Home | Articles | 

jintochittilappilly.in
Posted On: 15/08/20 22:48
കുമ്പസാരക്കാരനെതിരെ പരാതിയുണ്ടായാൽ...? കുമ്പസാരക്കാരൻ മര്യാദകേടായി പെരുമാറിയാൽ എന്താണ് പരിഹാര മാർഗ്ഗം ?

 


കരുണാർദ്രതയോടെ പാപങ്ങൾ ക്ഷമിക്കുന്ന ഈശോയുടെ സ്ഥാനത്തിരുന്ന് കുമ്പസാരക്കാരൻ അനുരഞ്ജന കൂദാശ പരികർമ്മം ചെയ്യും എന്നാണ് സഭ പ്രതീക്ഷിക്കുന്നത്. അഥവാ ഏതെങ്കിലും തരത്തിൽ കുമ്പസാരക്കാരൻ അനുതാപികളോട് മര്യാദകേടായി പെരുമാറിയാൽ അത്തരക്കാർക്കെതിരെ ശിക്ഷണനടപടികൾ എടുക്കാൻ സഭയിൽ സംവിധാനങ്ങളുണ്ട്. കുമ്പസാരം എന്ന കൂദാശ പവിത്രമായും അനുതാപികൾക്ക് ഒരുതരത്തിലും ഭാരമാകാതെയും പരികർമ്മം ചെയ്യപ്പെടണം എന്ന് സഭക്ക് നിർബന്ധമുണ്ട്. ഒരു വൈദികന് കുമ്പസാരിപ്പിക്കാൻ നിയമപ്രകാരമുള്ള യോഗ്യതകൾ ഉണ്ടെന്ന് രൂപതാ മെത്രാൻ തീർച്ചപ്പെടുത്തി നൽകുന്ന സാക്ഷ്യപത്രമാണ് 'കുമ്പസാര പത്തേന്തി' എന്ന് അറിയപ്പെടുന്നത്. കലാകാലങ്ങളിൽ ഇത് പുതുക്കി നൽകുന്ന രീതി നിലവിലുണ്ട്.

ഏതെങ്കിലും കുമ്പസാരക്കാരൻ കുമ്പസാര രഹസ്യം പ്രത്യക്ഷമായി (ഇന്ന വ്യക്തി ഇന്ന കാര്യം കുമ്പസാരിച്ചു എന്ന് വ്യക്തമാകുംവിധം) വെളിപ്പെടുത്തിയാൽ, കുമ്പസാരക്കാരന്റെ രൂപതാ മെത്രാന്റെയടുക്കൽ ഇതിനെതിരെ പരാതി കൊടുക്കാവുന്നതാണ്. കുറ്റം ചെയ്തതെന്ന് തെളിഞ്ഞാൽ ഈ കേസ് റോമിലെ വിശ്വാസ തിരുസംഘത്തിന് ഏൽപ്പിച്ചുകൊടുക്കണം എന്നാണ് 2001 മുതലുള്ള നിർദ്ദേശം. ഇത്തരം കുറ്റങ്ങൾ നടക്കുകയാണെങ്കിൽ അത് അതീവ ഗൗരവമായി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് അതിന്റെ മേൽനടപടികൾ റോമിന് സംവരണം ചെയ്തിരിക്കുന്നത്.

കുമ്പസാരത്തിന്റെ പശ്ചാത്തലത്തിൽ, കുമ്പസാരക്കാരൻ അനുതാപിയെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആംഗ്യം കൊണ്ടോ ഏതെങ്കിലുംതരം ലൈംഗിക പാപത്തിന് പ്രേരിപ്പിക്കുകയോ ലൈംഗിക സ്പർശമുള്ള സംഭാഷണത്തിന് മുതിരുകയോ ചെയ്താൽ അത് ഗൗരവമുള്ള തെറ്റായി (Solicitation) കണക്കാക്കപ്പെടും. കുമ്പസാരത്തിന്റെ പശ്ചാത്തലം എന്നതുകൊണ്ട് കുമ്പസാരക്കൂടിനകത്തെന്നോ കുമ്പസാരത്തിനിടയിൽ എന്നോ മാത്രമല്ല അർത്ഥം. കുമ്പസാരത്തിന്റെ പേരിൽ എന്ന വ്യാപകമായ അർത്ഥത്തിൽ ആണിത് ഉദ്ദേശിച്ചിട്ടുള്ളത്. കുമ്പസാരത്തിന്റെ മുമ്പോ പിമ്പോ കുമ്പസാരമെന്ന വ്യാജേനയോ ഇത്തരം തെറ്റു സംഭവിച്ചുകൂടാ എന്നാണ് സഭയുടെ നിർബന്ധം.

