Home | Articles | 

jintochittilappilly.in
Posted On: 15/08/20 22:54
സാമൂഹ്യ മാധ്യമങ്ങളും ക്രൈസ്തവ ആത്മീയതയും

 


എന്താണ് ആത്മീയത?

ആത്മീയത എന്ന വാക്ക് ഒത്തിരി തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് ഒരു കത്തോലിക്ക വിശ്വാസിയെന്ന നിലയിൽ ആത്മീയത എന്നാൽ എന്തെന്ന് നമുക്ക് ചിന്തിക്കാം.

മഹാനായ വിശുദ്ധ ബർണാഡ് ഇപ്രകാരം പറയുന്നു: “ നാം എന്തിനെ സ്നേഹിക്കുന്നുവോ അതിനോട് രൂപാന്തരപ്പെട്ട് ആയിരിക്കും നമ്മുടെ ജീവിതം വളരുക”

കത്തോലിക്ക ആത്മീയതയെക്കുറിച്ച് പഠിപ്പിച്ചിട്ടുള്ളവരിൽ അഗ്രഗണ്യനായ കുരിശിൻറെ വിശുദ്ധ യോഹന്നാൻ ഇപ്രകാരം പറയുന്നു: “ ആത്മീയ ജീവിതത്തിൻറെ ലക്ഷ്യം ദൈവവും മനുഷ്യനും തമ്മിലുള്ള സ്നേഹൈക്യമാണ് . സ്നേഹം മൂലം ദൈവഹിതത്തിന് പരിപൂർണമായി വിധേയപ്പെടുമ്പോൾ ദൈവം മനുഷ്യനെ സവിശേഷമായി തൻറെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുത്തും”.

സ്നേഹത്തിൽ പൂർണത പ്രാപിക്കുക വഴി ദൈവപുത്രനായ ഈശോയുടെ സാദൃശ്യത്തിലേക്ക് ദൈവം മനുഷ്യനെ രൂപാന്തരപ്പെടുത്തുമെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. (Matthew 7:21, Romans 8:29 / 1 John 4:17 ) .

ചുരുക്കിപ്പറഞ്ഞാൽ, ദൈവപുത്രനായ ഈശോയുടെ സാദൃശ്യത്തിലേക്ക് സ്വഭാവത്തിലേക്ക് വളർത്തുന്ന ഒരു ജീവിതശൈലിയാണ് ആത്മീയത. സ്വർഗ്ഗസ്ഥനായ പിതാവിനെ ഇഷ്ടം അവിടുത്തോടുള്ള സ്നേഹത്തെപ്രതി നിറവേറ്റുന്നയാൾ ആത്മീയനാണ്.ആത്മീയതയിൽ, ഒരുവന്റെ ആഗ്രഹങ്ങളും തീരുമാനങ്ങളും പ്രവർത്തനങ്ങളും ദൈവോന്മുഖമായിരിക്കും; അതായത് ഈശോയായിരിക്കും ആത്മീയതയുടെ കേന്ദ്രം.

ഇനി നമുക്ക് സാമൂഹ്യ മാധ്യമങ്ങളിലേക്ക് തിരിയാം!

മനുഷ്യൻ അവൻറെ ഏറ്റം ആന്തരമായ പ്രകൃതിയിൽ ഒരു സാമൂഹ്യജീവിയാണ്. മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ ജീവിക്കാനോ കഴിവുകൾ വർദ്ധിപ്പിക്കാനോ മനുഷ്യനു സാധ്യമല്ല. ആധുനികയുഗത്തിൽ, സാമൂഹ്യജീവിയായ മനുഷ്യനിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയുന്നവയാണ്സാമൂഹ്യ മാധ്യമങ്ങൾ. അനേകായിരം ജനങ്ങളുമായി ഒരേസമയത്ത് സമ്പർക്കത്തിൽ ഏർപ്പെടാനും ആശയവിനിമയം നടത്താനും സാമൂഹിക മാധ്യമങ്ങൾക്ക് സാധിക്കും. അതായത്, ഒരേസമയം ഒരു വ്യക്തിയെ മാത്രമല്ല ഒരു സമൂഹത്തെ മുഴുവനും സ്വാധീനിക്കാൻ അവയ്ക്ക് കഴിയും. സാമൂഹ്യ മാധ്യമങ്ങൾ ഇവയൊക്കെയാണ്: ഇൻറർനെറ്റ്, റേഡിയോ, ടെലിവിഷൻ, പത്രം, പ്രസിദ്ധീകരണങ്ങൾ മുതലായവ.

