Home | Articles | 

jintochittilappilly.in
Posted On: 15/08/20 23:23
"മറിയം നമ്മുടെ മാതൃക"

 


മറിയം എന്ന് കേൾക്കുമ്പോൾ തന്നെ "മാതാവ്"എന്നാണ് മനസ്സിൽ തെളിയുക !

മാതാവ് എന്നാൽ "'അമ്മ" എന്നത് അറിവുള്ളതാണല്ലോ. ആദ്യാക്ഷരങ്ങൾ പറയാൻ തുടങ്ങുന്ന കുഞ്ഞിന് പരിശുദ്ധമറിയത്തിന്റെ ചിത്രത്തിലേക്ക്ചൂണ്ടിക്കാണിച്ചു "മാതാവ്" എന്ന് പറഞ്ഞു പഠിപ്പിക്കുന്ന ശീലം ഉപേക്ഷിക്കാൻ മലയാളികളായ നമുക്ക് സാധിക്കുമോ ! അത്രമേൽ , മറിയം അമ്മയായി ഓരോ കത്തോലിക്കന്റെയും ഓർമയിൽ കുഞ്ഞുനാൾമുതൽ സ്ഥാനം പിടിച്ചിരിക്കുന്നു.

അതേ,പരിശുദ്ധ കന്യകാമറിയം നമ്മുടെ 'അമ്മ' തന്നെ.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (ഖണ്ഡിക 963) ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു: "ദൈവത്തിനറെയും രക്ഷകന്റെയും അമ്മയായി അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന മറിയം വ്യക്തമായും ക്രിസ്തുവിന്റെ മൗതീകശരീരത്തിലെ അവയവങ്ങളുടെയും അമ്മയാണ്. എന്തുകൊണ്ടെന്നാൽ, സഭയുടെ ശിരസ്സായ ക്രിസ്തുവിന്റെ അവയവങ്ങളായ വിശ്വാസികളുടെ ജനനം സാധ്യമാക്കുന്നതിൽ അവൾ തന്റെ സ്നേഹത്താൽ സഹകരിച്ചു. ക്രിസ്തുവിന്റെ അമ്മയായ മറിയം സഭയുടെയും അമ്മയാണ്" (സിസിസി 963 ). കത്തോലിക്കാ തിരുസഭയ്ക്ക് ഈയൊരുവിശ്വാസം ലഭിച്ചത് രക്ഷാകരചരിത്രത്തിനറെ കേന്ദ്രമായ ഈശോയുടെ കുരിശിലെ ബലിയിൽനിന്നാണ്; ക്രൂശിതനായ ഈശോനാഥൻ തനറെ  അമ്മയായ പരിശുദ്ധ മറിയത്തെ ചൂണ്ടിക്കാണിച്ചു യോഹന്നാൻ അപ്പസ്തോലനോട് ഇപ്രകാരം പറഞ്ഞു : "ഇതാ നിന്റെ അമ്മ" (യോഹ 19 :27).ഈശോമിശിഹായുടെ ഇതേ വാക്കുകൾ തന്നെയാണ് നാം നമ്മുടെ വിശ്വാസ കൈമാറ്റത്തിൽ - മറിയത്തിന്റെ ചിത്രത്തിൽ ചൂണ്ടികാണിച്ചു- മാതാവ് എന്ന് പറഞ്ഞു പഠിപ്പിക്കുമ്പോൾ അന്വർത്ഥമാകുന്നത്.

