Home | Articles | 

jintochittilappilly.in
Posted On: 07/07/20 00:21
സുവിശേഷകൻ വി ലൂക്കാ രചിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ ഐക്കൺ (Icon)

 



വി. ലൂക്കാ രചിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ നിരവധി ഐക്കണുകളെക്കുറിച്ചു പാരമ്പര്യമുണ്ട്‌. ഇവയിലൊന്നു വി. യോഹന്നാൻ ശ്ലീഹായും പരിശുദ്ധഅമ്മയും ഉപയോഗിച്ചിരുന്ന ഭക്ഷണമേശയുടെ തടിയിന്മേൽ രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്നതിനെക്കുറിച്ചുള്ളതാണ്. വാൽസല്യത്തിന്റെ സ്ത്രീ (Our Lady of Tenderness) എന്ന പേരിൽ അറിയപ്പെടുന്ന ഈ ഐക്കണിൽ ഉണ്ണിമിശിഹാ തന്റെ മുഖം പരിശുദ്ധ അമ്മയുടെ വാത്സല്യം സ്ഫുരിക്കുന്ന മുഖത്തോടു ചേർത്തു വച്ചിരിക്കുന്നതായാണു ചിത്രീകരിച്ചിരിക്കുന്നത്‌. മാർഗ്ഗം കാണിച്ചു തരുന്നവൾ ( ഹേ ഹൊഡേഗിത്രിയ: He Hodegitria ) എന്നറിയപ്പെടുന്ന രണ്ടാമതെ ഐക്കണിൽ പരിശുദ്ധ അമ്മ ഐക്കണു മുമ്പിൽ നിൽക്കുന്ന വിശ്വാസിയുടെ നേർക്കു തന്റെ തിരുക്കുമാരനെ ഉയർത്തിക്കാണിക്കുന്നു. ഈ ഐക്കൺ ജെറുസലേമിൽ നിന്നു തെയഡോഷ്യസ്‌ രണ്ടാമൻ ചക്രവർത്തിയുടെ പത്നിയായ യൂഡോക്സിയ കോൺസ്റ്റാന്റിനോപ്പിളിലുള്ള തന്റെ സഹോദരിയായ പുൾക്കേറിയായ്ക്ക്‌ ഏ .ഡി 450-ൽ അയച്ചുവെന്ന് ആറാം നൂറ്റാണ്ടിലെ ബൈസന്റയിൻ ചരിത്രകാരനായ തെയഡോർ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.

വി. ലൂക്കാ രചിച്ച പരിശുദ്ധ ദൈവമാതാവിന്റെ മറ്റൊരു ഐക്കൺ റോമിലുള്ളതായി ക്രേറ്റയിലെ ആൻഡ്രുവും കോൺസ്റ്റാന്റിനോപിൾ പാത്രിയർക്കീസായിരുന്ന ജർമാനൂസും (715-730) രേഖപ്പെടുത്തുന്നുണ്ട്‌. പരിശുദ്ധ അമ്മയുടെ പേരിലുള്ള റോമിലെ ബസിലിക്കായിൽ കാണപ്പെടുന്ന ഐക്കൺ ഇതാണെന്നാണു വിശ്വാസം. പരിശുദ്ധ അമ്മയുടെ ജീവിതകാലത്തുതന്നെ രചിക്കപ്പെട്ട ഇതു റോമിലുണ്ടായിരുന്ന തെയോഫിലസിന് അയക്കപ്പെട്ടതാണെന്നാണു ജർമാനൂസിന്റെ സാക്ഷ്യം. ഈ തെയോഫിലസ്‌ വി. ലൂക്കായുടെ രണ്ടു ഗ്രന്ഥങ്ങളുടെയും ആരംഭത്തിൽ പരാമർശിക്കപ്പെടുന്ന വ്യക്തിയാണ്. (ലൂക്കാ 1,3. നടപടി 1, 12 ) മറിയത്തെ ചിത്രീകരിക്കുന്ന ആദ്യകാല രചനകളിലെല്ലാം പരിശുദ്ധ അമ്മ ഉണ്ണിമിശിഹായോടു കൂടി മാത്രമാണു കാണപ്പെടുന്നത്‌ എന്നതു ശ്രദ്ധേയമായ സംഗതിയാണ്. വിശുദ്ധഗ്രന്ഥത്തിൽ പരിശുദ്ധ മറിയത്തെ നമ്മൾ കണ്ടുമുട്ടുന്നതും ദിവ്യഉണ്ണിയോടൊപ്പമാണല്ലോ. (മത്തായി 2 ) മറിയത്തിന്റെ മഹത്വത്തിനടിസ്ഥാനം അവളുടെ ദൈവമാതൃത്വമാണ്‌. ദൈവത്തിന്റെ കരുണാർദ്രമായ വിളിയും മറിയത്തിന്റെ സ്വതന്ത്രവും സമർപ്പണാത്മകവുമായ പ്രത്യുത്തരവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു.

ഗ്രീക്ക്‌ ഐക്കൺ രചയിതാവായ ഫോർണയിലെ ഡയനീഷ്യസ്‌ തന്റെ ഗ്രന്ഥത്തിൽ ( Painteres Manual) മുകളിൽപ്പറഞ്ഞ പാരമ്പര്യങ്ങളിൽ രണ്ടെണ്ണത്തെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പരിശുദ്ധറൂഹാ നൽകിയ ദൈവികവെളിപാട്‌ ലിഖിതരൂപത്തിൽ മാത്രമല്ല ചിത്രീകരണഭാഷയിലും വി. ലൂക്കാ രേഖപ്പെടുത്തി. അതായത്‌ റൂഹായുടെ കൃപാകടാക്ഷത്തിൻ കീഴിൽത്തന്നെയാണ് ഐക്കൺ രചനയും നടന്നത്‌ എന്നു സൂചിതം. സുവിശേഷഗ്രന്ഥത്തിൽ വി. ലൂക്കാ വാക്കുകളുപയോഗിച്ചു രചിച്ചിരിക്കുന്ന പരിശുദ്ധമറിയത്തിന്റെ ചിത്രവും നിറക്കൂട്ടുകളാൽ രൂപം കൊടുത്ത ഐക്കണുകളും പരസ്പര പൂരകങ്ങളായി നിലകൊള്ളുന്നു.

(കടപ്പാട് : ഡോ ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, "ഐക്കൺ, നിറങ്ങളിലലിയുന്ന ദൈവശാസ്ത്രം, പേജ് 33 ).

( വി. ലൂക്കാ ദൈവിക പ്രചോദനത്താൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ ഐക്കൺ രചിക്കുന്നതാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്ന ത് )



Article URL:







Quick Links

സുവിശേഷകൻ വി ലൂക്കാ രചിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ ഐക്കൺ (Icon)

വി. ലൂക്കാ രചിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ നിരവധി ഐക്കണുകളെക്കുറിച്ചു പാരമ്പര്യമുണ്ട്‌. ഇവയിലൊന്നു വി. യോഹന്നാൻ ശ്ലീഹായും പരിശുദ്ധഅമ്മയും ഉപയോഗിച്ചിരുന്ന ... Continue reading


എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?

എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?   കത്തോലിക്കാ വിശ്വാസവിചാരം എന്‍െറ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്... Continue reading