(4 min read)
1.സത്യത്തെ കൂടുതൽ കൂടുതൽ ആഴത്തിൽ കണ്ടുമുട്ടാനും അതിൽ മുഴുകാനുംവേണ്ടി നൂറ്റാണ്ടുകളിലൂടെ മനുഷ്യവംശം നടത്തിയ യാത്രയുടെ ചുവടുകൾ പൗരസ്ത്യനാടുകളിലും പാശ്ചാത്യരാജ്യങ്ങളിലും, നമുക്കു കണ്ടുപിടിക്കാൻ കഴിയും. വ്യക്തിപരമായ ആത്മബോധത്തിന്റെ ചക്രവാളത്തിനുള്ളിൽ സംഭവിച്ച ഒരു യാത്രയാണത്. അത് അപ്രകാരമായിരിക്കുകയും വേണം. മനുഷ്യജീവികൾ എത്രകൂടുതലായി യാഥാർത്ഥ്യത്തെയും ലോകത്തെയും അറിയുന്നുവോ അത്ര കൂടുതലായി അവർ തങ്ങളുടെ അനന്യതയിൽ തങ്ങളെപ്പറ്റിത്തന്നെ അറിയുന്നു. വസ്തുക്കളുടെയും തങ്ങളുടെ അസ്തിത്വത്തിന്റെ തന്നെയും അർത്ഥത്തെ സംബന്ധിച്ച ചോദ്യം കൂടുതൽ കൂടുതൽ നിർബന്ധപൂർവകമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ടാണ് നമ്മുടെ അറിവിന്റെ വിഷയമായിട്ടുള്ളതെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നത്. ദെൽഫിയിലെ ക്ഷേത്രകവാടത്തിൽ "നിന്നെത്തന്നെ അറിയുക" എന്ന താക്കീതു കൊത്തിവച്ചിട്ടുള്ളത് ഒരു മൗലിക സത്യത്തിന്റെ സാക്ഷ്യമെന്ന നിലയിലാണ്. മറ്റു സൃഷ്ടവസ്തുക്കളിൽ നിന്നു തങ്ങളെത്തന്നെ "മനുഷ്യജീവികൾ" എന്ന നിലയിൽ - അതായത് തങ്ങളെത്തന്നെ അറിയുന്നവർ എന്ന നിലയിൽ - വേർതിരിച്ചു നിറുത്താൻ അന്വേഷിക്കുന്നവർ ഏറ്റവും ചുരുങ്ങിയ നിയമമെന്ന നിലയിൽ സ്വീകരിക്കേണ്ട അടിസ്ഥാനസത്യമാണത്.
കൂടാതെ "ആരാണു ഞാൻ ? " ഞാൻ എവിടെ നിന്നു വരുകയും എങ്ങോട്ടു പോവുകയും ചെയ്യുന്നു?" "എന്തുകൊണ്ട് തിന്മയുണ്ടായിരിക്കുന്നു?", ഈ ജീവിതത്തിനുശേഷം എന്തുണ്ടാവും?". എന്നിങ്ങനെയുള്ളതും മനുഷ്യജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നതുമായ മൗലികചോദ്യങ്ങൾ ലോകത്തിലെ വ്യത്യസ്ത സംസ്കാരങ്ങളോടുകൂടിയ വിവിധഭാഗങ്ങളിൽ ഒരേ സമയത്ത് ഉയർന്നുവരുകയും ചെയ്യുന്നു. പൗരാണിക കാലത്തിന്റെ ചരിത്രത്തിലൂടെ ഒരു വിഹഗവീക്ഷണം നടത്തുമ്പോൾത്തന്നെ വ്യക്തമാകുന്ന