ഈശോ പുരോഹിതനോട് -
"നിനക്ക് മാലാഖമാർക്ക് തുല്യമായ വിശുദ്ധിയും വിശുദ്ധ സ്നാപക യോഹന്നാന്റെ പുണ്യവും ഉണ്ടായിരുന്നാലും ഈ കൂദാശയെ ഉൾക്കൊള്ളാനോ തൊടാനോ നിനക്ക് യോഗ്യതയുണ്ടാകയില്ലായിരുന്നു.
എന്തെന്നാൽ ഒരു മനുഷ്യൻ മിശിഹായുടെ ഈ കൂദാശ അർപ്പിക്കുകയും കരങ്ങൾ കൊണ്ട് തൊടുകയും മാലാഖമാരുടെ അപ്പം ഭക്ഷിക്കുകയും ചെയ്യുന്നത് സ്വന്തം യോഗ്യത മൂലമല്ല.
ഓ ! മഹാരഹസ്യം! പൗരോഹിത്യ സ്ഥാനം എത്ര ഉന്നതമായത് ! മാലാഖമാർക്ക് കൊടുക്കാത്തത് പുരോഹിതന്മാർക്ക് കൊടുത്തിരിക്കുന്നു. എങ്ങനെയെന്നാൽ തിരുസഭയിൽ ക്രമപ്രകാരം പട്ടം സ്വീകരിച്ച പുരോഹിതന്മാർക്ക് മാത്രമേ കുർബാന ചൊല്ലുന്നതിനും മിശിഹായുടെ തിരുശരീരം കൂദാശ ചെയ്യുന്നതിനും അധികാരമുള്ളു.
പുരോഹിതൻ ദൈവത്തിന്റെ ശുശ്രൂഷകൻ ആകുന്നു; അയാൾ ദൈവത്തിന്റെ കല്പനയാലും സ്ഥാപനത്താലും ദൈവവചനം പ്രയോഗിക്കുന്നു. എന്നാൽ അവിടെ ദൈവമാണ് പ്രധാന പ്രവർത്തകനും അദൃശ്യ കാർമ്മികനും; തന്റെ ഇഷ്ടത്തിന് സമസ്തവും കീഴ്പെട്ടിരിക്കുകയും തന്റെ കല്പന എല്ലാവരും അനുസരിക്കുകയും ചെയ്യുന്നു.
ആകയാൽ എത്രയും വിശിഷ്ടമായ ഈ കൂദാശയിൽ നിന്റെ സ്വന്തം ഇന്ദ്രിയങ്ങളെയും ഏതൊരു ദൃശ്യമായ അടയാളത്തെയുംകാൾ സർവ്വശക്തനായ ദൈവത്തെ നീ വിശ്വസിക്കണം. ഭയത്തോടും ബഹുമാനത്തോടും കൂടെ ഈ കർമ്മത്തെ സമീപിക്കണം.
നീ നിന്റെ സ്ഥിതിയെപ്പറ്റി ശ്രദ്ധിക്കൂ.. മെത്രാന്റെ കൈവയ്പുവഴിയായി ആരുടെ സേവനം ആണ് നിന്നെ ഏൽപ്പിച്ചിരിക്കുന്നത് എന്ന് നോക്കുക.
കണ്ടാലും നീ പൗരോഹിത്യം സ്വീകരിച്ചിരിക്കുന്നു;ബലിയർപ്പിക്കുന്നതിനുള്ള അഭിഷേകം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ വിശ്വസ്തതയോടും ഭക്തിപൂർവ്വവും തക്കസമയത്ത് ദൈവത്തിന് ബലിയർപ്പിക്കുകയും ആക്ഷേപം ഇല്ലാത്തവനായി വ്യാപരിക്കുകയും ചെയ്യാൻ ശ്രദ്ധിക്കുക.
