Home | Articles | 

jintochittilappilly.in
Posted On: 09/08/20 01:11
മനുഷ്യസഹനങ്ങളും ദൈവൈക്യവും

 


 "എപ്പോഴും ക്രിസ്തുവഴി പരിശുദ്ധാത്മാവിനാൽ നല്കപ്പെടുന്നതും സഭയോട് രഹസ്യാത്മകമായ ബന്ധമുള്ളതുമാണ്  ദൈവത്തിന്റെ രക്ഷാകര കൃപ". [കത്തോലിക്കാസഭയുടെ വിശ്വാസസത്യ തിരുസംഘത്തിന്റെ  പ്രമാണരേഖ "കർത്താവായ യേശു",നമ്പർ 21"]

സഭാപിതാക്കന്മാർ  ദൈവവുമായുള്ള ആത്മാവിന്റെ ഐക്യം പ്രാർത്ഥനയിലൂടെ ലഭിക്കുന്നത് ഒരു രഹസ്യാത്മകമായ വഴിയിലൂടെയാണ് എന്നും, പ്രത്യേകിച്ച് സഭയുടെ കൂദാശകളിലൂടെയാണ് ഒരുവന് അത് ലഭിക്കുന്നത് എന്ന് ഉദ്‌ബോധിപ്പിച്ചു. കൂടാതെ ദൈവവുമായുള്ള ഐക്യം സഹനങ്ങളിലൂടെയും ദുഃഖങ്ങളിലൂടെ പോലും പ്രാപിക്കാൻ സാധിക്കുന്നതാണ് എന്ന് പിതാക്കന്മാർ ഉദ്‌ബോധിപ്പിച്ചു.[*ഒറാസിയോന്നിസ് ഫോർമാസ്, നമ്പർ# 09*;വത്തിക്കാനിൽ നിന്നും എല്ലാ മെത്രാന്മാർക്കുമായി വിശ്വാസസത്യതിരുസംഘത്തിന്റെ  കത്ത്, ഒക്ടോബർ 15,1989]

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.[റോമാ 8 : 28]

ദൈവപരിപാലനയും [Divine Providence] ഉപഹേതുക്കളും [Secondary Cuases]: CCC # 306 : ദൈവമാണ് തന്റെ പദ്ധതിയുടെ പരമാധികാരി എന്നിരുന്നാലും അത്‌ നടപ്പിലാക്കുന്നതിനു ദൈവം തന്റെ സൃഷ്ടികളുടെ സഹകരണവും സ്വീകരിക്കുന്നു. ഇത്‌ ബലഹീനതയുടെ ഒരു ലക്ഷണമല്ല.  പ്രത്യുത സർവ്വശക്തനായ ദൈവത്തിന്റെ മഹത്വത്തിന്റെയും നന്മയുടെയും അടയാളമാണ്.  സൃഷ്ടികൾക്ക്‌ ദൈവം അവയുടെ അസ്തിത്വം മാത്രമല്ല നൽകിയിരിക്കുന്നത്‌;. സ്വമേധയ പ്രവർത്തിക്കുന്നതിനും, അന്യോന്യം കാരണങ്ങളും പ്രഭവങ്ങളുമായി വർത്തിക്കുന്നതിനും, അങ്ങനെ ദൈവികപദ്ധതിയുടെ നിർവഹണത്തിൽ സഹകരിക്കുന്നതിനുമുള്ള അന്തസ്സും സൃഷ്ടികൾക്ക്‌ അവിടുന്നു നൽകിയിരിക്കുന്നു.

CCC # 307 : ഭൂമിയെ കീഴ്പ്പെടുത്തി അതിന്മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യരെ ഏൽപ്പിച്ചുകൊണ്ടു ദൈവികപരിപാലനയിൽ സ്വതന്ത്രമായി പങ്കുചേരാൻ കഴിവു ദൈവം അവർക്കു നൽകുന്നു.  സൃഷ്ടികർമ്മത്തെ പൂർണ്ണതയിലെത്തിക്കുവാനും സൃഷ്ടിയുടെ താളക്രമം പൂർണ്ണമാക്കുവാനുമായി, ബുദ്ധിശക്തിയുള്ള സ്വതന്ത്രകാരണങ്ങളായി വർത്തിച്ചുകൊണ്ടു തങ്ങളുടെയും സമസൃഷ്ടങ്ങളുടെയും ശ്രേയസിനായി പ്രവർത്തിക്കുവാൻ ദൈവം മനുഷ്യരെ പ്രാപ്തരാക്കുന്നു.  ദൈവേഷ്ടനിർവ്വഹണത്തിനു ബോധപൂർവ്വമല്ലാതെതന്നെ പലപ്പോഴും സഹകാരികളാകുന്ന മനുഷ്യർക്കു തങ്ങളുടെ പ്രവർത്തനങ്ങൾ, പ്രാർത്ഥനകൾ, സഹനങ്ങൾ എന്നിവയിലൂടെ ബോധപൂർവം ദൈവികപദ്ധതിയിൽ പ്രവേശിക്കാനും കഴിയും.  മനുഷ്യർ അങ്ങനെ പൂർണ്ണമായ അർത്ഥത്തിൽ ദൈവത്തിന്റെയും അവിടുത്തെ രാജ്യത്തിന്റെയും കൂട്ടുവേലക്കാരായി തീരുന്നു.

ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല; നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്‍െറ അര മുറുക്കും.കിഴക്കും പടിഞ്ഞാറും ഉള്ള എല്ലാവരും ഞാനാണു കര്‍ത്താവ്‌, ഞാനല്ലാതെ മറ്റൊരുവനില്ല എന്ന്‌ അറിയുന്നതിനും വേണ്ടിത്തന്നെ.
ഞാന്‍ പ്രകാശം ഉണ്ടാക്കി; ഞാന്‍ അന്‌ധകാരം സൃഷ്‌ടിച്ചു; ഞാന്‍ സുഖദുഃഖങ്ങള്‍ നല്‍കുന്നു. ഇതെല്ലാം ചെയ്‌ത കര്‍ത്താവ്‌ ഞാന്‍ തന്നെ.
[ഏശയ്യാ 45 : 5-7]

CCC # 311 :"ബുദ്ധിശക്തിയും സ്വാതന്ത്യവുമുള്ള സൃഷ്ടികൾ എന്ന നിലയ്ക്കു മനുഷ്യരും മാലഖമാരും തങ്ങളുടെ സ്വതന്ത്രതീരുമാനത്താലും വിശിഷ്ടസ്നേഹത്താലും അവരുടെ പരമാന്ത്യത്തിലേക്ക് യാത്രചെയ്യണം; അതിനാൽ അവർക്കു മാർഗഭ്രംശം സാധ്യമാണ്.  അവർ വാസ്തവത്തിൽ പാപത്തിൽ വീഴുകയും ചെയ്തു" .

അപ്പോള്‍ ഒരു നിയമജ്‌ഞന്‍ എഴുന്നേറ്റു നിന്ന്‌ യേശുവിനെ പരീക്‌ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?അവന്‍ ചോദിച്ചു: നിയമത്തില്‍ എന്ത്‌ എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു?
അവന്‍ ഉത്തരം പറഞ്ഞു: നീ നിന്‍െറ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണ ശക്‌തിയോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കണം; നിന്‍െറ അയല്‍ക്കാരനെ നിന്നെപ്പോലെയും.
[ലൂക്കാ 10 : 25-27]

വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു :"സർവശക്തനായ ദൈവം.., അവിടുന്നു പരമനന്മയായതിനാൽ, തിന്മയിൽനിന്നുപോലും നന്മ പുറപ്പെടുത്താൻ തക്കവിധം സർവശക്‌തനും നല്ലവനും അല്ലായിരുന്നെങ്കിൽ തന്റെ സൃഷ്ടികളിൽ എന്തെങ്കിലും തിന്മയ്ക്കു സ്ഥാനം അനുവദിക്കില്ലായിരുന്നു."

ആര്‍ക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനില്‍ക്കുന്നുവോ, ആര്‌ അനേകം പുത്രന്‍മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്‌ഷയുടെ കര്‍ത്താവിനെ അവിടുന്നു സഹനംവഴി പരിപൂര്‍ണനാക്കുക തികച്ചും ഉചിതമായിരുന്നു.[ഹെബ്രായര്‍ 2 : 10]

 പുത്രനായിരുന്നിട്ടും, തന്‍െറ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു.[ഹെബ്രായര്‍ 5 : 8]

വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ: "ക്രിസ്തുവിന്റെ കുരിശിൽ സഹനത്തിലൂടെ പാപപരിഹാരം മാത്രമല്ല നേടിയെടുത്തത്. മനുഷ്യന്റെ സഹനം അതിൽതന്നെ വിമോചിക്കപ്പെട്ടു എന്നതും  ക്രിസ്തു - അവന്റേതായ ഏതെങ്കിലും തെറ്റ് കൂടാതെ - 'പാപത്തിൻ്റെ എല്ലാ ദൂഷ്യഫലങ്ങളും' സ്വയം ഏറ്റെടുത്തു എന്ന് ക്രിസ്ത്യാനികൾ മനസ്സിലാക്കുന്നു. ഈ ദൂഷ്യ ഫലത്തിന്റെ അനുഭവം ക്രിസ്തുവിന്റെ താരതമ്യം ചെയ്യാനാവാത്ത സഹനത്തിന്റെ വ്യാപ്തിയെ തിട്ടപ്പെടുത്തി. അത് പാപപരിഹാരത്തിന്റെ വിലയായി തീർന്നു. ... യേശു ക്രിസ്തു മനുഷ്യന്റെ സ്ഥാനത്തും മനുഷ്യനു വേണ്ടിയും സഹിച്ചു. എല്ലാ മനുഷ്യർക്കും ഈ രക്ഷാകര പദ്ധിതിയിൽ പങ്കുണ്ട്. ഈ വീണ്ടെടുപ്പിലെ സഹനത്തിൽ പങ്കുചേരാനും ഓരോ മനുഷ്യനും വിളിക്കപ്പെട്ടിട്ടുണ്ട്. എല്ലാ മാനുഷിക സഹനങ്ങളും വീണ്ടെടുപ്പിലെ ഈ സഹനത്തിൽ പങ്കുചേർക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. സഹനം വഴിയുള്ള പാപപരിഹാരത്തെ കൊണ്ടുവന്നതിൽ, ക്രിസ്തു മാനുഷിക സഹനങ്ങളെ പാപപരിഹാരത്തിന്റെ തലത്തിലേക്ക് ഉയർത്തുക കൂടി ചെയ്തു. അങ്ങനെ ഓരോ മനുഷ്യർക്കും അവന്റെ സഹനങ്ങളിൽ, ക്രിസ്തുവിന്റെ രക്ഷാകര സഹനങ്ങളിൽ പങ്കുകാരാകാനും സാധിക്കുന്നു". [മനുഷ്യ സഹനങ്ങളെക്കുറിച്ചുള്ള  അപ്പസ്തോലിക ലേഖനം   “സാൽവിഫിസി  ഡോളറിസ്, നമ്പർ 19 ”, 11 ഫെബ്രുവരി 1984]

