(2 min read)
വിശുദ്ധ ആഗസ്തീനോസ് ഇങ്ങനെ എഴുതുന്നു. “രഹസ്യാത്മകമായ
അഭിഷേകം നിമിത്തം നാമോരോരുത്തരെയും ക്രൈസ്തവർ എന്നു വിളിക്കുന്നതുപോലെ, ഏകപൗരോഹിത്യത്തിൽ അംഗങ്ങളായിരിക്കുന്നതുകൊണ്ട് നമുക്ക് ഓരോരുത്തരെയും പുരോഹിതർ എന്നും വിളിക്കാം”.
*രാജകീയ പൗരോഹിത്യം (Royal Priesthood) എന്നൊന്നുണ്ടോ ? ഉണ്ട് എങ്കിൽ അത് വിശദീകരിക്കാമോ ?
യേശുവിന്റെ രാജത്വം മനസ്സിലാക്കേണ്ടത് ഭൗതീകമായ അർത്ഥത്തിലല്ല. പീലാത്തോസിനോട് യേശു പറഞ്ഞ മറുപടിയിൽ ഇത് വ്യക്തമാണ്. “എന്റെ രാജ്യം ഐഹികമല്ല” (യോഹ 18:36). ദൈവരാജ്യത്തെപ്പറ്റി വിശുദ്ധ പൗലോസ് എഴുതിയിരിക്കുന്നത് ശ്രദ്ധേയ മാണ്. “ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് (റോമ 14:17), കുരിശുമരണം വരെ പിതാവിന്റെ ഹിതം നിറവേറ്റി ക്കൊണ്ട് (ഫിലി 2:9-10) സാത്താനെ കീഴടക്കി മനുഷ്യകുലത്തെ രക്ഷിച്ച യേശു “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും" (മത്താ 28:18) നേടിയവനും രാജാക്കന്മാരുടെ രാജാവുമാണ്. യേശുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് മാമ്മോദീസ സ്വീകരിക്കുന്ന ക്രൈസ്തവരെല്ലാം പാപവിമുക്തരായി പരിശുദ്ധാത്മാവിന്റെ ജീവിക്കുന്ന ആലയങ്ങളുമായും ദൈവമക്കളുമായും രൂപാന്തരപ്പെടുന്നു (1 കോറി 3:16; റോമാ 8:14-16). യേശുവിൽ നിറഞ്ഞു നിന്നിരുന്ന ദൈവാരൂപിയുടെ അഭിഷേകം മാമ്മോദീസായിലൂടെയും സൈര്യലേപനത്തിലൂടെയും സ്വീകരിക്കുന്നതു വഴി ഓരോ ക്രിസ്ത്യാനിയും യേശുവിന്റെ രാജത്വത്തിൽ പങ്കുചേരുന്നുണ്ട്. പാപത്തിന്മേലും പ്രവണതകളുടെമേലും വിജയം നേടി ദൈവഹിതം നിറവേറ്റാൻ പ്രാപ്തരായിരിക്കുന്നുവെന്നതാണ് ഇതിന്റെ മുഖമുദ്ര. അതുവഴിയാണ് ലോകം നല്കുന്ന സ്ഥാനമാനങ്ങളും ആഡംബരങ്ങളും അവഗണിച്ചു കൊണ്ട് ക്രിസ്തുവിന്റെ മാതൃകയനുസരിച്ച് മറ്റുള്ളവർക്ക് നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുവാൻ ദൈവജനത്തിന് കഴിയുന്നത്.
വിശുദ്ധ പത്രോസിന്റെ വാക്കുകളിൽ, “നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്” (1 പത്രോ 2:9). ഇവരുടെ ഇടയിൽ നിന്നും പ്രത്യേകമായി ദൈവത്താൽ വിളിക്കപ്പെട്ട് തിരുപ്പട്ടം എന്ന കൂദാശ സ്വീകരിക്കുന്നവരാണ് ശുശ്രൂഷാ പൗരോഹിത്യത്തിന് നിയോഗിക്കപ്പെടുന്ന വൈദികർ. ക്രിസ്തുവിന്റെ പ്രതിനിധികൾ എന്ന നിലയിൽ അവർ ക്രിസ്തുവിന്റെ ദൗത്യം തുടർന്നു കൊണ്ട് രാജകീയ പുരോഹിതഗണമായ തങ്ങളുടെ സഹോദരർക്ക് ആദ്ധ്യാത്മിക ശുശ്രൂഷ ചെയ്യുന്നു. ഈ രണ്ടുവിധ പൗരോഹിത്യവും തമ്മിൽ സത്താപരമായിത്തന്നെ വ്യത്യാസമുണ്ടെങ്കിലും അവ പരസ്പരം പൂരകങ്ങളായി വർത്തിക്കേണ്ടവയാണ് (തിരുസ്സഭ, നമ്പർ 10). അത്മായരും തങ്ങളുടെ ജീവിതാവസ്ഥകൾക്കനുസരിച്ച് ക്രിസ്തുവിന്റെ ത്രിവിധ ധർമ്മങ്ങൾ - പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക- അനുഷ്ഠിക്കാൻ കടപ്പെട്ടവരാണ് (അത്മായരുടെ പ്രേക്ഷിത ദൗത്യം, നമ്പർ 2; തിരുസ്സഭ, 31)
അത്മായരുടെ പ്രത്യേക പ്രവർത്തനമേഖലയായി രണ്ടാം വത്തിക്കാൻ കൗൺസിൽ അനുസ്മരിപ്പിക്കുന്നത് ഭൗതീകമണ്ഡലത്തിന്റെ നവീകരണമാണ്. വ്യക്തിയുടേയും കുടുംബത്തിന്റേയും മൂല്യങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ധനാഗമമാർഗ്ഗങ്ങൾ, രാജ്യത്തിന്റെ നിയമങ്ങൾ, ഭരണ സംവിധാനം ഇവയെല്ലാം ഭൗതികമണ്ഡലത്തിന്റെ ഘടകങ്ങളാണ്. തങ്ങളുടെ ജീവിതാവസ്ഥകൾക്കനുസരിച്ച് സുവിശേഷത്തിന്റെ വെളിച്ചത്തിലും സഭയുടെ പ്രബോധനങ്ങൾക്കനുസൃതമായും വ്യാപരിച്ചുകൊണ്ടാണ് അത്മായർ തങ്ങളുടെ ദൗത്യം നിറവേറ്റേണ്ടത് (അത്മായർ, നമ്പർ 7).
[ Ref :"ആറ്റുതീരത്തെ വൃക്ഷം (തിരുസഭ ദർശനം)", page 68,69,70 ; എഡിറ്റർ - റവ. ഡോ മാത്യു ഇല്ലത്തുപറമ്പിൽ ]