Home | Articles | 

jintochittilappilly.in
Posted On: 04/07/20 18:35
സഭയുടെ ദൈവീകമാനം (Divine element) മാനുഷീകമാനം (Human element) പിന്നെ സഭാസ്നേഹവും - വിശ്വാസവിചാരം

 


(5 min read)

ആനുകാലിക സാഹചര്യത്തിൽ കേരളം മുഴുവൻ പ്രചരിച്ച ഒരു തത്ത്വം ഇപ്രകാരമാണ് - "അപ്പൻ എത്ര മാരകമായ തെറ്റ് ചെയ്‌താലും അത് മറച്ചുവയ്ക്കുക മക്കളുടെ കടമയാണ്". അതായത്,  സഭാധികാരികൾ എത്ര മാരകമായ തെറ്റ് ചെയ്‌താലും അത് മറച്ചുവയ്ക്കുക എന്നത് സഭാവിശ്വാസികളുടെ കടമയാണ് എന്ന്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, സഭാധികാരികൾ  ചെയ്യുന്ന തെറ്റുകൾ എത്രകണ്ട് മറച്ചു വയ്ക്കാൻ സാധിക്കുമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു . സഭയുടെ മാധ്യമങ്ങൾ മൂടിവെച്ചാലും സെക്കുലർ /നിരീശ്വര മാധ്യമങ്ങൾ അത് വെളിച്ചത്ത് കൊണ്ട് വരുക തന്നെ ചെയ്യും. അതുകൊണ്ട്,  യുക്തി ഭദ്രമല്ലാത്ത  വിഷയമായി  ഇത്തരം പ്രസ്താവനകൾ അധംപതിക്കും.

മറുവശത്ത്,തിരുസഭാ  ദർശനത്തിനു കടകവിരുദ്ധമായ ഒരു തത്ത്വംകൂടിയാണത്. കത്തോലിക്കാ സഭയ്ക്കകത്തു ഒന്നും തന്നെ മൂടി വെയ്ക്കാൻ സാധ്യമല്ല ;അത് ധാർമികമേഖലയിലെ വീഴ്ചയായാലും വിശ്വാസമേഖലയിലെ അട്ടിമറി ശ്രമമായാലും.തിരുസഭയുടെ ചരിത്രം അതിനു തെളിവാണുതാനും. അവൾ മലമുകളിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ്; പുരമുകളിൽ നിന്ന് വിളിച്ചു പറയുന്നവരുടെ ഒരു വിഭാഗത്തെ അവൾ എപ്പോഴും പുറപ്പെടുവിക്കുന്നത് ചരിത്രസത്യം.രണ്ടാം സഹസ്രാബ്ദത്തിന്റെ അന്ത്യത്തിൽ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ സഭയുടെ ചരിത്രത്തിൽ തന്റെ  തനയരിലൂടെ  വന്നിട്ടുള്ള പരാജയങ്ങൾക്കും വീഴ്ചകൾക്കും  മാപ്പു ചോദിക്കുവാൻ തയ്യാറായത്‌ നാം മറന്നുപോയോ? ഇത്തരം ക്രമക്കേടുകൾ ഉണ്ടാകുമ്പോൾ സഭ ശത്രുക്കളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ !

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഖണ്ഡിക# 770 :"സഭ ചരിത്രത്തിലാണ്, എന്നാൽ അതേസമയം അവൾ അതിന് അതീതയുമാണ്. അവളുടെ ദൃശ്യമായ യാഥാർഥ്യത്തിൽ, ദൈവിക ജീവന്റെ  സംവാഹകയായ  അവളുടെ ആധ്യാത്മിക യാഥാർഥ്യം കാണാൻ വിശ്വാസത്താൽ പ്രകാശിതമായ മനസ്സിനെ കഴിയൂ".

എന്താണ് സഭയുടെ ദൈവീകമാനം [Divine element] അഥവാ അദൃശ്യ ഘടകം [Invisible element ]?

എന്താണ് സഭയുടെ  മാനുഷീകമാനം [Human Element] അഥവാ ദൃശ്യ ഘടകം   [Visible element]?

