Home | Articles | 

jintochittilappilly.in
Posted On: 09/08/20 00:19
മൂന്നുതരം തീർത്ഥസ്ഥലങ്ങൾ(Three different kinds of place for devotion); അവയെ സംബന്ധിച്ച് അവലംബിക്കേണ്ട മനോഭാവങ്ങൾ:

 

വി യോഹന്നാൻ ക്രൂസിനെക്കുറിച്ചറിയാത്തവർ ഈ  വീഡിയോ കണ്ടശേഷം വായിക്കുക, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ വാക്കുകൾ - https://youtu.be/-8qcB6ueljk, https://youtu.be/xfLVvUN1wjE

മനസ്സിൽ ഭക്തി ജനിപ്പിക്കുവാൻ സാധിക്കുന്ന സ്ഥലങ്ങളെ മൂന്നുതരമായി ലഘൂകരിക്കാമെന്നു തോന്നുന്നു.

 ഒന്ന്: കാടു മേടുകളുടെയും വൃക്ഷലതാദികളുടെയും പശ്ചാത്തലം അഥവാ സ്വൈര്യമായ ഏകാന്തതമൂലം ഭക്തിജനകമായ രീതിയിൽ വൈവിധ്യം നിറഞ്ഞ സ്ഥലവിശേഷങ്ങളാണ് ഒന്നാമത്തെത്തരം അമ്മാതിരി സ്ഥലങ്ങളിൽ ചെന്നാലുടൻ തന്നെ പരിസരങ്ങളെ നിശ്ശേഷം വിസ്മരിച്ചുകൊണ്ടു മനസ്സിനെ ദൈവത്തിൻ പക്കലേയ്ക്കു നേരേ ഉയർത്തുകയാണെങ്കിൽ അത്യന്തം ഗുണകരമായിരിക്കും; ഉപാധികളുടെ പ്രേരകശക്തിയെ ലക്ഷ്യപ്രാപ്തി ആവശ്യപ്പെടുന്നതിലധികം ആശ്രയിക്കാതിരിക്കുവാൻ കരുതലുണ്ടായിരിക്കണമെന്നു മാത്രം. ഇച്ഛകളുടെ അഴിഞ്ഞാട്ടവും ഐന്ദ്രിയ സംതൃപ്തിയുമാണ് അഭിലഷിക്കുന്നതെങ്കിൽ വ്യഗ്രതകളും ആത്മീയ ശുഷ്കതയും മാത്രമായിരിക്കും അവിടെ അനുഭവപ്പെടുക; യഥാർത്ഥമായ ആത്മീയസംതൃപ്തിയും ഹൃദയാനന്ദവും ആന്തരികമായ ഏകാഗ്രതയിലും അനുചിന്തനത്തിലും മാത്രമേ സിദ്ധിക്കുകയുള്ളു.

ഈദൃശപരിസരങ്ങളിൽ പ്രാർത്ഥിക്കുവാൻ പോകുന്നവർ സർവ്വപ്രധാനമായി ദൈവത്തോടൊന്നിക്കുവാൻ പരിശ്രമിക്കണം; അതല്ലാതെ പ്രകൃതിവി ഭവങ്ങൾ കണ്ടുരസിക്കുവാൻ വേണ്ടി ദേശാടനം ചെയ്യുന്നവർ, മേൽപ്പറഞ്ഞതു പോലെ, ഐന്ദ്രിയസുഖം നേടുകയും അസ്ഥിരബുദ്ധി വളർത്തുകയും ചെയ്യുന്നതിൽക്കവിഞ്ഞ് ആത്മീയസ്വൈരത ഒരിക്കലും പ്രാപിക്കയില്ല.

