Home | Articles | 

jintochittilappilly.in
Posted On: 07/07/20 16:01
ആധുനികതത്ത്വചിന്തകളിലെ പോരായ്മ:

 


നീതി പുറന്തള്ളപ്പെട്ടിരിക്കുന്നു;ന്യായം വിദൂരത്തു നില്‍ക്കുന്നു; സത്യം പൊതുസ്‌ഥലങ്ങളില്‍ വീണടിയുന്നു; സത്യസന്‌ധതയ്‌ക്ക്‌ അവിടെ പ്രവേശനമില്ല.സത്യം ഇല്ലാതായിരിക്കുന്നു; തിന്‍മയെ വിട്ടകലുന്നവന്‍ വേട്ടയാടപ്പെടുന്നു; അവിടെ നീതിയില്ലെന്നു കര്‍ത്താവു കണ്ടു. അത്‌ അവിടുത്തെ അസന്തുഷ്‌ടനാക്കി.(ഏശയ്യാ 59 : 14-15)

"സഭയെ സംബന്ധിച്ചിടത്തോളം,  മനുഷ്യ ജീവിതത്തെ പൂർവാധികം മൂല്യമുള്ളതാക്കുന്ന ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ യുക്തിക്കുള്ള ശക്തമായ പ്രേരണയ്ക്കു വലിയ മൂല്യം കൽപ്പിക്കാതിരിക്കാൻ നിവൃത്തിയില്ല.  മനുഷ്യജീവിതത്തെ സംബന്ധിച്ച അടിസ്ഥാനസത്യങ്ങൾ അറിയാനുള്ള മാർഗം അവൾ തത്ത്വശാസ്ത്രത്തിൽ കാണുന്നു.  അതേസമയം, വിശ്വാസത്തെ കൂടുതൽ ആഴത്തിൽ അറിയുന്നതിനും, സുവിശേഷസത്യത്തെ ഇനിയും അറിയാത്തവരെ അറിയിക്കുന്നതിനുമുള്ള ഉപേക്ഷിക്കാനാവാത്ത ഒരു സഹായമായും സഭ തത്ത്വശാസ്ത്രത്തെ കരുതുന്നു.  

ഇക്കാലത്തു പ്രത്യേകിച്ചു പരമസത്യത്തിനുവേണ്ടിയുള്ള അന്വേഷണം മിക്കപ്പോഴും അവഗണിക്കപ്പെടുന്നതായി തോന്നുന്നു.  മനുഷ്യനിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന വലിയ നേട്ടം ആധുനിക തത്ത്വശാസ്ത്രത്തിനുണ്ടെന്നതു വ്യക്തമാണ്.  അതൊരു തുടക്കമാണ്.  അവിടെനിന്ന് മാനുഷികയുക്തി, അതിന്റെ വിവിധ ചോദ്യങ്ങളോടുകൂടി, കൂടുതൽ അറിയാനും അതു പൂർവ്വാധികം ആഴത്തിൽ അറിയാനുമുള്ള ആഗ്രഹത്തെ വികസിപ്പിച്ചു.  അങ്ങനെ സങ്കീർണ്ണമായ ചിന്താപദ്ധതികൾ നിർമ്മിക്കപ്പെട്ടു.  അറിവിന്റെ വിവിധ മണ്ഡലങ്ങളിൽ അതിന്റെ ഫലങ്ങളുണ്ടായി.  സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും വികസനത്തെ അതു പരിപോഷിപ്പിക്കുകയും ചെയ്തു.  നരവംശ ശാസ്ത്രം, തർക്ക ശാസ്ത്രം, പ്രകൃതിശാസ്ത്രങ്ങൾ, ചരിത്രം,  ഭാഷാശാസ്ത്രം മുതലായി അറിവിന്റെ പ്രപഞ്ചം മുഴുവനും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിൽ ഉൾപ്പെട്ടു.  എന്നാലും അതിൽനിന്നു നേടിയ ഭാവാത്മകഫലങ്ങൾ ഒരു യാഥാർത്ഥ്യത്തെ മറച്ചുകളയാൻ പാടില്ല.  മനുഷ്യർ അവർക്ക്‌ അതീതമായ ഒരു സത്യത്തിലേക്ക്‌ നടന്നുനീങ്ങാൻ എപ്പോഴും വിളിക്കപ്പെട്ടിരിക്കുന്നു എന്ന സത്യത്തെ യുക്തി മറന്നതായി തോന്നുന്നു എന്നതാണ് ആ യാഥാർഥ്യം.  മാനുഷിക കർത്തൃത്വത്തെ ( human subjectivity) അന്വേഷിക്കാനുള്ള ഏകപക്ഷീയമായ താൽപര്യത്തിൽ യുക്തി അപ്രകാരം ചെയ്തു.  ആ സത്യത്തിൽനിന്നു വേർപെട്ടു പോയാൽ വ്യക്തികൾ മാനസിക ദൗർബല്യത്തിനു കീഴ്പ്പെടും.  വ്യക്തി എന്ന നിലയിലുള്ള അവരുടെ അവസ്ഥ, പ്രായോഗികതാവാദത്തിന്റെ മാനദണ്ഡങ്ങളാൽ ( pragmatic criteria) അളക്കപ്പെടും.  ആ മാനദണ്ഡങ്ങളാകട്ടെ സത്താപരമായി ഭൗമികപരീക്ഷണങ്ങളിൽ അധിഷ്ഠിതമാണ്.  സാങ്കേതികവിദ്യ എല്ലാറ്റിനേയും ഭരിക്കണമെന്ന തെറ്റായ വിശ്വാസം മൂലമാണ്‌ അങ്ങനെ ചെയ്യുന്നത്‌.  അതുകൊണ്ട്‌ യുക്തി സത്യത്തിലേക്കുള്ള മാനുഷികാഭിമുഖ്യത്തിനുവേണ്ടി വാദിക്കുന്നതിനു പകരം ഇത്ര വിപുലമായ അറിവിന്റെ ഭാരത്താൽ തളർന്നുവീണു.  സത്തയെ സംബന്ധിച്ച സത്യത്തിലേക്ക്‌ ഉയരാൻ ധൈര്യമില്ലാതാവുകയും ഉന്നതങ്ങളിലേക്ക്‌ ദൃഷ്ടി ഉയർത്താനുള്ള കഴിവ്‌ അതിന് അൽപാൽപമായി നഷ്ടപ്പെടുകയും ചെയ്തു.

