Home | Articles | 

jintochittilappilly.in
Posted On: 23/10/20 23:09
വത്തിക്കാനിൽ നടന്ന പച്ചമാമ വണക്കത്തെ തള്ളിപ്പറയുന്നത് സഭാത്മക നിലപാടല്ലേ? (മറുപടി നൽകുന്നു ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)

 

"യഥാർത്ഥത്തിൽ ഒന്നാം വത്തിക്കാൻ കൗൺസിൽ മാർപാപ്പയെ ഒരു നിരപേക്ഷ പരമാധികാരിയായി നിർവ്വചിച്ചിട്ടില്ല;മറിച്ച് ,വെളിപ്പെടുത്തപ്പെട്ട വചനത്തോടുള്ള അനുസരണം ഉറപ്പുവരുത്തുന്നയാൾ ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.വിശ്വാസത്തിന്റെ പാരമ്പര്യത്തോടു ബന്ധിക്കപ്പെട്ടതാണ് മാർപാപ്പയുടെ അധികാരം, ഇത് ആരാധനക്രമത്തിന്റെ കാര്യത്തിലും ബാധകമാണ്. മാർപാപ്പയ്ക്ക് പോലും ഇതിന്റെ നിയമപരമായ വികാസത്തിന്റെയും നിലനിൽക്കുന്ന സമഗ്രതയുടെയും അനന്യതയുടെയും എളിയ ദാസനായിരിക്കുവാനേ സാധിക്കുകയുള്ളു.മാർപാപ്പയുടെ അധികാരം അപരിമിതമല്ല'; അത് വിശുദ്ധ പാരമ്പര്യത്തിന് ശുശ്രൂഷ ചെയ്യുന്നതാണ്". [ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ - "ലിറ്റർജിയുടെ ചൈതന്യം , പേജ് 172]
 
ചോദ്യവും ഉത്തരവും (പൂർണരൂപം താഴെ വായിക്കാം)
 
 
ചോദ്യം : വത്തിക്കാനിൽ പച്ചമാമയെ വണങ്ങിയതു തെറ്റാണെങ്കിലും അതിനെ സഭാപ്രബോധനങ്ങളോ തിരുവചനഭാഗങ്ങളോ ഉദ്ധരിച്ചുകൊണ്ടു സോഷ്യൽ മീഡിയയിലൂടെ എതിർക്കാൻ പാടില്ല എന്നു ചിലർ പറയുന്നുണ്ട്. ഫ്രാൻസിസ് മാർപ്പാപ്പ ആ സംഭവത്തിൽ ഉൾപ്പെട്ട ആളായതുകൊണ്ട് ആർക്കും അതിനെ തള്ളിപ്പറയാനുള്ള അവകാശമില്ല എന്നും ദൈവത്തിനു മാത്രമേ വിധിക്കാനുള്ള അധികാരം ഉള്ളൂ എന്നും അവർ പറയുന്നു. ഇത്തരം കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കുന്നതുകൊണ്ട് എന്തു നേട്ടമാണുള്ളത്? അത് സഭയുടെ ഐക്യത്തെ ബാധിക്കുമെന്നും പച്ചമാമ വണക്കത്തിനെതിരെ ഒരു കത്തോലിക്കൻ ഒന്നും പറയാൻ പാടില്ലെന്നും അവർ വാദിക്കുന്നു. പച്ചമാമ വണക്കത്തിനെതിരെ ശബ്ദമുയർത്തുന്നവർ പരോക്ഷമായി വിശ്വാസികളെ സഭ വിട്ടുപോകാൻ നിർബന്ധിതരാക്കുന്നു പോലും. ഇങ്ങനെ പോകുന്നു അവരുടെ വാദങ്ങൾ.പച്ചമാമ വണക്കത്തെ തള്ളിപ്പറയുന്നത് സഭാത്മക നിലപാടല്ലേ?
 