 

അമ്മ കുഞ്ഞുനാളില് പഠിപ്പിക്കുന്ന പാഠങ്ങളും ശീലങ്ങളുമെല്ലാം കുട്ടി വളര്ന്ന്‌ മുതിര്ന്നയാളായി മാറുമ്പോള് ജീവിതത്തില് പ്രതിഫലിക്കും. അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ പറഞ്ഞ വാക്കുകൾ ഇത് ശരിവെക്കുന്നു: ''ഞാന് എന്റെഅമ്മയുടെ പ്രാര്ഥനകള് ഓര്ക്കുന്നു. അത് എന്നെ എന്നും പിന്തുടര്ന്നിരുന്നു. എന്റെ ജീവിതത്തിലുടനീളം ആ പ്രാര്ഥനകളെ ഞാന് ചേര്ത്തുപിടിച്ചു''. അമ്മയുടെ ജോലിയും ഉത്തരവാദിത്വത്തവും വലുതാണ്. നാളത്തെ പൗരനെ നല്ല വഴിയ്ക്കു നടത്താനുള്ള പ്രഥമ ഉത്തരവാദിത്വം അമ്മയ്ക്കാണെന്നു തന്നെ പറയാം. വി ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപെടുത്തിയിരിക്കുന്നു : "ശൈശവത്തിൽതന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാർധക്യത്തിലും അതിൽ നിന്നുംവ്യതിചലിക്കുകയില്ല" (സുഭാഷിതങ്ങൾ 22 :6). അക്ഷരാർത്ഥത്തിൽ , മാതൃക എന്നാൽ "കണ്ടുപഠിക്കേണ്ടത്" എന്നാണ്. പരിശുദ്ധകന്യകാമറിയത്തിൽ നിന്നും കണ്ടുപഠിക്കേണ്ടതിനെക്കുറിച്ചു അറിയാൻ ശ്രമിക്കാം.

വേദപാരംഗതനായ വി തോമസ് അക്വിനാസ് പറയുന്നു : " കപ്പൽ സഞ്ചാരികൾക്ക് ദിശകാണിക്കുന്ന കടലിലെ പ്രകാശഗോപുരം പോലെയാണ് ക്രൈസ്തവർക്ക് ഈലോകജീവിതമാകുന്ന തീർത്ഥാടനത്തിൽ പരിശുദ്ധ കന്യകാമറിയം"

നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാപിതാവായ വി അംബ്രോസ് ഇപ്രകാരംപറയുന്നു: " ദൈവമാതാവ് സ്വർഗത്തിലേക്കുള്ള ഗോവണിയാണ്. ഗോവണി വഴി ദൈവം ഇറങ്ങിവന്നത് മനുഷ്യർ മറിയം വഴി സ്വർഗത്തിലേക്ക്കയറിപോകുവാനാണ്".മറിയത്തെ "സ്വർഗ്ഗവാതിൽ" എന്ന് മറ്റൊരു സഭാപിതാവായ വി എഫ്രേം വിശേഷിപ്പിക്കുന്നു.

ഓരോ മനുഷ്യൻ്റെയും പരമമായ ലക്‌ഷ്യം സ്വർഗ്ഗമാണ്. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നമുക്ക് മാതൃകയാക്കാവുന്ന അതിശ്രേഷ്ടമായ വ്യക്തിത്വമാണ് പരിശുദ്ധകന്യകാമറിയമെന്ന് വിശുദ്ധാത്മാക്കൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് നാം ശ്രവിച്ചുകഴിഞ്ഞു. ഹെബ്രായർക്കുള്ളലേഖനത്തിൽ (6 :12 ) ഇപ്രകാരം പറയുന്നു : " നിരുത്സാഹാരാകാതെ വിശ്വാസവുംദീർഘക്ഷമയും വഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങൾ".ദൈവവചനാടിസ്ഥാനത്തിൽ , പരിശുദ്ധമറിയത്തെ മാതൃകയാക്കുന്നതിൽ ഒട്ടുംശങ്കിക്കേണ്ട .

സ്വന്തം അപൂർണ്ണതകൾ കൊണ്ട് മനസ്സിടിഞ്ഞ ഒരു സഹോദരിയോട്‌ വിശുദ്ധ കൊച്ചുത്രേസ്യ ഇങ്ങനെയാണ് പറഞ്ഞത് : "വിവിധ പുണ്യങ്ങളുടെ അഭ്യസനം വഴി വിശുദ്ധിയുടെ ഗോവണി കയറാൻ സഹോദരിയുടെ കാലുകൾ എപ്പോഴും ഉയർത്തിപിടിച്ചു കൊണ്ടിരിക്കണം".

