Home | Articles | 

jintochittilappilly.in
Posted On: 01/07/20 12:34
എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?

 

എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?

 

കത്തോലിക്കാ വിശ്വാസവിചാരം


എന്‍െറ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്‍െറ സാന്നിധ്യത്തില്‍മാത്ര മല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്‌ഷയ്‌ക്കുവേണ്ടി അധ്വാനിക്കുവിന്‍. [ഫിലിപ്പി 2 : 12]


"സ്നേഹത്തിൽ നിലനിൽക്കാത്തവരും സഭയുടെ മടിത്തട്ടിൽആന്തരികമായി നിവസിക്കാതെ ബാഹ്യമാത്രമായി കഴിഞ്ഞുകൂടുന്നവരും സഭയുടെ അംഗങ്ങളായതുകൊണ്ടു മാത്രം രക്ഷപ്രാപിക്കുകയില്ല".[Second Vatican council document, Lumen Gentium number #14]


ഈ കാലഘട്ടത്തിൽ, കത്തോലിക്കാ സഭയിൽ നടത്തപെടുന്ന ചില വചന ശുശ്രൂഷകളിൽ "ദൈവം കരുണാമയനായതുകൊണ്ട്, എല്ലാവരും സ്വർഗ്ഗത്തിൽ പോകും... നരകത്തെ പറ്റിയുള്ള സഭാപ്രബോധനത്തെ തങ്ങളുടെ ഇഷ്ടത്തിന് വളച്ചൊടിക്കുകയും, എങ്ങനെ ജീവിച്ചാലും ക്രിസ്തു നമ്മെ സ്വർഗ്ഗത്തിൽ സ്വീകരിക്കും" എന്ന രീതിയിലുള്ള കപട ആശ്വാസപ്രഘോഷണങ്ങൾ കേൾക്കാനിടയായ സാഹചര്യത്തിൽ "മരണാന്തര ജീവിതത്തെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗിക പ്രബോധനം" ചുവടെ ചേർക്കുന്നു:


1979 ൽ മരണാന്തര ജീവിതത്തെക്കുറിച്ചു കത്തോലിക്കാ സഭയുടെ വിശ്വാസസത്യതിരുസംഘം വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ പുറപ്പെടുവിച്ച -"മരണാന്തര ജീവിതത്തെ സംബന്ധിക്കുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടി" - കത്ത്:


"തുടക്കത്തിൽ തന്നെ, അധ്യാപകരായി പ്രവർത്തിക്കുന്നവർ വിശ്വാസത്തിന്റെ സത്തയുമായി ബന്ധപ്പെട്ടതായി സഭ കരുതുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കണം; ഇതിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ അന്വേഷിച്ച് വികസിപ്പിക്കുകയല്ലാതെ ദൈവശാസ്ത്ര ഗവേഷണത്തിന് മറ്റൊരു ലക്ഷ്യവുമില്ല.വിശ്വാസസത്യങ്ങളെ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യാൻ കടമയുള്ള വിശ്വാസസത്യതിരുസംഘം , ഇവിടെ ക്രിസ്തുവിന്റെ നാമത്തിൽ സഭ പഠിപ്പിക്കുന്ന കാര്യങ്ങൾ അനുസ്മരിക്കാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ചും ക്രൈസ്തവന്റെ മരണത്തിനും പുനരുത്ഥാനത്തിനും ഇടയിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച്.


സഭയുടെ പരമ്പരാഗത വിശ്വാസം ഒരിക്കൽ കൂടി ആവർത്തിച്ച് പ്രഖ്യാപിക്കുന്നു:


1). കത്തോലിക്കാ സഭ മരിച്ചവരുടെ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നു (cf. the Creed) .


2). മനുഷ്യന്റെ "പൂർണ്ണ വ്യക്‌തിത്വത്തെ" [the whole person] സംബന്ധിക്കുന്നതായിട്ടാണ് സഭ പുനരുത്ഥാനത്തെ മനസിലാക്കുന്നത്. തിരഞ്ഞെടുക്കപെട്ടവരെ സംബന്ധിച്ചു യേശുക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള മനുഷ്യന്റെ പങ്കുചേരലാണിത്.


