Home | Articles | 

jintochittilappilly.in
Posted On: 08/08/20 23:47
ഒന്നാംപ്രമാണത്തെയും മനുഷ്യരക്ഷയെയും സംബന്ധിക്കുന്ന ദൈവശാസ്ത്രാവതരണങ്ങളിലെ വീഴ്ചകൾ [കത്തോലിക്കാ വിശ്വാസവിചാരം]

 


ഈയിടെയായി കത്തോലിക്കാ  വിശ്വാസികളുടെയിടയിൽ ശക്തമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന തെറ്റായ ദൈവശാസ്ത്ര അവതരണങ്ങൾ പലതും തന്നെ സത്യവിശ്വാസത്തിൽ നിന്നും നമ്മെ അകറ്റുന്നവയാണ്. അതും സഭയുടെ ഉന്നത ശ്രേണി അലങ്കരിക്കുന്നവരിൽ നിന്നും വരുമ്പോൾ ഗൗരവതരം തന്നെ . കത്തോലിക്കാ സഭ ഏകാധിപതിയുടെ സാമ്രാജ്യമല്ല, മറിച്ച് ദൈവഭവനമാണ്. വ്യക്തികളുടെ  മാഹത്മ്യത്തെ പരിഗണിച്ചുകൊണ്ട്, പരസ്യമായി ഗുരുതരമായ വിശ്വാസവീഴ്ചകൾ സ്നേഹപൂർവ്വം  ചൂണ്ടിക്കാണിക്കുന്നതിൽ കത്തോലിക്കാ വിശ്വാസം എതിര് നിൽക്കുന്നില്ല. വിശ്വാസംവീഴ്ചവരുത്തുന്നത് വ്യക്തികളും സമൂഹങ്ങളുമായതിനാൽ, പലപ്പോഴും      സ്നേഹപൂർവകമായ തിരുത്തലുകളെ   വിധി ആരോപിക്കലായി കരുതുകയും, ഇത്തരം തിരുത്തലുകൾ തങ്ങളിലുള്ള  ചില വ്യക്തികളോടുള്ള ആരാധനസങ്കല്പങ്ങൾക്കു  ക്ഷതമേല്പിക്കുന്നതിനാൽ അരോചകമായും തോന്നുകയും ചെയ്തേക്കാം . സത്യവിശ്വാസം പരസ്യമായി ചില വ്യക്തികളാൽ പ്രത്യേകിച്ചു സഭ അധികാരികളാൽ തന്നെ  തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോൾ   സ്നേഹപൂർവ്വം അവയെ തിരുത്താൻ കത്തോലിക്കാ വിശ്വാസത്തെ സ്നേഹിക്കുന്ന ഏതൊരു വിശ്വസിക്കും കടമയുണ്ടെന്ന് സാരം. ഇതേകുറിച്ച്,  സഭയിലെ ദൈവശാസ്ത്രപണ്ഡിതരിൽ പ്രമുഖനും വേദപാരംഗതനുമായ വിശുദ്ധ തോമസ് അക്വിനാസ് തന്റെ സുമ്മ തീയോളജിയിൽ സഭാമക്കൾക്കുള്ള "സാഹോദര്യ തിരുത്തൽ" നിർദേശങ്ങളിൽ പഠിപ്പിക്കുന്നുണ്ട്. കത്തോലിക്കാ വിശ്വാസപ്രകാരം, പരിശുദ്ധ ത്രീത്വത്തെ മാത്രമേ ആരാധിക്കാൻ അനുമതിയുള്ളൂ; സഭാധികാരികളെ ആരാധിക്കാൻ അനുമതിയില്ല, മറിച്ച് കർത്താവിൽ അവർ പറയുന്ന കാര്യങ്ങൾ അനുസരിക്കാൻ കടമയുണ്ട്. "കർത്താവിൽ അനുസരിക്കുകയെന്നു" പറയുമ്പോൾ അവരുടെ വാക്കുകൾ നല്ലയിടയനായ ഈശോയുടെ വാക്കുകളുമായി ഒത്തുപോകുന്നത് മാത്രം സ്വീകരിക്കുക എന്നർത്ഥം.

കത്തോലിക്കാ വിശ്വാസപ്രകാരം, വ്യക്തികളുടെ മാഹാത്മ്യത്തോടുള്ള ആദരവ് അപരന്റെ ആത്മാവിനോടുള്ള ബഹുമാനവും ഉൾകൊള്ളുന്നു. അതിനാൽ, ഉതപ്പ് നൽകുന്നതു അപരനോടുള്ള അനാദരവാണ്‌.

