Home | Articles | 

jintochittilappilly.in
Posted On: 20/08/20 22:30
രോഗശാന്തി പ്രാർത്ഥനയെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശരേഖ -വത്തിക്കാൻ

 


ശിക്ഷണപരമായ നിബന്ധകൾ: (1)*

വകുപ്പ് I: ഏതു വിശ്വാസിയും രോഗശാന്തിക്കായി ദൈവത്തോടു പ്രാർത്ഥിക്കുന്നത് നിയമാനുസൃതമാണ്. ഈ പ്രാർത്ഥന പള്ളിയിലോ മറ്റ് ഏതെങ്കിലും പുണ്യസ്ഥലത്തോ സംഘടിപ്പിക്കുമ്പോൾ, അത്തരം പ്രാർത്ഥനകൾക്ക് കൗദാശിക പൗരോഹിത്യമുള്ള ഒരാൾ നേതൃത്വം നല്കുന്നത് ഉചിതമായിരിക്കും.

വകുപ്പ് II : സഭാധികാരി അംഗീകരിച്ച ലിറ്റർജി പുസ്തകങ്ങളിലുള്ള സൗഖ്യദായക പ്രാർത്ഥനകൾ ലിറ്റർജിപരമാണെന്ന് കരുതണം. അല്ലാത്ത പ്രാർത്ഥനകൾ ലിറ്റർജിപരമല്ല.

വകുപ്പ് III :

(1) ലിറ്റർജിപരമായ സൗഖ്യദായക പ്രാർത്ഥനകൾ അനുഷ്ഠാനക്രമമനുസരിച്ചു ചൊല്ലണം. റോമൻ അനുഷ്ഠാനകമഗ്രന്ഥത്തിൽ (Roman Rituale) കൊടുത്തിരിക്കുന്ന രോഗികൾക്കുള്ള ആശീർവാദക്രമത്തിൽ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗികവേഷമണിഞ്ഞുവേണം പ്രാർത്ഥിക്കാൻ.

(2) മെത്രാന്മാരുടെ കോൺഫ്രൻസുകൾക്ക് രോഗികൾക്കായുള്ള ആശീർവാദത്തിന്റെ അനുഷ്ഠാനക്രമത്തിൽ അനുരൂപണം ഏർപ്പെടുത്താം. അജപാലനപരമായി ഉപയോഗമുണ്ടായിരിക്കുമ്പോഴും അത്യാവശ്യമാണെന്ന് തോന്നുമ്പോഴും അങ്ങനെ ചെയ്യാം. ശ്ലൈഹിക സിംഹാസനത്തിന്റെ മുൻകൂട്ടിയുള്ള അംഗീകാരം അതിനാവശ്യമാണ്. മെത്രാന്മാരുടെ കോൺഫ്രൻസുകൾക്ക് കൂട്ടിച്ചേർക്കാവുന്ന കാര്യങ്ങളെപ്പറ്റി റോമൻ അനുഷ്ഠാനഗ്രന്ഥത്തിന്റെ ആമുഖം നമ്പർ 5-ൽ പറയുന്നതനുസരിച്ചുവേണം അനുരൂപണങ്ങൾ നടപ്പിലാക്കാൻ.

വകുപ്പ് IV:

(1) കാനൻ നിയമം 838.4 അനുസരിച്ച് സുഖപ്പെടുത്തൽ സംബന്ധിച്ച ലിറ്റർജിപരമായ ശുശ്രൂഷകളെക്കുറിച്ചുള്ള നിയമങ്ങൾ സ്വന്തം രൂപതയ്ക്കായി നിർമ്മിക്കാൻ രൂപതാധ്യക്ഷനായ മെത്രാന് അവകാശമുണ്ട്.

(2) സുഖപ്പെടുത്തലിനുള്ള ലിറ്റർജിപരമായ ശുശ്രൂഷ തയ്യാറാക്കുന്നവർ ഈ നിബന്ധനകൾ അനുസരിക്കണം.

