ദൈവം എന്തെങ്കിലും ആവശ്യം ഉണ്ടായിട്ടോ, നിർബന്ധിക്കപ്പെട്ടതിനാലോ അല്ല സൃഷ്ടിച്ചത്, പിന്നെയോ, സൃഷ്ടിക്കാൻ അവിടുന്ന് തിരുമനസ്സായതിനാലത്രേ. കാരണം, അവിടുന്നു നന്മയായിരുന്നു;സൃഷ്ടവസ്തുക്കളും നല്ലവയാണ്.(ദൈവനഗരം 11 ;21 ). അതുകൊണ്ട് തിന്മ പ്രകൃതങ്ങളിലല്ല (12;8). തിന്മ തെറ്റായ ഉപയോഗത്തിലാണ്.
തിന്മ ഒരു സത്തയല്ല (ആത്മ .7,16,22). കഠിനാധ്വാനത്തിലൂടെയാണ് ആഗസ്തീനോസ് ഈ അറിവിലെത്തിയത്. തിന്മ ഒരു കുറവാണ്, ജീർണതയാണ്; (De nat. boni 4 ). തിന്മ നന്മയിലാണ് സ്ഥിതിചെയ്യുന്നത്; എന്നാൽ അറിവിനതീതമായ പരമനന്മയിൽ തിന്മയില്ല. പിന്നയോ, ഇല്ലായ്മയിൽ നിന്നു് സൃഷ്ടിക്കപ്പെട്ട വ്യതിയാനവിധേയമായ നന്മയിലാണ് (c .lul . 1 ,8, 36-37).
രണ്ടുതരം തിന്മകളുണ്ട് ; മനുഷ്യന്റെ ഇച്ഛയ്ക്കു എതിരെ മനുഷ്യൻ സഹിക്കുന്നതു; സ്വേച്ഛയാ മനുഷ്യൻ ചെയ്യുന്നത്. വേദന, മരണം, അജ്ഞാത, ദുരാശ ആദിയായ ശാരീരികതിന്മകൾ (ഭൗതിക തിന്മകൾ -physical evil) ആദ്യഗണത്തിൽപെടുന്നു. ദുഷ്ടത, അനീതി തുടങ്ങി പാപം എന്ന ധാർമീകതിന്മ (moral evil )രണ്ടാം ഗണത്തിൽപ്പെടുന്നു. രണ്ടും സൃഷ്ടിയുടെ വൈകല്യത്തിലധിഷ്ഠിതമാണ് ; കാരണമായ ദൈവമല്ല ഉറവിടം (ദൈവനഗരം 12, 7).
ദൈവം തിന്മയുടെ കാരണമല്ല. ദൈവം തിന്മ അനുവദിക്കുന്നു എന്നേയുള്ളൂ. തിന്മയിൽ നിന്നുപോലും നന്മ ഉളവാക്കാൻ കഴിവുറ്റ സർവ്വശക്തനാണ് അവിടുന്ന് (Ench. 3,11).
ദൈവം ഒരിക്കലും തിന്മക്ക് കാരണമാവുന്നില്ല; കാരണം ദൈവം അനന്ത നന്മയാണ്. വി ആഗസ്തീനോസ് ഇപ്രകാരം പ്രസ്താവിക്കുന്നു : "തിന്മ എവിടെ നിന്നു വരുന്നുവെന്ന് ഞാൻ അന്വേഷിച്ചു; ഒരു ഉത്തരവും എനിക്കു കിട്ടിയില്ല...." ആഗസ്തീനോസിനു തൻറെ വേദനജനകമായ ദൈവാന്വേഷണത്തിന് ഉത്തരം ലഭിച്ചത്,അദ്ദേഹം ജീവിക്കുന്ന ദൈവത്തിലേക്ക് തിരിഞ്ഞപ്പോഴാണ്. "തിന്മയുടെ രഹസ്യം അനാവൃതമാകുന്നത് ഭക്തിയുടെ രഹസ്യത്തിന്റെ വെളിച്ചത്തിൽ മാത്രമാണ്.ദൈവം തിന്മ അനുവദിക്കുന്നു; കാരണം ദൈവം മനുഷ്യനെ സ്വാതന്ത്ര്യബോധമുള്ളവനായി (freewill) സൃഷ്ടിച്ചു; അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. നിഗൂഢാത്മകമായ തിന്മയിൽ നിന്നും പോലും എങ്ങനെ നന്മ പുറപ്പെടുവിക്കാനാകുമെന്ന് ദൈവമറിയുന്നു".
വി. ആഗസ്തീനോസ് പറയുന്നു : "സർവശക്തനായ ദൈവം..., അവിടുന്നു പരമ നന്മയായതിനാൽ,തിന്മയിൽ നിന്ന് പോലും നന്മ പുറപ്പെടുത്താൻ തക്കവിധം സർവശക്തനും നല്ലവനും അല്ലായിരുന്നെങ്കിൽ തന്റെ സൃഷ്ടികളിൽ എന്തെങ്കിലും തിന്മക്ക് സ്ഥാനം അനുവദിക്കില്ലായിരുന്നു".
[കടപ്പാട് : 1. "ലത്തീൻ സഭാപിതാക്കന്മാർ" (Author - ഫാ ജി ചേടിയത്), 2. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം]
*ദൈവനഗരം - വി. ആഗസ്തീനോസിന്റെ വിഖ്യാത ഗ്രന്ഥം