"ആധുനിക തത്ത്വശാസ്ത്രഗവേഷണം സത്തയെ സംബന്ധിച്ച അന്വേഷണം ഉപേക്ഷിച്ചിട്ട്‌ അതിനു പകരമായി അറിയുക എന്ന മാനുഷിക പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു". സത്യത്തെ അറിയാനുള്ള മാനുഷിക കഴിവ്‌ ഉപയോഗിക്കുന്നതിനു പകരം ആധുനികതത്ത്വശാസ്ത്രം മാർഗങ്ങൾക്ക്‌ ഊന്നൽ കൊടുക്കുന്നു.

 ഈ കഴിവ്‌ എങ്ങനെ പരിമിതവും വ്യവസ്ഥാവിധേയവുമായിരിക്കുന്നു എന്നതിലാണ് അതിന്റെ ശ്രദ്ധ.  ഇത്‌ അജ്ഞേയതാവാദത്തിന്റെയും (agnosticism) ആപേക്ഷികതാവാദത്തിന്റെയും (relativism) വിവിധ രൂപങ്ങൾക്കു ജൻമം നൽകിയിരിക്കുന്നു.  അവയാകട്ടെ, തത്ത്വചിന്താപരമായ അന്വേഷണത്തെ വ്യാപകമായ സംശയവാദത്തിന്റെ (scepticism) ചഞ്ചലമായ മണൽപ്പരപ്പിൽ എത്തിച്ചു.  അതിന്റെ വഴി നഷ്ടപ്പെടുത്തി.  ഉറപ്പുള്ളതെന്നു വിധിക്കപ്പെട്ടിരുന്ന സത്യങ്ങളെപ്പോലും വിലകുറച്ചു കാണിക്കാൻ ശ്രമിക്കുന്ന വിവിധ സിദ്ധാന്തങ്ങൾ പ്രാധാന്യം നേടുന്നതായി ഈ കാലഘട്ടം കണ്ടുകഴിഞ്ഞു.  അഭിപ്രായങ്ങളുടെ നിയമാനുസൃതമായ ബഹുത്വം (plurality) വേർതിരിവുകളില്ലാത്ത ഒരുതരം ബഹുത്വത്തിനു വിധേയമായിരിക്കുന്നു.

