Home | Articles | 

jintochittilappilly.in
Posted On: 07/11/20 14:59
സുവിശേഷപ്രഘോഷണം

 

 
ഒന്നാമതായി,സുവിശേഷവത്കരണം എന്നാൽ എന്ത്?
 
 
കത്തോലിക്കാ സഭ പഠിപ്പിക്കുന്നു: "ക്രിസ്തു വഴിയുള്ള രക്ഷയുടെയും അവിടുത്തെ സന്ദേശത്തിൻെയും രഹസ്യത്തെ വ്യക്തമായി പ്രഘോഷിക്കുക എന്നതാണ് സുവിശേഷവത്കരണം. എന്തെന്നാൽ "എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ദൈവം ആഗ്രഹിക്കുന്നു" (1 തിമോത്തിയോസ്‌ 2:4). "അതുകൊണ്ട് സഭയുടെ പ്രഘോഷണത്തിലൂടെ അറിയപ്പെടുന്ന ക്രിസ്തുവിലേക്ക് എല്ലാവരും മനസ്സു തിരിഞ്ഞുവരണം. അവർ മാമ്മോദീസവഴി അവിടുത്തോടും, അവിടുത്തെ ശരീരമാകുന്ന സഭയോടും ഒന്നുചേരണം". [1]
 
 
സുവിശേഷപ്രഘോഷണവും സുവിശേഷവത്കരണവും തമ്മിലുള്ള ബന്ധം?
 
“ക്രിസ്തുവിനെപ്പറ്റി വ്യക്തമായും അസനിഗ്ദമായും എന്നും പ്രസംഗിച്ചു കൊണ്ടിരിക്കണം. ദൈവപുത്രനായ നസസ്സിലെ യേശുവിന്റെ പേരും പ്രബോധനവും,വാഗ്ദാനങ്ങളും ദൈവരാജ്യവും രഹസ്യവും പ്രഘോഷിക്കപ്പെടുന്നില്ലെങ്കിൽ യഥാർത്ഥ സുവിശേഷവത്കരണമില്ല.ക്രിസ്തീയ ജീവിതസാക്ഷ്യവും (kerygma), സുവിശേഷ പ്രഘോഷണവും ( preaching) മതബോധനവും (catechesis) ഉൾക്കൊള്ളുന്ന ഈ സുവിശേഷവത്കരണ സംരംഭത്തിൽ (evangelization) സുവിശേഷ പ്രഘോഷണത്തിന് അതിപ്രധാനമായ ഒരു പങ്കുണ്ട്. പലപ്പോഴും അത് സുവിശേഷവത്കരണത്തിന് ഒരു പര്യായമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. എങ്കിലും യഥാർത്ഥത്തിൽ അത് സുവിശേഷവത്കരണ സംരംഭത്തിലെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ".[2]
 
 
 
യേശു പ്രസംഗിച്ച ദൈവരാജ്യവും സഭ അറിയിച്ച ക്രിസ്തുരഹസ്യവും തമ്മിൽ ഒരു തുടർച്ചയുണ്ട്.
രക്ഷയ്ക്കായുള്ള മാനുഷികാഭിലാഷത്തോടുള്ള പ്രത്യുത്തരിക്കലാണ് സുവിശേഷപ്രഘോഷണം.
“ക്രിസ്തുവിന്റെ രഹസ്യം പ്രഘോഷിക്കാൻ എവിടെയെല്ലാം ദൈവം അവസരം തരുന്നുവോ അവിടെയെല്ലാം ജീവനുള്ള ദൈവത്തെയും മനുഷ്യരക്ഷയ്ക്കായി അവിടുന്ന് അയച്ച ക്രിസ്തുവിനെയും
ആത്മധൈര്യത്തോടും സ്ഥിരതയോടുംകൂടി എല്ലാ മനുഷ്യരോടും പ്രഘോഷിക്കണം. അങ്ങനെ, പരിശുദ്ധാത്മാവ് അക്രൈസ്തവരുടെ ഹൃദയം തുറക്കുന്നതു വഴി, അവർ വിശ്വസിക്കുകയും കർത്താവിലേക്ക് സ്വതന്ത്രമായി മാനസാന്തരപ്പെടുകയും വഴിയും സത്യവും ജീവനുമെന്ന നിലയിൽ (യോഹ 14:6) അവിടുന്ന് അവരുടെ ആത്മീയാഭിലാഷങ്ങളെ പൂർത്തിയാക്കുകയും ചെയ്യും. അല്ലെങ്കിൽ അവയെ അനന്തമായി അതിശയിക്കുന്നവിധത്തിൽ തൃപ്തിപ്പെടുത്തും (AG, 13).
 
