ചോദ്യം: മാനുഷികപ്രവൃത്തികളുടെ ധാർമികതയുടെ ഉറവിടങ്ങൾ ഏവയാണ് ?
ഉത്തരം: മാനുഷികപ്രവൃത്തികളുടെ ധാർമികത മൂന്ന് ഉറവിടങ്ങളെ ആശ്രയിച്ചിരിക്കുന്നു. (1) തിരഞ്ഞെടുക്കപ്പെട്ട വിഷയം: അത് ശരിയോ യഥാർത്ഥ നന്മയോ നന്മയെന്നു തോന്നിക്കുന്നതോ ആകാം; (2) പ്രവർത്തിക്കുന്ന വ്യക്തിയുടെ ഉദ്ദേശ്യം: ഏതു ലക്ഷ്യത്തിനു വേണ്ടി വ്യക്തി പ്രവൃത്തി ചെയ്യുന്നുവോ അത്; (3) പ്രവൃത്തിയുടെ സാഹചര്യങ്ങൾ: അവിടെ അവയുടെ പരിണിത ഫലങ്ങളും ഉൾക്കൊള്ളുന്നു.
ചോദ്യം: എപ്പോഴാണ് ഒരു പ്രവൃത്തി ധാർമ്മികമായി നന്മയായിരിക്കുന്നത് ?
ഉത്തരം: വിഷയത്തിന്റെയും ലക്ഷ്യത്തിന്റെയും സാഹചര്യങ്ങളുടെയും നന്മ ഒരേ സമയം നിലനിർത്തുമ്പോൾ ഒരു പ്രവൃത്തി ധാർമികമായി നന്മയായിരിക്കുന്നു. ലക്ഷ്യം നല്ലതാണെങ്കിലും തിരഞ്ഞെടുത്ത വിഷയം അതിൽത്തന്നെ തിന്മയാണെങ്കിൽ ഒരു പ്രവൃത്തിയെ മുഴുവനും വികലാക്കും. തിന്മപ്രവൃത്തിവഴി നന്മയുണ്ടാകാമെങ്കിലും അത് അനുവദനീയമല്ല. വിഷയം അതിൽത്തന്നെ നല്ലതാണെങ്കിലും തിന്മയായ ലക്ഷ്യം പ്രവൃത്തിയെ വികലമാക്കും. മറിച്ച്, പ്രവൃത്തിയുടെ വിഷയം തിന്മയാണെങ്കിൽ, സദുദ്ദേശ്യം ആ പ്രവൃത്തിയെ നല്ലതാക്കുകയില്ല. ലക്ഷ്യം മാർഗങ്ങളെ നീതിവത്കരിക്കുന്നില്ല എന്നതുതന്നെ കാരണം. പ്രവർത്തിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വത്തെ വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ സാഹചര്യങ്ങൾക്കു കഴിയും. എന്നാൽ അവയ്ക്ക് പ്രവൃത്തിയുടെ ധാർമികഗുണത്തെ മാറ്റാനാവില്ല.
ചോദ്യം: എപ്പോഴും നിയമവിരുദ്ധങ്ങളായ പ്രവൃത്തികളുണ്ടോ?
ഉത്തരം: എപ്പോഴും വിഷയത്താൽത്തന്നെ നിയമവിരുദ്ധങ്ങളായ ചില പ്രവൃത്തികളുണ്ട് (ഉദാ: ദൈവദൂഷണം, കൊലപാതകം, വ്യഭിചാരം). ഇത്തരം പ്രവൃത്തികൾ തിരഞ്ഞെടുക്കുന്നതിൽ മനസ്സിന്റെ ഒരു ക്രമരാഹിത്യം, അതായത് ഒരു ധാർമികതിന്മ, അടങ്ങിയിട്ടുണ്ട്. അവയിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള നല്ല ഫലങ്ങൾ എടുത്തുകാട്ടിക്കൊണ്ട്, അവയെ ഒരിക്കലും നീതികരിക്കാനാവില്ല.
(മുകളിൽ പരാമർശിച്ചവ എടുത്തിരിക്കുന്നത് " കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിന്റെ സംക്ഷേപം, ചോദ്യോത്തരം 367,368,369)