Home | Articles | 

jintochittilappilly.in
Posted On: 09/08/20 01:17
വിശ്വാസത്തിന്റെ അനുസരണം

 


വിശ്വാസംമൂലം അബ്രാഹം തനിക്ക്‌ അവകാശമായി ലഭിക്കാനുള്ള സ്‌ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ്‌ അവന്‍ പുറപ്പെട്ടത്‌. [ഹെബ്രായര്‍ 11 : 8]

"കർത്താവായ യേശു"എന്ന കത്തോലിക്കാ സഭയുടെ പ്രമാണരേഖ സഭ മക്കളെ ഇപ്രകാരം പഠിപ്പിക്കുന്നു : ദൈവത്തിന്റെ വെളിപാടിനോടുള്ള  യഥാർത്ഥമായ പ്രത്യുത്തരം" വിശ്വാസത്തിന്റെ അനുസരണമാണ്" ( റോമ 16:26, റോമ 1:5, 2 കോറി 10:5-6). അതുവഴി മനുഷ്യൻ തന്നെത്തന്നെ പൂർണമായി ദൈവത്തിനു സമർപ്പിക്കുന്നു. "വെളിപ്പെടുത്തുന്ന ദൈവത്തിനു തന്റെ ബുദ്ധിശക്തിയെയും [Intellect] മനസിനെയും [ഇച്ഛാശക്തിയെയും/Will] പൂർണമായി സമർപ്പിക്കുന്നു. അവിടുന്ന് നൽകുന്ന വെളിപാടിന് സ്വതന്ത്രമായി സമ്മതം മൂളുകയും ചെയ്യുന്നു." വിശ്വാസം ദൈവകൃപയുടെ ഒരു സമ്മാനമാണ്. വിശ്വാസമുണ്ടാകുന്നതിന് ദൈവകൃപ ആദ്യംവരികയും സഹായം നൽകുകയും വേണം. പരിശുദ്ധാത്മാവിന്റെ ആന്തരികസഹായമുണ്ടായിരിക്കുകയും വേണം. പരിശുദ്ധാത്മാവ് ഹൃദയത്തെ ചലിപ്പിക്കുകയും ദൈവത്തിലേക്കു തിരിക്കുകയും ചെയ്യുന്നു. അവിടുന്ന് മനക്കണ്ണുകളെ തുറക്കുകയും സത്യം അംഗീകരിക്കുന്നതിലും അതിൽ വിശ്വസിക്കുന്നതിലും സന്തോഷവും സ്വസ്ഥതയും ഓരോ വ്യക്തിക്കും നൽകുകയും ചെയ്യുന്നു.
വിശ്വാസത്തിന്റെ അനുസരണം ക്രിസ്തുവിന്റെ വെളിപാടാകുന്ന സത്യത്തിന്റെ സ്വീകരണത്തെ ഉൾകൊള്ളുന്നു. സത്യംതന്നെയായ ദൈവത്താൽ ഉറപ്പുനൽകപ്പെട്ടതാണ് ആ സത്യം.

" വിശ്വാസം ഒന്നാമതായി, മനുഷ്യന് ദൈവത്തോടുള്ള വ്യക്തിപരമായ ഒട്ടിച്ചേരലാണ്. അതെസമയം, അത് ദൈവം വെളിപ്പെടുത്തിയ മുഴുവൻ സത്യത്തോടുമുള്ള സ്വതന്ത്രമായ സമ്മതം  നൽകലുമാണ്. ഈ ഒട്ടിച്ചേരലും സമ്മതം മൂളലും തമ്മിൽ വേർപെടുത്താനാവാത്തതാണ്" [inseparable] . തന്മൂലം വിശ്വാസം "ദൈവത്തിന്റെ ദാനവും", അവിടുന്ന് നിവേശിപ്പിക്കുന്ന അതിസ്വാഭാവികപുണ്യവും " എന്ന നിലയിൽ രണ്ടുതരത്തിലുള്ള ഒട്ടിച്ചേരൽ ഉൾകൊള്ളുന്നു - (1) വെളിപ്പെടുത്തുന്ന ദൈവത്തോട്,(2) അവിടുന്ന് വെളിപ്പെടുത്തുന്ന സത്യത്തോട് പറയുന്നവനിലുള്ള വിശ്വാസം മൂലമാണിതുണ്ടാകുന്നത്. [Faith, therefore, as “a gift of God” and as “a supernatural virtue infused by him”, involves a dual adherence: to God who reveals and to the truth which he reveals, out of the trust which one has in him who speaks]. അങ്ങനെ, " പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിലല്ലാതെ മറ്റാരിലും നാം വിശ്വാസം അർപ്പിക്കരുത്".

