(6 minutes read)
"സ്നേഹം അനുഭവിക്കുക, അതുവഴി ദൈവീകപ്രകാശം ലോകത്തിൽ പ്രവേശിക്കുന്നതിനു കാരണമാകുക" (ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ, "ദൈവം സ്നേഹമാകുന്നു" ചാക്രിക ലേഖനം നമ്പർ 40)
ഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കണം. നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു...
ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു: പരസ്‌പരം സ്‌നേഹിക്കുവിന്‍.(യോഹന്നാന്‍ 15 : 16-17)
രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ "പ്രേഷിത പ്രവർത്തനം, നമ്പർ 10, 11" ൽ ഇപ്രകാരം പറയുന്നു :"ദൈവസ്നേഹം എല്ലാവർക്കും കാണിച്ചുകൊടുക്കുവാനും എല്ലാ ജനപദങ്ങൾക്കും പകർന്നുകൊടുക്കുവാനും ക്രിസ്തു പ്രേഷിതയാക്കിയിരിക്കുന്ന സഭയ്ക്ക് ഇനിയും അതിവിപുലമായ മിഷൻ പ്രവർത്തനങ്ങൾ അവശേഷിച്ചിരിക്കുന്നതായി ബോദ്ധ്യമുണ്ട്. ഇരുനൂറു കോടിയിൽപരം (രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സമയത്തു) ജനങ്ങൾ ഇനിയും ആ സദ്വാർത്ത കേട്ടിട്ടേയില്ല; അഥവാ നാമമാത്രമായിട്ടേ കേട്ടിട്ടുള്ളു.അക്കൂട്ടരുടെ സംഖ്യ അനുദിനം വർദ്ധിച്ചുവരുന്നു. ലോകമതങ്ങളിൽ ഏതെങ്കിലും ഒന്നിനോട് ചേർന്നു നിൽക്കുകയാണ് അതിലൊരു വിഭാഗം.മറ്റു വിഭാഗങ്ങൾ, ദൈവത്തെക്കുറിച്ചു കേട്ടിട്ടില്ലാത്തവരോ, അവിടുത്തെ അസ്തിത്വം തന്നെ സ്പഷ്ടമായി നിഷേധിക്കുന്നവരോ, കടന്നാക്രമിക്കുന്നവരോ ആണ്.അവരുടെയെല്ലാം പക്കൽ രക്ഷണീയ രഹസ്യവും ദൈവം കൊണ്ടുവന്നിരിക്കുന്ന ജീവനും അവതരിപ്പിക്കണമെങ്കിൽ മനുഷ്യാവതാരം വഴി താൻ സഹവസിച്ച മനുഷ്യവർഗ്ഗത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ സാഹചര്യങ്ങളുമായി തന്നെത്തന്നെ ഇണക്കിച്ചേർത്ത ക്രിസ്തുവിന്റെ മനസ്ഥിതിയോടുകൂടി സഭയും ഈ സമൂഹങ്ങളുമായി അലിഞ്ഞു ചേരണം(must implant herself into these groups for the same motive). സഭ അവളുടെ സാന്നിദ്ധ്യം ഈ ജനമധ്യത്തിൽ യാഥാർഥ്യമാക്കേണ്ടത് അവരുടെ ഇടയിൽ ജീവിക്കുന്നവരോ, അവരുടെ മധ്യത്തിലേക്ക് നിയുക്തരായവരോ ആയ തന്റെ സന്താനങ്ങളിലൂടെയാണ്.ക്രിസ്ത്യാനികൾ എവിടെ ആയിരുന്നാലും തങ്ങളുടെ ജീവിത മാതൃക, വചനങ്ങളുടെ സാക്ഷ്യം എന്നിവ വഴി മറ്റുള്ളവർ തങ്ങളുടെ സൽപ്രവർത്തികൾ കണ്ട് പിതാവായ ദൈവത്തെ മഹത്വപ്പെടുത്തുന്നതിന് (മത്തായി 5:16) മനുഷ്യജീവിതത്തിന്റെ യഥാർത്ഥ അർത്ഥവും മാനവവംശത്തെ മുഴുവനും കൂട്ടിയിണക്കുന്ന ബന്ധവും മനസിലാക്കേണ്ടതുണ്ട്".