3). മരണത്തിനുശേഷവും ഒരു ആത്മീയഘടകം അവശേഷിക്കുകയും നിലനിൽക്കുകയും ചെയ്യുന്നുണ്ടെന്ന് തിരുസഭ ഉറപ്പിച്ചു പറയുന്നു. ആത്മാവബോധവും [consciousness] ഇച്ഛാശക്തിയും [will] ഉൾക്കൊള്ളുന്നതാണ് ഈ ആത്മീയഘടകം.അതിനാൽ "മനുഷ്യവ്യക്തി " നിലനിൽക്കുന്നു.ഈ ഘടകത്തെ സൂചിപ്പിക്കാൻ ,സഭ "ആത്മാവ്" [soul] എന്ന പദം ഉപയോഗിക്കുന്നു;വിശുദ്ധ ഗ്രന്ഥത്തിന്റെയും വിശുദ്ധ പാരമ്പര്യത്തിന്റെയും ഉപയോഗത്തിൽ നിന്നെടുത്തതാണ് ഈ പദം. ക്രിസ്ത്യാനികളുടെ വിശ്വാസത്തെ പിന്തുണയ്ക്കുന്നതിനായി ഒരു പദം മാധ്യമമായി ഉപയോഗിക്കുന്നത് തികച്ചും ഒഴിച്ചുകൂടാനാവാത്തതാണെന്ന് സഭ കരുതുന്നു.


4). മരിച്ചവർക്കുവേണ്ടി സഭ അർപ്പിക്കുന്ന പ്രാർത്ഥനകൾ,ആചാരങ്ങൾ, ഭക്തനുഷ്ഠാനങ്ങൾ മുതലായവ അർത്ഥശൂന്യമോ അഗ്രാഹ്യമോ ആക്കിത്തീർക്കുന്ന സകല ചിന്താഗതികളെയും സഭ തള്ളിക്കളയുന്നു.


5) വിശുദ്ധ ലിഖിതങ്ങൾക്കു അനുസൃതമായി, സഭ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വപൂർണ്ണമായ പ്രകാശനമാണ്" ( ദെയ് വെർബും,no 4) പ്രതീക്ഷിക്കുന്നത്,മരണപ്പെട്ട ഉടൻതന്നെ ആളുകളുടെ അവസ്ഥയുമായി ബന്ധപ്പെട്ട് ഇത് സ്‌പഷ്‌ടമായതും മാറ്റിവയ്ക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു.


6). മരണാന്തരജീവിതത്തെക്കുറിച്ചു പഠിപ്പിക്കുമ്പോൾ, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിന്റെ സവിശേഷവും അനന്യവുമായ അർത്ഥം നഷ്ടപ്പെടുത്തുന്ന സകല വിശദീകരണങ്ങളും സഭ തള്ളിപ്പറയുന്നു.തിരഞ്ഞെടുക്കപ്പെട്ട സകലർക്കും ലഭിക്കാനിരിക്കുന്ന മഹത്വീകരണത്തിന്റെ മുന്നാസ്വാദനമാണ് കന്യകാമറിയത്തിന്റെ മഹത്വീകരണം.


