ഇന്ത്യയിലെ കത്തോലിക്കാ സഭയിൽ തെറ്റായ സാംസ്കാരികാനുരൂപണത്തിനറെ വാക്താക്കൾ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് അഭിവന്ദ്യ അബ്രഹാം മറ്റം പിതാവിനറെ ഈ വെളിപ്പെടുത്തലുകൾ. "കമ്മ്യൂണിറ്റി ബൈബിളും ,ഓണം കുർബാനയും , ക്രിസ്താനുഭവ യോഗയും , ഭാരതീയ പൂജയും,കന്യാസ്ത്രീമാരുടെ തിരുവാതിരകളിയും, ദൈവാലയത്തിന് മുമ്പിലുള്ള ശയനപ്രദക്ഷിണവും , ഹൈന്ദവരുടെ പൂജനാളിൽ പള്ളികളിൽ നടത്തുന്ന എഴുത്തിനിരുത്തും" തുടങ്ങിയവ ഇത്തരം ന്യായങ്ങൾ (താഴേ വായിക്കുക) പിഞ്ചെല്ലുന്നവരുടെ സൃഷ്ട്ടികളാണ്. ഇത് കത്തോലിക്കർക്കിടയിൽ അടിച്ചേൽപ്പിക്കുന്നതും സങ്കടകരം. ഇക്കൂട്ടർ,വിശ്വാസികളായ കുട്ടികളുടെയും യുവാക്കളുടെയും മനഃസാക്ഷിക്ക് ഒരു വിലയും നൽകുന്നില്ലേ ???
ബിഷപ്പ് അബ്രഹാം മറ്റം എഴുതുന്നു:
"രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഫലമായി അക്രൈസ്തവ മതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ സമീപനത്തിൽ മാറ്റം വന്നീട്ടുണ്ട്. മത സംവാദത്തിന്റെ നയമാണ് സഭ സ്വീകരിച്ചിരിക്കുന്നത്. ഇതരമതങ്ങളെ സഭ ആദരിക്കുന്നു. അന്യ മതസ്ഥരുടെ മനഃസാക്ഷി സ്വാതന്ത്രത്തെ വിലമതിക്കുന്നു എന്നതാണ് അതിന്റെ അർത്ഥം.വിവിധ സംസ്കാരങ്ങളെ സംബന്ധിച്ചും സഭയുടെ നിലപാട് കൂടുതൽ വ്യക്തമാണ്.എല്ലാ സംസ്കാരങ്ങളിലുമുള്ള നല്ല അംശങ്ങളെ സ്വാംശീകരിക്കാൻ ശ്രദ്ധിക്കുന്നു.സഭയുടെ ഔദ്യോഗിക ദൈവാരാധന (ലിറ്റർജി) യുടെ കാര്യത്തിലും വിവേകപൂർവ്വമായ സാംസ്കാരികാനുരൂപണം തത്ത്വത്തിൽ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകളിൽ ഈ വിഷയങ്ങൾ പ്രതിപാദിക്കുന്നുണ്ട്...
ഇന്ത്യയിലും വിശ്വാസികളുടെ പ്രാർത്ഥനാജീവിതവും ദൈവാരാധനയും (ലിറ്റർജി) നവീകരിക്കുന്നതിനും, ദൈവാരാധനയിൽ (വി കുർബാനയിൽ) സാംസ്കാരികാനുരൂപണം കൈവരിക്കുന്നതിനുള്ള പരിശ്രമങ്ങളും പരീക്ഷണങ്ങളും ആരംഭിച്ചു.ദൈവാരാധന പ്രാദേശിക ഭാഷകളിൽ സാവധാനം നടപ്പിലാക്കി. പ്രാദേശികാചാരങ്ങളും ഗാനരീതികളും അങ്ങനെ ആരാധനാക്രമത്തിൽ (ലിറ്റർജി) സ്ഥാനം പിടിച്ചു.
