ഇക്കാര്യം പരിഗണിക്കാന്‍ അപ്പസ്‌തോലന്‍മാരും ശ്രേഷ്‌ഠന്‍മാരും ഒരുമിച്ചുകൂടി.വലിയ വാദപ്രതിവാദം നടന്നപ്പോള്‍, പത്രോസ് എഴുന്നേറ്റു പറഞ്ഞു[അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 6-7]
വി ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ "രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ" ഉദ്‌ഘാടനപ്രസംഗത്തിൽ നിന്ന് :
ക്രിസ്തീയ വിശ്വാസതത്ത്വമെന്ന [Christian Doctrine] പരിപാവനമായ നിക്ഷേപം കാത്തുസൂക്ഷിക്കുക; ഫലപ്രദമായി പഠിപ്പിക്കുക ;അതാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പ്രധാന ചുമതല. മനുഷ്യനെ മുഴുവനായി സ്പർശിക്കുന്നതാണ് ഈ തത്ത്വസംഹിത;ശരീരവും ആത്മാവുമുള്ള മനുഷ്യനെ, ഈ ഭൂമിയിൽ വഴിയാത്രക്കാരനായി കഴിയുന്ന അവനെ സ്വർഗ്ഗോന്മുഖനായി ചരിക്കുവാൻ ഈ തത്ത്വസംഹിത ഉദ്ബോധിപ്പിക്കുകയാണ്. നാം ഈ ലോകത്തിലെ പൗരന്മാരാണ്; അതുപോലെതന്നെ സ്വർഗ്ഗീയ സാമ്രാജ്യത്തിലെയും. ഇതുരണ്ടും സംബന്ധിച്ച കടമകൾ പൂർത്തിയാക്കത്തക്കവിധം നമ്മുടെ ഈ നശ്വര ജീവിതം എങ്ങനെയാണ് ക്രമവത്ക്കരിക്കേണ്ടതെന്ന് ഈ തത്ത്വസംഹിത നമ്മെ കാണിച്ചു തരുന്നു. അപ്പോൾ മാത്രമേ ദൈവം നിശ്ചയിച്ചിരിക്കുന്ന ജീവിതാന്ത്യം നാം പ്രാപിക്കൂ. അത് വിശദീകരിക്കാം: മനുഷ്യർ വ്യക്തികളാകട്ടെ സമൂഹങ്ങളാകട്ടെ, അവർ ഈ ലോകത്തിൽ ജീവിക്കുന്നിടത്തോളം കാലം സ്വർഗ്ഗപ്രാപ്തിക്കായി പരിശ്രമിച്ചു കൊണ്ടിരിക്കണം. ഈ ലക്ഷ്യപ്രാപ്തിക്കുതകുന്ന വിധത്തിൽ മാത്രമേ ഭൗതികവസ്തുക്കൾ ഉപയോഗിക്കാവൂ. ഇവയുടെ ഉപയോഗം നിത്യസൗഭാഗ്യത്തെ യാതൊരുവിധത്തിലും തടസ്സപ്പെടുത്തിക്കൂടാ.
"പ്രഥമത: നിങ്ങൾ ദൈവ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക" (മത്തായി 6 33) ക്രിസ്തുനാഥനാണ് ഈ വാക്യം ഉച്ചരിച്ചതെന്നു തീർച്ച. നമ്മുടെ പ്രധാന കഴിവുകളും ചിന്തയുമെല്ലാം ഏതു വഴിക്ക് തിരിയണം എന്നാണ് "പ്രഥമത :എന്ന പദം വ്യക്തമാക്കുന്നത്". വാസ്തവത്തിൽ, സുവിശേഷത്തിൽ പറഞ്ഞിരിക്കുന്ന തരം പരിപൂർണ്ണതയ്‌ക്കായി വളരെയധികം നന്മ ചെയ്യുവാൻ കഴിഞ്ഞവർ എക്കാലത്തും സഭയിൽ ഉണ്ടായിരുന്നു, ഇന്നുമുണ്ട്. അവരുടെ ജീവിത മാതൃകയിൽ നിന്നും പരസ്നേഹപരമായ സംരംഭങ്ങളിൽ നിന്നുമാണ് നല്ല കാര്യങ്ങളും വലിയ കാര്യങ്ങളും ഉണ്ടായിട്ടുള്ളതും വളർന്നിട്ടുള്ളതും.
മനുഷ്യന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തിന്റെ എല്ലാ തുറകളിലും ഈ തത്ത്വസംഹിത സ്വാധീനിക്കണമെങ്കിൽ ആവശ്യം ചെയ്യേണ്ട ഒന്നുണ്ട് : പിതാക്കന്മാരിൽ നിന്ന് ഏറ്റുവാങ്ങിയിട്ടുള്ള സത്യത്തിൽനിന്ന് സഭ അല്പവും വ്യതിചലിക്കരുത്. എന്നാൽ ആധുനിക പരിസ്ഥിതികളിലേക്കും പുത്തൻ സാഹചര്യങ്ങളിലും ഇന്നത്തെ ലോകത്തിൽ കയറി പറ്റിയിട്ടുള്ള നവീനജീവിതരീതികളിലേക്കും സഭ ശ്രദ്ധ തിരിച്ചേ മതിയാകൂ. അതും ഒരു ആവശ്യം തന്നെ. ഇവയെല്ലാം കത്തോലിക്കാ പ്രേഷിതത്വത്തിനു പുതിയ മാർഗങ്ങൾ തുറന്നു തന്നിരിക്കുകയാണ്.
ഇക്കാരണത്താൽ മനുഷ്യബുദ്ധിയുടെ അത്ഭുതാവഹമായ കണ്ടുപിടുത്തങ്ങളും തത്വങ്ങളുടെ വികസനത്തെയും വിലമതിക്കുന്നതിൽ സഭ മടി കാണിച്ചിട്ടില്ല. അവയെപ്പറ്റി ശരിയായ ഒരു വിധി പറയുന്നതിൽ സഭ അമാന്തം കാണിച്ചിട്ടില്ല. പക്ഷേ ഇത്തരം പുരോഗതികൾ എല്ലാം അംഗീകരിക്കുമ്പോഴും ഒരു പ്രത്യേക കാര്യം മനുഷ്യരെ ഉദ്‌ബോധിപ്പിക്കാതിരിക്കാൻ നിവൃത്തിയില്ല. അതായത് ഇന്ദ്രിയഗോചരമായവയ്ക്കപ്പുറത്തുള്ള, സകല ജ്ഞാനത്തിന്റെയും സൗന്ദര്യത്തിന്റെയും ഉറവിടമായ ദൈവത്തിലേക്ക് അവരുടെ കണ്ണുകൾ ഉയർത്തണമെന്ന്. അപ്പോൾ മാത്രമേ ഭൗതികവസ്തുക്കളുടെ വശീകരണത്താൽ യഥാർത്ഥ പുരോഗതിക്ക് തടസ്സം വരാതിരിക്കുകയുള്ളൂ.അല്ലെങ്കിൽ, എന്തു സംഭവിക്കുമെന്നോ? "നിങ്ങൾ ഭൂമിയെ കീഴടക്കി ഭരിക്കുക" (ഉല്പത്തി 1:28) എന്ന കല്പന ശ്രവിച്ച അവർ "നിന്റെ ദൈവമായ കർത്താവിനെ മാത്രം ആരാധിക്കുക, അവിടുത്തെ മാത്രം സേവിക്കുക" (മത്തായി 4:10) എന്ന ഏറ്റം വലിയ കല്പന വിസ്മരിച്ചു കളയും.