Home | Articles | 

jintochittilappilly.in
Posted On: 16/07/20 17:42
ദൈവത്തെക്കുറിച്ചുള്ള കത്തോലിക്കരുടെയും മുസ്ലിംകളുടെയും വിശ്വാസം ഒന്നല്ല, കത്തോലിക്കർക്ക് മുസ്ലിംകളുമായി ചേർന്ന് പൊതുവായ ഒരു ആരാധനയുമില്ല.

 


മുസ്ലിം സഹോദരങ്ങൾ വിശ്വസിക്കുന്ന "ഏക ദൈവവും (അള്ളാഹു)" ക്രൈസ്തവർ വിശ്വസിച്ചു ഏറ്റുപറയുന്ന "ഏക ദൈവവും  (പരിശുദ്ധ ത്രീത്വം - പിതാവ് പുത്രൻ പരിശുദ്ധാത്മാവ്)" ഒന്നല്ല. ക്രൈസ്തവ വിശ്വാസപ്രകാരം,  പരി. ത്രീത്വമാണ് ഏക ദൈവം. മുസ്ലിം സഹോദരങ്ങൾ ഏറ്റു പറയുന്ന വിശ്വാസവും ക്രൈസ്തവരുടെ വിശ്വാസവും ഒന്നല്ല.ദൈവത്തെക്കുറിച്ചുള്ള കത്തോലിക്കരുടെയും മുസ്ലിംകളുടെയും വിശ്വാസം ഒന്നല്ല, കത്തോലിക്കർക്ക് മുസ്ലിംകളുമായി ചേർന്ന് പൊതുവായ ഒരു ആരാധനയുമില്ല.  -[ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ ]

ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നു വിറയ്‌ക്കുകയും ചെയ്യുന്നു.(യാക്കോബ്‌ 2 : 19)

യേശുനാഥന്റെ വാക്കുകൾ :"സര്‍വവും എന്റെ  പിതാവ്‌ എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്‌സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല".(മത്തായി 11 : 27)

യേശുനാഥന്റെ വാക്കുകൾ :"ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും".(മത്തായി 28 : 19-20)

യേശുവാണ്‌ ക്രിസ്‌തു എന്നത്‌ നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ്‌ അന്തിക്രിസ്‌തു.പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും.ആരംഭം മുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്‍ക്കട്ടെ. അതു നിങ്ങളില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്‍ക്കും.
അവന്‍ നമുക്കു നല്‍കിയിരിക്കുന്ന വാഗ്‌ദാനം ഇതാണ്‌ - നിത്യജീവന്‍. നിങ്ങളെ വഴിതെറ്റിക്കുന്നവര്‍ നിമിത്തമാണ്‌ ഇതു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്‌.(1 യോഹന്നാന്‍ 2 : 22-26)

"ക്രിസ്തുമതം ദൈവത്തോടുള്ള യഥാർത്ഥവും സജീവവുമായ ബന്ധം ഫലപ്രദമായി സംസ്ഥാപിക്കുന്നു  മറ്റു മതങ്ങൾക്കൊന്നിനും  അതു സാധ്യമല്ല. അവയുടെ അനുയായികളും  സ്വർഗ്ഗത്തിലേക്ക് കൈകളുയർത്തി പ്രാർത്ഥിക്കുമെന്നു മാത്രം".[വി പോൾ ആറാമൻ, ഏവൻഗേലി നുൺഷ്യാന്തി, നമ്പർ 53,  ഡിസംബർ 1975]