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ "രക്ഷകന്റെ മിഷൻ" എന്ന തന്റെ ചാക്രിക ലേഖനത്തിൽ ഇപ്രകാരം പറയുന്നു:
മിഷനറി ആധ്യാത്മികതയെ തിരിച്ചറിയാനുള്ള അടയാളം അപ്പസ്തോലികമായ
സ്നേഹമാണ്. ചിതറിക്കിടക്കുന്ന മനുഷ്യരാശിയെ ഒന്നിപ്പിക്കുന്നതിന് വേണ്ടി അവതരിച്ച യേശുവിന്റെ സ്നേഹം തന്നെയാണ് (യോഹന്നാൻ 11:52) ആത്മാക്കൾക്ക് വേണ്ടി ദാഹിക്കുന്ന യേശുവിന്റെ സ്നേഹത്തെ യഥാർത്ഥ മിഷനറി അരൂപിയുള്ള ഒരാൾ സ്വജീവിതത്തിൽ പകർത്തി കാണിച്ച് തരും. യേശുവിനെ പോലെ സഭയെ സ്നേഹിക്കുകയും ചെയ്യും.
മിഷനറി ആത്മാക്കളെ പ്രതി എരിവുള്ളവനായിരിക്കണം. യേശുവിന്റെ സ്നേഹത്തിന്റെ പ്രചോദനത്തിൽ നിന്നാണ് അത് ഉണ്ടാവുക. അത് പല പല രൂപങ്ങളിൽ പ്രകടനമാകും. മറ്റുള്ളവരോടുള്ള കരുതലായി,അനുകമ്പയായി,തുറന്ന മനസ്സായി,എല്ലായിടത്തും ഓടിയെത്തുന്ന പ്രകൃതമായി,മനുഷ്യപ്രശ്നങ്ങളിൽ കാണിക്കുന്ന താല്പര്യമായി വിവിധ രൂപഭാവങ്ങളിൽ അത് പ്രത്യക്ഷമാകും. യേശുവിന്റെ സ്നേഹം അഗാധമായതായിരുന്നു. മനുഷ്യനിൽ എന്താണുള്ളതെന്ന് അറിഞ്ഞവനാണ് യേശു (യോഹന്നാൻ 2:25) രക്ഷ പ്രദാനം ചെയ്തുകൊണ്ട് അവിടുന്ന് ഓരോരുത്തരെയും സ്നേഹിച്ചു.ആ രക്ഷ തിരസ്കരിക്കപ്പെട്ടപ്പോളെല്ലാം അവിടുന്ന് വ്യഥ അനുഭവിച്ചു.
മിഷനറി സ്നേഹത്തിന്റെ മനുഷ്യനായിരിക്കണം. തന്റെ സഹോദരങ്ങളോട്, "നിങ്ങളെ ദൈവം സ്നേഹിക്കുന്നു" എന്നും, "നിങ്ങൾ സ്നേഹിക്കാൻ കഴിയുന്നവരാണെന്നും" പറയണമെങ്കിൽ മിഷനറി ആദ്യംതന്നെ എല്ലാവരോടും സ്നേഹത്തോടെ വർത്തിക്കുന്നവനാകണം. സ്വജീവൻ തന്നെ അയൽക്കാരനുവേണ്ടി കൊടുക്കാൻ സന്നദ്ധനായിരിക്കണം. മിഷനറി എല്ലാവർക്കും ഒരു "സാർവ്വത്രിക സഹോദരൻ" ആയിരിക്കണം. സഭയുടെ ചൈതന്യത്തെ തന്നിൽതന്നെ സംവഹിക്കുന്നവനാകണം. സകല മനുഷ്യരോടും ഓരോ വ്യക്തിയോടും സഭ കാണിക്കുന്ന തുറന്ന മനോഭാവവും താൽപര്യവും മിഷനറിയിൽ ഉണ്ടായിരിക്കണം. ഒറ്റവാക്കിൽ പറഞ്ഞാൽ, മിഷനറി ജാതി വർഗ്ഗ പ്രത്യയശാസ്ത്ര വിഭാഗീയതകൾക്കും അതിരുകൾക്കും അതീതനായിയിരിക്കണം. ദൈവ സ്നേഹത്തിന്റെ - ആരെയും ഒഴിവാക്കാതെ പക്ഷപാതരഹിതമായ സ്നേഹത്തിന്റെ - ഭൂമിയിലെ അടയാളമാണ് മിഷനറി.