"അപരനെ തിന്മയിലേക്ക് നയിക്കുന്ന മനോഭാവമോ പ്രവർത്തിയോ ആണ് ഉതപ്പ്‌. ഉതപ്പ്‌ നൽകുന്ന വ്യക്തി അപരന്റെ പ്രലോഭകനാകുന്നു; അവൻ തന്റെ സഹോദരനെ ആത്‌മീയ മരണത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യാം. പ്രവർത്തിയാലോ ഉപേക്ഷയാലോ അപരനെ ഗൗരവ പൂർണമായ തെറ്റിലേക്ക് മനപൂർവ്വം നയിച്ചാൽ ഉതപ്പ്‌ ഗൗരവഹമായ ഒരു കുറ്റമാണ്". [ സി സി സി #2284]

വീണ്ടും,

"ഇടർച്ചയ്ക്കു കാരണമാകുന്നവരുടെ പ്രാമുഖ്യം കൊണ്ടും അല്ലെങ്കിൽ ഇടർച്ചയ്ക്കു വിധേയരാകുന്നവരുടെ ബലഹീനതകൊണ്ടും ഉതപ്പിനു പ്രത്യേകമായ ഗൗരവം കൈവരുന്നു. അതുകൊണ്ടാണ് നമ്മുടെ കർത്താവ് ഇപ്രകാരം ശപിച്ചത്: "എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന്   ഇടർച്ചയ്ക്കു കാരണമാകുന്നവനാരോ അവന്റെ കഴുത്തിൽ ഒരു വലിയ തിരിക്കല്ല്  കെട്ടി ആഴിയുടെ  ആഴത്തിലേക്കു താഴ്ത്തപ്പെടുന്നതായിരിക്കും അവനു നല്ലത്‌". സ്വാഭാവികമായോ ഔദ്യോഗികമായോ മറ്റുള്ളവരെ പഠിപ്പിക്കാനും നയിക്കാനും കടപ്പെട്ടവർ ഉതപ്പു നൽകുമ്പോൾ അത് ഗുരുതരമാകുന്നു. ഇക്കാരണത്താൽ യേശു നിയമജ്ഞരെയും ഫരിസേയരെയും കുറ്റപ്പെടുത്തുന്നു, അവരെ കുഞ്ഞാടിന്റെ വേഷത്തിലുള്ള ചെന്നായ്ക്കളോട്‌ ഉപമിക്കുന്നു" [സി സി സി #2285]

തുടർന്ന്,

നിയമം, ആചാരങ്ങൾ , ശൈലി, അഭിപ്രായം എന്നിവ  ഉതപ്പിനു ഹേതുവാകാം. അതിനാൽ, ധാർമ്മികാധഃപതനത്തിലേക്കോ മതാത്മക ജീവിതത്തിന്റെ ജീർണ്ണതയിലേക്കോ നയിക്കുന്ന നിയമങ്ങളോ സാമൂഹിക സംവിധാനങ്ങളോ ഉണ്ടാക്കുന്നവർ ഉതപ്പിന് കുറ്റക്കാരാണ്..... മറ്റുള്ളവരെ തെറ്റിലേക്ക്‌ നയിക്കത്തക്കവണ്ണം തന്റെ അധികാരം ഉപയോഗിക്കുന്ന ഏതൊരാളും ഉതപ്പിനു കുറ്റക്കാരനാകുകയും, പ്രത്യക്ഷമായോ പരോക്ഷമായോ  താൻ പ്രോത്സാഹിപ്പിച്ച തിന്മയ്ക്കു ഉത്തരവാദിയാകുകയും ചെയ്യുന്നു. "ദുഷ്പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാധ്യം;എന്നാൽ ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! [സി സി സി #2286, 2287]

സ്വാഭാവികമായോ ഔദ്യോഗികമായോ മറ്റുള്ളവരെ പഠിപ്പിക്കാനും നയിക്കാനും കടപ്പെട്ടവർ :"ക്രിസ്തുവിന്റെ പ്രത്യാഗമനം വരെ സഭ അപ്പസ്തോലന്മാരാൽ തുടർന്നും പഠിപ്പിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അജപാലന  ജോലിയിൽ അപ്പസ്തോലന്മാരുടെ പിൻഗാമികളാണ് മെത്രാന്മാരുടെ സംഘം"[സി സി സി #857]

