Home | Articles | 

jintochittilappilly.in
Posted On: 04/07/20 19:18
സുവിശേഷവേലയിൽ വ്യാപൃതരായിരിക്കുന്ന പ്രസംഗകർക്കും അവരുടെ ശ്രോതാക്കൾക്കും

 

*സുവിശേഷവേലയിൽ വ്യാപൃതരായിരിക്കുന്ന പ്രസംഗകർക്കും അവരുടെ ശ്രോതാക്കൾക്കും മൗതീക വേദപാരംഗതനായ (Mystical doctor) വി യോഹന്നാൻ ക്രൂസ് നൽകുന്ന ഉദ്‌ബോധനം*:

*മനസ്സു വ്യർത്ഥമായി ആനന്ദം /തുഷ്ടി(rejoice vainly) കൊള്ളുന്ന  വ്യതിരിക്ത നന്മകൾ (distinct good) - ഉത്തേജകം.*

1.  മനസ്സ്‌ വ്യർത്ഥമായി ആനന്ദം കൊള്ളുന്ന (രണ്ടാമത്തെ തരം) ആസ്വാദ്യമായ വ്യതിരക്ത നന്മകൾ ദൈവസേവനത്തിന് ഉത്തേജനം അഥവാ പ്രോത്സാഹനം നൽകുന്നവയാണ്.  'ഉത്തേജക' വിഷയങ്ങൾ എന്ന് അവയ്ക്കിവിടെ പേരു നിർണ്ണയിക്കാം.  ഈ ഗണത്തിലുൾപ്പെടുന്ന 'പ്രസംഗ' ത്തേപ്പറ്റിയുള്ള പ്രതിപാദനത്തിൽ പ്രസംഗകരേയും (preachers ) ശ്രോതാക്കളേയും (hearers) പരാമർശിക്കേണ്ടതുണ്ട്‌. പ്രസംഗങ്ങൾമൂലം മനസ്സിന്റെ തുഷ്ടിയെ/ആനന്ദത്തെ ദൈവോന്മുഖമായി ഉയർത്തേണ്ടതെങ്ങനെയെന്ന് ഇരുപക്ഷത്തേയും ഉദ്ബോധിപ്പിക്കേണ്ടിയിരിക്കുന്നു.

2.  പ്രസംഗകരാണെങ്കിൽ, ജനങ്ങൾക്കു ഗുണം വരുത്തുന്നതിനും വ്യർത്ഥമായ തുഷ്ടിയും അഹംഭാവവും അകറ്റുന്നതിനുംവേണ്ടി, പ്രസ്തുത കർമ്മം കേവലം വാചികമെന്നതിലുപരിയായി ആദ്ധ്യാത്മികമാണെന്നു ബോധ്യമുള്ളവരായിരിക്കണം (preaching is a spiritual exercise rather than a vocal one).  ബാഹ്യവചനങ്ങളുടെ പ്രയോഗം മൂലമാണ് അതു നിർവ്വഹിക്കുന്നതെങ്കിലും, ആന്തരിക ചൈതന്യത്തിൽ നിന്നല്ലാതെ അതിനു ശക്തിയും ഫലസിദ്ധിയും കൈവരികയില്ലല്ലോ.  പ്രസംഗകനിൽ ആദ്ധ്യാത്മിക ചൈതന്യമില്ലെങ്കിൽ വിഷയത്തിന്റെ ഗഹനതയോ പ്രസംഗകലാവൈഭവമോ, ഭാഷാലങ്കാര ശൈലികളുടെ രമ്യതയോ, ഒന്നും തന്റെ പ്രസംഗത്തെ ഫലപ്രദമാക്കുകയില്ല.  ദൈവം തന്റെ ശബ്ദത്തിനു ശക്തിയുള്ള ശബ്ദം നൽകും.  (സങ്കീ. 68:33) എന്നു ദാവീദ്‌ പറയുന്നതനുസരിച്ചു ദൈവവചനത്തിനു സ്വകീയമായ ഫലസിദ്ധിയുണ്ടെന്നതു വാസ്തവം തന്നെ (word of God is of itself efficacious); എന്നിരുന്നാലും അഗ്നിക്കു ദാഹകഗുണമുണ്ടെങ്കിലും പന്തത്തിനുകൂടി കത്താൻ കഴിവില്ലെങ്കിൽ തീ പിടിക്കുകയില്ലല്ലോ.