 
 
യേശുക്രിസ്തുവിൽ ദൈവത്തിന്റെ സന്ദേശം പ്രഘോഷിക്കുമ്പോൾ തന്റെ ദൗത്യം തികഞ്ഞ ശൂന്യതയിലല്ല നിർവ്വഹിക്കപ്പെടുന്നതെന്ന് സുവിശേഷവത്കരിക്കുന്ന സഭ എപ്പോഴും ഓർമ്മിക്കണം. എന്തെന്നാൽ സഭയുടെ പ്രേഷിതപ്രവർത്തനം പ്രാവർത്തികമാക്കുന്നതിനുമുമ്പുതന്നെ ക്രിസ്തുവിന്റെ അരൂപിയായ പരിശുദ്ധാത്മാവ് സദ്വാർത്ത ശ്രവിക്കുന്നവരിൽ സന്നിഹിതനായിരിക്കുകയും പ്രവർത്തനനിരതനായിരിക്കുകയും ചെയ്യുന്നു.
കേൾക്കുന്നവരിൽ ദൈവം എന്താണ് പൂർത്തിയാക്കിയിരിക്കുന്നതെന്നു മനസ്സിലാക്കിക്കൊണ്ട്, സഭ സദ്വാർത്ത അറിയിക്കാനുള്ള ശരിയായ മാർഗം കണ്ടെത്താൻ പരിശ്രമിക്കുന്നു. ദൈവിക വിദ്യാദാനശാസ്ത്രത്തിൽനിന്ന് അവൾ മാതൃക സ്വീകരിച്ചിരിക്കുന്നു. ഇതിന്റെ അർത്ഥം യേശുക്രിസ്തുവിൽ നിന്നുതന്നെ പഠിക്കുകയെന്നാണ്. പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്നതനുസരിച്ച് കാലങ്ങളും കാലഘട്ടങ്ങളും നിരീക്ഷിച്ച റിയുകയെന്നതുമാണ്. ദൈവരാജ്യത്തിന്റെ അർത്ഥം, തന്റെ രഹസ്യത്തിൽ സാക്ഷാത്കരിക്കപ്പെട്ട ദൈവത്തിന്റെ രക്ഷാകരപദ്ധതി, യേശു വെളിപ്പെടുത്തിയത് ക്രമാനുഗതമായിട്ടാണ്. സാവധാനത്തിൽ മാത്രം, അനന്തമായ ശ്രദ്ധയോടെ ആണ്, തന്റെ സന്ദേശത്തിന്റെ ആന്തരാർത്ഥങ്ങളും, ദൈവപുത്രൻ എന്ന തന്റെ തനിമയും, കുരിശിലെ ഇടർച്ചയും അവിടുന്ന് അവർക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നത്. സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നതുപോലെ, അവിടുത്തെ ഏറ്റവും അടുത്ത ശിഷ്യന്മാർപോലും തങ്ങളുടെ ഗുരുവിലുള്ള പൂർണവിശ്വാസത്തിൽ എത്തിച്ചേർന്നത് ഉത്ഥാനാനുഭവത്തിലൂടെയും പരിശുദ്ധാത്മാവിന്റെ ദാനത്തിലൂടെയും മാത്രമാണ്. ഇന്ന് യേശുവിന്റെ ശിഷ്യന്മാരാകാൻ ആഗ്രഹിക്കുന്നവർ കണ്ടെത്തലിന്റെയും സമർപ്പണത്തിന്റെയും അതേ പ്രക്രിയയിലൂടെ കടന്നുപോകും. അതനുസരിച്ച് സഭയുടെ പ്രഘോഷണം പടിപടിയായിട്ടുള്ളതും ക്ഷമാപൂർവ്വകമായിട്ടുള്ളതുമായിരിക്കണം. സന്ദേശം വഹിക്കുന്നവരോടൊപ്പം നടക്കണം. അവരുടെ സ്വാതന്ത്ര്യത്തെ, “വിശ്വസിക്കാനുള്ള അവരുടെ മന്ദഗതി"യെപ്പോലും (EN, 79) ആദരിച്ചുകൊണ്ട് അപ്രകാരം ചെയ്യണം.
 
