Home | Articles | 

jintochittilappilly.in
Posted On: 11/06/21 18:53
വിശുദ്ധലിഖിതങ്ങളുടെ വ്യാഖ്യാനവും തലമുറകളുടെ ശാപവും [കത്തോലിക്കാ വിശ്വാസവിചാരം]

 

വിശുദ്ധലിഖിതങ്ങളുടെ വ്യാഖ്യാനവും തലമുറകളുടെ ശാപവും [കത്തോലിക്കാ വിശ്വാസവിചാരം]
 
 
 
 

ആവിലായിലെ വിശുദ്ധ ത്രേസ്യ പറയുന്നത്. “ലോകത്തിലുള്ള സകല തിന്മയും വരുന്നത് വിശുദ്ധ ലിഖിതങ്ങളിലെ സത്യങ്ങൾ വ്യക്തമായി അറിയാത്തതുകൊണ്ടാണ്". 
 
 
 
ധ്യാനപ്രസംഗ/ കൺവെൻഷൻ വചനപ്രഭാഷണ രീതി:
 
 
 
(പ്രസംഗാത്മക വ്യാഖ്യാനം): "ബൈബിൾ സന്ദേശം ആനുകാലികമായി വ്യാഖ്യാനിച്ചു ശ്രോതാക്കളെ ഉത്തേജിപ്പിക്കാൻ ഈ വ്യാഖ്യാനരീതി ഏറെ സഹായകമാണ്. ഇന്ന് ധ്യാനപ്രസംഗങ്ങളിലും കൺവെൻഷൻ പ്രഭാഷണങ്ങളിലൊക്കെ ഈ വ്യാഖ്യാനരീതി വളരെയേറെ ഉപയോഗിച്ചുവരുന്നു. സക്കേവൂസ് കയറിയിരുന്ന സിക്കമൂർ മരം,കർത്താവ് കയറിയിരുന്ന കഴുത എന്നിങ്ങനെ പ്രത്യക്ഷത്തിൽ അപ്രധാനമെന്ന് തോന്നുന്ന ഏതെങ്കിലും ഒരു വിശദാംശം പ്രസംഗകന്റെ ഭാവന ഉപയോഗിച്ച് വിപുലമായി വ്യാഖ്യാനിച്ചു,കേൾവിക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങളും പ്രചോദനങ്ങളും നൽകുന്നതാണ് ഈ ബൈബിൾ വചനവ്യാഖ്യാനരീതി.ഇതിനെ ബൈബിൾ വ്യാഖ്യാനമെന്നതിനേക്കാൾ ബൈബിളിന്റെ ഒരുപുനർവായന എന്നോ ബൈബിളിൽ ഊന്നി നിൽക്കുന്ന ഒരു പ്രസംഗമെന്നോ വിശേഷിപ്പിക്കുകയാകും ഉചിതം. ഭാവന കാടുകയറാനും വ്യാഖ്യാനം ബൈബിൾ സന്ദേശത്തിൽ നിന്ന്‌ അകന്നുപോകാനും ഇവിടെ സാധ്യതകൾ കൂടുതലുണ്ട്.സുവിശേഷപ്രഘോഷണത്തിന് ഈ വ്യാഖ്യാനരീതി വളരെ ഉപകാരപ്രദമാണ്.എന്നാൽ ബൈബിൾ പഠിപ്പിക്കുന്ന അടിസ്ഥാനസത്യങ്ങൾക്കും സഭയുടെ ആധികാരിക പ്രബോധനങ്ങൾക്കും അനുസൃതമായി വ്യാഖ്യാനം ക്രമീകരിക്കാൻ പ്രസംഗകൻ ശ്രദ്ധിക്കണം"[A] 
 
 
 
വിശുദ്ധ ആഗസ്തിനോസിനെ ഉദ്ധരിച്ചുകൊണ്ട് വിശുദ്ധ തോമസ് അക്വിനാസ് പറയുന്നു: “അക്ഷരം, അത് സുവിശേഷത്തിൽ നിന്ന് എടുത്തതായാലും അതിൽ സൗഖ്യദായകമായ വിശ്വാസത്തിന്റെ ആന്തരികവരം ഇല്ലെങ്കിൽ, അത് കൊല്ലുന്നതായിരിക്കും" . 
 
 
 
 
ഏതു അരൂപിയിലാണ് വിശുദ്ധ ലിഖിതങ്ങൾ വ്യാഖ്യാനിക്കേണ്ടതെന്നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ അപ്പസ്തോലിക ആഹ്വാനത്തിൽ (കർത്താവിന്റെ വചനം, നമ്പർ 34) ഇപ്രകാരം പഠിപ്പിക്കുന്നു: 
 