നീ നിന്റെ ഭാരം ലഘുവാക്കുകയല്ല പിന്നെയോ ഏറ്റവും നിഷ്കർഷമായ ജീവിതത്തിന് നിർബദ്ധനാകുകയും കൂടുതലായ പുണ്യപൂർണത പ്രാപിക്കാനുള്ള ചുമതല സ്വീകരിക്കുകയുമാണ് ചെയ്തത്.
പുരോഹിതൻ എല്ലാ പുണ്യങ്ങളാലും അലങ്കൃതനായിരിക്കുകയും മറ്റുള്ളവർക്ക് നല്ല ജീവിതത്തിന്റെ ദൃഷ്ടാന്തം നൽകുകയും വേണം.
അയാളുടെ സംസർഗ്ഗം സാധാരണക്കാരോടും നടപടി സാമാന്യ മനുഷ്യരുടേതും ആകാതെ സ്വർഗ്ഗത്തിലെ മാലാഖമാരോടും ഭൂമിയിൽ പരിപൂർണ്ണരായ മനുഷ്യരോടും അയാൾ സദാ സഹ വസിക്കണം.
ദൈവത്തോട് തനിക്ക് വേണ്ടിയും ജനം മുഴുവനും വേണ്ടിയും വിനയത്തോടും വണക്കത്തോടും കൂടെ പ്രാർത്ഥിക്കുന്നതിന് തിരുവസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന പുരോഹിതൻ മിശിഹായുടെ പ്രതിനിധിയാണ്.
അയാൾ സദാ മിശിഹായുടെ പീഡാനുഭവത്തെ സ്മരിക്കുവാൻ തന്റെ മുൻപിലും പുറകിലും തിരുനാഥന്റെ കുരിശിന്റെ അടയാളം ഉണ്ട്.
അയാൾ കുപ്പായത്തിന്റെ മുൻവശത്ത് കുരിശു വഹിക്കുന്നത് മിശിഹായുടെ കാലടികൾ ശ്രദ്ധാപൂർവ്വം സൂക്ഷിച്ചുകണ്ട് ശുഷ്‌കാന്തിയോടെ അനുഗമിക്കാൻ ശ്രമിക്കുന്നതിന് വേണ്ടിയാണ്. പുറകിൽ കുരിശടയാളം ഉള്ളത് മറ്റുള്ളവരിൽ നിന്ന് ഉണ്ടാകുന്ന ഉപദ്രവങ്ങളേതും ശാന്തതയോടെ ദൈവത്തെപ്രതി സഹിക്കുന്നതിനാണ്.
തന്റെ മുൻപിൽ കുരിശു വഹിക്കുന്നത് സ്വന്തം പാപങ്ങളെ പറ്റി കരയാനും അയാളുടെ പുറകിലുള്ളത് മറ്റുള്ളവരുടെ പാപങ്ങളെ പറ്റി സഹതാപത്താൽ കരയാനും ദൈവത്തിന്റെയും പാപികളുടെയും ഇടയിൽ മധ്യസ്ഥനാണെന്ന് മനസ്സിലാക്കാനും വേണ്ടിയത്രേ.പ്രസാദവരവും അനുഗ്രഹവും കിട്ടുന്നതുവരെ പ്രാർത്ഥനയിലും കുർബാനയിലും നിന്ന് മടുത്തു മാറുകയും അരുത്.
പുരോഹിതൻ ബലിയർപ്പിക്കുമ്പോൾ ദൈവത്തെ മഹത്വപ്പെടുത്തുന്നു, മാലാഖമാരെ സന്തോഷിപ്പിക്കുന്നു, തിരുസഭയെ ബലിഷ്ടമാക്കുന്നു, ജീവിക്കുന്നവരെ സഹായിക്കുന്നു, മരിച്ചവർക്ക് ആശ്വാസം നൽകുന്നു, തന്നെത്തന്നെ സകല നന്മകളുടെയും ഓഹരിക്കാരനാക്കിത്തീർക്കുന്നു".
(മിശിഹാനുകരണം, നാലാം പുസ്തകം, അഞ്ചാം അദ്ധ്യായം)