 
ദൈവവചനം പ്രഘോഷിക്കുന്നതിൽ തനിക്ക് പരിശുദ്ധാത്മാവിൽ ആശ്രയിക്കാമെന്നു സഭയ്ക്ക് അറിയാം. അവിടുന്ന് അവളുടെ പ്രഘോഷണത്തെ പ്രചോദിപ്പിക്കുകയും ശ്രോതാക്കളെ വിശ്വാസത്തിന്റെ അനുസരണത്തിലേക്കു നയിക്കുകയും ചെയ്യും.ഇന്ന് സഭയുടെ ആരംഭകാലത്തെന്നപോലെ, പരിശുദ്ധാത്മാവിനാൽ ആവസിക്കപ്പെടാനും നയിക്കപ്പെടാനും തന്നെത്തന്നെ അനുവദിക്കുന്ന ഓരോ സുവിശേഷപ്രഘോഷകനിലും പ്രവർത്തിക്കുന്നത് പരിശുദ്ധാത്മാവാണ്. സ്വയം കണ്ടെത്താനാവാത്ത വാക്കുകൾ അയാളുടെ അധരങ്ങളിൽ പരിശുദ്ധാത്മാവു സ്ഥാപിക്കുന്നു. അതേസമയം പ്രഘോഷിക്കപ്പെടുന്ന സദ്വാർത്തയും ദൈവരാജ്യവും സ്വീകരിക്കാൻ ശ്രോതാവിനെ തുറവിയുള്ളവരും സ്വീകരണക്ഷമതയുള്ളവനുമാക്കുന്നതിന് പരിശുദ്ധാത്മാവ് അവന്റെ ആത്മാവിനെ മുൻകൂട്ടി സജ്ജീകരിക്കുന്നു (EN, 75).
 
 
 
പരിശുദ്ധാത്മാവിന്റെ ശക്തിക്ക് ഒരു വസ്തുത സാക്ഷ്യംവഹിക്കുന്നു. ശിഷ്യൻ ഏറ്റവും നിസ്സഹായനും പറയാനോ പ്രവർത്തിക്കാനോ ശക്തിയില്ലാത്തവനും, അതേസമയം വിശ്വസ്തനുമായിരിക്കുന്ന അവസരത്തിലാണ് മിക്കപ്പോഴും ഏറ്റവും ശക്തമായ സാക്ഷ്യം നൽകുന്നത് എന്നതാണ് ആ വസ്തുത. പൗലോസ്ശ്ലീഹ പറയുന്നതുപോലെ “ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന് ഞാൻ പൂർവ്വാധികാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ച് പ്രശംസിക്കും. അതുകൊണ്ട് ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാൻ ക്രിസ്തുവിനെപ്രതി സന്തുഷ്ട നാണ്. എന്തെന്നാൽ ബലഹീനനായിരിക്കുമ്പോഴാണ് ഞാൻ ശക്തനായിരിക്കുന്നത്” (2 കോറി 12:9-10). യേശു കർത്താവാണെന്ന അറിവിലേക്ക് സ്ത്രീപുരുഷന്മാരെ പരിശുദ്ധാത്മാവു നയിക്കാൻ ഉപയോഗിക്കുന്ന സാക്ഷ്യം മാനുഷികനേട്ടമല്ല. അത് ദൈവത്തിന്റെ പ്രവൃത്തിയാണ്.
 