വിശുദ്ധിയെന്നാൽ ദൈവേഷ്ടം നിറവേറ്റുകയും ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ ആയിരിക്കുന്ന ജീവിതരീതിയുമാണ്. ക്രിസ്തുവിൽ ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും വിശുദ്ധിയിലേക്ക് ....വിശുദ്ധരാവാൻ... വിളിക്കപ്പെട്ടിരിക്കുന്നു.വിശുദ്ധിയിൽ ജീവിക്കാൻ പുണ്യങ്ങളുടെ അഭ്യസനം അത്യന്താപേക്ഷികമാണ്. ദൈവത്തിന്റെ സൃഷ്ഠികളിൽ വച്ച് വിശുദ്ധിയുടെ പൂർണതയിൽ ജീവിച്ചവൾ ഒരുവൾ മാത്രം - പരിശുദ്ധ കന്യകാമറിയം. അതുകൊണ്ടാണ്, പിതാവായ ദൈവത്തിന്റെ സന്ദേശവുമായി വന്ന ഗബ്രിയേൽ മാലാഖ മറിയത്തെ ഇപ്രകാരം അഭിസംബോധന ചെയ്തത് - "ദൈവകൃപനിറഞ്ഞവളെ ! സ്വസ്തി". മറിയം ദൈവകൃപനിറഞ്ഞവൾ എന്ന് ഗബ്രിയേൽ മാലാഖ അറിഞ്ഞത് പിതാവായ ദൈവത്തിൽ നിന്നും.കാരണം, ഗബ്രിയേൽ ദൂതൻ പിതാവായ ദൈവം തന്നെ പറഞ്ഞേല്പിച്ചത് മാത്രം മറിയത്തെ അറിയിക്കാൻ വന്നവൻ ആയിരുന്നു. ദൂതൻ തനിക്കു നൽകപ്പെട്ട ദൂത് മാത്രമേ അറിയിക്കുകയുള്ളൂ.

വിശുദ്ധ ലൂയിസ് മോൺഫോർട്ട് പരിശുദ്ധ മറിയത്തെ കുറിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: "മഹാന്മാരായ വിശുദ്ധർ ,കൃപയിലും പുണ്യത്തിലും സമ്പന്നരായ അവർ , അനുകരിക്കാവുന്ന ഏറ്റവും ഉത്തമമായ മാതൃകയായും എപ്പോഴും സഹായിക്കാൻ കഴിയുന്ന ശക്തയായ സഹായിയുമായി മറിയത്തെ കണ്ടിരുന്നു"

ദൈവീക പുണ്യങ്ങളായ വിശ്വാസം, ശരണം,സ്നേഹം എന്നിവയുടെ വിളനിലമാണ് മറിയം. സ്നേഹമാണ് എല്ലാ പുണ്യങ്ങളുടെയും ഉത്ഭവകേന്ദ്രം. ഈശോനാഥൻ നമുക്ക് നൽകിയ ഒരേയൊരു കല്പന "സ്നേഹിക്കുക" എന്നതാണ്. സ്നേഹത്തിന്റെ നിരസനം പാപം. സ്നേഹത്തെ നിരസിക്കാത്തവളും സ്നേഹത്തിൽ പൂർണത പ്രാപിച്ചവളുമാണ് പരിശുദ്ധ മറിയം. അതായത് , പാപകറയില്ലാത്തവൾ.. രണ്ടാം വത്തിക്കാന് കൗണ്സില് നമ്മെ പഠിപ്പിക്കുന്നു: "സ്നേഹം - വിശുദ്ധി പ്രാപിക്കാനുള്ള എല്ലാ മാര്ഗങ്ങളെയും ഭരിക്കുകയും സജീവമാക്കുകയും അന്ത്യത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു".

