[ 'Eros' and 'Agape' - Explained, 10 minutes read ]
* Part 1 , "സ്നേഹം" - ഒരു ഭാഷാ പ്രശ്നം
ദൈവത്തിനു നമ്മോടുള്ള സ്നേഹം നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമാണ്. ദൈവം ആരാണെന്നും നാമാരാണെന്നുമുള്ളതിനെപ്പറ്റി സുപ്രധാന ചോദ്യങ്ങളും ഇതുയർത്തുന്നുണ്ട്. ഇതു പരിഗണിക്കുമ്പോൾ ഭാഷയുടെ പ്രശ്നം പ്രതിബന്ധമായി നിൽക്കുന്നത് നാം മനസ്സിലാക്കുന്നു. ഇന്ന് നല്ലതും നല്ലതല്ലാത്തതുമായ അർത്ഥങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് 'സ്നേഹം'. ഈ വാക്കിന് വ്യത്യസ്ഥങ്ങളായ അനേകം അർത്ഥങ്ങളും നാം ആരോപിക്കുന്നുണ്ട്.
നമുക്കാദ്യമായിതന്നെ സ്നേഹത്തിന്റെ ഭാഷാശാസ്ത്രപരമായ അർത്ഥ വ്യാപ്തിയെപ്പറ്റി ചിന്തിക്കാം: നമ്മൾ രാജ്യസ്നേഹത്തെപ്പറ്റിയും, തൊഴിലിനോടുള്ള സ്നേഹത്തെപ്പറ്റിയും, സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹത്തെപ്പറ്റിയും, ജോലിയോടുള്ള സ്നേഹത്തെപ്പറ്റിയും, മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹത്തെപ്പറ്റിയും കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹത്തെപ്പറ്റിയും അതുപോലെ പരസ്നേഹത്തെയും ദൈവസ്നേഹത്തെയും പറ്റിയും സംസാരിക്കാറുണ്ടല്ലോ. ഈ അനേകം അർത്ഥങ്ങളിൽ ഒന്നു വ്യത്യസ്‌ഥമായി നിൽക്കുന്നു: ആത്മാവും ശരീരവും അഭേദ്യമാംവിധം യോജിക്കുകയും, മനുഷ്യവ്യക്തികൾക്ക് അപ്രതിരോധ്യമായ ആനന്ദത്തിന്റെ വാഗ്ദാനം പ്രകടമായി അനുഭവപ്പെടുകയും ചെയ്യുന്ന ; സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹം. സ്നേഹത്തിന്റെ ഉത്തമോദാഹരണമായി ഇതിനെ കാണാവുന്നതാണ്. മറ്റല്ലാത്തരം സ്നേഹവും താരതമ്യേന അതിവേഗം നിറം മങ്ങിപോകുന്നവയത്രേ. അപ്പോൾ നാം ചോദിക്കേണ്ടത്;വ്യത്യസ്ഥവും വിപുലവുമായ രീതികളിലെല്ലാം പ്രകടമാകുമ്പോഴും സ്നേഹം അടിസ്ഥാനപരമായി ഒന്നുതന്നെയാണോ, അതോ പൂർണ്ണമായും വ്യത്യസ്‌ഥമായ യാഥാർത്ഥ്യങ്ങൾ സൂചിപ്പിക്കുന്നതിനുവേണ്ടി ഒരേപദം ഉപയോഗിക്കുന്നുവെന്നേ ഉള്ളോ? എന്നതാണ്.