അതുകൊണ്ടാണ് അരണ്യവാസികളും മറ്റു യതിവരേണ്യരും, വിശാലവും പ്രകൃതി സുന്ദരവുമായ അരണ്യങ്ങളിൽപ്പോലും കഴിയുന്നത്ര പരിമിതമായ വാസസ്ഥലം സ്വീകരിക്കുകയും ഇടുങ്ങിയ അറകളിലും ഗുഹകളിലും മറ്റും ഒതുങ്ങി ജീവിക്കുകയും ചെയ്തിരുന്നത്. അത്തരമൊന്നിൽ വിശുദ്ധ ബനഡിക്ട് മൂന്നു സംവത്സരം അധിവസിക്കുകയുണ്ടായി. വിശുദ്ധ സൈമൺ, ഒരു നിശ്ചിത പരിധിയിലധികം സ്ഥലം ഉപയോഗിക്കുവാൻ, അഥവാ അതിലപ്പുറം പോകാതിരിക്കുവാൻ വേണ്ടി കയറുകൊണ്ടു സ്വയം ബന്ധിച്ചിരുന്നു. ഇപ്രകാരമുള്ള ദൃഷ്ടാന്തങ്ങൾ ഉദ്ധരിക്കുവാൻ തുടങ്ങിയാൽ അവസാനിക്കുകയില്ല. ആനന്ദമാധുര്യങ്ങൾക്കു വേണ്ടിയുള്ള ആത്മാവിന്റെ ഇച്ഛയേയും ആവേശത്തേയും അടക്കാത്ത പക്ഷം നലംതികഞ്ഞ ആദ്ധ്യാത്മികത തികച്ചും അസാധ്യമാണെന്ന് ആ പുണ്യാത്മാക്കൾക്കു നല്ല നിശ്ചയം ഉണ്ടായിരുന്നു.

രണ്ട്: തീർത്ഥസ്ഥലമെന്നു കൂടുതൽ നിർദ്ദിഷ്ടമായി പറയാവുന്നതാണ് ദൈവം മനസ്സിനെ ഉന്നമിപ്പിക്കുന്ന രണ്ടാമത്തെ തരം സ്ഥലങ്ങൾ.  അരണ്യത്തിലോ മറ്റെവിടെയെങ്കിലുമോ, ദൈവം ചില വ്യക്തികൾക്ക് അത്യന്തം ആസ്വാദ്യമായ ആത്മീയാനുഗ്രഹങ്ങൾ നൽകാറുള്ള സ്ഥലങ്ങളാണിവ. അവിടെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നവരിൽ ആ സ്ഥലത്തിന്റെ നേർക്ക് അനിതര സാധാരണമായ ഒരാഭിമുഖ്യം അവിടുന്നു ജനിപ്പിക്കും; തന്നിമിത്തം കൂടെക്കൂടെ അവിടെ പോകാൻ അവർക്കാഗ്രഹം തോന്നുമെങ്കിലും അവിടെ ചെല്ലുമ്പോൾ ആദ്യത്തേതു പോലുള്ള അനുഭവം ഉണ്ടായെന്നു വരികയില്ല; എന്തുകൊണ്ടെന്നാൽ അതു വരുത്താൻ അവർക്കു കഴിവില്ല; ദൈവം ഇപ്രകാരമുള്ള തന്റെ അനുഗ്രഹങ്ങൾ തനിക്കിഷ്ടമുള്ള ആളുകൾക്കും സ്ഥലത്തും സമയത്തുമാണ് നൽകാറുള്ളത്. അനുഗ്രഹപ്രാർത്ഥികളുടെ സ്വതന്ത്രമായ അഭീഷ്ടങ്ങൾക്കും സ്ഥലകാലപരിസരങ്ങൾക്കും അവിടുന്നു വിധേയനല്ലല്ലോ.

എന്നിരുന്നാലും, അനുഗ്രഹപ്രാപ്തിയെ സംബന്ധിച്ച അവകാശഭാവമൊന്നും കൂടാതെ അങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി ചിലപ്പോളൊക്കെ പ്രാർത്ഥിക്കുന്നതു നന്നായിരിക്കും. അതിനു മൂന്നു ന്യായങ്ങൾ പറയാം: ഒന്നാമത് ദൈവത്തിനു യാതൊരു സ്ഥലത്തോടും ബാദ്ധ്യതയില്ലെങ്കിലും, അനുഗ്രഹം പ്രാപിച്ച ആത്മാവിൽ നിന്ന് ആ സ്ഥലത്തു സ്തുതി സ്വീകരിക്കുവാൻ അവിടുത്തേയ്ക്ക് താല്പര്യമില്ലായ്കയില്ല. രണ്ടാമത് ആ സ്ഥലത്തുനിന്നു ദൈവത്തിനു കൃതജ്ഞതാസ്തോത്രം സമർപ്പിക്കുവാൻ ആത്മാവിന് കൂടുതൽ പ്രചോദനം സിദ്ധിക്കും. മൂന്നാമത് ആ സ്ഥലത്തുവച്ചു സ്വീകരിച്ച അനുഗ്രഹങ്ങളുടെ സ്മരണയിൽനിന്നു പൂർവാധികം തീക്ഷ്ണമായ ഭക്തി ജനിക്കും.

