Home | Articles | 

jintochittilappilly.in
Posted On: 11/08/20 15:57
പൊതുവെളിപാടും സ്വകാര്യവെളിപാടും - കത്തോലിക്കാ വിശ്വാസവിചാരം

 


ദൈവീക പൊതുവെളിപാട്  അടങ്ങിയിരിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ പുതിയനിയമത്തിൽ   27 പുസ്തകങ്ങൾ കാനോനികമെന്ന് എന്ന് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത് കത്തോലിക്കാ തിരുസഭയാണ് (എ ഡി 382 ൽ റോമിലെ കൗൺസിലിൽ വച്ച് വിശുദ്ധ ഡാമസസ്സ് മാർപാപ്പ ഇറക്കിയ ഡിക്രി). മനുഷ്യകുലത്തിന് ലഭിച്ച പൊതുവെളിപാട് ക്രിസ്തു സ്ഥാപിച്ച ഏക സഭയായ കത്തോലിക്കാ സഭയിലൂടെ  ലോകത്തിന് നൽകപ്പെട്ടു എന്ന് വേണം മനസിലാക്കാൻ.ലോകത്തു ജീവിച്ചിരിക്കുന്ന എല്ലാ ക്രൈസ്‌തവരും ഈ പൊതു വെളിപാട്  അംഗീകരിക്കുന്നവരാണ്. കത്തോലിക്കാ വിശ്വാസത്തെ ഏറ്റവും എതിർക്കുന്ന പെന്തക്കോസ്തു സഹോദരങ്ങൾ പോലും.കാരണം, എല്ലാ ക്രൈസ്‌തവരും പുതിയനിയമത്തിലെ 27 പുസ്തകങ്ങൾ തന്നെയാണ് പിഞ്ചെല്ലുന്നത്.

അംഗീകരിച്ച പുതിയനിയമ ഗ്രന്ഥങ്ങൾ യേശുനാഥന്റെ  അപ്പസ്തോലന്മാർ ഒന്നാം നൂറ്റാണ്ടിൽ രചിച്ചവയാണ്. ആദ്യകാല രക്തസാക്ഷികൾ അപ്പസ്തോലന്മാരുടെയും  മെത്രാന്മാരുടെയും വിശ്വാസ കൈമാറ്റത്തിലൂടെയും ലഭിച്ച വിശ്വാസപരമ്പര്യത്തിലാണ് ജീവിച്ചിരുന്നത്. നാലാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് പഴയ നിയമ (46 എണ്ണം) പുതിയനിയമ(27 എണ്ണം) ഗ്രന്ഥങ്ങൾ കാനോനികമായി അംഗീകരിച്ചത്. അതിനെ തുടർന്ന് , എ ഡി 405 ൽ വി ജെറോം  ഹീബ്രൂ-ഗ്രീക്ക് ഭാഷയിൽ രചിക്കപ്പെട്ട പഴയ-പുതിയനിയമ ഗ്രന്ഥങ്ങൾ ലത്തീനിലേക്ക് പരിഭാഷപെടുത്തി. അത്  "ലത്തീൻ വുൾഗാത്ത"  (Latin Vulgate) എന്നറിയപ്പെടുന്നു.

 ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളായി തീർന്ന  അനേകർ ജീവിച്ചിരുന്ന ആദ്യനൂറ്റാണ്ടുകളിൽ ഇന്ന് കാണുന്ന രീതിയിലുള്ള ബൈബിൾ ഉണ്ടായിരുന്നില്ല. (ഉദാ  : നാല് സുവിശേഷങ്ങളും രചിക്കപെടുന്നതിനു മുൻപ് തന്നെ അപ്പസ്തോലനായ പത്രോസ് രക്തസാക്ഷിയായി).പുതിയനിയമങ്ങൾ പ്രത്യേകിച്ച് സുവിശേഷങ്ങൾ രചിക്കപ്പെട്ടത് സഭയ്‌ക്കകത്താണ്. അതുകൊണ്ട്, സഭ കാണുന്ന കണ്ണിലൂടെ മാത്രമേ വിശുദ്ധ ഗ്രന്ഥം മനസിലാക്കാൻ പാടുള്ളൂ. ആദ്യകാല രക്തസാക്ഷികൾ അപ്പസ്തോലന്മാരിലൂടെ  നൽകപ്പെട്ട വിശ്വാസപാരമ്പര്യത്തിലാണ് ജീവിച്ചത്. അവർ ആ വിശ്വാസത്തിനു വേണ്ടി (അപ്പസ്തോലന്മാരുടെ  വിശ്വാസ പാരമ്പര്യത്തിന് വേണ്ടി) ജീവൻ പോലും ത്യജിക്കാൻ തയ്യാറായി. അതുകൊണ്ടാണ് കത്തോലിക്കാ സഭ ബൈബിൾ മാത്രം (Sola Scriptura, വിശുദ്ധ ഗ്രന്ഥം  മാത്രം) എന്ന  ആശയത്തെ അംഗീകരിക്കാത്തത്.  വിശുദ്ധ ഗ്രന്ഥത്തോടൊപ്പം വിശുദ്ധ പാരമ്പര്യത്തിനും വിലകല്പിക്കണം എന്നുള്ളത് അപ്പസ്തോലന്മാരുടെ വിശ്വാസമാണ് (ഉദാ  : 2 തെസ്സലോനിക്ക 2:15, 2 തെസ്സലോനിക്ക 3:6, 1 കോറിന്തോസ് 11:2). മറ്റൊരു പ്രധാനകാര്യം ഇവിടെ മനസിലാക്കേണ്ടത് , വിശുദ്ധ ഗ്രന്ഥം ഇന്ന് കാണുന്നത് പോലെ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ  ആദ്യകാല ക്രൈസ്തവർ  തങ്ങളുടെ വിശ്വാസം പരിശീലിച്ചിരുന്നത് മുകളിൽ വിവരിച്ചതുപോലെ അപ്പസ്തോലന്മാരുടെ വിശ്വാസപാരമ്പര്യം അനുസരിച്ച് കൊണ്ട് മാത്രമാണ്. അതുകൊണ്ട് , 'ബൈബിൾ മാത്രം'  (Bible alone  or Sola Scriptura) എന്നുള്ളത് അപ്പസ്തോന്മാരുടെ വിശ്വാസമല്ല ,അതായത് ശരിയായ ക്രൈസ്തവ വിശ്വാസമല്ല എന്നുറപ്പിക്കാം.