 ഇക്കാരണത്താൽ ദൈവശാസ്ത്രപരമായ വിശ്വാസവും [theological faith] മറ്റു മതങ്ങളിൽകാണുന്ന വിശ്വാസവും [belief  in the other religions] തമ്മിലുള്ള വ്യത്യാസം ഉറപ്പിച്ചുപറയണം. ദൈവശാസ്ത്രപരമായ വിശ്വാസമെന്നത് വെളിവാക്കപ്പെട്ട സത്യത്തെ കൃപാവരത്തിൽ സ്വീകരിക്കലാണ്. " രഹസ്യത്തെ സമഗ്രമായി ഗ്രഹിക്കാൻ കഴിയത്തക്കവിധം അതിലേക്കു കടന്നുചെല്ലാൻ അതു നമ്മെ സഹായിക്കുന്നു". മറ്റു മതങ്ങളിലെ വിശ്വാസ സംഹിതയാകട്ടെ, അനുഭവത്തിന്റെയും ചിന്തയുടെയും ആകെത്തുകയാണ്. അതു ജ്ഞാനത്തിന്റെ മാനുഷീകനിക്ഷേപവും മതാത്മകവുമായ അഭിനിവേശവുമാണ്; മനുഷ്യൻ തന്റെ സത്യാന്വേഷണത്തിൽ മനസിലാക്കുകയും ദൈവത്തോടും കേവലസത്തയോടുമുള്ള ബന്ധത്തിൽ ഫലിപ്പിക്കുകയും ചെയ്തതാണ്.

ഇക്കാലത്തെ ദൈവശാസ്ത്രപരിചിന്തനത്തിൽ ഈ വ്യത്യാസം എപ്പോഴും അനുസ്മരിക്കുന്നില്ല. അങ്ങനെ ഏകത്രിയേകദൈവം [ One and Triune God] വെളിപ്പെടുത്തിയ സത്യത്തിന്റെ അംഗീകരണമാകുന്ന  ദൈവശാസ്ത്രപരമായ വിശ്വാസവും മറ്റു മതങ്ങളിലുള്ള വിശ്വാസവും ഒന്നാണെന്ന് പലപ്പോഴും പറയുന്നു. മറ്റുമതങ്ങളിൽ കാണുന്ന വിശ്വാസം വാസ്തവത്തിൽ മതപരമായ ഒരനുഭവമാണ് [religious experience] . അത് ഇപ്പോഴും കേവലസത്യത്തെ [absolute truth] അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തോടുള്ള സമ്മതപ്രകടനം അതിനു ഇപ്പോഴുമില്ല. എന്നിട്ടും അവയെ ഒന്നായിക്കാണുന്നു. ചില സന്ദർഭങ്ങളിൽ, ക്രിസ്തുമതവും മറ്റുമതങ്ങളും തമ്മിലുള്ള വ്യത്യാസം അപ്രത്യക്ഷമാക്കത്തക്കവിധം  ചുരുക്കികളയാനുള്ള പ്രവണത കാണിക്കുന്നതിന്റെ ഒരു കാരണമിതാണ്. [കത്തോലിക്കാ സഭയുടെ വിശ്വാസസത്യതിരുസംഘത്തിന്റെ പ്രമാണരേഖ - "കർത്താവായ യേശു, നമ്പർ 7",ഓഗസ്റ്റ് 6, 2000 ]

യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു പ്രവാചകന്‍മാരുടെ ലിഖിതങ്ങള്‍വഴി ഇപ്പോള്‍ വെളിപ്പെടുത്തി. ഈ രഹസ്യം നിത്യനായ ദൈവത്തിന്‍െറ ആജ്‌ഞയനുസരിച്ചു വിശ്വാസത്തിന്‍െറ അനുസരണത്തിനായി സകല ജനപദങ്ങള്‍ക്കും അറിയപ്പെട്ടിരിക്കുകയാണ്‌. [റോമാ 16 : 26]

എമേരിത്തൂസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇപ്രകാരം പറയുന്നു : "വിശ്വാസമെന്നത് ദൈവത്തോടുള്ള അഗാധമായ ഒരു വ്യക്തിബന്ധമാണ്. അത് എന്റെ ജീവിതത്തിന്റെ അഗാതതലങ്ങളെ സ്പർശിക്കുന്നു. എന്റെ ജീവിതത്തിൽ, എന്റെ മുന്നിൽ, എനിക്ക് തൊടാനാവും വിധം ദൈവം നിൽക്കുകയാണ്! അത്യന്തം വ്യക്തിപരമായ ഈ അനുഭവത്തിൽ, പക്ഷേ ഒരു സാമൂഹ്യവശം കൂടി അടങ്ങിയിരിക്കുന്നു. 'ഞാൻ' എന്ന ഭാഗം, അവിഭാജ്യമായ വിധം ദൈവജനമായ സ്ത്രീ-പുരുഷ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തെ കണ്ടുമുട്ടുന്നതോടെ ഞാൻ, ദൈവജനമായ സമൂഹത്തിന്റെ കൂടി ഭാഗമായി തീരുന്നു. ദൈവജനത്തിന്റെ സഭ തന്നെയാണ് ദൈവത്തോടുള്ള എന്റെ സംയോഗം സാധ്യമാക്കുന്നത്. ആ സംയോഗം എന്റെ ഹൃദയത്തെ വ്യക്തിപരമായി സ്പർശിക്കുന്നു.ക്രിസ്തുവിനെക്കുറിച്ച് കേൾക്കുന്നതിലൂടെ വിശ്വാസത്തിലെത്തുമെന്ന് വിശുദ്ധ പൗലോസ് നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇവിടെ, ശ്രവിക്കുക എന്ന പ്രവർത്തി ഒന്നിൽ കൂടുതൽ പങ്കാളികളെ സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ ഉറവിടം ചിന്തയല്ല. ഉള്ളിന്റെയുള്ളിൽ ചികഞ്ഞുനോക്കി കണ്ടെത്താവുന്ന ഒന്നല്ല വിശ്വാസം. ഇതെല്ലാം ഒരളവിൽ ഉണ്ടെങ്കിലും അതിനെല്ലാം ഉപരിയായി ദൈവത്തെ അനുഭവിച്ചറിഞ്ഞവരെ നാം ശ്രവിക്കേണ്ടിയിരിക്കുന്നു. വിശ്വാസസമൂഹം സ്വയം സൃഷ്ടിയല്ല. ഒരേ ആശയങ്ങളുള്ള കുറച്ചു പേർ ഒരുമിച്ചു ചേരുന്നിടം സഭയാകുന്നില്ല. ഒരുമിച്ചിരുന്ന് ആലോചിച്ച് വോട്ടിനിട്ട് തീരുമാനമെടുക്കുന്ന ഒരു പൊതുവേദിയല്ല തിരുസഭ. അങ്ങനെ പ്രവർത്തിക്കുന്ന ഒരു തിരുസഭയ്ക് നിത്യജീവിതം പ്രദാനം ചെയ്യാനാവില്ല.
തിരുസഭ ദൈവസൃഷ്ടിയാണ്. ദൈവം അതിനെ പരിപാലിച്ചുകൊണ്ടിരിക്കുന്നു. ഞാൻ തിരുസഭയിലേക്ക് എത്തിച്ചേരുന്നത് ഏതെങ്കിലും ഉദ്യോഗസ്ഥരുടെയോ ഓഫീസുകളുടെയോ പ്രവർത്തനഫലമായല്ല. പ്രത്യുത, ജ്ഞാനസ്നാനം എന്ന കൂദാശയിലൂടെയാണ്. അതിലൂടെ നാം എത്തിച്ചേരുന്ന സഭ ദൈവത്തിലേക്കുള്ള വഴിയാണ്.സ്വയംകൃതമായ സഭ എന്ന ആശയം ഉപേക്ഷിച്ച്, സഭയെന്നാൽ യേശുവിന്റെ ശരീരമാകുന്നു എന്നു നാം മനസിലാക്കണം. അങ്ങനെയുള്ളപ്പോൾ തിരുസഭയിൽ പ്രവേശിക്കുന്നയാൾ യേശുവിന്റെ ശരീരത്തിന്റെ ഭാഗമാകുകയാണ്".