 
വി.പോൾ ആറാമൻ മാർപാപ്പ ഇവാൻജെലീ നുൺഷിയാന്തി എന്ന് ആഹ്വാനത്തിൽ ഇപ്രകാരം പറഞ്ഞു. "സുവിശേഷസന്ദേശത്തെ അവതരിപ്പിക്കുകയെന്നത് സഭയുടെ ഒരു ഐശ്ചിക കാര്യമല്ല. അത്, കർത്താവായ യേശുവിന്റെ കല്പനപ്രകാരം അവളുടെ കടമയാണ്. മനുഷ്യർ വിശ്വസിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നതിനാണത്. ഈ സന്ദേശം യഥാർത്ഥത്തിൽ അത്യാവശ്യമുള്ള ഒന്നാണ്. അത് അതുല്യമാണ്. അതിന് ഒന്നും പകരം വയ്ക്കാനില്ല. അത് നിസ്സംഗതയോ സിൻക്രേറ്റിസമോ ഒത്തുതീർപ്പോ അനുവദിക്കുന്നില്ല. എന്തെന്നാൽ അത് മനുഷ്യവംശത്തിന്റെ രക്ഷയെ സംബന്ധിച്ചുള്ളതാണ്".
 
 
 
സഭയുടെ സുവിശേഷപ്രഘോഷണത്തിന്റെ സവിശേഷതകളായി ചില ഗുണങ്ങളും ഉണ്ടായിരിക്കണം. അത് ഇപ്രകാരമായിരിക്കണം:
 
 
A. പരിശുദ്ധാത്മാവിന്റെ ശക്തിയിൽ വിശ്വാസമർപ്പിക്കുന്നതും കർത്താ വിൽനിന്നു സ്വീകരിച്ച കല്പന അനുസരിച്ചുള്ളതും.
 
 
B. ക്രിസ്തുവിൽനിന്നു സ്വീകരിച്ചതും സഭയിൽ സംരക്ഷിക്കപ്പെടുന്നതുമായ പ്രബോധനത്തിന്റെ കൈമാറ്റത്തിൽ വിശ്വസ്തതയുള്ളത്. അതാണ് പ്രഘോഷിക്കപ്പെടേണ്ട സദ്വാർത്തയുടെ നിക്ഷേപം (cf EN, 15). നാം ഏതു സന്ദേശത്തിന്റെ സേവകരാണോ ആ സന്ദേശത്തോടുള്ള വിശ്വസ്തത പ്രഘോഷണത്തെ സംബന്ധിച്ച ആധാരപരമായ വിഷയമാണ്” (EN, 4). സുവിശേഷവത്കരണം ആരെ സംബന്ധിച്ചും വ്യക്തിപരമോ ഒറ്റപ്പെട്ടതോ ആയ പ്രവൃത്തിയല്ല; അത് അഗാധമാം വിധത്തിൽ സഭാപരമാണ്” (EN, 60).
 
 
C. വിനയത്തോടുകൂടിയത്. യേശുക്രിസ്തുവിലുള്ള വെളിപാടിന്റെ പൂർണത സൗജന്യദാനമായി സ്വീകരിച്ചതാണെന്നും (cf. എഫേ 3:2), സുവിശേഷത്തിന്റെ ദൂതന്മാർ എപ്പോഴും അതിന്റെ ആവശ്യങ്ങൾ പൂർണമായി അനുസരിച്ചു ജീവിക്കുന്നില്ലെന്നും അറിഞ്ഞു കൊണ്ട് അപ്രകാരമായിരിക്കണം.
 
 
D.ആദരവോടുകൂടിയത്. പരിശുദ്ധാത്മാവാണ് “സുവിശേഷവത്കരണത്തിന്റെ മുഖ്യപ്രവർത്തകൻ" (EN, 75) എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, സന്ദേശം ശ്രവിക്കുന്നവരുടെ ഹൃദയങ്ങളിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തോടും പ്രവർത്തനത്തോടും ആദരവു പ്രദർശിപ്പിച്ചുകൊണ്ടുള്ളതായിരിക്കണം.
 
