Home | Articles | 

jintochittilappilly.in
Posted On: 09/08/20 00:09
അത്ഭുതങ്ങൾ (miracles) - വിശ്വാസവിചാരം

 


12 min read

എല്ലാത്തരം അതിശയങ്ങൾക്കും അപ്രതിരോധ്യമായ കാന്തിക ശക്തിയുണ്ട്. ലോകത്തിലെ സപ്താത്ഭുതങ്ങളും വഴിവക്കിൽ അരങ്ങേറുന്ന നാടൻ മാജിക്കും ആൾക്കൂട്ടത്തെ വലിച്ചടുപ്പിക്കുന്നതിന്റെ രഹസ്യമിതാണ്. മതാത്മക ജീവിതത്തിൽ അത്ഭുതങ്ങൾ ദൈവികതയുടെ ചിഹ്നങ്ങൾ പേറുന്നു. ഒരുകാലത്ത് ധ്യാനപ്രസംഗങ്ങളുടെ വിളമ്പരത്തിന്റെ ഭാഗമായിരുന്നു അത്ഭുതങ്ങളുടെ അകമ്പടി. വിശുദ്ധരിൽപോലും അത്ഭുതപ്രവർത്തകർക്കാണ് കൂടിയ ജനസമ്മതി. അത്ഭുതപവർത്തകനായ വിശുദ്ധ അന്തോണീസിന്റെ ജനകീയ പ്രചാരമൊന്നും വിശുദ്ധ തോമസ് അക്വീനാസിനില്ലല്ലോ. മാതാവിന്റെ ചിത്രങ്ങളിൽനിന്ന് ജലവും രക്തവും എണ്ണയും പുറപ്പെട്ടു എന്നു തുടങ്ങിയ വാർത്തകൾ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ അതിവേഗം പ്രചരിച്ചിരുന്നു. അതുപോലെ വിശുദ്ധ കുർബ്ബാനയോടു ബന്ധപ്പെട്ട അത്ഭുതവാർത്തകളും പലയിടങ്ങളിൽ നിന്നും കേൾക്കാറുണ്ട്. അകത്തോലിക്കരുടെയിടയിലും അക്രൈസ്തവ പശ്ചാത്തലത്തിലും അത്ഭുതവാർത്തകൾക്ക് പഞ്ഞമില്ല.
ക്രൈസ്തവപക്ഷത്തു നിന്ന്
അത്ഭുതങ്ങളെ നാം എങ്ങനെയാണ് മനസിലാക്കേണ്ടത് ? ഗൂഢവിദ്യകളുടെ നിഴൽ പ്രദേശത്തു വരുന്ന അതിശയങ്ങളാണോ അത്ഭുതങ്ങൾ ? അത്ഭുതങ്ങളിൽ വിശ്വസിക്കാൻ നമുക്ക് കടമയുണ്ടോ ? അത്ഭുതങ്ങളും ദൈവിക പരിവേഷമില്ലാത്ത അതിശയങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ് ? ഇത്തരം ചോദ്യങ്ങളാണ് ഇവിടെ നമ്മുടെ ചിന്താവിഷയം. അത്ഭുതങ്ങളും അത്ഭുതവാർത്തകളും വിസ്മയത്തിന്റെ വിഷയങ്ങളായി അവസാനിച്ചുകൂടാ. അവ ക്രൈസ്തവോചിതമായ വിലയിരുത്തലുകൾ ആവശ്യപ്പെടുന്നു.

 ഒരു മൂന്നിതൾ  പുഷ്പം പോലെ മൂന്ന് ആശയങ്ങൾ സമ്മേളിച്ചാണ് ബൈബിളിൽ അത്ഭുതങ്ങളുടെ പൂർണമായ അർത്ഥം ചമയ്ക്കുന്നത് : അടയാളം (sign),  വിസ്മയം (wonder) ശക്തി (power) ഈ മൂന്നു വാക്കുകളുടെയും അർത്ഥം ഒന്നിച്ച് എടുക്കുമ്പോഴാണ് അത്ഭുതത്തിന്റെ  ദൈവശാസ്ത്രപരമായ ഉള്ളടക്കം വ്യക്തമാകുക.

*അത്ഭുതങ്ങളുടെ ലക്ഷ്യങ്ങൾ*

ലോകത്തിൽ വിസ്മയകരമായ പല കാര്യങ്ങളും പലപ്പോഴും നടക്കാറുണ്ട്. എല്ലാ അസാധാരണത്വവും അത്ഭുതകരം എന്ന് വിളിക്കപ്പെടാം; പ്രകൃതിനിയമങ്ങൾ അതിലംഘിക്കപ്പെടുമ്പോഴെല്ലാം അത് അത്ഭുതമാണെന്ന് നമുക്ക് തോന്നാം. ഒരു പ്ലാവിൽ പതിനായിരം ചക്കയുണ്ടാകുന്നതും അപ്രതീക്ഷിതമായ രോഗശാന്തിയും വന്ധ്യരെന്ന് വൈദ്യശാസ്ത്രം വിധിച്ചിരുന്ന ദമ്പതികൾക്ക് കുഞ്ഞു പിറക്കുന്നതും കടം കയറി ആത്മഹത്യയ്ക്കൊരുങ്ങിയിരുന്ന ആൾക്കു ലോട്ടറി അടിക്കുന്നതും ആർക്കും അത്ഭുതകരമായി തോന്നാം. പക്ഷേ, ഇത്തരം അതിശയങ്ങളെ അത്ഭുതങ്ങൾ എന്നു വിളിക്കണമെങ്കിൽ ദൈവത്തിന്റെ ശക്തി അതിശയകരമായി പ്രകടിപ്പിക്കുന്ന അടയാളങ്ങൾ ആയിരിക്കണം. ദൈവത്തിന്റെ ശക്തി വ്യക്തമാക്കാത്ത അതിശയം ദൈവശാസ്ത്രപരമായി അത്ഭുതമല്ല. അതുകൊണ്ടുതന്നെ, അത്ഭുതം വിശ്വാസത്തിന്റെ അതിശയക്കാഴ്ച്ചയാണ്. വേറെ വാക്കുകളിൽ, വിശുദ്ധ ആഗസ്തീനോസ് പറയുന്നതുപോലെ, അത്ഭുതങ്ങൾ നമുക്ക് വ്യക്തമായി ദർശിക്കാവുന്ന ചിത്രം പോലെയല്ല; മറിച്ച്, അവ അക്ഷരങ്ങളിൽ എഴുതപ്പെട്ട ലിഖിതമാണ്; അതിനാൽത്തന്നെ അവ നമുക്ക് വായിച്ച് മനസ്സിലാക്കാനുള്ളതാണ് (St. Augustine, On the Gospel of John 24: 2).