 
ഏത് അരൂപിയിലാണോ ഗ്രന്ഥം രചിക്കപ്പെട്ടത്  ആ അരൂപിയിൽതന്നെ വിശുദ്ധലിഖിതം വ്യാഖ്യാനിക്കപ്പെടണം. ഇതിന് പ്രബോധനരേഖ മൂന്ന് അടിസ്ഥാന മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ബൈബിളിന്റെ ദൈവികമായ മാനം ശരിക്കും വിവേചിച്ചറിയുന്നതിനാണ് ഇവ നൽകിയിരിക്കുന്നത്. 1) വിശുദ്ധലിഖിതങ്ങളെ ഒന്നാകെ കണ്ടുകൊണ്ട്, അവയുടെ ഐക്യത്തിൽ ശ്രദ്ധപതിച്ചുകൊണ്ട് വചനഭാഗം വ്യാഖ്യാനിക്കണം. ..ഇപ്പോൾ ഈ സമീപനം കാനോനിക്കൽ എക്സജേസിസ്സ് എന്നാണ് അറിയപ്പെടുന്നത്  . 2) മുഴുവൻ സഭയുടെയും സജീവമായ പാരമ്പര്യം കണക്കിലെടുക്കണം.  3) അവസാനമായി, വിശ്വാസത്തിന്റെ സാധർമ്മ്യത്തോട് (analogy) ആദരവ് പുലർത്തണം. രീതിശാസ്ത്രപരമായ (methodological) തലത്തോടും ചരിത്രത്തിന്റെയും നിരൂപണത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും തലങ്ങളോടും ആദരവ് പുലർത്തിക്കൊണ്ട് മാത്രമേ ദൈവശാസ്ത്രപരമായ വിശുദ്ധലിഖിത വ്യാഖ്യാനത്തെപ്പറ്റി സംസാരിക്കാൻ കഴിയുകയുള്ളൂ. വിശുദ്ധഗ്രന്ഥത്തിന് അർഹതപ്പെട്ട ഒരു വ്യാഖ്യാനം. 
 
 
 
 
യേശുവിൽ പൂർത്തിയായ രക്ഷാകര ചരിത്രം:
 
“പൂർവ്വകാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ കാലഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഈ അവസാനനാളുകളിൽ തന്റെ പുത്രൻ വഴി ദൈവം നമ്മോടു സംസാരിച്ചിരിക്കുന്നു.” (ഹെബ്രായർ 1, 1-2). ബൈബിളിൽ അനേകം കഥാപാത്രങ്ങളുണ്ടെങ്കിലും മുഖ്യ കഥാനായകൻ യേശുക്രിസ്തുവാണ്. ദൈവപുത്രന്റെ മനുഷ്യാവതാരത്തിനുള്ള ഒരുക്കമാണ് പഴയനിയമം മുഴുവൻ. പുതിയനിയമമാകട്ടെ പൂർത്തീകരണത്തിന്റെ വിവരണവും. അതിനാൽ പുതിയനിയമത്തിന്റെ വെളിച്ചത്തിലാണ് പഴയ നിയമം മനസ്സിലാക്കേണ്ടത്.വിശ്വാസത്തെയും ധാർമ്മികതയെയും സംബന്ധിക്കുന്ന കാര്യങ്ങളിൽപോലും രക്ഷാകര ചരിത്രത്തിൽ പടിപടിയായ വ്യക്തത ലഭിക്കുന്നത് കാണാം. ഉദാഹരണത്തിന്, ദൈവത്തിന്റെ ഏകത്വമാണ് പഴയനിയമത്തിൽ ഊന്നിപറയുന്നത്. എന്നാൽ ഈ ഏകദൈവം, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മൂന്നാളുകളുടെ ത്രിത്വമാണെന്ന് പുതിയനിയമത്തിൽ വെളിപ്പെടുത്തപ്പെടുന്നു. പഴയനിയമത്തിൽ ബഹുഭാര്യത്വം അംഗീകരിക്കപ്പെട്ടിരുന്നു, അതിനെതിരായ ചില സൂചനകളുണ്ടെങ്കിലും, എന്നാൽ ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മരണംവരെ അഭേദ്യം ബന്ധിപ്പിക്കുന്ന വിവാഹമെന്ന കൂദാശയെക്കുറിച്ച് പുതിയ നിയമമാണ് ഉറപ്പിച്ചു പറയുന്നത്. “പൂർവ്വീകരോട് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു” എന്ന മുഖവുരയോടെ യേശു അവതരിപ്പിക്കുന്ന പുതിയ നിയമമാണ് നാം സ്വീകരിക്കേണ്ടത്. പഴയനിയമത്തിൽ പലതും കാലഹരണപ്പെട്ടതാണ്. ഉദാ: ലേവ്യരുടെ പുസ്തകത്തിലെ അനേകം ബലികൾ യേശുവിന്റെ ഏകബലിയിലേക്കുള്ള സൂചനകളും ഒരുക്കവുമായിരുന്നു. ആ ബലികളെല്ലാം യേശുവിന്റെ ബലിയോടെ അപ്രസക്തമായിത്തീർന്നു. ശത്രുക്കൾക്കെതിരായ ശാപം (സങ്കീ 69, 22-28), പൂർവ്വീകരുടെ പാപങ്ങൾക്ക് തലമുറകളിലൂടെ നീളുന്ന ശിക്ഷ (പുറ 20, 6), പ്രതികാരത്തിനുള്ള ആഹ്വാനം (പുറ 21, 12-27) മുതലായവ യേശുവിന്റെ പഠനങ്ങളുടെ വെളിച്ചത്തിൽ തിരുത്തേണ്ടതുണ്ട്. അതിനാൽ പഴയനിയമമല്ല പുതിയനിയമാണ് വിശ്വാസത്തിനും ധാർമ്മികതയ്ക്കും മാനദണ്ഡമായി എടുക്കേണ്ടത്. [B] 
 