കത്തോലിക്കരെ സംബന്ധിച്ചിടത്തോളം “ മനസ്സും ഹൃദയവും ദൈവത്തിങ്കലുയർത്തുന്നതും നന്മകള്‍ക്കായി  ദൈവത്തോടുള്ള അപേക്ഷയുമാണ് പ്രാർത്ഥന. ഇതു ദൈവത്തിന്റെ ദാനമാണ്, സ്വയം വെളിപ്പെടുത്തുന്ന ദൈവത്തോടുള്ള നമ്മുടെ പ്രതികരണവും ഐക്യവും വാഗ്ദാനവുമാണ്". ക്രൈസ്തവാധിഷ്ടിതമായിട്ടുള്ള പ്രാർത്ഥനകളെല്ലാം പരിശുദ്ധാത്മാവിൽ പ്രേരിതമായി ക്രിസ്തു വഴി പിതാവായ ദൈവത്തിന് അര്‍പ്പിക്കപെടുന്നു. “നമ്മള്‍ക്കുവേണ്ടി നിരന്തരം മാദ്ധ്യസ്ഥ്യംവഹിക്കുന്ന ... അവാച്യമായ നെടുവീര്‍പ്പുകളൊടെ നമ്മുടെ ഉള്ളില്‍ പ്രാർത്ഥനകളെ ഉയര്‍ത്തുന്ന .... നമ്മുടെ ഹൃദയങ്ങളെ അന്വേഷിക്കുകയും നമ്മുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അറിയുന്ന ..... പരിശുദ്ധാത്മാവ് വഴി". (റോമാ 8:26-27)....മതാന്തര കൂട്ടായ്മയുടെ സന്ദർഭത്തിൽ,സമൂഹത്തിന്‍റെ പ്രത്യേകമായ ഒരു ആവശ്യത്തിനായി ഒരുമിച്ചു പ്രാർത്ഥിക്കുവാനുള്ള ഒരവസരം സംജാതമാകും. എന്നിരുന്നാലും,ഒരുമിച്ചു പ്രാർത്ഥിക്കുവാനായി ദൈവം ആരാണു എന്ന ഒരു പൊതുധാരണ അനിവാര്യമാണെന്നു മനസ്സിലാക്കേണ്ടത് പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. ദൈവത്തെക്കുറിച്ചുള്ള പൊതുധാരണയിൽ മതങ്ങൾ തമ്മിൽ വ്യത്യാസമുള്ളതിനാൽ - “ ഇന്റർ-റിലീജിയസ് പ്രാർത്ഥന”-വിവിധ മതങ്ങളുടെ അനുയായികൾ പൊതുവായ പ്രാർത്ഥനയിൽ പങ്കുചേരുന്നത് ഒഴിവാക്കണം എന്നാണ് ഇതിനർത്ഥം.[സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം -മതാന്തര സംവാദങ്ങൾക്കുള്ള അജപാലന നിർദ്ദേശങ്ങൾ, നമ്പർ #81, 82;വത്തിക്കാനിലുള്ള "മതാന്തര സംവാദങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ" പുറപ്പെടുവിച്ച അജപാലന നിർദ്ദേശം ,19 മെയ് 2014 - റോം]

"വിശ്വാസത്തിന്റെ സ്വർഗ്ഗീയ ദാനത്താൽ കത്തോലിക്കാ സത്യം സ്വീകരിച്ചവരുടെ അവസ്ഥ, ഒരു തരത്തിലും മനുഷ്യരുടെ അഭിപ്രായങ്ങളാൽ നയിക്കപ്പെടുന്ന, തെറ്റായ മതം പിന്തുടരുന്നവരുടെ അവസ്ഥയ്ക്ക് തുല്യമല്ല"
[ഒന്നാം വത്തിക്കാൻ കൗൺസിൽ ഡോഗ്മാറ്റിക് കോൺസ്റ്റിട്യൂഷൻ “ ദേയി   ഫിലിയുസ് ”, അധ്യായം 3]

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളിലെ " ഇസ്ലാം മതത്തെ" പരാമർശിക്കുന്ന ഭാഗം താഴെ കാണാവുന്നതാണ്.

ലുമെൻ ജെൻസിയം(LUMEN GENTIUM) , നമ്പർ 16 : "സൃഷ്ടാവായ ദൈവത്തെ ഏറ്റുപറയുന്നവരും അവിടുത്തെ പരിത്രാണ പദ്ധതിയിൽ ഉൾപ്പെടുന്നു.  മുഹമ്മദീയരാണിവരിൽ (Muslims) പ്രധാനപ്പെട്ടവർ.  അബ്രാഹത്തിന്റെ വിശ്വാസം അവരും ഏറ്റുപറയുന്നു.  ഏകനും കരുണ നിറഞ്ഞവനും, അന്ത്യനാളിൽ മനുഷ്യരെ വിധിക്കാനിരിക്കുന്നവനുമായ ദൈവത്തെ നമ്മോടൊത്ത് (കത്തോലിക്കരോടൊത്ത്) അവരും (മുസ്ലിം സഹോദരങ്ങളും) ആരാധിക്കുന്നുണ്ട്".