 വി. ജോൺ ഡമീഷ്യൻ പഠിപ്പിക്കുന്നു :" യേശുക്രിസ്തു എന്ന തന്റെ ഏകജാതനിലൂടെയും തന്നെപ്പറ്റിയുള്ള അറിവ് നമ്മുടെ ശക്തിക്കനുസൃതമായി അവിടുന്നു നമുക്കു പകർന്നു തന്നു. തദനുസൃതം, നിയമത്തിലൂടെയും പ്രവാചകന്മാരിലൂടെയും ശ്ലീഹന്മാരിലൂടെയും സുവിശേഷകന്മാരിലൂടെയും കൈമാറിത്തന്നവയെല്ലാം നാം സ്വീകരിക്കുന്നു. നാം അവയെ അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവയ്ക്കു പുറമേ മറ്റൊന്നും നാം അന്വേഷിക്കുന്നില്ല. എന്ത്കൊണ്ടെന്നാൽ, ദൈവം നന്മയായതിനാൽ അവിടുന്ന് എല്ലാ നന്മകളുടെയും കർത്താവാണ് ;അവിടുന്ന് ദുഷ്ടതയ്‌ക്കോ വികാരത്തിനോ വിധേയനല്ല. ദൈവസ്വഭാവത്തിൽ നിന്ന് ദുഷ്ടത വിദൂരസ്ഥമാണ്. അതിനെ ദുഷ്ടത ബാധിക്കുന്നില്ല ;അത് അനന്യമായ നന്മ തന്നെയാണ്. അവിടുന്ന് സകലതും അറിയുന്നു ;ഓരോരുത്തരുടെയും ആവശ്യാനുസൃതം അവിടുന്ന് പരിപാലിക്കുന്നു. അതുകൊണ്ട് നമുക്ക് അറിയാൻ ആവശ്യമുള്ളവ അവിടുന്നു വെളിപ്പെടുത്തിയിരിക്കുന്നു.; എന്നാൽ നമ്മുടെ പരിധിക്കപ്പുറത്തുള്ളവ അവിടുന്ന് മറച്ചുവച്ചിരിക്കുന്നു. ഇവകൊണ്ട് തൃപ്തിപ്പെടാം ;അവയിൽ നിലനിൽക്കാം ;നമുക്ക് പുരാതനമായ അതിർത്തികൾ ലംഘിക്കുകയോ, ദൈവിക പാരമ്പര്യത്തിന് അപ്പുറത്തേക്ക് കടക്കുകയോ ചെയ്യാതിരിക്കാം". [എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പൗരസ്ത്യസഭാപിതാവായ വി. ജോൺ ഡമീഷ്യന്റെ "സത്യവിശ്വാസം" എന്ന് ഗ്രന്ഥത്തിൽ നിന്ന് എടുത്തത്]

എന്റെ വിശ്വാസത്തിന്റെ രഹസ്യം :"കർത്താവേ, അങ്ങ് വീണ്ടും വരുന്നത് വരെ അങ്ങേ മരണം ഞങ്ങൾ പ്രഖ്യാപിക്കുന്നു; അങ്ങേ ഉയിർപ്പ് ഞങ്ങൾ ഏറ്റുപറയുന്നു ".