സംഗതിയാണിത്. ഇസ്രായേലിന്റെ വിശുദ്ധ ലിഖിതങ്ങളിലും വേദങ്ങളിലും അവെസ്തയിലും നാം കാണുന്നത് ഈ ചോദ്യങ്ങളാണ്. കൺഫ്യൂഷിയസ്സിന്റെയും ലാവോത്സെയുടെയും എഴുത്തുകളിലും തീർഥങ്കരന്റെയും ശ്രീബുദ്ധന്റെയും മതപ്രഭാഷണങ്ങളിലും നാം അവ കാണുന്നു. ഹോമറിന്റെ കവിതയിലും എവുരിപ്പിദെസും സൊഫോക്ലെസും രചിച്ച ദുരന്ത നാടകങ്ങളിലും അവ പ്രത്യക്ഷപ്പെടുന്നു. അതുപോലെ പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും തത്ത്വശാസ്ത്രപരമായ ഗ്രന്ഥങ്ങളിലും അവയുണ്ട്. അർത്ഥത്തിനു വേണ്ടിയുള്ള അന്വേഷണമാകുന്ന പൊതു ഉറവിടത്തിൽ നിന്ന് ഉദ്ഭവിക്കുന്ന ചോദ്യങ്ങളാണവ. ആ അന്വേഷണമാകട്ടെ എന്നും മനുഷ്യഹൃദയത്തെ നിർബന്ധിക്കുന്ന ഒന്നായിരുന്നു. യഥാർത്ഥത്തിൽ ആളുകൾ തങ്ങളുടെ ജീവിതത്തെ ഏതു ദിക്കിലേക്കു നയിക്കാനുദ്ദേശിക്കുന്നുവെന്ന് ഈ ചോദ്യങ്ങൾക്കു നൽകപ്പെടുന്ന ഉത്തരം നിശ്ചയിക്കുന്നു.
2. കണ്ടെത്തലിന്റെ ഈ യാത്രയെ സംബന്ധിച്ചിടത്തോളം പരിചയമില്ലാത്തവളല്ല സഭ. അവൾക്ക് അങ്ങനെ ആയിരിക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല. മനുഷ്യജീവിതത്തെ സംബന്ധിച്ച പരമമായ സത്യമെന്ന ദാനം പെസഹാരഹസ്യത്തിലൂടെ സഭയ്ക്കു ലഭിച്ചു. ആ നിമിഷം മുതൽ, യേശുക്രിസ്തു ''വഴിയും സത്യവും ജീവനും'' ( യോഹ. 14:6) ആകുന്നുവെന്നു പ്രഘോഷിക്കാൻ ലോകത്തിലെ വഴികളിലൂടെ അവൾ തീർത്ഥാടനം നടത്തിയിട്ടുണ്ട്. വിവിധമാർഗങ്ങളിലൂടെ മനുഷ്യവംശത്തിനു സേവനം ചെയ്യുക അവളുടെ കടമയാണ്. എന്നാൽ അവയിൽ ഒരു മാർഗം തികച്ചും സവിശേഷമായ ഒരു ഉത്തരവാദിത്വം അവളുടെമേൽ പ്രത്യേകം ചുമത്തുന്നു. ---"സത്യത്തിന്റെ സേവനമാണത്"---. ഈ ദൗത്യം വിശ്വാസികളുടെ സമൂഹത്തെ, സത്യത്തിൽ എത്തിച്ചേരാൻ മനുഷ്യവംശം നടത്തുന്ന പൊതുവായ കഠിനാധ്വാനത്തിലെ ഒരു പങ്കാളിയാക്കുന്നു. അതേസമയം, എത്തിച്ചേർന്ന തീർച്ചകളെപ്പറ്റി പ്രഘോഷിക്കാൻ വിശ്വാസികളുടെ സമൂഹത്തെ അത് കടപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തിന്റെ അന്തിമവെളിപ്പെടലിൽ പ്രത്യക്ഷപ്പെടാനിരിക്കുന്ന സത്യത്തിന്റെ പൂർണതയിലേക്കുള്ള ഒരു പടി മാത്രമാണ്, എത്തിച്ചേർന്ന ഓരോ സത്യവും എന്ന ബോധത്തോടെ "യാണെങ്കിലും അപ്രകാരം ചെയ്യാൻ അതു കടപ്പെടുത്തുന്നു. " ഇപ്പോൾ നമ്മൾ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു. അപ്പോഴാകട്ടെ മുഖാഭിമുഖം ദർശിക്കും." ( 1 കോറി. 13:12)
3. ആളുകൾക്ക് തങ്ങളുടെ ജീവിതം പൂർവ്വാധികം മാനുഷികമാക്കുന്നതിനു വേണ്ടി സത്യത്തെക്കുറിച്ചുള്ള മഹത്തരമായ അറിവ് ഉത്പാദിപ്പിക്കാൻ വിഭവങ്ങളുടെ ഒരു വ്യൂഹം സ്വന്തമായിട്ടുണ്ട്. അവയിലൊന്നാണ് തത്ത്വശാസ്ത്രം (Philosophy). ജീവിതത്തിന്റെ അർത്ഥത്തെപ്പറ്റി ചോദ്യം ചോദിക്കുന്നതിനോടും ആ ചോദ്യത്തിനുള്ള ഉത്തരം രൂപപ്പെടുത്തുന്നതിനോടും നേരിട്ടു ബന്ധപ്പെട്ടതാണത്. അപ്പോൾ തത്ത്വശാസ്ത്രം മനുഷ്യപ്രയത്നങ്ങളിൽ ഏറ്റവും ശ്രേഷ്ടമായവയിൽ ഒന്നായിത്തീരുന്നു. ഗ്രീക്കുഭാഷയിൽ തത്ത്വശാസ്ത്രത്തിനു "ഫിലോസോഫിയ"എന്നാണു പറയുന്നത്. ആ പേരിന്റെ അർഥമാകട്ടെ "ജ്ഞാനത്തോടുള്ള സ്നേഹം (love of wisdom)എന്നാണ്". മനുഷ്യജിവി, വസ്തുക്കളുടെ കാരണത്തെയും ലക്ഷ്യത്തെയും സംബന്ധിച്ചുള്ള ചോദ്യങ്ങൾ ആദ്യമായി ചോദിക്കാൻ തുടങ്ങിയപ്പോൾ ജനിക്കുകയും പോഷിപ്പിക്കപ്പെടുകയും ചെയ്തതാണല്ലോ തത്ത്വശാസ്ത്രം. സത്യത്തിനു വേണ്ടിയുള്ള ആഗ്രഹം മനുഷ്യപ്രകൃതിയുടെ ഭാഗമാണെന്നു വിവിധരീതികളിലും രൂപങ്ങളിലും അതു വ്യക്തമാക്കുന്നു. വ്യത്യസ്ത മാനവസംസ്കാരങ്ങൾ എങ്ങനെ പരസ്പര പൂരകങ്ങളായിരിക്കുന്നുവെന്നു വെളിവാക്കുന്ന ഒരു ചക്രവാളത്തിനുള്ളിലാണ് ക്രമേണ ഉരുത്തിരിയുന്ന ഉത്തരങ്ങൾ നിലകൊള്ളുന്നത്. എങ്കിലും വസ്തുക്കൾ ആയിരിക്കുന്നതുപോലെ ആയിരിക്കുന്നത് എന്തുകൊണ്ട് എന്നു ചോദിക്കുക മാനുഷിക യുക്തിയുടെ സ്വഭാവമാണ്.