ഓരോ വിശ്വസിക്കും തെറ്റുകൂടാതെ പിൻചെല്ലാൻ  വി ഗ്രന്ഥവും വി പാരമ്പര്യവുമുണ്ട് [വിശ്വാസ നിക്ഷേപം].  എന്നാൽ, ഇന്ന് വിശ്വാസത്തിന്റെ ഈ മഹാ സമ്പത്തു പലപ്പോഴും വ്യക്തിപൂജകളുടെപേരിൽ നിഷേധിക്കുന്നത് വേദനപൂർവ്വം കാണാനിടയായതിനാൽ ഇത്തരം ഒരു ഉദ്യമത്തിന് ദൈവാത്മാവ് ഈ നിസാരനായവനെ  പ്രേരിപ്പിക്കുകയായി. തെറ്റായ വിശ്വാസവതരണങ്ങൾ കത്തോലിക്കാ സഭയ്ക്കകത്തുണ്ടെന്നതിനു തെളിവാണ് താഴെ കൊടുത്തിരിക്കുന്ന ഭാഗം.

കത്തോലിക്കാസഭയുടെ വിശ്വാസസത്യ തിരുസംഘത്തിൻറെ പ്രമാണരേഖ "കർത്താവായ യേശു",നമ്പർ 4 ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു:

ഇന്ന് സഭയുടെ സ്ഥിരപ്രേഷിത പ്രഘോഷണത്തെ ആപേക്ഷികതാവാദപരമായ സിദ്ധാന്തങ്ങൾ ( relativistic theories ) അപകടപ്പെടുത്തുന്നുണ്ട്‌.  മതങ്ങളുടെ ബഹുത്വത്തെ (religious pluralism) നീതിമത്കരിക്കാൻ പരിശ്രമിക്കുന്ന ആ സിദ്ധാന്തങ്ങൾ, തത്ത്വത്തിലും പ്രയോഗത്തിലും, അപ്രകാരം ചെയ്യുന്നു.  അതിന്റെ അനന്തരഫലമായി, ചില സത്യങ്ങളെ അസ്ഥിരപ്പെടുത്തിയതായി കരുതുന്നു.  ഉദാഹരണത്തിന്, യേശുക്രിസ്തുവിന്റെ വെളിപാടിന്റെ അന്തിമവും ( definite ) പൂർണവുമായ സ്വഭാവം, മറ്റു മതങ്ങളിലെ വിശ്വാസവുമായി താരതമ്യം ചെയ്യുമ്പോൾ ക്രൈസ്തവ വിശ്വാസത്തിന്റെ സ്വഭാവം, വേദപുസ്തകത്തിന്റെ ദൈവനിവേശിതസ്വഭാവം, നിത്യവചനവും നസ്രത്തിലെ യേശുവും തമ്മിലുള്ള വ്യക്തിപരമായ ഐക്യം, മനുഷ്യാവതാരം ചെയ്ത വചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും രക്ഷാപദ്ധതിയുടെ ഐക്യം, യേശുക്രിസ്തുവെന്ന രഹസ്യത്തിന്റെ ഏകത്വവും രക്ഷാകരസാർവ്വത്രികതയും, സഭയുടെ സാർവ്വത്രിക രക്ഷാകരമാധ്യസ്ഥ്യം, ദൈവരാജ്യം ക്രിസ്തുരാജ്യം സഭ, എന്നിവ തമ്മിൽ വ്യത്യാസമുണ്ടെങ്കിലും അവയുടെ അവിഭാജ്യത, കത്തോലിക്കാസഭയിൽ ക്രിസ്തുവിന്റെ ഏകസഭയുടെ നിലനിൽപ്പ്‌ എന്നിവ അസ്ഥിരപ്പെട്ടതായി അഭിപ്രായപ്പെടുന്നു.  ദൈവശാസ്ത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും സ്വഭാവമുള്ള ചില മുൻധാരണകളിലാണ് ( presuppositions ) ഈ പ്രശ്നങ്ങളുടെ വേരുകൾ കിടക്കുന്നത്‌.  ആ ധാരണകൾ, വെളിവാക്കപ്പെട്ട സത്യത്തെക്കുറിച്ചുള്ള അറിവിനെയും അതിന്റെ അംഗീകാരത്തെയും തടസ്സപ്പെടുത്തുകയാണ്.

അവയിൽ ചിലത്‌ ഇവിടെ സൂചിപ്പിക്കാം.

1.  ക്രൈസ്തവ വെളിപാടിൽനിന്നു പോലും ദൈവികസത്യം വഴുതിപ്പോവുകയും അവാച്യമായിരിക്കുകയും ചെയ്യുന്നുവെന്ന അവബോധം.