(3) അത്തരം ശുശ്രൂഷകൾ നടത്താനുള്ള അനുവാദം വ്യക്തമായി നല്കപ്പെട്ടിരിക്കണം. അവ മെത്രാന്മാരോ കർദ്ദിനാൾമാരോ നടത്തുന്നതായാലും അങ്ങനെ ചെയ്യണം. അവർ അതിൽ പങ്കുകൊള്ളുന്നവരാണെങ്കിലും അങ്ങനെ ചെയ്യണം. ഒരു രൂപതാദ്ധ്യക്ഷന്, തക്കകാരണമുള്ളപ്പോൾ, മറ്റൊരു മെത്രാന്റെ ഭാഗഭാഗിത്വം നിഷേധിക്കാവുന്നതാണ്.

വകുപ്പ് V:

(1) പ്രാർത്ഥനയ്ക്കായുള്ള സമ്മേളനങ്ങൾ, ദൈവവചനം വായിക്കാനുള്ള സമ്മേളനങ്ങൾ മുതലായവപോലെ സുഖപ്പെടുത്തലിനുവേണ്ടിയുള്ള ലിറ്റർജിപരമല്ലാത്ത പ്രാർത്ഥനാസമ്മേളനങ്ങൾ ലിറ്റർജിപരമായ ആഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് സംഘടിപ്പിക്കുന്നത്. അവ കാനൻ നിയമം 839.2 പ്രകാരം സ്ഥലത്തെ മെത്രാന്റെ നിരീക്ഷണത്തിൻ കീഴിലായിരിക്കും.

(2) അത്തരത്തിലുള്ള സ്വതന്ത്രമായ, ലിറ്റർജിപരമല്ലാത്ത, പ്രാർത്ഥനകളും, ലിറ്റർജിപരമെന്ന് വിളിക്കാവുന്ന പ്രാർത്ഥനകളും തമ്മിൽ കൂടിക്കുഴയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

(3) ഹിസ്റ്റീരിയ, കൃത്രിമത്വം, നാടകീയത, വൈകാരിക വിക്ഷോഭമുളവാക്കുന്ന രീതികൾ എന്നിവയുടെ പ്രതീതി ജനിപ്പിക്കുന്നതെല്ലാം അത്തരം സമ്മേളനങ്ങളിൽനിന്ന് ഒഴിവാക്കണം. പ്രത്യേകിച്ച് അത്തരം സമ്മേളനങ്ങൾക്ക് ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് അവ ഒഴിവാക്കപ്പെടണം.

വകുപ്പ് VI: സുഖപ്പെടുത്തലിനുവേണ്ടിയുള്ള പ്രാർത്ഥനകൾ ലിറ്റർജിപരമായാലും ലിറ്റർജിപരമല്ലെങ്കിലും അവയിൽ മാധ്യമങ്ങളുടെ (പ്രത്യേകിച്ച് ടെലിവിഷൻ) പ്രയോഗം രൂപതാധ്യക്ഷന്റെ നിരീക്ഷണത്തിൽ കീഴിലാണ്. കാനൻ നിയമം 823 അനുസരിച്ചും 1992 മാർച്ച് 30-ന് വിശ്വാസസത്യ തിരുസംഘം പുറപ്പെടുവിച്ച മാർഗനിർദ്ദേശരേഖയനുസരിച്ചുമായിരിക്കണമത്.

വകുപ്പ്VII:

(1) മൂന്നാം വകുപ്പിൽ പറഞ്ഞിരിക്കുന്നതനുസരിച്ചായാലും ലിറ്റർജിപുസ്തകങ്ങളിൽ കൊടുത്തിട്ടുള്ള രോഗികൾക്കായുള്ള ആഘോഷങ്ങളനുസരിച്ചായാലും രോഗശാന്തിക്കുള്ള പ്രാർത്ഥനകൾ (ലിറ്റർജിപരമായാലും അല്ലെങ്കിലും) കുർബാനയാഘോഷം, കൂദാശകളുടെ ആഘോഷം കാനോനനമസ്കാരം എന്നിവയിൽ ഉൾപ്പെടുത്തി നടത്താൻ പാടില്ല.