 
 
വേദപുസ്തക വ്യാഖ്യാനം:
 
 
 
ധ്യാനകേന്ദ്രങ്ങളിൽ ദൈവവചനപ്രഘോഷണത്തിന് സ്വാഭാവിക മായും വലിയ പ്രാധാന്യം നൽകുന്നുണ്ട്. ദൈവസ്വഭാവത്തെയും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും പറ്റിയുളള സത്യങ്ങൾ ക്രമേണയാണ് മനുഷ്യർക്കു വെളിപ്പെടുത്തപ്പെട്ടത്. പഴയനിയമത്തിലെ ആദ്യഗ്രന്ഥങ്ങളും പിന്നീടു രചിക്കപ്പെട്ടവയും തമ്മിൽ താരതമ്യം ചെയ്താൽ വെളിപാടിന്റെ ക്രമേണയുള്ള ഈ പുരോഗതി കാണാവു ന്നതാണ്. മിശിഹായിലൂടെയാണ് ദൈവികവെളിപാട് പൂർത്തിയായത്. അതിനാൽ പഴയനിയമം ക്രിസ്തീയവെളിപാടിന്റെ വെളിച്ചത്തിലേ ശരിയായി ഗ്രഹിക്കുവാൻ കഴിയൂ.
 
വെളിപാട് പൂർണ്ണമായി ഗ്രഹിക്കുന്നതിന് വേദപുസ്തകവും ശ്ലീഹന്മാർ വഴി കൈവന്നിട്ടുള്ള പാരമ്പര്യങ്ങളും ഒരുപോലെ പ്രാധാന്യ മുളളതാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു. എന്നാൽ ഈ പ്രബോധനം ചില പ്രൊട്ടസ്റ്റന്റ് സഭകൾ അംഗീകരിക്കുന്നില്ല. വംശതലവന്മാരുടെ തെറ്റുകൾക്കു ദൈവം ആ വംശങ്ങളെ, കുഞ്ഞുങ്ങളൊപ്പം ഒന്നാകെ ശിക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളും പഴയനിയമത്തിൽ വിവരിക്കുന്നുണ്ട്. മാതാപിതാക്കളുടെ തെറ്റുകൾക്ക് മൂന്നും നാലും തലമുറവരെയുള്ള സന്താനങ്ങളെ ദൈവം ശിക്ഷിക്കുമെന്നും പഴയനിയമത്തിൽ ചില വാക്യങ്ങളിൽ പറയുന്നു. നിത്യസമ്മാനവും ശിക്ഷയും ഒരോ വ്യക്തികളുടെയും പ്രവൃത്തിയനുസരിച്ചായിരിക്കും എന്ന സത്യം വളരെ സാവധാനമാണു പഴയനിയമത്തിൽ വ്യക്തമാകുന്നത്.
 
ജന്മനാ അന്ധനായ ഒരാളെപ്പറ്റി വി. യോഹന്നാന്റെ സുവിശേഷ ത്തിൽ വിവരിക്കുന്നുണ്ട്. “ഈശോ കടന്നുപോകുമ്പോൾ, അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ അന്ധനായിത്തീർന്ന ഒരാളെ കണ്ടു. അപ്പോൾ അവന്റെ ശിഷ്യന്മാർ അവനോടു ചോദിച്ചു: “ഗുരോ, ഇയാൾ അന്ധനായി ജനിച്ചത് ആരു പാപം ചെയ്തതിനാലാണ്. ഇയാളോ, ഇയാളുടെ മാതാപിതാക്കളോ?” അന്ന് യഹൂദരുടെ ഇടയിൽ ഉണ്ടായിരുന്ന വിശ്വാസത്തെയാണ് ഈ ചോദ്യം വ്യക്തമാക്കുന്നത്. ഒരാൾ അന്ധനായിരിക്കണമെങ്കിൽ അയാളോ അയാളുടെ മാതാപിതാക്കളോ പാപം ചെയ്തിട്ടായിരിക്കണം. എന്നാൽ ഈശോയുടെ മറുപടി ഇപ്രകാരമായിരുന്നു: “ഇയാളോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തതിനാലല്ല; മറിച്ച് ദൈവത്തിന്റെ പ്രവൃത്തികൾ ഇയാളിൽ പ്രകടമാക്കേണ്ടതിനാണ് (യോഹ 9: 1-4).
ദീർഘായുസ് ദൈവകല്പനകൾ പാലിച്ചുകൊണ്ടുളള ജീവിതത്തിനു സമ്മാനമാണെന്നും ഹ്രസ്വായുസ്സ് ദൈവപ്രമാണങ്ങൾ ലംഘിക്കുന്നതിന്റെ ഫലമാണെന്നും ആളുകൾ വിശ്വസിച്ചിരുന്നു. ചെയ്യുന്ന നന്മ തിന്മകളുടെ ഫലം ഈ ലോകത്തിൽ തന്നെയാണെന്നും കരുതി യിരുന്നു. ജീവിതത്തിൽ ഒരാൾ ചെയ്യുന്ന പ്രവൃത്തികളുടെ പ്രതിഫലവും ശിക്ഷയും ഭാവിജീവിതത്തിൽ നിത്യജീവിതത്തിൽ പ്രതീക്ഷിക്കണമെന്നും ഈശോ വ്യക്തമായി പഠിപ്പിച്ചു. ഈശോയെപ്രതി സഹിക്കേണ്ടിവരുന്നവർക്ക് സ്വർഗ്ഗരാജ്യത്തിൽ വലിയ സമ്മാനം ലഭിക്കു മെന്നും ഈശോ അരുൾ ചെയ്തു.
 
