മാമ്മോദീസാ വഴി നമുക്കു കരഗതമാകുന്ന കൃപാവരത്തിന്റെയും മഹനീയതയുടെയും ഒരു പുതിയ ഭാവം നമുക്കിവിടെ കാണാം. പുരോഹിതൻ, പ്രവാചകൻ, രാജാവ് എന്നീ നിലകളിലുള്ള ക്രിസ്തുവിന്റെ ത്രിവിധ ദൗത്യത്തിൽ അൽമായ വിശ്വാസികൾ തങ്ങളുടേതായ പങ്കുവഹിക്കുന്നു. സഭയുടെ സജീവപാരമ്പര്യത്തിൽ ഇക്കാര്യം ഒരിക്കലും വിസ്മൃതമായിട്ടില്ല. 26-ാം സങ്കീർത്തനത്തിന്റെ വ്യാഖ്യാനത്തിൽ വിശുദ്ധ ആഗസ്തീനോസ് ഉദാഹരിച്ചു പറയുന്നത് ഇങ്ങനെയാണ്: "ദാവീദ് രാജാവായി അഭിഷേചിക്കപ്പെട്ടു. അക്കാലത്ത് രാജാവും പുരോഹിതനും മാത്രമേ അഭിഷിക്തരായിരുന്നുള്ളൂ. ഈ രണ്ടു വ്യക്തികളും വരാനിരിക്കുന്ന ഏകപുരോഹിതനും രാജാവുമായ ക്രിസ്തുവിനെയാണ് ("ക്രിസ്തു'' എന്ന പദത്തിനർത്ഥം “അഭിഷിക്തൻ') മുൻകൂട്ടി സൂചിപ്പിക്കുന്നത്. നമ്മുടെ ശിരസ്സു മാത്രമല്ല അഭിഷിക്തമായിട്ടുള്ളത്. പ്രത്യുത, അവിടുത്തെ ശരീരമായ നമ്മളും അഭിഷിക്തരായിട്ടുണ്ട്.... പഴയ നിയമകാലത്ത് അഭിഷേകം രണ്ടു വ്യക്തികൾക്കു മാത്രമായിരുന്നു. എന്നാൽ ഇന്ന് അത് എല്ലാ ക്രൈസ്തവർക്കുമുള്ളതാണ്. നാം ക്രിസ്തുവിന്റെ ശരീരമാണെന്ന കാര്യം വ്യക്തമാണ്: കാരണം, നാം ഏവരും അഭിഷിക്തരും അവനിൽ നാം ക്രിസ്തുമാരുമാണ്. അതായത് അഭിഷിക്തനായ ക്രിസ്തുവിനെപ്പോലെ തന്നെ “അഭിഷിക്തർ” ആണ്. ഒരു വിധത്തിൽ പറഞ്ഞാൽ ശിരസ്സും ശരീരവും കൂടിച്ചേർന്ന് മുഴുവൻ ക്രിസ്തുവും രൂപംകൊള്ളുന്നു".
രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ വഴിത്താരയിൽത്തന്നെ ദൈവജനം മുഴുവൻ്റെയും പൗരോഹിത്യപരവും പ്രവചനപരവും രാജകീയവുമായ ഔൽകൃഷ്ട്യം താഴെക്കാണുന്ന വാക്കുകളിലൂടെ ശക്തമായി ഊന്നിപ്പറയുന്നു : "കന്യകാമറിയത്തിൽ നിന്ന് പിറന്ന ആ തച്ചന്റെ മകൻ - അങ്ങനെയാണല്ലോ അവിടന്നു കരുതപ്പെട്ടിരുന്നത് - പത്രോസ് ഏറ്റുപറഞ്ഞതുപോലെ ജീവിക്കുന്ന ദൈവത്തിന്റെ പുത്രൻ, നമ്മെ "പുരോഹിത ജനപദം" ആക്കാനായി വന്നിരിക്കുന്നു. അവിടത്തെ ഈ അധികാരത്തിന്റെ രഹസ്യം രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മെ അനുസ്മരിപ്പിക്കുന്നു. പുരോഹിതൻ, പ്രവാചക-പ്രബോധകൻ, രാജാവ് എന്നീ നിലകളിലുള്ള ക്രിസ്തുവിന്റെ ദൗത്യം സഭയിൽ തുടരുന്നു എന്ന വസ്തുതയും രണ്ടാം വത്തിക്കാൻ സൂനഹദോസ് നമ്മെ അനുസ്മരിപ്പിക്കുന്നു. ഈ ത്രിവിധ ദൗത്യത്തിൽ ഓരോരുത്തരും, ദൈവജനം മുഴുവനും, പങ്കുവഹിക്കുന്നു".