 
E.സംവാദപരമായിരിക്കണം. എന്തെന്നാൽ പ്രഘോഷണത്തിൽ വചനം ശ്രവിക്കുന്നവർ നിഷ്ക്രിയരായ സ്വീകർത്താക്കളായിരിക്കണമെന്നു പ്രതീക്ഷിക്കപ്പെടുന്നില്ല. കേൾവിക്കാരനിൽ പണ്ടേ സന്നിഹിതമായിരിക്കുന്ന “വചനത്തിന്റെ വിത്തുകളിൽ"നിന്ന് യേശുക്രിസ്തുവിലുള്ള രക്ഷയുടെ പൂർണരഹസ്യത്തിലേക്കുള്ള വളർച്ച സംഭവിക്കുന്നുണ്ട്. വിശുദ്ധീകരണത്തിന്റെയും ഉദ്ദീപനത്തിന്റെയും ഒരു പ്രക്രിയയെ സഭ അംഗീകരിക്കണം. ആ പ്രക്രിയയിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് കേൾവിക്കാരന്റെ മനസ്സിനെയും ഹൃദയ ത്തെയും വിശ്വാസത്തിന്റെ അനുസരണത്തിലേക്കു തുറക്കുന്നു.
 
 
F. സാംസ്കാരികാനുരൂപണം പ്രാപിച്ചത്. തങ്ങളുടെ അത്യഗാധമായ അഭിനിവേശങ്ങൾക്കു ചേർന്നവയായി, തങ്ങൾ ആഗ്രഹിച്ചിരുന്ന യഥാർത്ഥ സദ്വാർത്തയായി, അവർ അതിനെ ഗ്രഹിക്കുന്നതിനും വേണ്ടിയാണത് (cf EN, 20,62).
 
 
ഈ ഗുണങ്ങൾ നിലനിറുത്താൻ, ശ്രോതാക്കളുടെ ജീവിതസാഹചര്യങ്ങളെയും മതാനുഭവങ്ങളെയും മാത്രം സഭ ഓർമ്മിച്ചാൽ പോരാ. അവൾ തന്റെ കർത്താവും ഗുരുവുമായവനോട് നിരന്തരസംവാദത്തിൽ ജീവിക്കുകയും വേണം. പ്രാർത്ഥനയിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ധ്യാനത്തിലൂടെയും ആരാധനാജീവിതത്തിലൂടെയും പ്രത്യേകിച്ച് കുർബാനയാഘോഷത്തിലൂടെയും അപ്രകാരം ചെയ്യണം. അപ്പോൾ മാത്രമേ സുവിശേഷപ്രഘോഷണവും സുവിശേഷ സന്ദേശത്തിന്റെ ആഘോഷവും പൂർണമായ തോതിൽ സജീവമായിരിക്കുകയുള്ളൂ.
 
സുവിശേഷപ്രഘോഷണത്തിനുള്ള തടസ്സങ്ങൾ:
 
 
സഭയുടെ സദ്‌വാർത്തപ്രഘോഷണം സുവിശേഷവത്കരണം നടത്തുന്ന സഭയിൽ നിന്നും, സുവിശേഷവത്കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന അവളുടെ അംഗങ്ങളിൽനിന്നും ക്രൈസ്തവിശ്വാസത്തിന്റെ അനു സരണത്തിലേക്ക് ദൈവത്താൽ വിളിക്കപ്പെട്ടവരിൽനിന്നും ഗൗരവപൂർണമായ ആവശ്യങ്ങൾ ഉന്നയിക്കുന്നു. ഇത് എളുപ്പമുള്ള ഒരു ദൗത്യമല്ല. സഭയ്ക്ക് നേരിടാൻ കഴിയുന്ന ചില സുപ്രധാന തടസ്സങ്ങളെ താഴെ സൂചിപ്പിക്കാം.
 
 
1.ക്രൈസ്തവരുടെ ഭാഗത്ത് (ഉള്ളിൽനിന്നുതന്നെയുള്ള പ്രയാസങ്ങൾ)
 
A.ക്രൈസ്തവസാക്ഷ്യം വിശ്വാസത്തിനുചേർന്നതല്ലെന്നു വരാം. വചനവും പ്രവൃത്തിയും തമ്മിൽ, ക്രൈസ്തവസന്ദേശവും ക്രിസ്ത്യാനികൾ അതു ജീവിക്കുന്ന രീതിയും തമ്മിൽ, ഒരു വിടവുണ്ട്.
 