7). പുതിയനിയമത്തോടും വിശുദ്ധപാരമ്പര്യത്തോടും വിശ്വസ്തത പുലർത്തിക്കൊണ്ട്, നീതിമാന്മാരെല്ലാം ഒരു ദിവസം ക്രിസ്തുവിനോടൊപ്പം നിത്യഭാഗ്യം അനുഭവിക്കുമെന്നു സഭ വിശ്വസിക്കുന്നു.അതോടൊപ്പം, പാപികൾക്ക് നിത്യശിക്ഷയുണ്ടാകുമെന്നും സഭ വിശ്വസിക്കുന്നു.അവർക്കു ദൈവദർശനം നഷ്ടമാകും. ഈ ശിക്ഷ പാപിയുടെ മുഴുവൻ സത്തയെയും വ്യക്തിത്വത്തെയും ബാധിക്കുന്നതായിരിക്കും.തെരഞ്ഞെടുക്കപെട്ടവർക്ക് ദൈവദർശനം ലഭിക്കുന്നതിന് മുൻപ് ഒരു ശുദ്ധീകരണം സാധ്യമാണെന്നും അത് നിത്യശിക്ഷയിൽനിന്നു തികച്ചും വ്യത്യസ്തമാണെന്നും സഭ വിശ്വസിക്കുന്നു. നരകത്തെയും [Hell] ശുദ്ധീകരണസ്ഥലത്തെയും [Purgatory] ക്കുറിച്ചു സംസാരിക്കുന്ന സഭ ഇതാണ് ഉദ്ദേശിക്കുന്നത്.


മരണാന്തര ജീവിതത്തെക്കുറിച്ചു പറയുമ്പോൾ,അനാവശ്യവും അതിശയോക്തി കലർന്നതുമായ സാങ്കല്പികാവതരണങ്ങൾ വഴി ഉണ്ടാകുന്ന തെറ്റിദ്ധാരണകളെക്കുറിച്ചു വിശ്വാസസത്യതിരുസംഘം തുടർന്ന് താക്കീതുകൾ നൽകുന്നുണ്ട്. അവ്യക്തത നിറഞ്ഞുനിൽക്കുന്ന ഒരു മേഖലയാണ് മരണാന്തരജീവിതം എങ്കിലും രണ്ടു കാര്യങ്ങൾ നാം ഉറപ്പായി വിശ്വസിക്കണം - "പരിശുദ്ധാരൂപിയുടെ ശക്തിയാൽ നാം ഇന്ന് അനുഭവിക്കുന്ന ക്രിസ്തുവിലുള്ള ജീവിതവും ഭാവിയിൽ വരാനിരിക്കുന്ന നവജീവിതവും തമ്മിൽ അടിസ്ഥാനപരമായ ഒരു തുടർച്ച ഉണ്ടായിരിക്കും. അതേസമയം, അവ തമ്മിൽ കാതലായ അന്തരവുമുണ്ടായിരിക്കും". [ END QUOTE]


*തെരഞ്ഞെടുക്കപെട്ടവർക്ക് ദൈവദർശനം ലഭിക്കുന്നതിന് മുമ്പുള്ള ശുദ്ധികരണസ്ഥലത്തെ ശുദ്ധികരണവും നരകത്തിലെ നിത്യശിക്ഷയും തികച്ചും വ്യത്യസ്തമാണെന്നും സഭ വിശ്വസിക്കുന്നു:


“കുരിശിന്റെ വിശുദ്ധ യോഹന്നാൻ പരിശുദ്ധാരൂപിയെ “ജീവിക്കുന്ന സ്നേഹജ്വാല”എന്ന് വിശദീകരിക്കുന്നു, പരിപൂർണ്ണമായ സ്നേഹസായൂജ്യത്തിന്റെ പരമപദവിയിലേക്കാനയിക്കുവാൻ കർത്താവ് മനുഷ്യാത്മാവിനെ ഭൂമിയിലും, ആവശ്യമാണെങ്കിൽ മരണശേഷവും ശുദ്ധീകരിക്കുന്നു.ഈ രീതിയിൽ, ജീവിച്ചിരിക്കുമ്പോൾത്തന്നെ “ഇരുണ്ട രാത്രികൾ” എന്ന് വിളിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട ശുദ്ധീകരണവും ശുദ്ധീകരണസ്ഥലത്തിലെ സഹനത്തിലൂടെയുള്ള ശുദ്ധീകരണവും തമ്മിൽ ഒരു പ്രത്യേക സമാന്തരത [Parallelism] അദ്ദേഹം സ്ഥാപിച്ചു". ഈ വിശ്വാസസത്യത്തിന്റെ [Dogma] ചരിത്രത്തിൽ,നിത്യശിക്ഷയുടെയും ശുദ്ധീകരണത്തിന്റെയും അവസ്ഥകളെ കൃത്യമായി വേര്‍തിരിക്കുന്നതിലുള്ള ശ്രദ്ധയില്ലായ്മ മൂലം പൗരസ്ത്യ അകത്തോലിക്ക ക്രിസ്‌ത്യാനികളുമായുള്ള ഒരു സംവാദം നടത്തുന്നതിൽ തന്നെ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു.”[International Theological Commission, “SOME CURRENT QUESTIONS IN ESCHATOLOGY # 8.2”,1992, Roman Curia Document].