നിർഭാഗ്യവശാൽ ഇത്തരം അനുഭവം ആർക്കെങ്കിലും ഉണ്ടായാൽ അത് കുമ്പസാരക്കാരന്റെ മെത്രാനെ അറിയിക്കേണ്ടതാണ്. അത് കുമ്പസാരക്കാരന്റെ തെറ്റിന് ഇരയായിത്തീർന്ന വ്യക്തിയുടെ കടമയാണ്. ഈ തെറ്റ് വൈദികൻ ആവർത്തിക്കാതിരിക്കുന്നു എന്ന് ഉറപ്പുവരുത്താനും കുമ്പസാരത്തിന്റെ പരിശുദ്ധി സംരക്ഷിക്കാനുമാണ് ഈ നിബന്ധന. അതേസമയം ഇത്തരം തെറ്റു ചെയ്ത കുമ്പസാരക്കാരൻ സ്വയം മെത്രാന്റെയടുക്കൽ ഏറ്റുപറയേണ്ടതില്ല. തെറ്റിന്റെ സ്വഭാവവും തെറ്റുകാരന്റെ പ്രത്യേകതകളുമെല്ലാം പരിഗണിച്ച്, വൈദികശുശ്രൂഷയിൽനിന്ന് നീക്കം ചെയ്യുന്നതുൾപ്പടെയുള്ള ശിക്ഷകളാണ് സഭാനിയമം (CCEO 1458) കൽപ്പിക്കുന്നത്. നൽകപ്പെട്ട പരാതി വാസ്തവമാണെന്ന് രൂപതാ മെത്രാന് ബോധ്യപ്പെട്ടാൽ മേൽനടപടികൾക്കായി റോമിലെ വിശ്വാസ തിരുസംഘത്തിന് ആ കേസ് വിട്ടുകൊടുക്കണം എന്നാണ് 2001 മുതലുള്ള നിർദ്ദേശം.

വൈദികനെ അപകീർത്തിപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ വ്യാജമായി മേൽപ്പറഞ്ഞതരം ആരോപണം ഉന്നയിച്ചാൽ അത് ശിക്ഷാർഹമാണ്. പരാതി ഔദ്യോഗികമായിത്തന്നെ പിൻവലിച്ച്, വൈദികന് വന്ന നഷ്ടം പരിഹരിക്കണം (CCEO 731). ആർക്കാണെങ്കിലും വന്നുപോയ മാനനഷ്ടം പരിഹരിക്കാൻ എളുപ്പവഴികൾ ഒന്നുമില്ല എന്നതു വേറെ കാര്യം.

[ കടപ്പാട് : " ഞാനും നിന്നെ വിധിക്കുന്നില്ല,  പേജ് 93, 94, 95",  ഡോ മാത്യു ഇല്ലത്തുപറമ്പിൽ ]

കുമ്പസാരത്തിനണയുന്ന വ്യക്തിയെ ശുദ്ധതക്കെതിരായ പാപത്തിനു പ്രേരിപ്പിക്കുവാൻ കുമ്പസാരത്തിലോ, കുമ്പസാര അവസരത്തിലോ, കുമ്പസാരമെന്ന വ്യാജേനയോ ശ്രമിച്ചിട്ടുള്ള ഒരു വൈദികൻ സ്ഥാനഭ്രഷ്ടനാക്കപ്പെടൽ പോലും   ഒഴിവാക്കാതെ തന്നെ അനുയോജ്യമായി ശിക്ഷിക്കപ്പെടേണ്ടതാണ് (പൗരസ്ത്യകാനോന CCEO # 1458)




Article URL:







Quick Links

കുമ്പസാരക്കാരനെതിരെ പരാതിയുണ്ടായാൽ...? കുമ്പസാരക്കാരൻ മര്യാദകേടായി പെരുമാറിയാൽ എന്താണ് പരിഹാര മാർഗ്ഗം ?

കരുണാർദ്രതയോടെ പാപങ്ങൾ ക്ഷമിക്കുന്ന ഈശോയുടെ സ്ഥാനത്തിരുന്ന് കുമ്പസാരക്കാരൻ അനുരഞ്ജന കൂദാശ പരികർമ്മം ചെയ്യും എന്നാണ് സഭ പ്രതീക്ഷിക്കുന്നത്. അഥവാ ഏതെങ്കിലും തരത്തിൽ കുമ്പസാരക്കാരൻ അനുതാപികളോട് മര്യാദ... Continue reading