ഈ പറഞ്ഞവയാണ് അനുഗ്രഹങ്ങൾ പ്രാപിച്ച സ്ഥലം കൂടെക്കൂടെ സന്ദർശിക്കുവാൻ ആത്മാവിനെ പ്രേരിപ്പിക്കുന്ന ന്യായങ്ങൾ; അതല്ലാതെ അവിടെ അനുഗ്രഹങ്ങൾ നൽകുവാൻ ദൈവം ബാദ്ധ്യസ്ഥനാണെന്ന് ആരും കരുതേണ്ടതില്ല. ഏതു സ്ഥലത്തും യഥേഷ്ടം അനുഗ്രഹങ്ങൾ നൽകുവാൻ അവിടുത്തേയ്ക്ക് കഴിയും; ഭൗതികമായ ഏതു സ്ഥലത്തെയുംകാൾ ആത്മാവുതന്നെയാണ് അതിനു സമുചിതമായ സ്ഥാനം; ആത്മാവിൽ അനുഗ്രഹങ്ങൾ വർഷിക്കുന്നതിലാണ് അവിടുന്നു സവിശേഷം താൽപ്പര്യപ്പെടുന്നത്.

അബ്രാഹം, ദൈവം തനിക്കു ദർശനമരുളിയ സ്ഥലത്തുതന്നെ പീഠം സ്ഥാപിച്ച് അവിടുത്തെ തിരുനാമത്തെ പ്രകീർത്തിച്ചതായി വിശുദ്ധലിഖിതങ്ങളിൽ (ഉൽപ്പ. 12:7,8) നാം വായിക്കുന്നു. അനന്തരം അദ്ദേഹം ഈജിപ്തിൽ നിന്നു മടങ്ങിയപ്പോൾ ആ ദർശനസ്ഥാനം വഴി വരികയും മുമ്പു നിർമ്മിച്ച പീഠത്തിങ്കൽത്തന്നെ വീണ്ടും തിരുനാമകീർത്തനം ആലപിക്കുകയുമുണ്ടായി. (ഉൽപ്പ. 13:4) യാക്കോബ്, ദൈവം തനിക്കൊരു കോവണിയുടെ പശ്ചാത്തലത്തിൽ പ്രത്യക്ഷനായ സ്ഥാനത്തു തൈലാഭിഷിക്തമായ ഒരു ശില സ്ഥാപിച്ച് ആ ദർശനത്തെ ശാശ്വതീകരിച്ചു. (ഉൽപ്പ. 28:13-18) ഹാഗാർ, മാലാഖ അവൾക്ക് കാണപ്പെട്ട സ്ഥലത്തെ അത്യധികം ആദരിച്ചുകൊണ്ടും എന്നെ ദർശിച്ചവൻ പിന്തിരിയുകയിൽ ഞാൻ അയാളെ യഥാർത്ഥമായി കണ്ടു എന്ന് ഉദ്ഘോഷിച്ചു കൊണ്ടും ആ സ്ഥലത്തിന് ഒരു പേരു നൽകി (ഉൽപ്പ. 16:13-14).

