എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന് എന്നിലും ഞാന് അവനിലും വസിക്കുന്നു.[യോഹന്നാന് 6 : 56]
വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നമ്മെ ഓർമപെടുത്തുന്നു : "ആരാധനക്രമം (ലിറ്റർജി) സഭയുടെ ജീവന്റെ കേന്ദ്രമാണ്".
കത്തോലിക്കാസഭയുടെ ആരാധനക്രമം (ലിറ്റർജി) - കൂദാശകൾ, കൂദാശാനുകരണങ്ങൾ, യാമപ്രാർത്ഥനകൾ.
ആരാധനാക്രമത്തിലെ ഏറ്റവും പ്രാധാന്യമായത് കൂദാശകളാണ്. അവ 7 എണ്ണം.
രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു: "എല്ലാ കൂദാശകളും സഭാപരമായ സകല ശുശ്രൂഷകളും അപ്പസ്തോലികത്വത്തിന്റെ പ്രവർത്തനങ്ങളും വിശുദ്ധ കുർബാനയോട് ബന്ധപ്പെട്ടിരിക്കുകയും അവയെല്ലാം അതിലേക്കു നയിക്കുകയും ചെയ്യുന്നു. എന്തെന്നാൽ വിശുദ്ധ കുർബാനയിൽ സഭയുടെ മുഴുവൻ ആദ്ധ്യാത്മികസമ്പത്തും - അതായത്, നമ്മുടെ പെസഹായും നമ്മുടെ ജീവിക്കുന്ന അപ്പവുമായ ക്രിസ്തു - അടങ്ങിയിരിക്കുന്നു("പൗരോഹിത്യധർമ്മവും വൈദീകരുടെ ജീവിതവും,നമ്പർ 5)
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ലിറ്റർജിയുടെ ചൈതന്യത്തിൽ ഇപ്രകാരം പഠിപ്പിക്കുന്നു: "വി കുർബാന പരികർമം ചെയ്യുകയെന്നാൽ കുരിശും ഉത്ഥാനവും വഴി സാദ്ധ്യമായ തുറവിലേക്ക് ,സ്വർഗ്ഗവും ഭൂമിയും ആശ്ലേഷിക്കുന്ന ദൈവമഹത്വീകരണത്തിന്റെ തുറവിലേക്ക്, പ്രവേശിക്കുക എന്നാണർത്ഥമാക്കുന്നത്" . വീണ്ടും (സ്നേഹത്തിന്റെ കൂദാശ,നമ്പർ 6): "ഇക്കാരണത്താൽ,അൾത്താരയിലെ കൂദാശ എന്നും സഭയുടെ ജീവിതത്തിന്റെ കേന്ദ്രമാണ്.കുർബാന വഴി സഭ എന്നും നവമായി വീണ്ടും ജനിക്കുന്നു"
വിശുദ്ധ കുർബാനയുടെ ശ്രേഷ്ഠത:"ആരാധനക്രമം ആരുടെയും സ്വകാര്യസ്വത്തല്ല,അർപ്പിക്കുന്ന വൈദീകന്റെയോ രഹസ്യം കൊണ്ടാടുന്ന വിശ്വാസി സമൂഹത്തിന്റെയോ പോലും അല്ല". ഭിന്നതകളിലേക്കും ഗ്രൂപ്പുകളിലേക്കും വഴിവെച്ച കോറിന്തിലെ വിശുദ്ധ കുർബാന അർപ്പണത്തിലെ ഗുരുതരമായ കുറവുകളെക്കുറിച്ച് പൗലോസ് അപ്പസ്തോലന് കർക്കശമായ വാക്കുകളിൽ പരാമർശിക്കേണ്ടി വന്നു. (1 കൊറി 11 :17 -34) വിശുദ്ധ കുർബാനയുടെ ഓരോ അർപ്പണത്തിലും സന്നിഹിതമാകുന്ന ഏക സാർവത്രിക സഭയുടെ സാക്ഷിയും പ്രതിഫലനവുമാകുവാൻ നമ്മുടെ കാലത്തും ആരാധനക്രമ നിബന്ധനകളെപറ്റി നവബോധ്യവും ആദരവും എല്ലാവർക്കും ഉണ്ടാകേണ്ടതുണ്ട്. വിശുദ്ധ കുർബാന, ആരാധന നിബന്ധനകൾ അനുസരിച്ച് അർപ്പിക്കുന്ന വൈദികനും നിബന്ധനകൾ അനുസരിച്ച് പങ്കെടുക്കുന്ന സമൂഹവും അവരുടെ സഭാ സ്നേഹം നിശബ്ദമായി എന്നാൽ വാചാലമായി പ്രകടിപ്പിക്കുകയാണ്....
