വിഗ്രഹങ്ങളിൽ നിന്നും അകന്നിരിക്കുവിൻ
ദൈവശാസ്ത്രത്തിലെ പാണ്ഡിത്യമല്ല വിശ്വാസപക്വത; സ്നേഹമാണ് വിശ്വാസപക്വത.
എന്റെ അറിവ് മറ്റൊരു സഹോദരന് പാപത്തിനു കാരണമായെങ്കിൽ , ആ അറിവ് വച്ച് ഞാൻ എന്ത് നേടി ??. ഒരു സാധാരണ വിശ്വാസിയുടെ മനസാക്ഷിയെ പരിഗണിക്കാതെ തങ്ങളുടെ ദൈവശാസ്ത്ര പാണ്ഡിത്യം പ്രദർശിപ്പിക്കുക വഴി എന്ത് നേടി? വിഗ്രഹങ്ങളുമായി ബന്ധപ്പെടുത്തി ജീവിക്കേണ്ട ആവശ്യകതയൊന്നും കത്തോലിക്കാ വിശ്വാസികൾക്കില്ല. വിഗ്രഹങ്ങളുമായി സമ്പർക്കം പുലർത്തികൊണ്ട് വിശ്വാസമത്സരം നടത്തുകയും അതിൽനിന്നും വിജയിയെ പ്രഖ്യാപിക്കാൻ കത്തോലിക്കാ തിരുസഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല... എനിക്ക് തോന്നുന്നു, പൗലോസ് മെത്രാന്റെ മനോഭാവം തന്നെയാണ് നാം കൈ കൊള്ളേണ്ടത്..
"തങ്ങളില്‍നിന്നു ചിലരെ തെരഞ്ഞെടുത്ത് ബാര്‍ണബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യായിലേക്ക് അയയ്‌ക്കുന്നതു നന്നായിരിക്കുമെന്ന് അപ്പസ്‌തോലന്‍മാര്‍ക്കും ശ്രഷ്‌ഠന്‍മാര്‍ക്കും സഭയ്‌ക്കുമുഴുവനും തോന്നി. സഹോദരന്‍മാരില്‍ നേതാക്കന്‍മാരായിരുന്ന ബാര്‍സബാസ് എന്നു വിളിക്കുന്ന യൂദാസിനെയും സീലാസിനെയും ഒരു എഴുത്തുമായി അവര്‍ അയച്ചു.താഴെപ്പറയുന്ന അത്യാവശ്യകാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്‌ധാത്‌മാവിനും ഞങ്ങള്‍ക്കും തോന്നി.
വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവസ്‌തുക്കള്‍.... എന്നിവയില്‍നിന്നു നിങ്ങള്‍ അകന്നിരിക്കണം. ഇവയില്‍നിന്ന് അകന്നിരുന്നാല്‍ നിങ്ങള്‍ക്കു നന്ന്. മംഗളാശംസകള്‍! "
[അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 22-29]
ജെറുസലേം സൂനഹദോസ് തീരുമാനിച്ച കാര്യങ്ങൾ വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും അനുസരിക്കാൻ പഠിപ്പിക്കുകയും ചെയ്ത പൗലോസ് ശ്ളീഹായ്ക്കു തന്നെയാണ് , പിന്നീട് , ആഥൻസിലെത്തിയപ്പോൾ വിഗ്രഹങ്ങളെ കണ്ടപ്പോൾ മനഃക്ഷോഭമുണ്ടായത്.. വിഗ്രഹങ്ങളോടുള്ള ഒരു യഥാർത്ഥ ക്രൈസ്തവനുണ്ടകേണ്ട മനോഭാവം എഴുതിവച്ചിരിക്കുകയാണ് ദൈവവചനം..
"പൗലോസ് അവരെയും പ്രതീക്‌ഷിച്ച് ആഥന്‍സില്‍ താമസിക്കവേ, നഗരം മുഴുവന്‍ വിഗ്രഹങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് അവന്‍െറ മനസ്‌സില്‍ വലിയ ക്‌ഷോഭമുണ്ടായി" .
[ അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 16]
പലപ്പോഴും ആധുനിക ലിബറൽ ദൈവശാസ്ത്രഞ്ജർ അരെയോപ്പാഗസിലെ പൗലോസിന്റെ പ്രസംഗമാണ് - അജ്ഞാത ദേവൻ - വിഗ്രഹവ്യവഹാരങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കുക.. പൗലോസ് ശ്ലീഹാ ദൈവസ്നേഹത്താലാണ് പ്രസംഗിച്ചത്.."വിജാതീയരുടെ അനുസരണം നേടിയെടുക്കേണ്ടതിനു വാക്കാലും പ്രവൃത്തിയാലും, അടയാളങ്ങളുടെയും അദ്‌ഭുതങ്ങളുടെയും ബലത്താലും പരിശുദ്‌ധാത്‌മാവിന്‍െറ ശക്‌തിയാലും ഞാന്‍ വഴി ക്രിസ്‌തു പ്രവര്‍ത്തിച്ചവയൊഴികെ ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍ തുനിയുകയില്ല" .[റോമാ 15 : 18]
അജ്ഞാതദേവനിലല്ല പ്രസംഗം എത്തിനിന്നത്, മറിച്ച് ക്രിസ്തുവിലാണ്.[അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 27-32] ."നാം ദൈവത്തിന്‍െറ സന്താനങ്ങളാകയാല്‍ മനുഷ്യന്‍െറ ഭാവനയും ശില്‍പവിദ്യയും ചേര്‍ന്ന് സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ് ദൈവരൂപമെന്ന് വിചാരിക്കരുത്.അജ്‌ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്‌ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്‌ഞാപിക്കുന്നു.എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്‌ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.
മരിച്ചവരുടെ പുനരുത്‌ഥാനത്തെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ അവനെ പരിഹസിച്ചു. എന്നാല്‍, ചിലര്‍ പറഞ്ഞു: ഇവയെക്കുറിച്ച് നിന്നില്‍നിന്നു ഞങ്ങള്‍ പിന്നീടൊരിക്കല്‍ കേട്ടുകൊള്ളാം"...
കേൾവിക്കാരുടെ മുഴുവൻ അംഗീകാരം പൂച്ചെണ്ടും സ്വീകരിക്കുകയല്ല സുവിശേഷ വേലയെന്ന് പൗലോസ് ശ്ലീഹായ്ക്കു അറിയാമായിരുന്നു.. കേട്ട ചിലർ വിശ്വാസം സ്വീകരിച്ചു.. തന്നെ തള്ളിപറഞ്ഞു പോയവരെ നേടാൻ വേണ്ടി "അജ്ഞാതദേവന്റെ ബലിപീഠവും വഹിച്ചുകൊണ്ട് അവരുടെ മതപരമായ ഒരു കർമ്മങ്ങളിലും ശ്ലീഹ പങ്കുചേർന്നില്ല" പൗലോസ് ശ്ലീഹായ്ക്കു തന്റെ സുവിശേഷ പ്രഘോഷണത്തെക്കുറിച്ചും മതാന്തര സംവാദത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു.. "ദൈവത്തിന്‍െറ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്‍െറ ആലയമാണ്".[2 കോറിന്തോസ് 6 : 16]
ആയതിനാൽ, തന്നെ തള്ളിപറഞ്ഞു പോയ വിഗ്രഹാരാധകരായവരെ ക്രിസ്തുവിൽ നേടാൻ വേണ്ടി പൗലോസ് ശ്ലീഹാ അജ്ഞാത ദേവന്റെ ബലിപീഠത്തെ കൂടുതൽ മോടിപിടിപ്പിക്കാനോ അവരുമായി സർവമത പ്രാർത്ഥനയിൽ പങ്കുകൊള്ളാനോ തീരുമാനിച്ചില്ല.. കാരണം, സുവിശേഷവേല പരിശുദ്ധാത്മാവിന്റെ ശക്തിയിലാണ് ചെയ്യേണ്ടതെന്ന് ശ്ലീഹായ്ക്കറിയാമായിരുന്നു...