 "എല്ലാ അഭിപ്രായങ്ങളും തുല്യഅളവിൽ സാധുതയുള്ളതാണെന്ന സങ്കൽപ്പത്തിലാണ് അത്‌ അടിയുറച്ചിരിക്കുന്നത്‌.  ആ സങ്കൽപമാകട്ടെ സത്യത്തെ സംബന്ധിച്ച ആത്മവിശ്വാസമില്ലായ്മയുടെ ഇന്നത്തെ ഏറ്റവും വ്യാപകമായ ലക്ഷണങ്ങളിൽ ഒന്നാണ്'.  

പൗരസ്ത്യദേശത്തുനിന്നു വരുന്ന ചില ജിവിത സങ്കൽപ്പങ്ങൾക്കുപോലും ഈ ആത്മവിശ്വാസക്കുറവുണ്ട്‌.  സത്യത്തിന്റെ അതുല്യമായ സ്വഭാവത്തെ അവ നിഷേധിക്കുന്നു.  വ്യത്യസ്ത സിദ്ധാന്തങ്ങളിൽ, അവ പരസ്പരവിരുദ്ധങ്ങളാണെങ്കിൽപ്പോലും, സത്യം തുല്യരീതിയിൽ സ്വയംവെളിപ്പെടുന്നുവെന്നു സങ്കൽപിക്കുകയും ചെയ്യുന്നു.  ഈ ധാരണയുടെ അടിസ്ഥാനത്തിൽ എല്ലാം അഭിപ്രായങ്ങൾ മാത്രമായി കരുതപ്പെടുന്നു.  നിരാലംബതയുടെ ഒരു ബോധമുണ്ടായിരിക്കുകയും ചെയ്യുന്നു.  

മനുഷ്യജിവിതത്തിന്റെയും അതിന്റെ പ്രകടനരൂപങ്ങളുടെയും യാഥാർഥ്യത്തിലേക്ക്‌ കൂടുതൽ അടുത്തു വരുന്നതിൽ തത്ത്വചിന്ത വിജയിച്ചു.  അതേസമയം അത്‌ അസ്തിത്വപരവും വ്യാഖ്യാനശാസ്ത്രപരവും (hermeneutical) ഭാഷാശാസ്ത്ര സംബന്ധവുമായ വിഷയങ്ങളെയും പിന്തുടർന്നു.  അവയാകട്ടെ വ്യക്തിപരമായ അസ്തിത്വത്തെയും സത്തയെയും ദൈവത്തെയും സംബന്ധിച്ച സത്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യത്തെ അവഗണിക്കുന്നവയാണ്.  

അങ്ങനെ, അറിയാനുള്ള മനുഷ്യന്റെ മഹത്തായ കഴിവിൽ വിശ്വാസമില്ലാത്ത മനോഭാവം നമ്മുടെ കാലഘട്ടത്തിൽ വ്യാപകമായിരിക്കുന്നതായി കാണാം.  ചില തത്ത്വചിന്തകരിൽ മാത്രമല്ല മറ്റു മനുഷ്യരിലും അതുണ്ട്‌.  ആളുകൾ മിഥ്യയായ ഒരു വിനീതഭാവത്തോടെ ഭാഗികവും താത്കാലികവുമായ സത്യങ്ങൾകൊണ്ടു തൃപ്തിപ്പെട്ടു കഴിയുകയാണ്.  മാനുഷികവും വ്യക്തിപരവും  സാമൂഹികവുമായ അസ്തിത്വത്തിന്റെ അർഥത്തെയും പരമമായ അടിത്തറയെയും സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുന്നതേയില്ല.  ചുരുക്കത്തിൽ, ഈ ചോദ്യങ്ങൾക്കു സുനിശ്ചിതമായ ഉത്തരങ്ങൾ നൽകാൻ തത്ത്വശാസ്ത്രത്തിനു കഴിയും എന്ന പ്രത്യാശ മങ്ങിയിരിക്കുന്നു.

[ വി ജോൺ പോൾ രണ്ടാമൻ,  ചാക്രിക ലേഖനം - "വിശ്വാസവും യുക്തിയും,  നമ്പർ 5]





Article URL:







Quick Links

ആധുനികതത്ത്വചിന്തകളിലെ പോരായ്മ:

നീതി പുറന്തള്ളപ്പെട്ടിരിക്കുന്നു;ന്യായം വിദൂരത്തു നില്‍ക്കുന്നു; സത്യം പൊതുസ്‌ഥലങ്ങളില്‍ വീണടിയുന്നു; സത്യസന്‌ധതയ്‌ക്ക്‌ അവിടെ പ്രവേശനമില്ല.സത്യം ഇല്ലാതായിരിക്കുന്നു; ത... Continue reading