(ഉത്തരം) ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ :



സഭ മനുഷ്യ നിർമ്മിതമായ ഒരു രാഷ്ട്രീയ പാർട്ടിയോ ജീവനക്കാരെ വച്ചു ജോലി ചെയ്യിപ്പിക്കുന്ന ഒരു
കമ്പനിയോ അല്ല. സഭ എന്നത് ഒരു അതിസ്വാഭാവിക സംവിധാനവും വലിയൊരു ആത്മീയ കുടുംബവുമാണ്. മാർപാപ്പ സഭയുടെ ഉടമസ്ഥനോ യജമാനനോ അല്ല. മറിച്ചു ദാസൻ (ശുശ്രൂഷകൻ) മാത്രമാണ്. ക്രിസ്തുവിൻ്റെ വികാരിയും പ്രതിനിധിയും ആണ് അദ്ദേഹം. വിശ്വാസത്തിൻ്റെയും ധാർമികതയുടെയും വിശുദ്ധിയ്ക്ക് കോട്ടം തട്ടുന്ന വിധത്തിൽ പ്രവർത്തിക്കുമ്പോൾ മാർപാപ്പയെ തിരുത്താവുന്നതാണ്; അത് പരസ്യമായിട്ടാണെങ്കിൽ പോലും . ആദ്യത്തെ മാർപാപ്പയായ വിശുദ്ധ പത്രോസിനെ അന്ത്യോക്യയിൽ വച്ചു പരസ്യമായി തിരുത്തിയ സംഭവം എല്ലാ തലമുറകളിലുമുള്ള കത്തോലിക്കർക്കായി രേഖപ്പെടുത്തിവയ്ക്കാൻ വിശുദ്ധ പൗലോസിനു പ്രചോദനം നൽകിക്കൊണ്ട് സഭാശ്രേണിയിൽ മാർപ്പാപ്പയ്ക്ക് കീഴെയുള്ളവർക്ക് മാർപാപ്പയെ തിരുത്താം എന്നു മാത്രമല്ല ആവശ്യം വരുമ്പോൾ തിരുത്തണമെന്നും ദൈവം കാണിച്ചുതന്നിട്ടുണ്ട് ( ഗലാ. 2:14 കാണുക)
 
 
 
വിശുദ്ധ തോമസ് അക്വീനാസ് ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്; 'പ്രജകൾ എല്ലായ്‌പ്പോഴും എല്ലാ കാര്യങ്ങളിലും മേലധികാരികളെ അനുസരിക്കാൻ കടപ്പെട്ടവരാണോ? (Summa theologiae, II-IIae, q. 104, a. 5). അദ്ദേഹത്തിൻ്റെ മറുപടി നിഷേധാർത്ഥത്തിലാണ്. അദ്ദേഹത്തിൻ്റെ വിശദീകരണം അനുസരിച്ചു എല്ലാക്കാര്യത്തിലും മേലധികാരികളെ അനുസരിക്കാൻ പ്രജകളെ ബാധ്യതപ്പെടുത്താത്തതിൻ്റെ കാരണങ്ങൾ രണ്ടാണ്. ഒന്നാമത്തേതായി അദ്ദേഹം പറയുന്നത്, അധികാരശ്രേണിയിലെ സംവിധാനങ്ങളെ ബഹുമാനിക്കണം എന്നതിനാൽ ഒരു ഉയർന്ന അധികാരിയുടെ ഉത്തരവനുസരിച്ചു താഴ്ന്ന അധികാരിയുടെ ഉത്തരവുകൾ അനുസരിക്കാതിരിക്കാം എന്നാണ്. രണ്ടാമതായി ഒരു മേലധികാരി തനിക്കു കീഴിലുള്ളവരോട് നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ആ ഉത്തരവ് അനുസരിക്കാതിരിക്കാം. ഉദാഹരണത്തിന്, ചാരിത്ര്യം സംരക്ഷിക്കുകയോ വിവാഹബന്ധത്തിലേർപ്പെടുകയോ പോലെയുള്ള കാര്യങ്ങളിൽ മാതാപിതാക്കളുടെ നിയമവിരുദ്ധമായ കല്പനകൾ പാലിക്കാൻ മക്കൾക്കു ബാധ്യതയില്ല. വിശുദ്ധ തോമസ് അക്വിനാസ് ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്; "ആന്തരികവും ബാഹ്യവുമായ എല്ലാ കാര്യങ്ങളിലും മനുഷ്യൻ പൂർണ്ണമായും ദൈവത്തിനു വിധേയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് എല്ലാക്കാര്യത്തിലും ദൈവത്തെ അനുസരിക്കാൻ അവൻ കടപ്പെട്ടവനാണ്. എന്നാൽ മേലധികാരികളെ എല്ലാക്കാര്യത്തിലും അനുസരിക്കാൻ പ്രജകൾ ബാധ്യസ്ഥരല്ല. ചില കാര്യങ്ങളിൽ മാത്രമേ മേലധികാരികളെ അനുസരിക്കാൻ അവർക്കു ബാധ്യതയുള്ളൂ.......". അനുസരണം മൂന്നു വ്യത്യസ്ത തരത്തിലാണുള്ളത്. ഒന്നാമത്തേതു രക്ഷയ്ക്ക് ആവശ്യമായ അനുസരണം, അതായത് കടപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ മാത്രം അനുസരിക്കുക എന്നതാണ്. രണ്ടാമത്തേതു സമ്പൂർണ്ണമായ അനുസരണം , അതായത് നിയമവിധേയമായ എല്ലാ കാര്യങ്ങളും അനുസരിക്കുക എന്നതാണ്. മൂന്നാമത്തേതു ക്രമരഹിതമായ അനുസരണം, അതായതു നിയമവിരുദ്ധമായ കാര്യങ്ങൾ കൂടി അനുസരിക്കുന്ന അവസ്ഥ. (Summa theologiae, II-IIae, q. 104, a. 3).
 