ദൈവീക പുണ്യങ്ങളിലുള്ള വീഴ്‌ചയാണ്‌ ഏദനിൽ നാം കണ്ടത് ,പ്രത്യേകിച്ച് സ്നേഹമെന്ന പുണ്യത്തിലുള്ള വീഴ്‌ച. നമ്മുടെ ആദ്യമാതാപിതാക്കൾ പരാജയപെട്ടിടത്തു മറിയം വിജയിച്ചു. മറിയത്തിന്റെ വിജയം നമുക്ക് രക്ഷകനായ ഈശോയെ നൽകി.ആയതിനാൽ, ഇത് സകല മർത്യർക്കും വേണ്ടിയുള്ള "വലിയ സന്തോഷത്തിന്റെ സദ്വാർത്ത"യായി. ദൈവീകപുണ്യങ്ങളിൽ വളരാൻ ആഗ്രഹിക്കുന്നവർ മറിയത്തെ മാതൃകയാക്കുന്നതിൽ ഒട്ടും തന്നെ ശങ്കിക്കേണ്ട!

എളിമ എന്ന പുണ്യം അഭ്യസിക്കാൻ ആഗ്രഹിക്കുന്നവർ നിസംശയം സ്വീകരിക്കാവുന്ന ഏക ഗുരുനാഥയാണ് പരിശുദ്ധ കന്യകാമറിയം. ഇതിന്റെ സാക്ഷ്യം മറിയത്തിന്റെ സ്തോത്രഗീതത്തിൽ നമുക്കു കാണാം :"അവിടുന്ന് തനറെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതിയെന്ന് പ്രകീർത്തിക്കും". (ലൂക്കാ 1 :48). രണ്ടായിരം വർഷങ്ങൾശേഷവും ,ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന എല്ലാവരും തന്നെ മറിയത്തെ ഭാഗ്യവതിയെന്ന് സാക്ഷിക്കുകയും അവളുടെ എളിമയെ അംഗീകരിക്കുകയും ചെയ്യുന്നു.

മറിയത്തിന്റെ ഔദാര്യവും ഉത്സാഹവും നാമേവർക്കും സുപരിചിതമാണല്ലോ. പരസ്നേഹപ്രവർത്തികളിൽ തിടുക്കം കാണിക്കുന്നതിൽ മറിയം ഒട്ടും തന്നെ പുറകിലല്ല. മാലാഖയുടെ സന്ദേശം ലഭിച്ചമാത്രയിൽ 'മലമ്പ്രദേശത്തുള്ള' എലിസബത്തിനെ കാണാനും ശുശ്രൂഷിക്കാനുമായി തിടുക്കത്തിൽ യാത്രപുറപ്പെട്ടത് ഒരുദാഹരണം മാത്രം (ലൂക്കാ 1 :39) . താനാൽകഴിയുന്നതും തനിക്കുള്ളതും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിൽ മടികാണിക്കാത്ത മറിയം ഔദാര്യവും ഉത്സാഹവുമെന്ന പുണ്യം അഭ്യസിക്കുന്നവർക്ക് എന്നും മഹനീയ മാതൃക തന്നെ.

അടക്കം അഥവാ ശുദ്ധത എന്ന പുണ്യം മൗലീക സുകൃതമായ ആത്മസംയമനവുമായി ബന്ധപ്പെട്ടിരിക്കുകയും ആശ്രയിച്ചിരിക്കുകയും ചെയ്യുന്നുവെന്ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു . നിത്യകന്യകയായ മറിയം " ശരീരത്തിൻ്റെയും ആത്മാവിൻ്റെയും ശുദ്ധത " പരിശീലിക്കുന്നവർക്ക് അതിശ്രേഷ്ട മാതൃകതന്നെ.

ക്ഷമിക്കാൻ ബുദ്ധിമുട്ടുന്നവർക്കും ക്ഷമയെന്ന പുണ്യം അഭ്യസിക്കുന്നവർക്കും "മറിയത്തിന്റെ കുരിശിൻ ചുവട്ടിലെ മാതൃകയോളം" വരുമോ മറ്റേതും.