സഭയ്ക്ക് ദൈവീകമാനവും മാനുഷീക മാനവുമുണ്ട്.സുപ്രസിദ്ധ സഭാപണ്ഡിതനായ കോംഗാർ ഇപ്രകാരം പറയുന്നു :"സഭ ഒരേ സമയം ദൈവത്തിൽ നിന്നും മനുഷ്യരിൽ നിന്നുമാണ് രൂപഭാവങ്ങൾ സ്വീകരിക്കുന്നത്‌.  സഭയുടെ ദൈവികവശം കുറ്റമറ്റതും പരിപൂർണ്ണവുമാണ്.  പക്ഷേ മാനുഷിക വശം അങ്ങനെയല്ല.  വ്യക്തികളുടെ സ്വാർത്ഥത സഭയുടെ പ്രതിച്ഛായക്കു മങ്ങലേൽപ്പിക്കാം.  അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും ധനാസക്തിയും പൊതുരംഗത്തെ തിന്മകളാണെങ്കിൽ അവ സഭയിലും കടന്നുകൂടാം.  സഭാചരിത്രത്തിൽ അതെല്ലാം സംഭവിച്ചിട്ടുണ്ട്".‌

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ  തിരുസഭ (lumen gentium), നമ്പർ 8 ൽ "ദൃശ്യവും അദൃശ്യവുമാണ് സഭ" എന്ന കത്തോലിക്കാ സഭയുടെ  വിശ്വാസ പാരമ്പര്യത്തെ വിവരിക്കുന്നുണ്ട്:"നമ്മുടെ ഏകമദ്ധ്യസ്ഥനായ ക്രിസ്തു തൻ്റെ പരിശുദ്ധ സഭയെ സ്ഥാപിക്കുകയും നിരന്തരം അതിനെ പരിപാലിക്കുകയും ചെയ്യുന്നു. വിശ്വാസം, പ്രത്യാശ, സ്നേഹം. ഇവയുടെ ആകെത്തുകയായ സഭയെ ദൃശ്യഘടനയോടെയാണ് അവിടുന്ന് പടുത്തുയർത്തിയത്. സകല മനുഷ്യരും അവിടുത്തെ സത്യവും പ്രസാദവരവും സ്വീകരിക്കുന്നത് ഈ ദൃശ്യസഭയിലൂടെയാണ്. സംഘടിതമായ ഒരു ഹയരാർക്കിയോടുകൂടിയതാണ് സഭ. അതേസമയം ക്രിസ്തുനാഥൻ്റെ നിഗൂഡശരീരവുമാണത്; ദൃശ്യവും അതേസമയം ആത്മികവുമാണ്. ഭൗമികമെങ്കിലും സ്വർഗ്ഗീയദാനങ്ങളാൽ പരിപുഷ്ടയാണ് സഭ. എന്നാൽ സഭയുടെ ഈ രണ്ടു വശങ്ങൾ രണ്ടു വ്യത്യസ്ത യാഥാർത്ഥ്യങ്ങളാണെന്ന് നാം ധരിച്ചുകൂടാ. പ്രത്യുത ദൈവികവും മാനുഷികവുമായ ഘടകങ്ങൾ സമ്യക്കായി (ഏകീഭവിപ്പിക്കുന്ന) ഉൾക്കൊള്ളുന്ന ഒരു സങ്കീർണ്ണ യാഥാർത്ഥ്യത്തിനാണ് (one complex reality)അവ രൂപം കൊടുക്കുന്നത്. ഈ കാരണത്താൽ മനുഷ്യാവതാരം ചെയ്ത  ദൈവവചനത്തിൻ്റെ നിഗൂഢതയോട് അവളെ താരതമ്യപ്പെടുത്തുന്നതു തികച്ചും ശരിയാണ്. കാരണം, മനുഷ്യസ്വഭാവം ദൈവവചനത്തോടു അഭേദ്യമായവിധം യോജിച്ചിരിക്കുന്നു. ഈ മനുഷ്യ സ്വഭാവമാകട്ടെ അവിടത്തെ രക്ഷണീയകർമ്മത്തിന് ഒരു ഉപകരണമായി ഭവിക്കുന്നു. ഇപ്രകാരം തന്നെ സഭയുടെ സാമൂഹികഘടന ജീവദായകമായ ക്രിസ്തുവിൻ്റെ ആത്മാവിന് തൻ്റെ ശരീരവളർച്ചയ്ക്ക് ഒരു ഉപകരണമായിത്തീരുന്നു (എഫേസൂസ് 4:16)".

