Home | Articles | 

jintochittilappilly.in
Posted On: 12/06/21 15:39
സഹനം

 

സഹനം
 
"ഒരു മനുഷ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു". (റോമ 5:12).
 
മനുഷ്യ സഹനങ്ങളുടെ മൂല കാരണം പാപമാണ്.
 
"സഹനം വരാതിരിക്കാൻ ഒന്നും ആഗ്രഹിക്കാതിരിക്കുക" -ശ്രീ ബുദ്ധൻ.
 
"സഹനമുള്ളവർ എല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം". - കർത്താവായ ഈശോ മിശിഹാ.
 
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട്‌ ഭാരം കുറഞ്ഞതുമാണ്‌. (മത്തായി 11 : 28-30) 
 
ഈ ലോകം ദൈവം സൃഷ്ടിച്ചപ്പോൾ സഹനമോ  ദുരിതമോ ഇല്ലായിരുന്നു ..
ദൈവം അത് ആഗ്രഹിച്ചിരുന്നില്ലതാനും (ദൈവം മനുഷ്യനെ അനശ്വരതയ്‌ക്കുവേണ്ടി സൃഷ്‌ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മിച്ചു.
പിശാചിന്റെ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്‌ഷക്കാര്‍ അനുഭവിക്കുന്നു. ജ്‌ഞാനം 2 : 23-24).
 
ആദിമാതാപിതാക്കളുടെ അനുസരണക്കെട് മൂലം സഹനവും ദുരിതവും  രോഗവും മരണവും       മനുഷ്യകുലത്തിലേക്ക് പ്രവേശിച്ചു.. നിത്യ സ്നേഹവും നിത്യസമാധാനവും നിത്യജീവനും നിത്യസന്തോഷവും ആയവനെ അവർ നിരാകരിച്ചു...അതിന് വിപരീതമായവയെ സ്വീകരിക്കാൻ നിത്യനാശത്തിന്റെ വക്താവിന്റെ വാക്കുകൾ അനുസരിച്ചു.. ..
 
ജീവിത സ്വാന്തന്ത്ര്യം ഉള്ളവനായി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവത്തിന്റെ വചനത്തെ നിഷേധിച്ച് സാത്താന്റെ വചനത്തിനു അടിമപ്പെട്ടപ്പോൾ മാനവരാശിയിലേക്ക് പാപം കടന്നു വന്നു.
 
ആയതിനാൽ, സഹനം വരുമ്പോൾ നാം ഒരിക്കലും നല്ലവനായ ദൈവത്തെ പഴിക്കരുത്..
 
മനുഷ്യൻ നശിക്കാതിരിക്കാനും അവനു നിത്യതയെ കുറിച്ചുള്ള ബോധ്യം ലഭിക്കാനുമാണ് ഈ ലോക ജീവിതത്തിൽ ദൈവം സഹനം അനുവദിക്കുന്നത്. ലോക നൈമീഷിക സുഖത്തിൽ മുഴുകാതെ തങ്ങളുടെ ഉൾ നേത്രങ്ങളെ നിത്യതയിലേക്ക് ഉയർത്താനാണ് ഈ സഹനമെല്ലാം.
 
ഇത്‌ അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്‌ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്‌. എങ്കിലും, അവിടുന്ന്‌ നമ്മിലാരിലും നിന്ന്‌ അകലെയല്ല.
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 27) 
 
പാപം മൂലം കടന്നു വന്ന സഹനത്തെ ദൈവം തന്റെ പുത്രന്റെ മനുഷ്യാവതാരം വഴി (സഹനത്തിലൂടെ സഞ്ചരിച്ച് ) അതിന്റെ മൂല കാരണമായ പാപത്തെ പരാജയപെടുത്തി. (റോമ 8:3)
 
പാപത്തെ തോല്പിക്കണമെങ്കിൽ യേശു സഞ്ചരിച്ച വഴിയിലൂടെ ഓരോ മനുഷ്യനും സഞ്ചരിക്കേണ്ടിയിരിക്കുന്നു.  "അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു" .(1 യോഹന്നാന്‍ 2 : 6) അത് വരെ സഹനം ഒരു ശാപമായി കരുതിയിരുന്ന മനുഷ്യന് യേശു അത് രക്ഷയിലേക്കുള്ള എളുപ്പ മാർഗമാക്കി മാറ്റി...
"ക്രിസ്‌തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെരക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ്‌ എന്ന്‌ എഴുതിയിരിക്കുന്നു" (ഗലാത്തിയാ 3 : 13) 
 
സഹിക്കുന്ന ഒരുവന്റെ കൂടെ യേശുവുണ്ട്..അതിനെ അതിജീവിക്കാനുള്ള ശക്തിയും കൃപയും മനുഷ്യന് അവിടുന്ന് പ്രദാനം ചെയ്യുന്നു. സഹനം വഴി നിത്യതയിലേക്കുള്ള മനുഷ്യന്റെ ഉൾ കണ്ണ് യേശു തുറന്നു തരികയും ചെയ്തു..
 
നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്‌; പിന്നെയോ, ഒരിക്കലും പാപംചെയ്‌തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്‌ഷിക്കപ്പെട്ടവനാണ്‌ അവന്‍ .
അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.
(ഹെബ്രായര്‍ 4 : 15-16) 
 
ആര്‍ക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനില്‍ക്കുന്നുവോ, ആര്‌ അനേകം പുത്രന്‍മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്‌ഷയുടെ കര്‍ത്താവിനെ അവിടുന്നു സഹനംവഴി പരിപൂര്‍ണനാക്കുക തികച്ചും ഉചിതമായിരുന്നു.(ഹെബ്രായര്‍ 2 : 10) 
 
പാപത്തെ ഹൃദയത്തിൽ നിന്നും വെറുത്തു ഉപേക്ഷിക്കാൻ ദൈവകൃപയോട് സഹകരിക്കുന്നവർക്കാണ്  സഹനം നിത്യജീവനിലേക്കുള്ള വഴിയായി തീരുന്നത്.
 
നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്‌. രക്‌ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്‌തിയത്ര.
(1 കോറിന്തോസ്‌ 1 : 18) 
 
ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്‌മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.
(റോമാ 8 : 13) 
 
അതുകൊണ്ടാണ് ,യേശു പറഞ്ഞത് : ഞാൻ വഴിയും ,സത്യവും ,ജീവനുമാണ് എന്ന് (യോഹന്നാൻ 14:6). 
 
യേശുവാകുന്ന വഴിയിലൂടെ സഞ്ചരിച്ചാലെ പാപത്തിന്റെ ബന്ധനങ്ങളെ  തകർക്കാൻ മനുഷ്യന് സാധിക്കൂ .. യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്‌.
അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു.
അതുകൊണ്ട്‌ പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും.(യോഹന്നാന്‍ 8 : 34-36) 
 
സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന്‌ എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല.(ലൂക്കാ 14 : 27) 
 
ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല.
(യോഹന്നാന്‍ 15 : 5) 
 
മാനവരാശിയുടെ അന്ത്യം വരെ സഹനം ഉണ്ടാകും..ശരീരമുള്ളിടത്തോളം കാലം സഹനവും രോഗവും വേദനകളും കാണും.. ജീവിതത്തിലെ എല്ലാ ഭൗതീക പ്രശ്നങ്ങളും  പരിഹരിച്ചു ഭൂമിയിൽ ഞാൻ സ്വർഗം സ്ഥാപിക്കും എന്നൊരു വാഗ്ദാനവും ഈശോ നൽകിയിട്ടില്ല..  
 
ഈശോ സഹനം ഒരിക്കലും ഉണ്ടാകില്ലെന്നും വാഗ്ദാനം ചെയ്യുന്നില്ല. 
 
"സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും... ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു". 
(യോഹന്നാന്‍ 16 : 20,33)
 
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 164 ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നുണ്ട് :
 
" ഇപ്പോൾ “നമ്മൾ ചരിക്കുന്നതു വിശ്വാസത്താലാണ്, കാഴ്ചയാലല്ല. കണ്ണാടിയിലൂടെ അവ്യക്തമായി, ഭാഗികമായി മാത്രം നമ്മൾ ദൈവത്തെ അറിയുന്നു. വിശ്വാസത്തിന്റെ വിഷയമായ ദൈവത്താൽ തന്നെ വിശ്വാസം പ്രകാശിതമാണെങ്കിലും വിശ്വാസജീവിതം പലപ്പോഴും അന്ധകാരമയമാണ്. വിശ്വാസം പരീക്ഷണത്തിനു വിധേയമായേക്കാം. വിശ്വാസം വാഗ്ദാനം ചെയ്യുന്നവയിൽനിന്നു വളരെ ദൂരത്താ യിട്ടാണു നാം ജീവിക്കുന്ന ലോകം പലപ്പോഴും കാണപ്പെടുന്നത്. നമുക്കുണ്ടാകുന്ന തിൻമയുടെയും സഹനത്തിന്റെയും ബഹുവിധ അനീതിയുടെയും മരണത്തിൻറ
യും അനുഭവങ്ങൾ സുവിശേഷത്തിനു വിരുദ്ധമായി തോന്നും. ഇവയ്ക്ക് നമ്മുടെ വിശ്വാസത്തെ ഇളക്കാനും അതിനെതിരേയുള്ള പ്രലോഭനമായിത്തീരാനും കഴിയും". 
 
