യഥാർത്ഥത്തിൽ, വിശ്വസിക്കുകയെന്ന പ്രവൃത്തിയും നാം നമ്മുടെ വിശ്വാസം അർപ്പിക്കുന്ന ഉള്ളടക്കവും തമ്മിൽ അഗാധമായ ഐക്യമുണ്ട്. “മനുഷ്യൻ ഹൃദയംകൊണ്ടു വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവൻ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു” (റോമാ. 10:10) എന്ന് എഴുതിയ വിശുദ്ധ പൗലോസ് ഈ യാഥാർത്ഥ്യത്തിലേക്കു പ്രവേശിക്കുവാൻ നമ്മെ സഹായിക്കുന്നു. ഒരുവൻ വിശ്വാസത്തിലേക്കു വരുന്നതിന്റെ ആദ്യ പ്രവൃത്തി ദൈവത്തിന്റെ ദാനവും വ്യക്തിക്കുള്ളിൽ ആഴത്തിൽ പ്രവർത്തിക്കുകയും പരിവർത്തനം വരുത്തുകയും ചെയ്യുന്ന കൃപയുടെ പ്രവൃത്തിയുമാണെന്ന് ഹൃദയം സൂചിപ്പിക്കുന്നു.
ലിഡിയയുടെ മാതൃക ഇത്തരുണത്തിൽ പ്രത്യേകമാം വിധം വാചാലമാണ്. ഫിലിപ്പിയയിലായിരുന്നപ്പോൾ ശാബത്തിൽ ചില സ്ത്രീകളോടു സുവിശേഷം പ്രസംഗിക്കാൻ പൗലോസ് പോയതായി വിശുദ്ധ ലൂക്കാ എഴുതുന്നുണ്ട്; അക്കൂട്ടത്തിൽ ലിഡിയയുമുണ്ടായിരുന്നു. “പൗലോസ് പറഞ്ഞ കാര്യങ്ങൾ സ്വീകരിക്കാൻ കർത്താവ് അവളുടെ ഹൃദയം തുറന്നു” (അപ്പ. 16:14). ഈ പ്രയോഗത്തിന് പ്രധാനപ്പെട്ട ഒരർത്ഥമുണ്ട്. ഉപരിപ്ലവമായ തലത്തിനു താഴെയുള്ളതു കാണാനും പ്രഘോഷിക്കപ്പെട്ടതു ദൈവവചനമാണെന്നു ഗ്രഹിക്കാനും, വ്യക്തിക്കുള്ളിലെ ആധികാരിക വിശുദ്ധസ്ഥലമായ ഹൃദയം കൃപയാൽ തുറക്കപ്പെടുന്നില്ലെങ്കിൽ, വിശ്വസിക്കാനുള്ള ഉള്ളടക്കം അറിയുന്നതുകൊണ്ടുമാത്രം കാര്യമില്ല.
വിശ്വാസം പരസ്യസാക്ഷ്യവും പ്രതിബദ്ധതയും ആവശ്യപ്പെടുന്നുണ്ടെന്ന് അധരങ്ങൾകൊണ്ടുള്ള ഏറ്റുപറച്ചിൽ സൂചിപ്പിക്കുന്നു. വിശ്വാസം ഒരു സ്വകാര്യപ്രവൃത്തിയാണെന്ന് ഒരു ക്രൈസ്തവൻ കരുതില്ല. കർത്താവിനോടൊത്തു ജീവിക്കേണ്ടതിനായി അവിടുത്തോടൊത്തു നിൽക്കാനുള്ള തെരഞ്ഞെടുപ്പാണു വിശ്വാസം. “അവിടുത്തോടുചേർന്നുള്ള ഈ നില്പ്”, വിശ്വസിക്കാനുള്ള കാരണങ്ങളെക്കുറിച്ചുള്ള ഒരു ധാരണയിലേക്കു വിരൽചൂണ്ടുന്നു. വിശ്വാസം ഒരു സ്വതന്ത്ര പ്രവൃത്തിയായതിനാൽ തന്നെ ഒരുവൻ എന്തു വിശ്വസിക്കുന്നുവോ അതിനോടുള്ള ഒരു സാമൂഹികോത്തരവാദിത്തവും അത് ആവശ്യപ്പെടുന്നു. വിശ്വസിക്കുന്നതിന്റെയും എല്ലാവരോടും തന്റെ വിശ്വാസം നിർഭയം പ്രഖ്യാപിക്കുന്നതിന്റെയും ഈ പരസ്യമാനത്തെ പന്തക്കുസ്താനാളിലെ സഭ അങ്ങേയറ്റം വ്യക്തതയോടെ പ്രകാശിപ്പിക്കുന്നു. നമ്മെ പ്രേഷിത വേലയ്ക്ക് യോഗ്യരാക്കുന്നതും നമ്മുടെ സാക്ഷ്യത്തെ ആത്മാർത്ഥവും ധീരവുമാക്കിക്കൊണ്ട് അതിനെ ശക്തിപ്പെടുത്തുന്നതും പരിശുദ്ധാത്മാവിന്റെ ദാനമാണ്.
