Home | Articles | 

jintochittilappilly.in
Posted On: 04/09/20 22:54
മായം ചേർത്ത ക്രിസ്തുമതവും ഹൈന്ദവരുടെ പ്രത്യാഘാതവും

 


 ബ്രഹ്മാവ്,  വിഷ്ണു,  ശിവൻ, കൃഷ്ണൻ തുടങ്ങിയ ദേവന്മാരെയും വേദങ്ങളെയും അംഗീകരിക്കാത്ത ക്രൈസ്തവർക്ക് അവരുടെ പ്രതീകമായ ഓം പ്രണവം ചെയ്യുന്നത് ശരിയായിരിക്കുമോ?  മിശിഹായെ ആദരിക്കുന്ന ഹൈന്ദവർ ക്രിസ്തുഭഗവാൻ,  ക്രിസ്തുദേവൻ എന്നും മറ്റും ഉപയോഗിക്കാറുണ്ട്. അവരെ സംബന്ധിച്ചിടത്തോളം "ഓം  ക്രിസ്തുഭഗവാൻ"  സ്വീകാര്യമായിരിക്കും. അനവധി ദേവന്മാരോടും,  കൃഷ്ണൻ,  രാമൻ മുതലായ അവതാരങ്ങളോടും ഒപ്പം ക്രിസ്തുവും ഒരു അവതാരമായി അവർ കരുതും.. "ഓം  ക്രിസ്തോ, ഓം ക്രിസ്തു ഭഗവാൻ" എന്ന് ചുരുക്കം ചില ക്രൈസ്തവർ ഉരുവിടാറുണ്ട്. ത്രീത്വത്തെ സംബന്ധിച്ചും ഓങ്കാരം ഉപയോഗിക്കുന്നു. ത്രീത്വത്തെയും മിശിഹായും കുറിച്ച് ശരിയായ ക്രിസ്തീയ പ്രബോധനം മനസ്സിൽ കണ്ടു കൊണ്ടായിരിക്കാം ഇപ്രകാരം ചൊല്ലുന്നത്.മത സംസ്കാര സ്വാംശീകരണം ആയിരിക്കാം അവരുടെ ലക്ഷ്യം. പക്ഷേ ഈ ഓങ്കാര പ്രയോഗം ക്രൈസ്തവരുടെ ഇടയിലും ഹൈന്ദവരുടെ ഇടയിലും ചിന്താ കുഴപ്പത്തിന് കാരണമാകും.

ഓം ക്രിസ്തോ  എന്നോ ഓം ക്രിസ്തു ഭഗവാൻ എന്നോ ക്രൈസ്തവ വൃത്തങ്ങളിൽ ആലപിച്ചു കേൾക്കുമ്പോൾ വിശ്വാസികളായ കുട്ടികളുടെയും യുവാക്കളുടെയും ഹൃദയത്തിൽ ഉളവാകുന്ന ചേതോവികാരം എന്തായിരിക്കും?  ബ്രഹ്മൻ,  ശിവൻ കൃഷ്ണൻ മുതലായ ഹിന്ദുമതത്തിലെ ദേവൻമാരെ പോലെ ക്രിസ്തുമതത്തിലെ ഒരു അവതാരം എന്നല്ലാതെ മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ ഏക പുത്രൻ എന്ന ആശയം ആയിരിക്കുകയില്ല മനസ്സിൽ പതിയുക.

 ബ്രഹ്മനെയോ  ദേവന്മാരെയോ  ആഹ്വാനം ചെയ്തുകൊണ്ട് ഓരോ ഉപനിഷത്തിന്റെയും  ആരംഭത്തിൽ "ഓം ശാന്തി ശാന്തി ശാന്തി' എന്ന് ആ മന്ത്രണം ചെയ്യുന്നു. ക്രൈസ്തവർ അപ്രകാരം ജപിക്കുമ്പോൾ എന്താണ് പ്രതീക്ഷിക്കുന്നത്? ഏതൊരർത്ഥത്തിലാണ്.