ചില സ്ഥലങ്ങളിൽ അനുരൂപണനത്തിന്റെ ഭാഗമായി വ്യക്തികളോ വൈദീക ഗ്രൂപ്പുകളോ മുൻകൈ എടുത്തു,ഹൈന്ദവ മതഗ്രന്ഥങ്ങളിൽ നിന്നുള്ള പദപ്രയോഗങ്ങളും വാക്യങ്ങളും ഉൾപ്പെടുത്തി ക്രൈസ്തവരുടെ ഉപയോഗാർത്ഥമുള്ള പ്രാർത്ഥനകൾക്കും കീർത്തനങ്ങൾക്കും രൂപം നൽകി.മാത്രമല്ല , ദൈവാരാധനയിലും (വി കുർബാനയിലും) ഇങ്ങനെ ഭഗവത്ഗീതയിൽ നിന്നും ഉപനിഷത്തുകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങൾ കൂട്ടിചേർത്ത് പ്രചരിപ്പിച്ചുതുടങ്ങി.ഈ പരിവർത്തനങ്ങളിൽ പലതും രണ്ടാം വത്തിക്കാൻ കൗൺസിൽ വിഭാവനം ചെയ്ത നവീകരണത്തിന് അനുസൃതമായിരുന്നില്ല. പക്ഷെ സിസ്റ്റേഴ്സും മറ്റും പങ്കെടുക്കുന്ന സെമിനാറുകളും സമ്മേളനങ്ങളും ഈ വിധമുള്ള ആശയങ്ങളും പരിവർത്തനങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള വേദിയായിരുന്നു.
ഒരുപടികൂടികടന്ന്,ഭഗവത് ഗീതയിലും ഉപനിഷത്തുകളിലും നിന്ന് ചില വാക്യങ്ങളും കീർത്തനങ്ങളും കടമെടുത്തു കൂട്ടിചേർത്ത് സങ്കരരൂപത്തിൽ രണ്ടു ആരാധനാക്രമങ്ങൾ രചിക്കപ്പെട്ടു - ഒന്ന്, ലത്തീൻക്രമം അനുസരിച്ചു ലത്തീൻ സഭയ്ക്കുവേണ്ടി ; മറ്റേതു ധർമ്മാരാം കോളേജിലെ ചില വൈദീകർ ചേർന്ന് സീറോമലബാർ സഭയെ ഉദ്ദേശിച്ചും. അനുരൂപണത്തിന്റ കാര്യത്തിൽ രണ്ടിനും സാമ്യമുണ്ടായിരുന്നു. ഈ സംരംഭത്തിന് ചില വൈദികാധ്യക്ഷന്മാരുടെ പ്രോത്സാഹനവും ലഭിക്കുകയുണ്ടായി. പരീക്ഷണാർത്ഥം എന്ന് പറഞ്ഞു രണ്ടു ചുരുങ്ങിയ വൃത്തങ്ങളിൽ ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. ലത്തീൻ സഭയെ കരുതി നിർമിച്ച ക്രമത്തിന്റെ ഉപയോഗം 1975 ൽ ലത്തീൻ റീത്തിനുവേണ്ടിയുള്ള റോമൻ കാര്യാലയം നിരോധിച്ചു. (Congregation for divine worship and discipline of the sacraments).
പ്രാർത്ഥനയ്ക്കും ദൈവാരാധനയ്ക്കുമായി മറ്റു മതഗ്രന്ഥങ്ങളുടെ ഉപയോഗത്തെ നീതികരിക്കുന്നതിന് ചില ക്രൈസ്തവ ഗ്രന്ഥകാരന്മാർ രണ്ടു മൂന്ന് ന്യായങ്ങൾ ഉന്നയിക്കുന്നുണ്ട്.
1). ദൈവം എല്ലാ മനുഷ്യരുടെയും രക്ഷ ആഗ്രഹിക്കുന്നു.എന്നാൽ ക്രിസ്തുവിനെ അറിയുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്യുന്നവരുടെ സംഖ്യ വളരെ പരിമിതമാണ്. അതിനാൽ, എല്ലാ മതങ്ങളും നിത്യരക്ഷയ്ക്കുള്ള മാർഗ്ഗങ്ങളായി പരിഗണിക്കണം.