 
പൊതു വെളിപാടിന്റെ വിഷയം അങ്ങനെയായിരിക്കെ  സ്വകാര്യ വെളിപാടിനെ കുറിച്ച് പരിശോധിക്കാം. ദൈവവചനമായ ക്രിസ്തുവിന്റെ മനുഷ്യാവതാരമാണ് മനുഷ്യകുലത്തിന് നൽകപെട്ട പൊതുവെളിപാട്.ക്രിസ്തുവിൽ അവസാനിച്ച പൊതു വെളിപാടിന് ശേഷം ചില വ്യക്തികൾക്ക് സ്വകാര്യമായി  ലഭിക്കുന്ന  വെളിപാടുകളെയാണ് സ്വകാര്യ വെളിപാടുകളും എന്ന് വിളിക്കുന്നത്. അത് പൊതുവെളിപാടുമായും സഭയിലൂടെ വിശ്വാസ ധാർമ്മിക മാനദണ്ഡങ്ങളുമായി വിലയിരുത്തിയശേഷം  മാത്രമേ   കത്തോലിക്കാ സഭ അംഗീകാരം നൽകുകയുള്ളൂ . കത്തോലിക്കാസഭയുടെ അംഗീകാരത്തിന് കാത്തുനിൽക്കാതെയുള്ള സ്വകാര്യ വെളിപാടുകളിലേക്കുള്ള എടുത്തു ചാട്ടം ഒരുപക്ഷേ വിശ്വാസ-ധാർമ്മിക മേഖലകൾക്ക്  അപകട ഭീഷണിയാണ്. കത്തോലിക്കാ വിശ്വാസത്തിന്റെ സത്യാവസ്ഥയനുസരിച്ച് [Orthodoxy of Catholic Faith] വിശ്വാസം പരിശീലിക്കുന്ന ഒരാളും ഇത്തരം കാര്യങ്ങളിൽ തിടുക്കം കൂട്ടുകയില്ല. ക്രിസ്തുവിന്റെ  പൊതുവെളിപാട് കത്തോലിക്കാ സഭയിലൂടെ ലോകത്തിനു നല്കപ്പെട്ടെങ്കിൽ , വ്യക്തികൾക്ക് ലഭിക്കുന്ന സ്വകാര്യ വെളിപാടുകളും കത്തോലിക്കാ സഭയുടെ അംഗീകാരത്തോടെ മാത്രമേ സ്വീകരിക്കാവൂ. ഈ സത്യം വ്യാപകമായി കത്തോലിക്കാ സഭ വിശ്വാസികൾക്കിടയിൽ  നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു വിഷയം എഴുതാൻ ഈയുള്ളവൻ നിർബന്ധിതനായത്. വി ജോൺ ക്രിസോസ്തം പറയുന്നപോലെ , ആകമാനം സത്യമെന്ന് തോന്നുംപോലെയിരിക്കുകയും മനുഷ്യനെ വഴിതെറ്റിക്കാനുള്ള വിഷം അതിനിടയിൽ   കലർത്തിയുമാണ്  സാത്താൻ നമ്മെ സമീപിക്കുക. അതിനാൽ സത്യത്തിനറെ തൂണും കോട്ടയുമെന്ന് വിശുദ്ധഗ്രന്ഥം വിശേഷിപ്പിക്കുന്ന ( 1 തിമോത്തിയോസ് 3:15) സഭയുടെ അംഗീകാരമില്ലാത്ത സ്വകാര്യവെളിപാടുകൾ നമുക്ക് ആത്മധൈര്യത്തോടെ തള്ളിക്കളയാം.