അല്മായവിശ്വാസികൾ ക്രിസ്തുവിന്റെ പൗരോഹിത്യ ദൗത്യത്തിൽ പങ്കാളികളാണ്. യേശു തന്റെ പൗരോഹിത്യ ദൗത്യം നിർവഹിച്ചത് ദൈവമഹത്വത്തിനും മനുഷ്യ രക്ഷയ്ക്കും വേണ്ടി തന്നെത്തന്നെ കുരിശിൽ ബലിയർപ്പിച്ചു കൊണ്ടും വിശുദ്ധ കുർബാന വഴി തുടർന്നും അർപ്പിച്ചു കൊണ്ടുമാണ്. യേശു ക്രിസ്തുവിനോട് കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ട്, തങ്ങളെയും തങ്ങളുടെ അനുദിന പ്രവർത്തനങ്ങളെയും (cf. റോമാ, 12:1, 2) കാഴ്ചവയ്ക്കുക വഴി ജ്ഞാനസ്നാതർ ക്രിസ്തുവിനോടും അവിടുത്തെ ബലിയോടും ഐക്യപ്പെടുന്നു. അല്മായവിശ്വാസികളെ പരാമർശിക്കവേ, സൂനഹദോസ് ഇങ്ങനെ പറയുന്നു: “അവരുടെ സകല ജോലിയും പ്രാർത്ഥനകളും പ്രേഷിതസംരംഭങ്ങളും വൈവാഹിക കുടുംബജീവിതവും അനുദിന വേലയും മാനസികവും ശാരീരികവുമായ വിശ്രമവും ക്ഷമയോടെ സഹിക്കുന്ന ജീവിതക്ലേശങ്ങൾ പോലും എല്ലാം പരിശുദ്ധാത്മാവിൽ നിർവഹിക്കപ്പെടുമ്പോൾ അവ ക്രിസ്തുവിലൂടെ ദൈവത്തിനു സ്വീകാര്യമായ ആദ്ധ്യാത്മിക ബലിയാകുന്നു (cf. പത്രോ. 2:5). വിശുദ്ധ കുർബാനയിൽ കർത്താവിന്റെ ശരീരത്തോടൊപ്പം ഇവയും ഏറ്റവും ഭക്തിപൂർവം പിതാവിനു സമർപ്പിക്കപ്പെടുന്നു. അങ്ങനെ അൽമായരും ആരാധകരെന്ന നിലയിൽ ഓരോ പ്രവൃത്തിയും വിശുദ്ധീകരിച്ചു കൊണ്ട് ലോകത്തെത്തന്നെ ദൈവത്തിനു സമർപ്പിക്കുന്നു.''