B. ഉദാസീനത, മാനുഷികാദരവ് അല്ലെങ്കിൽ ലജ്ജ എന്നിവമൂലം
സുവിശേഷപ്രഘോഷണത്തിൽ ക്രിസ്ത്യാനികൾ പരാജയപ്പെടാം. “സുവിശേഷത്തപ്രതി ലജ്ജിക്കൽ” എന്നു വിശുദ്ധ പൗലോസ് ഇതിനെ വിളിക്കുന്നു. അല്ലെങ്കിൽ ദൈവത്തിന്റെ രക്ഷാപദ്ധതിയെ ക്കുറിച്ചുള്ള തെറ്റായ ധാരണമൂലവും ഇതു സംഭവിക്കാം (cf EN,80).
 
C.മറ്റു മതവിശ്വാസികളെയും അവരുടെ മതപാരമ്പര്യങ്ങളെയും വിലമതിക്കാതെയും ആദരിക്കാതെയുമിരിക്കുന്ന ക്രൈസ്തവർ അവരോടു സുവിശേഷം പ്രഘോഷിക്കാൻ ശരിയായി സജ്ജീകൃതരായിട്ടുള്ളവരല്ല.
 
D.ചില ക്രിസ്ത്യാനികളിൽ ശ്രേഷ്ഠതയുടെ ഒരു ഭാവമുണ്ട്. അത് സാംസ്കാരികതലത്തിൽ സ്വയം വെളിപ്പെടുന്നു. ഒരു പ്രത്യേക സംസ്കാരം ക്രൈസ്തവസന്ദേശത്തോടു ബന്ധപ്പെട്ടിരിക്കുന്നുവെന്നും മാനസാന്തരപ്പെടുന്നവരുടെമേൽ അത് അടിച്ചേൽപ്പിക്കണമെന്നുമുള്ള ചിന്ത ഈ മനോഭാവംമൂലമുണ്ടാകുന്നു.
 
 
 
2.ക്രൈസ്തവസമൂഹത്തിനു പുറമേനിന്ന് പുറമേനിന്നുള്ള പ്രയാസങ്ങൾ

A.ചരിത്രപരമായഭാരം പ്രഘോഷണത്തെ കൂടുതൽ പ്രയാസമുള്ളതാക്കുന്നു. കാരണം, കഴിഞ്ഞകാലത്തെ ചില സുവിശേഷവത്കരണരീതികൾ, മറ്റു മതസ്ഥരുടെയിടയിൽ ചിലപ്പോൾ ഭീതിയും സംശയവും ഉണർത്തിയിട്ടുണ്ട്.

B. സഭയുടെ സുവിശേഷവത്കരണത്തിന്റെ ഫലമായി തങ്ങളുടെ മതവും സംസ്കാരവും നശിച്ചുപോകുമെന്ന് മറ്റു മതസ്ഥർ ഭയപ്പെട്ടേക്കാം .
 
C. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ ധാരണയോ പ്രയോഗത്തിൽ അവയോടു കാണിക്കുന്ന ബഹുമാനരാഹിത്യമോ, മതസ്വാതന്ത്രരാഹിത്യത്തിനു കാരണമാകാം.
 
 
D. മതപീഡനം സഭയുടെ സുവിശേഷപ്രഘോഷണത്തെ പ്രത്യേകമാംവിധം പ്രയാസമുള്ളതാക്കാം. മിക്കവാറും അസാധ്യവുമാക്കാം.എന്നിരുന്നാലും കുരിശ് ജീവന്റെ അടയാളമാണെന്ന് ഓർമ്മിക്കണം.“രക്തസാക്ഷികളുടെ രക്തം ക്രൈസ്തവരുടെ വിത്താണ്.”
 
 
E. ഒരു പ്രത്യേക മതത്തെ ദേശീയ സംസ്കാരത്തോടോ രാഷ്ട്രീയ സമ്പ്രദായത്തോടോ താദാത്മ്യപ്പെടുത്തുന്നത് അസഹിഷ്ണുതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു.
 
 
F.ചിലസ്ഥലങ്ങളിൽ മതപരിവർത്തനം നിയമത്താൽ നിരോധിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യപ്പെടുന്നവർ ഗൗരവമുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. ഉദാഹരണമായി, അവർ ജനിച്ച മതസമൂഹമോ സാമൂഹികസാഹചര്യമോ സാംസ്കാരിക പരിതഃസ്ഥിതിയോ അവർക്ക് ഭ്രഷ്ടു കൽപിക്കുന്നു.
 