2.  സത്യത്തെ സംബന്ധിച്ചുതന്നെ ആപേക്ഷിതാവാദപരമായ ( relativistic) മാനോഭാവങ്ങൾ.  ഈ മാനോഭാവമനുസരിച്ച്‌ ചിലരെ സംബന്ധിച്ച്‌ സത്യമായിട്ടുള്ളത്‌ മറ്റുള്ളവരെ സംബന്ധിച്ച്‌ സത്യമായിരിക്കുകയില്ല.

3.  പാശ്ചാത്യരുടെ യുക്ത്യാധിഷ്ഠിത മനോഭാവവും പൗരസ്ത്യരുടെ പ്രതീകാത്മകതയിൽ അധിഷ്ഠിതമായ മനോഭാവവും തമ്മിൽ ഉണ്ടെന്നുകരുതുന്ന മൗലികമായ വൈരുധ്യം.

4.  കർത്ത്യനിഷ്ഠതാവാദം (subjectivism) ഇത്‌, അറിവിന്റെ ഉറവിടമായി യുക്തിയെ മാത്രം പരിഗണിക്കുന്നു.  അങ്ങനെ അതിന്  “അത്യുന്നതങ്ങളിലേക്കു കണ്ണുയർത്താൻ കഴിവില്ലെന്നും സത്തയുടെ (being) സത്യത്തിലേക്ക്‌ ദൃഷ്ടിയുയർത്താൻ ധൈര്യമില്ലെന്നും" പറയുന്നു.

5.  ചരിത്രത്തിൽ നിയതവും യുഗാന്ത്യപരവുമായ സംഭവങ്ങളുണ്ടെന്ന് ഗ്രഹിക്കാനോ സ്വീകരിക്കാനോ പ്രയാസമാണന്ന ചിന്ത.

6.  നിത്യവചനത്തിനു ചരിത്രത്തിലുണ്ടായ മനുഷ്യാവതാരത്തെ, ചരിത്രത്തിൽ ദൈവം നടത്തിയ കേവലം ഒരു പ്രത്യക്ഷപ്പെടൽ മാത്രമായി ചുരുക്കുകയും സദ്വിജ്ഞാനപരമായി ആ സംഭവത്തെ ശൂന്യമാക്കുകയും ചെയ്യൽ.

7.. ദൈവശാസ്ത്രപരമായ ഗവേഷണത്തിൽ വിമർശനബുദ്ധിയില്ലാതെ, തത്ത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ വിവിധ സാഹചര്യങ്ങളിൽനിന്ന് സ്ഥിരതയോ ഘടനാപരമായ ബന്ധമോ ക്രൈസ്തവ സത്യത്തോടുള്ള പൊരുത്തമോ നോക്കാതെ, ചില ആശയങ്ങളെ സ്വീകരിക്കുന്ന സമ്പ്രദായത്തെ 'എക്ലേറ്റിസിസം' എന്നു പറയുന്നു".

8.  അവസാനമായി, പാരമ്പര്യത്തെയും സഭയുടെ പ്രബോധനാധികാരത്തെയും തള്ളിക്കളഞ്ഞുകൊണ്ട്‌ വേദപുസ്തകം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാനുള്ള പ്രവണത.

വിവിധ അർത്ഥഛായകളെ വ്യക്തമായി കാണിച്ചേക്കാവുന്ന ഇത്തരം മുൻധാരണകളുടെ അടിസ്ഥാനത്തിൽ, ദൈവശാസ്ത്രപരമായ ചില നിർദ്ദേശങ്ങളെ വികസിപ്പിച്ചെടുക്കുന്നു.  ചിലപ്പോൾ അഭിപ്രായങ്ങളായും ചിലപ്പോൾ സിദ്ധാന്തങ്ങളായും ( hypotheses) അവയെ അവതരിപ്പിക്കുന്നു.  അവയിൽ, ക്രൈസ്തവ വെളിപാടിനും, യേശുക്രിസ്തു, സഭ എന്നീ രഹസ്യങ്ങൾക്കും പ്രകൃത്യാ ഉള്ള സമ്പൂർണ്ണ സത്യത്തിന്റെയും രക്ഷാകരസാർവ്വത്രികതയുടെയും സ്വഭാവം നഷ്ടപ്പെട്ടതായി കാണിക്കുന്നു.  അല്ലെങ്കിൽ അവയുടെമേൽ സംശയത്തിന്റെയും തീർച്ചയില്ലായ്മയുടെയും നിഴൽ വിരിക്കുകയെങ്കിലും ചെയ്യുന്നു.[End Quote]