തന്റെ ജീവിതസാക്ഷ്യത്താലും വചനത്തിന്റെ ശക്തിയാലും പിതാവിന്റെ രാജ്യം പ്രഘോഷിച്ച ക്രിസ്തുവിന്റെ പ്രവാചകദൗത്യത്തിൽ അല്മായർ പങ്കുചേരുന്നു. അങ്ങനെ വിശ്വാസത്തോടെ സുവിശേഷം സ്വീകരിക്കാനും സധൈര്യം തിന്മയെ തിരിച്ചറിഞ്ഞ് ഉപേക്ഷിച്ചുകൊണ്ട് സുവിശേഷത്തെ വാക്കിലും പ്രവൃത്തിയിലും പ്രഖ്യാപിക്കാനും അല്മായർക്കു കഴിവും കടമയും കൈവരുന്നു. വലിയ പ്രവാചകൻ (ലൂക്കാ. 7:16) ആയ ക്രിസ്തുവിനോട് ഐക്യപ്പെട്ടും ഉത്ഥിതനായ ക്രിസ്തുവിന് പരിശുദ്ധാത്മാവിൽ സാക്ഷികളായും അല്മായവിശ്വാസികൾ നിലകൊള്ളുന്നു. അപ്രകാരം “വിശ്വാസകാര്യങ്ങളിൽ തെറ്റുപറ്റാത്ത" സഭയുടെ പ്രകൃത്യതീതമായ വിശ്വാസത്തിന്റെ [Church's supernatural faith] വിലമതിക്കലിലും വചനത്തിന്റെ കൃപാവരത്തിലും അവർ പങ്കുകാരാകുകയും ചെയ്യുന്നു (cf. അപ്പ. 2:17-18; വെളി. 19:10), അനുദിനം തങ്ങളുടെ കുടുംബത്തിലും സാമൂഹിക ജീവിതത്തിലും സുവിശേഷത്തിന്റെ ശക്തിയും പുതുമയും പ്രകാശിപ്പിക്കുവാൻ അവർ വിളിക്കപ്പെട്ടിരിക്കുന്നു.ഇന്നത്തെ കാലഘട്ടത്തിന്റെ വൈരുദ്ധ്യങ്ങളിൽ “സന്യസ്തതേതര ജീവിതത്തിന്റെ ചട്ടക്കൂടിലൂടെ” ഭാവിമഹത്ത്വത്തിലുള്ള അവരുടെ പ്രത്യാശ ക്ഷമയോടും ധീരതയോടും കൂടെ പ്രകടിപ്പിക്കാനും അവർ ബാദ്ധ്യസ്ഥരായിരിക്കുന്നു.
പ്രപഞ്ചത്തിന്റെ നാഥനും രാജാവുമായ ക്രിസ്തുവിനുള്ളവരാകയാൽ, അല്മായർ അവിടത്തെ രാജകീയദൗത്യത്തിൽ പങ്കുകാരാവുകയും ചരിത്രത്തിൽ ആ രാജ്യം വിസ്തൃതമാക്കാൻ വിളിക്കപ്പെടുകയും ചെയ്യുന്നു. സർവോപരി, പാപത്തിന്റെ ആധിപത്യത്തെ (cf. റോമാ. 6:12) അതിജീവിക്കാനുള്ള, ആദ്ധ്യാത്മിക പോരാട്ടത്തിലാണ്, ക്രൈസ്തവർ എന്ന നിലയിലാണ് അവർ തങ്ങളുടെ രാജത്വം പ്രാവർത്തികമാക്കുന്നത്. അനന്തരം, എല്ലാ സഹോദരരിലും സർവോപരി ഏറ്റവും ചെറിയവനിലും (cf. മത്താ. 25:40) സന്നിഹിതനായിരിക്കുന്ന യേശുവിനെ നീതിയോടും ഉപവിയോടും കൂടെ സേവിക്കാൻ സ്വയം സമർപ്പിക്കുന്നതിലും ക്രൈസ്തവരുടെ രാജത്വം അടങ്ങിയിരിക്കുന്നു. എന്നാൽ സൃഷ്ടിയെ അതിന്റെ സമസ്ത പ്രാരംഭ മൂല്യത്തിലേക്ക് പുനരുദ്ധരിക്കാൻ അല്മായവിശ്വാസികൾ പ്രത്യേകം വിളിക്കപ്പെട്ടിരിക്കുന്നു. കൃപാവരജീവിതത്താൽ നിയന്ത്രിക്കപ്പെടുന്ന പ്രവർത്തനത്തിലൂടെ, യഥാർത്ഥ മനുഷ്യക്ഷേമത്തിനായുള്ള സൃഷ്ടിയുടെ ക്രമപ്പെടുത്തലിലൂടെയാണ് അവർ ഉത്ഥിതനായ ക്രിസ്തുവിന്റെ അധികാരവിനിയോഗത്തിൽ പങ്കു
ചേരുന്നത്. ഈ അധികാരത്തിലൂടെയാണ് ക്രിസ്തു സമസ്തവും തന്നിലേക്ക് ആകർഷിക്കുകയും ദൈവം എല്ലാവർക്കും എല്ലാം ആകേണ്ടതിന് അവയെ തന്നോടൊപ്പം പിതാവിന് അധീനമാക്കുകയും ചെയ്യുന്നത് (cf.1 കോറി, 15:28; യോഹ, 12:32).