3. ഒരു പ്രബോധനത്തിന്റെ അന്ത:സത്ത ശ്രോതാക്കളുടെ മനസ്സിൽ പതിഞ്ഞ്‌ അതിൽ ഫലമുളവാകണമെങ്കിൽ പ്രബോധകനിലും ശ്രോതാക്കളിലും ചില ഗുണവിശേഷങ്ങൾ അത്യന്താപേക്ഷിതമാണ്.  സാധാരണമായി പ്രസംഗിക്കുന്ന ആളിന്റെ ചൈതന്യമനുസരിച്ചിരിക്കും ഫലസിദ്ധിയും 'യഥാ ഗുരു: തഥാ ശിഷ്യ: (as is the master,so is wont to be the disciple) എന്നാണല്ലോ പ്രമാണം.  

അപ്പസ്തോല നടപടികളിൽ (19: 14-16), യഹൂദനായ ഒരു പ്രധാന പുരോഹിതന്റെ ഏഴു പുത്രന്മാർ വി. പൗലോസ്‌ പ്രയോഗിച്ച കർമ്മ വാങ്മയം (same form as Saint Paul)ഉപയോഗിച്ചു പിശാചിനെ ധ്വംസിക്കുവാൻ (cast out devils) ശ്രമിച്ച സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്‌.  അവർ വാങ്മയം ഉച്ചരിച്ചു തുടങ്ങിയ ഉടൻ, യേശുവിനെ എനിക്കറിയാം.  പൗലോസിനെയും അറിയാം, പക്ഷേ നിങ്ങൾ, നിങ്ങളാരാണ് ?    എന്നലറിക്കൊണ്ടു സാത്താൻ അവരുടെമേൽ ചാടിവീണ് അവരുടെ വസ്ത്രങ്ങൾ ചീന്തിക്കീറുകയും അവരെ മുറിവേൽപ്പിക്കുകയും ചെയ്തു.  അങ്ങനെ ഒരത്യാഹിതം അവർക്കു സംഭവിച്ചത്‌ അവരുടെ മുന്നൊരുക്കത്തിന്റെ അഭാവം നിമിത്തമല്ലാതെ, ക്രിസ്തുനാഥന് തന്റെ നാമത്തിൽ അവർ പിശാചിനെ ഒഴിക്കുന്നതു വിസമ്മതമായിട്ടിരുന്നിട്ടല്ല.   ക്രിസ്തുശിഷ്യനല്ലാരുന്ന ഒരാൾ ഒരിക്കൽ അവിടുത്തെ നാമത്തിൽ പിശാചിനെ ഒഴിക്കുന്നതുകണ്ട ശ്ലീഹന്മാർ അയാളെ വിലക്കിയപ്പോൾ, അവിടുന്ന് അവരെ ഇപ്രകാരം ശാസിക്കുകയാണല്ലോ ചെയ്തത്‌: അവനെ വിലക്കണ്ടാ, എന്റെ നാമത്തിൽ അത്ഭുതം പ്രവർത്തിക്കുന്നവരിൽ ആർക്കും എന്നെ ദുഷിച്ചുപറയുക സാധ്യമല്ല.  ( മർക്കോസ്‌ 9:38-39) എന്നാൽ ദൈവകൽപ്പന പ്രസംഗിക്കുകയും അതനുസരിക്കാതിരിക്കുകയും ചെയ്യുന്നവർക്ക്‌ അവിടുന്ന് എതിരാണ്; അവർ മറ്റുള്ളവരോടു നല്ലകാര്യങ്ങൾ പ്രസംഗിക്കും; പക്ഷേ അവയുടെ ചൈതന്യം അവരിൽ കാണുകയില്ല; തന്നിമിത്തം വിശുദ്ധ പൗലോസുവഴി (റോമാ 2:21) അവിടുന്നു ഉദ്ബോധിപ്പിക്കുന്നു: അന്യരെ പഠിപ്പിക്കുന്ന നീ സ്വയം പഠിപ്പിക്കുന്നില്ല; മോഷ്ടിക്കരുതെന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നു.  അതുപോലെതന്നെ, പരിശുദ്ധാത്മാവ്‌ ദാവീദുവഴി അരുളിച്ചെയ്യുന്നു: അധർമ്മിയോടു ദൈവം ചോദിച്ചു: എന്റെ കൽപ്പനകൾ നീ എന്തിനു പ്രസംഗിക്കുന്നു? എന്റെ പ്രമാണത്തെ അധരങ്ങളാൽ ഉച്ചരിക്കുവാൻ നിനക്കെന്തവകാശം? അച്ചടക്കത്തെ ധ്വംസിക്കുകയും എന്റെ വചനങ്ങളെ തിരസ്ക്കരിക്കുകയും ചെയ്യുന്ന നീ?  (സങ്കീ. 50: 16-17) ഫലദായകമായ ചൈതന്യത്തെ ദൈവം അവർക്കു നൽകുകയില്ലെന്ന് ഇതിൽ നിന്നു വ്യക്തമാണ്.

