Home | Articles | 

jintochittilappilly.in
Posted On: 03/09/20 16:19
ഗാനമേളയല്ല.... വി.കുര്‍ബ്ബാനയാണ്..

 


വിശുദ്ധകുർബാനയിലെ കൂദാശാവചനങ്ങൾ ഗാനമേളയാക്കുന്നവരോട് !

"വൈദീകൻ അനാഫൊറയിലെ കൂദാശവചനങ്ങൾ പ്രഘോഷിക്കുമ്പോൾ മറ്റു പ്രാർത്ഥനകളോ പാട്ടോ പാടില്ല; ഓർഗണും സംഗീതോപകരണങ്ങളും നിശബ്ദമായിരിക്കണം"

കൂദാശാവചനങ്ങൾ അഥവാ അനാഫൊറയിലെ കുർബാനസ്ഥാപനവാക്യഭാഗങ്ങൾ (For Syro Malabar/Malankara) അഥവാ സ്തോത്രയാഗപ്രാർത്ഥന - Latin Rite (Eucharistic Prayer)

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ "സ്നേഹത്തിന്റെ കൂദാശ" എന്ന കുർബാനയെ കുറിച്ചുള്ള സഭ പ്രബോധനത്തിൽ ഇപ്രകാരം പ്രതിപാദിക്കുന്നു (നമ്പർ 48): "മുഴുവൻ കുർബാനയാഘോഷത്തിനറെയും കേന്ദ്രവും പരമകോടിയുമാണ് സ്തോത്രയാഗപ്രാർത്ഥന (Eucharistic Prayer). അതിന്റെ പ്രാധാന്യത്തിന് വേണ്ടത്ര ഊന്നൽ നൽകണം. കുർബാനപുസ്തകത്തിലെ വ്യത്യസ്ത സ്തോത്രയാഗപ്രാർത്ഥനകൾ സഭയുടെ സജീവപാരമ്പര്യം നമുക്ക് കൈമാറിത്തന്നതാണ്.അവയുടെ ദൈവശാസ്ത്രപരവും ആധ്യാത്മികവുമായ അക്ഷയസമ്പന്നതമൂലം ശ്രദ്ധേയങ്ങളുമാണ്.ആ സമ്പന്നതയെ വിലമതിക്കാൻ വിശ്വാസികളെ കഴിവുള്ളവരാക്കണം".

മുകളിൽ പ്രതിപാദിച്ചതിൽ നിന്നും കൂദാശാവചനങ്ങൾ അഥവാ കുർബാനസ്ഥാപനവാക്യങ്ങളുടെ സഭാത്മകമായ പ്രാധാന്യം മനസിലാക്കാവുന്നതാണ്.

ഭയഭക്തിയോടും അതീവാദരവോടും കൂടെ പങ്കുകൊള്ളേണ്ട വി.കുർബാനയുടെ ഈ കേന്ദ്രഭാഗത്ത് വളരെ ലാഘവത്തോടെ ഗാനമേളയെ വെല്ലുന്ന ശബ്ദകോലാഹലമാണ് ചിലയിടങ്ങളിൽ കാണാൻ സാധിക്കുക. വി.ബലിയുടെ കാർമികനായി വൈദീകനും ഗായകസംഘത്തിലെ കീബോർഡ് വായിക്കുന്ന സഹോദരനും തമ്മിലുള്ള വാദ്യമത്സരം; അത് കണ്ടുകൊണ്ട് വൈകാരികതയിൽ വൈദികന് മാത്രം ഉച്ചരിക്കാവുന്ന കൂദാശാവചനങ്ങൾ ഏറ്റുചൊല്ലുന്ന വിശ്വാസിസമൂഹം.

നിർഭാഗ്യകരം ! വിശുദ്ധ കുർബാനയെന്ന ദിവ്യരഹസ്യത്തെ പറ്റിയും അതിലെ പ്രാർത്ഥനകളുടെയും കർമങ്ങളുടെയും പ്രതീകാത്മകതകളുടെയും അർത്ഥത്തെ പറ്റിയുമുള്ള മതബോധനം ലഭിക്കാത്ത ഇടവക സമൂഹമെന്നേ ഇക്കൂട്ടരെ പറയേണ്ടു.