നമുക്ക് നല്കപ്പെട്ടിരിക്കുന്ന രഹസ്യത്തെ വില കുറച്ചു കാണിക്കുവാൻ ആർക്കും അനുമതിയില്ല. ലാഘവത്തോടെ കൈകാര്യം ചെയ്യാനും , അതിന്റെ വിശുദ്ധിയേയും സാർവ്വത്രികതയേയും അവഗണിക്കാനും ആർക്കും തോന്നാത്തവിധം അത്ര മഹത്താണ് അത്".(വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ,"സഭയും വിശുദ്ധ കുർബാനയും" നമ്പർ 52)
"വിശുദ്ധ കുർബാനയ്ക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്നതിലൂടെ , അതിൻറെ ഒരു മാനങ്ങളുടെയോ നിബന്ധനകളുടെ വിലകുറയ്ക്കാതെ സൂക്ഷിക്കുന്നതിലൂടെ,ഈ ദാനത്തിൻറെ മഹത്വത്തെക്കുറിച്ച് നാം യഥാർത്ഥത്തിൽ ബോധവാന്മാരാകുന്നവെന്ന് തെളിയിക്കുകയാണ്. ഈ "സമ്പത്ത്" കാത്തുസൂക്ഷിക്കുന്നതിൽ ഒന്നാം നൂറ്റാണ്ട് മുതലുള്ള ക്രൈസ്തവർ പുലർത്തിയ ജാഗ്രതയുടെ ഇടമുറിയാത്ത പാരമ്പര്യം അതിന് നമ്മെ ഉത്സുകരാക്കുന്നു.സ്നേഹത്താൽ പ്രചോദിതമായി, വിശുദ്ധ കുർബാന രഹസ്യത്തെക്കുറിച്ചുള്ള അവളുടെ വിശ്വാസവും പഠനവും യാതൊരു ന്യൂനതയും ഇല്ലാതെ വരാനിരിക്കുന്ന ക്രൈസ്തവ തലമുറകൾക്ക് കൈമാറുന്നതിൽ തിരുസഭ ജാഗ്രത പുലർത്തുന്നു. ഈ രഹസ്യത്തെക്കുറിച്ചുള്ള നമ്മുടെ ശ്രദ്ധ അധികമാകുമെന്ന് ഭീതിവേണ്ട. കാരണം, "ഈ കൂദാശയിലാണ് നമ്മുടെ രക്ഷാകര രഹസ്യം മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്". (വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ " സഭയും വിശുദ്ധ കുർബാനയും, നമ്പർ 61")
"സഭ വെറും ഒരു സംഘടനയായി കരുതുന്നവന് ഓരോ പ്രാദേശികസഭയും ബലി അർപ്പിക്കുന്ന ഓരോ ദേവാലയവും പ്രാദേശിക സഭയുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. മറിച്ച് ദൃശ്യസമൂഹത്തിനപ്പുറമുള്ള അദൃശ്യ ഘടകത്തിൽ വിശ്വസിക്കുന്നവന് ശരീരത്തിന്റെ ഓരോ അവയവത്തിലും ആത്മാവ് പൂർണമായി സ്ഥിതിചെയ്യുന്നതുപോലെ ദിവ്യബലി അർപ്പിക്കപ്പെടുന്ന എല്ലാ സമൂഹങ്ങളിലും സഭാ രഹസ്യം മുഴുവൻ ദൃശ്യമാകുന്നു".[രണ്ടാംവത്തിക്കാൻ കൗൺസിലിലെ " തിരുസഭ " എന്ന പ്രമാണ രേഖയുടെ ആമുഖത്തിൽ നിന്ന്]
പരിശുദ്ധ കുർബാനയെ കുമ്പിട്ടു വണങ്ങിയ കോവർ കഴുത.. പാഷണ്ഡിയായ മനുഷ്യന്റെ മാനസാന്തരം.. വി അന്തോനീസിന്റെ ജീവിതത്തിൽ നിന്നും എടുത്ത ഒരു മനോഹരമായ സംഭവം താഴെ വായിക്കാം
*അന്തോണീസ് പുണ്യാളനും പരിശുദ്ധ കുര്ബാനയെ ആരാധിച്ച കോവര് കഴുതയും
ആഴമായ ദിവ്യകാരുണ്യഭക്തിയുണ്ടായിരുന്ന വിശുദ്ധനായിരുന്നു, പാദുവായിലെ വി. അന്തോണീസ്. പരിശുദ്ധ
കുര്ബാനയില് യേശു ക്രിസ്തു സത്യമായും സന്നിഹിതനായിരിക്കുന്നു എന്ന് അദ്ദേഹം ഉറപ്പോടെ വിശ്വസിച്ചിരുന്നു. എന്നാല് റിമിനി എന്ന സ്ഥലത്ത് ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തില് വിശ്വസിക്കാത്ത ഒരാളുണ്ടായിരുന്നു. ബോണോനില്ലോ എന്നായിരുന്നു. അയാളുടെ പേര്. ദിവ്യകാരുണ്യത്തെ ആരാധിക്കുവരെ അയാള് പരിഹസിക്കുക കൂടി ചെയ്തിരുന്നു.