മാനുഷിക മാനം എപ്പോഴും ദൈവീകമാനത്തിലേക്കു തിരിഞ്ഞിരിക്കണം.. കീഴ്പെട്ടിരിക്കണം.(കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഖണ്ഡിക# 771 കാണുക). ദൈവീകമാനം - ക്രിസ്തുവാകുന്ന  സഭയുടെ ശിരസ്സിന്റെ ഭരണം, പരിശുദ്ധാരൂപിയുടെ ആലയം, ദൈവവരപ്രസാദം , വിശ്വാസനിക്ഷേപം പുറപ്പെടുന്ന ഏക ഉറവ (ഈശോ),  വിജയസഭ, സഹനസഭ  etc. മാനുഷീക മാനം നിരന്തരം നവീകരണ വിധേയമാണ്, വീഴ്ചകളുണ്ടാവുക സ്വാഭാവികം.ഉദാ: സഭാവിശ്വാസികൾക്കോ സഭാധികാരികൾക്കോ മാരകമായ തെറ്റ് പറ്റാം. അങ്ങനെ തെറ്റുപറ്റുമ്പോൾ സഭയുടെ കൂദാശയായ കുമ്പസാരത്തിനണയുകയും  (അദൃശ്യമായ ദൈവവരപ്രസാദത്തിന്റെ ദൃശ്യമായ അടയാളം) ചെയ്തുപോയ പാപങ്ങൾക്ക് പ്രാശ്ചിത്തം ചെയ്യുക വഴി  ഒരുവൻ സ്വയം നവീകരിക്കപ്പെടുകയും ചെയ്യുന്നു.  അതുകൊണ്ട്‌ രണ്ടാം വത്തിക്കൻ കൗൺസിൽ പ്രഖ്യാപിക്കുന്നു, "... സഭ ഒരേ സമയം പരിശുദ്ധയും സദാശുദ്ധീകരിക്കപ്പെടുന്നവളുമാണ്.  അതിനാൽ പശ്ചാത്താപത്തിന്റെയും നവീകരണത്തിന്റെയും മാർഗ്ഗം അവൾ നിരന്തരം പിന്തുടരുന്നു" ( തിരുസഭ, നമ്പർ  8). അതോടൊപ്പം,  ഒരു ഘടകം മറ്റൊരു  ഘടകം വഴി നവീകരിക്കപെടുന്നത് കൊണ്ടും ദൈവീകമാനം പരിശുദ്ധമായിരിക്കുന്നു എന്ന യാഥാർഥ്യത്താലും "സഭ ഒന്നടങ്കം തെറ്റി പോയി " എന്ന പദപ്രയോഗം സഭാത്മകമല്ല.

"സഭ എന്നും നവീകരിക്കപ്പെടേണ്ടിയിരിക്കുന്നു." എന്ന ചൊല്ല് പരക്കെ അംഗീകരിക്കപ്പെട്ടതാണ്.  "നാം ക്രിസ്തുവിൽ നിരന്തരം നവീകൃതമായിക്കൊണ്ടിരിക്കണം.". എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപിക്കുന്നു.  സഭയെ ക്രിസ്തുവിൽ നവീകരിക്കുകയെന്നാൽ ഓരോ കാലഘട്ടത്തിലും സഭയെ ക്രിസ്തുവാകുന്ന അടിസ്ഥാനത്തിൽ പുനസ്ഥാപിക്കുകയാണ്.  ക്രിസ്തുവിന്റെ പരിശുദ്ധിയാണ് സഭയെ പരിശുദ്ധയാക്കുന്നത്‌.  പക്ഷേ ക്രിസ്തുവിന്റെ പരിശുദ്ധി സഭാംഗങ്ങളിലെല്ലാവരിലും നിറഞ്ഞുനിൽക്കുന്നില്ലായെന്നു മാത്രമല്ല, സഭ തെറ്റുകൾക്കും കുറ്റങ്ങൾക്കും വിധേയയുമാണ്.  നേട്ടങ്ങൾക്കൊപ്പം തന്നെ കോട്ടങ്ങളും  സഭയുടെ ജീവിതത്തിന്റെ ഭാഗമാണ്.  (തിരുസഭാ ദർശനം -"ആറ്റുതീരത്തെ വൃക്ഷം" , പേജ് 21)