 
 
അനുസരണം എന്നത് അന്ധമോ നിരുപാധികമോ അല്ല. അതിനു പരിമിതികളുണ്ട്. മാരകമോ അല്ലാത്തതോ ആയ പാപത്തിനു സാധ്യതയുള്ളിടത്തു നമുക്ക് അനുസരിക്കാതിരിക്കാനുള്ള അവകാശം മാത്രമല്ല, കടമയുമുണ്ട്. കത്തോലിക്കാവിശ്വാസത്തിൻ്റെ സമഗ്രതയ്‌ക്കോ ആരാധനാക്രമത്തിൻ്റെ വിശുദ്ധിയ്‌ക്കോ ദോഷകരമായ എന്തെങ്കിലും ചെയ്യാൻ കല്പിക്കപ്പെടുന്ന സാഹചര്യങ്ങൾക്കും ഇതു ബാധകമാണ്. അപ്രമാദിത്വസ്വഭാവമില്ലാത്ത പ്രബോധനങ്ങളിലൂടെ ഒരു മെത്രാനോ,മെത്രാൻ സമിതിയോ, കൗൺസിലോ, ഒരു മാർപാപ്പ തന്നെയോ അബദ്ധസിദ്ധാന്തങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നതിനു ചരിത്രം തന്നെയാണു സാക്ഷി. അത്തരമൊരു സാഹചര്യത്തിൽ ഒരു വിശ്വാസി എന്താണു ചെയ്യേണ്ടത്? തൻ്റെ പല രചനകളിലും വിശുദ്ധ തോമസ് അക്വിനാസ് പഠിപ്പിക്കുന്നതു വിശ്വാസം അപകടത്തിലാകുമ്പോൾ വിശുദ്ധ പൗലോസ് വിശുദ്ധ പത്രോസിനോട് ചെയ്തതുപോലെ മാർപാപ്പയുടെ തീരുമാനത്തെ പരസ്യമായിത്തന്നെ എതിർക്കുക എന്നത് അനുവദനീയം മാത്രമല്ല, ആ സാഹചര്യത്തിൽ അതുതന്നെയാണു ചെയ്യേണ്ടതും എന്നാണ്. പത്രോസിൻ്റെ അജപാലനാധികാരത്തിനു കീഴിലായിരുന്നിട്ടുകൂടി വിശ്വാസസംബന്ധിയായ ഒരു കാര്യത്തിൽ ഇടർച്ചയുണ്ടാകാൻ വ്യക്തമായ സാധ്യത ഉണ്ടെന്നതിനാൽ പൗലോസ് പത്രോസിനെ പരസ്യമായി ശാസിച്ചു. വിശുദ്ധ അഗസ്റ്റിൻ എഴുതുന്നു; "അധികാരസ്ഥാനത്തിരിക്കുന്നവർ നേരായ മാർഗത്തിൽ നിന്നു വ്യതിചലിച്ചുപോകുമ്പോൾ തങ്ങളുടെ കീഴിലുള്ളവരിൽ നിന്നായാലും തിരുത്തൽ സ്വീകരിക്കുന്നത് അനുചിതമാണെന്നു കരുതി അതു നിരസിക്കരുതെന്നതിനു വിശുദ്ധ പത്രോസ് സ്വയം ഉദാഹരണമാകുകയാണ് ചെയ്തത്".
 