ഇക്കാര്യം വി. അന്തോണീസ് അറിഞ്ഞു. തനിക്ക് ആവുന്ന വിധത്തിലെല്ലാം ദിവ്യകാരുണ്യത്തിലെ ദൈവസാന്നിധ്യത്തെ കുറിച്ച് ബോണോനില്ലോയെ ബോധ്യപ്പെടുത്താന് വിശുദ്ധന് പരിശ്രമിച്ചു. എന്നാല് അയാള് വിശ്വസിക്കുകയില്ല എന്ന് വാശി പിടിച്ചു നിന്നു.
അവസാനം, വിശുദ്ധന് ഒരു ഉപായം മുന്നോട്ട് വച്ചു. ബോണോനില്ലോയുടെ കോവര് കഴുത വന്ന് ദിവ്യകാരുണ്യത്തിന്റെ മുന്നില് വണങ്ങിയാല് വിശ്വസിക്കുമോ എന്നായി വിശുദ്ധന്റെ ചോദ്യം. അത് സമ്മതിച്ച ബോണോനില്ലോ ഒരു കാര്യം കൂടി ചെയ്തു. മൂന്ന്ു ദിവസം തന്റെ കോവര്കഴുതയെ അയാള് പട്ടിണിക്കിട്ടു. മൂന്നാം ദിവസം ഒരു വശത്ത് വി. കുര്ബാനയും മറുവശത്ത് ഒരു കെട്ടു് വയ്‌ക്കോലും വയ്ക്കും. കഴുത എന്ത് സ്വീകരിക്കും എന്നതിനെ അനുസരിച്ച് താന് വിശ്വസിക്കാം എന്നതായിരുന്നു, ബോണോനെല്ലോ സ്വീകരിച്ച കരാറ്.
വി. അന്തോണീസ് മൂന്നു ദിവസം ഉപവാസം അനുഷ്ഠിച്ചു പ്രാര്ത്ഥിച്ചു. അങ്ങനെ ആ ദിവസം എത്തി. ഒരു വശത്ത് വി. കുര്ബാനയും കൈയിലേന്തി വിശുദ്ധന് നിന്നു. മറുവശത്ത് വൈക്കോലും വച്ചു. വിശന്നു പൊരിഞ്ഞ കോവര്കഴുത വൈക്കോലിന്റെ അടുത്തേക്ക് ഓടും എന്നായിരുന്നു ബോണോനെല്ലോ കരുതിയത്. എന്നാല് എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് കോവര് കഴുത നേരെ വിശുദ്ധന്റെ പക്കലേക്ക് ചെന്നു. മുന്കാലുകള് മടക്കി ആ ജീവി വി. കുര്ബാനയെ പ്രണമിച്ചു! അത് കണ്ട് വിസമയിച്ച ബോണോനെല്ലോ പരിശുദ്ധ കുര്ബാനയ്ക്കു മുന്നില് സാഷ്ടാംഗം വീണു. [ Courtesy of this incident translation : https://mariantimesworld.org/st_antony_companion-saints/]