വിശുദ്ധ ആഗസ്തീനോസ് ഇങ്ങനെ എഴുതുന്നു. “രഹസ്യാത്മകമായ അഭിഷേകം നിമിത്തം നാമോരോരുത്തരെയും ക്രൈസ്തവർ എന്നു വിളിക്കുന്നതുപോലെ, ഏകപൗരോഹിത്യത്തിൽ അംഗങ്ങളായിരിക്കുന്നതുകൊണ്ട് നമുക്ക് ഓരോരുത്തരെയും പുരോഹിതർ എന്നും വിളിക്കാം”.
ക്രിസ്തുവിന്റെ ഏകപൗരോഹിത്യത്തിലുള്ള രണ്ടുതരം പങ്കുചേരലുകൾ (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, ഖണ്ഡിക 1546):
മഹാപുരോഹിതനും ഏകമധ്യസ്ഥനുമായ ക്രിസ്തു സഭയെ “സ്വപിതാവായ ദൈവത്തിന് ഒരു പുരോഹിതരാജ്യമാക്കിയിരിക്കുന്നു” വിശ്വാസികളുടെ സമൂഹം മുഴുവനും പ്രകൃത്യാ പുരോഹിത സ്വഭാവമുള്ളതാണ്. പുരോഹിതനും പ്രവാചകനും രാജാവുമായ ക്രിസ്തുവിന്റെ ദൗത്യത്തിൽ ഓരോരുത്തരുടെയും വിളിയ്ക്കനുസരിച്ചു പങ്കുപററിക്കൊണ്ട് വിശ്വാസികൾ തങ്ങളുടെ ജ്ഞാനസ്നാനപൗരോഹിത്യം പ്രാവർത്തികമാക്കുന്നു. ജ്ഞാനസ്നാനം, സ്ഥൈര്യലേപനം എന്നീ കൂദാശകളിലൂടെ വിശ്വാസികൾ ഒരു വിശുദ്ധപൗരോഹിത്യമായി ..... പ്രതിഷ്ഠിക്കപ്പെടുന്നു”.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, ഖണ്ഡിക 1547 ഇപ്രകാരം പറയുന്നു :
മെത്രാൻമാരുടെയും പുരോഹിതരുടെയും ശുശ്രൂഷാപരമായ അഥവാ ഹയരാർക്കിപരമായ പൗരോഹിത്യവും എല്ലാ വിശ്വാസികളുടെയും പൊതു പൗരോഹിത്യവും "ക്രിസ്തുവിൻ്റെ ഏക പൗരോഹിത്യത്തിൽ അതതിന്റെ പ്രത്യേക രീതിയിൽ പങ്കുപറ്റുന്നു". ഒന്നു മറെറാന്നിലേക്ക് ഉൻമുഖമാണെങ്കിലും രണ്ടിനും കാതലായ വ്യത്യാസമുണ്ട്...
പൊതുപൗരോഹിത്യം :വിശ്വാസികളുടെ പൊതുപൗരോഹിത്യധർമം അനുഷ്ഠിക്കപ്പെടുന്നതു മാമ്മോദീസാ കൃപാവരത്തിന്റെ വർദ്ധനവിലൂടെയാണ്. അതായത് വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ഉപവിയുടെയും ജീവിതത്തിലൂടെ, അരൂപിക്കനുസൃതമായ ജീവിതത്തിലൂടെ.
