ആത്മാവ് ഒരൊറ്റ വജ്രം, അഥവാ സ്വച്‌ഛമായ സ്ഫടികം കൊണ്ടു നിർമ്മിച്ച ഒരു ഹർമ്യ( castle) മാണെന്ന് എനിക്കു തോന്നി. സ്വർഗ്ഗത്തിൽ അനേകം സദനങ്ങൾ (moradas = mansions ) (യോഹ 14:2). ഉള്ളതുപോലെ ഈ ഹർമ്മ്യത്തിലും ഒട്ടുവളരെ മുറികൾ ഉണ്ട്. ഇതിനെക്കുറിച്ചു പര്യാലോചിക്കുന്ന പക്ഷം, വത്സലസഹോദരിമാരേ, നീതിമാന്റെ ആത്മാവ് ദൈവത്തിനു പ്രീതികരമായ ഒരു പറുദീസയല്ലാതെ മറ്റൊന്നുമല്ലെന്നു നിങ്ങൾക്കു ബോധ്യമാകും. അവിടുന്നു തന്നെ അതുവെളിപ്പെടുത്തിയിട്ടുമുണ്ടല്ലോ. (സുഭാ. 8:31) ഇത്ര പ്രാഭവവാനും വിജ്ഞാനിയും പരിശുദ്ധനും സർവനന്മനിധിയുമായ ഒരു രാജാവ് ആനന്ദത്തോടെ വാഴുന്ന മണിയറ എത്ര മഹത്തായിരിക്കണം! ഒരാത്മാവിന്റെ അതീവ സൗന്ദര്യത്തിനും കഴിവുകൾക്കും സദൃശമായി യാതൊന്നും കണ്ടെത്തുവാൻ എനിക്കു സാധിക്കയില്ല. നാം എത്ര കുശാഗ്രബുദ്ധികളായിരുന്നാലും അതു ഗ്രഹിക്കുവാൻ അശക്തർ തന്നെ; ദൈവത്തെക്കുറിച്ചുള്ള അഗാധജ്ഞാനം പോലെയാണതും എന്നു പറയാം.
അവിടുന്നുതന്നെ അരുളിചെയ്യുന്നതുപോലെ തന്റെ ഛായയിലും സാദൃശ്യത്തിലുമാണ് താൻ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. (ഉൽപത്തി 1:26) അങ്ങനെയെങ്കിൽ - അപ്രകാരം തന്നെയാണ്- നമ്മുടെ ആഭ്യന്തരഹർമ്യത്തിന്റെ സൗന്ദര്യം മനസ്സിലാക്കുവാൻ നാം വ്യഥാ അധ്വാനിച്ചു ക്ഷീണിക്കേണ്ടതില്ല. ആത്മാവു ദൈവത്തിന്റെ സൃഷ്ടിയാണെങ്കിലും ദൈവവും ആത്മാവും തമ്മിൽ സൃഷ്ടാവും സൃഷ്ടിയുമെന്ന നിലയിൽ വ്യത്യാസം ഉണ്ട്. മാത്രമല്ല, സ്വച്ഛായയിൽത്തന്നെയാണ് അതുണ്ടാക്കപ്പെട്ടിരിക്കുന്നതെന്ന് അവിടുന്നുതന്നെ അരുളിച്ചെയ്തിരിക്കുന്നതിനാൽ അതിന്റെ മഹോന്നതമായ അഴകും ശ്രേഷ്ഠതയും നമ്മുടെ ഗ്രഹണശക്തിക്കതീതമെന്നും സിദ്ധിക്കുന്നു.
നാം ആരാണെന്നും നമ്മുടെ മാഹാത്മ്യമെന്തെന്നും നമ്മുടെ കുറ്റം നിമിത്തം നാം അറിയാതെ വരുന്നത് അത്യന്തം ശോച്യവും ലജ്ജാകരവുമത്രേ. വത്സല പുത്രിമാരേ, ഒരാളോട് താൻ ആരാണെന്ന് ചോദിച്ചാൽ പറയാൻ സാധിക്കയില്ലെങ്കിൽ അയാളുടെ അജ്ഞതയെക്കുറിച്ച് നാം എന്തു വിചാരിക്കണം? തന്റെ അപ്പൻ അഥവാ അമ്മ ആരെന്നോ ജന്മദേശം ഏതെന്നോ ഒന്നും അയാൾക്കറിഞ്ഞുകൂടെങ്കിൽ! എന്നാൽ നാം ഈ ശരീരത്തിൽ ജീവിക്കുന്നെന്നതിൽക്കവിഞ്ഞു നമ്മെ സംബന്ധിക്കുന്ന യാഥാർഥ്യങ്ങളോന്നുമറിയാൻ നാം ഉത്സാഹിക്കുന്നില്ലെങ്കിൽ നമ്മുടെ ഭോഷത്തം മേൽപറഞ്ഞ ആളുടേതിനേക്കാൾ അധികം ഗർഹണീയമല്ലയോ? പറഞ്ഞുകേൾക്കയും വിശ്വാസം പഠിപ്പിക്കുകയും ചെയ്യുന്നതനുസരിച്ച് നമുക്കാത്മാവുണ്ടെന്ന് കേവലമായ ഒരറിവല്ലാതെ ഉപരിജ്ഞാനമില്ലെങ്കിൽ നമ്മെക്കുറിച്ചെന്താണ് പറയണ്ടത്? ആത്മാവിനു സമ്പാദിക്കാൻ പാടുള്ള ഗുണവിശേഷങ്ങളെന്തെല്ലാമെന്നോ അതിനുള്ളിൽ വസിക്കുന്നതാരെന്നോ അതെത്രമാത്രം അമൂല്യമെന്നോ വിരളമായേ നാം ചിന്തിക്കാറുള്ളൂ. തന്നിമിത്തം അതിന്റെ സൗന്ദര്യത്തിനു ഭംഗമൊന്നും വരാതെ സംരക്ഷിക്കുവാൻ നാം അത്ര ശ്രദ്ധിക്കാറില്ല. നമ്മുടെ ശ്രദ്ധക്കെല്ലാം വിഷയം ആ വജ്രത്തിന്റെ സംപുടകം - ഹർമ്യത്തിന്റെ പുറംഭിത്തികൾ- മാത്രമാണ്. നമ്മുടെ ശരീരത്തിന്റെ കാര്യത്തിൽ മാത്രമേ നമുക്കു താൽപര്യമുള്ളുവെന്ന് സാരം.
[ആഭ്യന്തരഹർമ്യം, ഒന്നാം സദനം - ഒന്നാമദ്ധ്യായം]