(2) ഒന്നാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ആഘോഷങ്ങളിൽ, രോഗികളുടെ സുഖപ്രാപ്തിക്കായുള്ള പ്രത്യേക പ്രാർത്ഥനാനിയോഗങ്ങൾ പൊതു മധ്യസ്ഥ പ്രാർത്ഥനകളിൽ അഥവാ വിശ്വാസികളുടെ പ്രാർത്ഥനകളിൽ, അനുവദിക്കപ്പെടാവുന്ന സന്ദർഭത്തിൽ, ഉൾപ്പെടുത്താവുന്നതാണ്.

വകുപ്പ് VIII :

(1) ഭൂതബാധഒഴിപ്പിക്കൽ രൂപതാധ്യക്ഷൻ കർശനമായ നിയന്ത്രണത്തിൻ കീഴിലേ നടത്താവൂ. കാനൻ നിയമം 1172, വിശ്വാസ സത്യതിരുസംഘം 1985 സെപ്റ്റംബർ 29-ന് പുറപ്പെടുവിച്ച എഴുത്ത് , റോമൻ അനുഷ്ഠാനഗ്രന്ഥം' എന്നിവ അനുസരിച്ച് അപ്രകാരം ചെയ്യണം.

(2) റോമൻ അനുഷ്ഠാനഗ്രന്ഥത്തിൽ കൊടുത്തിട്ടുള്ള ഭൂതോച്ചാടന പ്രാർത്ഥനകൾ, രോഗശാന്തി ശുശ്രൂഷകളിൽനിന്ന് വേർപെട്ടു നില്ക്കണം. അവ ലിറ്റർജിപരമായാലും അല്ലെങ്കിലും അപ്രകാരമായിരിക്കണം.

(3) അപ്രകാരമുള്ള ഭൂതോച്ചാടന പ്രാർത്ഥനകൾ കുർബാനയിലോ കൂദാശകളിലോ, കാനോനനമസ്കാരത്തിലോ കൂട്ടിച്ചേർക്കുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.

വകുപ്പ് IX: ലിറ്റർജിപരമോ അല്ലാത്തതോ ആയ രോഗശാന്തി ശുശ്രൂഷകൾ നയിക്കുന്നവർ സമ്മേളനത്തിൽ സമാധാനപൂർണമായ ഭക്തിയുടെ ഒരന്തരീക്ഷം പുലർത്താൻ പരിശ്രമിക്കണം. സന്നിഹിതരായവരിൽ സുഖപ്രാപ്തി ഉണ്ടായാൽ അതിനെ സംബന്ധിച്ച് അത്യാവശ്യമായിരിക്കുന്ന വിവേകം കാണിക്കണം. ആഘോഷം കഴിയുമ്പോൾ അവർക്ക് സാക്ഷ്യങ്ങൾ കൃത്യമായി ശ്രദ്ധാപൂർവ്വം ശേഖരിക്കാം. അവ സഭാധികാരിയെ ഏല്പിക്കുകയും വേണം( proper ecclesiastical authority).

വകുപ്പ് X: ലിറ്റർജിപരമോ അല്ലാത്തതോ ആയ രോഗശാന്തി ശുശ്രൂഷകളിൽ ദുരുപയോഗങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ രൂപതാധ്യക്ഷന്റെ ആധികാരികമായ ഇടപെടൽ സയുക്തികവും അത്യന്താപേക്ഷിതവുമാണ്. വിശ്വാസികളുടെ സമൂഹത്തിന് വ്യക്തമായ ഉതപ്പ് നൽകുമ്പോൾ, അല്ലെങ്കിൽ ലിറ്റർജിപരമോ ശിക്ഷണപരമോ ആയ നിയമങ്ങൾ ഗൗരവമായതോതിൽ ലംഘിക്കുമ്പോൾ രൂപതാധ്യക്ഷന്റെ ആധികാരിക ഇടപെടൽ നീതിയുക്തവും അത്യന്താപേക്ഷിതവുമാണ്.