വത്തിക്കാനിൽ നിന്നുമുള്ള "മതാന്തര സംവാദങ്ങൾക്കുള്ള അജപാലന നിർദ്ദേശങ്ങൾ, നമ്പർ 82"(2014) : "മതാന്തര കൂട്ടായ്മയുടെ സന്ദർഭത്തിൽ ,സമൂഹത്തിന്‍റെ പ്രത്യേകമായ ഒരു ആവശ്യത്തിനായി ഒരുമിച്ചു പ്രാർത്ഥിക്കുവാനുള്ള ഒരവസരം സംജാതമാകും. എന്നിരുന്നാലും,ഒരുമിച്ചു പ്രാർത്ഥിക്കുവാനായി ദൈവം ആരാണു എന്ന ഒരു പൊതുധാരണ അനിവാര്യമാണെന്നു മനസ്സിലാക്കേണ്ടത് പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. ദൈവത്തെക്കുറിച്ചുള്ള പൊതുധാരണയിൽ മതങ്ങൾ തമ്മിൽ വ്യത്യാസമുള്ളതിനാൽ, “ ഇന്റർ-റിലീജിയസ് പ്രാർത്ഥന”,വിവിധ മതങ്ങളുടെ അനുയായികൾ പൊതുവായ പ്രാർത്ഥനയിൽ ചേരുന്നത് ഒഴിവാക്കണം എന്നാണ് ഇതിനർത്ഥം"
വിളക്ക് കൊളുത്തി ആരും പറയുടെ കീഴിൽ വെക്കാറില്ല ! കത്തോലിക്കാ സഭയ്ക്കകത്തു ഒന്നും തന്നെ മൂടി വെയ്ക്കാൻ സാധ്യമല്ല [അത് ധാർമികമേഖലയിലെ വീഴ്ചയായാലും വിശ്വാസമേഖലയിലെ അട്ടിമറി ശ്രമമായാലും]; തിരുസഭയുടെ ചരിത്രം അതിനു തെളിവാണുതാനും. അവൾ മലമുകളിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ്; പുരമുകളിൽ നിന്ന് വിളിച്ചു പറയുന്നവരുടെ ഒരു വിഭാഗത്തെ അവൾ എപ്പോഴും പുറപ്പെടുവിക്കുന്നത് ചരിത്രസത്യം.. മഹാൻമാരായ വിശുദ്ധാത്മാക്കൾ അതിനുദാഹരണം.
അജപാലനധർമവും [Pastoral Service] വിശ്വാസതത്വപ്രബോധനങ്ങളും [Doctrinal teachings] പരസ്പരം ബന്ധമുള്ളവയാണ്. കാരണം, നിത്യപുരോഹിതനായ ക്രിസ്തു - ഈ രണ്ടു ധർമ്മങ്ങളും പരിപൂർണ്ണതയോടെ നിറവേറ്റി എല്ലാ പുരോഹിതർക്കും മാതൃകയായി നിലകൊള്ളുന്നു. കത്തോലിക്കാ സഭയ്ക്കകത്തു ,അജപാലനധർമവും വിശ്വാസതത്വപ്രബോധനങ്ങളും തമ്മിൽ അകറ്റാനുള്ള ശ്രമം നടത്തുന്നത് ആത്മഹത്യാപരമായ പ്രവർത്തിയാണ്. അത് നടത്തുന്നവനും, കൂടെ ചാടുന്നവനും തീ കുഴിയിൽ ചെന്ന് വീഴും.
ഇരുമ്പാണിമേൽ തൊഴിച്ചാൽ നഷ്ടം ആർക്കാണ്?
തൊഴിക്കുന്നവനോ?
അതോ ഇരുമ്പാണിക്കോ?