എങ്കിലും അതിനെ അതിജീവിക്കാനും അതിന്റെ മേൽ ചവിട്ടി നടക്കാനുമുള്ള അധികാരം തന്നിൽ വിശ്വസിക്കുന്നവർക്കും തന്നെ സ്വീകരിക്കുന്നവർക്കും അവിടുന്ന് നല്കുന്നു. (തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
യോഹന്നാന്‍ 1 : 12 ,ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്‌തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.
ലൂക്കാ 10 : 19)
 
സ്നേഹിക്കുന്നവന് സഹനം വേദനയുള്ളതല്ല.. സ്നേഹിക്കുന്നവന് സഹനം സ്വീകരിക്കാൻ മടികാണില്ല... നമ്മിൽ സ്നേഹമില്ലെങ്കിൽ സഹനം താങ്ങാൻ സാധ്യമല്ല..  ഈശോയുടെ പീഡാസഹനവും കുരിശുമരണവും ധ്യാനിക്കുക..
 
സ്നേഹമില്ലാതെയുള്ള സഹനം നരകതുല്യമാകും..അതുകൊണ്ട്, സഹിക്കുന്നവൻ ക്രിസ്തുവിനോട് ചേർന്ന് നിൽക്കുക.. അങ്ങനെ സഹനത്തെ രക്ഷാകരമാക്കാം.. "നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു" . 
കൊളോസോസ്‌ 1 : 24
 
ഇപ്പോള്‍ എന്റെ ആത്‌മാവ്‌ അസ്വസ്‌ഥമായിരിക്കുന്നു. ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറില്‍നിന്ന്‌ എന്നെ രക്‌ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്‌.(യോഹന്നാന്‍ 12 : 27) 
 
ആയതിനാൽ പ്രിയരെ .. പാപത്തെ തോല്പ്പിക്കാൻ നമുക്കും യേശുവിന്റെ കരം പിടിച്ചു സഹനത്തിന്റെ പാതയിലൂടെ ആനന്ദത്തോടെ സഞ്ചരിക്കാം..നിത്യജീവനിലേക്ക്...
 
അവിടുന്ന്‌ എനിക്ക്‌ ഉന്‍മേഷം നല്‍കുന്നു;തന്റെ നാമത്തെപ്രതി നീതിയുടെപാതയില്‍ എന്നെ നയിക്കുന്നു.മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും,അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക്‌ ഉറപ്പേകുന്നു.
(സങ്കീര്‍ത്തനങ്ങള്‍ 23 : 3-4)
 
ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല; നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്റെ അര മുറുക്കും.കിഴക്കും പടിഞ്ഞാറും ഉള്ള എല്ലാവരും ഞാനാണു കര്‍ത്താവ്‌, ഞാനല്ലാതെ മറ്റൊരുവനില്ല എന്ന്‌ അറിയുന്നതിനും വേണ്ടിത്തന്നെ.ഞാന്‍ പ്രകാശം ഉണ്ടാക്കി; ഞാന്‍ അന്‌ധകാരം സൃഷ്‌ടിച്ചു; ഞാന്‍ സുഖദുഃഖങ്ങള്‍ നല്‍കുന്നു. ഇതെല്ലാം ചെയ്‌ത കര്‍ത്താവ്‌ ഞാന്‍ തന്നെ.(ഏശയ്യാ 45 : 5-7) 
 
സകലത്തെയും തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ശക്‌തിവഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും.
(ഫിലിപ്പി 3 : 21) 
 
 യേശുക്രിസ്‌തുവില്‍ എന്റെ സ്‌നേഹം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!
(1 കോറിന്തോസ്‌ 16 : 24) 
 
കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ ...
 
 
 



Article URL:







Quick Links

സഹനം

സഹനം   "ഒരു മനുഷ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു". (റോമ 5:12).   മനുഷ്യ സഹനങ്ങളുടെ... Continue reading


മനുഷ്യസഹനങ്ങളും ദൈവൈക്യവും

 "എപ്പോഴും ക്രിസ്തുവഴി പരിശുദ്ധാത്മാവിനാൽ നല്കപ്പെടുന്നതും സഭയോട് രഹസ്യാത്മകമായ ബന്ധമുള്ളതുമാണ്  ദൈവത്തിന്റെ രക്ഷാകര കൃപ". [കത്തോലിക്കാസഭയുടെ വിശ്വാസസത്യ തിരുസംഘത്തിന്റെ  പ്രമാണരേഖ... Continue reading