വേദപുസ്തകത്തിലെ വാക്യങ്ങൾ അവിടെയും ഇവിടെയും നിന്ന് അടർത്തിയെടുത്താൽ അർത്ഥം സുഗ്രാഹ്യമല്ല; പരസ്പരവിരുദ്ധമായും തോന്നും. അതുകൊണ്ട് ദൈവവചനത്തെ ആധാരമാക്കി പ്രസംഗിക്കുന്നവർക്ക് വേദപുസ്തക വ്യാഖ്യാനത്തെപ്പറ്റി ശരിയായ പരി ജ്ഞാനം ആവശ്യമാണ്.
 
ദൈവവചനപ്രഘോഷണത്തിന് വലിയ പഠനം ഒന്നും ആവശ്യമില്ല. ഭക്തിപൂർവം വേദപുസ്തകം വായിക്കുന്നവർക്കു പരിശുദ്ധാത്മാവിന്റെ പ്രകാശം ലഭിക്കും. പരിശുദ്ധാത്മാവിനാൽ നിറയുമ്പോൾ, അഥവാ “പരിശുദ്ധാത്മാവിന്റെ സ്നാനംവഴി” “വേദപുസ്തകത്തിന്റെ ഉളളറകൾ ഗ്രഹിക്കുവാൻ കഴിയും. “എന്താണു പറയേണ്ടതെന്ന് അപ്പോൾ ആത്മാവു തോന്നിക്കും” എന്നൊക്കെ പറയുന്ന ആശയഗതിക്കാരുമുണ്ട്. കത്തോലിക്കാസഭയുടെ പ്രബോധനങ്ങൾ പലതും അബദ്ധമാണ് എന്നും പ്രസ്താവിക്കും. മാത്രമല്ല, ദൈവവചനം പ്രഘോഷിക്കപ്പെടണം, അതിനു കത്തോലിക്കരെന്നോ പ്രോട്ടസ്റ്റന്റു കാരെന്നോ, പുതുതായി മിശിഹായിൽ വിശ്വാസം സ്വീകരിച്ചവരെന്നോ ഉള്ള വിവേചനം അസ്ഥാനത്താണ് എന്ന വീക്ഷണത്തോടെ ധ്യാന കേന്ദ്രങ്ങളിൽ അവർക്കെല്ലാം സാക്ഷ്യം പറയുന്നതിനും പ്രഘോഷണം നടത്തുന്നതിനും അവസരങ്ങൾ നല്കാറുണ്ട്. അവരവർക്കു തോന്നിയ വിധത്തിലുളള വ്യാഖ്യാനങ്ങളായിരിക്കും ഫലം. ഇതു ജനങ്ങളെ വഴി തെറ്റിക്കും.[C] 
 
 
 
ദൈവവചനത്തിന്റെ തെറ്റായവ്യാഖ്യാനം: 
 
 
 
 "ശത്രുക്കൾക്കെതിരായ ശാപം ,പൂർവികരുടെ പാപങ്ങൾക്ക്‌ തലമുറകളിലൂടെ നീളുന്ന ശിക്ഷ , പ്രതികാരത്തിനുള്ള ആഹ്വാനം " എന്നിവ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ തിരുത്തേണ്ടതുണ്ട്. അതിനാൽ പഴയ നിയമമല്ല പുതിയനിയമമാണ് വിശ്വാസത്തിനും ധാർമ്മികതയ്ക്കും മാനദണ്ഡമായി എടുക്കേണ്ടത്. [D] .
 