മൂന്ന്: ദൈവം തന്റെ നാമം പ്രകീർത്തിക്കപ്പെടുന്നതിനുവേണ്ടി സവിശേഷമായി തെരഞ്ഞെടുത്തിട്ടുള്ള പുണ്യസ്ഥലങ്ങളാണ് മൂന്നാമത്തെ ഗണത്തിൽപ്പെടുന്നത്. മോശയ്ക്കു താൻ പ്രമാണങ്ങൾ കൊടുത്ത സീനായ്മല (പുറ. 24:12) സ്വപുത്രനെ ബലികഴിക്കുവാൻ അബ്രാഹത്തിനു നിർദ്ദേശം നൽകി യ സ്ഥലം (ഉൽപ്പ. 22:2), നമ്മുടെ പിതാവായ ഏലിയായ്ക്ക് ദർശനമരുളുന്നതിനുവേണ്ടി അദ്ദേഹത്തെ അവിടുന്നു പറഞ്ഞയച്ച ഹോരേബു മല (2 രാജാ. 19:8), മിഖായേൽ മാലാഖ ദൈവവണക്കത്തിന് പ്രതിഷ്ഠിച്ച ഗർഗാനൂസ് മല; മാലാഖാമാരുടെ സ്മാരകമായി ഒരു ദൈവാലയം പ്രതിഷ്ഠിക്കാനുള്ള സ്ഥാനമായി ആ സ്ഥലത്തെ താൻ സംരക്ഷിച്ചുവരികയായിരുന്നു എന്ന് സിപ്പോന്തോയിലെ മെത്രാന് പ്രത്യക്ഷനായി അതിദൂതൻ അറിയിക്കുകയുണ്ടായി, പരിശുദ്ധ കന്യക അത്ഭുതകരമായി മഞ്ഞു വർഷിച്ചുകൊണ്ട് റോമയിൽ ഒരു ദൈവാലയം തന്റെ നാമത്തിൽ സ്ഥാപിക്കണമെന്ന് പത്രീസിയൂസ് എന്നയാളിനു നിർദ്ദേശം നൽകിയ സ്ഥാനം മുതലായവ ഇവയ്ക്കുദാഹരണമാണ്.

ദൈവം ഈ സ്ഥലങ്ങളിൽനിന്നു മറ്റിടങ്ങളിൽ നിന്നെന്നതിലധികം വണക്കം സ്വീകരിക്കുന്നതിന്റെ ന്യായം എന്തെന്ന് അവിടുത്തേയ്ക്കു മാത്രമേ അറിയു. അവിടുന്ന് ചെയ്യുന്നതെല്ലാം നമ്മുടെ ഗുണത്തിനുവേണ്ടിയാണെന്നും സമ്പൂർണ്ണ വിശ്വാസത്തോടേ, ആ സ്ഥലങ്ങളിൽ അഥവാ മറ്റെവിടെയെങ്കിലും നാം അപേക്ഷിക്കുന്നതെല്ലാം അവിടുന്നു നമുക്കു തരുമെന്നും മാത്രം നാം അറിഞ്ഞാൽ മതി. എന്നിരുന്നാലും തിരുസഭയുടെ പ്രത്യേക നിയോഗപ്രകാരം അവിടുത്തെ വണക്കത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന പ്രസ്തുത സ്ഥലങ്ങളിൽ നമ്മുടെ പ്രാർത്ഥനകൾക്കു സവിശേഷമായ ഒരു വശ്യതയില്ലായ്കയില്ല.

 - വിശുദ്ധ യോഹന്നാൻ ക്രൂസ് (മൗതിക വേദപാരംഗതൻ, കൃതി -കർമ്മലമലയേറ്റം പുസ്തകം മൂന്ന്, അദ്ധ്യായം 42)




Article URL:







Quick Links

മൂന്നുതരം തീർത്ഥസ്ഥലങ്ങൾ(Three different kinds of place for devotion); അവയെ സംബന്ധിച്ച് അവലംബിക്കേണ്ട മനോഭാവങ്ങൾ:

വി യോഹന്നാൻ ക്രൂസിനെക്കുറിച്ചറിയാത്തവർ ഈ  വീഡിയോ കണ്ടശേഷം വായിക്കുക, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ വാക്കുകൾ - https://youtu.be/-8qcB6ueljk , https://youtu.be/xfLVvUN1wjE മനസ്സിൽ ഭക്തി ... Continue reading


Third Secret of Fatima - Answered by Bishop Athanasius Schneider

Question (Q) : And the "third secret"...   Answered by Bishop Athanasius Schneider :  There is also the so-called "third secret." It was the text of the third part of the se... Continue reading


The Gift of Filial Adoption The Christian Faith: the only valid and the only God-willed religion

The Truth of the filial adoption in Christ, which is intrinsically supernatural, constitutes the synthesis of the entire Divine Revelation. Being adopted by God as sons is always a gratuitous gift o... Continue reading


Bishop Athanasius Schneider responses to some questions regarding “Second Vatican council appraisal, Universalism and Pachamama veneration”

The true meaning and the limits of the Magisterium of the Church (Pope, Ecumenical Council) and a possible correction of some affirmations of the Second Vatican Council   Question (1) : S... Continue reading