Home | Articles | 

jintochittilappilly.in
Posted On: 12/06/21 15:36
വെളിപാടുകളും സഭയുടെ വിശ്വാസവും

 

വെളിപാടുകളുടെ വിഷയത്തിൽ പിശാചിനു വളരെയധികം കൈകടത്താൻ കഴിയും. ഇവ സാധാരണമായി വാക്കുകളാലും ഛായകളാവും സാദൃശ്യങ്ങളാലും മറ്റും സംവേദിക്കപ്പെടുന്നതിനാൽ, ആത്മാവിൽ മാത്രം സിദ്ധിക്കുന്നവയെ അപേക്ഷിച്ച് വളരെയധികം എളുപ്പത്തിൽ ഇവയെ അനുകരിക്കുവാൻ അവനു സാധിക്കും. തന്നിമിത്തം, വെളിപാടുകളിൽ നമ്മുടെ വിശ്വാസത്തെ സംബന്ധിച്ച് എന്തെങ്കിലും നവീന തത്ത്വം, അഥവാ അതിൽ നിന്നു വ്യത്യസ്തമായത് ആവിഷ്ക്കരിക്കപ്പെടുന്നതായാൽ, അതറിയിക്കുന്നതു സ്വർഗ്ഗത്തിൽ നിന്നു വരുന്ന മാലാഖ ആണെന്ന ഉറപ്പുതന്നെയും നമുക്കുണ്ടായിരുന്നാലും, യാതൊരു വിധത്തിലും നാം അതിനെ അംഗീകരിക്കരുത്. ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽ നിന്നു വ്യത്യസ്തമായി, ഞങ്ങൾ തന്നെയോ അഥവാ സ്വർഗ്ഗത്തിൽ നിന്നൊരു മാലാഖ തന്നെയോ നിങ്ങളോടു പ്രസംഗിക്കുന്നുവെങ്കിൽ അവൻ ശപിക്കപ്പെടട്ടെ (ഗലാ.1:8) എന്നാണല്ലോ വിശുദ്ധ പൗലോസ് സമർത്ഥിക്കുന്നത്.
 
 
നമ്മുടെ വിശ്വാസത്തിന്റെ സാരാംശത്തെ സംബന്ധിച്ചു തിരുസഭ സിദ്ധിച്ചിട്ടുള്ളവകളിൽ കൂടുതലായി പുതിയതൊന്നും വെളിപ്പെടുത്തുവാൻ ഇല്ലാത്തതിനാൽ, വിശ്വാസത്തെ സംബന്ധിച്ച പുതിയ തത്ത്വങ്ങളുടെ വെളിപാടു മാത്രമല്ല, കരുതൽ നടപടി എന്നോണം, വിശ്വാസസത്യങ്ങളെ അപകടത്തിലാക്കാൻ സാധ്യതയുള്ള വ്യതിചലനങ്ങളെക്കൂടിയും ആത്മാവു നിഷേധിക്കേണ്ടിയിരിക്കുന്നു. വിശ്വാസത്തെ സംബന്ധിച്ചു താൻ അവലംബിക്കേണ്ടിയിരിക്കുന്ന സംശുദ്ധിക്കുവേണ്ടി, വിശ്വാസസത്യങ്ങളെ ആത്മാവു വിശ്വസിക്കേണ്ടത് അവ നവമായി വെളിപ്പെടുത്തപ്പെടുന്നതുകൊണ്ടല്ല, പ്രത്യുത തിരുസഭയ്ക്ക് യഥാവിധി വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നതുകൊണ്ടത്രേ; തന്നിമിത്തം പുതുമകളുടെ നേർക്കു കണ്ണടച്ചുകൊണ്ട് വി. പൗലോസ് പറയുന്നതു പോലെ കേൾവി മൂലം സിദ്ധിക്കുന്ന (റോമ. 10:17) സഭയുടെ വിശ്വാസത്തെയും പ്രബോധനങ്ങളെയും ആത്മാർത്ഥമായി അവൾ അവലംബിക്കണം. വിശ്വാസവിഷയങ്ങളുടെ നവീനാവിഷ്ക്കരണങ്ങൾ എത്രതന്നെ സമുചിതമെന്നും സത്യസന്ധമെന്നും തോന്നിയാലും ചതിവിലുൾപ്പെടാതിരിക്കണമെന്നുണ്ടെങ്കിൽ അവയ്ക്കു ചെവികൊടുക്കാതിരിക്കണം. എന്തുകൊണ്ടെന്നാൽ,  പിശാച്, വഞ്ചനയും നുണയും പ്രയോഗിക്കുന്നതിനുവേണ്ടി, ആദ്യമായി സത്യങ്ങളും സത്യാഭാസങ്ങളും കൊണ്ടു വശീകരിച്ചു ഭദ്രത ഭാവിപ്പിച്ചശേഷമാണു
കെണിയിൽ വീഴിക്കുന്നത്.
 