 
 
വിശുദ്ധ പൗലോസിൻ്റെ എതിർപ്പ് ഫലത്തിൽ ആദ്യത്തെ മാർപാപ്പയായ വിശുദ്ധ പത്രോസിനെ പരസ്യമായി തിരുത്തുന്നതായിരുന്നു. സുമ്മാ തിയോളജിക്കാ യിൽ വിശുദ്ധ തോമസ് അക്വിനാസ് സാഹോദര്യ നിർവിശേഷമായ
തെറ്റ് തിരുത്തലിനെക്കുറിച്ച് (fraternal correction)വിശദീകരിക്കാൻ വേണ്ടി ഒരു ചോദ്യം മുഴുവനായും ഉപയോഗിക്കുന്നുണ്ട്. സഹോദരമനോഭാവത്തിലുള്ള ഈ തിരുത്തൽ പ്രജകൾക്കു മേലധികാരികളോടും അല്മായർക്കു സഭാധികാരികളോടും നടത്താവുന്നതാണ്. "ഏതൊരു സൽപ്രവൃത്തി ചെയ്യുന്നതും സാഹചര്യങ്ങൾക്കനുസരിച്ചു മിതത്വം പാലിച്ചുകൊണ്ടാവണമെന്നതിനാൽ എപ്പോഴെങ്കിലും ഒരുവൻ തൻ്റെ മേലധികാരിയെ തിരുത്തുന്നുവെങ്കിൽ അതു തികച്ചും ഉചിതമായ മാർഗത്തിലൂടെ ആയിരിക്കണം. അത് ഒരിക്കലും പരുഷമായോ മര്യാദാരഹിതമായ രീതിയിലോ ആകരുത്. മറിച്ച് അതു സൗമ്യതയോടെയും ആദരവോടെയുമായിരിക്കണം" (Summa theologiae, II-II, q. 33, a. 4, ad 3). വിശ്വാസം അപകടത്തിലാകുന്നുവെങ്കിൽ തങ്ങളുടെ മേലധികാരികളെ , മാർപ്പാപ്പയുൾപ്പെടെയുള്ളവരെ പരസ്യമായിപ്പോലും തിരുത്തുവാനും ശാസിക്കാനും വിശ്വാസികൾ കടപ്പെട്ടിരിക്കുന്നു. "അതുകൊണ്ട് വിശ്വാസത്തിൽ ഇടർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നതിനാൽ പത്രോസിൻ്റെ അജപാലന അധികാരത്തിനു കീഴ്‌പ്പെട്ടിരുന്ന പൗലോസ് പത്രോസിനെ പരസ്യമായ തിരുത്തി".
 
 
 