2) എല്ലാ മതങ്ങളും രക്ഷാമാർഗ്ഗങ്ങളാകയാൽ ക്രിസ്തു ഏക രക്ഷകനാണെന്നോ , ക്രിസ്തുമതം (കത്തോലിക്കാ സഭ) ഏക രക്ഷാ മാർഗ്ഗമാണെന്നോ പറയുന്നത് ശരിയല്ല. ക്രിസ്തുമതം വെളിപ്പെടുത്തപ്പെട്ട ഏകസത്യമതമാണെന്നും കത്തോലിക്കാ സഭ സകലരുടെയും രക്ഷാമാർഗമാണെന്നുള്ള സിദ്ധാന്തം കോൺസ്റ്റന്റയിൻ ചക്രവർത്തി നാലാം നൂറ്റാണ്ടിൽ പ്രഖ്യാപിച്ചു.അങ്ങനെ ക്രിസ്തുമതം രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി. ജനങ്ങളെ നിർബന്ധപൂർവ്വം ആ മതത്തിലേക്ക് മനസാന്തരപ്പെടുത്തുകയും,ക്രിസ്തുമതത്തെ പ്രതാപത്തിലെത്തിക്കുകയും ചെയ്ത സാമ്രാജ്യപ്രഭുത്വത്തിന്റെ ഫലമായാണ് ക്രിസ്തുമതം ഏക രക്ഷാമാർഗമെന്ന ആശയം ഉദിച്ചതെന്ന് ഇക്കൂട്ടർ വാദിക്കുന്നു. (see , Mar Abraham Mattom ,Forgotten East ,Satna 2001 ,PP ,242 -249 ).
3) ബൈബിൾ ദൈവനിവേശിതമാണെന്ന് പറയാമെങ്കിലും ക്രൈസ്തവേതര മതഗ്രന്ഥങ്ങളും ഒരു വിധത്തിൽ ദൈവനിവേശിതമാണ് (quasi - Inspired). ഈ ആശയം ചർച്ച ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി പ്രത്യേക സെമിനാറുകൾ തന്നെ സംഘടിപ്പിച്ചിരുന്നു.ഇന്ത്യയിൽ നിലവിലുള്ള മൂന്ന് റീത്തുകളും വൈദേശികമാണ് (വിദേശികളാണ്). പകരം ഒരു ഇന്ത്യൻ റീത്തും ഇന്ത്യയുടേതായ ഒരു ദൈവശാസ്ത്രമാണ് ആവശ്യം എന്ന ആശയം പലരെയും സ്വാധീനിച്ചു.ഇങ്ങനെ ഉപനിഷത്തിലെ "അസതോ മാ സദ്ഗമയ" എന്ന മന്ത്രങ്ങളും , "ഓം" പ്രയോഗവും സച്ചിദാനന്ദസ്വരൂപനും മറ്റും കത്തോലിക്കരുടെ ഇടയിൽ കടന്നു കൂടി.
ഇന്ന് നാം ഇന്ത്യയിലെ കത്തോലിക്കാ സഭയിൽ ദർശിക്കുന്ന പല പ്രശ്നങ്ങളുടെയും പശ്ചാത്തലം വ്യക്തമാക്കുന്നതിനാണ് ആമുഖമെന്നവണ്ണം ഇത്രയും പ്രസ്താവിച്ചത്".
[Above Part taken from ബിഷപ്പ് അബ്രഹാം മറ്റത്തിന്റെ "തിരുസഭയും മിശിഹാരഹസ്യവും " Page 58 - 60].