മിശിഹാ അരുളിചെയ്തു: "ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങൾക്ക് ഞാൻ നൽകുന്നു. ലോകം നൽകുന്ന പോലെയല്ല ഞാൻ നൽകുന്നത് " (യോഹന്നാൻ 14 : 27) വിശ്വാസികളിൽ നിവസിക്കുന്ന ശാശ്വതമായ സമാധാനമാണ് അവിടുന്ന് വിവക്ഷിക്കുന്നത്. ഉയിർപ്പിനുശേഷം ശ്ലീഹന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ മിശിഹാ ആവർത്തിച്ചു:  "സമാധാനം നിങ്ങളോടുകൂടെ" (നിങ്ങൾക്ക് സമാധാനം) (യോഹന്നാൻ 20:21,26) അതു കേവലം അഭിവാദന രീതിയിലായിരുന്നില്ല. സ്വർഗ്ഗാരോഹണത്തിനു മുമ്പ് ഈശോ വാഗ്ദാനം ചെയ്തു: "ലോകാവസാനം വരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28 : 20) മിശിഹാ വാഗ്ദാനം ചെയ്ത സമാധാനം പ്രാപ്തമാകണമെങ്കിൽ അതിനുള്ള വ്യവസ്ഥകൾ പാലിക്കണം. അവനിൽ അചഞ്ചലമായി വിശ്വസിച്ചു കൊണ്ട് അവിടത്തെ അനുകരിക്കുകയും അനുഗമിക്കുകയും വേണം. അവിടുത്തെ സഹനങ്ങളിൽ പങ്കുചേരുകയും ആവശ്യമായിരിക്കുന്നു.

"ഓം ശാന്തി" ഉച്ചത്തിൽ ഉരുവിട്ട് ദേവന്മാരെ പ്രസാദിപ്പിക്കുന്നതിനു അവരിൽ നിന്ന് ആശിസു  നേടുന്നതിനുമാണോ യത്നം?

അതോ ഈശോ നൽകുന്ന സമാധാനവും വിശ്രാന്തിയും ആണോ തേടുന്നത്?  ഓം ശാന്തി,  പവിത്രമെന്നു  സങ്കല്പിക്കപ്പെടുന്ന സംസ്കൃതത്തിൽ തന്നെ ഉരുവിട്ടാൽ കൂടുതൽ ഫലസിദ്ധിയുണ്ടെന്നായിരിക്കാം  വിചാരം. ഉപനിഷത്തുകളും ബൈബിളും തമ്മിൽ വലിയ വ്യത്യാസമില്ല എന്ന ചിന്താഗതിക്കായിരിക്കും ഇതെല്ലാം വഴിതെളിക്കുക.

ഒരു വിഭാഗം ഹിന്ദുക്കൾ ചിന്തിച്ചേക്കാം : ബൈബിളിനെക്കാൾ അതിപുരാതനവും സകല ബ്രഹ്മസത്യങ്ങളും ഉൾക്കൊള്ളുന്നതുമായ വേദങ്ങളുടെ മാഹാത്മ്യം ഇപ്പോഴെങ്കിലും ക്രിസ്ത്യാനികൾ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. വേദ സൂക്തങ്ങളും ഓം പ്രണവവും ഇപ്പോൾ അവർക്ക് നിഷിദ്ധം അല്ലാതായി തീർന്നിരിക്കുന്നു.

 ക്രിസ്ത്യാനികൾ ദേവാലയങ്ങളിലും മറ്റും ഓങ്കാര  ചിഹ്നം ചിത്രീകരിക്കുന്നത് ഹിന്ദുമതത്തിന് അവഹേളനമാണ് എന്ന് കരുതുന്നവർ ഉണ്ട്. ഒരു ഉദാഹരണം നൽകട്ടെ. ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിൽ വന്നു ഹൈന്ദവരീതികൾ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഒരു കത്തോലിക്കാ സന്യാസ സഭാ വൈദികനായിരുന്നു ഫാദർ ബീഡ് ഗ്രിഫിത്സ് (Bede Griffiths)‌. അദ്ദേഹവും സ്വാമി ദേവാനന്ദനുമായി ചില എഴുത്തുകുത്തുകൾ നടന്നു.  "Catholic Ashrams adopting and adapting Hindu Dharma" എന്ന ഗ്രന്ഥത്തിൽ കത്തുകളിലെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രന്ഥം പൊതുവേ ക്രൈസ്തവ വിരുദ്ധ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. സ്വാമി ദയാനന്ദ ഗിഫിത്തിന് എഴുതുന്നു: "റോമൻ കത്തോലിക്കർ 1947 - മുതൽ സനാതനധർമ്മത്തെ എപ്രകാരം അവഹേളിക്കുന്നു എന്നും, താങ്കളെപ്പോലുള്ള വൈദികർ സനാതനധർമ്മത്തെ ചൂഷണം ചെയ്യുകയും അതിനെ ദുർവ്യാഖ്യാനം നൽകുകയും ചെയ്യുന്നു എന്നും ഹൈന്ദവർക്ക് അവബോധം ഉണ്ട്. ഞങ്ങളുടെ പൂജ്യമായ ഓം പ്രണവത്തെ പിടിച്ചെടുത്ത് നിങ്ങളുടെ ഔദ്യോഗിക പരിവേഷത്തിൽ ആലേഖനം ചെയ്തിരിക്കുന്നത് അധാർമ്മികമാണ്... പവിത്രമായ ഓങ്കാരം (പ്രണവ) റോമൻ കുരിശിനോട് തറച്ചു ചേർക്കുന്നത് വഴി താങ്കൾ ഹിന്ദു മതത്തിനെതിരായി പാപം ചെയ്യുകയാണ്... ഓം ഹിന്ദുമതത്തിന് അന്തസത്തയാണ്. കുരിശ് എപ്രകാരം ക്രിസ്തുമതത്തിൽ എന്റെ പ്രതിരൂപമാണോ,  അതുപോലെതന്നെ ലോകം മുഴുവനിലും ഓം പ്രണവം ഹിന്ദു മതത്തിന്റെ പ്രതിരൂപമായി നിലകൊള്ളുന്നു". (Catholic Ashrams,  edit. Sita Ram Goel, Delhi, 1988, പേജ് 44, 45).