മാർപാപ്പ എന്ന വ്യക്തിയും അദ്ദേഹം വഹിക്കുന്ന സ്ഥാനവും അർത്ഥമാക്കുന്നത് അദ്ദേഹം ക്രിസ്തുവിൻ്റെ വികാരി മാത്രമാണെന്നാണ്. ആ നിലയിൽ പാപ്പ എന്നത് ഒരു അവസാനമോ ലക്ഷ്യമോ അല്ല. മറിച്ച്
ലക്ഷ്യത്തിലേക്കെത്തിക്കുന്ന ഉപകരണം (മാർഗം) ആണ്. മാർഗവും ലക്ഷ്യവും തമ്മിലുള്ള ഈ ബന്ധം തല കീഴ്മറിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നാം ചെയ്യേണ്ടതു മാർപ്പാപ്പ എന്ന സ്ഥാനത്തെ ഈ അർത്ഥത്തിൽ തന്നെ ഉപയോഗിക്കുകയാണ്. തീവ്രഭക്തരായ അനേകം കത്തോലിക്കർക്കിടയിൽ ഇക്കാര്യത്തിൽ വളരെയധികം ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ ഇക്കാലത്ത് ഈ വസ്തുത അടിവരയിട്ടു പറയേണ്ടതു പ്രധാനമാണ്. അതുകൂടാതെ മാർപാപ്പയോടോ മെത്രാനോടോ ഉള്ള അനുസരണം അതിൽത്തന്നെ ഒരു ലക്ഷ്യമല്ല, മറിച്ച് ഒരു ഉപകരണമാണ് . മാർപാപ്പയ്ക്ക് എല്ലാ വിശ്വാസികളുടെയും മേൽ പൂർണ്ണവും നേരിട്ടുള്ളതുമായ അധികാരമുണ്ട്. ഇക്കാര്യത്തെ സംബന്ധിച്ചിടത്തോളം ഭൂമിയിൽ അദ്ദേഹത്തേക്കാൾ മുകളിൽ മറ്റൊരു അധികാരസ്ഥാനം ഇല്ലതാനും. എന്നാൽ അദ്ദേഹത്തിനു തെറ്റായതോ അവ്യക്തമായതോ (ഒന്നിലധികം തരത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്നതോ) ആയ പ്രസ്താവനകളിലൂടെ കത്തോലിക്കാവിശ്വാസത്തിൻ്റെ സമഗ്രതയെയോ,സഭയുടെ ദൈവിക സംവിധാനത്തെയോ പരിശുദ്ധ കുർബാനയുടെ ആരാധനാക്രമത്തിൻ്റെ പവിത്രതയേയും അതിൻ്റെ ബലിസ്വഭാവത്തെയും സംബന്ധിച്ചുള്ള സഭയുടെ അചഞ്ചലമായ പാരമ്പര്യത്തെ മാറ്റുവാനോ ദുർബലമാക്കുവാനോ സാധ്യമല്ല.അഥവാ അങ്ങനെ സംഭവിക്കുകയാണെങ്കിൽ മെത്രാന്മാർക്കും, എന്തിനു അല്മായർക്കുപോലും സ്വകാര്യമായി അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നതിനു പുറമേ പരസ്യമായ ആഹ്വാനങ്ങളിലൂടെയും നിർദേശങ്ങളിലൂടെയും ആ പ്രബോധനങ്ങളുടെ തിരുത്തലിനുവേണ്ടി പ്രവർത്തിക്കാനുള്ള ചുമതലയും അതിനുള്ള ന്യായമായ സാധ്യതയും ഉണ്ട്. എന്നുമാത്രമല്ല, വിശ്വാസത്തിൻ്റെ സമഗ്രതയെയോ സഭയുടെ ദൈവികസംവിധാനത്തെയോ ലിറ്റർജിയെയോ രൂപഭേദം വരുത്തുകയോ ദുർബലമാക്കുകയോ ചെയ്യുന്ന ഒരു പേപ്പൽ ഉത്തരവിനോട് അനുസരണക്കേടു കാണിച്ചുകൊണ്ടു പ്രവർത്തിക്കുക എന്നതും അവരുടെ കടമയും നിയമാനുശാസിതമായ സാധ്യതയുമാണ്. ഇത്തരത്തിൽ ഒരു സന്ദർഭം വളരെ അപൂർവ്വമെങ്കിലും സംഭവ്യമായ ഒന്നാണ്. അതു തൻ്റെ സഹോദരരെ വിശ്വാസത്തിൽ ഉറപ്പിക്കാനായി വിളിക്കപ്പെട്ടിരിക്കുന്ന മാർപ്പാപ്പയോടുള്ള അനുസരണത്തിൻ്റെയും വിധേയത്വത്തിൻ്റെയും നിഷേധമല്ല, മറിച്ച് അതിൻ്റെ സ്ഥിരീകരണമാണ്. പ്രബോധനങ്ങളിൽ തിരുത്തൽ വരുത്താൻ വേണ്ടിയുള്ള അത്തരം പ്രാർത്ഥനകളും ആഹ്വാനങ്ങളും നിർദേശങ്ങളും അനുസരണക്കേട് എന്നു നാം വിശേഷിപ്പിക്കുന്ന പ്രവർത്തികളും ഒക്കെ സഭയുടെ പരമാചാര്യനോടുള്ള സ്നേഹത്തിൻ്റെ പ്രകടനമാണ്. അതു സാർവത്രികസഭയെ വ്യക്തതയോടെയും തീക്ഷ്ണതയോടെയും വിശ്വാസത്തിൽ ഉറപ്പിക്കുക എന്ന തൻ്റെ പ്രാഥമിക ചുമതലയെ അവഗണിക്കുന്ന അപകടകരമായ ശീലത്തിൽ നിന്ന് മനസ്സു തിരിയാൻ അദ്ദേഹത്തെ സഹായിക്കുന്നതിനു വേണ്ടിയാണ്.
 