*Part 2 , "സ്നേഹം" - വ്യത്യാസവും ഐക്യവും:
സുചിന്തിതമോ ആസൂത്രിതമോ അല്ലാത്തതും ഏതോ കാരണത്താൽ മനുഷ്യവ്യക്തികളുടെമേൽ സുശക്തം നിക്ഷേപിക്കപ്പെടുന്നതുമായ പുരുഷനും സ്ത്രീയും തമ്മിലുള്ള സ്നേഹത്തെ പുരാതന ഗ്രീക്കുകാർ "എറോസ് " (eros) എന്ന് വിളിച്ചു. ഗ്രീക്കു ഭാഷയിലെ പഴയ നിയമം ഈ പദം രണ്ടു പ്രാവശ്യം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പുതിയനിയമത്തിൽ ഇതുപയോഗിച്ചിട്ടേ ഇല്ലെന്നും നാമാദ്യംതന്നെ മനസ്സിലാക്കിയിരിക്കണം. ഗ്രീക്കിൽ സ്നേഹത്തെ കുറിക്കുന്ന 'എറോസ്' (സ്ത്രീ-പുരുഷസ്നേഹം)'ഫീലിയ' (സുഹൃദ് സ്നേഹം - philia) 'അഗാപ്പേ' (agape) എന്നീ മൂന്നു പദങ്ങളിൽ, പുതിയനിയമ കർത്താക്കൾ 'അഗാപ്പേ' എന്ന പദമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഗ്രീക്കുഭാഷാ പ്രയോഗത്തിലാകട്ടെ ഇതു വിരളമായേ കാണുന്നുള്ളുതാനും. സുഹൃദ്ബന്ധത്തെ കുറിക്കുന്ന 'ഫീലിയ ' എന്ന പദം; യേശുവും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം പ്രകടമാക്കുന്നതിന് കൂടുതൽ ആഴമായ അർത്ഥത്തിലാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്നത്. "എറോസ്' എന്ന പദം ഒഴിവാക്കാനുള്ള പ്രവണതയും അതോടൊപ്പം 'അഗാപ്പേ' യിലൂടെ ആവിഷ്കരിക്കുന്ന പുതിയ സ്നേഹദർശനവും; സ്നേഹത്തെ കുറിച്ചുള്ള ക്രിസ്തീയ കാഴ്ചപ്പാടിന്റെ, നൂതനവും വ്യത്യസ്ഥവുമായ തലങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്.
ഒന്നാമതായി, സ്നേഹവും ദൈവികതയും തമ്മിൽ ഒരു ബന്ധം നിലനിൽക്കുന്നുണ്ട്: സ്നേഹം; നമ്മുടെ അനുദിന ജീവിതാവസ്ഥയെക്കാൾ തുലോം ഉത്കൃഷ്ടവും തികച്ചും വിഭിന്നവുമായ നിത്യതയും അനശ്വരതയും വാഗ്ദാനം ചെയ്യുന്നു. ഈ അവസ്ഥ കൈവരിക്കുന്നതിനുള്ള മാർഗം നമ്മുടെ സ്വാഭാവികപ്രേരണകൾക്കു വംശവദരാവുകയില്ലെന്നും നാം മനസ്സിലാക്കി. പരിത്യാഗത്തിന്റെ പാതയിലൂടെ കടന്ന് പക്വതയിലുള്ള വളർച്ചയും വിശുദ്ധീകരണവും ഇതാവശ്യപ്പെടുന്നുണ്ട്.