ബൈബിൾ പരിശോധിച്ചാൽ പൊതുവേ മൂന്ന് ലക്ഷ്യങ്ങളാണ് അത്ഭുതങ്ങൾക്ക് ഉള്ളതായി നമുക്ക് പറയാൻ പറ്റുക.

1. അത്ഭുതങ്ങൾ ദൈവമഹത്ത്വം പ്രകടമാക്കുന്നു. കാനായിലെ അത്ഭുതത്തെക്കുറിച്ച് സുവിശേഷകൻ പറയുന്നത്, വെള്ളം വീഞ്ഞാക്കി ഈശോ തന്റെ മഹത്ത്വം പ്രകടമാക്കി എന്നാണ് (യോഹ. 2: 11). ഈശോ തന്റെ മഹത്ത്വം പ്രകടമാക്കുന്നതാകട്ടെ നാം അവനിൽ വിശ്വസിക്കാനാണ് (യോഹ. 20: 30-31). നിസ്സായിലെ വിശുദ്ധ ഗ്രിഗരി പറയുന്നത്, അവന്റെ അത്ഭുതങ്ങൾ അവന്റെ ദൈവത്വത്തെക്കുറിച്ച് നമുക്ക് ബോധ്യം വരുത്തി എന്നാണ്. വിനോദത്തിനുവേണ്ടിയും മനുഷ്യന്റെ ജിജ്ഞാസ ശമിപ്പി ക്കാനുമായി ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുകയില്ല. ഒന്നാം വത്തിക്കാൻ കൗൺസിൽ പഠിപ്പിച്ചതനുസരിച്ച് അത്ഭുതങ്ങൾ ദൈവത്തിന്റെ അപരിമേയമായ ശക്തിയും അറിവും പ്രകടമാക്കുന്നതുകൊണ്ട് അവ ദൈവിക വെളിപാടിന്റെ അടയാളങ്ങളാണ്; അവ ആർക്കും മനസ്സിലാക്കാവുന്ന അടയാളങ്ങളാണ്.

2. പ്രവാചകന്റെ ദൈവിക അംഗീകാരത്തിന്റെ തെളിവാകാം അത്ഭുതങ്ങൾ. അടയാളങ്ങളും അത്ഭുതങ്ങളുംവഴി കർത്താവ് അവരെ ഈജിപ്തിൽനിന്ന് പുറത്തുകൊണ്ടുവന്നു എന്ന് ബൈബിളിൽ നാം വായിക്കുന്നതാണ് (നിയമാ. 26: 8). പ്രവാചകന്മാരുടെ വിളി അത്ഭുതങ്ങൾ കൊണ്ട് ഉറപ്പിക്കപ്പെടുന്നത് ബൈബിളിൽ കാണാം, കർത്താവാണ് സംസാരിക്കുന്നത് എന്നതിന് ഒരു അടയാളം ഗിദയോൻ ചോദിച്ചു. കർത്താവ് അടയാളം നൽകി (ന്യായാധി, 6: 17). ദൈവം കൂടെയില്ലെങ്കിൽ നീ ചെയ്യുന്ന ഈ പ്രവൃത്തികൾ ഒരുവനു ചെയ്യാനാവില്ലെന്ന് നിക്കോദേമൂസ് ഈശോയോട് പറഞ്ഞു (യോഹ. 3: 2). അവന്റെ അത്ഭുതങ്ങൾ കണ്ട് അനേകർ ഈശോയെ അനുഗമിച്ചിരുന്നു (യോഹ. 6: 2). ഒരു പാപിക്ക് ഇത്തരം കാര്യങ്ങൾ എങ്ങനെ ചെയ്യാൻ പറ്റുമെന്ന് ഈശോയുടെ അത്ഭുതങ്ങൾക്ക് സാക്ഷികളായിരുന്നവർ അത്ഭുതം കൂറുന്നുണ്ട് (യോഹ 9:16). അത്ഭുതങ്ങളിലൂടെ ദൈവം തന്നെ സാക്ഷ്യപെടുത്തിയവനായിരുന്നു ഈശോയെന്ന് ശിഷ്യന്മാർ പ്രസംഗിച്ചു  (നടപടി 2: 22). പൗലോസും ബാർണബാസും തങ്ങളിലൂടെ എന്തെല്ലാം അടയാളങ്ങളും അത്ഭുതങ്ങളും ദൈവം വിജാതീയരുടെയിടയിൽ ചെയ്തെന്ന് മറ്റ് അപ്പസ്തോലന്മാർക്ക് വിവരിക്കുന്നുണ്ട് (നടപടി 15: 12). തന്റെ ശുശ്രൂഷയുടെ ആധികാരിതയുടെ ഒരു തെളിവായി ശരിയായ അപ്പസ്തോലന്റേതായ അടയാളങ്ങൾ കൊറിന്തോസുകാരുടെയിടയിൽ നടന്ന കാര്യം വിശുദ്ധ പൗലോസ് അവരെ ഓർമിപ്പിക്കുന്നുണ്ട് (2 കൊറീ. 12: 12). ഇക്കാര്യം അതിശക്തമായി ആവിഷ്ക്കരിക്കുന്ന ഭാഗമാണ് ഹെബ്രായ ലേഖനത്തിലുള്ളത് (2: 3-4): “ഇത്ര മഹത്തായ രക്ഷയെ അവഗണിക്കുന്ന നാം എങ്ങനെ ശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെടും? ആരംഭത്തിൽ കർത്താവ് തന്നെയാണ് അത് പ്രഖ്യാപിച്ചത്. അവിടത്തെ വാക്ക് ശ്രവിച്ചവർ അപ്പസ്തോലന്മാർ നമുക്ക് അത് സ്ഥിരീകരിച്ചു തന്നു. അടയാളങ്ങൾ, അത്ഭുതങ്ങൾ, പല വിധത്തിലുള്ള ശക്തമായ പ്രവൃത്തികൾ എന്നിവകൊണ്ടും തന്റെ ഇഷ്ടത്തിനൊത്ത് പരിശുദ്ധാത്മാവിനെ ദാനം ചെയ്തുകൊണ്ടും ദൈവംതന്നെ ഇതിന് സാക്ഷ്യം
നൽകിയിരിക്കുന്നു.”