 
 
"വിശ്വാസത്തെയും ധാർമ്മികതയെയും സംബന്ധിച്ചു കത്തോലിക്കാസഭ തന്റെ പ്രബോധനാധികാരമുപയോഗിച്ചു പഠിപ്പിക്കുന്നതിനെ നിഷേധിക്കുന്നതും എതിർക്കുന്നതും സത്യവിശ്വാസത്തിൽ നിന്നും അകറ്റുകയാണ് ചെയ്യുക. [E] 
 
 
 
 
പൂർവ്വികരുടെ പാപഫലമായി വന്നിട്ടുള്ള ശാപം :
 
 
 
പാപത്തിന് ശിക്ഷ കിട്ടും എന്ന് ശരിയായ ക്രൈസ്തവ ദൈവശാസ്ത്രധാരണയുടെ ഒരു വകഭേദമാണ് പാപം ദൈവ ശാപത്തിന് ഇടയാക്കുന്നു എന്ന ചിന്ത. അതിന്റെ മായം കലർന്നതും അപകടകരവുമായ ആവിഷ്കാരമാണ് പൂർവ്വികരുടെ പാപം ദൈവശാപമായി തലമുറകളെ പിന്തുടരുന്നു എന്ന നിലപാട്. അടുത്ത കാലത്തായി പ്രത്യേകിച്ച് നവീകരണ പ്രസ്ഥാനങ്ങളുടെ ചില വചന പ്രഘോഷണ വേദികളിൽ പൂർവ്വികരുടെ പാപം തലമുറകളെ ശാപമായി വേട്ടയാടും എന്നു പറഞ്ഞു കേൾക്കുന്നുണ്ട്. കുറേപ്പേർക്ക് ചിന്താക്കുഴപ്പവും അനാവശ്യമായ മനഃക്ലേശവും അത്മീയ ഭീതിയും സൃഷ്ടിക്കുന്നതാണ് ഈ പ്രസ്താവം. മാത്രവുമല്ല, പൂർവ്വികരുടെ പാപഫലമായി വന്നിട്ടുള്ള ശാപം മാറ്റിക്കളയാനായി ചിലവേറിയ ഉപാധികൾ നിർദ്ദേശിക്കുന്ന വരുമുണ്ട്. ജീവിതത്തിൽ നിലനില്ക്കുന്ന പലതരം തകർച്ചകൾക്ക് കാരണം സ്വന്തം പൂർവ്വികരാണെന്ന നിഗമനം യഥാർത്ഥത്തിലുള്ള പ്രശ്നഹേതു എന്തെന്ന് മനസ്സിലാക്കാതെ പരിഹാരം തേടിയലയാൻ വ്യക്തികളെ പ്രേരിപ്പിക്കുകയും ചെയ്യും. ഇതിന്റെ അപകടകരമായ ഒരു ഉപനിഗമനം കൂടി നിലവിലുണ്ട്. അതായത്, നമ്മുടെ പൂർവ്വികരിൽ ചിലരുടെ ആത്മാക്കൾ ഇങ്ങനെ ശാപമേറ്റു മോക്ഷം കിട്ടാതെ അലയുന്നവരാണ്. അവരെ രക്ഷിച്ച് ശാപമോക്ഷം കൊടുക്കുന്നതിലൂടെ ഈ തലമുറയിലുള്ളവർക്ക് സമാധാനം കിട്ടു. അങ്ങനെ ശാപമേറ്റു ഗതികിട്ടാതെ അലഞ്ഞുതിരിയുന്ന ആത്മാക്കളെ രക്ഷിക്കാനുള്ള വിദ്യകൾ പ്രചരിപ്പിച്ചു വിറ്റു കാശാക്കുന്ന വിദ്വാന്മാരും രംഗത്തുണ്ട്. ഇങ്ങനെ പല തരത്തിൽ അപകടകരമാണ് പൂർവ്വികരുടെ പാപം ദൈവശാപമായി തലമുറകളെ പിന്തുടരും എന്ന കാഴ്ചപ്പാട്. രണ്ടുഗണം ന്യായങ്ങളാണ് സാധാരണയായി ഇതിന്റെ വക്താക്കൾ അവതരിപ്പിക്കുന്നത്. ഒന്നാമതായി, ബൈബിളിലെ ഏതാനും പഴയ നിയമ ഭാഗങ്ങളുടെ വ്യാഖ്യാനബലം; രണ്ടാമതായി, പാപ - ശാപ ബന്ധത്തെ സാധൂകരിക്കുന്ന ചില അനുഭവസാക്ഷ്യങ്ങൾ. ഒരുവൻ ചെയ്ത തെറ്റിന് ദൈവം അവന്റെ പിൻതലമുറക്കാരേയും ശിക്ഷിക്കും എന്ന ചിന്ത ബൈബിളിലില്ല. മാത്രവുമല്ല, ഈശോ അവതരിപ്പിച്ച ദൈവസങ്കൽപത്തിന് നിരക്കുന്നതുമല്ല ഈ കാഴ്ച്ചപ്പാട്. [F] 
 
 
 
 
മാതാപിതാക്കളുടെ പാപത്തിനു ദൈവം അവരുടെ മക്കളെ ശിക്ഷിക്കുമോ ?
 