മനുഷ്യൻ ശരീരത്തോടും ആത്മാവോടുംകൂടിയ വ്യക്തിയാണെന്നതത്രെ ഇതിന്റെ പ്രഥമവും പ്രധാനവുമായ കാരണം. മനുഷ്യൻ യഥാർത്ഥത്തിൽ മനുഷ്യനായിതീരുന്നത് ശരീരവും ആത്മാവും ദൃഢമായി ഐക്യപ്പെട്ടിരിക്കുമ്പോഴാണ്. ഈ ഐക്യം പ്രാപിക്കുമ്പോഴാണ് സ്ത്രീ-പുരുഷ സ്നേഹത്തിന്റെ വെല്ലുവിളി യഥാർത്ഥത്തിൽ അതിജീവിച്ചു എന്നു പറയാൻ കഴിയുക. മനുഷ്യൻ തന്റെ ജഡത്തെ (flesh) ജന്തുസഹജമായ അവസ്ഥ മാത്രമായി നിരാകരിക്കുകയും ദേഹി (pure spirit) മാത്രമായി നിലനിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ ആത്മാവിനും ശരീരത്തിനും അതിന്റെ മഹത്വം നഷ്ടപ്പെടുന്നു. മറുവശത്ത്, ആത്മാവിനെ നിഷേധിച്ച് ഭൗതികശരീരം മാത്രമാണ് യഥാർത്ഥമായിട്ടുള്ളത് എന്ന നിലയിൽ ജീവിക്കുമ്പോഴും മനുഷ്യന് അവന്റെ ശ്രേഷ്ഠത നഷ്ടമാകുന്നു. എപ്പിക്യുരിയൻ സിദ്ധാന്തവാദിയായ(ജീവിതം സുഖിക്കാനുള്ളതാണെന്ന സിദ്ധാന്തം) ഗസേന്തി, ഡെക്കാർട്ടിസിനെ (തത്വജ്ഞാനി) "അല്ലയോ ആത്മാവേ"എന്നും, ഡെക്കാർട്ടസ് തിരിച്ച് "അല്ലയോ ശരീരമേ" എന്നും ഫലിതരൂപേണ സംബോധന ചെയ്തിരുന്നു. ആത്മാവു മാത്രമോ ശരീരം മാത്രമോ അല്ല; ആത്മാവിനാലും ശരീരത്താലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യൻ, വ്യക്തി, ആണ് സ്നേഹിക്കുന്നത്. ഈ രണ്ടു ഭാവങ്ങളും ശരിയായി ഐക്യ പെടുമ്പോൾ മാത്രമാണ് മനുഷ്യൻ യഥാർത്ഥ ഔന്നത്യം (full stature) പ്രാപിക്കുന്നത്.ഇപ്രകാരം മാത്രമാണ് -- സ്ത്രീ-പുരുഷസ്നേഹം (eros) -- പക്വത പ്രാപിക്കുകയും അതിന്റെ യഥാർത്ഥ മഹത്വം കൈവരിക്കുകയും ചെയ്യുന്നത്.
എന്നിരുന്നാലും ശരീരത്തെ പുകഴ്ത്തുന്ന ആനുകാലിക പ്രവണതയും വഴിതെറ്റിക്കുന്നതാണ്. കേവലം ലൈംഗികതയായി തരംതാഴ്ത്തപ്പെടുന്ന സ്ത്രീ- പുരുഷ സ്നേഹം ഒരു ഉൽപ്പന്നമായി കണക്കാക്കപ്പെടുന്നു; വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന വെറുമൊരു വസ്തു. മറ്റൊരുവിധത്തിൽ ഇവിടെ മനുഷ്യൻ തന്നെ വസ്തുവായി (thing) മാറുന്നു. ഇത് മനുഷ്യന്റെ, ശരീരത്തോടുള്ള "ക്രിയാത്മകമായ പ്രത്യുത്തര" മല്ല. നേരെമറിച്ച്, മനുഷ്യൻ ഇവിടെ അവന്റെ ശരീരവും ലൈംഗികതയമെല്ലാം ഇഷ്ടാനുസരണം ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യാവുന്ന ഭൗതിക വസ്തുവായി പരിഗണിക്കുന്നു. സ്വന്തം ശരീരത്തെ തന്റെ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിനുള്ള ഒരു വേദിയായിട്ടുമല്ല; ഇഷ്ടംപോലെ ആസ്വാദ്യവും നിരുപദ്രവകരവുമാക്കുവാൻ താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വെറും വസ്തുവായിട്ടത്രേ മനുഷ്യൻ കണക്കാക്കുന്നത്. മനുഷ്യശരീരം തരംതാഴ്ത്തപ്പെടുന്നതിനെയാണ് നാമിവിടെ വിഷയമാക്കുന്നത്: നമ്മുടെ വ്യക്തിസത്തയുടെ സമഗ്രമായ സ്വാതന്ത്ര്യവുമായി അതിനിയും സമന്വയിക്കപെട്ടിട്ടില്ല; അത് ഇനിയും നമ്മുടെ മുഴുവൻ സത്തയുടെയും ഒരു സജീവപ്രകടനമാകുന്നില്ല; മറിച്ച് ഏറെക്കുറെ ജീവശാസ്ത്രപരം മാത്രമായ (purely biological sphere) ഒരു തലത്തിലേക്ക് തരം താഴ്ത്തപ്പെടുകയാണ് ചെയ്യുന്നത്. ശരീരത്തെ പ്രത്യക്ഷത്തിൽ പുകഴ്ത്തുന്ന രീതി പൊടുന്നനവെ ശാരീരികാവസ്ഥയോടുള്ള വിദ്വേഷമായി പരിണമിച്ചെന്നു വരാം.