ധർമ്മരാം കോളേജിലെ സി.എം.ഐ വൈദികർ രചിച്ച് അംഗീകാരത്തിനായി റോമിൽ സമർപ്പിച്ച് ഇന്ത്യൻ കുർബാനയിൽ (indianized mass) ഓങ്കാര പ്രണവം  ഉൾപ്പെടുത്തിയിരുന്നു.ക്രൈസ്തവാരാധനയിൽ ഓം–നുള്ള സാംഗത്യത്തെ വിശകലനം ചെയ്തുകൊണ്ട് പൗരസ്ത്യതിരുസംഘം 1980 ആഗസ്റ്റ് പന്ത്രണ്ടാം തീയതി സീറോമലബാർസഭയിലെ മെത്രാന്മാർക്ക് അയച്ച കത്തിൽ ഇപ്രകാരം പ്രതികരിച്ചിരിക്കുന്നു: “ ഉപനിഷത്തുകളിലെ നിരവധി വാക്യങ്ങളിൽ ആവർത്തിച്ചും തുടർച്ചയായും ഉറപ്പിച്ചു പറയുന്നതനുസരിച്ച് ഓം വേദങ്ങളുടെയും ഹൈന്ദവ തത്ത്വചിന്ത (gnosis) യുടെയും സംഗ്രഹമാണ്. വിവിധ വൃത്തങ്ങളിൽ, ക്രിസ്തുമതത്തിന് അനുയോജ്യമായ ഒരു വ്യാഖ്യാനം അതിനു നൽകുവാൻ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും, തികച്ചും ഹൈന്ദവമായ അർത്ഥമാണ് ഇപ്പോഴും അതിനുള്ളത്; സംശയരഹിതമാംവിധം ഹൈന്ദവ ആശയസമ്പൂർണവുമാണ് ഓം പ്രണവം. അതിനാൽ ക്രൈസ്തവാരാധനയിൽ ഒരിക്കലും അതുപയോഗിക്കുവാൻ പാടുള്ളതല്ല. മാത്രമല്ല, ഓം ഹൈന്ദവദൈവാരാധനയുടെ അവശ്യവും അവിഭാജ്യവുമായ ഘടകവുമാണ്...”

ദൈവാരാധനയിൽ ഓം ഉപയോഗിക്കുക ക്രൈസ്തവ വിശ്വാസത്തിന് അനുസൃതമല്ലെങ്കിൽ പ്രാർത്ഥനയിലും അതിനു സ്ഥാനം ഇല്ലല്ലോ. വിശ്വാസത്തിൽ അധിഷ്ഠിതമാണ് ആരാധനയും പ്രാർത്ഥനയും. പത്തു പതിനയ്യായിരം  ക്രൈസ്തവർ "ഓങ്കാര" ത്തിന് പുതിയൊരു വ്യാഖ്യാനം നൽകിയാലും,  ക്രൈസ്തവമായ ഒരു അർത്ഥം കൽപ്പിച്ചു കൊണ്ട് ഉരുവിട്ടാലും, ലോകമെങ്ങുമുള്ള നിഖണ്ടുകളിൽ കൊടുത്തിരിക്കുന്ന അതിന്റെ അർത്ഥവും മാറ്റിയെഴുതുന്നതിനോ മായിച്ചു കളയുന്നതിനോ സാധിക്കുകയില്ല.