 

നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആദിമ സഭ പിതാവായ വി ജെറോം ഇപ്രകാരം പഠിപ്പിക്കുന്നു : നമുക്ക് ഒരിക്കലും സ്വന്തം നിലയിൽ വിശുദ്ധലിഖിതങ്ങൾ വായിക്കാനാകില്ല.. അടച്ചിട്ടിരിക്കുന്ന അനേകം വാതിലുകൾ കാണും; വളരെ എളുപ്പത്തിൽ നാം തെറ്റിലേക്ക്‌ വഴുതിവീഴാം.. പരിശുദ്ധാരൂപിയുടെ പ്രേരണയാൽ ദൈവജനം ദൈവജനത്തിനായി എഴുതിയതാണ് ബൈബിൾ. ദൈവജനവുമായുള്ള കൂട്ടായ്മയിൽ മാത്രമേ ദൈവം നമ്മെ അറിയിക്കാൻ ആഗ്രഹിക്കുന്ന സത്യത്തിന്റെ ഹൃദയത്തിലേക്ക് 'നാം' ഒരു സംഘമായി യഥാർത്ഥത്തിൽ കടന്നു ചെല്ലാൻ കഴിയൂ.. ദൈവവചനം വ്യാഖ്യാനിക്കുന്നതിൽ സഭയുടേതായ ഒരു മാനമുണ്ടെന്നത്, ബാഹ്യമായി ഏർപ്പെടുത്തിയ ഒരു നിബന്ധനയല്ല.. ജെറോമിന്റെ സമകാലീകനായ സഭാപിതാവായ വി അഗസ്തിനോസ് ഇപ്രകാരം പറയുന്നു: "കത്തോലിക്കാസഭയുടെ അധികാരം എന്നോട് പറഞ്ഞില്ലായിരുന്നുവെങ്കിൽ ഞാൻ സുവിശേഷത്തിൽ വിശ്വസിക്കുമായിരുന്നില്ല"

 

എ ഡി 450 ൽ മരണപ്പെട്ട ആദിമസഭാപിതാവായ ലെറീൻസിലെ വിശുദ്ധ വിൻസെന്റ് ഇപ്രകാരം എഴുതിവെച്ചു :

 

"എന്നാൽ ഇവിടെ ആരെങ്കിലും ചോദിച്ചേക്കാം, കാരണം, വിശുദ്ധ ലിഖിതങ്ങളുടെ കാനോൻ പൂർത്തിയായി, ഇനി സഭയുടെ വിശുദ്ധ ലിഖിത വ്യാഖ്യാനത്തിന്റെ അധികാരം അംഗീകരിക്കേണ്ട ആവശ്യം എന്താണ് ?? വിശുദ്ധ ലിഖിതങ്ങളുടെ ആന്തരീകത കാരണം, എല്ലാവരും ഒരേ അർത്ഥത്തിൽ അത് സ്വീകരിക്കുന്നില്ല, എന്നാൽ ഓരോരുത്തരും അതിലെ വാക്കുകൾ ഓരോരോ വിധത്തിൽ മനസ്സിലാക്കുന്നു, അതിനാൽ എത്രയേറെ വ്യാഖ്യാതാക്കൾ ഉണ്ടോ അത്രയേറെ വ്യാഖ്യാനങ്ങളും കാണും .അതിനാൽ, അത്തരം വലിയ സങ്കീർണതകൾ നിറഞ്ഞ തെറ്റുകൾ കാരണം ഇത് വളരെ ആവശ്യമാണ്- "പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനുള്ള നിയമം സഭാത്മകവും കത്തോലിക്കാ വ്യാഖ്യാനത്തിന്റെയും നിലവാരത്തിന് അനുസൃതമായി രൂപപ്പെടുത്തണം" .മാത്രമല്ല, കത്തോലിക്കാസഭയിൽ തന്നെ, സാധ്യമായ എല്ലാ ശ്രദ്ധയും ഉണ്ടായിരിക്കണം - "എല്ലായ്പ്പോഴും എല്ലായിടത്തും വിശ്വസിക്കപ്പെട്ടിട്ടുള്ള ആ വിശ്വാസം , എല്ലാവർക്കുമായി ഞങ്ങൾ നിലനിർത്തുന്നു".