ഈശോയുടെ ജീവിതത്തിലൂടനീളമുള്ള സഹനങ്ങളിലും ദാരിദ്ര്യത്തിലും പങ്കുചേർന്ന അമ്മയായ മറിയം "മിതഭോജനമെന്ന പുണ്യം" അഭ്യസിക്കുന്നവർക്ക് അനുകരിക്കാവുന്ന വ്യക്തിത്വമാണ്.

മനുഷ്യൻ എങ്ങനെ അനുസരിക്കണം എന്നുള്ളതിന് ദൈവം തന്നിരിക്കുന്ന പാഠപുസ്തകമാണ് പരിശുദ്ധ കന്യകാമറിയം. വി ഇരണെവൂസ്‌ മറിയത്തിന്റെഅനുസരണത്തെക്കുറിച്ച് ഇപ്രകാരമാണ്പറയുന്നത്: "ദൈവത്തിന്റെ വചനത്തോട്പരിശുദ്ധ മറിയം അനുസരണമുള്ളവളായിരുന്നതിനാൽ ദൈവപുത്രൻ അവളിൽ നിന്നും ജനിക്കും എന്ന മംഗളവാർത്ത മാലാഖയിൽ നിന്നു അവൾ സ്വീകരിച്ചു".

ഒരുവൻ ദൈവവുമായുള്ള സ്നേഹബന്ധത്തിൽ നിന്നുമാണ് പ്രാർത്ഥിക്കേണ്ടത്. അല്ലാതെയുള്ള പ്രാർത്ഥനകൾ ഉപരിപ്ലവമായതും ദൈവേഷ്ടമാരായാതെ സ്വന്തം കാര്യസാധ്യത്തിനുള്ള മന്ത്രോച്ചാരണമേന്നെ കരുതേണ്ടു. "ഇതാ കർത്താവിന്റെ ദാസി ! നിന്റെ വചനം എന്നിൽ നിറവേറ്റട്ടെ" എന്ന പരിശുദ്ധ മറിയത്തിന്റെ വാക്കുകളിൽ ശരിയായി പ്രാർത്ഥിക്കേണ്ടത് എങ്ങനെ എന്ന് മനസിലാക്കി തരുന്നു. വി.ആഗസ്തീനോസ് :"പ്രാർത്ഥനയുടെ ഉദ്ദേശ്യം ദൈവത്തെ കുറെ കാര്യങ്ങൾ അറിയിക്കുകയല്ല; ദൈവത്തിനവ അറിവുള്ളതാണല്ലോ.ദൈവം നമുക്ക് തരാനാഗ്രഹിക്കുന്നവയ്ക്കായി ആത്മാവിനെ ഒരുക്കുകയാണ് പ്രാർത്ഥന"

നാഷണൽ ജ്യോഗ്രഫിക് മാഗസിൻ ...ലോകചരിത്രത്തിലെ ഏറ്റവും ശക്തയായ വനിതയെന്നും ദ മോസ്റ്റ് മോറൽ വുമൺ എന്നും മറിയത്തെ വിശേഷിപ്പിച്ചത് ക്രൈസ്തവർക്ക് മാത്രമല്ല മറ്റു മനുഷ്യർക്കും മാതൃകയാണ് മറിയമെന്ന്‌ ഉറപ്പിക്കുന്നു.

 
അവസാനമായി,പത്രോസിന്റെ പിൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശം നമുക്ക് സ്വീകരിക്കാം.