പാശ്ചാത്യനാടുകളിലെ സംസ്കാരങ്ങളുടെ രൂപവത്കരണത്തിലും വികസനത്തിലും തത്ത്വശാസ്ത്രത്തിനു ശക്തമായ സ്വാധീനമുണ്ടായിരുന്നു. പൗരസ്ത്യനാടുകളിൽ അസ്തിത്വത്തെപ്പറ്റി മനസ്സിലാക്കുന്നതിന്റെ മാർഗങ്ങളിൽ തത്ത്വശാസ്ത്രത്തിനുണ്ടായിരുന്ന സ്വാധീനത്തെ ആ വസ്തുത മറച്ചുകളയരുത്. ഓരോ ജനതയ്ക്കും ദേശീയവും മൗലികവുമായ ജ്ഞാനമുണ്ട്. അത് യഥാർഥ സാംസ്കാരിക നിക്ഷേപമെന്ന നിലയിൽ തത്വചിന്താപരമായിട്ടുള്ള രൂപങ്ങളിൽ സ്വയം പ്രകടിപ്പിക്കാനും വികസിക്കാനും പ്രവണത കാണിക്കുന്നു. സമൂഹത്തിന്റെ ജിവിതത്തെ നിയന്ത്രിക്കുന്നതിൽ ദേശീയവും അന്തർദേശീയവുമായ നിയമസമ്പ്രദായങ്ങളെ പ്രചോദിപ്പിക്കുന്ന അവകാശവാദങ്ങളിൽ ഇന്നും കാണുന്ന താത്ത്വിക ജ്ഞാനത്തിന്റെ മൗലികരൂപം ഇതിന് ഒരു ഉദാഹരണമാണ്.
4. എന്നിരുന്നാലും ഒറ്റപ്പദം വ്യത്യസ്താർഥങ്ങളെ ഒളിച്ചുവച്ചിരിക്കുന്നു എന്നത് സത്യമാണ്. അതുകൊണ്ട് പ്രാഥമിക വിശദീകരണത്തിന്റെ ആവശ്യമുണ്ടാകുന്നു. അസ്തിത്വത്തിന്റെ പരമസത്യം കണ്ടെത്താനുള്ള ആഗ്രഹത്താൽ മനുഷ്യജീവികൾ പ്രചോദിപ്പിക്കപ്പെടുന്നു. അങ്ങനെ, തങ്ങളെത്തന്നെ കൂടുതൽ നന്നായി മനസ്സിലാക്കാനും സ്വന്തം ആത്മസാക്ഷാത്ക്കാരത്തിൽ മുന്നേറാനും തങ്ങളെ കഴിവുള്ളവരാക്കുന്ന സാർവ്വത്രികജ്ഞാനത്തിന്റെ ഘടകങ്ങൾ നേടാൻ അവർ പരിശ്രമിക്കുന്നു. സൃഷ്ടിയെപ്പറ്റിയുള്ള ധ്യാനം വഴി അവരിലുണ്ടാകുന്ന വിസ്മയത്തിൽനിന്ന് അറിവിന്റെ ഈ അടിസ്ഥാനഘടകങ്ങൾ ഉറവെടുക്കുന്നു: പൊതുഭാഗധേയത്തിൽ പങ്കുപറ്റുന്ന, തങ്ങളെപ്പോലുള്ള മറ്റുള്ളവരുമായുള്ള ബന്ധത്തിൽ കഴിയുന്ന, ഈ ലോകത്തിന്റെ ഭാഗമാണു തങ്ങളെന്നു കണ്ടെത്തുമ്പോൾ മനുഷ്യർ വിസ്മയിക്കുന്നു.
അപ്പോൾ, അവിടെ യാത്ര തുടങ്ങുന്നു; അറിവിന്റെ എന്നെന്നും പുതുതായിരിക്കുന്ന അതിരുകൾ കണ്ടെത്തുന്നതിനുള്ള യാത്ര. വിസ്മയമില്ലെങ്കിൽ മനുഷ്യർ നിർജീവവും വിരസവുമായ ജീവിതക്രമത്തിലെത്തിച്ചേരും; യഥാർഥത്തിൽ വ്യക്തിപരമായ ജിവിതം നയിക്കാനുള്ള കഴിവ് അൽപാൽപമായി ഇല്ലാതാവുകയും ചെയ്യും.
[വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ; "വിശ്വാസവും യുക്തിയും, നമ്പർ 1,2,3,4"]