3. ദൈവവിശ്വാസത്തിലേക്ക് ഒരുവനെ ക്ഷണിക്കുന്ന അധിക തെളിവുകളാണ് അത്ഭുതങ്ങൾ. അത്ഭുതങ്ങളുടെ ലക്ഷ്യം ആവർത്തിച്ച് ബൈബിൾ അവതരിപ്പിക്കുന്നുണ്ട്. "അങ്ങനെ ഞാനാണ് കർത്താവെന്ന് നിങ്ങൾ അറിയും" (പുറ. 7; 17); “ഇത് എന്റെ ജനമാണെന്ന് അവർ അറിയും' (പുറ. 3: 10). എന്നുപറഞ്ഞാൽ, വിശ്വാസികൾക്കും അവിശ്വാസികൾക്കുമായാണ് അത്ഭുതങ്ങൾ നൽകപ്പെടുന്നത്. ഇത്രയും അത്ഭുതങ്ങൾ കണ്ടിട്ടും എത്രനാൾ അവർ എന്നിൽ വിശ്വസിക്കാതിരിക്കും എന്ന് യഹോവ ചോദിക്കുന്നുണ്ട് (സംഖ്യ 14: 11). അതേസമയം വിശ്വാസം നിർബന്ധിച്ച് പിടിച്ചു മേടിക്കുന്ന അടയാളമല്ല അത്ഭുതം. അതൊരു ക്ഷണം മാത്രമാണ്. എന്നുപറഞ്ഞാൽ, അത്ഭുതകരമായി. കാണപ്പെടുന്ന ഒന്നിനെ ഒരുവൻ അത്ഭുതമായിട്ട് എടുക്കണം എന്നത് വിശ്വാസത്തിന്റെ കാഴ്ചപ്പാടല്ല. അതേസമയം ബൈബിളിലെ അത്ഭുത സംഭവങ്ങളെയെല്ലാം നിഷേധിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ട നിലപാടാണ്

ഈശോയുടെ അത്ഭുതങ്ങൾ

ഈശോയുടെ കാലത്തും അത്ഭുത പ്രവർത്തകർ ഉണ്ടായിരുന്നു. അത്ഭുത പ്രവർത്തകനെന്ന നിലയിൽ അവരിൽ നിന്ന് ഈശോയെ വ്യതിരക്തനാക്കുന്ന ആറ് ഘടകങ്ങൾ സുപ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ കാൾ ബാർത്ത് (1886 -1968) ചൂണ്ടിക്കാണിക്കുന്നുണ്ട് (Karl Barth, Church Dogmatics, IV, 2, 216-218). അത്ഭുതപ്രവർത്തനവരമുള്ള വ്യക്തികൾ ഏതുകാലത്തും സഭയിൽ ഉണ്ടാകാം. അവരുടെ ശുശ്രൂഷയുടെ ആധികാരികത നിർണ്ണയിക്കാൻ അവരുടെ രീതികൾ ഈശോയുടെ ശൈലിയോട് എന്തുമാത്രം ഒത്തുപോകുന്നു എന്ന് നോക്കേണ്ടതുണ്ട്. അതിനുകൂടി സഹായകരമാണ് താഴെ പറയുന്ന കാര്യങ്ങൾ.

1. സുവിശേഷങ്ങൾ അനുസരിച്ച്, ഈശോ ഒരു അത്ഭുതപ്രവർത്തകനായി സ്വയം അവതരിപ്പിച്ചില്ല. അവൻ തനിക്കുതന്നെ പരസ്യം കൊടുത്തില്ല. മറ്റുള്ളവരുടെ ആവശ്യപ്രകാരം അവൻ അത്ഭുതങ്ങൾ ചെയ്തു എന്നുമാത്രം.

2. അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ഈശോ പ്രത്യേക വിദ്യകളൊന്നും പ്രയോഗിച്ചില്ല. മന്ത്രങ്ങൾ ചൊല്ലിയില്ല; ഒരു വൈദ്യനെപ്പോലെയോ മന്ത്രവാദിയെപ്പോലെയോ പെരുമാറിയില്ല. വാക്കുകൊണ്ടവൻ സുഖപ്പെടുത്തി; ചിലപ്പോൾ അവൻ പ്രാർത്ഥിച്ചു; ചിലപ്പോൾ അവരുടെമേൽ കൈകൾ വച്ചു; ചുരുക്കമായി, തുപ്പലുകൊണ്ട് തൊട്ടു സുഖപ്പെടുത്തി.

3. സ്വന്തം കാര്യസാധ്യത്തിനായി ഈശോ അത്ഭുതങ്ങൾ ഒന്നും പ്രവർത്തിച്ചില്ല. അതിനുള്ള പ്രലോഭനങ്ങൾ അവൻ തള്ളിക്കളഞ്ഞു. മരുഭൂമിയിലെ നാല്പതു ദിവസത്തെ ഉപവാസത്തിനൊടുവിലും കല്ലുകളെ അപ്പമാക്കാൻ അവൻ തുനിഞ്ഞില്ല. തന്റെ അത്ഭുതങ്ങൾക്ക് അവൻ പ്രതിഫലം പ്രതീക്ഷിച്ചതുമില്ല. ദാനമായി കിട്ടി, ദാനമായി കൊടുക്കുന്നു എന്നായിരുന്നു അവന്റെ രീതി.

4. ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമായിരുന്നില്ല ഈശോയുടെ അത്ഭുതങ്ങൾ. ദാരിദ്ര്യം തീർക്കാനോ ആശുപ്രതികൾ പൂട്ടിക്കാനോ അവൻ ലക്ഷ്യമിട്ടില്ല. മാത്രവുമല്ല, അവന്റെ അത്ഭുത പരിപാടികൾ ഒരു പ്രസ്ഥാനമാക്കി അവൻ മാറ്റിയുമില്ല. ആയിരങ്ങൾക്ക് എന്നും അപ്പം വിതരണം ചെയ്യുന്ന ഒരു കേന്ദ്രവും അവൻ തുറന്നില്ല.