 
വിശ്വാസവിഷയങ്ങൾ വ്യക്തമായി ഗ്രഹിക്കുവാൻ ആഗ്രഹിക്കുന്നതാണ് ആത്മാവിനുത്തമം. എന്നാൽ മാത്രമേ വിശ്വാസത്തിന്റെ പുണ്യഫലത്തെ അഥവാ യോഗ്യതയെ സംശുദ്ധമായും സമ്പൂർണ്ണമായും സംരക്ഷിക്കുന്നതിനും ബുദ്ധിയുടെ രാത്രിയിലൂടെ ദൈവൈക്യമാകുന്ന ദിവ്യപ്രകാശത്തിൽ എത്തിച്ചേരുന്നതിനും സാധിക്കയുള്ളൂ. പുതിയ വെളിപാടുകളുടെ നേർക്കു കണ്ണടച്ചുകൊണ്ട് പഴയതിൽ ശ്രദ്ധയുറപ്പിക്കേണ്ടതിന്റെ പ്രാധാന്യം വിശുദ്ധ പത്രോസിന്റെ സാക്ഷ്യത്തിൽ നിന്നു
ബോധ്യമാവുന്നതാണ്. അദ്ദേഹം താബോർ മലയിൽ വച്ചു ദൈവപുത്രന്റെ മഹിമയെ കുറച്ചൊന്നു ദർശിച്ചെങ്കിലും തന്റെ രണ്ടാം ലേഖനത്തിൽ (2 പത്രോ. 1:18-19) ഇപ്രകാരം പ്രഖ്യാപിക്കുന്നു. മലമുകളിൽ ഞങ്ങൾക്കുണ്ടായ ക്രിസ്തുവിന്റെ ദർശനം വാസ്തവികമായിരുന്നെങ്കിലും, നമുക്കു ലഭിച്ചിട്ടുള്ള പ്രവചന വാക്യം കൂടുതൽ ഉറപ്പുള്ളതും സുനിശ്ചിതവുമാകുന്നു; അതിന്മേൽ നിങ്ങളു ടെ ആത്മാവിനെ നിങ്ങൾ അവലംബിക്കുന്നത് അത്യുത്തമമായിരിക്കും. 
 
