവേചിച്ചറിയാവുന്നതോ സ്വീകരിക്കാവുന്നതോ അല്ല. എല്ലാ ക്രൈസ്തവരിലും ദൈവം പ്രവർത്തിക്കുന്നു എന്ന് നമുക്കറിയാം. വ്യക്തികൾക്കും ക്രൈസ്തവ സമൂഹം മുഴുവനും വേണ്ടി നിർഗളിക്കുന്ന വരങ്ങളുടെ നന്മകളെ പറ്റി നമുക്കവബോധമുണ്ട്. എന്നിരുന്നാലും പാപത്തിന്റെ ശക്തിയെ പറ്റിയും അതിനു വിശ്വാസികളുടെയും സമൂഹത്തിന്റെയും ജീവിതത്തെ അലങ്കോലപ്പെടുത്താനുള്ള കഴിവിനെ പറ്റിയും നമുക്കറിയാം".
ഇക്കാരണത്താൽ ഒരു വരത്തിന്റെയും പേരിൽ ആർക്കും സഭയുടെ അജപാലകരോടുള്ള വിധേയത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനോ അവരുടെ നിർദ്ദേശങ്ങൾ തേടാതിരിക്കാനോ സ്വാതന്ത്യ്രം ലഭിക്കുന്നില്ല. രണ്ടാം വത്തിക്കാൻ കൗൺസിൽ വ്യക്തമായി പറയുന്നു: "അപ്രകാരമുള്ള വരങ്ങളുടെ യാഥാർത്ഥ്യത്തെപറ്റിയും അതുപയോഗിക്കേണ്ട രീതിയെപ്പറ്റിയുമുള്ള തീരുമാനം സഭയിൽ നായകന്മാരായി നിശ്ചയിക്കപ്പെട്ടിട്ടുള്ളവർക്കു വിട്ടുകൊടുക്കേണ്ടതാണ്. ഇവരോ എന്നാൽ,പരിശുദ്ധാത്മാവിന്റെ പ്രേരണകളെ നിഷ്കാസനം ചെയ്യുകയല്ല, നേരെമറിച്ചു, എല്ലാ കാര്യങ്ങളും പരിശോധിച്ചറിഞ്ഞു നല്ലവയെ പരിരക്ഷിക്കുകയാണ് വേണ്ടത്" ( cf 1 തെസ 5:12;19-21 )".
നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാപിതാവും, മെത്രാനും, വേദപാരംഗതനുമായ വി അഗസ്റ്റിൻ ഇപ്രകാരം പറയുന്നു "സഭയെ (കത്തോലിക്ക സഭയെ) ഒരാൾ എത്രത്തോളം സ്നേഹിക്കുന്നുവോ, അത്രയ്ക്ക് ആ വ്യക്തി പരിശുദ്ധാത്മാവിനാൽ നിറയുന്നു."
സഭ ക്രിസ്തുവിന്റെ ശരീരമാണ്; എല്ലാ വസ്‌തുക്കളിലും സകലവും പൂര്ത്തിയാക്കുന്ന അവന്റെ പൂര്ണതയുമാണ്.(എഫേസോസ് 1 : 23); അവന്റെ പൂര്ണതയില്നിന്നു നാമെല്ലാം കൃപയ്‌ക്കുമേല് കൃപ സ്വീകരിച്ചിരിക്കുന്നു.(യോഹന്നാന് 1 : 16).