Home | Articles | 

jintochittilappilly.in
Posted On: 16/07/20 16:35
ഭക്ത്യാഭ്യാസങ്ങളും ആദ്ധ്യാത്മിക പുരോഗമനവും

 


അല്മായരും ധ്യാനോത്സുകരാകട്ടെ :

വൈദികഗണത്തിൽ പെട്ടവർ മാത്രമല്ല അല്മായ ഗണത്തിൽപെട്ട വരും വിശിഷ്യാ  മതപരമായ സഖ്യങ്ങളിലോ  കത്തോലിക്ക പ്രവർത്തനത്തിലോ  ചേർന്നിട്ടുള്ളവരുമായ ആളുകൾ - ആവുന്നിടത്തോളം  കൂടുതൽ പേർ പ്രതിമാസധ്യാനങ്ങളിലും ഭക്തി  പരിപോഷണാർത്ഥം നിശ്ചിത കാലഘട്ടങ്ങളിൽ നടത്തുന്ന  ആധ്യാത്മികാഭ്യാസങ്ങളിലും  പങ്കെടുക്കുവാൻ പ്രത്യേകവിധം പരിശ്രമിക്കട്ടെ.  നാം മുമ്പ് പ്രസ്താവിച്ച പോലെ യഥാർത്ഥഭക്തി വിശ്വാസികളിൽ വിതയ്ക്കാനും വിശുദ്ധ ആരാധനക്രമത്തിൽ നിന്ന് കൂടുതൽ പ്രയോജനകരവും കൂടുതൽ ഫലപ്രദായകവുമായ  നന്മകൾ പ്രാപിക്കാനിടവരുത്തുന്ന  പുണ്യം അവർക്കുളവാകുവാനും  അത്തരം ഭക്ത്യാഭ്യാസങ്ങൾ വളരെ ഉപകരിക്കുന്നതാകുന്നു.അവ വളരെ ആവശ്യവുമാകുന്നു.

 വിവിധ ധ്യാനമാർഗങ്ങൾ:

പ്രസ്തുത ഭക്ത്യാഭ്യാസങ്ങൾ സാധാര ണമായി നിർവഹിക്കപ്പെടുന്ന വിവിധ രീതികളെ സംബന്ധിച്ചിടത്തോളം എല്ലാവരും അനുസ്മരിക്കട്ടെ,  സ്വർഗ്ഗീയ സഭയിൽ എന്നപോലെ ഭൗമിക സഭയിലും അനേകം ഹർമ്യങ്ങളുണ്ടെന്നും
തപോജീവിതസിദ്ധാന്തം (asceticism) ആരുടേയും കുത്തകയല്ലെന്നും. ആത്മാവ് (റൂഹാ) ഒന്നു മാത്രമേയുള്ളൂ. "അത് (കാറ്റ്) അതിന് ഇഷ്ടമുള്ളിടത്ത് ഊതുന്നു"  എന്ന് വിശുദ്ധ യോഹന്നാൻ സുവിശേഷകൻ പ്രസ്താവിക്കുന്നു. ആ പരിശുദ്ധാത്മാവ്,  താൻ  പ്രകാശിപ്പിക്കുന്ന ആത്മാക്കളെ വിവിധ ദാനങ്ങൾ വഴിയായും,  വിവിധ മാർഗ്ഗങ്ങൾക്കൂടിയും വിശുദ്ധിയിലേക്ക് നയിക്കുന്നു. അവരുടെ സ്വാതന്ത്ര്യവും,  അവരിലുള്ള പരിശുദ്ധാത്മാവിന്റെ  പ്രവർത്തനവും അഭംഗുരമായിരിക്കണം. അവയെ പ്രതിബന്ധിക്കുന്നതിനോ കൈയേറ്റം  ചെയ്യുന്നതിനോ  യാതൊരു കാരണവശാലും ആർക്കും അനുവാദമില്ല.

വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ തത്വങ്ങളും രീതിയും അനുസരിച്ച് നടത്തുന്ന ആധ്യാത്മിക അഭ്യാസങ്ങളെ  അവയുടെ അത്ഭുതാവഹമായ ഫലസിദ്ധിമൂലം നമ്മുടെ മുൻഗാമികൾ പൂർണ്ണമായി അംഗീകരിക്കുകയും ശക്തിയായി ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നുള്ള  വസ്തുത സുജ്ഞാതമാണല്ലോ.(the spiritual exercise according to the method and norms of St. Ignatius have been fully approved and earnestly recommended by Our predecessors on account of their admirable efficacy). നാമും  അതേവിധം തന്നെ അംഗീകരിക്കുകയും ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. അത് ഇപ്പോഴും നാം സസന്തോഷം ആവർത്തിക്കുന്നു.