 ഹിന്ദുമതത്തിൽ ദീർഘകാലമായി ഉപയോഗത്തിലിരിക്കുന്ന സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് ക്രിസ്തുമത ദർശനങ്ങൾ വിനിമയം ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. അനുവാചകർ ഗ്രഹിക്കുന്ന ആശയം വ്യത്യസ്തമായിരിക്കും. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അവതരണത്തിലും വിവർത്തനത്തിലും പ്രതിബിംബിക്കാം..

ക്രൈസ്തവരുടെ ആദ്ധ്യാത്മിക ജീവിതവും ദൈവാരാധനയും വിശ്വാസത്തിലും ക്രൈസ്തവ പാരമ്പര്യത്തിലും അധിഷ്ഠിതമായിരിക്കണം. അവയെല്ലാം അവഗണിച്ച് അന്യ മതങ്ങളെ ആശ്രയിക്കേണ്ടതില്ല.നമ്മുടെ ആധ്യാത്മിക ജീവിതത്തെ ധന്യമാക്കുന്നതിനു വേണ്ടത്ര നിധിയും ജീവജലവും ബൈബിളിൽ തന്നെ കണ്ടെത്താനാകും..

പൗലോസ് അപ്പസ്തോലൻ ഇപ്രകാരം ദൈവജനത്തിന് മുന്നറിയിപ്പ് നൽകുന്നു: "എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്‌മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക". (2 കോറിന്തോസ്‌ 11 : 4)

വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ  ഏഷ്യയിലെ സാംസ്കാരികാനുരൂപണത്തിന്റെ പ്രചാരകരായ മെത്രാന്മാർക്കും  വൈദീകർക്കും  നൽകുന്ന ഉദ്ബോധനം : "സാംസ്കാരികാനിരൂപണപരമായ ദൈവശാസ്ത്രം, പ്രത്യേകിച്ച് ക്രിസ്തുശാസ്ത്രത്തിന്റെ മേഖലയിൽ, വികസിപ്പിച്ചെടുക്കുന്ന സൂക്ഷമമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ദൈവശാസ്ത്രജ്ഞന്മാരെ (മെത്രാന്മാരുടെ) സിനഡ് പ്രോത്സാഹിപ്പിച്ചു.
ധീരതയോടുകൂടി, വിശുദ്ധലിഖിതങ്ങളോടും  സഭാപാരമ്പര്യത്തോടുമുള്ള വിശ്വസ്തതയിൽ,  സഭയുടെ പ്രബോധനാധികാരത്തോടുള്ള ആത്മാർത്ഥമായ ദൃഢബന്ധത്തോടെ, അജപാലനപരമായ യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ബോധത്തോടെ,  ഈ (സാംസ്കാരികാനുരൂപണത്തിന്റെ) ദൈവശാസ്ത്ര  ക്രോഢീകരണം  നടത്തണമെന്ന്  അവർ ആവശ്യപ്പെട്ടു. അജപാലകരോടും  ജനങ്ങളോടുമുള്ള  ഐക്യത്തിന്റെ  ചൈതന്യത്തിൽ   ജോലിചെയ്യാൻ  ദൈവശാസ്ത്രജ്ഞന്മാരെ  ഞാനും നിർബന്ധിക്കുന്നു.   ആ  പരസ്പരബന്ധത്തിൽ,  ഒരിക്കലും തമ്മിൽ ഭിന്നിക്കാതെ,,"വിശ്വാസത്തിന്റെ യഥാർത്ഥ അർത്ഥത്തെപ്പറ്റി (sensus fidei) അവർ  ചിന്തിക്കണം.   ആ അർത്ഥം ഒരിക്കലും കാണപ്പെടാതിരിക്കരുത് ".  ദൈവശാസ്ത്രപരമായ ജോലി എപ്പോഴും ക്രൈസ്തവരുടെ വികാരങ്ങളോടുള്ള ആദരവിനാൽ നയിക്കപ്പെടണം.   സാംസ്കാരികാനുരൂപണം  സാധിച്ച വിശ്വാസപ്രകാശനത്തിന്റെ രൂപങ്ങളിലേക്ക് പടിപടിയായുള്ള വളർച്ചയിൽ ആളുകൾക്ക് ആശയക്കുഴപ്പമോ ഉതപ്പോ ഉണ്ടാകാതിരിക്കാൻവേണ്ടിയാണിത്.  ഓരോ സന്ദർഭത്തിലും സാംസ്കാരികാനുരൂപണം  സുവിശേഷവുമായുള്ള ചേർച്ചയാൽ നയിക്കപ്പെടണം;  സാർവ്വത്രിക സഭയുടെ വിശ്വാസത്തോട് ഐക്യപ്പെട്ടിരിക്കണം ; സഭയുടെ പാരമ്പര്യത്തോടു പൂർണമായും യോജിച്ചിരിക്കണം ;  ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടുകൂടിയതുമായിരിക്കണം.   സ്വന്തം സംസ്കാരത്തിന്റെ കണ്ണുകളിലൂടെ ക്രൈസ്തവവിശ്വാസത്തെ കൂടുതൽ വ്യക്തമായി കാണുന്നു എന്നതുകൊണ്ട് ആളുകൾ അതിനോട് കൂടുതൽ സമർപ്പണബുദ്ധിയുള്ളവരാകുന്നുണ്ടോ ഇല്ലയോ എന്നു ശ്രദ്ധിക്കണം.  ഇതാണ് യഥാർത്ഥ സാംസ്കാരികാനുരൂപണത്തിന്റെ പരിശോധന".