ശുശ്രൂഷാപൗരോഹിത്യം: അതേസമയം ശുശ്രൂഷാപൗരോഹിത്യം പൊതു പൗരോഹിത്യത്തിന്നു ശുശ്രൂഷയർപ്പിക്കാനാണ്. എല്ലാ ക്രൈസ്തവരുടെയും ജ്ഞാനസ്നാന കൃപാവരത്തിന്റെ വർദ്ധനവാണ് അതിന്റെ ലക്ഷ്യം. നിരന്തരം തന്റെ സഭയെ കെട്ടിപ്പടുക്കുകയും നയിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ പ്രവർത്തനത്തിനുള്ള മാധ്യമങ്ങളിൽ ഒന്നാണ് ശുശ്രൂഷാപൗരോഹിത്യം. ഇക്കാരണത്താൽ അത് അതിന്റെ തനതായ കൂദാശയിലൂടെ, അതായത് തിരുപ്പട്ടകൂദാശയിലൂടെ കൈമാററം ചെയ്യപ്പെടുന്നു. (End quote)
നിത്യപുരോഹിതനായ യേശുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേർന്നു ദൈവരാജ്യം സൃഷ്ടിക്കാൻ വേണ്ടിയാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത്. യേശുവിന്റെ ഏകവും നിത്യവുമായ പൗരോഹിത്യത്തിൽ സഭാമക്കൾ ഇന്ന് പങ്കുചേരുന്നത് രണ്ട് വിധത്തിലാണ്: പൊതു പൗരോഹിത്യത്തിലൂടെയും ശുശ്രൂഷാ പൗരോഹിത്യത്തിലൂടെയും (രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ , തിരുസഭ, നമ്പർ 10). മാമോദീസായിലൂടെ എല്ലാ ക്രൈസ്തവരും യേശുവിന്റെ പൗരോഹിത്യത്തിൽ പങ്കു ചേർന്നു ത്രിവിധ ധർമ്മങ്ങൾ നിർവ്വഹിക്കുമ്പോൾ അവർ സഭയിലെ പൊതു പൗരോഹിത്യത്തിൽ പങ്കു ചേരുന്നു. അവർ " പ്രാർത്ഥനകളിലും ദൈവസ്തുതികളിലും മുഴുകി (അപ്പ. നട. 2, 42-47 ) പ്രിയങ്കരവും വിശുദ്ധവും സജീവവുമായ ബലിവസ്തുക്കളായി ദൈവത്തിനു സമർപ്പിക്കണം."(തിരുസഭ, നമ്പർ10). പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ടവർ തിരുപ്പട്ട സ്വീകരണത്തിലൂടെ അവിടുത്തെ ശുശ്രൂഷ പൗരോഹിത്യത്തിൽ പങ്കുചേരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത്, ഈ രണ്ട് പൗരോഹിത്യശുശ്രൂഷകളും തമ്മിൽ ബന്ധമുണ്ട്, അതോടൊപ്പം വ്യത്യാസവുമുണ്ട്: "വിശ്വാസികളുടെ പൊതുവായ പൗരോഹിത്യവും ശുശ്രൂഷാപരമായ പൗരോഹിത്യവും അഥവാ അധികാരക്രമപരമായ പൗരോഹിത്യവും, അളവിൽ മാത്രമല്ല, സത്താപരമായിത്തന്നെ വ്യത്യാസമെങ്കിലും അവയ്ക്കു പരസ്പര ബന്ധമുണ്ട്" (തിരുസഭ, നമ്പർ10).
പൊതു പൗരോഹിത്യത്തിലുള്ളവർക്കും ശുശ്രൂഷാ പൗരോഹിത്യത്തിലുള്ളവർക്കും ക്രിസ്തുവിന്റെ ദൗത്യത്തിൽ പങ്കെടുക്കാനുള്ള അധികാരം ലഭിക്കുന്നുണ്ട്. എന്നാൽ ഒരു സാധാരണ ക്രൈസ്തവന്റെയും അഭിഷിക്തനായ ക്രിസ്തീയ പുരോഹിതന്റെയും ഭാഗഭാഗിത്വത്തിൽ അന്തരമുണ്ട്. അതുകൊണ്ടു വൈദീകരും അൽമായരും ക്രിസ്തുവിൽ നിന്നു സ്വീകരിക്കുന്ന അധികാരത്തിലും വ്യത്യസ്തമായി പങ്കുചേരുന്നു. ദൈവജനത്തിന്റെ അജപാലകനാകുവാനുള്ള അധികാരം ഒരു വൈദീകന് ലഭിക്കുന്നത് തിരുപ്പട്ട സ്വീകരണത്തിലൂടെയാണ്. എങ്കിലും വൈദീകരെയും അൽമായരെയും വ്യത്യസ്ത നിലകളിലായി കാണരുത്. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ക്രിസ്തുവിലൂടെ യോജിക്കപ്പെട്ട ദൈവ വിശ്വാസികളുടെ ഒരു സമൂഹമാണ് സഭ. അതുകൊണ്ട് സഭാമക്കളുടെ അടിസ്ഥാനപരമായ സമത്വം സംരക്ഷിച്ചു കൊണ്ടുവേണം അധികാരശ്രേണിയിലുള്ള മെത്രാമാർ, വൈദീകർ, ഡീക്കന്മാർ എന്നിവർ ശുശ്രൂഷകൾ ചെയ്യേണ്ടത്.