 ദൈവികാരാധനയിലുള്ള  ശുഷ്കാന്തി ഇവയുടെ ഫലമായിരിക്കും:

 ഏതെങ്കിലും പ്രത്യേക തരത്തിലുള്ള ധ്യാനമുറ പ്രകാശങ്ങളുടെ പിതാവിൽ നിന്ന് ഉത്ഭവിക്കേണ്ടിയിരിക്കുന്നു. അവിടെനിന്നാണ് ഉത്തമവും പരിപൂർണ്ണമായ ഏതു ദാനവും വരുന്നത്.(Any inspiration to follow and practice extraordinary exercises of piety must most certainly come from the Father of Lights, from whom every good and perfect gift descends) പ്രസ്തുത പ്രത്യേക ധ്യാനമുറ ദൈവികാരാധനയെ കൂടുതൽ അഭിവൃദ്ധിപ്പെടുത്തുകയും, കൂദാശകൾ
തീക്ഷണതയോടെ സ്വീകരിക്കുന്നതിനും, വിശുദ്ധ കാര്യങ്ങളിൽ കൂടുതൽ ഭക്ത്യാദരങ്ങളുണ്ടാകുന്നതിനും  അതു വിശ്വാസികൾക്കു പ്രേരകമായി ത്തീരുകയും  ചെയ്യുന്നുവെങ്കിൽ,
ഈ ഗുണവിശേഷങ്ങൾ തന്നെയായിരിക്കും തീർച്ചയായും പ്രസ്തുത രീതിയുടെ ദൈവികോൽപ്പത്തിയെ നിർണ്ണയിക്കുന്ന മാനദണ്ഡം. എന്നാൽ,  മറിച്ച് ദിവ്യാരാധനയെ  സംബന്ധിച്ച് നിയമാനുഷ്ഠാനങ്ങൾക്ക് ഈ നൂതന രീതി പ്രതിബന്ധമായിരിക്കയോ  അഥവാ എതിരായും ഹാനികരമായും  പ്രവർത്തിക്കുകയോ ചെയ്യുന്നപക്ഷം ഇത് ശരിയായ ആലോചനയാലോ,  വിവേകപൂർവ്വമായ തീക്ഷ്ണതയാലോ നയിക്കപ്പെടുന്നതല്ലെന്ന്  സംശയമെന്യേ  കരുതാവുന്നതാണ്.

 പ്രോത്സാഹനാർഹമായ ചില പ്രത്യേക ഭക്തികൾ :

 വിശുദ്ധ ആരാധനക്രമത്തോട് ദൃഢബന്ധമല്ലാത്തവയെങ്കിലും പ്രത്യേക പ്രാധാന്യവും ഉൽകൃഷ്ടവും ഉള്ള വേറെ ഭക്ത്യാഭ്യാസങ്ങൾ ഉണ്ട്. അവയെ ഒരു പ്രകാരത്തിൽ ആരാധനക്രമത്തിന്റെ  പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.‌  പരിശുദ്ധ സിംഹാസനവും വൈദീകാധ്യക്ഷന്മാരും ആവർത്തിച്ചാവർത്തിച്ചു അവയെ അംഗീകരിച്ചിട്ടുള്ളതും പ്രശംസിച്ചിട്ടുള്ളതും ആകുന്നു. മെയ് മാസത്തിൽ കന്യകയായ ദൈവമാതാവിനോടും ജൂൺ മാസത്തിൽ ഈശോയുടെ തിരുഹൃദയത്തോടുള്ള  വണക്കം പ്രസ്തുത ഗണത്തിൽ പെട്ടവയാണ്.അപ്രകാരംതന്നെ നവനാൾഅപേക്ഷകളും (നൊവേന) ത്രിദിനാപേക്ഷകളും,  കുരിശിന്റെ  വഴിയും, മറ്റു ഭക്ത്യാഭ്യാസങ്ങളും.

കൂടെ കൂടെ കുമ്പസാരിക്കുന്നതിനും ദിവ്യബലിയിലും ദിവ്യവിരുന്നിലും (കുർബാന സ്വീകരണം)മുറയ്ക്കു ഭക്തിയോടെ പങ്കുകൊള്ളുന്നതിനും നമ്മുടെ ദിവ്യ രക്ഷകന്റെ പരിത്രാണരഹസ്യങ്ങൾ ധ്യാനിക്കുന്നതിനും സ്വർഗ്ഗസ്ഥരായ വിശുദ്ധരുടെ ഉൽകൃഷ്ട മാതൃകകൾ  അനുകരിക്കുന്നതിനും  ഈ ഭക്തികർമ്മങ്ങൾ  വിശ്വാസികളെ പ്രേരിപ്പിക്കുന്നു. അതിനാൽ,  ആദ്ധ്യാത്മികമായി കൂടുതൽ ഫലപ്രദമാംവിധം തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനും ഇവ നമ്മെ  പ്രാപ്തരാക്കുന്നു.