ഒരിക്കൽ ജീസസ് യൂത്തിലെ ഒരു സഹോദരനുമായി കത്തോലിക്കാസഭയുടെ ഇതേ പറ്റിയുള്ള നിർദ്ദേശം പങ്കുവച്ചപ്പോൾ അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി:

"ഞാൻ കീബോർഡ് വായിച്ചില്ലെങ്കിലും,വൈദീകൻ കുർബാനയ്ക്ക് മുൻപ് എന്നോട് കുർബാനസ്ഥാപനവാക്യഭാഗങ്ങളിൽ കീബോർഡ് നിർബന്ധമായും വായിക്കണം എന്ന് പറയും. അച്ഛൻ നല്ല പാട്ടുകാരനുമാണ്. എന്ത് ചെയ്യാനാ?"

ഇതേപോലെ, ഗായകസംഘത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ബുദ്ധിമുട്ടുന്ന വൈദീകരുമുണ്ട്. വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കുകൊള്ളാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം പൊടികൈകളെന്ന് സമ്മതിക്കുന്നവരുമുണ്ട്.

ഇവിടെ എന്താണ് പ്രശ്‌നം എന്ന് ചോദിക്കുന്നവരുമുണ്ട്.

അതിന് ,

1 ) വി. കുർബാനയെന്തെന്ന് അടിസ്ഥാനപരമായി അറിഞ്ഞിരിക്കണം.

2 ) വി. കുർബാനയുടെ കേന്ദ്രവും പരമകോടിയുമാണ് സ്തോത്രയാഗപ്രാർത്ഥനയുടെ (Eucharistic Prayer) അഥവാ കൂദാശവചനങ്ങളുടെ പ്രാധാന്യം തിരിച്ചറിയണം.

വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നമ്മെ ഓർമപെടുത്തുന്നു : "ആരാധനക്രമം (ലിറ്റർജി) സഭയുടെ ജീവന്റെ കേന്ദ്രമാണ്".

കത്തോലിക്കാസഭയുടെ ആരാധനക്രമം (ലിറ്റർജി) - കൂദാശകൾ, കൂദാശാനുകരണങ്ങൾ, യാമപ്രാർത്ഥനകൾ.

ആരാധനാക്രമത്തിലെ ഏറ്റവും പ്രാധാന്യമായത് കൂദാശകളാണ്. അവ 7 എണ്ണം.

വി കുർബാന - കൂദാശകളുടെ കൂദാശ.

രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു: "എല്ലാ കൂദാശകളും സഭാപരമായ സകല ശുശ്രൂഷകളും അപ്പസ്തോലികത്വത്തിന്റെ പ്രവർത്തനങ്ങളും വിശുദ്ധ കുർബാനയോട് ബന്ധപ്പെട്ടിരിക്കുകയും അവയെല്ലാം അതിലേക്കു നയിക്കുകയും ചെയ്യുന്നു. എന്തെന്നാൽ വിശുദ്ധ കുർബാനയിൽ സഭയുടെ മുഴുവൻ ആദ്ധ്യാത്മികസമ്പത്തും - അതായത്, നമ്മുടെ പെസഹായും നമ്മുടെ ജീവിക്കുന്ന അപ്പവുമായ ക്രിസ്തു - അടങ്ങിയിരിക്കുന്നു("പൗരോഹിത്യധർമ്മവും വൈദീകരുടെ ജീവിതവും,നമ്പർ 5")

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ലിറ്റർജിയുടെ ചൈതന്യത്തിൽ ഇപ്രകാരം പഠിപ്പിക്കുന്നു: "വി കുർബാന പരികർമം ചെയ്യുകയെന്നാൽ കുരിശും ഉത്ഥാനവും വഴി സാദ്ധ്യമായ തുറവിലേക്ക് ,സ്വർഗ്ഗവും ഭൂമിയും ആശ്ലേഷിക്കുന്ന ദൈവമഹത്വീകരണത്തിന്റെ തുറവിലേക്ക്, പ്രവേശിക്കുക എന്നാണർത്ഥമാക്കുന്നത്" . വീണ്ടും (സ്നേഹത്തിന്റെ കൂദാശ,നമ്പർ 6): "ഇക്കാരണത്താൽ,അൾത്താരയിലെ കൂദാശ എന്നും സഭയുടെ ജീവിതത്തിന്റെ കേന്ദ്രമാണ്.കുർബാന വഴി സഭ എന്നും നവമായി വീണ്ടും ജനിക്കുന്നു"