ശുശ്രൂഷാ പൗരോഹിത്യം എന്നാൽ?
നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പ്രത്യേകമായി പങ്കുചേർന്നു ദൈവത്തിന്റെ രക്ഷാകര കർമ്മം ലോകാവസാനത്തോളം തുടർന്നു കൊണ്ടുപോകുവാനാണ്, ദൈവം ക്രിസ്തുവിനെ അയച്ചതുപോലെ, നിത്യപുരോഹിതനായ ക്രിസ്തു തന്റെ ശ്ലീഹന്മാരെ അയച്ച്(യോഹ 20:21) സഭയ്ക്ക് ആരംഭംകുറിച്ചത്. ക്രിസ്തു അപ്പസ്തോലന്മാരെ ഭരമേൽപ്പിച്ച സുവിശേഷ ദൗത്യം ഏക്കാലത്തേയ്ക്കും സഭാജീവിതം മുഴുവന്റെയും ഉറവിടമാണ്. രക്ഷാകര ദൗത്യ തുടർച്ചയ്ക്കായി ക്രിസ്തു തിരുപ്പട്ടമെന്ന കൂദാശ സ്ഥാപിച്ചു കൊണ്ട് തന്റെ പൗരോഹിത്യത്തിൽ അപ്പസ്തോലന്മാരെ പങ്കാളികളാക്കുകയും ഈ കൂദാശ തങ്ങളുടെ പിൻഗാമികൾക്കു നൽകുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു. അപ്പസ്തോലന്മാർ ഈ ദൗത്യം സഹപ്രവർത്തകരിലേയ്ക്കു പകർന്നതു കൈവെപ്പു വഴിയാണ് (1 തിമോ 4:14; 2 തിമോ 1:6-7). അതുകൊണ്ടു ഹയരാർക്കിക്കൽ ഘടനയോട് കൂടിയ ഈ സമൂഹത്തിൽ അപ്പസ്തോലന്മാർ തങ്ങൾക്കു പിൻഗാമികളെ നിയമിക്കുകയും, തങ്ങൾ തുടങ്ങിവച്ച ദിവ്യദൗത്യം പൂർണ്ണമാക്കുവാൻ അവരെ ഭരമേൽപ്പിക്കുകയും ചെയ്തു (തിരുസഭ, 20). ജെറുസലേമിൽ അപ്പസ്തോലന്മാർ, മൂപ്പന്മാർ, സീക്കന്മാർ എന്ന അധികാര ശ്രേണിയുള്ള ഭരണസമ്പ്രദായം നിലവിലിരുന്നു. സഭയിലെ പരമാധികാരിയായ അപ്പസ്തോലന്മാരുടെ കീഴിൽ സഹകാരികളായിരുന്നു ശ്രേഷ്ഠന്മാരും (മൂപ്പന്മാർ), മെത്രാന്മാരും ( മേൽനോട്ടക്കാർ), ഡീക്കന്മാരും. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി സഭയിൽ മെത്രാന്മാർ, വൈദീകർ, ഡീക്കന്മാർ എന്ന ത്രിവിധപദവികളോടുകൂടിയ അധികാര ശ്രേണീക്രമം ഒരു സമാനരൂപത്തിൽ വളർന്നുവന്നതായി കാണുന്നു.