"കത്തോലിക്കാ സഭ അംഗീകരിക്കാത്തതും പ്രയോഗിക്കാത്തതുമായ ആചാര വിശേഷങ്ങൾ സംശയാസ്പദമെന്നോണം നിരോധിക്കുക തന്നെ വേണം. പരിശുദ്ധാത്മാവിനെയും തന്റെ കത്തോലിക്ക സഭയേക്കാൾ വിവരമുള്ളത് തങ്ങൾക്കാണെന്ന ഭാവത്തിൽ നവീന സമ്പ്രദായങ്ങൾ ഏർപെടുത്തുവാൻ ആരും മുതിരരുത്. സഭയുടെ അതീവ സരളമായ ആചാരമനുഷ്ട്ടാനങ്ങൾ വഴി ദൈവം തങ്ങളെ ശ്രവിക്കുന്നില്ലെങ്കിൽ വേറെ എന്തെല്ലാം പുതുമകൾ കൊണ്ടുവന്നാലും ദൈവം കനിയുമെന്നു പ്രതീക്ഷിക്കേണ്ടതില്ല. എന്തുകൊണ്ടെന്നാൽ, എല്ലാ കാര്യങ്ങളിലും ദൈവത്തോട് അനുയോജിക്കുകയും അവിടുത്തെ ഇഷ്ട്ടം നിറവേറ്റുകയും ചെയ്യുന്നവർക്ക് വേണ്ടതൊക്കെയും അവിടുന്ന് നൽകും;നേരെ മറിച്ചു സ്വാർത്ഥമതികളുടെ പ്രാർത്ഥന നിരർത്ഥകമായ തീരുകയും ചെയ്യും".- വി .യോഹന്നാൻ ക്രൂസ് (മിസ്റ്റിക്കൽ ഡോക്ടർ)

കർദ്ദീനാൾ ലെവാഡാ : പൊതു വെളിപാടിന്റേതുപോലെ, സ്വകാര്യ വെളിപാടുകളിലെ സത്യസന്ധതയോ അതിന്റെ ഉള്ളടക്കമോ, അത് സഭാ അധികാരികൾ ഔദ്യോഗികമായി സ്ഥിതീകരിച്ചതാണെങ്കിൽക്കൂടിയും സ്വീകരിക്കാൻ കത്തോലിക്കർ ബാധ്യസ്ഥരല്ലെന്ന് തന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ കർദ്ദീനാൾ ലെവാഡാ വളരെ സ്പഷ്ടമാക്കുന്നു.

“വിശ്വാസത്തിനും സദാചാരത്തിനുമെതിരെ ആ വെളിപാടിന്റെ സന്ദേശത്തിൽ യാതൊന്നും ഇല്ല എന്നാണ് .  അവശ്യമായും,” അപ്പസ്തോലിക സ്ഥിരീകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നിരുന്നാലും , അദ്ദേഹം കൂട്ടിച്ചേർക്കുന്നു; സ്വകാര്യ വെളിപാടുകൾക്ക് “ഒരു പ്രവചന സ്വഭാവം”ഉണ്ടാകാവുന്നതാണ് പിന്നെ, “പുതിയ പ്രതിപാദനങ്ങൾ അവതരിപ്പിക്കപ്പെടാം, ഭക്തിയെക്കുറിച്ചുള്ള പുതിയ ഘടനയ്ക്ക് തുടക്കം കുറിക്കാം, അല്ലെങ്കിൽ, പഴയ ഭക്തിമുറകൾ ആഴപ്പെടാനുമാകാം.”.          

[ Note : കാർഡിനാൾ ലെവാടാ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലത്തെ വിശ്വാസ സത്യ തിരുസംഘത്തിന്റെ തലവനായിരുന്നു . സ്വകാര്യവെളിപാടുകളുടെ മാർഗ്ഗരേഖകൾ വത്തിക്കാൻ പുറത്തിറക്കിയപ്പോൾ എഴുതിയ ആമുഖത്തിൽ നിന്നും എടുത്തതാണ് മുകളിൽ  പരാമർശിച്ചിരിക്കുന്നത് ].      

സമാധാനം  നമ്മോടുകൂടെ.




Article URL:







Quick Links

പൊതുവെളിപാടും സ്വകാര്യവെളിപാടും - കത്തോലിക്കാ വിശ്വാസവിചാരം

ദൈവീക പൊതുവെളിപാട്  അടങ്ങിയിരിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ പുതിയനിയമത്തിൽ   27 പുസ്തകങ്ങൾ കാനോനികമെന്ന് എന്ന് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത് കത്തോലിക്കാ തിരുസഭയാണ് (എ ഡി 3... Continue reading


എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?

എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?   കത്തോലിക്കാ വിശ്വാസവിചാരം എന്‍െറ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്... Continue reading