നമ്മുടെ ദൈവശാസ്ത്രജ്ഞന്മാരോടും ക്രൈസ്തവ പത്രപ്രവർത്തകരോടും ഞാൻ പ്രത്യേകം അഭ്യർത്ഥിക്കുകയാണ്: "സഭയുടെ ദൗത്യത്തിന് നിങ്ങൾ അർപ്പിക്കുന്ന സേവനങ്ങൾ കൂടുതൽ ഊഷ്മളമാക്കാണം. നിങ്ങളുടെ സേവനത്തിൻറെ അഗാധമായ അർത്ഥതലങ്ങളെ കണ്ടെത്തണം. "സഭയോടൊത്തു ചിന്തിക്കുക" (Sentire Cum Ecclesia) എന്ന തെറ്റാത്ത മാർഗ്ഗം നിങ്ങൾ സ്വീകരിക്കണം. [വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ;രക്ഷകൻറെ മിഷൻ, നമ്പർ 36]

"ഓരോ നല്ല ക്രൈസ്തവനും അപരനെ തെറ്റിൽ നിന്നു രക്ഷിക്കുന്നതിന് വേണ്ടി ശരിയായ ഒരു വ്യാഖ്യാനത്തിലേക്കു നയിക്കുവാൻ വേണ്ട സമുചിതമായ സകല മാർഗ്ഗങ്ങളും അവലംബിക്കട്ടെ" [വി ഇഗ്‌നേഷ്യസ് ലയോള ;ആധ്യാത്മിക സാധന , 22]

ജീവന്റെ വൃക്‌ഷത്തിന്‍മേല്‍ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്‌ധിയാക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.നായ്‌ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്‌. [വെളിപാട്‌ 22 : 14-15]

 
വിശ്വാസം അപകടത്തിലാകുന്ന അവസ്ഥയിൽ [if the faith were endangered] അധികാരത്തിനു വിധേയരായിരിക്കുന്നവർ  വേണ്ടി വന്നാൽ തങ്ങളുടെ  അധികാരിയെ പോലും പരസ്യമായി വിമർശിക്കേണ്ടതുണ്ട് [ought to rebuke his prelate even publicly]. ഇക്കാരണത്താൽ തന്നെയാണ് വിശുദ്ധ പത്രോസിന്റെ കീഴിലായിരുന്ന വിശുദ്ധ പൗലോസ് വിശ്വാസം വലിയ അപകടത്തിലാകും എന്ന അവസരത്തിൽ വിശുദ്ധ പത്രോസിനെ പരസ്യം ആയി തന്നെ വിമർശിച്ചത് [rebuked him in public].ഇത് സംബന്ധിച്ച് വിശുദ്ധ അഗസ്റ്റിൻ ഗലാത്തിയ 2:11  നെ കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: "ഏതു സമയത്തു പോലും സഭയുടെ   മേലധികാരികൾക്ക്  തെറ്റ് പറ്റാം  എന്നും  ആ  സമയത്തു തങ്ങളുടെ  കീഴിലുള്ളവരുടെ  അടുത്ത്  നിന്ന് തിരുത്തൽ സ്വീകരിക്കാൻ മടിക്കേണ്ടതില്ലെന്നും ഉള്ളതിന്റെ  മാതൃക  ആണ് വിശുദ്ധ പത്രോസ് എല്ലാ അധികാരികൾക്കും നൽകുന്നത്" ["Peter gave an example to superiors']. - വിശുദ്ധ തോമസ് അക്വിനാസ് Summa Theologiae (ii - ii, Question 33, article 4)
Article URL:Quick Links

ഒന്നാംപ്രമാണത്തെയും മനുഷ്യരക്ഷയെയും സംബന്ധിക്കുന്ന ദൈവശാസ്ത്രാവതരണങ്ങളിലെ വീഴ്ചകൾ [കത്തോലിക്കാ വിശ്വാസവിചാരം]

ഈയിടെയായി കത്തോലിക്കാ  വിശ്വാസികളുടെയിടയിൽ ശക്തമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന തെറ്റായ ദൈവശാസ്ത്ര അവതരണങ്ങൾ പലതും തന്നെ സത്യവിശ്വാസത്തിൽ നിന്നും നമ്മെ അകറ്റുന്നവയാണ്. അതും സഭയുടെ ഉന്നത ശ്രേണി അ... Continue reading


എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?

എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?   കത്തോലിക്കാ വിശ്വാസവിചാരം എന്‍െറ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്... Continue reading