 

രണ്ട് വഴികളിലൂടെ സത്യവിശ്വാസം തെളിയിക്കുന്നത് എല്ലായ്പ്പോഴും കത്തോലിക്കരുടെ പതിവാണ്, അത് ഇപ്പോഴും ഉണ്ട്; ആദ്യം (1) വിശുദ്ധ ലിഖിതത്തിന്റെ അധികാരത്താലും [Authority of Sacred Scripture] അടുത്തത് (2) കത്തോലിക്കാസഭയുടെ പാരമ്പര്യത്തിലും [Sacred tradition of the catholic church] .

 

എല്ലാ ചോദ്യത്തിനും വിശുദ്ധ ലിഖിതങ്ങൾ [ബൈബിൾ] മാത്രം പര്യാപ്തമല്ല എന്നല്ല. എന്നാൽ, വിശുദ്ധ ലിഖിതങ്ങളെ അവരവരുടെ പ്രേരണയനുസരിച്ച് വ്യാഖ്യാനിക്കുന്നതിലൂടെ, തെറ്റായ പല അഭിപ്രായങ്ങളും ഉടലെടുക്കുന്നു.അതിനാൽ, വിശുദ്ധ ലിഖിതങ്ങളുടെ വ്യാഖ്യാനം സഭയുടെ വിശ്വാസത്തിന്റെ ഒരു മാനദണ്ഡമനുസരിച്ച് നടത്തപ്പെടേണ്ടത് ആവശ്യമാണ്". [END QUOTE]

 

അതിനാൽ, മരണാന്തര ജീവിതത്തെ കുറിച്ച് മുകളിൽ കൊടുത്തിരിക്കുന്ന വിശ്വാസപ്രബോധനത്തിനു വിരുദ്ധമായി ആരുതന്നെ പഠിപ്പിച്ചാലും അത്തരം പ്രബോധനങ്ങൾ തള്ളിക്കളയാൻ ഓരോ കത്തോലിക്കാ വിശ്വാസിക്കും അവകാശവും കടമയുമുണ്ട്.

 

നിരുത്‌സാഹരാകാതെ വിശ്വാസവും ദീര്‍ഘക്‌ഷമയുംവഴി വാഗ്‌ദാനത്തിന്‍െറ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍.
(ഹെബ്രായര്‍ 6 : 12)

 

സമാധാനം നമ്മോടുകൂടെ!
Article URL:Quick Links

എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?

എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?   കത്തോലിക്കാ വിശ്വാസവിചാരം എന്‍െറ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്... Continue reading


വെളിപാടുകളും സഭയുടെ വിശ്വാസവും

വെളിപാടുകളുടെ വിഷയത്തിൽ പിശാചിനു വളരെയധികം കൈകടത്താൻ കഴിയും. ഇവ സാധാരണമായി വാക്കുകളാലും ഛായകളാവും സാദൃശ്യങ്ങളാലും മറ്റും സംവേദിക്കപ്പെടുന്നതിനാൽ, ആത്മാവിൽ മാത്രം സിദ്ധിക്കുന്നവയെ അപേക്ഷിച്ച് വളരെയധി... Continue reading