പരിശുദ്ധയായ സഭ തെറ്റുപറ്റുന്നവരും പാപികളുമായ മനുഷ്യരുടെ സമൂഹമാണെന്ന് പുതിയനിയമം വ്യക്തമായി പറയുന്നുണ്ട്. നല്ല വിത്തുകളും കളകളും (മത്താ 13:37-43) സഭയുടെ ലോകത്തിലെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. കള്ളപ്രവാചകന്മാരും സഭ യിൽത്തന്നെയുണ്ടാകാം (മത്താ 7:22-23). വഴിതെറ്റിപ്പോകാവുന്ന സഭാനേതൃത്വത്തിനുള്ള മുന്നറിയിപ്പാണ് നഷ്ടപ്പെട്ടുപോയ ആടിനെ അന്വേഷിക്കുന്ന ഇടയന്റെ ഉപമ (മത്താ 18:12-24). യഥാർത്ഥ ഗുരുവായ യേശുവിനെയല്ലാതെ വേറാരെയും ഗുരുവായി കാണരുതെന്ന ഉപദേശം സഭയുടെ ഏകമാർഗ്ഗദർശി യേശുവാണെന്ന് ഓർമ്മിപ്പിക്കു ന്നതാണ് (മത്താ 23:8-12). എല്ലാ അധികാരങ്ങളും യേശുവിന്റെ സുവിശേഷത്തിന് വിധേയമായിരിക്കണം. അധികാരത്തിന്റെ ദുർവിനിയോഗവും ദുഷിപ്പും തന്റെ സമൂഹത്തിൽ നിന്നകറ്റാൻ യേശു ആഗ്രഹിച്ചുവെന്നതിന് തെളിവാണ് മത്തായിയുടെ സുവിശേഷം 23-ാം അദ്ധ്യായം മുഴുവനും ലോകത്തിൽ ജീവിക്കുന്ന സഭ സമ്പത്തിനു സ്ഥാനമാനങ്ങൾക്കുമായുള്ള പ്രലോഭനങ്ങളെ നിരന്തരം ചെറുത്തു നില്ക്കേണ്ടതാണ്.ദൈവികവരങ്ങളു  ടെ  ദുരുപയോഗവും സ്നേഹത്തിന്റെയും കൂട്ടായ്‌മയുടെയും പാതയിൽ നിന്നുള്ള വ്യതിചലനവും  കണ്ടിട്ട് പൗലോസ്‌ ശ്ലീഹ  കോറിന്തയിലെ സഭയെ തന്റെ ഉപദേശങ്ങൾ വഴി തിരുത്തുന്നത് ശ്രദ്ധേയമാണ്   (1 കോറീ 14 :26-33). ഏഷ്യാമൈനറിലെ ഏഴു സഭകൾക്കുള്ള മുന്നറിയിപ്പുകൾ ഓരോ  കത്തുകളായി  വെളിപാടിന്റെ പുസ്തകം അവതരിപ്പിക്കുന്നത്  ശ്രദ്ധേയമാണ്. സഭകളിലെ അധഃപതനവും  ക്രിസ്തുവിലേക്കു തിരിച്ചുവരുവാനുള്ള ആഹ്വാനവുമാണ് ഈ കത്തുക്കളിൽ നിറഞ്ഞു നില്ക്കുന്നത് (വെളി. 2-3).  
[തിരുസഭാ ദർശനം -"ആറ്റുതീരത്തെ വൃക്ഷം" , പേജ് 21, 22].

മാനുഷിക മാനത്തിലെ നല്ല പ്രവർത്തികൾ തീർച്ചയായും ജനസമൂഹത്തിൽ പ്രോൽസാഹിപ്പിക്കപെടുകയും സംരക്ഷിക്കപെടുകയും വേണം ; മാനുഷിക മാനത്തിൽ  വീഴ്ചകൾ സംഭവിക്കുമ്പോൾ സഭയുടെ പ്രകൃതിയെ കുറിച്ചുള്ള അജ്ഞത മൂലം തെറ്റിനെയും  ശരിയെന്നപോലെ സംരക്ഷിക്കാനും മൂടിവെയ്ക്കുവാനും ശ്രമിക്കുന്നത് ആപൽക്കരം. (ഉദാ : അപ്പന്റെ നഗ്നത മക്കൾ മറയ്ക്കുകയെന്നത്). ഇത്തരം തെറ്റായ വിവരണങ്ങൾ അനേകരെ കത്തോലിക്കാ സഭയിൽ നിന്നും അകറ്റും.അത്,  സഭയുടെ ഭൂമിയിലെ അടിസ്ഥാന ദൗത്യത്തെപോലും ജനമധ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഇത്തരം ഉപരിപ്ലവമായ പ്രസ്താവനകൾ കാരണമായേക്കാം.   

"കത്തോലിക്കാ സഭയിൽ തന്നെ,തിരുസഭയുടെ പ്രകൃതിയെ പറ്റിയും ദൗത്യത്തെ പറ്റിയും വെറും ഭാഗികമായ  ജ്ഞാനം  വച്ചു പുലർത്തുന്ന പലരും ഗുരുതരമായ തിന്മകളിലേക്ക്  വീഴാറുണ്ടെന്ന്”  വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ(എക്ലേസിയാം സുവാം ,നമ്പർ 27)  

സഭയുടെ ഭൂമിയിലെ പ്രധാന ലക്ഷ്യം :

1). ദൈവത്തിന്റെ മഹത്വവും

2). സകല ആത്മാക്കളുടെ രക്ഷയും.