 
G.പല മതങ്ങളുള്ള സാഹചര്യങ്ങളിൽ നിസ്സംഗതയുടെയോ ആപേക്ഷികതാവാദത്തിന്റെയോ അല്ലെങ്കിൽ മതപരമായ സിൻക്രേറ്റിസത്തിന്റെയോ അപകടമുണ്ട്. അത് സുവിശേഷപ്രഘോഷണത്തിന് തടസ്സം സൃഷ്ടിക്കുന്നു.
 
 
"സുവിശേഷത്തെപ്പറ്റി ഞാന് ലജ്‌ജിക്കുന്നില്ല. എന്തെന്നാല്, വിശ്വസിക്കുന്ന ഏവര്ക്കും, ആദ്യം യഹൂദര്ക്കും പിന്നീടു ഗ്രീക്കുകാര്ക്കും, അതു രക്‌ഷയിലേക്കു നയിക്കുന്ന ദൈവശക്‌തിയാണ്‌.അതില്, വിശ്വാസത്തില്നിന്നു വിശ്വാസത്തിലേക്കു നയിക്കുന്ന ദൈവത്തിന്റെ നീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാന് വിശ്വാസംവഴി ജീവിക്കും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നുവല്ലോ".(റോമാ 1 : 16-17)

 
നിങ്ങള്ക്കുവേണ്ടി ദൈവം എന്നെ ഭരമേല്പിച്ചദൗത്യംവഴി ഞാന് സഭയിലെ ശുശ്രൂഷകനായി. ദൈവവചനം പൂര്ണമായി വെളിപ്പെടുത്തുക എന്നതായിരുന്നു ആദൗത്യം.യുഗങ്ങളുടെയും തലമുറകളുടെയും ആരംഭംമുതല് മറ ച്ചുവയ്‌ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള് അവിടുന്നു തന്റെ വിശുദ്‌ധര്ക്കുവെളിപ്പെടുത്തിയിരിക്കുന്നു.
ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയില് എത്ര ശ്രേഷ്‌ഠമാണെന്ന്‌ വിശുദ്‌ധര്ക്കു വ്യക്‌തമാക്കിക്കൊടുക്കാന് അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്‌തു നിങ്ങളിലുണ്ട്‌ എന്നതുതന്നെ.അവനെയാണ്‌ ഞങ്ങള് പ്രഖ്യാപിക്കുന്നത്‌. എല്ലാ മനുഷ്യരെയും ക്രിസ്‌തുവില് പക്വത പ്രാപിച്ചവരാക്കാന്വേണ്ടി ഞങ്ങള് എല്ലാവര്ക്കും മുന്നറിയിപ്പു നല്കുകയും എല്ലാവരെയും സര്വവിജ്‌ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു.ഈ ലക്‌ഷ്യം പ്രാപിക്കുന്നതിനു വേണ്ടിയത്ര, അവന് എന്നില് ശക്‌തിയായി ഉണര്ത്തുന്ന ശക്‌തികൊണ്ടു ഞാന് കഠിനമായി അധ്വാനിക്കുന്നത്‌. (കൊളോസോസ്‌ 1 : 25-29)