 
 
സ്വീഡനിലെ വിശുദ്ധ ബ്രിജീത്ത, സിയെന്നയിലെ വിശുദ്ധ കാതറിൻ തുടങ്ങിയ വിശുദ്ധർ മാർപാപ്പയുടെ ശുശ്രൂഷയോടുള്ള സ്നേഹമോ, മാർപ്പാപ്പ എന്ന വ്യക്തിയോടും പരിശുദ്ധസിംഹാസനത്തോടുമുള്ള ആദരവോ കാരണം മാർപാപ്പാമാരെ ശാസിക്കുന്നതിൽ ( admonishing) നിന്നു മടിച്ചുമാറിനിന്നിട്ടില്ല. അതു ചിലപ്പോഴൊക്കെ രൂക്ഷമായ വാക്കുകളിൽ ആയിരുന്നുതാനും. ഉദാഹരണത്തിനു വിശുദ്ധ ബ്രിജീത്ത ഗ്രിഗറി പതിനൊന്നാമൻ പാപ്പയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കർത്താവിൻ്റെ വാക്കുകൾ രേഖപ്പെടുത്തിവച്ചിരിക്കുന്നതു നോക്കുക. " ഞാൻ എൻ്റെ രക്തം കൊടുത്തു വിലയ്ക്കുവാങ്ങിയ സഭയെ നവീകരിക്കാൻ തുടങ്ങുക. അങ്ങനെ സഭ വിശുദ്ധിയുടെ നിർമ്മലാവസ്ഥയിലേക്ക് , ആത്മീയമായി തിരികെ നയിക്കപ്പെടട്ടെ. ഞാൻ ആഗ്രഹിക്കുന്ന ഈ കാര്യം നീ അനുസരിക്കുന്നില്ലെങ്കിൽ,ഞാൻ നിന്നെ എൻ്റെ സ്വർഗീയസഭയിൽ വച്ചു കുറ്റം വിധിക്കാൻ പോകുകയാണെന്നു നീ ഉറപ്പിച്ചുകൊള്ളുക. സ്ഥാനഭ്രഷ്ടനാക്കപ്പെടുന്ന ഒരു സഭാധികാരിയെ എങ്ങനെ ശിക്ഷിക്കുന്നുവോ അതേ ആത്മീയനീതിയോടെയും അതേ തരത്തിലുള്ള ശിക്ഷാവചനത്തോടും കൂടിയായിരിക്കും അതു ചെയ്യുക.. അങ്ങനെയൊരാളിൽ നിന്നു പരസ്യമായി തൻ്റെ വിശുദ്ധമായ സഭാധികാരവസ്ത്രം എടുത്തുമാറ്റപ്പെടുകയും ആ വ്യക്തി പരാജിതനും ശപിക്കപ്പെട്ടവനും ആയിത്തീരുകയും ചെയ്യുന്നു. ഞാൻ നിന്നോടു ചെയ്യാൻ പോകുന്നത് ഇതാണ്. ഞാൻ നിന്നെ സ്വർഗത്തിൻ്റെ മഹത്വത്തിൽ നിന്നു ദൂരെയകറ്റും. എന്നിരിക്കിലും എൻ്റെ മകനേ, ഗ്രിഗറീ, എളിമപ്പെട്ടു മാനസാന്തരപ്പെടാനായി ഞാൻ വീണ്ടും നിന്നെ താക്കീതു ചെയ്യുന്നു. എൻ്റെ ഉപദേശം ശ്രവിക്കുക". (Book of Revelations, 4, 142).
 