4.  പ്രസംഗകരുടെ ഭാഷാശൈലിയും അലങ്കാര പ്രയോഗങ്ങളും വിഷയവും എത്രതന്നെ സാധാരണമായിരുന്നാലും ജീവിതം ഉത്തമമായിരുന്നാൽ അതിന്റെ അളവനുസരിച്ച്‌ അവരുടെ പ്രസംഗങ്ങളും ഫലപ്രദമാകാതിരിക്കയില്ലെന്നാണ് അനുഭവം.  എന്തുകൊണ്ടെന്നാൽ ജീവസ്സുറ്റ ആത്മാവിൽ നിന്നു പുറപ്പെടുന്ന ചൈതന്യം നിലനിൽപ്പുള്ളതായിരിക്കും.  അമ്മാതിരി ചൈതന്യത്തിന്റെ അഭാവത്തിൽ ഭാഷാലങ്കാരങ്ങളും വിഷയവും എത്ര കെങ്കേമമായിരുന്നാലും ഫലം തുച്ഛമായിരിക്കും.  മെച്ചമായ ശൈലിവിശേഷങ്ങളും പദവിന്യാസങ്ങളും ഗഹനമായ വിഷയങ്ങളുമെല്ലാം നല്ല ചൈതന്യവും കൂടിയുള്ളപ്പോൾ ഉത്തേജകവും ഫലദായകവുമായിരിക്കുമെങ്കിലും, അതില്ലാത്തപ്പോൾ, പ്രസംഗം ഇന്ദ്രിയങ്ങൾക്കും ബുദ്ധിക്കും രുചിമാധുര്യങ്ങൾ നൽകുമെന്നല്ലാതെ മനസ്സിൽ തങ്ങിനിൽക്കാവുന്ന ഭക്തിമാധുര്യം അതിൽ ഒട്ടും തന്നെ കാണുകയില്ല.  മഹത്തായ വിഷയങ്ങൾ ഗംഭീരമായ ഭാഷയിൽ ഉദ്ഘോഷിച്ചാലും യാതൊന്നും ഹൃദയത്തെ സ്പർശിക്കാതെ, മനസ്സു പൂർവ്വവൽ ഉദാസീനവും ദുർബലവുമായിത്തന്നെ നിലകൊള്ളും.  പ്രസംഗം നല്ലൊരു ഗാനമേള അഥവാ ഘണ്ടാരവം എന്നോണം കേവലമായ ശ്രവണസുഖം നൽകിയേക്കാമെന്നു മാത്രം. ശ്രോതാക്കളുടെ ആത്മാവാണെങ്കിൽ മുമ്പത്തെപ്പോലെ തന്നെ പ്രാപഞ്ചികബന്ധനങ്ങളിൽ കുടുങ്ങി നിശ്ചേഷ്ടമായിക്കിടക്കും.  കല്ലറയിൽ നിർജ്ജീവരായി ശയിക്കുന്നവരെ ഉയിർപ്പിക്കുവാൻ കേവല ശബ്ദത്തിനു ശക്തിയില്ലല്ലോ.  