5. ഈശോയുടെ സന്ദേശത്തിൽ നിന്ന് വേർപെട്ട് അവന്റെ അത്ഭുതങ്ങൾക്ക് പ്രത്യേക മൂല്യം ഉണ്ടായിരുന്നില്ല. വിശ്വാസത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാത്തിടത്തൊക്കെ അവന്റെ "അടയാളങ്ങൾ' വഴിയരുകിൽ വീണ വിത്തുപോലെയായിരുന്നു. അനുതാപം ജനിക്കാതിരുന്നിടത്തൊക്കെ, ഉദാഹരണത്തിന്, ബെത്സെയ്ദ, കൊറാസ്സിൻ, കഫർണാം എന്നിവിടങ്ങളിൽ, അത്ഭുതങ്ങൾ ന്യായവിധിയുടെ അവസരമായി മാറിയിരുന്നു (മത്താ. 11: 20).

6. സമാന്തര സുവിശേഷങ്ങളിലേയും യോഹന്നാനിലേയും അത്ഭുതങ്ങൾക്ക് പ്രതീകാത്മക മൂല്യമുണ്ട്. അവയെല്ലാം രക്ഷയുടെ വിവിധ - ഭാവങ്ങൾ പ്രകാശിപ്പിക്കുന്നവയാണ്. അവയിൽ ഏറ്റവും പ്രധാനം, അവ ദൈവരാജ്യത്തിന്റെ വരവ് അറിയിക്കാനുള്ള അടയാളങ്ങളായിരുന്നു.

*അസാധാരണമായവയെല്ലാം അത്ഭുതങ്ങളല്ല*

അത്ഭുതകരം എന്ന വിശേഷണം നാം പല കാര്യങ്ങൾക്കും കല്പിച്ചു കൊടുക്കാറുണ്ട്. അത്ഭുതങ്ങളെക്കുറിച്ചുള്ള വാർത്തകൾ പലയിടത്തും പലപ്പോഴും കേൾക്കാറുണ്ട്. അത്ഭുതങ്ങളെയും പല തരത്തിൽ അവയുമായി സാമ്യമുള്ള അസാധാരണ സംഭവങ്ങളെയും തമ്മിൽ നാം വേർതിരിച്ചു കാണേണ്ടതുണ്ട്. മതാത്മകമായ അർത്ഥത്തിൽ ഒരു സംഗതിയെ അത്ഭുതം എന്നു വിളിക്കാൻ അതിന് ചില സവിശേഷതകൾ ഉണ്ടായേ പറ്റു.

അസാധാരണ സംഭവങ്ങൾ അത്ഭുതങ്ങളാകണമെന്നില്ല. വിഗ്രഹം പാലുകുടിച്ചാൽ, മാതാവിന്റെ ചിത്രത്തിൽ നിന്ന് എണ്ണയൊഴുകിയാൽ, ഓസ്തിയിൽ ഈശോയുടെ മുഖം തെളിഞ്ഞാൽ, ഉണക്കമരം പൊടുന്നനെ പൂത്താൽ, ഇവയൊക്കെ അത്ഭുതകരമായി നമുക്കു തോന്നാം. പക്ഷേ, ഇവ അത്ഭുതമാകണമെകിൽ അവക്ക് വ്യക്തമായ ദൈവിക (theistic) പശ്ചാത്തലം ഉണ്ടായിരിക്കണം. അതിനെ ദൈവശാസ്ത്രപരമായി വ്യാഖ്യാനിക്കാനും ധാർമ്മികമായി സ്വീകരിക്കാനും കഴിയണം. മാത്രവുമല്ല, നടക്കുന്ന സംഭവത്തിൽ ദൈവത്തിന്റെ പ്രത്യേക ഇടപെടലിന്റെ അടയാളങ്ങൾ ദൃശ്യമായിരിക്കണം.

 യഥാർത്ഥത്തിലുള്ള അത്ഭുതങ്ങൾ അടയാളങ്ങളാണ്. സുവിശേഷ പക്ഷത്തു നിന്നു ഇങ്ങനെയേ പറയാനാകൂ. വെളളം വീഞ്ഞാക്കിയ സംഭവത്തെ ഈശോ പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമായാണ് സുവിശേഷകൻ വിശേഷിപ്പിക്കുന്നത് (യോഹ.2: 11). ദൈവരാജ്യത്തിന്റെ അടയാളങ്ങളാണ് ഈശോ പ്രവർത്തിച്ച് അത്ഭുതങ്ങൾ എന്നു പറഞ്ഞാൽ, ദൈവം ശക്തമായി ലോകത്തിൽ ഇടപെടുന്നു (God interrupts) എന്നതിന്റെ വ്യക്തമായ ആവിഷ്ക്കാരമാണവ. ഇതിനെ മറികടക്കുന്ന അർത്ഥം അത്ഭുതങ്ങൾക്കില്ല. മാന്ത്രികതയും നാടകീയതുമല്ല  അത്ഭുതങ്ങളുടെ കാതൽ. അവ അത്ഭുതങ്ങളുടെ ഉപരിപ്ലവമായ ഭാഗങ്ങൾ മാത്രമാണ്. ശരിയാണ്, വിശുദ്ധ തോമസ് അക്വീനാസ് എഴുതുന്നതു പോലെ അത്ഭുതങ്ങൾ തമ്മിൽ പരസ്പരം വലുപ്പവ്യത്യാസമുണ്ട്. എന്തുമാത്രം ഒരു സംഭവം പ്രകൃതിയുടെ കാര്യ-കാരണ ചട്ടക്കൂടിൽ നിന്ന് അകലുന്നോ  അതിന് ആനുപാതികമായി അത് കൂടുതൽ അത്ഭുതകരമായി മാറുന്നു. (Summa Theologiae I,q. 105.a.8).