മറുവശത്ത്, ക്രിസ്തീയ വിശ്വാസം, മനുഷ്യനെ എല്ലായ്പ്പോഴും ആത്മ-ശരീര ദ്വയാവസ്ഥയുടെ സങ്കലനമാ യിട്ടാണ് (a unity in duality)കണക്കാക്കിയിട്ടുള്ളത്; ദേഹിയും ( spirit) ദേഹവും (matter) പരസ്പരം ഉൾച്ചേരുകയും ഓരോന്നും നവമായ ഒരു ശ്രേഷ്ഠത പ്രാപിക്കുകയും ചെയ്യുന്ന യാഥാർത്ഥ്യം. ശരിയായ സ്ത്രീ- പുരുഷ സ്നേഹം നമ്മെ അതിജീവിച്ച് 'നിർവൃതിയിൽ' ദൈവികതയിലേക്കുയരുവാനുള്ള പ്രവണത പ്രകടിപ്പിക്കുന്നു. അതിനാൽത്തന്നെ പരിത്യാഗത്തിന്റെയും വിശുദ്ധീകരണത്തിന്റെയും സൗഖ്യത്തിന്റേയുമായ, ഉന്നതിയിലേക്കുള്ള ഒരു പാത അതാവശ്യപ്പെടുന്നു.
സ്നേഹം നിശ്ചയമായും നിർവൃതിദായകമാണ് (ecstasy); നൈമിഷികമായ ഒരു ലഹരി ( a moment of intoxication) എന്ന നിലയിലല്ല, ബന്ധിതമായ വ്യക്തിസത്തയിൽ നിന്നും(closed inward-looking self), ആത്മദാനത്തിലൂടെ (self-giving) വിമോചനത്തിലേക്കുള്ള ഒരു പ്രയാണം നിരന്തരമായ ഒരു പുറപ്പാട് (exodus) എന്ന നിലയിൽ ഇത് യഥാർത്ഥമായ ആത്മാവിഷ്ക്കരണത്തിനും (authentic self-discovery) , ദൈവത്തെ കണ്ടെത്തുന്നതിനും ഇടയാക്കുന്നു. യേശു സുവിശേഷങ്ങളിലുടനീളം അരുൾ ചെയ്യുന്നതുപോലെ "തന്റെ ജീവൻ നിലനിർത്താൻ പരിശ്രമിക്കുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നാൽ തന്റെ ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു നിലനിർത്തും" ( ലൂക്കാ. 17:33). (കാണുക - മത്താ. 10: 39, 16:25, മർക്കോ. 8:33, ലൂക്കാ. 9:24, യോഹ.12:25 ). ഈ വചനങ്ങളിൽ യേശു തന്റെ മാർഗ്ഗം ചിത്രീകരിക്കുന്നു: "കുരിശിലൂടെ ഉയിർപ്പിലേയ്ക്ക് നയിക്കുന്ന മാർഗം; നിലത്തു വീണഴിയുകയും അതുവഴി ധാരാളം ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്ന ഗോതമ്പുമണിയുടെ മാർഗം.അവിടുത്തെ ബലിയുടെയും അതിലൂടെ പൂർണ്ണതയിലെത്തുന്ന സ്നേഹത്തിന്റെയും ആഴങ്ങളിൽ നിന്നാരംഭിച്ച്; സ്നേഹത്തിന്റെ, മനുഷ്യജീവിതത്തിന്റെ തന്നെ അന്തസത്ത ഈ വാക്കുകളിൽ അവിടുന്നു വെളിപ്പെടുത്തുന്നു.