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ (declaration) "അക്രൈസ്തവമതങ്ങൾ (NOSTRA AETATE),  നമ്പർ 3" :    "മുഹമ്മദീയരെ ബഹുമാനപുരസ്സരം ആണ് തിരുസഭാ വീക്ഷിക്കുന്നത്. അവരും ഏകദൈവാരാധനകരാണ്. സ്വയംസ്ഥിതനും  കരുണാർദ്രനും,  സർവ്വശക്തനും,  ഭൂസ്വർഗ്ഗസൃഷ്ടാവും മനുഷ്യനോട് സംഭാഷിക്കുന്നവനുമായ  ജീവനുള്ള ദൈവത്തേയാണവർ ആരാധിക്കുന്നത്. തങ്ങളുടെ മതവിശ്വാസത്തെ അബ്രാഹത്തോടു  ബന്ധപ്പെടുന്നതിൽ അഭിമാനം കൊള്ളുന്നവരാണ് മുഹമ്മദീയർ. അബ്രഹാം ചെയ്തതുപോലെതന്നെ അവരും ദൈവത്തിന്റെ അഗ്രാഹ്യമായ  നിശ്ചയങ്ങൾക്ക് പൂർണ്ണഹൃദയത്തോടെ കീഴ്പ്പെടാൻ യത്നിക്കുന്നു. ക്രിസ്തുവിനെ ദൈവമായി അവർ അംഗീകരിക്കുന്നില്ല ; എങ്കിലും ഒരു പ്രവാചകനായി വണങ്ങുന്നുണ്ട്. ക്രിസ്തുവിന്റെ കന്യകാമാതാവായ മറിയത്തെയും അവർ ആദരിക്കുന്നുണ്ട്.ചിലപ്പോൾ ഭക്തിപൂർവ്വം അവളെ വിളിച്ചപേക്ഷിക്കും ചെയ്യുന്നു.സർവോപരി അന്തിമ വിധി ദിവസത്തെയും അവർ പ്രതീക്ഷിക്കുന്നു. അന്ന് ഉയിർത്തെഴുന്നേൽക്കുന്ന മനുഷ്യർക്ക് ദൈവം ജീവിതപ്രതിഫലം നൽകും എന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ടാണ്,  അവർ ധാർമ്മിക ജീവിതത്തെ വിലമതിക്കുന്നത്.ദൈവത്തെ അവർ ആരാധിക്കുന്നു, പ്രത്യേകിച്ച് പ്രാർത്ഥന,  ദാനധർമ്മങ്ങൾ,  ഉപവാസം,  എന്നിവ വഴി... കഴിഞ്ഞ പല നൂറ്റാണ്ടുകളിലും ക്രൈസ്തവരും മുഹമ്മദീയരും തമ്മിൽ ഉണ്ടായിട്ടുള്ള കലഹങ്ങളും ശത്രുതകളും കുറച്ചൊന്നുമല്ല. എങ്കിലും കഴിഞ്ഞതെല്ലാം അപ്പാടെ വിസ്മരിക്കണമെന്നാണ് പരിശുദ്ധ സൂനഹദോസിന്റെ  ആഹ്വാനം. മാത്രമല്ല,  പരസ്പരധാരണ സൃഷ്ടിക്കുന്നതിന് ഇരുകൂട്ടരും  ആത്മാർത്ഥമായി പരിശ്രമിക്കണം എന്നാണ് സൂനഹദോസ് എല്ലാവരെയും ഉദ്ബോധിപ്പിക്കുന്നത്.അതോടൊപ്പം തന്നെ മാനവസമുദായത്തിനുവേണ്ടി സാമൂഹ്യനീതിയും ധാർമ്മികമൂല്യങ്ങളും,  സമാധാനവും സ്വതന്ത്രവുമെല്ലാം ഇരുകൂട്ടരും യോജിച്ചു നിന്നു സംരക്ഷിക്കുകയും പ്രവൃദ്ധമാക്കുകയും വേണം".