വിശുദ്ധ ആഗസ്തീനോസ് പറയുന്നത്, ഒരു അത്ഭുതവും സാധാരണ സംഭവവും തമ്മിലുള്ള വ്യത്യാസം, ആദ്യത്തേത് വിരളമായി സംഭവിക്കുന്നു എന്നതാണ്; പക്ഷേ, രണ്ടും ഒരുപോലെ ദൈവത്തിന്റെ പ്രവൃത്തികൾ തന്നെയാണ്. സാധാരണ സംഗതികൾ അസാധാരണ വേഗതയിൽ നടക്കുന്നതാണ് അത്ഭുതം എന്നും അദ്ദേഹം പറയുന്നുണ്ട്. വെള്ളം വീഞ്ഞാക്കുന്ന സംഭവം അദ്ദേഹം ഉദാഹരണമാക്കുന്നു. പ്രകൃതിയിൽ ഏതാണ്ട് ഒരു വർഷം സമയമെടുത്താണ് മുന്തിരിച്ചെടി ജലത്തെ വീഞ്ഞായി മാറ്റിയെടുക്കുന്നത്. ക്രിസ്തു അതു നിമിഷനേരം കൊണ്ട് ചെയ്തു എന്നു മാത്രം. ഇതു മാത്രമായിരുന്നില്ല അത്ഭുതത്തെക്കുറിച്ചുള്ള വിശുദ്ധ ആഗസ്തീനോസിന്റെ വിശദീകരണം എന്നും ഇവിടെ കൂട്ടിച്ചേർക്കട്ടെ.

ഏതു കാലഘട്ടത്തിലും അത്ഭുതങ്ങൾ സംഭവിക്കാം. കാരണം ഇന്ന തരത്തിലോ ഇന്ന സമയത്തോ മാത്രമേ ദൈവത്തിന് ഇടപെടാനാവു എന്ന് ആർക്കും നിശ്ചയിക്കാനാവില്ല. പ്രകൃതിവിരുദ്ധമായി ദൈവം പ്രവർത്തിക്കുന്നതല്ല അത്ഭുതങ്ങൾ. നമുക്കജ്ഞാതമായ പ്രകൃതത്തിൽ ദൈവം പ്രവർത്തിക്കുന്നതാണ് അത്ഭുതങ്ങൾ. വിശുദ്ധരുടെ മദ്ധ്യസ്ഥത വഴിയും മനുഷ്യകരങ്ങളിലൂടെയും ദൈവത്തിന് അത്ഭുതം ചെയ്യാം. വിശ്വസിക്കുന്നവരോടുകൂടെ വിസ്മയകരമായ അടയാളങ്ങൾ ഉണ്ടാകുമെന്ന് കർത്താവ് വാഗ്ദാനം ചെയ്തിട്ടുമുണ്ട് (മർക്കോസ് 16:17-18).

ഇക്കാലത്തും ദൈവത്തിന് അത്ഭുതങ്ങൾ ചെയ്യാനാകും എന്നു പറയുമ്പോൾത്തന്നെ മൂന്ന് കാര്യങ്ങൾ കൂടി നാം അംഗീകരിക്കണം. ഒന്നാമതായി, അതിശയകരമായി പറയപ്പെടുന്നതെല്ലാം ദൈവം പ്രവർത്തിക്കുന്ന അത്ഭുതങ്ങളാകണമെന്നില്ല. അത്ഭുത വാർത്തകളിൽ ഒരുപക്ഷേ വ്യാജനുമുണ്ടാകാം. ചിലരുടെ പ്രത്യേക മാനസികാവസ്ഥ അതിശയ വാർത്തകൾക്ക് ആധാരമായിട്ടുണ്ടാകാം. അത്ഭുതമെന്ന് വിളിക്കപ്പെടുന്നവ വ്യക്തികളെ വിശ്വാസത്തിൽ ആഴപ്പെടുത്തുന്നുണ്ടെങ്കിലേ അവയ്ക്ക് അടയാളങ്ങളുടെ മൂല്യം ലഭിക്കൂ. അല്ലെങ്കിൽ അവയെല്ലാം കൗതുക വാർത്തകൾ മാത്രമായിരിക്കും. രണ്ടാമതായി, അത്ഭുതങ്ങൾ പ്രകടമല്ലാത്തിടത്ത് ദൈവം പ്രവർത്തിക്കുന്നില്ല എന്നർത്ഥമില്ല. കൊടുങ്കാറ്റിന്റെ ശക്തിപ്രഭാവത്തിൽ മാത്രമല്ല (പുറ.19: 16), ഇളംതെന്നലിന്റെ ശാന്തതയിലും ദൈവമുണ്ട്. കുരിശിലെ ഈശോയുടെ നിലവിളികൾ യാതൊരു അത്ഭുതത്തിനും കാരണമായില്ല. ഈശോ അനുഭവിച്ച ദൈവതിരസ്കാരത്തിന്റെ ഭീകര നിമിഷങ്ങളിലും ദൈവം അവിടെ സന്നിഹിതനായിരുന്നു. മാതാവിന്റെ പേരിലുള്ള അത്ഭുതങ്ങളല്ല മേരീവിജയം. മറിയത്തോടുള്ള സഭയുടെ ഭക്തിക്ക് ആധാരം അത്ഭുതങ്ങളല്ല. വിശുദ്ധഗ്രന്ഥ സാക്ഷ്യങ്ങളും  വിശ്വാസി സമൂഹത്തിന്റെ പൗരാണിക ബോധ്യങ്ങളുമാണ് അതിന്റെ അടിസ്ഥാനം. മാതാവിന്റെ പേരിൽ അത്ഭുതങ്ങൾ ഉണ്ടായില്ലെങ്കിലും മറിയത്തിന്റെ മാദ്ധ്യസ്ഥ ശക്തിക്ക് കുറവൊന്നുമുണ്ടാകുകയില്ല.