" നിങ്ങള്‍ പ്രബുദ്‌ധരാക്കപ്പെട്ടതിനു ശേഷം, കഷ്‌ടപ്പാടുകളോടു കഠിനമായി പൊരുതിനിന്ന ആ കഴിഞ്ഞകാലങ്ങള്‍ ഓര്‍ക്കുവിന്‍.ചിലപ്പോഴെല്ലാം നിങ്ങള്‍ വേദനയ്‌ക്കും അധിക്‌ഷേപത്തിനും പരസ്യമായി വിഷയമാക്കപ്പെടുകയും മറ്റുചിലപ്പോള്‍ ഇവ സഹിച്ചവരുമായി പങ്കുചേരുകയും ചെയ്‌തു.
തടങ്കലിലായിരുന്നപ്പോള്‍ നിങ്ങള്‍ വേദന കള്‍ പങ്കിട്ടു. ധനത്തിന്‍െറ അപഹരണം സന്തോഷത്തോടെ നിങ്ങള്‍ സഹിച്ചു. എന്തെന്നാല്‍, കൂടുതല്‍ ഉത്‌കൃഷ്‌ടവും ശാശ്വതവുമായ ധനം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ അറിഞ്ഞിരുന്നു.നിങ്ങളുടെ ആത്‌മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്‌. അതിനുവലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു.ദൈവത്തിന്‍െറ ഇഷ്‌ടം നിറവേറ്റി അവിടുത്തെ വാഗ്‌ദാനം പ്രാപിക്കാന്‍ നിങ്ങള്‍ക്കു സഹനശ ക്‌തി ആവശ്യമായിരിക്കുന്നു.ഇനി വളരെക്കുറച്ചു സമയമേയുള്ളൂ. വരാനിരിക്കുന്നവന്‍ വരുകതന്നെ ചെയ്യും. അവന്‍ താമസിക്കുകയില്ല".[ഹെബ്രായര്‍ 10 : 32-37]

അജ്‌ഞാതമായ മാര്‍ഗത്തില്‍ കുരുടരെ ഞാന്‍ നയിക്കും. അപരിചിതമായ പാതയില്‍ അവരെ ഞാന്‍ നടത്തും. അവരുടെ മുന്‍പിലെ അന്‌ധകാരത്തെ ഞാന്‍ പ്രകാശമാക്കുകയും ദുര്‍ഘടദേശങ്ങളെ നിരപ്പാക്കുകയും ചെയ്യും. ഇവയെല്ലാം ഞാന്‍ അവര്‍ക്കു ചെയ്‌തുകൊടുക്കും; അവരെ ഉപേക്‌ഷിക്കുകയില്ല.[ഏശയ്യാ 42 : 16]

അവസാനമായി, സഹോദരരേ, സന്തോഷിക്കുവിന്‍. നിങ്ങളെത്തന്നെ നവീകരിക്കുവിന്‍. എന്‍െറ ആഹ്വാനം സ്വീകരിക്കുവിന്‍. ഏകമനസ്‌കരായിരിക്കുവിന്‍. സമാധാനത്തില്‍ ജീവിക്കുവിന്‍. സ്‌നേഹത്തിന്‍െറയും ശാന്തിയുടെയും ദൈവം നിങ്ങളോടുകൂടെയുണ്ടായിരിക്കും.
[2 കോറിന്തോസ്‌ 13 : 11]

സമാധാനം നമ്മോടുകൂടെ




Article URL:







Quick Links

മനുഷ്യസഹനങ്ങളും ദൈവൈക്യവും

 "എപ്പോഴും ക്രിസ്തുവഴി പരിശുദ്ധാത്മാവിനാൽ നല്കപ്പെടുന്നതും സഭയോട് രഹസ്യാത്മകമായ ബന്ധമുള്ളതുമാണ്  ദൈവത്തിന്റെ രക്ഷാകര കൃപ". [കത്തോലിക്കാസഭയുടെ വിശ്വാസസത്യ തിരുസംഘത്തിന്റെ  പ്രമാണരേഖ... Continue reading