നേരെ മുകളിൽ പ്രതിപാദിച്ചിരിക്കുന്ന  "ലുമെൻ ജെൻസിയം അഥവാ തിരുസഭാ, നമ്പർ 16" ,"അക്രൈസ്തവമതങ്ങൾ (NOSTRA AETATE),  നമ്പർ 3"- രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളിലെ   വാക്കുകളാണ്.ഈ പ്രസ്താവനകൾ പ്രയോഗിക തലത്തിലേക്ക് കൊണ്ടുവരുന്നതിനായി പലപ്പോഴും "കത്തോലിക്കരും മുസ്ലിം മതവിശ്വാസികളും ഒന്നിച്ചു ആരാധന നടത്തുന്നതിലേക്ക്"വരെ വന്നെത്തി കാര്യങ്ങൾ. 


കത്തോലിക്കാ വിശ്വാസത്തെ സഭയ്ക്കകത്തു നിന്നും ആക്രമിക്കാൻ ശ്രമിക്കുന്ന സഭാ ശത്രുക്കളുടെ തത്ത്വങ്ങൾ ചുവടെ ചേർക്കുന്നു.

 

1. നിസ്സംഗതവാദം  (indifferentism)

2. ആപേക്ഷികതാവാദം (relativism)

3. ഐരെനിസിസം (Irenicism)


പ്രിയ കത്തോലിക്കാ സഹോദരങ്ങളെ, നിങ്ങൾ കേൾക്കുന്ന (സഭയ്ക്കകത്തെ)വിശ്വാസപ്രഘോഷണത്തിൽ ഇത്തരം തത്ത്വങ്ങളുടെ അംശങ്ങളുണ്ടെങ്കിൽ അവിടം വിട്ടുപോകുന്നതായിരിക്കും നന്ന്. ഇന്ന് ഇതിന്റെ പല വാക്താക്കളും നമ്മുടെ ഇടയിൽ തന്നെയുണ്ട്. ഒരു സാധാരണ വിശ്വാസിക്ക് മാനസിലാകുന്ന വിധത്തിൽ പറയുകയാണെങ്കിൽ,ഇക്കൂട്ടരുടെ പ്രഘോഷണങ്ങളുടെ അന്തഃസത്ത ഇതായിരിക്കും - "യേശുക്രിസ്തു ഏകരക്ഷകൻ; കത്തോലിക്കാസഭയാണ് ഏകസത്യസഭ എന്നീ അടിസ്ഥാനവിശ്വാസങ്ങളെ മങ്ങലേൽപ്പിക്കുക" ; അത് വഴി യേശുക്രിസ്തുവിന്റെ രക്ഷാകരരഹസ്യത്തിന്റെയും ഏക സത്യസഭയുടെയും അനന്യത (uniqueness) തകർക്കുന്നതിൽ അവർ വിജയിക്കും. വിശ്വാസികളിൽ ആശയക്കുഴപ്പവും ഉളവാകും.

തുടർന്ന് വായിക്കുക,

"ഒരു മതം മറ്റേതൊരുമതത്തേയും പോലെ നല്ലതാണെന്നു വാദിച്ച് മതാത്മക സത്യങ്ങളെ വെറും വ്യക്തിഗതമായിട്ടുള്ള കാഴ്ച്ചപാടായിട്ട് തരംതാഴ്ത്താനുള്ള പ്രവണത ആപേക്ഷികതാവാദവുമായി (relativism) ബന്ധപ്പെട്ടിരിക്കുന്നു. ഇതു നിസ്സംഗതവാദത്തിന്റെ (indifferentism)  ഒരു പ്രതിഫലനമാണ്. പോൾ  ആറാമന്‍ മാര്‍പ്പാപ്പാ പ്രബോധിപ്പിക്കുന്നത് പ്രകാരമാണ്: “നമ്മുടെ അപ്പസ്തോലിക പ്രവർത്തനം
 സിദ്ധാന്തത്തിലും (theory) പ്രയോഗികതയിലും (practice)  ക്രിസ്തീയവിശ്വാസ പ്രഖ്യാപനത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന തത്ത്വങ്ങളെ സംബന്ധിച്ച്‌  അവ്യക്തമായ വിട്ടുവീഴ്ച്ചകള്‍ സൃഷ്ടിക്കുന്നതാകരുത്".[സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം -മതാന്തര സംവാദങ്ങൾക്കുള്ള അജപാലന നിർദ്ദേശങ്ങൾ, നമ്പർ #46, വത്തിക്കാൻ]