പരിശുദ്ധപിതാവ് ജോൺപോൾ രണ്ടാമൻ, താഴെ ഒപ്പിട്ടിരിക്കുന്ന കാർഡിനൽ പ്രീഫെക്ടിന് അനുവദിച്ച അഭിമുഖ സംഭാഷണത്തിൽ, ഈ മാർഗ നിർദ്ദേശ രേഖ അംഗീകരിക്കുകയും, ഇത് ഈ തിരുസംഘത്തിന്റെ ഓർഡിനറി സെഷനിൽ സ്വീകരിക്കുകയും, ഇത് പ്രസിദ്ധീകരിക്കാൻ കല്പിക്കുകയും ചെയ്തു.

കാര്യങ്ങൾ ചുരുക്കത്തിൽ (2)*:

രോഗശാന്തിയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനയെയും രോഗശാന്തി ലക്ഷ്യമാക്കിയുള്ള സമ്മേളനങ്ങളെയും സംബന്ധിച്ച് പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമന്റെ അംഗീകാരത്തോടെ, 2000 സെപ്റ്റംബർ 14 -ാം തീയതി വിശ്വാസസത്യതിരുസംഘം ഔദ്യോഗികരേഖ (Instruction on Prayer for Healing) പ്രസിദ്ധികരിച്ചിട്ടുണ്ട്. അതിൽ ശ്ലൈഹിക കാലഘട്ടത്തിൽ സുവിശേഷപ്രഘോഷണത്തെ സ്ഥിരീകരിക്കുന്നതിനായി നടന്ന അത്ഭുത രോഗശമനങ്ങളും ഇന്നത്തെ രോഗശാന്തി സമ്മേളനങ്ങളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നുണ്ട്. “ഇന്നത്തെ പ്രശ്നം സന്നിഹിതരായിരിക്കുന്ന രോഗികളെ അത്ഭുതകരമായി സുഖപ്പെടുത്തുന്നതിനുള്ള പ്രാർത്ഥനാ സമ്മേളനങ്ങളാണ്."

പ്രസ്തുത രേഖയുടെ അവസാനഭാഗത്ത് ചില മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നുണ്ട്. അതിൽനിന്ന് പ്രസക്തമായ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു.

1. ലിറ്റർജിപരമായ കർമ്മങ്ങളും സ്വതന്ത്രമായ രോഗശാന്തി പ്രാർത്ഥനകളും കൂട്ടിക്കലർത്തുവാൻ പാടില്ല.

2. രോഗശാന്തി ശുശ്രൂഷകൾ നടത്തുന്നവർ സമ്മേളനത്തിൽ സമാധാനപൂർണ്ണമായ ഭക്തിയുടെ അന്തരീക്ഷം പുലർത്തുവാൻ പരിശ്രമിക്കണം.

3. ഹിസ്റ്റീരിയാ, കൃത്രിമത്വം, നാടകീയത, വൈകാരിക വിക്ഷോഭങ്ങൾ ഉളവാക്കുന്ന രീതികൾ എന്നിവയുടെ പ്രതീതി ജനിപ്പിക്കുന്നതെല്ലാം
പ്രാർത്ഥനാസമ്മേളനങ്ങളിൽനിന്ന് ഒഴിവാക്കണം.