മിഷനറി, യേശുവിനെപോലെ സഭയെ സ്നേഹിക്കുന്നവനായിരിക്കണം. യേശു ക്രിസ്തു സഭയെ സ്നേഹിച്ചു സഭയ്ക്കുവേണ്ടി തന്നെത്തന്നെ നൽകി (എഫേസോസ് 5:25). "ജീവൻ വരെ നൽകും വിധമുള്ള സ്നേഹം" - അതായിരിക്കണം മിഷനറിയുടെ ലക്ഷ്യബിന്ദു. സഭയോടുള്ള അഗാധമായ സ്നേഹമാണ് മിഷനറിയുടെ തീക്ഷ്ണതയെ ഊട്ടി വളർത്തുന്നത്.തന്റെ ദിനംതോറുമുള്ള വ്യഗ്രത വിശുദ്ധ പൗലോസ് പറയുന്നതുപോലെ, "എല്ലാ സഭകളെക്കുറിച്ചുമുള്ള ആകുലത" ആയിരിക്കണം (2 കോറിന്തോസ് 11:28). കാരണം,മിഷനറിയെ സംബന്ധിച്ചെടുത്തോളം "യേശുവിനോടുള്ള വിശ്വാസ്യത, സഭയോടുള്ള വിശ്വാസ്യതയിൽ നിന്നും വിഭിന്നമല്ല".[രക്ഷകൻറെ മിഷൻ, നമ്പർ 89]
സ്നേഹവഴിയുള്ള സാന്നിദ്ധ്യം എങ്ങനെ മനുഷ്യവംശത്തിന് അനുഭവവേദ്യമാക്കാം?
തന്റെ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെസ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്‌ക്കുകയും ചെയ്‌തു എന്നതിലാണ് സ്‌നേഹം.പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്‌നേഹിച്ചെങ്കില്‍ നാമും പരസ്‌പരം സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു.(1 യോഹന്നാന്‍ 4 : 9-11)
രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ "പ്രേഷിത പ്രവർത്തനം, നമ്പർ 12" ൽ ഇപ്രകാരം പറയുന്നു :
ദൈവം നമ്മെ സ്നേഹിച്ച സ്നേഹത്താൽ നമുക്കും പരസ്പരം സ്നേഹം ഉണ്ടാകണമെന്ന് അവിടുന്നാഗ്രഹിക്കുന്നു. അതേ സ്നേഹചൈതന്യത്താൽ (യോഹ 4:11) പൂരിതമായിരിക്കണം മാനവസമൂഹങ്ങളിൽ വസിക്കുന്ന ക്രൈസ്തവവിശ്വാസികൾ. ക്രിസ്തീയ ഉപവി വാസ്തവത്തിൽ ജാതിമതചിന്തകൾക്കും സാമൂഹ്യപരിതോവസ്ഥകൾക്കും അതീതമായി പ്രതിനന്ദിയും പ്രതിഫലവും പ്രതീക്ഷിക്കാതെ എല്ലാവരെയും അതിന്റെ പ്രവർത്തന സീമയിൽ ഉൾപ്പെടുത്തുന്നു. തീർത്തും സൗജന്യമായ സ്നേഹത്താൽ ദൈവം നമ്മെ സ്നേഹിച്ചതുപോലെതന്നെ വിശ്വാസികളും മനുഷ്യവ്യക്തികളെ സ്നേഹിച്ചു കൊണ്ട് അവരുടെ താല്പര്യങ്ങൾ പുലർത്തണം. ദൈവരാജ്യം വന്നിരിക്കുന്നതിന്റെ അടയാളമായി ഗ്രാമങ്ങളും നഗരങ്ങളും കയറിയിറങ്ങി ക്രിസ്തു എല്ലാവിധ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയതു പോലെ (മത്താ 9:35; അപ്പ 10:38) തിരുസഭയും അവളുടെ സന്താനങ്ങൾ വഴി എല്ലാ തുറവിയിലുമുള്ള മനുഷ്യരുമായി, പ്രത്യേകിച്ച് പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവരുമായി ഒന്നു ചേരുകയും അവർക്കു വേണ്ടി അവൾ സസന്തോഷം സ്വയം അർപ്പിക്കുകയും ചെയ്യുന്നു. (2കോറി 12:15) അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളിയാകുകയും അവരുടെ ജീവിതാഭിലാഷങ്ങളും പ്രശ്നങ്ങളുമായി ആഭിമുഖ്യത്തിൽ വർത്തിക്കുകയും അവരുടെ മരണാകുലതയിൽ സഹതപിക്കുകയും ചെയ്യുന്നുണ്ട് കത്തോലിക്കാസഭ. സഹോദര ചൈതന്യത്തോടുകൂടിയ ഡയലോഗ് (സംഭാഷണം)വഴി സുവിശേഷത്തിലെ സമാധാനവും പ്രകാശവും പകർന്നുകൊടുത്തുകൊണ്ട് സമാധാനന്വേഷികൾക്ക് മാർഗ്ഗദർശനം നൽകാൻ അവൾ അഭിലഷിക്കുന്നു...സാമൂഹികവും സാമ്പത്തികവുമായ സംവിധാനത്തിൽ വിശ്വാസികൾ മറ്റുള്ളവരുമായി സഹകരിച്ചു പ്രയത്‌നിക്കണം. കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസത്തിനായി വ്യത്യസ്ഥതരത്തിലുള്ള വിദ്യാമന്ദിരങ്ങൾ വഴി പ്രത്യേക ശ്രദ്ധയോടെ സമർപ്പണം ചെയ്യേണ്ടതാണ്......വിശപ്പിനും അജ്ഞതയ്ക്കും രോഗത്തിനും എതിരെ യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് മെച്ചപ്പെട്ട ഒരു ജീവിതവ്യവസ്ഥിതിക്ക് രൂപം കൊടുക്കാനും സമാധാനം സുസ്ഥിതമാക്കാനും വേണ്ടി അധ്വാനിക്കുന്നരുടെ യത്നത്തിൽ ക്രൈസ്തവരും പങ്കെടുക്കണം. ..സഭ ഒരിക്കലും രാഷ്ട്രഭരണത്തിൽ ഇടപെടുവാൻ ആഗ്രഹിക്കുന്നില്ല. സഹോദര്യത്തിലും വിശ്വസ്തതാപൂർവ്വമായ ശുശ്രൂഷയിലും കൂടി മനുഷ്യ വംശത്തെ ദൈവത്തിന്റെ സഹായത്തോടുകൂടി സേവിക്കുകയെന്നതിനപ്പുറം സഭയൊന്നും ആവശ്യപ്പെടുന്നില്ല (മത്തായി 20:26 ; 23 :1)...