വിഗ്രഹങ്ങളുമായി സമ്പർക്കം പുലർത്തികൊണ്ട് വിശ്വാസമത്സരം നടത്തുകയും വിഗ്രഹാർപിത ഭക്ഷണം കഴിച്ചാലും ഒന്നും സംഭവിക്കില്ല എന്ന് തെളിയിക്കാനുള്ള ശ്രമവും, അതിൽനിന്നും വിജയിയെ പ്രഖ്യാപിക്കാൻ കത്തോലിക്കാ തിരുസഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലയെന്ന തിരിച്ചറിവിൽ താഴെ കൊടുത്തിരിക്കുന്ന വി ഗ്രന്ഥഭാഗ വ്യാഖ്യാനം സ്വീകരിക്കാം.. [1 കോറിന്തോസ് 8 ന്റെ കാണുക, ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തീയോളജി പുറപ്പെടുവിച്ചത്]
ആദ്യ നൂറ്റാണ്ടിൽ കോറിന്തോസിലെ പോലെയുള്ള വിഗ്രഹാരാധയൊന്നും ഇന്ത്യയിലില്ല അതുകൊണ്ട് അക്രൈസ്തവൻ തരുന്നത് രണ്ടുകരം നീട്ടി സ്വീകരിക്കാമെന്നു ചിലർ പറയുമ്പോൾ തന്നെയും ദൈവസ്നേഹം നമ്മെ ഇപ്രകാരം പ്രചോദിപ്പിക്കട്ടെ.. "അക്രൈസ്തവാലയത്തിലെ നേർച്ചയോ അർപ്പിതവസ്തുവോ ക്രൈസ്തവനു നൽകുന്ന അക്രൈസ്തവന്റെ മനഃസാക്ഷിയെയും ആത്മരക്ഷയെയും ആത്മാർത്ഥതയോടെ പരിഗണിക്കുക, അസത്യത്തിൽ നിന്നും പരിപൂർണസത്യമായ ക്രിസ്തുവിലേക്കു അവൻ മനസാന്തരപ്പെടണമെന്നത് കൊണ്ട് അവൻ തരുന്ന അവന്റെ മതകർമ്മങ്ങളിലെ വസ്തുക്കൾ സ്നേഹപൂർവ്വം നിരസിക്കും.. " എന്ന ദൈവശാസ്ത്രപരമായ വീക്ഷണത്തോടെ വായിക്കാം.. വിഗ്രഹങ്ങളിൽ നിന്നും അകന്നിരിക്കുവിൻ.. ക്രൈസ്തവ.. ദൈവവചനത്തിന്റെ ആഴങ്ങൾ ഹൃദയത്തിൽ ഗ്രഹിക്കാം
*വ്യാഖ്യാനം [ 1കോറിന്തോസ് 8: 7-13]*
വിഗ്രഹാരാധനയെക്കുറിച്ചും വിഗ്രഹാർപ്പിത ഭക്ഷണത്തെക്കുറിച്ചുമുള്ള അറിവിന്റെ തലത്തിൽ മാത്രമുള്ളതല്ല സ്നേഹമാണിവിടെ പ്രധാനഘടകം. ഉറച്ച മനസ്സാക്ഷിയുള്ള ആഴമായ ബോധ്യമുള്ള വ്യക്തമായ അറിവുള്ള സഹോദരർ കട്ടി കുറഞ്ഞ മനസ്സാക്ഷിയുള്ള വിശ്വാസത്തിൽ ആഴം കുറഞ്ഞവരെ എപ്പോഴും പരിഗണിക്കണം. വിഗ്രഹങ്ങളെ സമീപിക്കുന്നതും വിഗ്രഹാർപ്പിത ഭക്ഷണം കഴിക്കുന്നതും യാതൊരു കുഴപ്പവും വരുത്തുന്നില്ല എന്നത് തികച്ചും ന്യായമായ നിലപാടാണെങ്കിലും വിശ്വാസത്തിൽ ആഴം കുറഞ്ഞവർക്ക് അത് ഗ്രഹിക്കാൻ കഴിവില്ലാത്തതിനാൽ അവരുടെ ആത്മീയ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിച്ചേക്കാമെന്നതിനാൽ തങ്ങളുടെ അവകാശങ്ങൾ വേണ്ടെന്നു വയ്ക്കണം. വിഗ്രഹമൊന്നില്ലെന്നും ഏക ദൈവമേയുള്ളുവെന്നും അറിയാമെങ്കിലും തങ്ങളുടെ മുൻ ജീവിതത്തിലെ പരിചയം മൂലം വിശ്വാസികളിൽ പലർക്കും വിഗ്രഹങ്ങളോടുള്ള മനോഭാവത്തിൽ പൂർണ്ണമായ വിടുതൽ ലഭിച്ചിട്ടില്ല. വിവിധ മതവിശ്വാസികൾ ഒരുമിച്ചു താമസിക്കുന്നഇടങ്ങളിൽ ഇക്കാലത്തുപോലും ഇത് പ്രസക്തമാണ്, മറ്റു വിശ്വാസങ്ങൾ വച്ചു പുലർത്തുന്നവരുടെകൂടെ കഴിയുമ്പോൾ അവ നമ്മെയും സ്വാധീനിക്കാൻ ഇടയുണ്ട്. ഇത്തരത്തിൽ ബലം കുറഞ്ഞ മനസ്സാക്ഷിയുള്ളവർ വിഗ്രഹാർപ്പിത മാംസം കഴിക്കുമ്പോൾ തങ്ങൾ വിഗ്രഹങ്ങളോട് ബന്ധപ്പെടുന്നു എന്ന് ചിന്തിക്കാം. ഇത് അവരെ അശുദ്ധരാക്കാം. ഇതുപോലെ തന്നെ അറിവുള്ളയാൾ താൻ തെറ്റുചെയ്യുന്നില്ല എന്ന ഉറപ്പോടുകൂടി അമ്പലത്തിലെ ആഘോഷങ്ങളോട് ചേർന്നു ഭക്ഷണം കഴിക്കുന്നത് അത്രയും അറിവില്ലാത്തയാൾ കാണാനിടയായാൽ അത് അയാൾക്കും ഭക്ഷിക്കാൻ പ്രേരണ നൽകാം. എന്നാൽ അയാൾ ഭക്ഷിക്കുന്നത് വിഗ്രഹാരാധനയിൽ പങ്കാളിയാകുന്നു എന്ന വിചാരത്തോടെയാണ്. ഇത് അയാൾക്കു പാപമായിത്തീരുന്നു.