മൂന്നാമതായി, അത്ഭുതകരമായി തോന്നുന്ന സംഭവങ്ങൾക്ക് പിന്നിൽ ചിലപ്പോൾ പൈശാചിക ശക്തികളായിരിക്കാം. തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുംവിധം വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെടുകയും അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുകയും ചെയ്യും എന്ന് ഈശോതന്നെ മുന്നറിയിപ്പ് തന്നിട്ടുണ്ട് (മത്താ. 24: 24). അന്തിക്രിസ്തുവിന്റെ ആഗമനം അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും അകമ്പടിയോടെയായിരിക്കും എന്നു വിശുദ്ധ പൗലോസ് എഴുതുന്നു (2 തെസ. 2 9-10). വലിയ അടയാളങ്ങൾ പ്രവർത്തിക്കുന്ന “മൃഗത്തെപ്പറ്റി' വെളിപാടു പുസ്തകം പ്രവചിക്കുന്നു (വെളി. 13: 13). അതുപോലെ സാത്താന്റെ അരൂപി അടയാളങ്ങൾ കാണിക്കുന്നതിനെപ്പറ്റിയും വ്യാജപ്രവാചകന്മാർ അത്ഭുതങ്ങൾ ചെയ്യുന്നതിനെപ്പറ്റിയും വിശുദ്ധ യോഹന്നാൻ എഴുതുന്നുണ്ട് (വെളി . 16: 14; 19: 20).

പൈശാചിക അടയാളങ്ങൾക്ക് അത്ഭുതം എന്ന പേരു ചേരുമോയെന്ന് നമുക്ക് ന്യായമായും ചോദിക്കാം. ദൈവശാസ്ത്രപരമായി പറ്റില്ല. കാരണം, അത്ഭുതങ്ങളെല്ലാം ദൈവമഹത്ത്വത്തിനു വേണ്ടിയുള്ളതാണ്. എന്നാൽ ഇവ അങ്ങനെയല്ല. അതേസമയം ബാഹ്യമായി അവ അത്ഭുതകരമായും പ്രകൃത്യാതീതമായും കാണപ്പെടും. അങ്ങനെയെങ്കിൽ അവയെ വേർതിരിച്ചറിയുന്നതെങ്ങനെ ? അവയെ പല തരത്തിൽ പരീക്ഷിച്ച് (1 യോഹ. 4: 1) വേർതിരിക്കുകയല്ലാതെ നിർവ്വാഹമില്ല. പൈശാചിക അത്ഭുതങ്ങൾക്ക് പൈശാചിക ഗുണങ്ങളും ദൈവികാത്ഭുതങ്ങൾക്ക് ദൈവിക സവിശേഷതകളുമായിരിക്കും ഉണ്ടാവുക.

പൈശാചികമായ പശ്ചാത്തലത്തിൽ നിന്ന് ഉരുവാകുന്ന അത്ഭുതങ്ങളുടെ പല പ്രത്യേകതകൾ ബൈബിൾ ചൂണ്ടിക്കാണിക്കു ന്നുണ്ട്. വിഗ്രഹാരാധനയുടെ പശ്ചാത്തലം (1 കൊറീ. 10: 20); ആഭിചാര പ്രവൃത്തികൾ (എഫേ. 2: 2), ആഭിചാരം (നിയമാ. 18: 10), തെറ്റായ പ്രവചനങ്ങൾ (നിയമാ. 18: 22), ഗൂഢവിദ്യകൾ (നിയമാ.18: 14), അന്യദൈവ ആരാധന (നിയമാ. 13: 1-2), ചതിപ്രയോഗങ്ങൾ (2 തെസ. 2: 9), മൃതരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ (നിയമാ. 18: 11-12), ക്രൈസ്തവ വെളിപാടുകൾക്കു വിരുദ്ധമായ സന്ദേശങ്ങൾ (ഗലാ. 1: 8), ക്രിസ്തുകേന്ദ്രീകൃതമല്ലാത്ത പ്രവചനങ്ങൾ (വെളി. 19: 10) ഇവയൊക്കെ അത്ഭുതങ്ങളുടെ പശ്ചാത്തലത്തിലോ ഫലത്തിലോ വരുന്നുണ്ടെങ്കിൽ അവയെ ദൈവികമായ അത്ഭുതങ്ങളായി കണക്കാക്കാൻ കഴിയുകയില്ല. വളരെ ചുരുക്കിപ്പറഞ്ഞാൽ, നന്മയിലേക്ക് നയിക്കാത്ത അത്ഭുതങ്ങൾ ദൈവത്തിൽനിന്നല്ല.

ഏറ്റവും മഹത്തായ അത്ഭുതം ഏതാണ്? ഓരോരുത്തരുടെയും വിശ്വാസത്തിന്റെ ആഴമാണ് അത് വെളിപ്പെടുത്തിത്തരേണ്ടത്. പ്രകൃതിനിയമങ്ങളെ നിസ്സാരമാക്കുംവിധം ദൈവം ഇടപെടുന്നതു കാണാൻ നമുക്കു ചെറിയ വിശ്വാസം മതി. എന്നാൽ പ്രകൃതിനിയമങ്ങളിലൂടെ ദൈവം പ്രവർത്തിക്കുന്നത് മനസ്സിലാക്കാൻ വലിയ വിശ്വാസം വേണം. മൂളിപ്പറക്കുന്ന അത്ഭുത വാർത്തകൾ നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്നതാണ്. സാധാരണ സംഗതികളിൽ ദൈവം പ്രവർത്തിക്കുന്നതു കാണാൻ നമ്മുടെ വിശ്വാസത്തിനു കഴിവുണ്ടോ എന്നതാണ് പരീക്ഷണം. ഇക്കാര്യത്തിൽ വിശുദ്ധ ആഗസ്തീനോസ് നൽകുന്ന രണ്ട് ഉദാഹരണങ്ങൾ നമ്മെ പഠിപ്പിക്കട്ടെ.

ഒന്നാമതായി, കാനായിലെ കല്ല്യാണത്തിന് ഈശോ വെള്ളം വീഞ്ഞാക്കിയത് അത്ഭുതമായിരുന്നു. ആറു കൽഭരണികളിലെ വെള്ളം വീഞ്ഞാക്കിയവൻ ഇതേ കാര്യം എല്ലാവർഷവും മുന്തിരിത്തണ്ടുകളിൽ നടത്തുന്നുണ്ട്. ഈശോയുടെ വാക്കു കേട്ട് ഭരണി നിറച്ച ദാസന്മാരെപ്പോ
ലെയാണ് പെയ്തിറങ്ങുന്ന മഴമേഘങ്ങൾ. മുന്തിരിത്തണ്ടിലൂടെ ദൈവം വെള്ളം വീഞ്ഞാക്കുന്നതിനാൽ നാം അത്ഭുതം കൂറുന്നില്ല. കാരണം എല്ലാവർഷവും ഇതു നടന്നു കൊണ്ടിരിക്കുന്നു (St. Augustine, Works, Vol. 10, Lectures or Tractates on the Gospel according to St. John, p.113).