ഒരു കത്തോലിക്കാ വിശ്വാസിയുടെ ജീവിതത്തിന്റെ കേന്ദ്രമാണ് വി കുർബാന. വി കുർബാനയുടെ കേന്ദ്രവും പരമകോടിയുമാണ് അനാഫൊറയിലെ കുർബാനസ്ഥാപനവാക്യഭാഗങ്ങൾ അഥവാ കൂദാശ വചനങ്ങൾ അഥവാ സ്തോത്രയാഗപ്രാർത്ഥന.

ഇനി, ഇവയെങ്ങനെ പരികർമം ചെയ്യണമെന്ന് കത്തോലിക്കാ സഭ നിർദ്ദേശിക്കുന്നത് വായിക്കാം:

"ആരാധനക്രമം ആരുടെയും സ്വകാര്യസ്വത്തല്ല,അർപ്പിക്കുന്ന വൈദീകന്റെയോ രഹസ്യം കൊണ്ടാടുന്ന വിശ്വാസി സമൂഹത്തിന്റെയോ പോലും അല്ല".(വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ,"സഭയും വിശുദ്ധ കുർബാനയും" നമ്പർ 52)

"പുരോഹിതനും ഡീക്കനും വിശ്വാസികളും തങ്ങൾ ചൊല്ലേണ്ടതായി കുർബാന തകസായിൽ (Qurbana text) കൊടുത്തിരിക്കുന്ന പ്രാർത്ഥനകൾ ചില സ്ഥലങ്ങളിൽ ഇഷ്ട്ടംപോലെ മാറ്റുകയും വ്യത്യാസപ്പെടുത്തുകയും ചെയ്യുക എന്ന മുടക്കപെട്ടിട്ടുള്ള നടപടി അവസാനിപ്പിക്കേണ്ടതാണ്. ഇപ്രകാരം ചെയ്യുന്നതു വഴി അവർ വിശുദ്ധ ആരാധനക്രമാഘോഷം അനിശ്ചിതവും അതിന്റെ ആധികാരികാർത്ഥം വികലവുമാക്കുന്നു". ("രക്ഷയുടെ കൂദാശ",നമ്പർ 59; വി.കുർബാനയെക്കുറിച്ചുള്ള സഭയുടെ നിർദ്ദേശങ്ങൾ)

"വി.കുർബാനയുടെ അനാഫൊറയിലെ കുർബാനസ്ഥാപനവാക്യഭാഗങ്ങൾ അഥവാ കൂദാശവചനങ്ങൾ അഥവാ സ്തോത്രയാഗപ്രാർത്ഥന തിരുപ്പട്ടമുള്ള വൈദീകൻ മാത്രം ചൊല്ലാവുന്നതാണ്.അതിനാൽ,അതിന്റെ ചില ഭാഗങ്ങൾ ഡീക്കനോ സഹായിക്കുന്ന ഒരു അൽമേനിയോ വിശ്വാസികൾ എല്ലാവരും കൂടിയോ ചൊല്ലുന്നത് ദുരാചാരമാണ്.അതായത്, കൂദാശവചനഭാഗം മുഴുവൻ വൈദീകൻ തനിയെ ചൊല്ലണം"  ("രക്ഷയുടെ കൂദാശ",നമ്പർ 52; വി.കുർബാനയെ കുറിച്ചുള്ള സഭയുടെ നിർദ്ദേശങ്ങൾ)