ശക്തരായവരുടെ പ്രവർത്തനങ്ങൾ ശക്തികുറഞ്ഞവർക്ക് പ്രതിബന്ധമായിത്തീരരുത്. ഒരാൾക്ക് നല്ലതായി കാണുന്നത് മറ്റൊരാൾക്ക് തിന്മയായെന്നിരിക്കാം. ആരും തങ്ങളുടെ തെറ്റും ശരിയും മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കരുത്. പ്രത്യേകിച്ച് അവർ തങ്ങളേക്കാൾ ബലംകുറഞ്ഞവരാകുമ്പോൾ. അവിവേകത്തോടെ പെരുമാറിയാൽ അതുവഴി,ക്രിസ്തുവിന്റെ മരണത്താൽ രക്ഷ ലഭിച്ച ഒരാളെ നാശത്തിലേക്ക് നയിക്കാൻ ഇടയാക്കും. അതിനാൽ അത്തരം പ്രവർത്തി ക്രിസ്തുവിനുതന്നെ എതിരായ നിലപാടും അതിനാൽത്തന്നെ പാപവുമാണ്. മറ്റുള്ളവർക്ക് ഒരുപക്ഷേ ഇടർച്ച വരുത്തിയേക്കാം എന്നതുകൊണ്ട് ഏതു തരത്തിലുള്ള മാംസവും വർജ്ജിക്കാൻ തീരുമാനിച്ച പൗലോസിന്റെ നിലപാട് ശ്രദ്ധേയമാണ് (8:13).
ചുരുക്കത്തിൽ, 8–ആം അദ്ധ്യായം അവതരിപ്പിക്കുന്ന നിലപാട് പ്രായോഗികമായി വളരെ പ്രധാനമാണ്. അറിവും പരിചയവുമുള്ള ‘ശക്തരായ’ വിശ്വാസികൾക്ക് പല കാര്യങ്ങളും തെറ്റല്ല എന്ന ബോധ്യം ഉണ്ടാവാം. അതിനനുസരിച്ച് പെരുമാറാൻ അവർക്ക് അവകാശംമുണ്ടുതാനും. എന്നാൽ ബലഹീനർ അവയെ പാപമെന്ന് കണക്കാക്കുന്നു. അറിവ് കുറഞ്ഞ വരുടെയും ദുർബലമനസാക്ഷിക്കാരുടെയും ചിന്തയ്ക്ക് അനുസരിച്ച് അറിവുള്ളവർ എക്കാലവും കഴിഞ്ഞുകൂടണം എന്നല്ല ഇപ്പറഞ്ഞതിനർഥം. ശക്തൻമാർ ദുർബലരോട് പരിഗണനയോടെയും സ്നേഹത്തോടെയും പെരുമാറാൻ കടപ്പെട്ടിരിക്കുന്നു. കഴിവ് കുറഞ്ഞവർക്ക് വേണ്ടി മറ്റുള്ളവർ സ്വയം ത്യാഗങ്ങൾ സഹിക്കണം. അതാണ് ക്രിസ്തീയ സ്നേഹം.