 
 
 പാപമെന്നത് ഓരോരുത്തരും സ്വതന്ത്രമായ മനസ്സോടും സമ്മതത്തോടും കൂടി ചെയ്യുന്ന തെറ്റാണ്. മക്കളുടെ അറിവോ സമ്മതമോ കൂടാതെ അവരിലേക്ക്‌ മാതാപിതാക്കളുടെ പാപം ഒരിക്കലും കടന്നുചെല്ലുകയില്ല. അതുപോലെ തന്നെ,ഒരാൾ ചെയ്യുന്ന പാപത്തിന്റെ ശിക്ഷ ഒരിക്കലും മറ്റൊരാൾ അനുഭവിക്കേണ്ടിവരികയില്ല. മാതാപിതാക്കൾ ചെയ്യുന്ന തെറ്റിന് ദൈവം മക്കളെയും അവരുടെ മക്കളെയുമൊക്കെ ശിക്ഷിക്കുമെന്നു പറയുന്നത് ദൈവത്തെ ഭയങ്കരമായി തെറ്റിദ്ധരിക്കയാണ്, അവിടുത്തെപ്പറ്റി പറയുന്ന അപവാദമാണ്.മനുഷ്യരുടെ ഇടയിൽ തന്നെ ഒരാളുടെ തെറ്റിന് മറ്റൊരാളെ ശിക്ഷിക്കുന്നത് ഗൗരവമായ അനീതിയാണെന്ന് എല്ലാവരും സമ്മതിക്കും.അപ്പോൾ സർവനന്മസ്വരൂപനും അനന്തനീതിമാനുമായ ദൈവം അങ്ങനെ ചെയ്യുമെന്ന് നമുക്കൊരിക്കലും പറയാനാവില്ലല്ലോ. പുറപ്പാട് 20 :5 -6 ഉം സാമാന്തര വാക്യങ്ങളും ഇസ്രായേൽക്കാർക്കിടയിൽ ചിലരും തെറ്റിദ്ധരിക്കയുണ്ടായി. ഈ തെറ്റിദ്ധാരണയിൽ നിന്നുളവായ ഒരു പഴഞ്ചോല്ലായിരുന്നു, "പിതാക്കന്മാർ പുളിക്കുന്ന മുന്തിരിങ്ങ തിന്നു ,മക്കളുടെ പല്ലു പുളിച്ചു" എന്നത്. എസെക്കിയേൽ പ്രവാചകനിലൂടെ ദൈവംതന്നെ ഈ തെറ്റിദ്ധാരണ തിരുത്തുന്നുണ്ട്. (എസെക്കിയേൽ 18 :1 -4 ,19 -20). അങ്ങനെ വ്യക്തമായും ശക്തമായും വി. ഗ്രന്ഥം തന്നെ ഈ തെറ്റിദ്ധാരണയെ തിരുത്തിയെങ്കിലും, ഇന്നും ചിലർ രോഗങ്ങളെയും ദൗർബല്യങ്ങളെയും പൂർവികരുടെ പാപങ്ങൾക്ക് ദൈവം നൽകുന്ന ശിക്ഷയായി ചിത്രീകരിക്കുന്നു ! ദൈവം നീതിരഹിതനാണെന്നു കാണിച്ചു കൊണ്ട് അവിടുത്തെ പറ്റി പറഞ്ഞു പരത്തുന്ന ഗൗരവമേറിയ അപവാദപ്രചാരണമാണിത്. അതുപോലെതന്നെ, വേദനിക്കുന്ന മനുഷ്യരുടെ നേർക്കുള്ള ഉത്തരവാദിത്വരഹിതമായ പെരുമാറ്റമാണിത്.
 
 
 
പൂർവികരുടെ പാപങ്ങൾക്ക് പിൻതലമുറക്കാരെ ദൈവം ശിക്ഷിക്കുന്നുവെന്നു പറയുന്നത് മാത്രമല്ല തെറ്റിദ്ധാരണ. ദൈവം മനുഷ്യരെ ശിക്ഷിക്കുന്നുവെന്നു പറയുന്നത് തന്നെ ഒരു തെറ്റിദ്ധാരണയാണ്. പാപത്തിന് ശിക്ഷയുണ്ട് എന്നത് ശരിയാണ്. എന്നാൽ, പാപത്തിനുള്ള ശിക്ഷ പാപത്തിൽ തന്നെയാണ് അടങ്ങിയിരിക്കുന്നത്, അത് വെളിയിൽ നിന്ന് ആരും ഏല്പിക്കുന്ന ശിക്ഷയല്ല. ദൈവത്തിൽനിന്നും സ്വസഹോദരങ്ങളിൽനിന്നുമുള്ള അകൽച്ചയാണ് പാപം. ആ അകൽച്ച തിരുത്തി ദൈവത്തോടും സഹോദരങ്ങളോടും അടുക്കുന്നില്ലെങ്കിൽ, അനുരഞ്ജനപ്പെടുന്നില്ലെങ്കിൽ, ആ അകൽച്ചയിൽ തന്നെ പാപി നിലനിൽക്കുന്നു. അനുതപിച്ചു മനസാന്തരപ്പെടാതെ അന്ത്യംവരെ ആ അകൽച്ചയിൽ നിലനിൽക്കുകയും അങ്ങനെ മരിക്കയും ചെയ്‌താൽ,ആ അകൽച്ച നിത്യമായി തീരുന്നു. ദൈവത്തിൽനിന്നും സ്വസഹോദരങ്ങളിൽനിന്നുമുള്ള നിത്യമായ ഈ അകൽച്ചയാണ് നിത്യശിക്ഷ,നിത്യനരകം. ദൈവമില്ലാത്ത അവസ്ഥ ,സ്ഥലം ആണ് നിത്യനരകം എന്നതാണ് കത്തോലിക്ക വിശ്വാസം, 'ദൈവത്തെ കൂടാതെ' നിത്യമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള സ്ഥലം. ദൈവം മനുഷ്യന്റെ ആ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുകയും അനുവദിക്കുകയും ചെയ്യുന്നുവെന്നേയുള്ളു. അത് മനുഷ്യൻ സ്വയം ഏൽക്കുന്ന ശിക്ഷയാണ്,ദൈവം നൽകുന്ന ശിക്ഷയല്ല. ദൈവം ആരെയും ശിക്ഷിക്കുന്നില്ല എന്നതത്രേ വാസ്തവം. അവിടുന്ന് ശിക്ഷിക്കുന്ന ദൈവമല്ല, രക്ഷിക്കുന്ന ദൈവമാണ്.
പൂർവ്വികരുടെ ആത്മാക്കൾ ശാന്തി കിട്ടാതെ അലഞ്ഞുതിരിയുകയും പിൻതലമുറക്കാരെ രോഗങ്ങളും ദൗർഭാഗ്യങ്ങളും വഴി ദ്രോഹിക്കുകയും ചെയ്യുന്നുവെന്നത് മറ്റു ചില മതവിശ്വാസികളിൽ നിന്ന് കടംകൊണ്ട ഒരന്ധവിശ്വാസവും തെറ്റിദ്ധാരണയുമാണ്. ക്രൈസ്തവവിശ്വാസത്തിന് ഒട്ടും നിരക്കുന്നതല്ല ഈ ചിന്താഗതി.[G]
 