'സ്നേഹം 'എന്ന പദത്തിന്റെ, വ്യത്യസ്ഥവും (different) ചിലപ്പോൾ വിപരീതവുമായ അർത്ഥങ്ങൾ (even opposed), ആഴമായ ഒരാന്തരിക ഐക്യത്തെ (profound underlying unity) സൂചിപ്പിക്കുകയാണോ അതോ പരസ്പരബന്ധമില്ലാതെ (unconnected) ഒന്നൊന്നിനോടു ചേർന്നു നിലകൊള്ളുകയാണോ ചെയ്യുക എന്ന ചോദ്യത്തോടെയാണ് നാം ആരംഭിച്ചത്. ബൈബിളും സഭാപാരമ്പര്യങ്ങളും പ്രഘോഷിക്കുന്ന സ്നേഹസന്ദേശത്തിന് മനുഷ്യന്റെ സാധാരണ സ്നേഹാനുഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ അതോ ആദ്യത്തെ അനുഭവം രണ്ടാമത്തേതിനു കടകവിരുദ്ധമാണോ എന്ന ചോദ്യവും കൂടുതൽ പ്രാധാന്യത്തോടെ നാം ഉന്നയിക്കുകയുണ്ടായി. ഇതു നമ്മെ അടിസ്ഥാനപരമായി രണ്ടു പദങ്ങളുടെ വിശകലനത്തിലേയ്ക്കു നയിച്ചു: ലൗകികസ്നേഹം പ്രതിപാദിക്കുന്നതിന് 'ഏറോസ് '(eros) എന്ന പദവും വിശ്വാസാധിഷ്ഠിതവും, വിശ്വാസത്തിൽ നിന്നുരിത്തിരിഞ്ഞതുമായ സ്നേഹത്തെ കുറിക്കുന്നതിന് 'അഗാപ്പേ' (agape) എന്ന പദവും. 'അഗാപ്പേ', 'എറോസ് ' എന്നീ പദങ്ങളും ഉൾക്കൊള്ളുന്ന ആശയങ്ങൾ 'അവരോഹണോന്മുഖവും' (ascending)'ആരോഹണോന്മുഖവുമായ (descending)' സ്നേഹം എന്ന നിലയിൽ വൈപരീത്യം (contrasted) പുലർത്തുന്നു. ത്യാഗപൂർണ്ണമായ സ്നേഹം (oblative love) സ്വാർത്ഥ സ്നേഹം അഥവാ സ്വന്തം ലാഭം നോക്കുന്ന സ്നേഹം (Possessive love) എന്നിങ്ങനെ ഇതിനു സമാനമായ തരംതിരിക്കലുകളും (similar classifications) കാണാവുന്നതാണ്. തത്വശാസ്ത്രപരവും (philosophical) ദൈവശാസ്ത്രപരവുമായ (theological) വാദഗതികളിൽ (debate), ഈ ആശയങ്ങളെ; അവയ്ക്കിടയിൽ വ്യക്തമായ വൈപരീത്യം സമർത്ഥിക്കുന്ന തലംവരെ (establishing a clear antithesis), സമൂലം വിഭിന്നമായി ചിത്രീകരിച്ചു കാണാറുണ്ട്: അവരോഹാണോന്മുഖമായ, ത്യാഗപൂർണ്ണമായ സ്നേഹം --- അഗാപ്പേ--- തികച്ചും