സാമൂഹ്യ മാധ്യമങ്ങളുടെ ശരിയായ ഉപയോഗം മാനവ സമുദായത്തിന് വിലയേറിയ സംഭാവനകൾ നൽകുമെന്നതിൽ ഒട്ടും സംശയമില്ല. മനുഷ്യന് വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്നതോടൊപ്പം സുവിശേഷവൽക്കരണത്തിനും അവ വളരെയേറെ ഉപകരിക്കും. എന്നാൽ, മാധ്യമങ്ങളുടെ ദുർവിനിയോഗം മൂലം ഒത്തിരിയേറെ നാശങ്ങളും ധാർമ്മികാധപതനവും
മാനവ സമുദായത്തിന് നേരിടേണ്ടി വരുന്നതും വാസ്തവം തന്നെ.

ഇനി, ആത്മീയതയും സാമൂഹ്യമാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാൻ നമുക്ക് ശ്രമിക്കാം!

ദൈവാന്വേഷിയായ ഒരു മനുഷ്യൻ അവിടുത്തെ സ്വതന്ത്രമായി തേടുമ്പോൾ തൻറെ ജീവിതത്തെ ധാർമികമായി ക്രമപ്പെടുത്താൻ ശ്രമിക്കുക സ്വാഭാവികം. എന്നാൽ, വെളിപ്പെട്ട സത്യമായ ഈശോയെ തിരിച്ചറിഞ്ഞ ക്രൈസ്തവൻ തൻറെ മതപരമായ ആത്മീയ പരിശീലനം വഴി അതായത് മതബോധനം വഴി ധാർമികതയിലുള്ള വളർച്ച നേടിയെടുക്കേണ്ടതാണ്. ആത്മീയജീവിതം ഒരുവനെ ദൈവോന്മുഖനാക്കും എന്നു നാം കണ്ടു കഴിഞ്ഞു. ക്രൈസ്തവൻ എന്ന നിലയിൽ നമ്മുടെ പ്രാഥമിക ജീവിത കടമയാണ് “ സകല സൃഷ്ടികളോടും സുവിശേഷം അറിയിക്കുകയെന്നത്”.

രണ്ടാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം പഠിപ്പിക്കുന്നു: “ സകലജനങ്ങളും രക്ഷ പ്രാപിക്കാൻ വേണ്ടിയാണ് ക്രിസ്തുനാഥൻ കത്തോലിക്കാ സഭ സ്ഥാപിച്ചത്. അതുകൊണ്ട്, അവൾ സുവിശേഷം അറിയിക്കാൻ ബാധ്യസ്ഥയാണ്. തന്നിമിത്തം, സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് രക്ഷയുടെ സുവിശേഷം അറിയിക്കുകയും അങ്ങനെ അവയുടെ ശരിയായ ഉപയോഗത്തെപ്പറ്റി മനുഷ്യരെ പഠിപ്പിക്കുകയും ചെയ്യേണ്ടത് തൻറെ കടമയാണെന്ന് സഭ വിശ്വസിക്കുന്നു”.

ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ ആത്മീയത പരിശീലിക്കുന്ന ഒരുവനിൽ നിന്ന് ധാർമിക മൂല്യങ്ങൾ സമൂഹത്തിലേക്ക് പ്രസരിക്കുന്നത് നിസ്തർക്കമത്രേ !