മറ്റു മനുഷ്യരുമായി അവരുടെ ജോലിയിലും, ജീവിതത്തിലും സഗാഢം ബന്ധപ്പെട്ടിരിക്കുന്ന ക്രിസ്തുവിന്റെ അനുയായികൾ, തങ്ങൾക്കു ക്രിസ്തുവിനെ പൂർണമായി അവതരിപ്പിക്കാൻ കഴിവില്ലാത്ത രംഗങ്ങളിൽപ്പോലും മറ്റുള്ളവരുടെ പക്കൽ ക്രിസ്തുവിനെപ്പറ്റി യഥാർത്ഥമായി സാക്ഷ്യം വഹിക്കുന്നതിനും അവരുടെ ആത്മരക്ഷയ്ക്കായി അധ്വാനിക്കുന്നതിനും കടപ്പെടുന്നുണ്ട്. മനുഷ്യരുടെ വെറും ഭൗതിക പുരോഗതിയും ഐശ്വര്യവുമല്ല അവരുടെ ലക്ഷ്യം;പ്രത്യുത ക്രിസ്തു തന്റെ വെളിച്ചം കൊണ്ട് പ്രഭാപൂരിതമാക്കിയ മതപരവും സന്മാർഗ്ഗികവുമായ സത്യങ്ങൾ പഠിപ്പിച്ചു മനുഷ്യമഹത്വവും സാഹോദര്യബന്ധവും വളർത്തി ക്രമേണ മനുഷ്യകുലത്തെ ദൈവത്തിലേയ്ക്കു നയിക്കുന്ന പ്രവേശനമാർഗ്ഗം മലർക്കേ തുറന്നുകൊടുക്കുകയെന്നതാണ്. അങ്ങനെ ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹം വഴി രക്ഷ പ്രാപിക്കുന്നതിന് മനുഷ്യരെ സഹായിക്കുന്നു. ഇപ്രകാരം ക്രിസ്തുവിന്റെ രഹസ്യം പ്രകാശിച്ചു തുടങ്ങുന്നു. ആ രഹസ്യത്തിലാണ് ദൈവഹിതാ നുസരണം സൃഷ്ടിക്കപ്പെട്ട നവമനുഷ്യൻ (എഫേ 4:24)പ്രത്യക്ഷപ്പെടുന്നത്. ദൈവസ്നേഹം വെളിപ്പെടുത്തപ്പെടുന്നതും ആ രഹസ്യത്തിൽത്തന്നെ. [End quote]
ക്രിസ്തുവിന്റെ രക്ഷാകര സന്ദേശം അറിയിക്കുകയെന്നത് ദൈവാരൂപിയുടെ പ്രവർത്തനത്തിലാണ് സംഭവിക്കേണ്ടത്, അതിനു വിപീരതമായതെല്ലാം കത്തോലിക്കാ സഭ തള്ളിക്കളയുന്നു:
"വിശ്വാസം സ്വീകരിക്കുവാൻ സമ്മർദ്ദം ചെലുത്തുക,അനാശാസ്യമായ തന്ത്രങ്ങൾക്കൊണ്ട് ജനങ്ങളെ ആകർഷിക്കുകയും കെണിയിൽ കുടുക്കുകയും ചെയ്യുക എന്നിവയെല്ലാം സഭ കർശനമായി മുടക്കുന്നു. അതുപോലെതന്നെ, മറ്റുള്ളവർ നിരത്തുന്ന അന്യായമായ പ്രതിബന്ധങ്ങൾ വഴി വിശ്വാസത്തിൽ നിന്ന് വഴുതിപ്പോകാതിരിക്കാനുള്ള വ്യക്തിയുടെ അവകാശത്തെയും സഭ മുറുകെ പിടിക്കുന്നുണ്ട്". ["പ്രേഷിതപ്രവർത്തനം,നമ്പർ 13"]
നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്‌തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു.നിങ്ങളുടെ മുമ്പില്‍ ഞാന്‍ ദുര്‍ബലനും ഭയചകിതനുമായിരുന്നു.എന്റെ വചനവും പ്രസംഗവും വിജ്‌ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്‌മാവിന്റെയും ശക്‌തിയുടെയും വെളിപ്പെടുത്തലായിരുന്നു.നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷികവിജ്‌ഞാനമാകാതെ, ദൈവശക്‌തിയാകാനായിരുന്നു അത്.
(1 കോറിന്തോസ് 2 : 2-5)
സമാധാനം നമ്മോടുകൂടെ !