രണ്ടാമതായി, ഈശോ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിപോറ്റി. ഈശോയുടെ കൈകളിലാണ് അപ്പം പെരുകിയത്. ഇതു നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തേണ്ടതില്ല. കാരണം ഇതേ അത്ഭുതം അവിടുന്ന് ദിനംപ്രതി ചെയ്യുന്നുണ്ട്. ഭൂമിയിലുള്ള മനുഷ്യർക്കത്രയും ഏതാനും ധാന്യമണികളിൽ നിന്ന് അവിടുന്ന് ദിവസവും ഭക്ഷണമൊരുക്കുന്നു. എന്നും സംഭവിക്കുന്നതുകൊണ്ട് നാമതിനെക്കുറിച്ച് അത്ഭുതപ്പെടുന്നില്ല എന്നു മാത്രം (St. Augustine, Errationes in Psalmos, XC, Sermones , 1).

അത്ഭുതകരമായ സംഭവങ്ങൾ കാണാൻ കൊതിക്കുന്നത് വിശ്വാസത്തിന്റെ പ്രകടനമാകണമെന്നില്ല. ഈശോയുടെ വിചാരണക്കിടെ അവന്റെ അത്ഭുതങ്ങൾ കണ്ടാൽ കൊള്ളാമെന്ന് ഹേറോദോസ് ആഗ്രഹിച്ചിരുന്നു (ലൂക്ക്.23; 18). കൗതുകത്തിന്റെ പേരിൽ ഒരാഗ്രഹം എന്നേ അതിനെക്കുറിച്ച് പറയാനുള്ളൂ. ദിവസവും ജീവിതത്തിൽ സംഭവിക്കുന്ന ദൈവത്തിന്റെ പ്രവൃത്തികൾ കാണാൻ കഴിയുന്നതാണ് വിശ്വാസത്തിനു കിട്ടുന്ന പ്രതിഫലം. അത്ഭുതങ്ങൾവഴി ക്രിസ്തു ദൈവമാണ് എന്ന ബോധ്യം മാത്രമേ ജനിക്കുന്നുള്ളൂവെങ്കിൽ അത്ഭുതങ്ങൾക്ക് പാതി ഫലമേയുള്ളൂ. എന്നാൽ ഒരു മുന്തിരിത്തോട്ടമോ ഒരു ഗ്ലാസ് വീഞ്ഞോ കാണുമ്പോൾ കാനായിലെ കല്യാണവിരുന്നിൽ  പങ്കെടുത്തവൻ ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നു എന്ന ബോധ്യം ഉണ്ടായാൽ അത്ഭുതത്തിന് മുഴുവൻ ഫലവും ഉണ്ട്. ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്ന മഹാത്ഭുതം രോഗശാന്തികളല്ല; പാപികളുടെ മാനസാന്തരമാണ്. കാരണം ദൈവം പ്രവർത്തിച്ചാൽ മാത്രം സംഭവിക്കുന്നതാണ് ഹൃദയപരിവർത്തനം. രണ്ട് ഭിന്ന വ്യക്തികൾ ഒരേ ഹൃദയതാളത്തോടെ വിവാഹ ജീവിതം നയിക്കുന്നത് അത്ഭുതം തന്നെയാണ്. കാരണം ദൈവം ഇടപെടാത്തിടത്ത് ഇത്തരം ഹൃദയൈക്യം അസാധ്യമാണ്. സ്നേഹതീവ്രതയിൽ രണ്ടുപേർ അണഞ്ഞുകൂടാത്ത ദീപത്തയെന്നപോലെ പരസ്പരം കാത്തു സൂക്ഷിക്കുന്നത് അത്ഭുതമല്ലാതെ മറ്റെന്താണ് ? ദൈവം ഇടപെടുന്നതു കൊണ്ടാണ് സ്നേഹം ഇത്തരത്തിൽ പരസ്പരം കാവലേൽക്കുന്ന സ്ഥിതിയിലേക്കു വളരുന്നത്. ദമ്പതികൾക്ക് മക്കളുണ്ടാകുന്നത് ദൈവം ഇടപെടുന്നതു കൊണ്ടാണ്. വന്ധ്യതയല്ല അത്ഭുതം, മക്കളുണ്ടാകുന്നതാണ്. സാധാരണ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുകൾ കാണാൻ കൂട്ടാക്കാതെ അത്ഭുത വാർത്തകൾക്കു പിന്നാലെ പരക്കം പായുന്നത് വിശ്വാസദാർഢ്യം കൊണ്ടാകണമെന്നില്ല; ഒരുതരം അന്വേഷണാത്മക ഭക്തി (Investigative piety) കൊണ്ടാകാമിത്.

*സഭയുടെ കടമകൾ*

അത്ഭുതങ്ങളും അത്ഭുതവാർത്തകളും സഭയുടെ കടമകൾ വിപുലീകരിക്കുന്നു. അത്ഭുത സംഭവങ്ങളിൽനിന്നും ഉത്തമ ക്രൈസ്തവ ബോധ്യങ്ങളിലേക്ക് വിശ്വാസികളെ നയിക്കലാണ് സഭയുടെ പ്രാഥമിക കടമ. അല്ലെങ്കിൽ അത്ഭുതങ്ങളുടെ നാടകീയത വിശ്വാസികളെ വിഴുങ്ങിക്കളയും. യഹോവയുടെ അത്ഭുതങ്ങൾക്ക് സാക്ഷികളായ ഇസ്രായേൽ ജനം ഈജിപ്തിൽത്തന്നെ തമ്പടിച്ചില്ല. കാനാൻ ദേശത്തേക്ക് അവർ കടന്നുപോയി. അത്ഭുതങ്ങൾ അവയിൽത്തന്നെ ലക്ഷ്യങ്ങളോ ആഘോഷവിഷയങ്ങളോ അല്ല. ദൈവോന്മുഖമായി ജീവിക്കാനുള്ള പ്രചോദനമാണവ.