"കുർബാനക്രമം ഇഷ്ടംപോലെ വെട്ടിച്ചുരുക്കുക, ലിറ്റർജിയിൽ സ്വയം പ്രേരിത പ്രാര്ത്ഥനകളും അനുഷ്ഠാനങ്ങളും ഉപയോഗിക്കുക, വി.കുർബാന ചമ്രംപടഞ്ഞിരുന്ന് ചൊല്ലുക തുടങ്ങിയ രീതികള് രണ്ടാം വത്തിക്കാൻ കൗണ്സില് തീരുമാനങ്ങള്ക്ക് പാടേ വിരുദ്ധമാണ്". -മാർ ജോസഫ് പൗവ്വത്തിൽ [Courtesy : Karunikan Magazine, 15/2/2017]
"ആരാധനക്രമ പരിഷ്കരണങ്ങൾ, പ്രത്യേകിച്ചും രണ്ടാം വത്തിക്കാൻ കൗൺസിലിന് തുടർന്നുണ്ടായവയിൽ, സൃഷ്ട്ടിപരതയെയും സാംസ്കാരിക അനുരൂപണത്തെയും കുറിച്ചുള്ള അബദ്ധധാരണകൾ മൂലം ധാരാളം അപഭ്രംശങ്ങൾ സംഭവിച്ചതും അതുമൂലം ധാരാളം പേർക്ക് ക്ലേശമുണ്ടായതും ഖേദകരമാണ്. "നിയതരൂപത്തോടുള്ള ഒരുതരം എതിർപ്പ്" എന്ന മട്ടിൽ ചിലർ, പ്രത്യേകിച്ചും ചില പ്രദേശങ്ങളിൽ സഭയുടെ മഹത്തായ ആരാധന ആരാധനാക്രമപാരമ്പര്യവും പ്രബോധനാധികാരവും ആംഗീകരിച്ച രീതികൾ ബാധകമല്ലെന്ന് കരുതുകയും പലപ്പോഴും സത്യത്തിനു നിരക്കാത്തതും ആംഗീകാരമില്ലാത്തതുമായ മാറ്റങ്ങൾ നടപ്പാക്കുകയും ചെയ്തു". (വി ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രബോധനം "സഭയും വിശുദ്ധ കുർബാനയും" എന്ന ചാക്രിക ലേഖനത്തിൽ നിന്നും എടുത്തത്)
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ :സാംസ്കാരികാനുരൂപണത്തിൽ ഒരു പ്രയാസം: "സംസ്കാരത്തിന്റെ സ്വംശീകരണം എന്ന് പറയുന്നത് ഉപരിപ്ലവമായ അനുരൂപപ്പെടലിന്റെ ഒരു പ്രക്രിയയായി തെറ്റിദ്ധരിക്കപ്പെടരുത്. കൂടുതൽ സ്വീകാര്യമാക്കാൻവേണ്ടി വിവിധ വിശ്വാസങ്ങളെ കൂട്ടികുഴച്ചു സുവിശേഷത്തിന്റെ അനന്യതയിൽ വെള്ളം ചേർക്കുകയും അരുത്" ( വേർബും ഡൊമിനി, നമ്പർ 114).