 
ദൈവത്തിന്റെ കൃപ എന്നെ വിജാതീയര്ക്കുവേണ്ടി യേശുക്രിസ്‌തുവിന്റെ ശുശ്രൂഷകനാക്കിയിരിക്കുകയാണല്ലോ. വിജാതീയരാകുന്ന ബലിവസ്‌തു സ്വീകാര്യവും പരിശുദ്‌ധാത്‌മാവിനാല് പവിത്രീ കൃതവും ആകാന്വേണ്ടി ഞാന് ദൈവത്തിന്റെ സുവിശേഷത്തിനു പുരോഹിത ശുശ്രൂഷ ചെയ്യുന്നു.അതുകൊണ്ട്‌, ദൈവത്തിനുവേണ്ടിയുള്ള ജോലിയെക്കുറിച്ച്‌ എനിക്ക്‌ യേശുക്രിസ്‌തുവില് അഭിമാനിക്കാന് കഴിയും.വിജാതീയരുടെ അനുസരണം നേടിയെടുക്കേണ്ടതിനു വാക്കാലും പ്രവൃത്തിയാലും, അടയാളങ്ങളുടെയും അദ്‌ഭുതങ്ങളുടെയും ബലത്താലും പരിശുദ്‌ധാത്‌മാവിന്റെ ശക്‌തിയാലും ഞാന് വഴി ക്രിസ്‌തു പ്രവര്ത്തിച്ചവയൊഴികെ ഒന്നിനെക്കുറിച്ചും സംസാരിക്കാന് ഞാന് തുനിയുകയില്ല.തന്നിമിത്തം, ഞാന് ജറുസലെം തുടങ്ങി ഇല്ലീറിക്കോണ്വരെ ചുറ്റിസഞ്ചരിച്ച്‌ ക്രിസ്‌തുവിന്റെ സുവിശേഷം പൂര്ത്തിയാക്കി.അങ്ങനെ മറ്റൊരുവന് സ്‌ഥാപിച്ചഅടിസ്‌ഥാനത്തിന്മേല് പണിയാതെ ക്രിസ്‌തുവിനെ അറിയാത്ത സ്‌ഥലങ്ങളില്സുവിശേഷംപ്രസംഗിക്കുന്നതില് ഞാന് അത്യധികം ഉത്‌ സാഹം കാണിച്ചു.ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവനെ അവര് ദര്ശിക്കും. അവനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര് അവനെ മന സ്‌സിലാക്കും എന്ന്‌ എഴുതപ്പെട്ടിട്ടുണ്ടല്ലോ.(റോമാ 15 : 16-21)
 
 
സമാധാനം നമ്മോടുകൂടെ !
 
 
References.
 
1.പ്രേഷിത പ്രവർത്തനം ,നമ്പർ 7 - രണ്ടാം വത്തിക്കാൻ കൗൺസിൽ ഡിക്രി
2.വി പോൾ ആറാമൻ മാർപാപ്പ,ഇവാൻജെലീ നുൺഷിയാന്തി , നമ്പർ 22
 
Notes:
 
* EN - "ഇവാൻജെലീ നുൺഷിയാന്തി"
* AG - Ad gentes, ("പ്രേഷിത പ്രവർത്തനം "രണ്ടാം വത്തിക്കാൻ കൗൺസിൽ ഡിക്രീ )
*  മുകളിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം എടുത്തിരിക്കുന്നത് "ഡയലോഗ് ആൻഡ് പ്രൊക്ലമേഷൻ" എന്ന റോമൻ കുരിയയുടെ (വത്തിക്കാൻ) രേഖയിൽ നിന്നുമാണ്.



Article URL:







Quick Links

*അക്രൈസ്തവ മതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ സമീപനവും, അക്രൈസ്തവ മതാനുയായികളോടുള്ള സഭയുടെ സുവിശേഷപ്രഘോഷണരീതിയും [വിശുദ്ധ പോൾ ആറാമൻ മാർപാപ്പ]*

മനുഷ്യഗണത്തിലെ വമ്പിച്ച ഒരു വിഭാഗമായ ,  അക്രൈസ്തവ മതാനുയായികളെ സംബന്ധിച്ചും പ്രസ്തുത പ്രാരംഭ സുവിശേഷ പ്രഘോഷണരീതി ആവശ്യമാണ്. അക്രൈസ്തവമതങ്ങളോടു കത്തോലിക്കാ സഭയ്ക്ക് ബഹുമാനവും ആദരവുമുണ്ട്. കാരണ... Continue reading


സുവിശേഷപ്രഘോഷണം

  ഒന്നാമതായി, സുവിശേഷവത്കരണം എന്നാൽ എന്ത്?     കത്തോലിക്കാ സഭ പഠിപ്പിക്കുന്നു: "ക്രിസ്തു വഴിയുള്ള രക്ഷയുടെയും അവിടുത്തെ സന്ദേശത്തിൻെയും രഹസ്യത്തെ വ്യക്തമ... Continue reading