അപ്പസ്തോലന്മാരെ ഭരമേൽപ്പിച്ച പ്രേഷിതദൗത്യം ഇന്ന് സഭയിൽ തുടരുന്നതു ശുശ്രുഷാ പൗരോഹിത്യത്തിലൂടെയാണ്. സഭയിൽ ഈ ശുശ്രൂഷാ പൗരോഹിത്യം നിർവഹിക്കുന്നത് ക്രിസ്തുവിന്റെ വികാരിയും പത്രോസിന്റെ പിൻഗാമിയുമായ മാർപാപ്പയും അദ്ദേഹത്തിന്റെ കൂട്ടായ്മയിൽ കഴിയുന്ന മെത്രാന്മാരും വൈദീകരും ഡീക്കന്മാരുമാണ്.ശുശ്രൂഷാപൗരോഹിത്യത്തിലുള്ളവർ ദൈവത്തിന്റെ പ്രസാദവരം ദൈവവചന പ്രഘോഷണവും, കൂദാശകളുടെ പരികർമ്മവും, അജപാലനധർമ്മവും വഴി മനുഷ്യരെ ദൈവമക്കളാക്കി ഉയർത്തുകയും, ദൈവരാജ്യം സ്ഥാപിക്കുകയും ചെയ്യുന്നു. പുരോഹിതരുടെ ത്രിവിധ ധർമ്മങ്ങൾ സൂചിപ്പിക്കുന്നത് പഴയനിയമ പൗരോഹിത്യവും, തിരുസഭയിലെ പൗരോഹിത്യവും തമ്മിൽ വ്യത്യാസമുണ്ട് എന്നാണ്. അഹറോന്റെ പാരമ്പര്യമനുസരിച്ചുള്ള പഴയനിയമ പൗരോഹിത്യം പ്രഥമവും പ്രധാനവുമായി ആരാധനാനുഷ്ഠാനങ്ങളോട് മാത്രം ബന്ധപ്പെട്ടതായിരുന്നു. എന്നാൽ തിരുസഭയിലെ ക്രിസ്തുവിന്റെ പൗരോഹിത്യം ആരാധനാപരമാണെങ്കിലും, അതിനേക്കാളുപരി പ്രവാചക-അജപാലക കടമകളും ദൗത്യങ്ങളുമാണ്. പ്രബോധനം, ആരാധന, നേതൃത്വം എന്നീ ത്രിവിധധർമ്മങ്ങൾ അടങ്ങുന്ന ക്രിസ്തീയ ദൗത്യം നിർവ്വഹിക്കുവാനുള്ള ഒരു അധികാരദാനമാണു ക്രിസ്തീയ പൗരോഹിത്യം. അങ്ങനെ പൗരോഹിത്യമെന്ന കൂദാശ ഒരു വ്യക്തിയെ വൈദികനായി മാത്രമല്ല, സഭയുടെ പ്രവാചകനായും അജപാലകനുമായി അധികാരപ്പെടുത്തുന്നു. ചുരുക്കത്തിൽ,അജഗണം മുഴുവനെയും പരിപാലിക്കാനുള്ള കടമയാണ് ശുശ്രൂഷാ
പൗരോഹിത്യത്തിലുളള മെത്രാന്മാർ, വൈദികർ, ഡീക്കന്മാർഎന്നിവർക്കുള്ളത്.
ഇന്ന് സഭയിൽ ശുശ്രൂഷാപൗരോഹിത്യം തുടരുന്നതു തിരുപ്പട്ടത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചിരിക്കുന്ന മെത്രാന്മാർ,വൈദികർ, ഡീക്കന്മാർ എന്നിവരിലൂടെയാണ്..
( വിശദീകരണം എടുത്തിരിക്കുന്നത് - "ആറ്റുതീരത്തെ വൃക്ഷം - തിരുസഭാ ദർശനം" , പേജ് 77, 78, 79, 80)