"അനാഫൊറയിലെ കൂദാശവചനങ്ങൾ വൈദീകൻ മാത്രമേ ഉച്ചരിക്കാവൂ എന്നും വിശ്വാസികൾ വിശ്വാസത്തോടും നിശബ്ധമായും പങ്കുചേരണമെന്നും റോമൻ കുർബാനക്രമം അനുശാസിക്കുന്നു" (വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ,"സഭയും വിശുദ്ധ കുർബാനയും" നമ്പർ 28). സീറോമലബാർ റീത്തിൽ ചില പ്രത്യുത്തരങ്ങളുണ്ട്. വൈദീകന്റെ കൂദാശവചനപ്രാർത്ഥനയുടെ അവസാനം വിശ്വാസികൾ "ആമ്മേൻ"എന്ന് ഉച്ചരിക്കുകയും ചെയ്യുന്നു. കാരണം അവ സീറോമലബാർ കുർബാന തക്സയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇനി ,അനാഫൊറയിലെ കുർബാനസ്ഥാപനവാക്യഭാഗങ്ങൾ കീബോർഡും മറ്റു സംഗീതോപകരണങ്ങളും ഉപയോഗിച്ച് ഗാനമേളയാക്കുന്നവരോട് തിരുസഭാ മാതാവ് ഉപദേശിക്കുന്നു:

വി ജോൺ പോൾ മാർപാപ്പയുടെ നിർദ്ദേശപ്രകാരം വത്തിക്കാനിലെ വി ആരാധനയുടെ തിരുസംഘം പ്രസിദ്ധീകരിച്ച "രക്ഷയുടെ കൂദാശ" (Redemptionis sacramentum) എന്ന രേഖയിൽ നമ്പർ 53 ൽ ഇപ്രകാരം നിർദ്ദേശിക്കുന്നു: "വൈദീകൻ അനാഫൊറയിലെ കൂദാശവചനങ്ങൾ പ്രഘോഷിക്കുമ്പോൾ മറ്റു പ്രാർത്ഥനകളോ പാട്ടോ പാടില്ല; ഓർഗണും സംഗീതോപകരണങ്ങളും നിശബ്ദമായിരിക്കണം".

സത്യത്തിന്റെ തൂണും കോട്ടയുമായ ജീവിക്കുന്ന ദൈവത്തിനറെ സഭയെ പോലും അനുസരിക്കുന്നില്ലെങ്കിൽ അവൻ നിനക്ക് വിജാതീയനെ പോലെയും ചുങ്കക്കാരനെപോലെയും ആയിരിക്കട്ടെ! (1 തിമോത്തിയോസ് 3:15, മത്തായി 18 :17 )

സമാധാനം നമ്മോടുകൂടെ!
:
ആമ്മേൻ

ഗാനമേളയല്ല ഇത് വിശുദ്ധ കുർബാനയാണ് (ജെയിനീസ് മീഡിയ അവതരണം...)


Video Courtesy: Jainees Media,Thrissur

 


ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് (CBCI President) എഴുത്തുക്കാരനുമായി നടത്തിയ കത്തിടപാടിലെ  പ്രസക്ത ഭാഗം താഴേ വായിക്കാവുന്നതാണ്.
 ഈയൊരു കൊച്ചു പരിശ്രമത്തിന് അദ്ദേഹത്തിന്റെ വാക്കുകൾ പ്രചോദനമേകിയതുകൊണ്ട് മാത്രം ചുവടെ ചേർക്കുന്നു.

*******

From: Archbishop Bombay <diocesebombay@gmail.com>
To: "x" <XXXXXXX>
Sent: Wednesday, 15 August, 2018, 10:17:10 AM GMT+3

Subject: From Oswald Cardinal Gracias

Dear Mr. Jinto,
 
 
I have just seen your email of August 5, 2018. I appreciate your great love for liturgy and your concern that this liturgy should be sacred and according to the directives from the Church.

 
With kind regards and best wishes,
 

Yours sincerely in Christ,
 
 
Oswald Cardinal Gracias
Archbishop of Bombay &
President, CBCIArticle URL:Quick Links

ഗാനമേളയല്ല.... വി.കുര്‍ബ്ബാനയാണ്..

വിശുദ്ധകുർബാനയിലെ കൂദാശാവചനങ്ങൾ ഗാനമേളയാക്കുന്നവരോട് ! "വൈദീകൻ അനാഫൊറയിലെ കൂദാശവചനങ്ങൾ പ്രഘോഷിക്കുമ്പോൾ മറ്റു പ്രാർത്ഥനകളോ പാട്ടോ പാടില്ല; ഓർഗണും സംഗീതോപകരണങ്ങ... Continue reading