 
 
 കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം , ഖണ്ഡിക 1263: "ദൈവത്തിൽ നിന്നുള്ള വേർപെടലാണ് പാപത്തിന്റെ ഘോരഫലം".
 
 
 
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം , ഖണ്ഡിക 1868 : "പാപം വ്യക്തിപരമായ ഒരു പ്രവർത്തിയാണ്. കൂടാതെ, മറ്റുള്ളവർ ചെയ്യുന്ന പാപങ്ങളിൽ സഹകരിക്കുമ്പോൾ, നമുക്കും അവയിൽ ഉത്തരവാദിത്വം ഉണ്ട്"
 
 
 
ജനങ്ങളുടെ നന്മയെ ഉദ്ദേശിച്ച് കൗൺസിലിംഗിനെ സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ :
 
 
 
1. കൗൺസിലിംഗ് നടത്തുന്ന വ്യക്തികൾക്ക് കൗൺസിലിംഗിന്റെ പ്രാഥമിക കാര്യങ്ങളെക്കുറിച്ചുള്ള അറിവും വൈകാരിക പക്വതയും ഉണ്ടായിരിക്കണം. 
 
2. കൗൺസിലിംഗ് നടത്തുന്നവർക്കു ബന്ധപ്പെട്ട സഭാധികാരികളുടെ
അംഗീകാരം ഉണ്ടായിരിക്കേണ്ടതാണ്.
 
3. കൗൺസിലിംഗ് നടത്തുന്നവർക്ക് തങ്ങളുടെ ആദ്ധ്യാത്മികജീവിതത്തിൽ മാർഗ്ഗനിർദ്ദേശം സ്വീകരിക്കുന്നതിന് വൈദികരായ ആത്മീയ നിയന്താക്കൾ ഉണ്ടായിരിക്കണം.
 
4. കേൾവിക്കാർക്ക് അനുതാപത്തേക്കാൾ കുറ്റബോധം ഉളവാക്കുന്നവിധം പൂർവികരുടെ ശാപം, ലൈംഗികപാപങ്ങൾ ഇവയെപ്പറ്റിയുളള അനുചിതമായ വിശദീകരണങ്ങൾ ഒഴിവാക്കേണ്ടതാണ്. 
 
5. കൗൺസിലിംഗിൽ മറ്റുളളവരുടെ ഭൂതവും ഭാവിയും വെളിപ്പെടുത്തുന്ന വിധമുള്ള സന്ദേശങ്ങൾ പറയുന്നത് ഒഴിവാക്കേണ്ടതാണ്. അതുപോലെ ഒരു വ്യക്തിയുടെ ജീവിതാന്തസ് തിരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച് കൗൺസിലിംഗ് നടത്തുന്നയാൾ തീരുമാനം പറയരുത്. അത് ഓരോ വ്യക്തിയും സ്വന്തമായി എടുക്കേണ്ടതാണ്. [I] 
 
 
 
 
യേശു അവരോടു പറഞ്ഞു: വിശുദ്‌ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്‌? (മര്‍ക്കോസ്‌ 12 : 24) 
 
 
 
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന്‍ ജ്‌ഞാനത്തിന്റെയും വെ ളിപാടിന്റെയും ആത്‌മാവിനെ നിങ്ങള്‍ക്കു പ്രദാനം ചെയ്‌തുകൊണ്ട്‌ തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ!ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ്‌ അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന്‌ അറിയാനും, വിശുദ്‌ധര്‍ക്ക്‌ അവകാശമായി അവിടുന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്‌ധി മനസ്‌സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ.അതുവഴി അവന്റെ പ്രാഭവപൂര്‍ണമായ പ്രവര്‍ത്തനത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്‌തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്‌തമാകട്ടെ.
(എഫേസോസ്‌ 1 : 17-19) 
 