5. ഒരുതരം സംഗീതം മറ്റൊരുതരത്തേക്കാൾ എനിക്കു സൽക്കർമ്മപ്രേരകമല്ലെങ്കിൽ അതു കൂടുതൽ ഇമ്പകരമായിരിക്കുന്നതുകൊണ്ടു പ്രയോജനമില്ല.  പ്രസംഗകൻ എത്രമാത്രം ഗഹനമായ സംഗതികൾ പ്രഘോഷിച്ചാലും എളുപ്പം വിസ്മൃതിയിൽ ലയിച്ചുപോകും. അവ നിഷ്പ്രയോജനമായിത്തീരുന്നതിനും പുറമേ, പ്രസ്തുത വിഷയങ്ങൾ ഐന്ദ്രിയമണ്ഡലത്തിലുളവാകുന്ന പ്രതിപത്തി (fastening of the sense upon the pleasure) അവ ആത്മാവിലേക്കു കടന്നുചെല്ലുന്നതിനു പ്രതിബന്ധമായി ഭവിക്കും.  പിന്നെ ശ്രോതാക്കളിൽ അവശേഷിക്കുന്നത്‌ പ്രസംഗത്തിന്റെ വാഗാടോപം (വാചാലത) മുതലായ വിശദാംശങ്ങളെപ്പറ്റിയുള്ള മതിപ്പുമാത്രമായിരിക്കും.  അവയുടെ പേരിൽ അവർ പ്രസംഗകനെ പുകഴ്ത്തുകയും, ജീവിതനവീകരണത്തിനുതകുന്നതായി വല്ലതും ലഭിക്കുമെന്ന പ്രതീക്ഷ നിമിത്തമെന്നതിലധികം വാഗ്വിലാസത്താൽ ആകൃഷ്ടരായി തുടർന്ന് അദ്ദേഹത്തെ ശ്രവിക്കുകയും ചെയ്യും.  

പ്രസ്തുതാശയം വി. പൗലോസ്‌ കൊറിന്ത്യരെ സുസ്പഷ്ടമായി ഉദ്ബോധിപ്പിക്കുന്നുണ്ട്‌: സഹോദരരേ, ഞാൻ നിങ്ങളുടെ പക്കൽ വന്നപ്പോൾ, ക്രിസ്തുവിനെക്കുറിച്ചുള്ള തത്ത്വവിജ്ഞാനങ്ങളുടെ ഗഹനതയിൽ പ്രസംഗിച്ചുകൊണ്ടല്ല വന്നത്‌; എന്റെ വചനങ്ങളും പ്രഭാഷണവും മനുഷ്യവിജ്ഞാനത്തിന്റെ അലങ്കാരശൈലികളിലല്ലായിരുന്നു; പ്രത്യുത ആത്മാവിന്റെയും സത്യത്തിന്റെയും പ്രകാശനത്തിലായിരുന്നു.  (1 കൊറി. 2: 1-4)

[വി യോഹന്നാൻ ക്രൂസ് , കർമ്മലമലയേറ്റം , പുസ്തകം മൂന്ന്:അദ്ധ്യായം 45 , പേജ് 364 -366]

ആനുകാലിക സാഹചര്യത്തിൽ, ഈ വിഷയം ദൈവജനത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക അത്യന്താപേക്ഷികമാണെന്ന് കരുതുന്നു.

സമാധാനം നമ്മോടുകൂടെ !
Article URL:Quick Links

സുവിശേഷവേലയിൽ വ്യാപൃതരായിരിക്കുന്ന പ്രസംഗകർക്കും അവരുടെ ശ്രോതാക്കൾക്കും

*സുവിശേഷവേലയിൽ വ്യാപൃതരായിരിക്കുന്ന പ്രസംഗകർക്കും അവരുടെ ശ്രോതാക്കൾക്കും മൗതീക വേദപാരംഗതനായ (Mystical doctor) വി യോഹന്നാൻ ക്രൂസ് നൽകുന്ന ഉദ്‌ബോധനം*: *മനസ്സു വ്യർത്ഥമായി ആനന്ദം /തുഷ്ടി(rejoice ... Continue reading