സഭ ക്രിസ്തുവിന്റെ ശരീരമാണ്; എല്ലാ വസ്‌തുക്കളിലും സകലവും പൂര്ത്തിയാക്കുന്ന അവന്റെ പൂര്ണതയുമാണ്.(എഫേസോസ് 1 : 23); അവന്റെ പൂര്ണതയില്നിന്നു നാമെല്ലാം കൃപയ്‌ക്കുമേല് കൃപ സ്വീകരിച്ചിരിക്കുന്നു.(യോഹന്നാന് 1 : 16). ക്ലെർവോയിലെ വിശുദ്ധ ബെർണാഡ് ഇപ്രകാരം പറയുന്നു: “ക്രിസ്തുവിൻറെ മണവാട്ടിയായ സഭ കറുത്തവളെങ്കിലും സുന്ദരിയാണ്.. ഓ ജെറുസലേം പുത്രിമാരെ! അവളുടെ സുദീർഘമായ വിപ്രവാസത്തിലെ കഠിനാദ്ധ്വാനവും വേദനയും അവളുടെ നിറം കെടുത്തിയിട്ടുണ്ടാവാമെങ്കിലും സ്വർഗ്ഗീയ സൗന്ദര്യത്താൽ അലംകൃതയാണവൾ”.
കത്തോലിക്ക തിരുസഭയുടെ സൗന്ദര്യത്തെക്കുറിച്ച് പഠിക്കുന്നതും പരിചിന്തനം ചെയ്യുന്നതും ഏതു കാലഘട്ടത്തിലും സമുചിതമാണ്.ഇക്കാലത്ത് തിരുസഭയെക്കുറിച്ചുള്ള പഠനങ്ങളുടെ പ്രസക്തി വളരെ വലുതാണ്.”കത്തോലിക്കാ സഭയിൽ തന്നെ,തിരുസഭയുടെ പ്രകൃതിയെ പറ്റിയും ദൗത്യത്തെ പറ്റിയും വെറും ഭാഗികമായ ജ്ഞാനം വച്ചു പുലർത്തുന്ന പലരും ഗുരുതരമായ തിന്മകളിലേക്ക് വീഴാറുണ്ടെന്ന്” വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ ( എക്ലേസിയാം സുവാം ,നമ്പർ 27) നമ്മെ ഓർമ്മപ്പെടുത്തുന്നു.മറ്റുള്ളവരുടെ ആത്മരക്ഷയ്ക്കു വേണ്ടി അധ്വാനിക്കുന്ന പലരും കത്തോലിക്കാതിരുസഭയെ കുറിച്ചും അവളുടെപ്രബോധനങ്ങളെ കുറിച്ചും ഭാഗികമായ അറിവ് വച്ചുപുലർത്തുന്നത് ശ്രദ്ധിക്കാൻ ഇടയായിട്ടുണ്ട്. തൽഫലമായി, തിരുസഭയുടെ പ്രബോധനങ്ങളാണെന്ന വ്യാജേന പല തെറ്റായ പഠനങ്ങളും ഇന്ന് വചനപ്രഘോഷണവേദികളിൽ നിന്നും പോലും കേൾക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ പരമ്പരാഗത വിശ്വാസ സത്യപ്രബോധനങ്ങളെയും (Dogmas) വിശ്വാസ തത്വങ്ങളെയും (Doctrines) വെല്ലുവിളിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഇന്നുണ്ട്.