 
സഭയിൽ ശക്തമായ നവീകരണങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അങ്ങനെ ചെയ്യുന്നില്ലെങ്കിൽ സ്ഥാനം ത്യജിക്കാൻ ആവശ്യപ്പെട്ടുകൊണ്ടും വേദപാരംഗതയായ സിയെന്നയിലെ വിശുദ്ധ കാതറിൻ, ഗ്രിഗറി പതിനൊന്നാമൻ പാപ്പയ്ക്കു തുറന്ന താക്കീതു കൊടുത്തതു ശ്രദ്ധിക്കുക; "പ്രിയപ്പെട്ട പരിശുദ്ധപിതാവേ, , മാധുര്യവാനായ യേശുക്രിസ്തുവിൽ അങ്ങയുടെ വിനീതയായ അയോഗ്യപുത്രി കാതറിൻ, അവളെത്തന്നെ അവിടുത്തെ വിലമതിക്കാനാവാത്ത തിരുരക്തത്തിനു സമർപ്പിക്കുന്നു. പരിശുദ്ധസഭയുടെ തോട്ടത്തിൽ പോഷിപ്പിക്കപ്പെടുകയും മേയുകയും ചെയ്യുന്നവരുടെ അനവധിയായ അകൃത്യങ്ങൾക്ക് പകരമായി നീതി പരികർമം ചെയ്യപ്പെടണം എന്നു ദൈവികസത്യം ആവശ്യപ്പെടുന്നു.അവിടുന്ന് അങ്ങേയ്ക്ക് അധികാരം നൽകുകയും അങ്ങ് അതു സ്വീകരിക്കുകയും ചെയ്തിരിക്കയാൽ അങ്ങ് അങ്ങയുടെ കഴിവുകളും ശക്തിയും ഉപയോഗിക്കണം. അങ്ങ് അത് ഉപയോഗിക്കാൻ താല്പര്യപ്പെടുന്നില്ലെങ്കിൽ അങ്ങ് ഏറ്റെടുത്ത സ്ഥാനത്തുനിന്നു രാജിവച്ചുപോകുകയായിരിക്കും അങ്ങേയ്ക്കു കൂടുതൽ നല്ലത്. അത്തരമൊരു നടപടി ദൈവത്തിനു കൂടുതൽ മഹത്വജനകവും അങ്ങയുടെ ആത്മാവിന് ആരോഗ്യപ്രദവും ആയിരിക്കും".


അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ (മാർപാപ്പ, മെത്രാന്മാർ) നമ്മുടെ ഇന്നത്തെക്കാലത്തെന്നതുപോലെ, കത്തോലിക്കാ വിശ്വാസത്തിൻ്റെയും ലിറ്റർജിയുടെയും സമഗ്രതയും വ്യക്തതയും ഉയർത്തിപ്പിടിക്കുക എന്ന തങ്ങളുടെ കർത്തവ്യത്തിൽ പരാജയപ്പെടുമ്പോൾ അപേക്ഷകളിലൂടെയും തിരുത്തൽ നിർദേശങ്ങളിലൂടെയും അതിനേക്കാളുപരി അവർക്കുവേണ്ടിയുള്ള ശക്തമായ പരിത്യാഗപ്രവൃത്തികളിലൂടെയും പ്രാർത്ഥനകളിലൂടെയും തങ്ങളുടെ മേലധികാരികളുടെ കുറവുകൾക്കു പരിഹാരം ചെയ്യാനായി ദൈവം വിശാസികളെ - പലപ്പോഴും സഭയിലെ വിനീതരായ എളിയവരെ - വിളിക്കുന്നു.
 
+ ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ
 
 
ഒറിജിനൽ ഇംഗ്ലീഷ് ലേഖനം വായിക്കാൻ, ലിങ്കിൽ ക്ലിക് ചെയ്യുക
 

 
 



Article URL:







Quick Links

വത്തിക്കാനിൽ നടന്ന പച്ചമാമ വണക്കത്തെ തള്ളിപ്പറയുന്നത് സഭാത്മക നിലപാടല്ലേ? (മറുപടി നൽകുന്നു ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)

"യഥാർത്ഥത്തിൽ ഒന്നാം വത്തിക്കാൻ കൗൺസിൽ മാർപാപ്പയെ ഒരു നിരപേക്ഷ പരമാധികാരിയായി നിർവ്വചിച്ചിട്ടില്ല;മറിച്ച് ,വെളിപ്പെടുത്തപ്പെട്ട വചനത്തോടുള്ള അനുസരണം ഉറപ്പുവരുത്തുന്നയാൾ ആയിട്ടാണ് അവതരിപ്പിച്ചി... Continue reading


ആമസോൺ സിനഡിൽ പ്രത്യക്ഷപ്പെട്ട പച്ചമാമ പ്രതിമയുടെ ഉത്ഭവം?

2019 ഒക്ടോബറിൽ വത്തിക്കാനിൽ നടന്ന ആമസോൺ സിനഡിൽ പ്രത്യക്ഷപ്പെട്ട പച്ചമാമ പ്രതിമയുടെ ഉത്ഭവം?   ... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid), അതിലെ ചില പ്രസ്താവകളിൽ തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും? വിശിഷ്യാ, ലുമെൻ ജെൻസിയം പോലുള്ള ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ (Dogmatic constitution) കാര്യത്തിൽ ?

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid),  അതിലെ  ചില  പ്രസ്താവകളിൽ  തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും?  വിശിഷ്യാ,  ലുമെൻ ജെൻസിയം പോലുള്ള ഡ... Continue reading


കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രത... Continue reading