അത്ഭുതങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന സഭ കുരിശിന്റെ അർത്ഥവും ശക്തിയും മറന്നുപോകരുത്. കുരിശിന്റെ അർത്ഥം ചോർത്തിക്കളയുന്നതാകരുത് അത്ഭുത സംഭവങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം. നീ ദൈവപുത്രനാണെങ്കിൽ കുരിശിൽ നിന്ന് ഇറങ്ങി വരിക, നിന്നിൽ ഞങ്ങൾ വിശ്വസിക്കാം എന്ന വാക്കുകൾ കുരിശിൽ കിടന്ന ഈശോ നേരിട്ട ഏറ്റം വലിയ പ്രലോഭനങ്ങളിലൊന്നാണ്. അവർ ആവശ്യപ്പെട്ട  ഈ അത്ഭുതം ഈശോ പ്രവർത്തിച്ചിരുന്നെങ്കിൽ തീർച്ചയായും അവർ അമ്പരന്നേനെ; മിക്കവാറും അവർ അവനിൽ വിശ്വസിക്കുകയും ചെയ്തതേനെ. പക്ഷേ, ഈശോ അത് ചെയ്തില്ല. കാരണം അത് കുരിശിന്റെ അർത്ഥത്തെ നിസ്സാരമാക്കിയേനെ, യഥാർത്ഥത്തിൽ ഇത്തരമൊരു പ്രലോഭനത്തെ ഈശോ അതിജീവിക്കുന്നതാണ് മാനുഷികമായി പറഞ്ഞാൽ വലിയ അത്ഭുതം. തീവമായി പ്രാർത്ഥിച്ചിട്ട് രോഗശാന്തി ദൈവം അനുവദിക്കുന്നത് അത്ഭുതം തന്നെയാണ്. പക്ഷേ, പ്രാർത്ഥന തിരസ്കരിക്കപ്പെടുമ്പോഴും ദൈവവിശ്വാസത്തിലും ദൈവസ്നേഹത്തിലും ഒരുവൻ നിലനില്ക്കുന്നതാണ് മഹാത്ഭുതം.

അത്ഭുതവാർത്തകളുടെ നിജസ്ഥിതി പരിശോധിക്കേണ്ടതും സഭയുടെ കടമയാണ്. വ്യാജവാർത്തകൾ തിരിച്ചറിയപ്പെടണം; സംഭവങ്ങൾ വ്യാഖ്യാനിക്കപ്പെടണം. ഇതിനൊക്കെ മതിയായ സമയം അനുവദിക്കണം. ഗമാലിയേൽ എന്ന ഫരിസേയ ശ്രേഷ്ഠൻ ആദിമ സഭയെപ്പറ്റി പുലർത്തിയ വിവേകപൂർണ്ണമായ വിധിയാണ് സഭയ്ക്കും ഇത്തരം കാര്യങ്ങളിൽ സ്വീകാര്യമാകേണ്ടത്. മനുഷ്യരിൽ നിന്നാണെങ്കിൽ ഇവയൊക്കെ നശിക്കും; ദൈവത്തിൽ നിന്നാണെങ്കിൽ നമുക്കവയെ നശിപ്പിക്കാനാവില്ല (നടപടി 5: 38-39). വാർത്തകളുടെ സത്യസ്ഥിതി അറിയുന്നതിനുമുമ്പേ സംഭവങ്ങൾക്ക് സഭയുടെ അംഗീകാരത്തിന്റെ പരിവേഷം പോലും കിട്ടാതെ നോക്കേണ്ടതുണ്ട്. അത്ഭുതവേദികൾ കച്ചവടകേന്ദ്രങ്ങളാകാതെ നോക്കേണ്ടതും സഭയുടെ ദൗത്യമാണ്. വിവേചനബുദ്ധിയില്ലാതെ നേർച്ചപ്പെട്ടി സ്ഥാപിക്കുന്നതും അത്ഭുതചിത്രങ്ങളുടെ സി.ഡി. കച്ചവടം തുടങ്ങുന്നതും എതിർ സാക്ഷ്യമാണ്.

അത്ഭുതങ്ങൾ ക്രൈസ്തവമായ നമ്മുടെ സാമൂഹിക കടമകളെ ഓർമ്മിപ്പിക്കണം. കണ്ണുനീരൊഴുകുന്ന മാതാവിന്റെ ചിത്രത്തിനു മുമ്പിൽ ഓടിക്കൂടുന്നവർ നമുക്കിടയിൽ ദീനമായി വിലപിക്കുന്ന സ്ത്രീകളെ മറക്കാമോ? ദിവ്യകാരുണ്യ അത്ഭുതങ്ങളിൽ മതിമറക്കുകയും എന്നാൽ മറ്റുള്ളവരിലുള്ള യേശുസാന്നിദ്ധ്യത്തെ മറക്കുകയും ചെയ്യുന്നത് കള്ളത്തരമാണ്. അത്ഭുതത്തിന്റെ വിശ്വാസക്കാഴ്ച്ചകൾ പരോന്മുഖം കൂടിയാണ്. മറ്റുള്ളവരിലേക്ക് നമ്മെ നയിക്കാത്ത ഭക്തി ആത്മീയ സുഖവാസമാണ്. അത്ഭുതവേദികൾ ആത്മീയ സുഖവാസകേന്ദ്രങ്ങളായിക്കൂടാ .

(കടപ്പാട് - ഗൂഢവിദ്യകൾ, പേജ് 115- 126; ഡോ.മാത്യു ഇല്ലത്തു പറമ്പിൽ)




Article URL:







Quick Links

അത്ഭുതങ്ങൾ (miracles) - വിശ്വാസവിചാരം

12 min read എല്ലാത്തരം അതിശയങ്ങൾക്കും അപ്രതിരോധ്യമായ കാന്തിക ശക്തിയുണ്ട്. ലോകത്തിലെ സപ്താത്ഭുതങ്ങളും വഴിവക്കിൽ അരങ്ങേറുന്ന നാടൻ മാജിക്കും ആൾക്കൂട്ടത്തെ വലിച്ചടുപ്പിക്കുന്നതിന്റെ രഹസ്യമിതാണ്. മ... Continue reading


എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?

എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?   കത്തോലിക്കാ വിശ്വാസവിചാരം എന്‍െറ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്... Continue reading