ഈശോയെ സ്നേഹിക്കുകയെന്നാൽ,ദൈവവരപ്രസാദ സഹായത്താൽ "പാപത്തെ വെറുക്കുക; പാപസാഹചര്യങ്ങൾ വെറുത്തുപേക്ഷിക്കുക" . ഈശോയുടെ ആഗ്രഹം : "സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നത് പോലെ എല്ലാ മനുഷ്യരും പരിപൂർണരായിരിക്കുവാൻ" (മത്തായി 5:48). ഈ പൂർണത പ്രാപിക്കുവാൻ മനുഷ്യന് സ്വയമേ സാധ്യമല്ല,കാരണം മനുഷ്യന്റെ അന്തരംഗം പാപത്തിലേക്ക് ചായ്ഞ്ഞിരിക്കുന്നു (ഉല്പത്തി 8:21; യോഹന്നാൻ 2:23-25, റോമ 7:19-25, ഗലാത്തിയ 5:17). മനുഷ്യൻ ബലഹീനനായത് കൊണ്ട് മനുഷ്യൻ പാപത്തിൽ വീണ് പോകും (1 യോഹന്നാൻ 1:8-9). ഇതറിയുന്ന ഈശോ കുമ്പസാരമെന്ന കൂദാശ സ്ഥാപിച്ചു (യോഹന്നാൻ 20:21-23; അപ്പ 19:18); ഈ കുമ്പസാരം ഈശോ സ്ഥാപിച്ച "എന്റെ സഭയെന്നു" പറയുന്ന കത്തോലിക്കാ സഭയിലാണ് (മത്തായി 16:18-19) സത്യത്തിനറെയും വിശുദ്ധീകരണത്തിനറെയും പൂർണത - കത്തോലിക്കാ സഭ - 1 തിമോത്തി 3:15; കാരണം ഈശോയാണ് കത്തോലിക്കാ സഭ സ്ഥാപിച്ചത്.
ഈശോയുടെ പ്രിയ അപ്പസ്തോലനായ യോഹന്നാന്റെ (1 യോഹന്നാൻ 1:1-3) ശിഷ്യനായ അന്ത്യോക്യയിലെ വി. ഈഗ്നെഷ്യസ് ഈ സഭയുടെ പേര് "കത്തോലിക്കാ സഭയെന്ന്" ഉറപ്പിക്കുന്നു. അപ്പസ്തോലിക പിതാവായ ഇദ്ദേഹം ഈ പേര് "കത്തോലിക്കാ സഭ " എന്നത് അപ്പസ്തോലനിൽ നിന്നും സ്വീകരിച്ചതാണ് എന്ന് നിസംശയം ഉറപ്പിക്കാം. കാരണം ഇദ്ദേഹം "അപ്പസ്തോലിക കൂട്ടായ്മയിലും പിന്തുടർച്ചയിലും" വിശ്വസിക്കുന്ന ആളാണ് (അപ്പ 2:42-43,14:23,20:27-30). ഇദ്ദേഹം ഇപ്രകാരം പഠിപ്പിക്കുന്നു "എവിടെയൊക്ക ഈശോമിശിഹാ സന്നിഹിതനാണോ അവിടെയൊക്കെ നമുക്ക് കത്തോലിക്കാ സഭയുള്ളത് പോലെ മെത്രാനെ എവിടെ കണ്ടെ ത്തുന്നുവോ അവിടെയായിരിക്കണം അദേഹത്തിന്റ ജനങ്ങൾ എല്ലാവരും". മറ്റൊരു അപ്പസ്തോലിക പിതാവായ വി പൊളിക്കാർപ് (രക്തസാക്ഷിയായത് എ ഡി 160 ൽ ) ഇപ്രകാരം രേഖപെടുത്തുന്നു: " എല്ലാ സ്ഥലത്തുമുള്ള കത്തോലിക്കാ സഭയ്ക്ക് അഭിവന്ദനം .. മിശിഹാ ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന കത്തോലിക്കാ സഭയുടെ ഇടയനാണ്". അപ്പസ്തോലിക പിതാക്കന്മാരുടെ ഈ വാക്കുകളിൽ നിന്നും ഈശോ സ്ഥാപിച്ച ഏക സഭ കത്തോലിക്കാ സഭയെന്ന് ഉറപ്പിക്കാം. നിഖ്യ വിശ്വാസപ്രമാണത്തിൽ നാം ഇപ്രകാരം ഏറ്റുപറയുന്നു "ഏകവും വിശുദ്ധവും അപ്പസ്തോലികവും സാർവ്വത്രികവുമായ" സഭയിൽ വിശ്വസിക്കുന്നു. ആ ഏകസഭയെയാണ് മുകളിൽ പറഞ്ഞ പിതാക്കന്മാർ "കത്തോലിക്കാ സഭയെന്ന്" വിളിക്കുന്നത്.