വിശ്വാസപ്രഖ്യാപനം സ്വകാര്യമെന്നതുപോലെ സാമൂഹികവുമായ ഒരു പ്രക്രിയയാണ്. വിശ്വാസത്തിന്റെ പ്രാഥമികവിഷയം (primary subject) തിരുസഭയാണ്. ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസത്തിലാണ്, രക്ഷപ്രാപിക്കാൻ വിശ്വാസികളുടെ സമൂഹത്തിലേക്കുള്ള പ്രവേശനത്തിന്റെ ഫലപ്രദമായ അടയാളമായ ജ്ഞാനസ്നാനം ഓരോ വ്യക്തിയും സ്വീകരിക്കുന്നത്.
സഭ പഠിപ്പിക്കുന്നതിനോടു ബുദ്ധികൊണ്ടും ഇച്ഛകൊണ്ടും പൂർണമായി യോജിക്കുന്നതിനുള്ള ഒരുവന്റെ സമ്മതം കൊടുക്കുന്നതിന് സ്പഷ്ടമായും വിശ്വാസത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിവ് അനുപേക്ഷണീയമാണ്. വിശ്വാസത്തെക്കുറിച്ചുള്ള അറിവ് ദൈവം വെളിപ്പെടുത്തിയ രക്ഷാകരരഹസ്യത്തിന്റെ പൂർണതയിലേക്ക് ഒരു വാതിൽ തുറക്കുന്നു. തന്നെത്തന്നെ വെളിപ്പെടുത്തുകയും തന്റെ സ്നേഹ രഹസ്യം അറിയുവാൻ നമ്മെ അനുവദിക്കുകയും ചെയ്യുന്ന ദൈവംതന്നെയാണു വിശ്വാസം സത്യമാണെന്ന് ഉറപ്പുതരുന്നതെന്നതിനാൽ, വിശ്വസിക്കുമ്പോൾ വിശ്വാസത്തിന്റെ രഹസ്യമാകെയും നാം സ്വതന്ത്രമായി സ്വീകരിക്കുന്നുവെന്ന് സമ്മതംനല്കൽ അർത്ഥമാക്കുന്നു.
വിശ്വാസത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ക്രമീകൃതമായ അറിവിൽ എത്തിച്ചേരുന്നതിന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം എല്ലാവർക്കും വിലപ്പെട്ടതും അനുപേക്ഷണീയവുമായ ഒരു സ്രോതസത്രേ.വിശ്വാസത്തിന്റെ സത്ത കത്തോലിക്കാ സഭയുടെ മതബോധന ത്തിൽ അതിന്റെ ക്രമീകൃതവും നൈസർഗികവുമായ സംശ്ലേഷണം കണ്ടെത്തുന്നു. ഇവിടെ വാസ്തവത്തിൽ, സഭയുടെ 2000 വർഷം ദൈർഘ്യമുള്ള ചരിത്രത്തിൽ സഭയ്ക്ക് ലഭിച്ചതും നിർദ്ദേശിക്കപ്പെടുകയും പരീരക്ഷിക്കപ്പെടുകയും ചെയ്യുന്നതുമായ മുഴുവൻ പ്രബോധനത്തിന്റെയും സമ്പത്ത് ദർശിക്കുന്നു. വിശുദ്ധഗന്ഥം മുതൽ സഭാപിതാക്കന്മാർ വരെ, നൂറ്റാണ്ടുകളിലെ ദൈവശാസ്ത്രഗുരുക്കന്മാർ മുതൽ വിശുദ്ധർ വരെ, സഭ വിശ്വാസത്തിന്മേൽ ധ്യാനിക്കുകയും വിശ്വാസ സംഹിതയിൽ പുരോഗമിക്കുകയും ചെയ്ത നിരവധി പാതകളുടെ സ്ഥിരമായ ഒരു രേഖ വിശ്വാസികൾക്ക് വിശ്വാസജീവിതത്തിൽ ഉറപ്പ് ലഭിക്കാനായി മതബോധനഗ്രന്ഥം നൽകുന്നു.
സഭാപരമായ ഐക്യത്തിന് സാധുതയുള്ള നിയമപരമായിട്ടുള്ള ഒരു ഉപകരണമാണ് "മതബോധനം"; വിശ്വാസപ്രബോധനത്തിന് തീർച്ചയുള്ള ഒരു മാനദണ്ഡവുമാണത്.മതബോധനം' “പുതിയതിനെയും പഴയതിനെയും (cf. - 4 മത്താ. 13:52) ഉൾക്കൊള്ളുന്നു”. എന്തെന്നാൽ, കത്തോലിക്കാ വിശ്വാസം എല്ലായ്പ്പോഴും ഒന്നുതന്നെ. എങ്കിലും അത് എന്നും നവമായ പ്രകാശത്തിന്റെ സ്രോതസ്സാണ്.
1. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ, പോർത്തെ ഫിദേ, നമ്പർ 10,11
2."വിശ്വാസവർഷ'ത്തിനുവേണ്ടിയുള്ള അജപാലനനിർദ്ദേശങ്ങളടങ്ങിയ വത്തിക്കാനിൽ നിന്നുമുള്ള മാർഗരേഖ,2012