നീ ക്രിസ്തുവിൽ ജീവിച്ചാൽ,
നിനക്ക് ക്രിസ്തുവിൽ മരിക്കാം..
മരണം കൊണ്ട് മാത്രം ആരും രക്തസാക്ഷിയാവുകയില്ല,
ഒരുവന്റെ ജീവിതമാണ് അവനെ രക്തസാക്ഷിയാക്കുന്നത്.
അവന്റെ ജീവൻ ലോകത്തിലെ തിന്മകൾക്ക് വെല്ലുവിളിയായി,
ആ ജീവനെടുത്താൽ ലോകത്തിൽ വിജയിച്ചുവെന്ന് തിന്മയുടെ ശക്തികൾ കരുതുന്നു.
ക്രിസ്തുവിന്റെ വേദസാക്ഷിക്ക് മരണമുണ്ടോ?
എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കുമെന്ന് - ക്രിസ്തുവിന്റെ വാഗ്ദാനം.
രക്തസാക്ഷികളുടെ ചുടുനിണമാണ്
പരിശുദ്ധ കത്തോലിക്കാ സഭയുടെ വിത്ത്.
ക്രിസ്തുവിന്റെ രക്തസാക്ഷിത്വത്തിൽ നിന്നാണ് സഭ ജനിച്ചത്..
അവൾ ജനിച്ചത് തന്റെ പ്രിയന്റെ
അതെ, യേശുക്രിസ്തുവിന്റെ ചോരയിൽ നിന്നും.
ക്രിസ്തുവിന്റെ തുടർച്ചയായ അവൾ
ഇന്നും തുടരുന്നു ലോകാവസാനം വരെ
വിശുദ്ധാത്മാക്കളുടെ രക്തസാക്ഷിത്വത്തിലൂടെ..
രക്തസാക്ഷികളുടെ വലിയ സമൂഹത്തിൻ-
മദ്ധ്യേ നിന്നുകൊണ്ട് ;ധീരതയോടെ മാർത്തോമാശ്ലീഹായുടെ ചേർന്നു പറയാം..
"യേശുവിനോടൊപ്പം നമുക്കും പോകാം.... മരിക്കാൻ"..
ക്രൂശിതനോടൊപ്പം കുരിശു ചുമന്ന് കുരിശിന്റെ വഴിയിൽ കാൽവരിയിലേക്ക് ധീരതയോടെ യാത്ര തുടരാം പ്രിയരേ.. അവന്റെ ഉത്ഥാനമഹത്വത്തിൽ പങ്കുപറ്റാൻ കഴിയുമെന്ന പ്രത്യാശയോടെ...
ക്രൂശിതനായ യേശുവിന്റെ തിരുവിലാവിൽ നിന്ന് ഒഴുകിയ രക്തവും ജലവും സഭയുടെ ഉത്ഭവത്തെയും വളർച്ചയെയും പ്രതീകാത്മകമായി സൂചിപ്പിച്ചു. (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, ഖണ്ഡിക # 766)
ആദിമ സഭാ പിതാവായ വിശുദ്ധ അംബ്രോസ് ഇപ്രകാരം പറയുന്നു "ഉറങ്ങുന്ന ആദത്തിന്റെ പാർശ്വത്തിൽ നിന്ന് ഹവ്വ രൂപവത്കരിക്കപ്പെട്ടതുപോലെ കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ച ക്രിസ്തുവിന്റെ പിളർക്കപെട്ട ഹൃദയത്തിൽ നിന്നാണ് സഭ ജനിച്ചത്".
ദീദിമോസ് എന്ന തോമസ് അപ്പോള് മറ്റു ശിഷ്യന്മാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാന് നമുക്കും പോകാം.
"എല്ലാ ക്രൈസ്തവർക്കും, അവൻ എവിടെ ജീവിച്ചാലും തങ്ങളുടെ ജീവിതം വഴിയും, തങ്ങളുടെ വാക്കിന്റെ സാക്ഷ്യം വഴിയും,മാമ്മോദീസയിൽ തങ്ങൾ ധരിച്ച പുതിയ മനുഷ്യനെയും സ്ഥൈര്യലേപനത്തിൽ അവർ ആരുവഴി ശക്തരാക്കപ്പെട്ടുവോ, ആ പരിശുദ്ധാത്മാവിന്റെ ശക്തിയെയും വെളിവാക്കാനുമുള്ള കടമയുണ്ട്".
[രണ്ടാം വത്തിക്കാൻ കൗൺസിൽ ഡിക്രി "പ്രേഷിത പ്രവർത്തനം 'Ad Gentes' , നമ്പർ 11"]
"വിശ്വാസത്തിന്റെ സത്യത്തിനു നൽകപ്പെടുന്ന പരമമായ സാക്ഷ്യമാണ് - രക്തസാക്ഷിത്വം. മരണം വരിച്ചു പോലും സാക്ഷ്യം വഹിക്കുക എന്നാണ് അതിന്റെ അർഥം. മരിക്കുകയും ഉയിർക്കുകയും ചെയ്ത ക്രിസ്തുവിന് - ആരോട് താൻ സ്നേഹത്താൽ ബദ്ധനായിരിക്കുന്നുവോ ആ ക്രിസ്തുവിന് - രക്തസാക്ഷി സാക്ഷ്യം വഹിക്കുന്നു.അയാൾ വിശ്വാസത്തിന്റെ സത്യത്തിനും ക്രൈസ്തവപ്രബോധനത്തിനും സാക്ഷ്യം വഹിക്കുന്നു.ധീരതയുടെ ഒരു പ്രവർത്തി വഴി അയാൾ മരണം വരിക്കുന്നു". [ സി സി സി # 2473]
"കാട്ടു മൃഗങ്ങളുടെ ഭക്ഷണമായി തീരാൻ എന്നെ അനുവദിക്കുക, അവരിലൂടെ, ഞാൻ ദൈവത്തെ പ്രാപിക്കാൻ ഇടയാകട്ടെ" - [അപ്പസ്തോലിക പിതാവായ അന്ത്യോക്യയിലെ വി ഇഗ്‌നേഷ്യസ്; യോഹന്നാൻ ശ്ലീഹായുടെ ശിഷ്യനായിരുന്ന ഇദ്ദേഹം മതപീഡന കാലത്തു റോമിൽ വച്ച് സിംഹങ്ങൾക്ക് ഭക്ഷണമായി എറിയപെട്ടു - രക്തസാക്ഷിയായി]
രക്തസാക്ഷിയായി മരിച്ച അന്ത്യോക്യയിലെ വി ഇഗ്‌നേഷ്യസ് :"ലോകത്തിന്റെ അതിർത്തികളോ ഈ യുഗത്തിലെ രാജത്വങ്ങളോകൊണ്ട് എനിക്കൊരു പ്രയോജനവുമില്ല. ലോകത്തിന്റെ സകല സീമകളുടെയുംമേൽ ഭരണം നടത്തുന്നതിനേക്കാൾ എനിക്ക് നല്ലത് യേശു ക്രിസ്തുവിൽ മരിക്കുകയാണ്. നമുക്ക് വേണ്ടി മരിച്ചവനെ ഞാൻ അന്വേഷിക്കുന്നു; നമുക്ക് വേണ്ടി ഉത്ഥാനം ചെയ്തവനെ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പിറവി ആസന്നമാണ്... "