അപ്പസ്തോലിക പിതാവായ വി പൊളിക്കാർപിന്റെ ശ്രോതാവായിരുന്ന ,രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാപിതാവായ വി.ഇരണെവൂസ് ഇപ്രകാരം പഠിപ്പിക്കുന്നു "സഭ യഥാർത്ഥത്തിൽ ലോകമെമ്പാടും ഭൂമിയുടെ അതിർത്തികൾവരെ വ്യാപിച്ചു കിടക്കുകയാണെങ്കിലും, സഭ അപ്പസ്തോലന്മാരിൽ നിന്നും അവരുടെ ശിഷ്യന്മാരിൽ നിന്നുമാണ് വിശ്വാസം സ്വീകരിച്ചത് " എന്ന്. വീണ്ടും ഇപ്രകാരം പഠിപ്പിക്കുന്നു "ഭൂലോകത്തിലെമ്പാടുമുള്ള ഭാഷകൾ വിവിധങ്ങളാണെങ്കിലും പാരമ്പര്യത്തിനറെ കാതൽ ഒന്ന് തന്നെയാണ്. ജർമനിയിൽ സ്ഥാപിതമായ സഭകൾക്ക് മറ്റൊരു വിശ്വാസമോ പാരമ്പര്യമോ ഇല്ല.അതുപോലെതന്നെ ഇബേരിയൻ (സ്‌പെയിൻ) ജനതയുടെ സഭകൾക്കോ കെൽട്ടു വംശജരുടെ സഭകൾക്കോ പൗരസ്ത്യനാടുകളിലെ സഭകൾക്കോ ഈജിപ്തിലെ സഭകൾക്കോ,ലിബിയായിലെ സഭകൾക്കോ,ഭൂമദ്ധ്യ സ്ഥാപിതങ്ങളായ സഭകൾക്കോ ഒന്നിന് പോലും വിഭിന്ന വിശ്വാസമോ പാരമ്പര്യമോ ഇല്ല. "സഭയുടെ സന്ദേശം "സത്യവും സുദൃഡവുമാണ്. ഈ സന്ദേശത്തിൽ രക്ഷയിലേക്കുള്ള ഒരേയൊരു മാർഗമാണ് ലോകം മുഴുവനും വേണ്ടി തെളിഞ്ഞു കിടക്കുന്നത്" ".( സി സി സി 173-174 ൽ ഈ സഭാപിതാവിനറെ വാക്കുകൾ നമുക്ക് വായിക്കാവുന്നതാണ്) . ആയതിനാൽ ഒരു കർത്താവും ഒരു സഭ മാത്രമേയുളളൂ (എഫേസൂസ് 4:4-6). മറ്റു ക്രൈസ്തവസഭകളെന്നു വിളിക്കപെടുന്നവ കത്തോലിക്കാ സഭയിൽ നിന്നും പിരിഞ്ഞുപോയവയാണ്.(ഇതിനോട് ചേർത്ത് വായിക്കുക : യോഹന്നാൻ 15:4-6, അപ്പ 20:28).
സഭാപിതാവായിരുന്ന വി ഇരേണെവൂസ് (രണ്ടാം നൂറ്റാണ്ട്) വീണ്ടും ഇപ്രകാരം പഠിപ്പിക്കുന്നു: "എന്തെന്നാൽ റോമസഭയോട്,അതിനറെ പ്രാമുഖ്യം മൂലം,മുഴുവൻ സഭയും - അതായത് എല്ലായിടത്തുമുള്ള വിശ്വാസികൾ - നിർബന്ധപൂർവം ഐക്യപെട്ടിരിക്കണം. കാരണം അതിൽ അപ്പസ്തോലന്മാരുടെ പാരമ്പര്യം എന്നും സംരക്ഷിച്ചിട്ടുണ്ട്". മൂന്നാം നൂറ്റാണ്ടിൽ ജനിച്ച പൗരസ്ത്യ സഭ പിതാവായ വി അത്തനേഷ്യസ് ഇപ്രകാരം പറയുന്നു " റോമിനെയാണ് (റോമൻ സഭയെയാണ്) അപ്പസ്തോലിക സിംഹാസനം എന്ന് വിളിക്കുന്നത്". ഇതേ വിശ്വാസമാണ് കത്തോലിക്കാ സഭ രണ്ടായിരം വർഷമായി കാത്തു സൂക്ഷിക്കുന്നത്. ആയതിനാൽ കത്തോലിക്കരുടെ സഭ ആസ്ഥാനമായി ഇന്നും റോം നിലനിൽക്കുന്നു (വത്തിക്കാൻ). ആയതിനാൽ, സത്യസന്ധമായി അന്വേഷിക്കുന്ന ഏതൊരുവനും അപ്പസ്തോലിക വിശ്വാസത്തിന്റെ പൂർണ്ണത കത്തോലിക്കാ സഭയിൽ മാത്രമാണ് കണ്ടെത്താൻ സാധിക്കുക.സഭാപിതാക്കന്മാരുടെ പ്രബോധനകളുടെ അടിസ്ഥാനത്തിലും ചരിത്രപരമായും മേല്പറഞ്ഞ പ്രസ്താവനകൾ സ്ഥിരീകരിക്കാവുന്നതാണ്.