 
വിശ്വാസത്തിന്റെ സിദ്ധാന്തങ്ങളെ സംബന്ധിച്ച വെളിപാടുകളുടെ നേർക്കു കണ്ണടയ്ക്കണമെന്നതിനു മേൽപ്പറഞ്ഞ ന്യായം വാസ്തവികമെങ്കിൽ, വിശ്വാസത്തിനു വിരുദ്ധവും പിശാച് സാധാരണമായി ഇടപെടുന്നതുമായവയെ അവിശ്വസിക്കുകയും നിഷേധിക്കുകയും ചെയ്യേണ്ടത് എത്രയോ അത്യന്താപേക്ഷിതമായിരിക്കുന്നു ! പിശാച് അവയുടെ മേൽ ചാർത്തുന്ന സത്യത്തിന്റെ യും ന്യായത്തിന്റെയും മൂടുപടങ്ങൾ പരിശോധിക്കുമ്പോൾ, അവയുടെ പേരിൽ കരുതൽ സ്വീകരിക്കാത്തവർ അവയിൽ എല്ലാറ്റിലും തന്നെ വഞ്ചിതരാകാതിരിക്കുക അസാധ്യമെന്നത്രേ  എനിക്കു തോന്നുന്നത്. അവ തീർച്ചയായും നിറവേറുമെന്നു വിശ്വസിപ്പിക്കുവാൻ വേണ്ടി എന്തെല്ലാം പകിട്ടുകളും യുക്ത്യാഭാസങ്ങളുമാണ് അവൻ കുട്ടിക്കുഴയ്ക്കുന്നതും ഭാവനയിലും ഇന്ദ്രിയങ്ങളിലും ചെലുത്തി നിറയ്ക്കുന്നതുമെന്നു പറഞ്ഞറിയിക്കാവതല്ല. തൽഫലമായി രൂപവൽകൃതമാകുന്ന അഭിപ്രായങ്ങളിലും അവയിലുള്ള ഉറച്ച നിലപാടിലും നിന്നു സ്വാതന്ത്ര്യം നേടുക എളിമയില്ലാത്തവർക്കു തികച്ചും അസാധ്യമാകത്തക്കവണ്ണം അവൻ അവരെ മർക്കടമുഷ്ടികളും ദുർവ്വാശിക്കാരുമാക്കിത്തീർക്കും. നൈർമ്മല്യവും സാരള്യവും എളിമയും കരുതലുമുള്ള ആത്മാവ് വെളിപാടുകളെയും മറ്റു ദർശനങ്ങളെയും അത്യാപൽക്കരമായ പ്രലോഭനങ്ങളെയെന്നോണം അതീവശ്രദ്ധയോടും സൂക്ഷ്മതയോടും കൂടെ വർജ്ജിക്കേണ്ടിയിരിക്കുന്നു. സ്നേഹസായുജ്യം പ്രാപിക്കുന്നതിന് അവശ്യം ആവശ്യമായിരിക്കുന്നത് അവയെ അഭിലഷിക്കുകയല്ല, പ്രത്യുത അകറ്റുകയാകുന്നു. 
 
 
വി. യോഹന്നാൻ ക്രൂസ്  
("കർമലമലയേറ്റം" പുസ്‌തകം 2, അധ്യായം 27)



Article URL:







Quick Links

വെളിപാടുകളും സഭയുടെ വിശ്വാസവും

വെളിപാടുകളുടെ വിഷയത്തിൽ പിശാചിനു വളരെയധികം കൈകടത്താൻ കഴിയും. ഇവ സാധാരണമായി വാക്കുകളാലും ഛായകളാവും സാദൃശ്യങ്ങളാലും മറ്റും സംവേദിക്കപ്പെടുന്നതിനാൽ, ആത്മാവിൽ മാത്രം സിദ്ധിക്കുന്നവയെ അപേക്ഷിച്ച് വളരെയധി... Continue reading


പൊതുവെളിപാടും സ്വകാര്യവെളിപാടും - കത്തോലിക്കാ വിശ്വാസവിചാരം

ദൈവീക പൊതുവെളിപാട്  അടങ്ങിയിരിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ പുതിയനിയമത്തിൽ   27 പുസ്തകങ്ങൾ കാനോനികമെന്ന് എന്ന് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത് കത്തോലിക്കാ തിരുസഭയാണ് (എ ഡി 3... Continue reading


വിശ്വാസത്തിന്റെ അനുസരണം

വിശ്വാസംമൂലം അബ്രാഹം തനിക്ക്‌ അവകാശമായി ലഭിക്കാനുള്ള സ്‌ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ്‌ അവന്‍ പുറപ്പെട്ടത... Continue reading


തത്ത്വശാസ്ത്രം നേടിയ സത്യവും [the truth attained by philosophy] വെളിപാടിന്റെ സത്യവും [the truth of Revelation]:

ലോകത്തെ ആരാഞ്ഞ്‌ ഇത്രയുമറിയാന്‍ കഴിഞ്ഞെങ്കില്‍ ഇവരുടെയെല്ലാം ഉടയവനെ കണ്ടെത്താന്‍ വൈകുന്നത്‌ എന്തുകൊണ്ട്‌?   [ജ്‌ഞാനം 13 : 9] ദൈവത്തെക്കുറിച്ച്‌ അറ... Continue reading


വിവേകമുള്ള കത്തോലിക്കൻ

  സ്വയം പ്രബോധനാധികാരമുണ്ടെന്ന് സങ്കല്പിക്കുന്നവരുടെ തെറ്റായ പ്രഘോഷണത്തേക്കാൾ സഭയുടെ പ്രബോധനാധികാരമുള്ളവരുടെ സത്യവിശ്വാസപ്രബോധനങ്ങൾക്ക് ചെവികൊടുക്കുന്നയാളാണ് വിവേകമുള്ള ... Continue reading