കാരണം,

“ നല്ല വൃക്ഷങ്ങൾ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നു”

“ ഹൃദയത്തിൻറെ നിറവിൽ നിന്നും അധരം സംസാരിക്കുന്നു”

“നല്ല മനുഷ്യൻ നന്മയുടെ ഭണ്ഡാരത്തിൽ നിന്ന് നന്മ പുറപ്പെടുവിക്കുന്നു”

“ ദുഷ്ടനാകട്ടെ, തിന്മയുടെ ഭണ്ഡാരത്തിൽ നിന്നും തിന്മ പുറപ്പെടുവിക്കുന്നു”

എന്ന് ഈശോയുടെ വാക്കുകൾ ഈ വിഷയത്തിൽ എത്രയോ പ്രസക്തം!

പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും മധ്യസ്ഥനാണ് വേദപാരംഗതനായ വിശുദ്ധ ഫ്രാൻസിസ് ഡി സാലസ്.ഇദ്ദേഹം നമുക്ക് പകർന്നുതന്നത് അതിശ്രേഷ്ഠമായ മാതൃകയാണ്. പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റൻറ് വിപ്ലവകാലത്ത്, പ്രൊട്ടസ്റ്റന്റുക്കാർ കത്തോലിക്കനായ തന്നെ ശ്രവിക്കുവാൻ വരികയില്ലെന്ന് കണ്ടപ്പോൾ തനിക്ക് പറയാനുള്ളവ എഴുതി ആളുകൾ ഒരുമിച്ചുകൂടുന്ന ചന്ത സ്ഥലങ്ങളിലെ മരങ്ങളിൽ പതിപ്പിച്ചു വച്ചു. അവ വായിച്ച് ജനങ്ങൾ കത്തോലിക്കാ സത്യങ്ങൾ മനസ്സിലാക്കി. തൽഫലമായി, 72,000 പ്രൊട്ടസ്റ്റന്റുക്കാർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ക്രൈസ്തവ ആത്മീയതയിൽ അടിയുറച്ചുകൊണ്ടുള്ള മാധ്യമ പ്രവർത്തനം തന്നെയാണ് ഈ വിശുദ്ധൻ കാഴ്ചവച്ചത്.

സാമൂഹ്യ മാധ്യമങ്ങൾ ശരിയായി ഉപയോഗിക്കാൻ ഇവ കൈകാര്യം ചെയ്യുന്നവർ ധാർമിക തത്ത്വങ്ങൾ അഥവാ മാധ്യമധർമ്മം ശരിക്കറിഞ്ഞിരിക്കേണ്ടതാണ്. അങ്ങനെ അവർ സാമൂഹ്യ മാധ്യമങ്ങളെ വിശ്വസ്തതാപൂർവ്വം പൊതുജനമദ്ധ്യേ അവതരിപ്പിക്കുകയും വേണം. എന്നാൽ, ഇന്ന് മാധ്യമ ധർമ്മത്തെ അവഗണിച്ചുകൊണ്ടുള്ള മാധ്യമ പ്രവർത്തനങ്ങളാണ് ഏറെക്കുറെ കാണാൻ സാധിക്കുക.ഇന്നിൻറെ മാധ്യമദൗത്യം വെറുമൊരു ധനസമ്പാദന മാർഗ്ഗമായും അധമ വികാരങ്ങളെ തട്ടിയുണർത്തി മനുഷ്യനെ ആകർഷിച്ച് പണമുണ്ടാക്കാനായി മാറ്റപെടുന്നത് വേദനാജനകം തന്നെ . ഇന്ന് പല പരിഷ്കൃത രാജ്യങ്ങളിലെ ക്രൈസ്തവ യുവാക്കൾക്ക് ദൈവം മനുഷ്യന് നൽകിയ 10 കൽപ്പനകൾ എന്താണെന്നുപോലും അറിയില്ല; കാരണം ധാർമികമൂല്യങ്ങൾ ഇല്ലാത്ത മാധ്യമങ്ങളുടെ സ്വാധീന വലയത്തിലാണവർ.

കത്തോലിക്കാസഭയും കത്തോലിക്കാ വിശ്വാസത്തെയും പൊതുജനമധ്യത്തിൽ വികലമാക്കാൻ യൂറോപ്പിലെ ചില പ്രമുഖ സാമൂഹ്യമാധ്യമ കമ്പനികൾ ശ്രമിച്ചതിന് ഫലമായി ഇന്ന് അനേകം കത്തോലിക്കാ വിശ്വാസികൾ വിശ്വാസ ത്യാഗം ചെയ്ത് നിരീശ്വരവാദികളും അധാർമ്മികരുമായി തീർന്നു.