ആപേക്ഷികതാവാദവും (relativism)  പ്രത്യേകമായി വിവിധമതങ്ങളിലെ വിശ്വാസതത്വങ്ങളെയും  ആചാരങ്ങളെയും കൂട്ടിച്ചേര്‍ത്തുകൊണ്ടു രൂപീകൃതമാകുന്ന സിൻക്രേറ്റിസത്തിലേക്ക് (syncretism) നയിക്കാം.[സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം -മതാന്തര സംവാദങ്ങൾക്കുള്ള അജപാലന നിർദ്ദേശങ്ങൾ, നമ്പർ #47, വത്തിക്കാൻ]

 *സിൻക്രെറ്റിസം - സർവമതങ്ങളിലെയും വിശിഷ്ട്ടംശങ്ങൾ ചേർത്ത് ഒരു മതതത്ത്വസംഹിത നിർമിക്കൽ 
 

"എന്തു വിലകൊടുത്തും (മതവിശ്വാസങ്ങളുടെ) വ്യത്യാസങ്ങൾ  ഇല്ലാതാക്കി അതിലൂടെ സമാധാനം ഉണ്ടാക്കുവാനുള്ള അതിരുകടന്ന ശ്രമമാണ് ഐരെനിസിസം(Irenicism). ആത്യന്തികമായി ഇന്നു നമ്മള്‍ പ്രഘോഷിക്കാൻ ആഗ്രഹിക്കുന്ന ദൈവവചനത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചും ശക്തിയെക്കുറിച്ചുമുള്ള സംശയമല്ലാതെ യതൊന്നുമല്ല ഈ സിദ്ധാന്തം".[സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം -മതാന്തര സംവാദങ്ങൾക്കുള്ള അജപാലന നിർദ്ദേശങ്ങൾ, നമ്പർ #48 , വത്തിക്കാൻ]


ഇത്തരത്തിലുള്ള നിസ്സംഗതവാദവും(indifferentism) ആപേക്ഷികതാവാദവും (relativism) കേരളത്തിൽ വേരുപിടിച്ച സാഹചര്യത്തിലാണ് ഈ വീഡിയോ ഷെയർ ചെയ്യുക.






Article URL:







Quick Links

ദൈവത്തെക്കുറിച്ചുള്ള കത്തോലിക്കരുടെയും മുസ്ലിംകളുടെയും വിശ്വാസം ഒന്നല്ല, കത്തോലിക്കർക്ക് മുസ്ലിംകളുമായി ചേർന്ന് പൊതുവായ ഒരു ആരാധനയുമില്ല.

മുസ്ലിം സഹോദരങ്ങൾ വിശ്വസിക്കുന്ന "ഏക ദൈവവും (അള്ളാഹു)" ക്രൈസ്തവർ വിശ്വസിച്ചു ഏറ്റുപറയുന്ന "ഏക ദൈവവും  (പരിശുദ്ധ ത്രീത്വം - പിതാവ് പുത്രൻ പരിശുദ്ധാത്മാവ്)" ഒന്നല്ല. ക്രൈസ്തവ വിശ്വാസപ്രകാ... Continue reading


“ഇന്റർ-റിലീജിയസ് പ്രാർത്ഥന”-വിവിധ മതങ്ങളുടെ അനുയായികൾ പൊതുവായ പ്രാർത്ഥനയിൽ പങ്കുചേരുന്നത് ഒഴിവാക്കണം

*ദൈവത്തെക്കുറിച്ചുള്ള പൊതുധാരണയിൽ മതങ്ങൾ തമ്മിൽ വ്യത്യാസമുള്ളതിനാൽ - “ഇന്റർ-റിലീജിയസ് പ്രാർത്ഥന”-വിവിധ മതങ്ങളുടെ അനുയായികൾ പൊതുവായ പ്രാർത്ഥനയിൽ പങ്കുചേരുന്നത് ഒഴിവാക്കണം [വത്തിക്കാൻ]* *... Continue reading