പുരോഹിതൻ, പ്രവാചകൻ, രാജാവ് എന്നീ നിലകളിലുള്ള ക്രിസ്തുവിന്റെ ത്രിവിധദൗത്യത്തിൽ അല്മായവിശ്വാസികളുടെ പങ്കാളിത്തത്തിന്റെ ഉറവിടം ജ്ഞാനസ്നാനാഭിഷേകമാണ്. സ്ഥൈര്യലേപനത്തിൽ അതു വളർച്ചപ്രാപിക്കുകയും വിശുദ്ധ കുർബാനയിൽ അതു സാക്ഷാത്കരിക്കപ്പെടുകയും ശക്തിയുടെ പോഷണമാവുകയും ചെയ്യുന്നു. കർത്താവിന്റെ ഏകശരീരത്തിനു രൂപം നല്കുന്ന അനവധി അവയവങ്ങളിൽ ഒന്ന് ആയിരിക്കുന്ന തോതിൽ ഓരോ അല്മായ വിശ്വാസിക്കും വ്യക്തിപരമായി നൽകപ്പെടുന്ന പങ്കാളിത്തമാണിത്. വാസ്തവത്തിൽ, തന്റെ ശരീരവും മണവാട്ടിയുമായ സഭയിൽ യേശു തന്റെ ദാനങ്ങൾ വർഷിക്കുന്നു. ഇപ്രകാരം സഭാംഗങ്ങൾ ആയിരിക്കുക വഴി വ്യക്തികൾ ക്രിസ്തുവിന്റെ ത്രിവിധ ദൗത്യങ്ങളിൽ പങ്കാളികളാണ്. ജ്ഞാനസ്നാനതരെ “തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധജനവും ദൈവത്തിന്റെ സ്വന്തം ജനവുമായി' (1 പത്രോ. 2:9) നിർവചിക്കുമ്പോൾ വിശുദ്ധ പത്രോസ് വ്യക്തമായി പഠിപ്പിക്കുന്നത് ഇതാണ്. സഭാകൂട്ടായ്മയിൽ നിന്ന് ആവിർഭവിക്കുന്നതാണ് ക്രിസ്തുവിന്റെ ത്രിവിധദൗത്യത്തിലുള്ള അല്മായ വിശ്വാസികളുടെ പങ്കാളിത്തം. അതുകൊണ്ട് ഇത് കൂട്ടായ്മയിലൂടെ തന്നെ ജീവിക്കുകയും സാക്ഷാത്കരിക്കുകയും കൂട്ടായ്മയുടെ വളർച്ചയ്ക്ക് സഹായകമാകുകയും വേണം.
വിശുദ്ധ ആഗസ്തീനോസ് ഇങ്ങനെ എഴുതുന്നു. “രഹസ്യാത്മകമായ അഭിഷേകം നിമിത്തം നാമോരോരുത്തരെയും ക്രൈസ്തവർ എന്നു വിളിക്കുന്നതു പോലെ, ഏകപൗരോഹിത്യത്തിൽ അംഗങ്ങളായിരിക്കുന്നതു കൊണ്ട് നമുക്ക് ഓരോരുത്തരെയും പുരോഹിതർ എന്നും വിളിക്കാം”.
[വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, അപ്പസ്തോലിക ആഹ്വാനം "അല്മായ വിശ്വാസികൾ, നമ്പർ 14]