സാമൂഹ്യമാധ്യമങ്ങളുടെ നല്ലവശവും ചീത്ത വശവും ക്രൈസ്തവ ആത്മീയതയുടെ കണ്ണുകൾകൊണ്ട് നാം കണ്ടുകഴിഞ്ഞു.

ആയതിനാൽ പ്രിയ സഹോദരങ്ങളെ! ചില നല്ല തീരുമാനങ്ങൾ നമുക്കെടുക്കാം…

നമ്മുടെ ആഗ്രഹങ്ങളും തീരുമാനങ്ങളും പ്രവർത്തനങ്ങളും ദൈവോന്മുഖമാക്കാൻ പ്രാർത്ഥിക്കുകയും പരിശീലിക്കുകയും അവ നമ്മുടെ യുവതലമുറയ്ക്ക് പകർന്നു കൊടുക്കുകയും ചെയ്യാം.

വഴിയും സത്യവും ജീവനുമായ ഈശോ നാഥനെ നമ്മുടെ മാതൃകയാക്കാം . ഇന്നത്തെ യുവതലമുറയെ സ്വാധീനിക്കാൻ വേണ്ടി ‘സത്യത്തിൽ സ്നേഹം’ പരിശീലിച്ചു കൊണ്ട് ഈശോയിലേക്ക് വളരാൻ നമുക്കോരോരുത്തർക്കും പരിശ്രമിക്കാം.

രണ്ടാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം പഠിപ്പിക്കുന്നു: “സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ പ്രത്യേകിച്ച് യുവാക്കൾ മിതത്വവും ആത്മനിയന്ത്രണവും പാലിക്കണം. കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുന്നവയെപ്പറ്റി കൂടുതൽ അഗാധ ജ്ഞാനം സമ്പാദിക്കാൻ അവർ പരിശ്രമിക്കട്ടെ.വിശ്വാസത്തിനും സന്മാർഗ്ഗത്തിനും ഹാനികരമായിത്തീർന്നേക്കാവുന്ന പ്രദർശനങ്ങളും പ്രസിദ്ധീകരണങ്ങളും ഇത്തരത്തിൽപ്പെട്ട മറ്റുള്ളവയും ഭവനങ്ങളിൽ കടക്കാതിരിക്കാനും കുട്ടികൾ മറ്റെവിടെയെങ്കിലും വെച്ച് ഇങ്ങനെയുള്ളവ കണ്ടു മുട്ടാതിരിക്കാനും ശ്രദ്ധിക്കാൻ തങ്ങൾക്ക് കടമയുണ്ടെന്ന് മാതാപിതാക്കൾ ഓർത്തിരിക്കട്ടെ”

സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള വാർത്തകളും വിനോദങ്ങളും സിനിമകളും ജനമധ്യത്തിൽ എത്തിക്കുന്ന ഉത്തരവാദപ്പെട്ടവർ മാധ്യമ ധർമ്മത്തിൽ അധിഷ്ഠിതമായ പ്രവർത്തനം നടത്താൻ തീരുമാനമെടുക്കുക. സർക്കാരുകളും രാഷ്ട്രനേതൃത്വങ്ങളും ധാർമ്മികതയുടെ അടിസ്ഥാനത്തിൽ സാമൂഹ്യമാധ്യമങ്ങളുടെ മേൽ നിയന്ത്രണം കൊണ്ടുവരിക.

 
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!



Article URL:







Quick Links

സാമൂഹ്യ മാധ്യമങ്ങളും ക്രൈസ്തവ ആത്മീയതയും

എന്താണ് ആത്മീയത? ആത്മീയത എന്ന വാക്ക് ഒത്തിരി തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് ഒരു കത്തോലിക്ക വിശ്വാസിയെന്ന നിലയിൽ... Continue reading