ഈ ഭക്ത്യാഭ്യാസങ്ങളെ  പരിവർത്തനം ചെയ്തു,  മുറയ്ക്കുള്ള  ആരാധനക്രമത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഒതുക്കി നിർത്താൻ പരിശ്രമിക്കുന്നത് വിനാശകരവും പ്രമാദസമ്പൂർണവുമായ പ്രവർത്തിയാണ്. എങ്കിലും ഈ
ഭക്ത്യാഭ്യാസങ്ങളിൽ അനുചിതവും ദൈവഭവനത്തിന്റെ മഹിമയ്ക്കു യോജിക്കാത്തതും തിരുക്കർമ്മങ്ങളുടെ നിർവഹണത്തിന് ഹാനികരവും, യഥാർത്ഥ ഭക്തിക്ക് വിരുദ്ധമായി  യാതൊന്നും ഉണ്ടാകരുത്. വിശുദ്ധ ആരാധനക്രമത്തിന്റെ ചൈതന്യവും പ്രമാണങ്ങളും അനുസരിച്ച് ഇവ നിയന്ത്രിക്കപ്പെടേണ്ടതാകുന്നു.(Hence, he would do something very wrong and dangerous who would dare to take on himself to reform all these exercises of piety and reduce them completely to the methods and norms of liturgical rites. However, it is necessary that the spirit of the sacred liturgy and its directives should exercise such a salutary influence on them that nothing improper be introduced nor anything unworthy of the dignity of the house of God or detrimental to the sacred functions or opposed to solid piety.)

 ഭക്തിമുറകളുടെ ആധിക്യമല്ല  ആദ്ധ്യാത്മിക പുരോഗമനമാണാവശ്യം:

ക്രിസ്തീയ ജീവിതം വിവിധങ്ങളായ അനേകം പ്രാർത്ഥനകളിലും ഭക്ത്യാഭ്യാസങ്ങളിലുമല്ല അടങ്ങിയിരിക്കുന്നതെന്നും മറിച്ചു,  വിശ്വാസികളുടെ അദ്ധ്യാത്മിക ഉന്നമനത്തിനും തിരുസഭ മുഴുവന്റെയും  അഭിവൃദ്ധിക്കും ഉപകാരപ്പെടുന്നതിലാണ്  അടങ്ങിയിരിക്കുന്നതെന്നും  എല്ലാവരെയും ഗ്രഹിപ്പിക്കുന്നതിൽ നിങ്ങൾ അമാന്തിക്കരുത്. ആകയാൽ, നമ്മുടെ പ്രാർത്ഥനകളുടെയും  ഭക്ത്യാഭ്യാസങ്ങളുടെയുമെല്ലാം ലക്ഷ്യം  ഇതായിരിക്കണം: നമ്മുടെ ആദ്ധ്യാത്മിക ശക്തിവിശേഷങ്ങളെ ഇത്ര ഉന്നതവും ഇത്ര ഉൽകൃഷ്ടവുമായ ഉദ്ദേശ പ്രാപ്തിക്കായി നയിക്കുക. (All our prayers, then, and all our religious practices should aim at directing our spiritual energies towards attaining this most noble and lofty end).

[എടുത്തിരിക്കുന്നത് - പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ ചാക്രിക ലേഖനം "മെദിയത്തോർ ദേയി", നമ്പർ 178 മുതൽ 185 വരെ ]




Article URL:







Quick Links

ഭക്ത്യാഭ്യാസങ്ങളും ആദ്ധ്യാത്മിക പുരോഗമനവും

അല്മായരും ധ്യാനോത്സുകരാകട്ടെ : വൈദികഗണത്തിൽ പെട്ടവർ മാത്രമല്ല അല്മായ ഗണത്തിൽപെട്ട വരും വിശിഷ്യാ  മതപരമായ സഖ്യങ്ങളിലോ  കത്തോലിക്ക പ്രവർത്തനത്തിലോ  ചേർന്നിട്ടുള്ളവരുമായ ആളുകൾ - ആവ... Continue reading


*ബാഹേന്ദ്രിയങ്ങൾക്ക് (bodily senses) അതിസ്വാഭാവികമായി ഗോചരമാകുന്ന ഉപലംഭങ്ങൾ (apprehensions)

കത്തോലിക്കാ ആദ്ധ്യാത്മികത  ജീവിക്കാൻ ആഗ്രഹിക്കുന്നവ ർക്ക് വേണ്ടി മാത്രം എഴുതി തയ്യാറാക്കിയത്. ഉപരിപ്ലവമായി ആദ്ധ്യാത്മികതയെ അവലംഭിക്കുന്നവർക്ക് ഇത് ഭോഷത്തമായി തോന്നുക സ്വാഭാവികം. മൗതിക വേദ... Continue reading