 
 
*References:
 
 
A. "ബൈബിൾ വായന - വ്യാഖ്യാനം അടിസ്ഥാനതത്ത്വങ്ങൾ " പേജ് 23 ,24 ; സീറോമലബാർ സഭ ഡോക്ട്രെയിനൽ കമ്മിഷൻ 
 
B. "ബൈബിൾ വായന - വ്യാഖ്യാനം അടിസ്ഥാനതത്ത്വങ്ങൾ " പേജ് 16 ,17 ; സീറോമലബാർ സഭ ഡോക്ട്രെയിനൽ കമ്മിഷൻ
 
C. മാർ അബ്രഹാം മറ്റം "ലിറ്റർജി പെന്തക്കോസ്തലിസം ധ്യാനകേന്ദ്രങ്ങൾ, പേജ് 33,34"
 
D. "ബൈബിൾ വായന - വ്യാഖ്യാനം അടിസ്ഥാനതത്ത്വങ്ങൾ , പേജ് 17 "സീറോമലബാർ സഭ ഡോക്ട്രെയ്നൽ കമ്മീഷൻ
 
E. "ബൈബിൾ വായന - വ്യാഖ്യാനം അടിസ്ഥാനതത്ത്വങ്ങൾ , പേജ് 29", സീറോമലബാർ സഭ ഡോക്ട്രെയ്നൽ കമ്മീഷൻ
 
F. ഡോ മാത്യു  ഇല്ലത്തുപറമ്പിൽ, ഗൂഢവിദ്യകൾ: ക്രിസ്തീയ വിലയിരുത്തൽ,കോഴിക്കോട്, 2009, 101-113
 
G. ഡോ സിപ്രിയാൻ ഇല്ലിക്കമുറി "പാപം ശിക്ഷ മോചനം"
 
I. കെ.സി.ബി.സി. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം, മാർഗ്ഗനിർദ്ദേശങ്ങൾ page 18, 34,35; എറണാകുളം, 2004.
 
 
 
 
 
 
Related articles :
 
 
 
 
റോമിൽ ‍ സംഘടിപ്പിക്കപ്പെട്ട ഭൂതോച്ചാടകരുടെ ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ, ദൈവശാസ്ത്ര പണ്ഡിതനായ ഫാ. റൊഗെളിയോ അൽകാന്ററാ ഈ വിഷയത്തെ വിശകലനം ചെയ്യുന്നു.
 
കത്തോലിക്കാ സഭയിലെ ചില മേഖലകളില്‍, പ്രത്യേകിച്ച്, കരിസ്മാറ്റിക് കൂട്ടായ്മകളില്‍, ‘ജന്മാന്തര (തലമുറകളുടെ )സൗഖ്യത്തിനായി’, അല്ലെങ്കില്‍, ഒരാളുടെ കുടുംബവൃക്ഷത്തിന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുക, ജപമാല ചൊല്ലുക, കുര്‍ബാനയര്‍പ്പിക്കുക എന്നീ പതിവുകള്‍ വ്യാപകമായുണ്ട്. ഈ സമ്പ്രദായം ഒരുവശത്ത് ധാരാളം അനുയായികളെ ആകര്‍ഷിക്കുന്നു; മറുവശത്ത്, അത് പരുഷമായ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുകയും ചെയ്യുന്നു.
 
 
 
 
മറ്റുള്ളവരുടെ പാപങ്ങൾക്ക് നമ്മൾ ഉത്തരവാദികളാണോ?
 
 
 



Article URL:







Quick Links

വിശുദ്ധലിഖിതങ്ങളുടെ വ്യാഖ്യാനവും തലമുറകളുടെ ശാപവും [കത്തോലിക്കാ വിശ്വാസവിചാരം]

വിശുദ്ധലിഖിതങ്ങളുടെ വ്യാഖ്യാനവും തലമുറകളുടെ ശാപവും [കത്തോലിക്കാ വിശ്വാസവിചാരം]         ആവിലായിലെ വിശുദ്ധ ത്രേസ്യ പറയുന്നത്. “ലോകത്തിലുള്ള സകല തിന്മയും വരുന്... Continue reading


നമ്മുടെ “കുടുംബവൃക്ഷത്തെ സൗഖ്യപ്പെടുത്താമോ” എന്നിട്ട്, “പൂർവ്വീക പാപം” തുടച്ചു നീക്കാമോ?

റോമിൽ ‍ സംഘടിപ്പിക്കപ്പെട്ട ഭൂതോച്ചാടകരുടെ ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ, ദൈവശാസ്ത്ര പണ്ഡിതനായ ഫാ. റൊഗെളിയോ അൽകാന്ററാ ഈ വിഷയത്തെ വിശകലനം ചെയ്യുന്നു. കത്തോലിക്കാ സഭയിലെ ചില മേഖലകളില്‍, ... Continue reading