ക്രിസ്തീയവും, മറുവശത്ത്, ആരോഹണോന്മുഖവും സ്വാർത്ഥവുമായ സ്നേഹം--- എറോസ് ---- തികച്ചും അക്രൈസ്തവവും പ്രത്യേകമാംവിധം ഗ്രീക്കു സംസ്കാരത്തോടു ബന്ധപ്പെട്ടതുമത്രേ. ഈ വൈപരീത്യം തീവ്രമായി പിന്തുടർന്നാൽ, ക്രിസ്തീയ തത്ത്വങ്ങൾ, മനുഷ്യന്റെ നിലനിൽപ്പിനു നിദാനമായ, പരമപ്രധാനമായ സമ്പർക്കങ്ങളിൽ നിന്നും വിച്ചേദിക്കപ്പെടുകയും വേറിട്ട ഒരു ജനസമൂഹമായിത്തീരുകയും ചെയ്യും. ഈ അവസ്ഥ പ്രശംസനീയമായിരിക്കാമെങ്കിലും മനുഷ്യജീവിതത്തിന്റെ സങ്കീർണമായ ഘടനയിൽ നിന്നും നിർണായകമാംവിധം വിച്ചേദിക്കപ്പെടും. എന്നിരുന്നാലും 'എറോസ്', 'അഗാപ്പേ ' ഇവ---ആരോഹണോന്മുഖവും, അവരോഹണോന്മുഖവുമായ സ്നേഹം--- ഒരിക്കലും പൂർണ്ണമായും വേർതിരിക്കാനാവില്ല. ഇവ രണ്ടും അവയുടെ വ്യത്യസ്‌ഥ സ്വഭാവങ്ങളോടെ, സ്നേഹം എന്ന് ഏകയാഥാർത്ഥ്യത്തിൽ എത്രമാത്രം ഒന്നിക്കുന്നുവോ; അത്രമാത്രം, സ്നേഹത്തിന്റെ യഥാർത്ഥ സ്വഭാവം പൊതുവെ,സാക്ഷാത്കരിക്കപ്പെട്ടുന്നു. 'എറോസ് " ആരംഭത്തിൽ ആരോഹണോന്മുഖവും അത്യാഗ്രഹപൂർണവുമാണെങ്കിലും; ആനന്ദത്തിന്റെ വിപുലമായ വാഗ്ദാനത്തോടുള്ള ആകർഷണം അപരനെ സമീപിക്കുമ്പോൾ; അതു സ്വന്തം കാര്യത്തിൽ താല്പര്യം കുറച്ചു കൊണ്ടുവരുകയും, സ്നേഹഭാജനത്തെ കൂടുതൽ കൂടുതലായി കരുതുകയും, സ്വയം നൽകിക്കൊണ്ട് സ്നേഹഭാജനത്തിനുവേണ്ടി, "അവിടെ ആയിരിക്കുന്നതിന് " ആഗ്രഹിക്കുകയും ചെയ്യുന്നു. അപ്രകാരം "അഗാപ്പേ"യുടെ അംശം ഈ സ്നേഹത്തിലേക്ക് പ്രവേശിക്കുന്നു. അല്ലെങ്കിൽ "എറോസ്" ദുർബലമാവുകയും അതിന്റെ സ്വഭാവം തന്നെ നഷ്ടമാവുകയും ചെയ്തേക്കാം. മറുവശത്ത്, മനുഷ്യന് ത്യാഗപൂർണവും അവരോഹണോന്മുഖമായ സ്നേഹം കൊണ്ടു മാത്രം ജീവിക്കാനാവില്ല, സ്വീകരിക്കുകയും വേണം. സ്നേഹം നൽകുവാനാഗ്രഹിക്കുന്നവർ പ്രതിസമ്മാനമായി അതു സ്വീകരിക്കുകയും വേണം. നിശ്ചയമായും, കർത്താവ് നമ്മോടു