4. സന്നിഹിതരായവരിൽ സുഖപ്രാപ്തി ഉണ്ടായാൽ അതിനെ സംബന്ധിച്ച് അത്യാവശ്യമായിരിക്കുന്ന വിവേകം കാണിക്കണം. ശുശ്രൂഷ കഴിയുമ്പോൾ അവർക്കു സാക്ഷ്യങ്ങൾ കൃത്യമായി ശ്രദ്ധാപൂർവ്വം ശേഖരിക്കാം. അവ സഭാധികാരിയെ ഏല്പിക്കുകയും വേണം.

5. ഭൂതബാധ ഒഴിവാക്കൽ രൂപതാദ്ധ്യക്ഷന്റെ കർശനമായ നിയന്ത്രണത്തിൻകീഴിലേ നടത്താവു. (Canon 1172).

6. ഭൂതോച്ഛാടനപ്രാർത്ഥനകൾ പരിശുദ്ധ കുർബാനയിലോ, കൂദാശകളിലോ, യാമപ്രാർത്ഥനയിലോ കൂട്ടിച്ചേർക്കുന്നതു പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. (Instruction on Prayer for Healing).

എന്നാൽ പല പ്രാർത്ഥനാസമ്മേളനങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ഈ നിർദ്ദേശങ്ങൾക്കു വിരുദ്ധമായ രീതികൾ സ്വീകരിക്കുകയും പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നതായിട്ടാണറിവ്.

*REFERENCES :

1. "രോഗശാന്തി പ്രാർത്ഥനയെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശ രേഖ" റോം, വിശ്വാസസത്യതിരുസംഘത്തിന്റെ കാര്യാലയങ്ങൾ, 2000 സെപ്റ്റംബർ 14, ജോസഫ് കാർഡിനൽ റാറ്റ്സിംഗർ

2. ലിറ്റർജി പെന്തക്കോസ്തലിസം ധ്യാനകേന്ദ്രങ്ങൾ, പേജ് 43, 44 (ബിഷപ്പ് എബ്രഹാം മറ്റം)



Article URL:







Quick Links

രോഗശാന്തി പ്രാർത്ഥനയെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശരേഖ -വത്തിക്കാൻ

ശിക്ഷണപരമായ നിബന്ധകൾ: (1)* വകുപ്പ് I: ഏതു വിശ്വാസിയും രോഗശാന്തിക്കായി ദൈവത്തോടു പ്രാർത്ഥിക്കുന്നത് നിയമാനുസൃതമാണ്. ഈ പ്രാർത്ഥന പള്ളിയിലോ മറ... Continue reading


"മാനവകുലത്തിന്റെ മുഴുവൻ ഏക രക്ഷകൻ - യേശു ക്രിസ്തു "

"സത്യത്തോടുള്ള ആദ്യ പ്രതികരണം സത്യത്തോട് തന്നെയുള്ള വെറുപ്പാണെന്ന് " ആദിമസഭയിലെ പണ്ഡിതനായ തെർത്തുല്യൻ പറയുന്നു. "മറ്റാരിലും രക്‌ഷയില്ല.ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌... Continue reading


മാർപാപ്പമാരുടെയും സാർവ്വത്രിക സൂനഹദോസുകളുടെയും തെറ്റാവരത്തിന് (Infallible teachings) ചില നിബന്ധനകൾ

ഒന്നാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു : "പത്രോസിന്റെ  പിൻഗാമികൾക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ വെളിപ്പെടുത്തൽ വഴി അവർ പുതിയ സിദ്ധാന്തം അവതരിപ്പിക്ക... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രധാന കർത്തവ്യം - സത്യം സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഇക്കാര്യം പരിഗണിക്കാന്‍ അപ്പസ്‌തോലന്‍മാരും ശ്രേഷ്‌ഠന്‍മാരും ഒരുമിച്ചുകൂടി.വലിയ വാദപ്രതിവാദം നടന്നപ്പോള്‍, പത്രോസ്‌ എഴുന്നേറ്റു പറഞ്ഞു[അപ്പ. പ്രവര്‍ത്തനങ്ങള്‍... Continue reading