നമ്മുടെ സഭാസ്നേഹം,  നേരെമുകളിൽ പറഞ്ഞ രണ്ടു ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കുമ്പോഴും അതിന്റെ  അന്തഃസത്ത മറന്നു ഉപരിപ്ലവമായി പ്രവർത്തിക്കുമ്പോഴും  കത്തോലിക്കാ സഭയെക്കുറിച്ച് മനസിലാക്കിയതിൽ എന്തോ സാരമായ തെറ്റ് പറ്റിയിരിക്കുന്നു...

"സഭ ,മനുഷ്യ വംശവുമായി സ്ഥാപിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യേണ്ട ബന്ധം നമുക്ക് മനസ്സിലാകണമെങ്കിൽ പിതാവായ ദൈവം പുത്രനിലൂടെ പരിശുദ്ധാത്മാവ് വഴിയായി നമുക്ക് തരികയും നാമുമായി നടത്തുകയും ചെയ്ത സംഭാഷണത്തിന്റെ അവർണ്ണനീയവും  വാസ്തവികവുമായ ബന്ധം എപ്പോഴും നമ്മുടെ കണ്മുൻപിൽ ഉണ്ടായിരിക്കുക ആവശ്യമാണ്("എക്ലേസിയം സുവാം" വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പ)

"വിശുദ്ധ കത്തോലിക്കാസഭയിൽ പ്രബോധനം സ്വീകരിച്ചു,ശരിയായി ജീവിച്ചാൽ നമുക്ക് സ്വർഗ്ഗരാജ്യം ലഭിക്കും;നാം നിത്യജീവൻ അവകാശമാക്കുകയും ചെയ്യും.ഇത് കർത്താവിൽ നിന്നും ലഭിക്കാനാണ് നാം എല്ലാ കാര്യങ്ങളും സഹിക്കുന്നത്. കാരണം, നൈമിഷിക സംഗതിയല്ല,നിത്യജീവനാണ് നാം കാംക്ഷിക്കുന്നത്". (ജറുസലേമിലെ വി സിറിൽ, നാലാം നൂറ്റാണ്ടിലെ അദ്ദേഹത്തിന്റെ  മതബോധന പ്രസംഗങ്ങളിൽ നിന്ന് എടുത്തത്)

"ഞാനാണോ ഒരുപക്ഷേ കത്തോലിക്കാസഭ ??...അവളിൽ കണ്ടെത്തപ്പെടുന്നത് എനിക്കു മതി"   - വിശുദ്ധ അഗസ്തീനോസ്

സമാധാനം നമ്മോടുകൂടെ !
Article URL:Quick Links

സഭയുടെ ദൈവീകമാനം (Divine element) മാനുഷീകമാനം (Human element) പിന്നെ സഭാസ്നേഹവും - വിശ്വാസവിചാരം

(5 min read) ആനുകാലിക സാഹചര്യത്തിൽ കേരളം മുഴുവൻ പ്രചരിച്ച ഒരു തത്ത്വം ഇപ്രകാരമാണ് - "അപ്പൻ എത്ര മാരകമായ തെറ്റ് ചെയ്‌താലും അത് മറച്ചുവയ്ക്കുക മക്കളുടെ കടമയാണ്". അതായത്,  സഭാധികാരികൾ എത്ര ... Continue reading


Proposals for a Correct Reading of the Second Vatican Council - Bishop Athanasius Schneider

Given at a conference of cardinals and bishops held in Rome, December 17, 2010. The author is auxiliary bishop of Karaganda , Kazakhstan (2010). The primacy of the worship of God... Continue reading


Bishop Athanasius Schneider responses to some questions regarding “Second Vatican council appraisal, Universalism and Pachamama veneration”

The true meaning and the limits of the Magisterium of the Church (Pope, Ecumenical Council) and a possible correction of some affirmations of the Second Vatican Council   Question (1) : S... Continue reading


‘Declaration of Truths’ Affirms Key Church Teachings

“The Church of the living God - the pillar and the bulwark of the truth” (1 Tim 3:15)   Declaration of the truths relating to some of the most common errors ... Continue reading


There is no common faith in God nor common adoration of God shared by Catholics and Muslims - Bishop Athanasius Schneider

The most erroneous and dangerous affirmation of the Abu Dhabi Document on “Human Fraternity for World Peace and Living Together” (signed by Pope Francis and The Grand Imam of Al-Azhar A... Continue reading