വിശ്വാസപ്രകരണം:എന്‍റെ ദൈവമേ, കത്തോലിക്ക തിരുസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സത്യങ്ങളെല്ലാം ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു‍. എന്തെന്നാല്‍ വഞ്ചിക്കുവാനും വഞ്ചിക്കപ്പെടുവാനും കഴിയാത്തവനായ അങ്ങുതന്നെയാണു അവ വെളിപ്പെടുത്തിയിരിക്കുന്നത്‌.

സമാധാനം നമ്മോടുകൂടെ..




Article URL:







Quick Links

വിശ്വാസത്തിന്റെ അനുസരണം

വിശ്വാസംമൂലം അബ്രാഹം തനിക്ക്‌ അവകാശമായി ലഭിക്കാനുള്ള സ്‌ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ്‌ അവന്‍ പുറപ്പെട്ടത... Continue reading


വത്തിക്കാനിൽ നടന്ന പച്ചമാമ വണക്കത്തെ തള്ളിപ്പറയുന്നത് സഭാത്മക നിലപാടല്ലേ? (മറുപടി നൽകുന്നു ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)

"യഥാർത്ഥത്തിൽ ഒന്നാം വത്തിക്കാൻ കൗൺസിൽ മാർപാപ്പയെ ഒരു നിരപേക്ഷ പരമാധികാരിയായി നിർവ്വചിച്ചിട്ടില്ല;മറിച്ച് ,വെളിപ്പെടുത്തപ്പെട്ട വചനത്തോടുള്ള അനുസരണം ഉറപ്പുവരുത്തുന്നയാൾ ആയിട്ടാണ് അവതരിപ്പിച്ചി... Continue reading


പുതിയ സുവിശേഷവത്കരണം (New Evangelization) - മുഴുവൻ സഭയുടെയും ഉത്തരവാദിത്വം

(5 min read) കർത്താവിനാൽ വിളിക്കപ്പെടുകയും അയയ്ക്കപ്പെടുകയും ചെയ്യുകയെന്നത് എന്നും പ്രസക്തമായ കാര്യമാണ്. എന്നാൽ, സമകാലീന ചരിത്രസാഹചര്യത്തിൽ അതിനു പ്രത്യേക പ്രാധാന്യമുണ... Continue reading


"കത്തോലിക്കാസഭയുടെ ഐക്യം"

  "ഉയിർപ്പിനുശേഷം തന്റെ സഭയെ പത്രോസിൻമേൽ പണിതുകൊണ്ടു അവനോടു പറയുന്നു : "എന്റെ ആടുകളെ മേയിക്കുക" ( യോഹന്നാൻ 21:15) മേയിക്കുവാനായി തന്റെ ആടുകളെ പത്രോസിനെയാണ് ഭരമേല്പിച്ചത്. എല്ലാവർക്കും ക്രിസ്... Continue reading


വിശ്വാസസത്യപ്രബോധനങ്ങളും (Dogmas) വിശ്വാസതത്വങ്ങളും (doctrines) - കത്തോലിക്കാ വിശ്വാസം

ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവൻ ദൈവത്തെ കൂടുതൽ അറിയുന്നതിനും അവിടുന്നു വെളിപ്പെടുത്തിയ സത്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും ആഗ്രഹിക്കുക സ്വാഭാവികമാണ്. വിശ്വാസ വിഷയങ്ങളിൽ കൂടുതൽ ആഴമായ അറിവു ദൃഢത... Continue reading