പറയുന്നതുപോലെ; ഒരുവന് ജീവജലത്തിന്റെ അരുവികൾ പുറപ്പെടുവിക്കുന്ന ഉറവയായിത്തീരാൻ കഴിയും (യോഹ. 7:37-38). അങ്ങനെ ഒരുറവയായിതീരേണ്ടതിന് ഒരുവൻ മൂലസ്രോതസ്സായ യേശുക്രിസ്തുവിൽ നിന്ന് നവമായി പാനം ചെയ്യേണ്ടിയിരിക്കുന്നു. അവിടുത്തെ തുറന്ന ഹൃദയത്തിൽനിന്നാണല്ലോ ദൈവസ്നേഹം നിർഗളിക്കുന്നത് (യോഹ. 19:34). യാക്കോബിന്റെ ഗോവണിപ്പറ്റിയുള്ള വിവരണത്തിൽ, പ്രതീകാത്മകമായി വിവിധ രീതിയിലവതരിപ്പിച്ചിരിക്കുന്നു, ആരോഹണപരമായ സ്നേഹവും അവരോഹണപരമായ സ്നേഹവും തമ്മിൽ; ദൈവത്തെ തേടുന്ന സ്നേഹവും---എറോസ് ---- സ്വീകരിച്ച ദാനം പങ്കുവെക്കുന്ന സ്നേഹവും----അഗാപ്പേ ---- തമ്മിൽ നിലനിൽക്കുന്ന അഭേദ്യമായ ബന്ധം സഭാപിതാക്കന്മാർ ദർശിച്ചു.
അടിസ്ഥാനപരമായി" സ്നേഹം" വ്യത്യസ്ഥഭാവങ്ങൾ ഉൾക്കൊള്ളുന്ന ഏക സത്യമാണ്. വ്യത്യസ്ഥകാലങ്ങളിൽ ഏതെങ്കിലും ഒരുഭാവം കൂടുതൽ പ്രകടമായെന്നുവരാം. പക്ഷേ ഇവ പൂർണ്ണമായും പരസ്പരം വിച്ചേദിക്കപ്പെടുമ്പോൾ പരിണതഫലം സ്നേഹത്തിന്റെ ഒരു പരിഹാസ്യരൂപമോ ശുഷ്കമായ അവസ്ഥയോ ആയിരിക്കും. ബൈബിളധിഷ്ഠിതമായ വിശ്വാസം, സ്നേഹമെന്ന മൗലികമായ മാനുഷിക പ്രതിഭാസത്തിനു വിപരീതമായി കൃത്രിമമായ ഒരു സമാന്തരലോകം കെട്ടിപ്പടുക്കുകയല്ല ചെയ്യുന്നതെന്ന് നാം കണ്ടു കഴിഞ്ഞു. മറിച്ച് മനുഷ്യനെ പൂർണതയിൽ സ്വീകരിച്ചുകൊണ്ട്, അവന്റെ സ്നേഹത്തിനുവേണ്ടിയുള്ള അന്വേഷണങ്ങളിലിടപെട്ട്, അതിനെ വിശുദ്ധീകരിക്കുകയും, സ്നേഹത്തിന്റെ പുതിയമാനങ്ങൾ അവനു വെളിപ്പെടുത്തുകയുമാണതു ചെയ്യുക.വചനാധിഷ്ഠിതമായ വിശ്വാസത്തിന്റെ ഈ നവീനത മുഖ്യമായും രണ്ടു ഘടങ്ങളിലൂടെയാണവതരിക്കപ്പെടുന്നത് - ദൈവീകഛായയയും, മാനുഷികഛായയയും.
[ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ചാക്രിക ലേഖനം "ദൈവം സ്നേഹമാകുന്നു, നമ്പർ 2 മുതൽ 8 വരെ" യുള്ള പ്രധാനഭാഗങ്ങൾ ]