"മറിയത്തിന്റെ സ്‌കൂളിൽ നിന്നും ജീവിതയാത്രയിലെ നേരായ വഴികൾ നമുക്ക്  പഠിക്കാം. മറ്റുള്ളവരെ തരംതാഴ്ത്തുകയോ,തട്ടിമാറ്റുകയോ,അവരോടു മോശമായി പെരുമാറുകയോ, അവിശ്വസിക്കുകയോ, അവഹേളിക്കുകയോ ചെയ്യുന്ന രീതി മറിയത്തിന്റെ സ്‌കൂളിൽ ഇല്ലാത്തതാണ്. തന്നിൽവിശ്വസിക്കുന്നവരുടെ ഹൃദയങ്ങളെ കഠിനമാക്കാതെ,നിരന്തരമായി അവരെ നവീകരിച്ചും ബലപ്പെടുത്തിയും സകലരുടെയും ഹൃദയത്തിൽ മുഴങ്ങുന്ന ദൈവസ്നേഹത്തിന്റെ സ്പന്ദനം ശ്രവിക്കാൻ കരുത്തു നൽകിയും മറിയം തന്റെ സ്‌കൂളിൽ വരുന്നവരെ വളർത്തുന്നു.അതിനാൽ ഭയപ്പെടാതെ നമുക്ക്ദൈവമാതാവിന്റെ മാതൃകയിൽ മുന്നോട്ടുചരിക്കാം ,ദൈവത്തെ സ്തുതിച്ചു ജീവിക്കാം".

 

ദൈവമാതാവും നിത്യകന്യകയും അമലോത്ഭവയും സ്വർഗ്ഗരോപിതയുമായ പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ !



Article URL:







Quick Links

"മറിയം നമ്മുടെ മാതൃക"

മറിയം എന്ന് കേൾക്കുമ്പോൾ തന്നെ "മാതാവ്"എന്നാണ് മനസ്സിൽ തെളിയുക ! മാതാവ് എന്നാൽ "'അമ്മ" എന്നത് അറിവുള്ളതാണല്ലോ. ആദ്യാക്ഷരങ്ങൾ പറയാൻ തുടങ്ങുന്ന കുഞ്ഞിന് പരിശുദ്ധമറ... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ അജപാലനോന്മുഖമാണ് (Pastoral Oriented)

ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ യേശുക്രിസ്‌തുവിന്റെ നല്ല ശുശ്രുഷകനായിരിക്കും-വിശ്വാസത്തിന്റെ വചനങ്ങളാലും നീ ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നല്ല വിശ... Continue reading


വിശ്വസിക്കുകയെന്ന പ്രവൃത്തിയും വിശ്വാസത്തിന്റെ ഉള്ളടക്കവും

യഥാർത്ഥത്തിൽ, വിശ്വസിക്കുകയെന്ന പ്രവൃത്തിയും നാം നമ്മുടെ വിശ്വാസം അർപ്പിക്കുന്ന ഉള്ളടക്കവും തമ്മിൽ അഗാധമായ ഐക്യമുണ്ട്. “മനുഷ്യൻ ഹൃദയംകൊണ്ടു വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യു... Continue reading


ഒന്നാംപ്രമാണത്തെയും മനുഷ്യരക്ഷയെയും സംബന്ധിക്കുന്ന ദൈവശാസ്ത്രാവതരണങ്ങളിലെ വീഴ്ചകൾ [കത്തോലിക്കാ വിശ്വാസവിചാരം]

ഈയിടെയായി കത്തോലിക്കാ  വിശ്വാസികളുടെയിടയിൽ ശക്തമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന തെറ്റായ ദൈവശാസ്ത്ര അവതരണങ്ങൾ പലതും തന്നെ സത്യവിശ്വാസത്തിൽ നിന്നും നമ്മെ അകറ്റുന്നവയാണ്. അതും സഭയുടെ ഉന്നത ശ്രേണി അ... Continue reading


"കത്തോലിക്കാ മിഷനറി സ്നേഹത്തിന്റെ മനുഷ്യനായിരിക്കണം" - ആത്മവിചിന്തനം

(6 minutes read) "സ്നേഹം അനുഭവിക്കുക, അതുവഴി ദൈവീകപ്രകാശം ലോകത്തിൽ പ്രവേശിക്കുന്നതിനു കാരണമാകുക" (ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ, "ദൈവം സ്നേഹമാകുന്നു" ചാക്രിക ലേഖനം നമ്പർ 40) ഇതാണ്‌ എന്റെ&n... Continue reading