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇപ്രകാരം പഠിപ്പിക്കുന്നു : "തങ്ങൾക്കുവേണ്ടിയാണ് (സാംസ്കാരികാനുരൂപണത്തിന്റെ പേരിൽ നടത്തുന്ന) വൈകൃതങ്ങൾ വന്നുഭവിക്കുന്നതെങ്കിലും വാസ്തവത്തിൽ ആരാധനാസമൂഹം അതിന്റെ പേരിൽ വിഷമിക്കുകയാണ്. കേവലം ബാഹ്യമായ രൂപഭാവങ്ങളിലുള്ള മാറ്റം സംസ്ക്കാരികാനുരൂപണം അല്ലെന്നു മാത്രമല്ല, സംസ്ക്കാരികാനുരൂപണമെന്ന വിഷയത്തെ പറ്റി ഏറെ തെറ്റിധാരണയ്ക്കു തന്നെ അത് വഴിതെളിക്കുകയും ചെയ്യും. മാത്രമല്ല തികച്ചും ബാഹ്യവും ഉപരിപ്ലവുമായ രീതിയിലാണ് ആരാധനാരൂപങ്ങൾ കടമെടുത്തിരിക്കുന്നത്. ആ മത- സാംസ്കാരികസമൂഹങ്ങളെ ഇത് വഴിയായി അവഹേളിക്കുക കൂടെയായിരിക്കും ചെയ്യുക".

References:

1.  "തിരുസഭയും മിശിഹാരഹസ്യവും, പേജ് 47, 48, 49,54, 55, 56, 57  " (ബിഷപ്പ് അബ്രഹാം മറ്റം)

2. "ഏഷ്യയിലെ  സഭ" നമ്പർ 22,  വി. ജോൺ പോൾ രണ്ടാമൻ  മാർപാപ്പ

3. "ഭൂമിയുടെ ഉപ്പ്",  ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുമായുള്ള അഭിമുഖം.




Article URL:







Quick Links

മായം ചേർത്ത ക്രിസ്തുമതവും ഹൈന്ദവരുടെ പ്രത്യാഘാതവും

 ബ്രഹ്മാവ്,  വിഷ്ണു,  ശിവൻ, കൃഷ്ണൻ തുടങ്ങിയ ദേവന്മാരെയും വേദങ്ങളെയും അംഗീകരിക്കാത്ത ക്രൈസ്തവർക്ക് അവരുടെ പ്രതീകമായ ഓം പ്രണവം ചെയ്യുന്നത് ശരിയായിരിക്കുമോ?  മിശിഹായെ ആദരിക്കുന്ന ഹ... Continue reading


"ഭാരത കത്തോലിക്കാ സഭയിലെ തെറ്റായ സാംസ്കാരികാനുരൂപണത്തിന്റെ (False Inculturation or Paganism) വക്താക്കളുടെ ന്യായങ്ങൾ ?? "

ഇന്ത്യയിലെ കത്തോലിക്കാ സഭയിൽ തെറ്റായ സാംസ്കാരികാനുരൂപണത്തിനറെ വാക്താക്കൾ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് അഭിവന്ദ്യ അബ്രഹാം മറ്റം പിതാവിനറെ ഈ വെളിപ്പെടുത്തലുകൾ. "കമ്മ്യൂണിറ്റി ബൈബിളും ,ഓണം കുർബാനയും ,&n... Continue reading