ഈശോയെ സ്നേഹിക്കുകയെന്നാൽ ഈശോ സ്നേഹിക്കുന്നവയെ സ്നേഹിക്കുകയെന്നർത്ഥം.അതോടൊപ്പം,ദൈവപിതാവിന്റെ ഇഷ്ട്ടാനുസരണം തന്റെ പുത്രനാൽ സ്ഥാപിതമായ ഏക സത്യസഭയെ സ്നേഹിക്കുകയെന്നും മനസിലാക്കാവുന്നതാണ്.ദൈവേഷ്ട വിരുദ്ധമായതെന്തും തിന്മയാണ്.
ഈശോയെ സ്നേഹിക്കുകയെന്നാൽ പാപത്തെ വെറുക്കുക; കാരണം ഈശോ പാപത്തെ വെറുക്കുന്നു.
ഈശോയെ സ്നേഹിക്കുകയെന്നാൽ കൂദാശകളെ സ്നേഹിക്കുകയെന്നർത്ഥം; കാരണം മനുഷ്യനറെ പരിപൂർണതയ്ക്ക് വേണ്ടിയാണ് ഈശോ കൂദാശകൾ സ്ഥാപിച്ചത്. അതുകൊണ്ടു തുടരെ തുടരെയുള്ളതും യോഗ്യതപൂർവകമുള്ള കൂദാശ സ്വീകരണം ഈശോയേ സ്നേഹിക്കുന്നതിനു തുല്യം.
ഈശോയെ സ്നേഹിക്കുകയെന്നാൽ കത്തോലിക്കാസഭയെ സ്നേഹിക്കുകയെന്നർത്ഥം (വി അഗസ്റ്റിൻ); കാരണം ഈ കൂദാശകൾ അതിനറെ പൂർണതയിലും പാരമ്പര്യത്തിലും സത്യത്തിലും ലഭ്യമാകുന്നത് ഈശോ സ്ഥാപിച്ച ഏക സത്യസഭയായ കത്തോലിക്കാസഭയിലാണ്. ഈശോ സ്വന്തം രക്തത്താൽ നേടിയെടുത്ത സഭയാണ് കത്തോലിക്കാ തിരുസഭ ( അപ്പ 20:28;എഫേസൂസ് 5:25-32).
വരൂ.. നമുക്ക് ഈശോ സ്നേഹിക്കുന്നത് സ്നേഹിക്കാം; നമ്മുടെ ആഗ്രഹം ഈശോയുടെ ആഗ്രഹവുമായി ഐക്യപ്പെടുത്താം; അങ്ങനെ സ്വർഗ്ഗരാജ്യം സ്വന്തമാക്കാം.
ഈശോ അരുൾചെയ്തു : "കർത്താവേ കർത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല ;എന്റെ സ്വർഗ്ഗസ്ഥനായ പിതാവിനറെ ഇഷ്ട്ടം നിറവേറ്റുന്നവനാണ് , സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക". (മത്തായി 7:21).
ഈശോയുടെ ആഗ്രഹവും പിതാവായ ദൈവത്തിനറെ ആഗ്രഹവും ഒന്നാണ് (യോഹന്നാൻ 4:34). ഈശോ അരുൾചെയ്തു : ഞാനും പിതാവും ഒന്നാണ് (യോഹന്നാൻ 10:30).
ഈശോ, ഇത് വായിക്കുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ !!!