സാംസ്കാരികാനുരൂപണനത്തിന്റെ യഥാർത്ഥമായ അർത്ഥം :
"വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും കണ്ടുമുട്ടൽ ഒരേ ക്രമത്തിലല്ലാത്ത വസ്തുക്കളുടെ കണ്ടുമുട്ടലാണ്. സത്താപരമായ ഈ വസ്തുതയെ സഭ പരിഗണിക്കുന്നു. വിശ്വാസത്തിന്റെയും സുവിശേഷവത്കരിക്കുകയെന്ന അതിന്റെ ദൗത്യത്തിന്റെയും വസ്തുനിഷ്ടമായ ആവശ്യങ്ങൾക്ക് ചേർന്ന വിധത്തിലാണീ പരിഗണന. വിശ്വാസത്തിന്റെ സാംസ്കാരികാനുരൂപണവും സംസ്കാരത്തിന്റെ സുവിശേഷവത്കരണവും വേർപിരിക്കാനാവാത്ത ഇണകളായി നീങ്ങുന്നു.അതിൽ സിൻക്രേറ്റിസത്തിന്റെ [സർവമതങ്ങളിലെയും വിശിഷ്ട്ടംശങ്ങൾ ചേർത്ത് ഒരു മതതത്ത്വസംഹിത നിർമിക്കൽ] ഒരു സൂചനപോലുമില്ല. ഇതാണ് സാംസ്കാരികാനുരൂപണനത്തിന്റെ യഥാർത്ഥമായ അർത്ഥം : " ലോകത്തിനറെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തങ്ങളും ചിലപ്പോൾ പരസ്പരവിരുദ്ധങ്ങളുമായ എല്ലാ സംസ്കാരങ്ങളുടെയും മുമ്പിൽ സാംസ്കാരികാനുരൂപണം ക്രിസ്തുവിന്റെ കല്പനയെ അനുസരിക്കാൻ ശ്രമിക്കുന്നു. എല്ലാ ജനതകളോടും, ലോകത്തിന്റെ അതിരുകൾവരെ സുവിശേഷം പ്രസംഗിക്കുക എന്നതാണ് കല്പന. അത്തരം ഒരനുസരണം സിൻക്രേറ്റിസത്തെ [സർവമതങ്ങളിലെയും വിശിഷ്ട്ടംശങ്ങൾ ചേർത്ത് ഒരു മതതത്ത്വസംഹിത നിർമിക്കൽ] സൂചിപ്പിക്കുന്നില്ല. സുവിശേഷപ്രഘോഷണത്തിന്റെ കേവലം ലളിതമായ ഒരനുരൂപണത്തെയും സൂചിപ്പിക്കുന്നില്ല. പിന്നെയോ സംസ്കാരങ്ങളുടെ ജീവനിൽ തന്നെ സുവിശേഷം പ്രവേശിക്കണമെന്നാണ്, സുവിശേഷം അവയിൽ അവതരിക്കണമെന്നാണ്,ഉദ്ദേശിക്കുന്നത്. വിശ്വാസത്തിനും ക്രൈസ്തവ ജീവിതത്തിനും ചേരാത്ത സാംസ്കാരികഘടകങ്ങളെ കീഴടക്കികൊണ്ടും അവയുടെ മൂല്യങ്ങളെ ക്രിസ്തുവിൽ നിന്നുള്ള രക്ഷരഹസ്യത്തിലേക്കു ഉയർത്തിക്കൊണ്ടും അപ്രകാരം ചെയ്യണം" (cf :വൈദീക പരിശീലനം, നമ്പർ 55) xx-(എടുത്തിരിക്കുന്നത് "സംസ്കാരവും അജപാലനസമീപനവും" കത്തോലിക്കാസഭയുടെ റോമൻകാര്യാലയ രേഖ)
Note:"ഒരു ഭാരതീയ കുർബാനക്രമം കർദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തിൽ എറണാകുളത്തും,മറ്റൊന്നു ധർമ്മാരാം കോളേജിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂരിലും പരീക്ഷണാർത്ഥം ഉപയോഗിക്കുകയുണ്ടായി. സീറോ മലബാർ സഭയിലെ ഈ പരീക്ഷണം റോമിന്റെ നിർദ്ദേശപ്രകാരം 1980 ൽ നിർത്തലാക്കപ്പെട്ടു". (സത്യദീപം, ഡോ ആന്റണി നരികുളം 24 ഓഗസ്റ്റ് 2016).
1980 ൽ സീറോ മലബാർ സഭയുടെ "ഭാരതീയപൂജ പരീക്ഷണം" റോമിലെ പൗരസ്ത്യ സഭയുടെ കാര്യാലയം നിരോധിച്ചതായി - ബിഷപ്പ് അബ്രഹാം മറ്റത്തിന്റെ "തിരുസഭയും മിശിഹാരഹസ്യവും "-എന്ന ഗ്രന്ഥത്തിൽ കാണാവുന്നതാണ്.
ഈശോയുടെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ
ആമേൻ.